ഒരു വീട്, ഒരടുക്കളത്തോട്ടം

ഇര്‍ഫാന മുള്ളുങ്ങല്‍

ഒരു വീട്,
ഒരടുക്കളത്തോട്ടം


കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടില്‍ കൃഷിയുണ്ടായിരുന്നു. വയലുകളില്‍ നിന്ന് പാട്ടുപാടിക്കൊണ്ട് ഞാറ് പറിക്കുകയും നടുകയും ചെയ്യുന്ന കൃഷി. കഥ പറഞ്ഞുകൊണ്ട് കള പറിക്കുന്ന കൃഷി. പാളത്തൊപ്പി ധരിച്ചുകൊണ്ട് കന്നുപൂട്ടുന്ന കൃഷി. ഉത്സവമേനിയോടെ കൊയ്‌തെടുക്കുന്ന കൃഷി. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്ന കുഞ്ഞു മക്കള്‍. അങ്ങനെയുള്ള കൃഷിപാഠങ്ങള്‍ ഇന്ന് ഓര്‍മകള്‍ മാത്രമായി. ഇന്നിപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന വിഷക്കനികളില്ലെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ. പ്രാണികള്‍ക്ക് ഈ വിഷക്കനികള്‍ വേണ്ട. നമ്മള്‍ പച്ചക്കറികള്‍ എന്നും പ്രാണികള്‍ വിശക്കനികള്‍ എന്നും പറയുന്ന സാധനങ്ങളാണ് നാം കാശുകൊടുത്ത് വാങ്ങിക്കഴിച്ചുകൊണ്ടിരിക്കുന്നത്.
നാം വലിയ തത്വങ്ങള്‍ പറഞ്ഞതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ല. നമ്മള്‍ വിചാരിച്ചാല്‍ ഈ വിഷക്കനികളെ ആശ്രയിക്കുന്നതില്‍ നിന്ന് ഒരു പരിധി വരെ നമുക്ക് വിട്ടു നില്‍ക്കാന്‍ കഴിയും. നമ്മുടെ അടുക്കള ഭാഗങ്ങളില്‍ ചെറിയ രീതിയിലുള്ള അടുക്കളത്തോട്ടങ്ങള്‍ ഉണ്ടാവുന്നതിന് നമുക്കെല്ലാം എന്താണൊരു തടസ്സം? വീട്ടുമുറ്റത്തൊരു പന്തല്‍ കെട്ടി പടര്‍ന്നു കയറുന്ന കോവക്ക, പടവലം, കൈപ്പ, കുമ്പളം, മത്തന്‍ തുടങ്ങിയവയെല്ലാം കുറച്ചൊക്കെയുണ്ടാക്കുന്നതിന് എന്താണൊരു തടസ്സം? നമ്മള്‍ പറ്റെ മടിയന്മാരായിരിക്കുന്നു. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ മാതൃകാ അടുക്കളത്തോട്ടങ്ങളും ശക്തമായ ബോധവല്‍ക്കരണവും അനിവാര്യമാണ്.
ഇര്‍ഫാന
മുള്ളുങ്ങല്‍

ലാളിത്യത്തിന്റെ മഹത്വം


ലാളിത്യത്തിന്റെ മഹത്വം എന്ന ലേഖനം വളരെ ശ്രദ്ധേയമായി. ലാളിത്യം നമ്മില്‍ നിന്ന് പാടെ മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം. ലളിത ജീവിതത്തിന്റെ ഒരു ഭാഗമാണ് ലാളിത്യമുള്ള വസ്ത്രധാരണ രീതി എന്നതു ശരി തന്നെ. പക്ഷേ അതുമാത്രം ഒരുവനെ ലളിത ജീവിതത്തിന്റെ ഉടമയാക്കുകയില്ല. മറിച്ച് എല്ലാ മേഖലകളിലും അത് സ്പര്‍ശിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ യഥാര്‍ഥ ലളിത ജീവിതത്തിന്റെ ഉടമയാക്കുകയുള്ളൂ. ഇന്ന് നാം മിക്ക സാധനങ്ങളും വാങ്ങുമ്പോള്‍ അതിന്റെ ഗുണത്തേക്കാളേറെ മുന്‍ഗണന നല്‍കുന്നത് വില കൂടിയ സാധനങ്ങള്‍ വാങ്ങാനാണ്. പണാധിക്യം കാണിക്കുവാന്‍ വേണ്ടി കടകളിലെ ഏറ്റവും വിലകൂടിയവ വാങ്ങുവാന്‍ ശ്രമിക്കുന്നു. അവിടെ ഒരിക്കലും അവര്‍ അതിന്റെ ഗുണനിലവാരം അളന്നു നോക്കുന്നില്ല. ഇങ്ങനെയുള്ള ഈ സമൂഹത്തില്‍ ലാളിത്യം എന്ന വാക്ക് എവിടെയാണ് തുറന്ന് പ്രവര്‍ത്തിക്കുക...
സുബൈദ ബീഗം
തിരൂര്‍ക്കാട്

വിലയേറ്റരുത്


കൂടുതല്‍ പരസ്യങ്ങളില്ലാതെ ഈടുറ്റ ലേഖനങ്ങളും പഠിക്കാനും ഓര്‍മിക്കാനും ഉതകുന്ന പംക്തികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേവലം 10 രൂപ വിലയുള്ള ആരാമം മാസം തോറും വായനക്കാരുടെ കൈകളിലേക്ക് എത്തിക്കുന്ന അണിയറ ശില്‍പികള്‍ക്ക് അഭിനന്ദനങ്ങള്‍.
2014 ജനുവരി ലക്കത്തിലെ 'സഫലമീ യാത്ര' എന്ന ലേഖനം നമ്മുടെ സഹോദരിമാര്‍ ആവര്‍ത്തിച്ചു വായിക്കാന്‍ പറ്റുന്ന ഒരു പംക്തിയാണ്. ഒരു അഭ്യര്‍ഥന. ആരാമത്തിന് പെട്ടെന്ന് വില വര്‍ധിപ്പിക്കരുത്. കുട്ടികള്‍ ആരാമം വായിക്കുന്നതിനാല്‍ അവര്‍ക്കു കൂടി ഉപകാരപ്പെടുന്ന ഒരു പംക്തി കൂടി ആരംഭിക്കണം. എല്ലാ വിധ നന്മകളും നേരുന്നു.
കെ ഹൈദരലി
ആനക്കര

നല്ല കുടുംബ പുസ്തകം


2014 ജനുവരിയിലെ മുഖമൊഴി വായിച്ചു. നന്നായിരുന്നു. നാം കാലത്തെ ഒരിക്കലും പഴിക്കരുത്. ഈ കാലഘട്ടത്തില്‍ ആര്‍ക്കും ആരോടും സ്‌നേഹമില്ല. പകരം സ്വാര്‍ഥതയാണ്. എന്‍.പി ഹാഫിസ് മുഹമ്മദിന്റെ മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ വായിച്ചാല്‍ സ്‌നേഹത്തിന് വിലയുണ്ടെന്നും അതില്ലാതെ പോയതാണ് നാം ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും മനസ്സിലായി.
ഷീബ അബ്ദുസ്സലാമിന്റെ തീനും കുടിയും എന്ന പംക്തിയില്‍ പറഞ്ഞ ഉള്ളിബജി ഉണ്ടാക്കി നോക്കി. നന്നായിരുന്നു. നല്ല വിഭവമാണ്.
മനസ്സുവെച്ചാല്‍ വീട്ടുമുറ്റത്തു നിന്ന് തന്നെ ആവശ്യമുള്ള പച്ചക്കറികള്‍ പറിച്ചെടുക്കാമെന്ന് ''അടുക്കളത്തോട്ടം എളുപ്പത്തില്‍'' എന്ന ലേഖനത്തിലൂടെ മനസ്സിലായി. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ ആരാമം നല്ല കുടുംബ പുസ്തകമാണ്.
ഷാനവാസ്
പെരിങ്ങോട്ടുകര

പൊരുത്തമില്ലായ്മക്ക്
പരിഹാരം


കഴിഞ്ഞ ലക്കം പ്രസിദ്ധീകരിച്ച 'ഭാര്യഭര്‍ത്താക്കന്മാരുടെ കലഹങ്ങള്‍' എന്ന ഹാഫിസ് മുഹമ്മദിന്റെ ലേഖനം വളരെ നന്നായി. കുടുംബ ജീവിതം പലപ്പോഴും സംഘര്‍ഷമാകുന്നത് ദമ്പതികള്‍ തമ്മിലെ പൊരുത്തമില്ലായ്മ മൂലമാണ്. ഇത്തരം കലഹങ്ങളും അടിപിടിയും കണ്ടിട്ടായിരിക്കാം ഇന്നത്തെ തലമുറ വിവാഹത്തിന് മുതിരാതിരിക്കുന്നത്. എന്തിനാ വേണ്ടാത്ത വയ്യാവേലി എടുത്തിട്ട് അടി ചോദിച്ചുവാങ്ങുന്നത് എന്നവര്‍ ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ?
വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നും വന്നവരാണ് കുടുംബമായി ഒന്നിച്ചു തമാസിക്കാന്‍ തയ്യാറാകുന്നത്. അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി മരിക്കുന്നത് വരെ യാതൊരുവിധ പിണക്കങ്ങളോ പരിഭവങ്ങളോ ഇല്ലാതെയാണ് കഴിഞ്ഞതെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് ശുദ്ധനുണയും അസംബന്ധവുമായിരിക്കും. കാരണം, ചില്ലറ സൗന്ദര്യപ്പിണക്കങ്ങളാണ് ബന്ധങ്ങള്‍ക്ക് ഊഷ്മളത പകരുന്നത്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ശണ്ഠകൂടുകയും അടിപിടിയുമായി ജീവിക്കുകയും ചെയ്താല്‍ അത് ദാമ്പത്യത്തിന്റെ മാധുര്യം കുറക്കും. കുട്ടികളുടെ മുന്നില്‍ വെച്ചുപോലും വഴക്കടിക്കുന്ന രക്ഷിതാക്കളുണ്ട്. അത് വളരുന്ന കുട്ടികളുടെ മാനസിക വളര്‍ച്ചയെ ബാധിക്കുമെന്ന് പോലും ഇക്കൂട്ടര്‍ കരുതുന്നില്ല.
കൈയ്യാങ്കളിയെക്കാള്‍ വളരെ അപകടകരമാണ് വാക്കുകള്‍കൊണ്ടുള്ള പയറ്റ്. തല്‍ക്കാലം കോപം ശമിക്കുമെങ്കിലും ദേഷ്യംപിടിച്ച സമയത്ത് പറഞ്ഞ വാക്കുകള്‍ ദമ്പതികളുടെ മനസ്സില്‍ കിടന്നു പുകഞ്ഞ് മറ്റൊരു കലഹത്തിന് കാരണമാകും. പല ദമ്പതിമാരും ഇണയോടുള്ള ദേഷ്യം തീര്‍ക്കുന്നത് പരസ്പരം കുടുംബങ്ങളെ തെറിവിളിച്ചുകൊണ്ടാണ്. ഇത് വലിയൊരപകടം വരുത്തിവെക്കുന്നുണ്ട്. നമ്മളറിയാതെ കുഞ്ഞുമക്കളുടെ മനസ്സില്‍ മാതാപിതാക്കളുടെ കുടുംബത്തെ കുറിച്ച് മോശമായ ധാരണ വെച്ചുപുലര്‍ത്താന്‍ ഇടയാക്കും. ഇക്കാരണങ്ങള്‍ക്കൊണ്ടു തന്നെ ദാമ്പത്യകലഹങ്ങളെ എങ്ങനെ പരിഹരിക്കാം എന്ന ലേഖനം വളരെ കാര്യപ്രസക്തിയുള്ളതായി.
ഫാത്തിമ
കരുവാരക്കുണ്ട്.

വൃക്കയുടെ വിലയറിഞ്ഞു


ആരാമം മാസികയില്‍ പ്രസിദ്ധീകരിച്ച വൃക്കരോഗത്തെ കുറിച്ചുള്ള. ഡോ:എം.പി മണിയുടെ ലേഖനം വളരെ ഉപകാരപ്രദമായി. വൃക്കരോഗികളുടെ എണ്ണം ദിനംതോറും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ പ്രത്യേകിച്ചും. മതിയായ ചികിത്സ കിട്ടാതെയും ചികിത്സിക്കാന്‍ പണമില്ലാതെയും ചെറിയ പ്രായക്കാരടക്കം ഈ രോഗത്താല്‍ നമ്മുടെ കണ്‍വെട്ടത്തുനിന്നുപോലും ദിനം പ്രതി മരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജീവിതരീതിയിലുണ്ടായ മാറ്റംമൂലം അധികരിച്ച രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ഖദീജ.എം
പൊന്നാനി

ഓര്‍മക്കുറിപ്പുകള്‍
ശ്രദ്ധേയമാകുന്നു


ആരാമം മാസികയില്‍ പ്രസിദ്ധീകരിക്കുന്ന 'ഓര്‍മയുടെ ഓളങ്ങളില്‍' പംക്തി ശ്രദ്ധേയം തന്നെ. സ്ത്രീകളായ ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള വിവരങ്ങളൊന്നും മറ്റൊരു വനിതാമാസികയില്‍ നിന്നും ലഭിക്കാറില്ല. ഷാബാനു കേസും ശരീഅത്ത് സംവാദവുമെല്ലാം അറിയണമെങ്കില്‍ അക്കാലത്തെ പത്രമാധ്യമങ്ങള്‍ തന്നെ വേണമെന്ന് കരുതിയിരിക്കുമ്പോള്‍തന്നെ ഈ വിഷയം ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ലേഖനത്തില്‍ വന്നത് വിചിത്രമായിരുന്നു. ഇനിയും ഇത്തരം വിവരസംപുഷ്ടമായ ഓര്‍മക്കുറിപ്പുകള്‍ ആരാമത്തില്‍ പ്രതീക്ഷിക്കുന്നു.
ആയിഷ ഹനാന്‍
പാലക്കാട്

ഏഴു സുന്ദരികള്‍


പി.ടി അബ്ദുറഹ്മാന്‍ മുന്നൂരിന്റെ തൂലികയിലൂടെ പിറന്നുകൊണ്ടിരിക്കുന്ന കഥ പറയുന്ന ചരിത്രം വ്യത്യസ്തമാവുന്നത് അതിന്റെ ശൈലികൊണ്ടും അപൂര്‍വതയും കൊണ്ടാണ്. വായിക്കാന്‍ താല്‍പര്യമുള്ളതിനാല്‍ ഒട്ടുമിക്ക ഇസ്ലാമിക ചരിത്രങ്ങളും വായിച്ചിട്ടുണ്ട്. കുരിശുയുദ്ധത്തെക്കുറിച്ചും സലാഹുദ്ദീന്‍ അയ്യൂബിയുടെയും അലിയ്യുബ്‌നു സുഫ്‌യാന്റെയും ജീവിതത്തെക്കുറിച്ചും കുറച്ചറിയാം. എങ്കിലും ഏഴു സുന്ദരികളെക്കൂടി ഉള്‍പ്പെടുത്തി ആകര്‍ഷകമാക്കി ഇത്തരത്തില്‍ നോവലായി ആരാമത്തിലൂടെ വായിക്കാന്‍ കഴിഞ്ഞപ്പോള്‍ വളരെ ഇഷ്ടമായി. അടുത്ത ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു.
ഫെബ മെഹ്ഫില്‍
അഴിഞ്ഞിലം

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top