മുള്‍പാതയില്‍നിന്ന് തെളിച്ചമുള്ളിടത്തേക്ക്

ഷീബ അമീര്‍ (സാമൂഹ്യപ്രവര്‍ത്തക) No image

സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ സ്ത്രീയെന്ന നിലയില്‍ ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. എന്റെ കുട്ടിയുമായി ആശുപത്രിയില്‍ കഴിയേണ്ടി വന്ന കാലഘട്ടത്തിലാണ് ഞാന്‍ ചുറ്റുമുളള വിഷമതകളനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തുടങ്ങുന്നത്. മറ്റുള്ള അമ്മമാരുടെ സങ്കടം കണ്ട് സഹിക്കാന്‍ കഴിയാതെയായിരുന്നു അന്നങ്ങനെ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. ഞാന്‍ വല്ലാത്ത സങ്കടത്തിലായിരുന്നു അപ്പോള്‍. കുഞ്ഞിന് അസുഖം വന്നാല്‍ ഒരമ്മയ്ക്കും അച്ഛനും ഉണ്ടാകുന്ന വിഷമങ്ങള്‍ എനിക്കറിയാമല്ലോ! മനുഷ്യന്‍ എന്ന നിലക്ക് മറ്റൊരാള്‍ അടുത്തുകിടന്ന് കരയുന്നതു കണ്ടാല്‍ തിരിഞ്ഞുനോക്കാതെ എങ്ങനെ പോകും? അത്രയേ ഞാനും ചെയ്തുള്ളൂ.
മറ്റൊരാളുടെ കണ്ണുനീര്‍ തുടക്കാന്‍ ഒരു സ്ത്രീക്ക് കഴിയുകയില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ. അതൊന്നും ആര്‍ക്കും അറിയാതെയല്ല. ആ ഒരു തീരുമാനം ഒരു സ്ത്രീക്കെടുക്കാന്‍ ആര് അനുവാദം തന്നു എന്നതായിരുന്നു ഞാനനുഭവിച്ച ഏറ്റവും വലിയ വിഷമം. ഒരു സാധാരണ വീട്ടമ്മ, പുരുഷന്‍ ഊട്ടുന്ന ഭക്ഷണം തിന്ന് ജീവിക്കുന്നവള്‍. അനുസരിക്കണം അവള്‍. കൊല്ലങ്ങളോളം തീറ്റിപ്പോറ്റി എന്നത് വല്ലാത്തൊരു ഭാരമുള്ള ഒരു കാര്യമാണ് സ്ത്രീക്ക്. അവിടെ അവള്‍ ചെയ്തുകൂട്ടിയ പണികളൊക്കെ എവിടെയും രേഖപ്പെടുത്താതെ പോകുന്നു.
അതൊക്കെ വല്ലാതെ വേദനിപ്പിക്കുന്ന തിരിച്ചറിവുകളായിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത ഒരു സ്ത്രീക്ക് ആലോചിക്കാന്‍പോലും സ്വാതന്ത്ര്യമില്ല എന്നറിയുന്നിടത്ത് പിന്നെയെങ്ങനെ സാമൂഹ്യ പ്രവര്‍ത്തനം.... എങ്ങനെ എഴുത്ത്.....
ഇതൊക്കെ ചെയ്യുമെന്ന് തീരുമാനിക്കുന്നതോടൊപ്പം ഞാന്‍ സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുത്തു. അതെന്റെ മുന്നോട്ടുള്ള യാത്രക്ക്, സമരത്തിന് ഏറെ സഹായകമായി.
ഞാനെന്റെ കുട്ടിക്ക് വേണ്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ എങ്ങനെ സമയം കണ്ടെത്തുന്നു അതുപോലെത്തന്നെയാണ് മറ്റു കുട്ടികളും എന്ന് ബോധ്യമുണ്ടെങ്കില്‍ നാം അതിനും സമയം കണ്ടെത്തും. 'എന്റെ', 'അന്യന്റെ' ഈ വാക്കുകള്‍ നിലനില്‍ക്കുമ്പോഴാണ് നാം മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുന്നത്. ഈ രണ്ടുവാക്കുകളും ഒന്നായിത്തീര്‍ന്നാല്‍ പിന്നെ ഈ ചോദ്യത്തിനു പ്രസക്തിയില്ലല്ലോ. എന്റെ മകള്‍ പൂര്‍ണമായും വീല്‍ചെയറിലായിരുന്ന കാലത്താണ് ഞാനീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. അവളുടെ കാര്യങ്ങള്‍ക്ക് ഒരു കുറവും ഞാന്‍ വരുത്തിയിട്ടില്ല. പിന്നെ ഒഴിവു സമയങ്ങള്‍ നമുക്കില്ലാതാകുമെന്നത് ശരി തന്നെയാണ്. സമയം വളരെ വിലപ്പെട്ടതാണെന്ന് ബോധ്യമുണ്ടായാല്‍ നാമതിനെ അര്‍ഥവത്തായി ഉപയോഗിക്കും. അധികസമയം ഉറങ്ങിപ്പോയാല്‍ പോലും എനിക്ക് കുറ്റബോധമാണ്.
പൂമുഖപ്പടിയില്‍ ഉടുത്തൊരുങ്ങി, പുഞ്ചിരി വിടര്‍ത്തി നില്‍ക്കുന്ന സ്ത്രീ സങ്കല്‍പമുള്ളിടത്ത് ഇതൊന്നും അത്രയെളുപ്പമല്ല. എനിക്കു ചുറ്റുമുള്ളവരുടെ ആ സങ്കല്‍പങ്ങളില്‍നിന്ന് പുറത്തു വരാന്‍ വളരെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.
കുടുംബം മാത്രമാണ് സ്ത്രീയുടെ ഇടമെന്ന് പുരുഷ നിര്‍മിത സമൂഹം അടിച്ചേല്‍പിച്ച ഒരവസ്ഥ ഇപ്പോള്‍ കുറേശ്ശെ മാറി വന്നിട്ടുണ്ട്. പതിനഞ്ചു വര്‍ഷം മുമ്പ് ഞാനീ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ ഇപ്പോള്‍ മെച്ചപ്പെട്ട അവസ്ഥയുണ്ട്. അന്നൊക്കെ ഞാനൊരു അനുസരണക്കേട് കാണിക്കുന്നവളാണെന്ന വിചാരം എന്റെ ഉമ്മാക്ക് പോലും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പൊതുഇടങ്ങളില്‍ കുറേ സ്ത്രീകളെ കാണുന്നുണ്ട്; സംവരണംകൊണ്ടാണെങ്കില്‍ പോലും. ഇത്തരമൊരു കാഴ്ചപ്പാട് സമൂഹത്തിനില്ലായിരുന്നുവെങ്കില്‍ എനിക്കുപോലും ഇതിന്റെ പതിന്മടങ്ങ് ചെയ്യാമായിരുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഇത്രയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലമത്രയും ചിലവഴിച്ചതിന്റെ ഇരട്ടിയിരട്ടി ഊര്‍ജം ഞാന്‍ ഇത്രയെങ്കിലും സ്വാതന്ത്ര്യത്തിലേക്ക് വരാനുള്ള സമരത്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. പക്ഷേ നമുക്കു മുമ്പില്‍ പൂവിതറിയിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതിലും സുഖമുണ്ട്, മുന്നിലുള്ള മുള്ളുകള്‍ നിറഞ്ഞ ഇടങ്ങളിലൂടെ സ്വയം വഴിവെട്ടി സഞ്ചരിക്കാന്‍....
കുറച്ചുനാള്‍ മുമ്പേ ഒരു കവിതയില്‍ വായിച്ചപോലെ അവള്‍ മാറാല പിടിച്ച മറനീക്കി പുറത്തു വന്നാല്‍ പിന്നെ തീര്‍ച്ചയായും സ്ത്രീസമൂഹത്തില്‍ സ്വീകാര്യയാണ്. ഒരു പുരുഷന് കിട്ടുന്നതിലും സ്വീകാര്യത സ്ത്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടും. ഒഴുക്കിനൊത്ത് നീന്തുന്ന ഒരാളോടുള്ളതിലും ബഹുമാനം ഒഴുക്കിനെതിരെ നീന്തുന്ന ഒരാള്‍ക്ക് ലഭിക്കേണ്ടതുമാണല്ലോ...
സാമ്പത്തിക സ്വാതന്ത്ര്യം തീര്‍ച്ചയായും സ്ത്രീ നേടിക്കഴിഞ്ഞു. സംവരണം കൊണ്ടാണെങ്കിലും പൊതുഇടങ്ങളിലും സ്ത്രീ പ്രാതിനിധ്യം വന്നുകഴിഞ്ഞിരിക്കുന്നു. എങ്കിലും സ്ത്രീ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് ഒട്ടും ഇപ്പോഴും ചിന്തിക്കുന്നില്ല. തന്റെ സ്വത്വം നിലനിര്‍ത്തി ജീവിക്കാന്‍ അനുവാദമില്ലാത്ത ഏകജീവി സ്ത്രീയാണ്. തന്റെ സ്വത്വം തിരിച്ചറിയുകയും സ്വാതന്ത്ര്യം ആരും കൊണ്ടുതരേണ്ട ഒന്നല്ല എന്ന് സ്ത്രീ തിരിച്ചറിയുകയും ചെയ്താല്‍ മാത്രമേ സ്ത്രീക്ക് മോചനമുണ്ടാവുകയുള്ളൂ. മൂല്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. സ്ത്രീയുടെ സഹജഭാവങ്ങളായ സ്‌നേഹവും വാത്സല്യവും ആര്‍ദ്രതയും ഈ വരണ്ട കാലഘട്ടത്തിന് ആവശ്യമുണ്ട്. ഓരോ സ്ത്രീയും അത് തിരിച്ചറിയുക തന്നെയാണ് വേണ്ടത്. കരുത്ത് തന്റെ തന്നെ ഉള്ളിലുണ്ടെന്ന സത്യം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top