എമു

ഡോ: പി.കെ മുഹ്‌സിൻ
2014 ഫെബ്രുവരി
എമു പക്ഷികളുടെ ജന്മനാട് ആസ്‌ത്രേലിയയാണ്. വലിപ്പംകൊണ്ട് രണ്ടാമത്തെ പക്ഷിയാണ് ഇത്; ഒന്നാമത്തേത് ഒട്ടകപ്പക്ഷിയും. ആണിന് അന്‍പത് കിലോഗ്രാമും പെണ്ണിന് നാല്‍പത് കിലോഗ്രാമും ഭാരം കാണാം. മുപ്പത്തിയഞ്ച് വയസ്സ് വരെ ജീവിക്കുമെങ്കിലും ഇരുപത്തിയഞ്ച്

എമു പക്ഷികളുടെ ജന്മനാട് ആസ്‌ത്രേലിയയാണ്. വലിപ്പംകൊണ്ട് രണ്ടാമത്തെ പക്ഷിയാണ് ഇത്; ഒന്നാമത്തേത് ഒട്ടകപ്പക്ഷിയും. ആണിന് അന്‍പത് കിലോഗ്രാമും പെണ്ണിന് നാല്‍പത് കിലോഗ്രാമും ഭാരം കാണാം. മുപ്പത്തിയഞ്ച് വയസ്സ് വരെ ജീവിക്കുമെങ്കിലും ഇരുപത്തിയഞ്ച് വയസ്സ് വരെ മാത്രമെ പെണ്‍എമുകള്‍ മുട്ടയിടുകയുള്ളൂ. എമുവിന്റെ മാംസം, മുട്ട, തൊലി, തൂവല്‍ എന്നിവ വിലപിടിപ്പുള്ളവയാണ്.
ആസ്‌ത്രേലിയ കൂടാതെ ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നല്ല തോതില്‍ എമുവിനെ വളര്‍ത്തിവരുന്നു. 1998-ലാണ് ഇന്ത്യയില്‍ ആദ്യമായി എമുവിനെ വളര്‍ത്താന്‍ തുടങ്ങിയത്. പതിനായിരത്തില്‍പരം എമുകള്‍ ഇന്ത്യയിലുണ്ട്. ഇവയില്‍ ഭൂരിപക്ഷവും ആന്ധ്രപ്രദേശിലാണ്. കൂടാതെ കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലും വളര്‍ത്തുന്നുണ്ട്. ഇന്ത്യയിലെ കാലാവസ്ഥ എമുവിന് യോജിച്ചതാണ്.

ശരീരത്തിന്റെ പ്രത്യേകതകള്‍


എമുവിന്റെ കഴുത്തിന് വളരെ നീളം കൂടുതലായിരിക്കും. തലയില്‍ തൂവലുകള്‍ കാണില്ല. ശരീരം തൂവലില്‍ പൊതിഞ്ഞതായിരിക്കും. വരണ്ട തൊലിയോടുകൂടി ബലവും നീളവുമുള്ള രണ്ട് കാലുകള്‍ ഉണ്ടായിരിക്കും. ഓരോ കാലിലും മൂന്നു വിരലുകള്‍ കാണാം. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ ദൂരത്തില്‍ ഇവ ഓടുന്നു. വെള്ളത്തില്‍ നീന്താനും ഇവക്ക് കഴിവുണ്ട്. മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ കൂടെ കൊണ്ടുനടന്ന് പരിപാലിക്കുന്നത് ആണ്‍ എമുവാണ്. മുട്ട വിരിയാനാവശ്യമായ കാലദൈര്‍ഘ്യം 52 ദിവസമാണ്.

തീറ്റക്രമം


കീടങ്ങളും പച്ചിലകളും ഇവക്ക് അന്നമാണ്. പഴങ്ങള്‍, കാരറ്റ്, വെള്ളരിക്ക, പപ്പായ എന്നിവയും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് നാനൂറ്റി അന്‍പത് ഗ്രാം ശരീരഭാരം ഉണ്ടായിരിക്കും. വിരിഞ്ഞിറങ്ങുന്നത് മുതല്‍ പത്ത് ദിവസം 25 ഡിഗ്രി ഫാരന്‍ഹീറ്റും പിന്നീട് നാലാഴ്ച വരെ 85 ഡിഗ്രി ഫാരന്‍ഹീറ്റും ചൂടു നല്‍കണം. മൂന്നര മാസം വരെ കോഴികള്‍ക്ക് കൊടുക്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റ മതി. പിന്നീട് എട്ട് മാസം വരെ ഗ്രോവര്‍മാഷ് നല്‍കാം. പച്ചിലകളും ധാരാളം കൊടുക്കാം. ഒമ്പത് മാസം മുതല്‍ ഒന്നര വര്‍ഷം വരെ ഫിനിഷര്‍ തീറ്റയാണ് നല്‍കേണ്ടത്.
പതിനെട്ട് മാസം മുതല്‍ ഇരുപത്തിനാല് മാസം കൊണ്ട് എമു പ്രായപൂര്‍ത്തിയെത്തും. പ്രായപൂര്‍ത്തിയായാല്‍ ഫിനിഷര്‍ ബ്‌റീഡര്‍ റേഷന്‍ കൊടുക്കാം. പ്രായപൂര്‍ത്തിയായ ഒരു എമു ദിനംപ്രതി ഒരു കിലോഗ്രാം തീറ്റ തിന്നുന്നു. ചെറിയ കല്ലുകളും തീറ്റയായി കൊടുക്കാം.

രോഗങ്ങള്‍


എമുവിന്റെ കുഞ്ഞുങ്ങളിലാണ് അസുഖങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നത്. തീറ്റയെടുക്കാതിരിക്കുക, കുടലില്‍ തടസ്സം, കാല്‍വൈകല്യം എന്നിവയാണ് സാധാരണ രോഗങ്ങള്‍. കൂടാതെ പൂപ്പല്‍ വിഷബാധ, പേന്‍ശല്യം, വിരബാധ, രക്താതിസാരം എന്നിവയും കണ്ടുവരുന്നു. ഒരു മാസം പ്രായം തൊട്ട് ഓരോ മാസവും ഇടവിട്ട് വിരബാധക്കെതിരെയുള്ള ഔഷധങ്ങള്‍ നല്‍കണം. കോഴിവസന്തക്കെതിരെയുള്ള കുത്തിവെപ്പും എമുവില്‍ നടത്താം.

എമു ഉല്‍പന്നങ്ങള്‍


എമുമാംസം രുചിയും മണവും ഗുണമേന്മയുമുള്ളതാണ്. കൊഴുപ്പിന്റെ അളവ് കുറവാണ്. ഉറപ്പും കട്ടിയുമുള്ളതാണ് തൊലി. എമുവില്‍നിന്ന് ലഭിക്കുന്ന കൊഴുപ്പ് എണ്ണ ഉല്‍പാദനത്തിന് ഉപയോഗിക്കുന്നു. ആഢംബര വസ്തുക്കളിലും ഭക്ഷണപദാര്‍ഥങ്ങളിലും ഔഷധങ്ങളിലും എമു എണ്ണ ഉപയോഗിച്ചുവരുന്നു. അസ്ഥിവേദന, വീക്കം, വാതസംബന്ധമായ അസുഖം, എല്ല്‌വേദന, മുറിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും എമുവെണ്ണ നല്ലതത്രെ.
കൊഴുപ്പ് കുറഞ്ഞ സ്വാദിഷ്ടമായ ഒരു ഭക്ഷണ പദാര്‍ഥമാണ് എമുമാംസം. ഒരു വര്‍ഷത്തിനകം എമുകള്‍ കശാപ്പിന്ന് പാകമാകുന്നു. മാംസത്തില്‍ മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങള്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. കുറഞ്ഞ കൊളസ്‌ട്രോളും ഊര്‍ജവും ധാരാളം ഇരുമ്പും മാംസ്യവും ഇതിന്റെ മാംസത്തിലുണ്ട്.
രണ്ടര വര്‍ഷം പ്രായമാകുന്നതോടെ പെണ്‍ എമു മുട്ടയിടുന്നു. വൈകുന്നേരം അഞ്ചു മണിക്കും ഏഴു മണിക്കും ഇടയിലാണ് സാധാരണ മുട്ടയിടുന്നത്. ആദ്യത്തെ വര്‍ഷം പതിനഞ്ചും പിന്നീട് വര്‍ഷം തോറും അന്‍പതും മുട്ടകളിടുന്നു. ഉറച്ച മാര്‍ബിള്‍ പോലെ പച്ച നിറത്തിലുള്ളതാണ് എമുവിന്റെ മുട്ട. ഒരു മുട്ടക്ക് ആയിരത്തിലധികം വില വരുന്നു. എമുവിന്റെ തൂവല്‍ കമ്പ്യൂട്ടര്‍ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media