രണ്ട് ദേശങ്ങളെ ഒന്നാക്കുന്നൊരു
പാലത്തിന്റെ അതിര്
തറവാട്ട് പറമ്പിന്റെ
നെഞ്ചും കീറി വരച്ചപ്പോള്‍,
അരികിലൊരു ഓര്മ വീട്
നിര്‍ത്താതെ വിറച്ചുകൊണ്ടിരുന്നു
വീടിന്റെ ഓരോ ചുടുകല്ലിനൊപ്പവും
ചൂള പോലെ നീറിയൊരുപ്പാന്റെ
ഖബറിലും
നനവ് പടര്‍ന്നിട്ടുണ്ടാകും
ഉപ്പാന്റൊപ്പം
വീടിനെ വളര്‍ത്തിയ
ആണ്മക്കളുടെ
മനസ്സാരും വായിച്ചിട്ടില്ല
കെട്ടിച്ച് വിട്ട പെണ്മക്കളുടെ
ബാല്യകൗമാരങ്ങളുടെ
തിരുശേഷിപ്പുകള്‍
ഇനി എവിടെയാണടക്കം ചെയ്യുക
ചുവന്ന ചായം പൂശിയ
നിലത്തിന്റെ തണുപ്പ്
പാദങ്ങളിലേക്കാവാഹിക്കുമ്പോള്
ഉത്തരം താങ്ങിയൊരു പല്ലിയുടെ
മുറിഞ്ഞ് വീണ വാലുപോലെ
അറിയാതൊന്ന് പിടഞ്ഞുപോയ്
മാനത്ത്,
വേര് വന്ന് വളരുന്ന
മേഘ മരങ്ങളും
താഴത്ത്,
ഒഴുകി നടക്കുന്ന
മഞ്ഞ് മലകളും
രാക്കിനാവ് കണ്ടുണര്‍ന്ന വീട്
ഓര്‍മകളുടെ അടിവേരറുത്ത്
വീണ്ടും വീണ്ടും മറവ് ചെയ്ത്
തളര്‍ന്ന ഉമ്മാന്റെ കണ്ണില്‍
ഹൃദയം പൊടിഞ്ഞ രക്തകണം
കൈകാല്‍ കടച്ച് തളര്‍ന്നുറങ്ങുമ്പോള്‍
'വയ്യാണ്ടായോ.. സാരല്ലടോ'യെന്ന്
കിനാവില് വന്ന് പറയുന്ന
ഉപ്പാന്റെ
ജീവനുള്ള സ്നേഹം മാത്രം
പൊതിഞ്ഞെടുക്കുന്ന ഉമ്മാടെ
വിറക്കുന്ന കൈ പിടിച്ച്
പടിയിറങ്ങുമ്പോള്‍
ഖബറടക്കിയ ഓര്മകളിന്മേല്
വീണ്ടുമൊരു മീസാനിന്റെ
അടയാളം കൂടി വെച്ചിട്ടുണ്ട്
ഓര്‍മകളിലേക്ക്
ഓടിയണയാന്‍...