കഷണ്ടിക്കാരന്‍ ഡോക്ടര്‍

 തോട്ടത്തില്‍ മുഹമ്മദലി/വര: ശബീബ മലപ്പുറം No image

\

സുബൈര്‍ റിസപ്ഷന്‍ കൗണ്ടര്‍ വീക്ഷിക്കുകയായിരുന്നു. നല്ല തിരക്കുള്ളതിനാല്‍ മുഴുവന്‍ സ്റ്റാഫുകളും അവരവരുടെ ജോലി നിര്‍വഹിക്കുന്നു. വരുന്നവരെയൊക്കെ സുബൈര്‍ വാതില്‍ക്കല്‍ നിന്ന് ചിരിച്ച് സ്വാഗതം ചെയ്തു.
പെട്ടെന്നൊരാള്‍ വന്ന് റിസപ്ഷനില്‍ ചെന്ന് ഉച്ചത്തില്‍ ചോദിച്ചു: ''എന്റെ മുടി ധാരാളമായി കൊഴിയുന്നു, നല്ല ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോ?''
സുബൈര്‍ അയാളുടെ അടുത്തേക്ക് ചെന്നു.
''ഉണ്ടല്ലോ, ഡോക്ടര്‍ സൈമണ്‍ തോമസ് നല്ലൊരു ഡെര്‍മറ്റോളജിസ്റ്റാണ്.''
''മൊയ്തീന്‍, ഇദ്ദേഹത്തിന് ഡോക്ടര്‍ സൈമണിന്റെ ടോക്കണ്‍ കൊടുക്കൂ.''
മൊയ്തീന്‍ കണ്‍സള്‍ട്ടന്റ് ചാര്‍ജും രജിസ്‌ട്രേഷന്‍ ചാര്‍ജും കൂടി വാങ്ങി ടോക്കണ്‍ കൊടുത്തുവിട്ടു. കൗണ്ടറില്‍ നല്ല തിരക്കായിരുന്നു. സുബൈര്‍ തന്റെ കേബിനില്‍ പോയി ഇരുന്നു. അല്‍പസമയത്തിനു ശേഷം അയാള്‍ വളരെ ദേഷ്യപ്പെട്ടുകൊണ്ട് സുബൈറിന്റെ കേബിനിലേക്ക് ഓടിക്കയറി.
''സാര്‍, എന്റെ മുടി കൊഴിയാതിരിക്കാൻ വേണ്ടിയാണ് സാറോട് നല്ലൊരു ഡോക്ടറെ ചോദിച്ചത്?''
''അതേ, അതുകൊണ്ടാണ്, ഞാന്‍ ഡോക്ടര്‍ സൈമണിന്റെ പേര് നിര്‍ദേശിച്ചത്.''
ഇതുകേട്ട അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. ചിരിച്ചുകൊണ്ടു തന്നെ അയാള്‍ സുബൈറിനോട് ചോദിച്ചു.
''ഡോക്ടറുടെ തലയില്‍ ഒരു രോമം പോലുമില്ല. മുഴുവന്‍ കഷണ്ടിയാണ്, അയാളാണോ എന്നെ ചികിത്സിക്കുന്നത്?''
സുബൈറും ചിരിച്ചു. ഇവനെ എന്തു പറഞ്ഞ് ധരിപ്പിക്കാനാണ്?
''നിങ്ങളുടെ പേര്?''
''മന്‍സൂര്‍ അഹമ്മദ്.''
''എവിടെയാണ് സ്വദേശം?''
''ബംഗ്ലാേദശ്.''
''മന്‍സൂര്‍ ഹിന്ദി പടം കാണാറുണ്ടോ?''
''ഉണ്ട് സാര്‍, എനിക്ക് വളരെ ഇഷ്ടമാണ്.''
''ഹിന്ദി പടത്തില്‍ തീരെ മുടിയില്ലാതെ മൊട്ടയായി കണ്ടിട്ടില്ലേ?''
''ഉണ്ട് സാര്‍.''
''അതവര്‍ക്ക് മുടിയില്ലാത്തത് കൊണ്ടല്ല. ഒരു ഫാഷനാണ്. ദിവസേന ഷേവ് ചെയ്യും.''
''അങ്ങനെയാണോ സാര്‍?''
''അതെ, ഞങ്ങളുടെ ഡോക്ടര്‍ സൈമണും അങ്ങനെയാണ്.''
''ഓകെ സാര്‍, ഞാന്‍ ഡോക്ടറെ പോയി കാണാം.''
ആള്‍ക്കാരൊക്കെ കൂട്ടത്തോടെ താഴോട്ട് പോകുന്നു. താഴെ വല്ലാത്ത ബഹളം.
അവന്‍ താഴോട്ടിറങ്ങി. കാഷ്വാലിറ്റിയുടെ മുന്‍വശത്തായി ജനക്കൂട്ടം. സുബൈര്‍ ജനക്കൂട്ടത്തിനിടയില്‍ കൂടി കാഷ്വാലിറ്റിയില്‍ പ്രവേശിച്ചു. അവിടെ സിസ്റ്റര്‍ ഇരുന്ന് കരയുന്നു.
''എന്താണ് സിസ്റ്റര്‍ പ്രശ്‌നം?''
സുബൈര്‍ ചോദിച്ചു. സിസ്റ്റര്‍ മോളി ടിഷ്യൂ പേപ്പറെടുത്ത് കണ്ണും മൂക്കും തുടച്ചു.
''ഈ നില്‍ക്കുന്നയാള്‍...''
അവള്‍ കരഞ്ഞുകൊണ്ട് അവിടെ നില്‍ക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ചു.
''ഒത്തിരി നാളായി സാര്‍ ഇയാള്‍ എന്റെ പിറകില്‍തന്നെ, എപ്പോഴും ശല്യം ചെയ്യുന്നു. ഞാന്‍ പല പ്രാവശ്യം താക്കീത് ചെയ്തതാ... ഇന്ന് ഇവിടെ വന്ന്.......''
സിസ്റ്റര്‍ പൊട്ടിക്കരഞ്ഞു.
''എന്റെ കൈ പിടിച്ച് വലിക്കുകയാണ്.''
സുബൈര്‍ അവന്റെ നേരെ തിരിഞ്ഞു.
''നീ എന്താടോ സിസ്റ്ററെ ചെയ്തത്?''
''ഞാന്‍ ഒന്നും ചെയ്തില്ല.''
സുബൈര്‍ അവന്റെ കൈ പിടിച്ചു ഒന്നാം നമ്പര്‍ റൂമിലേക്ക് കൊണ്ടുപോയി.
''നീ മലയാളിയാണ് അല്ലേ?''
''അതെ.''
''നീ എന്തിനാടാ സിസ്റ്ററുടെ പിറകില്‍ പോകുന്നത്, സിസ്റ്റര്‍ക്ക് ഇഷ്ടമില്ലാതെ?''
''ഞാന്‍ പോയിട്ടൊന്നുമില്ല.''
''നീ ഇപ്പോള്‍ അവരുടെ കൈക്ക് പിടിച്ചില്ലേ?''
സുബൈര്‍ കൈമടക്കി അവന്റെ ചെകിടത്ത് ആഞ്ഞടിച്ചു. വേദന കൊണ്ടവന്‍ പുളഞ്ഞു.
''എന്നെ തല്ലരുത്. എന്നെ തല്ലിയാല്‍ ഞാന്‍ കാസര്‍കോഡ് അബ്ബാസ്ച്ചാട് പറയും.''
''കാസര്‍കോഡ് അബ്ബാസ് ആരാടാ....? നിന്റെ അപ്പനാ....?
വീണ്ടും സുബൈര്‍ മുഖത്തിന്റെ ഇരുഭാഗങ്ങളിലേക്കും ആഞ്ഞടിച്ചു.  അവന്‍ കരഞ്ഞു പറഞ്ഞു.
''എന്നെ അടിക്കരുത്, എന്റെ പേര് സജി ഞാന്‍ ആലപ്പുഴക്കാരനാണ്.''
''നീ ആലപ്പുഴയല്ല, ശൈഖിന്റെ മകനാണെങ്കിലും ഇമ്മാതിരി തെണ്ടിത്തരങ്ങള്‍ കാണിച്ചാല്‍ നിന്നെ അടിച്ചുകൊല്ലും. മനസ്സിലായോടാ.
സുബൈര്‍ ദേഷ്യത്തോടെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.
''വില്‍സണ്‍, പോലീസിനെ വിളിച്ചോ?''
''സാറെ വിളിക്കരുത്, ഇനി മുതല്‍ ഈ ഭാഗത്ത് ഞാന്‍ വരില്ല. സാര്‍ ഞാന്‍ പോയ്‌ക്കോളാം''
അവന്‍ സുബൈറിനോട് കേണപേക്ഷിച്ചു.
''വില്‍സണ്‍, വിളിക്കണ്ട, ഇപ്രാവശ്യം മാപ്പ് നല്‍കാം.''
സുബൈര്‍ ഏ.എസ്ച്ചാന്റെ മുറിയിലേക്ക് പോയി. മരണത്തെ അഭിമുഖീകരിച്ച് ഏ.എസ്ച്ചാ വെന്റിലേറ്ററില്‍ കിടക്കുന്നു. സുബൈര്‍ പ്രാര്‍ഥന ഉരുവിട്ട് അദ്ദേഹത്തിന്റെ കട്ടിലിനരികില്‍ ഇരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഉപ്പയുടെ അരികില്‍ തന്നെയുണ്ടായിരുന്നു.
''ഡോക്ടര്‍ വിഷ്ണുഭട്ട് വന്നിരുന്നോ?''
''വന്നിരുന്നു...സാര്‍.''
അവര്‍ രണ്ടു പേരും ഒന്നിച്ചായിരുന്നു മറുപടി പറഞ്ഞത്. സുബൈര്‍ ഓഫീസിലേക്ക് പോയി.  
സുബൈറിന്റെ ഇന്റര്‍കോം ശബ്ദിച്ചു.
''സുബൈര്‍ ഇവിടെ വാ....''
കര്‍ശന നിര്‍ദേശമായിരുന്നു. സുബൈര്‍ അദ്ദേഹത്തിന്റെ കേബിനില്‍ പ്രവേശിച്ചു. അശോകന്‍ ഒളികണ്ണിട്ട് സുബൈറിനെ പരിഹസിച്ചു ചിരിച്ചു.
''അശോകാ, ഞാന്‍ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങി നീ വീട്ടില്‍ കൊടുക്ക്.... പോയ്‌ക്കോ?''
അവന്‍ അവിടെനിന്ന് പുറപ്പെട്ടു. കാസിം കസേരയില്‍ ചാരിയിരുന്നു. അയാളുടെ കണ്ണും മുഖവും ചുവന്നിരുന്നു.
''എന്റെ തലവേദനക്ക് ആശ്വാസത്തിനു വേണ്ടിയായിരുന്നു നിന്നെ കൊണ്ടുവന്നത്. ഇപ്പോള്‍ നീ തന്നെ ഒരു തലവേദനയായി മാറി.''
സുബൈറിന് ഇപ്പോഴത്തെ പ്രശ്‌നം മനസ്സിലായി. കാസര്‍കോഡ് അബ്ബാസ്ച്ച പറഞ്ഞുവിട്ടതായിരിക്കും.
''അതിനു ഞാന്‍ എന്തുചെയ്തു?''
കാസിമിന്റെ ശബ്ദം കൂടി. കസേരയില്‍നിന്ന് മുന്നോട്ടിരുന്നു.
''നീ എന്ത് ചെയ്‌തെന്നാ.....? നീ ആരടാ ഇവിടത്തെ മാനേജറാ....? അല്ല, ഗുണ്ടയാ...?''
''സാര്‍ കാര്യമറിയാതെയാണ് സംസാരിക്കുന്നത്. നമ്മുടെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നമ്മുടെ സഹോദരിയെ കയറിപ്പിടിച്ചാല്‍ ഞാനത് നോക്കി നില്‍ക്കണോ....? അല്ല, കണ്ടില്ലെന്ന് നടിക്കണോ?''
''ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചാല്‍ അതൊക്കെ കണ്ടില്ലെന്ന് നടിക്കേണ്ടിവരും.''
' അങ്ങനെ നോക്കി നില്‍ക്കാന്‍ എനിക്ക് പറ്റില്ല.''
''അതുപോലെത്തെയാളെ എനിക്ക് വേണ്ടെങ്കിലോ?''
''വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കണം.''
''നിന്റെ അധികപ്രസംഗം വേണ്ട, ഞാന്‍ കുത്തിവിടും.''
''എന്നാല്‍ വിട്.''
സുബൈര്‍ ഒറ്റയടിക്ക് പറഞ്ഞു.
''ഇതുപോലെ ജോലി ചെയ്യുന്നതിനേക്കാള്‍ നല്ലത് പോകുന്നതാണ്.''
കാസിം ചോദ്യങ്ങള്‍ തുടര്‍ന്നു.
''നീ ആരെയാണെടാ പ്രേമിക്കുന്നേ?''
''എനിക്ക് ഇഷ്ടമുള്ളയാളെ ഞാന്‍ സ്‌നേഹിക്കും.''
''എന്റെ മകളുടെ പിറകില്‍ പോയാല്‍, പണി അറിയും.''
''എന്തറിയാനാ സാറേ...? ഞങ്ങള്‍ കല്യാണം കഴിക്കും.''
കാസിം തന്റെ കാലുകള്‍ രണ്ടും മേശമേല്‍ നീട്ടിവെച്ചു.
''സുബൈറേ, നിനക്കെന്നെ മനസ്സിലായിട്ടില്ല. ഞാന്‍ വളരെ പിശകാണ്.''
''അപ്പോള്‍ നീയെന്റെ മകളെ വിടുന്ന ലക്ഷണമില്ല.''
''ഇല്ല.... ഞാന്‍ അവളെ കെട്ടും.''
''നിന്നെ ഇനി ഇവിടെ വെച്ചുകൊണ്ടിരിക്കുന്നത് നല്ലതല്ല. നിനക്ക് ആജീവനാന്തം കുവൈത്തില്‍ തന്നെ ജീവിക്കാനുള്ള ഒരു പരിപാടിയായിരിക്കും ഞാന്‍ ആസൂത്രണം ചെയ്യുക.''
''കാസിംച്ചാ.... നിങ്ങളെന്നെ ഭീഷണിപ്പെടുത്തേണ്ട, ജീവിക്കാന്‍ അത്ര മോഹമൊന്നും എനിക്കില്ല.  നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ. അവള്‍ എന്നെ സ്‌നേഹിക്കുകയാണെങ്കില്‍ അവളായിരിക്കും എന്റെ ഭാര്യ.''
''ഇനി നീ ഇവിടെ തുടരരുത്, നിന്നെ ഞാനൊരു ഗുണ്ടയായിട്ടല്ല ഇവിടെ നിയമിച്ചത്. നിന്നെ സഹായിക്കാന്‍ അബൂജാസിം സ്ഥലത്തില്ല. അയാള്‍ അമേരിക്കയിലാണ്.''
കാസിം ഉച്ചത്തില്‍ ചിരിച്ചുകൊണ്ടിരുന്നു.  
''സാരമില്ല കാസിംച്ചാ, ഒരുപാട് ജനങ്ങള്‍ നമ്മുടെ നാട്ടില്‍ ജീവിക്കുന്നു... ഞാനും അവരില്‍ ഒരാളാകും.''
സുബൈര്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ കാസിം അവിടെ നിന്നിറങ്ങി. തിരിഞ്ഞു നോക്കാതെ അയാള്‍ നടന്നു. അദ്ദേഹം തിരിച്ചുവിളിക്കുമായിരിക്കുമെന്ന് സുബൈര്‍ കരുതി. ഷാഹിനയോടുള്ള തന്റെ അടുപ്പമായിരിക്കാം പിരിച്ചുവിടലിന്റെ കാരണം.  
അവള്‍ എന്തിനു തന്റെ ജീവിതത്തിലേക്ക് കയറിവന്നു! ആദ്യം ഒന്നും തോന്നിയിരുന്നില്ല. പിന്നീടുള്ള അവളുടെ സ്വഭാവത്തില്‍ താന്‍ പോലും അറിയാതെ അടുത്ത് പോയി. അത് ഹൃദയത്തില്‍നിന്ന് പറിച്ചെടുക്കാന്‍ പറ്റില്ല. ഭാവിജീവിതത്തെക്കുറിച്ചുള്ള തന്റെ കണക്കുകള്‍ മുഴുവനും തെറ്റുന്നു.
സുബൈര്‍ സാവധാനത്തില്‍ ഇറങ്ങി നടന്നു. എന്ത് തെറ്റാണ് തന്നില്‍നിന്ന് ഉണ്ടായത്? സഹപ്രവര്‍ത്തകയെ അന്യ പുരുഷന്‍ കയറിപ്പിടിക്കുമ്പോള്‍ നോക്കി നില്‍ക്കണം പോല്‍. ആരാണീ കാസറഗോഡ് അബ്ബാസ്? ചിലപ്പോള്‍ ഇവരുടെ വലിയ കോക്കസ്സിലെ കണ്ണികയായിരിക്കാം. അഞ്ചുനേരം ദൈവത്തിന്റെ മുമ്പില്‍ പ്രാര്‍ഥിച്ച് അധര്‍മത്തിനെതിരെയും അനീതിക്കെതിരെയും തന്റെ പ്രതിഷേധം പ്രകടിപ്പിച്ചില്ലെങ്കില്‍ പിന്നെന്ത് നിസ്‌കാരം, എന്ത് ഇബാദത്ത്? താന്‍ ചെയ്തതൊക്കെ ശരിയാണെന്ന് സുബൈറിന് തോന്നി. ഓരോന്നും ആലോചിച്ച് അവന്‍ നടന്ന് താമസസ്ഥലത്തെത്തി. ദുഃഖം അവനെ വല്ലാതെ അലട്ടി. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളോടെ അവന്‍ കട്ടിലില്‍ കയറിക്കിടന്നു. കുറേ വര്‍ഷം ജീവിച്ച ഈ നാടിനോട് എന്നെന്നേക്കുമായി വിട പറയുക. ഒരുപാട് ഓര്‍മകള്‍ അവനെ പൊതിഞ്ഞു. എപ്പോഴാണ് നിദ്രയിലേക്ക് വീണതെന്നറിഞ്ഞില്ല.
ടെലിഫോണ്‍ റിംഗ് കേട്ടായിരുന്നു അവനുണര്‍ന്നത്.
''സാര്‍, ഏ.എസ്ച്ച മരിച്ചു.''
ഐ.സി.യുവില്‍നിന്ന് എമര്‍ജന്‍സി ഡോക്ടര്‍ തോമസായിരുന്നു വിളിച്ചത്.
സുബൈര്‍ എഴുന്നേറ്റ് വാച്ചിലേക്ക് നോക്കി. സമയം പുലര്‍ച്ചെ മൂന്ന് മണി.
''എന്റെ നാഥാ, എല്ലാ ദുഃഖങ്ങളും ഒന്നിച്ചാണല്ലോ വരുന്നത്!''
സുബൈറിന്റെ കണ്ണ് നനഞ്ഞു. സുബൈര്‍ ആശുപത്രിയിലെത്തി, ഐ.സി.യുവിലേക്ക് ചെന്നു.
''ഡോക്ടര്‍ തോമസ്, എന്തുപറ്റി?''
എന്തോ ഒരു ശബ്ദം കേട്ടാണ് ഞാന്‍ ഓടിയെത്തിയത്, അപ്പോഴേക്കും വെന്റിലേറ്റര്‍ ഓഫായിരുന്നു.''
''നല്ല ബേക്കപ്പുള്ള സിസ്റ്റമാണ്. എന്താണ് സംഭവിച്ചെതെന്നറിയില്ല.''
''അദ്ദേഹം തന്നെ ചെയ്തതാണോ?''
''വേറെ ആര് ചെയ്യാന്‍?''
സുബൈര്‍ എന്താണ് സംഭവിച്ചതെന്നറിയാതെ നട്ടം തിരിഞ്ഞു. ഐ.സി.യുവിലെ മുഴുവന്‍ സ്റ്റാഫുകളും സുബൈറിന്റെ അരികില്‍ ചെന്ന് നിന്നു. എല്ലാവരേയും ആശങ്കയിലാക്കിയിരുന്നു ഈ വിസ്മയകരമായ അന്ത്യം.
''കാസിംച്ചാനെ വിവരമറിയിച്ചിരുന്നോ?''
''ഡോക്ടര്‍ തോമസ്, രാത്രിയായതിനാല്‍ ഏ.എസ്ച്ചാന്റെ മകളും മരുമകനും വീട്ടില്‍ പോയിക്കാണും, അവരെ വിവരമറിയിച്ചിരുന്നോ?''
''ഡോക്ടര്‍, എല്ലാ മിനിസ്ട്രി ഫോര്‍മാലിറ്റീസും നടക്കട്ടെ, അവരെ വിളിച്ചു പറയൂ. സുബൈര്‍ അവിടെ നിന്നിറങ്ങുമ്പോഴേക്കും കാസിം അവിടെയെത്തി. അവര്‍ പരസ്പരം നോക്കിയതല്ലാതെ സംസാരിച്ചില്ല. പല ഓര്‍മകളും അവന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. വളരെ ചെറുപ്പത്തില്‍ വായനശാലയില്‍ വെച്ച് ആശ്വസിപ്പിച്ചതും, പഠിക്കാന്‍ ഉപ്പയോട് പറഞ്ഞ് സ്‌കൂളില്‍ അയച്ചതും, പോലീസ് കസ്റ്റഡിയില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന് കള്ളക്കടത്തിനും കൂടി എന്നെ തെരഞ്ഞെടുത്തതും മറ്റുമായ പലതരം ഓര്‍മകളില്‍ ഉറക്കത്തില്‍ ലയിച്ചു.
രാവിലെ കോളിംഗ്‌ബെല്‍ ശബ്ദം കേട്ടാണ് സുബൈര്‍ ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ ബേങ്കിലെ അബ്ബാസ്, യൂസുഫ്, ജലീല്‍, ഇബ്രാഹിം, മെഹമ്മൂദ്, റഷീദ് തുടങ്ങിയവര്‍.  ഓരോരുത്തരായി അകത്ത് പ്രവേശിച്ചു. ദുഃഖാര്‍ത്തനായ സുബൈര്‍ അവരെ സ്വീകരിച്ചിരുത്തി. അയാള്‍ മാനസികമായി വളരെയധികം തളര്‍ന്നിരിക്കുന്നു.
''എന്തായിരുന്നു സുബൈറേ ഏ.എസ്ച്ചാക്ക് പറ്റിയത്?''
''എന്ത് പറ്റാന്‍! ഇബ്രാഹിംച്ച ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു!''
യൂസുഫ് ഇടപെട്ടു.
''അദ്ദേഹത്തിന്റെ ആയുസ്സ് തീര്‍ന്നു.''
''സുബൈര്‍, ഫ്രഷ് ആയിക്കൊ, ഞങ്ങളിവിടെ കാത്തിരിക്കാം.''
''യൂസുഫേ, നീയൊന്ന് പ്രഭയെ വിളിച്ച് വിവരം പറഞ്ഞോ... ഞാന്‍ ഫ്രഷ് ആയി വരാം.''
അല്‍പസമയത്തിനു ശേഷം സുബൈര്‍ പുറപ്പെടാനായി തയ്യാറായി വന്നു.  
''ഞാന്‍ ഇന്ന് രാത്രി നാട്ടിലേക്ക് പോകേണ്ടതായിരുന്നു. അപ്രതീക്ഷിത മരണം എന്റെ യാത്ര മറ്റന്നാളത്തേക്ക് മാറ്റിവെച്ചു.''
''സുബൈറേ, വിഷമിക്കാനൊന്നുമില്ല. നീ എന്തായാലും നാട്ടിലേക്ക് പോ.... പുതിയൊരു വിസയെടുത്ത് അയച്ചുതരാം... വിഷമിക്കരുത്. ഞങ്ങളൊക്കെയില്ലേ...''
''എടോ... ഇവിടത്തെ മിക്ക എക്‌സ്‌ചേഞ്ചുകളും ഞാനും വളരെ നല്ല അടുപ്പത്തിലാണ്. നിനക്ക് ഒരു വിസ ഞാന്‍ അയച്ചുതരും. ധൈര്യമായി പോയിവാ....''
ഇവരുടെയൊക്കെ സ്‌നേഹം കാണുമ്പോള്‍... സുബൈര്‍ വല്ലാതെ സന്തോഷിച്ചു. അല്ലാഹുവിനെ സ്തുതിച്ചു.
''പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് രണ്ട് മണിക്ക് മയ്യിത്ത് സുലൈബീഖാത്ത് ശ്മശാനത്തില്‍ എത്തും.''
''സുബൈറേ, അങ്ങനെയാണണെങ്കില്‍ നമുക്ക് ഒരു മണിക്ക് പുറപ്പെട്ടാല്‍ പോരെ?''
''ശരി, അപ്പോഴേക്കും ടൗണില്‍ പോയി ചില്ലറ ഷോപ്പിംഗ് നടത്തിയാലോ?''
''ഞങ്ങളെല്ലാവരും റെഡി.''
സുബൈര്‍ പറഞ്ഞപോലെ അവരെല്ലാവരും സുബൈറിന്റെ കാറില്‍ കയറി കുവൈത്ത് സിറ്റിയിലേക്ക് പുറപ്പെട്ടു. അവിടുന്ന് സാധനങ്ങള്‍ വാങ്ങി ഭക്ഷണവും കഴിച്ച് സുലൈബീഖാത്തിലേക്ക് പുറപ്പെട്ടു. അധികമാളുകളൊന്നും അവിടെയെത്തിയിരുന്നില്ല. മരുമകന്‍ ഡോക്ടര്‍ അവിടെയുണ്ടായിരുന്നു. ഏകദേശം രണ്ടര മണിയാവുമ്പോഴേക്കും ആള്‍ക്കാരൊക്കെ അവിടെയെത്തി. നിസ്‌കാരാനന്തരം ഞങ്ങള്‍ ഖബറിനരികില്‍ കൂടി നിന്നു.  അപ്പോഴേക്കും താടി വളര്‍ത്തിയ മൂന്ന് അറബികള്‍ അവിടെയെത്തി.
''ഹാദാ നഫര്‍ സ്വല്ലി?''
(മരിച്ചയാള്‍ നിസ്‌കാരം നിര്‍വഹിക്കുന്ന ആളാണോ?)
''ഈ നഅം.''
(അതെ, ശരിയാണ്.)
യൂസുഫ് ആയിരുന്നു മറുപടി പറഞ്ഞത്. ഉടനെ അവര്‍ ധരിച്ചിരുന്ന നീളന്‍ കുപ്പായം ഊരിവെച്ച് ഖബറില്‍ ഇറങ്ങി. നേരത്തെ ഉണ്ടാക്കിവെച്ച കുഴിമാടത്തില്‍ അടിഞ്ഞുകൂടിയ പൂഴി എടുത്തു മാറ്റി, ശുചിയാക്കി മയ്യത്ത് കൊണ്ടുവന്ന് ഖബറടക്കം തീരുന്നതുവരെ അവര്‍ മൂന്ന് പേരാണ് മുഴുവന്‍ ജോലികളും നിര്‍വഹിച്ചത്.
റഷീദ് ഉച്ചത്തില്‍ അറബിയില്‍ പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ ഇടപെട്ടു. ഉച്ചത്തില്‍ കൂട്ട പ്രാര്‍ഥന പാടില്ലെന്നും അവരവര്‍ മരിച്ച വ്യക്തിക്കു വേണ്ടി പ്രാര്‍ഥിക്കുന്നതാണ് നബിചര്യയെന്നും പറഞ്ഞ് അവര്‍ പ്രാര്‍ഥിച്ചശേഷം അവിടെനിന്ന് പുറപ്പെട്ടു.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top