ഞങ്ങള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു....

വി.പി റജീന(മാധ്യമ പ്രവര്‍ത്തക) No image

വാര്‍ത്തകള്‍ സംഭവിക്കുന്നിടത്ത് പേനയേന്തുമ്പോള്‍ സഹതാപം പാടില്ല, അനുതാപമേ ആകാവൂ എന്നത് ജേണലിസത്തിലെ ബാലപാഠങ്ങളില്‍ ഒന്നാണ്. അങ്ങനെയെങ്കില്‍ ഞാന്‍ പരാജയപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകയാണ്. വേട്ടക്കാരനും ഇരക്കുമിടയില്‍ ആത്മാവില്ലാത്ത ഒരു മൂന്നാം വ്യക്തിയാവാന്‍ എനിക്ക് കഴിയാറില്ല എന്നതു തന്നെ കാരണം. 'നിഷ്പക്ഷത' എന്ന മാധ്യമ ധാര്‍മികതയുടെ ഗുണഭോക്താവ് മിക്കപ്പോഴും വേട്ടക്കാരന്‍ തന്നെയാവുമ്പോള്‍ എഴുത്തിന്റെ വേലിയേറ്റത്തില്‍ ഞാന്‍ ഇരക്കൊപ്പം പക്ഷം പിടിച്ചുപോവുന്നു. അങ്ങ് ദേശങ്ങള്‍ക്കപ്പുറം കുരുന്നു ശരീരങ്ങളില്‍ മോര്‍ട്ടാര്‍ ചീളുകള്‍ പതിച്ചത് വാര്‍ത്തയാക്കുമ്പോള്‍ ഉണ്ടാവുന്ന പിടച്ചില്‍ ഇങ്ങ് തൊട്ടരികെ കോഴിക്കോടിന്റെ തെരുവോരത്ത് ഒരു കുഞ്ഞുടല്‍ പിച്ചിക്കീറപ്പെടുമ്പോഴുണ്ടാവുന്ന അതേ ഉള്‍പ്പിടച്ചില്‍ ആയി മാറുന്നതും അതുകൊണ്ടു തന്നെ.
ഏര്‍പ്പെട്ട തൊഴിലിനോട് പുഛമോ അവജ്ഞയോ തോന്നുന്ന ചില നിമിഷങ്ങളിലൂടെയെങ്കിലും മാധ്യമപ്രവര്‍ത്തനത്തിന്റെ ഓരം ചേര്‍ന്നു നടക്കുമ്പോള്‍ കടന്നുപോവാറുണ്ട്. സ്വന്തം വര്‍ഗത്തിന്റെ പതിതാവസ്ഥയില്‍, അവര്‍ കൂടുതല്‍ അവഗണിക്കപ്പെടുകയോ വീണ്ടും വീണ്ടും വെട്ടിക്കീറപ്പെടുകയോ ചെയ്യുന്ന നേരങ്ങളില്‍ ആവാം അത്. വാര്‍ത്തകള്‍ രൂപഭംഗിയൊത്ത ശില്‍പങ്ങള്‍ പോലെ വെടിപ്പാക്കപ്പെടുന്ന ന്യൂസ് ഡെസ്‌കില്‍ വെളിപ്പെടുത്താനാവാത്ത ആത്മസംഘര്‍ഷങ്ങളുടെ തീച്ചൂളയായി മാറിയ നെഞ്ചിന്‍കൂടുമായി എത്രയെത്ര സന്ദര്‍ഭങ്ങള്‍..
ആഴ്ചകള്‍ക്കപ്പുറത്ത് ഒരു വാര്‍ത്ത കാതിലലച്ചപ്പോള്‍ വീണ്ടും ഞാന്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോയി. അത് അങ്ങ് പശ്ചിമ ബംഗാളില്‍ നിന്നുള്ളതായിരുന്നുവെങ്കിലും ആധുനിക ജനാധിപത്യ ഇന്ത്യയുടെ നാലതിരുകള്‍ക്കകത്തു നിന്ന് തന്നെയായിരുന്നു. പ്രാകൃതം എന്ന വിശേഷണത്തിനുപോലും അര്‍ഹതയില്ലാത്ത ആ നടുക്കുന്ന സംഭവം ദേശീയ മാധ്യമങ്ങള്‍ക്കടക്കം ഒറ്റക്കോളം വാര്‍ത്തക്കപ്പുറത്തേക്ക് വളര്‍ന്നില്ല. അല്ലെങ്കിലും ആദിവാസികള്‍ക്ക് ആത്മാവുണ്ടെന്ന് പോലും വിശ്വസിക്കുന്ന എത്ര മാധ്യമപ്രവര്‍ത്തകര്‍ ഉണ്ട് ഇവിടെ?
പുരുഷനൊപ്പം കണ്ടെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടിയെ ആദിവാസി ഗ്രാമത്തലവന്‍ കൂട്ട ബലാല്‍സംഗത്തിന് ശിക്ഷിച്ചു. ഇവളെ നിങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചുകൊള്ളുക എന്ന് പച്ചക്കൊടി കാണിക്കേണ്ട താമസം ഒരു ഗ്രാമം ഒന്നടങ്കം ഉല്‍സവ ലഹരിയിലായി. എല്ലാവര്‍ക്കും കണ്ടുരസിക്കാന്‍ മുളകൊണ്ട് സ്‌റ്റേജ് കെട്ടിയുണ്ടാക്കി അതിന്റെ മുകളില്‍ കിടത്തിയായിരുന്നു കൂട്ട ബലാല്‍സംഗം. ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ തങ്ങളുടെ ആയുധവുമായി തിക്കിത്തിരക്കി. ആ രാത്രി മുഴുവന്‍ ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ നിസ്സഹായമായ നിലവിളി ഉയര്‍ന്നുകേട്ടു. ഒടുവില്‍ അത് ഞരക്കമായി അമര്‍ന്നു. ജനാധിപത്യ ഇന്ത്യയിലെ നീതിയുടെ ഒരു കാവല്‍നായ പോലും ആ ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഏറെ കാലം ബംഗാളിനെ ചോരച്ചുവപ്പണിയിച്ച അടിയാള വര്‍ഗ പാര്‍ട്ടിക്കോ അതിവിപ്ലവം പറഞ്ഞ് അധികാരത്തിലേറിയ മമതാ ബാനര്‍ജിക്കോ അത് ഗൗനിക്കേണ്ട വിഷയം പോലുമായില്ല.
ഈ സംഭവം അറിഞ്ഞപ്പോള്‍ ഓര്‍മയിലേക്കിരച്ചെത്തിയത് മുഖ്താര്‍ മയി ആയിരുന്നു. അറിയില്ലേ മുഖ്താര്‍ മയിയെ? ചില പേരുകള്‍ തന്നെ സമരത്തിന്റെ പേരായി മാറുന്ന അപൂര്‍വങ്ങളായ സന്ദര്‍ഭങ്ങളുണ്ട്. ഇന്ത്യയില്‍ ഇറോം ശര്‍മിളയെ പോലെ. അത്തരമൊരു പേരായിരുന്നു മുഖ്താരന്‍ ബീവിയെന്ന മുഖ്താര്‍ മയി. പാകിസ്താനിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ നിരക്ഷരയായ കര്‍ഷക സ്ത്രീയായിരുന്ന അവര്‍ ഇന്നിപ്പോള്‍ ലോകമറിയുന്ന സാമൂഹ്യ പ്രവര്‍ത്തകയായി മാറിയ കഥ കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും.
പാക് പഞ്ചാബിലെ മീര്‍വാല ഗ്രാമത്തില്‍ 2002 ജൂണ്‍ മാസത്തില്‍ നടന്ന ഒരു സംഭവമാണ് അവരുടെ ജീവിതത്തെ അടിമേല്‍ മറിച്ചത്. അന്ന് അവള്‍ ക്രൂരമായ കൂട്ട ബലാല്‍സംഗത്തിനിരയായി. 12-കാരനായ സഹോദരനുമേല്‍ ആരോപിക്കപ്പെട്ട 'കൊടിയ പാപത്തിന്റെ പരിഹാരമായിരുന്നു 33-കാരിക്കുമേലുള്ള കൂട്ടബലാല്‍സംഗം. ഗ്രാമത്തിലെ ഭൂപ്രഭുക്കളും അക്രമികളുമായ മസ്‌തോയികള്‍ക്ക് അശക്തരായ, കര്‍ഷക വര്‍ഗമായ ഗുജ്ജാറുകളെ മാനം കെടുത്താനും ആട്ടിപ്പായിക്കാനും ചമഞ്ഞെടുത്ത പ്രണയ കഥയിലെ ഇരയായിരുന്നു മുഖ്താര്‍ മയിയുടെ ഇളയ സഹോദരന്‍. കുടുംബാംഗങ്ങള്‍ക്കും ഗ്രാമവാസികള്‍ക്കും മുന്നില്‍ മുഖ്താര്‍ ഏറ്റുവാങ്ങിയ ആ പൈശാചിക ക്രൂരതക്കൊടുവില്‍ പാതി നഗ്‌നയാക്കി അവളെ നടത്തിച്ചു അവര്‍. ഈയവസ്ഥയില്‍ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ സാധാരണ ചെയ്യാറുള്ളതുപോലെ അവളും ആത്മഹത്യ ചെയ്യുമെന്ന് കരുതിയ അക്രമികള്‍ക്ക് തെറ്റി. മുഖ്താര്‍ മയി നിരക്ഷരയായിരുന്നുവെങ്കിലും അഭിമാനിയും ധീരയുമായിരുന്നു. അവള്‍ അക്രമികള്‍ക്കെതിരെ നിയമ പോരാട്ടം നടത്തി. അവരെ കോടതി കയറ്റിച്ചു. സ്വന്തം കഥ ലോകത്തോട് വിളിച്ചു പറഞ്ഞു.
മാനഭംഗത്തിന് ആശ്വാസമായി കിട്ടിയ തുക കൊണ്ട് എന്തു ചെയ്യണമെന്ന് അവള്‍ക്ക് സംശയമുണ്ടായിരുന്നില്ല. ആ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കായി വിദ്യാലയം തുടങ്ങി. ഇനിയൊരു മുഖ്താരന്‍ ബീവിയും പാകിസ്താനിലെവിടെയും ഉണ്ടാവാതിരിക്കാന്‍. ഒരു പ്രാദേശിക സംഭവമായി ഒടുങ്ങിപ്പോവുമായിരുന്ന ഈ ക്രൂരത പുറം ലോകമറിഞ്ഞത് ഒരു പത്ര റിപ്പോര്‍ട്ടറുടെ പേനത്തുമ്പിലൂടെയായിരുന്നു.
ഇനി നമുക്ക് ഇന്ത്യയിലേക്ക് മടങ്ങാം. ലോകം ഉറ്റുനോക്കിയ ഒരു പ്രതിഷേധത്തിന് മണിപ്പൂര്‍ സാക്ഷ്യം വഹിച്ചത് ഓര്‍മയില്ലേ. 'ഇന്ത്യന്‍ സൈന്യമേ, ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ' എന്ന ബാനറിനു കീഴില്‍ സ്വന്തം നഗ്‌നശരീരം സമരായുധമാക്കി ഒരു പറ്റം മണിപ്പൂരി പെണ്ണുങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. പ്രത്യേക അധികാര നിയമം എന്ന കുന്തമുന ബലാല്‍സംഗമായി തങ്ങളുടെ ദേഹത്ത് കുത്തിയിറക്കുന്ന സൈന്യത്തെയായിരുന്നു അവര്‍ തലസ്ഥാനമായ ഇംഫാലില്‍ വെല്ലുവിളിച്ചത്.
അതിനും മുമ്പെ ഭന്‍വാരി ദേവി ഇന്ത്യന്‍ സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകമായി മാറിയിരുന്നു. രാജസ്ഥാനില്‍നിന്നുള്ള കര്‍ഷക കുടുംബത്തിലെ ഈ വീട്ടമ്മയും ക്രൂരമായ കൂട്ട ബലാല്‍സംഗത്തിന്റെ ഇരയായിരുന്നു. സര്‍ക്കാറിന്റെ വനിതാ വികസനവകുപ്പില്‍ ജീവനക്കാരിയായി സേവനമനുഷ്ഠിക്കവെ നാട്ടില്‍ വ്യാപകമായ ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരണം നടത്തി എന്ന കുറ്റത്തിനാണ് അവര്‍ ഈ ശിക്ഷക്ക് വിധിക്കപ്പെട്ടത്. പിന്നീട് തൊഴിലിടങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനമടക്കമുള്ള അതിക്രമങ്ങള്‍ നേരിടാന്‍ സുപ്രീംകോടതിയുടെ ഇടപെടലിലേക്ക് വരെ നയിച്ചു ഭന്‍വാരി ദേവിയുടെ പോരാട്ടം. വിഖ്യാതമായ വിശാഖ നിര്‍ദേശങ്ങള്‍ അങ്ങനെയാണ് രൂപപ്പെടുന്നത്. ഇവ രണ്ടും കഴിഞ്ഞ പതിറ്റാണ്ടുകളിലെ കഥകള്‍.
ഡല്‍ഹി കൂട്ട ബലാല്‍സംഗത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം രാജ്യത്തെ സ്ത്രീകളുടെ ഭീതിതമായ അരക്ഷിതാവസ്ഥക്കെതിരെയുള്ള ശക്തമായ താക്കീതായി മാറുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ചില നിയമ നീക്കങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ ഈ ക്രൂരത അരങ്ങേറി ആഴ്ചകള്‍ക്കകം തന്നെ തൊട്ടയല്‍ സംസ്ഥാനമായ ഹരിയാനയില്‍ ആദിവാസിപ്പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവമാണ് കേട്ടത്. ഒരു മെട്രോ ബഹളം എന്നതിനപ്പുറത്തേക്ക് ഡല്‍ഹി മറ്റൊന്നും ഉണ്ടാക്കിയില്ലെന്ന് ഹരിയാനയും ബംഗാളും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിമ്രകങ്ങള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മാണം ആവശ്യപ്പെട്ട ജസ്റ്റിസ് വര്‍ഷ കമ്മീഷന്റെ ശിപാര്‍ശകളില്‍ മിക്കതും അദ്ദേഹത്തിന്റെ മരണശേഷവും കടലാസുകളില്‍ ഉറങ്ങുകയാണ്.
സമാനമായ ഒച്ചപ്പാട് തന്നെയല്ലേ കേരളത്തിലെ സൗമ്യ സംഭവത്തിലും അരങ്ങേറിയത്. ഇനിയൊരിക്കലും സൗമ്യമാര്‍ ഉണ്ടാവരുതേ എന്നു കരഞ്ഞ മലയാളത്തെ നോക്കി പല്ലിളിച്ച് ഇന്നും യാത്രകളില്‍ നാമോരുത്തരും വീണ്ടും വീണ്ടും ബലാല്‍സംഗം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനിയൊരു സൗമ്യ സംഭവം കേട്ടാല്‍ നമ്മള്‍ ഞെട്ടില്ല. അതിനേക്കാള്‍ ക്രൂരമായ രീതി ആരെങ്കിലും പരീക്ഷിച്ചാല്‍ അത് ഒപ്പിയെടുത്ത് വിളമ്പുന്ന എരിവും പുളിയുമുള്ള വാര്‍ത്തകളെ കാത്തിരിക്കുകയാണ് മലയാളി.
വാല്‍ക്കഷ്ണം: കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനിടെ മലയാള മാധ്യമങ്ങളുടെ ഡിക്ഷ്ണറിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാക്കേതെന്ന് ഒരിക്കല്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക ചോദ്യമുന്നയിച്ചപ്പോള്‍ മറുപടിക്ക് ശങ്കയുണ്ടായില്ല, ബലാല്‍സംഗം. ശ്രദ്ധിച്ചിട്ടില്ലേ ഇതിനു പകരം വാര്‍ത്തക്കളില്‍ കയറിക്കൂടുന്ന മാനഭംഗം'എന്ന ഒരു നിര്‍മ പദം. ബലാല്‍ക്കാരമായി ചെയ്യുന്ന ഒന്നിനെ'മാനഭംഗം എന്ന് (എന്തിന്റെ പേരിലായാലും) മയപ്പെടുത്തുന്നിടത്തു തന്നെ നമ്മുടെ മാധ്യമ ധര്‍മം പ്രതിക്കൂട്ടില്‍ കയറുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top