വിവാഹാഘോഷങ്ങള്‍

അഷ്‌റഫ് കാവില്‍ No image

കാനല്‍ ജലം - 03
മൂന്നു നാലു വാഴത്തൈകള്‍ പറമ്പിന്റെ നാലുഭാഗങ്ങളിലായി നടാനുള്ള തയ്യാറെടുപ്പിലായിരുന്നു. മണ്ണിന്റെ മണം സിരകളെ വീര്യം പിടിപ്പിക്കുന്നു.
പറമ്പു മുഴുവന്‍ പ്ലാസ്റ്റിക് കവറുകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓരോ കവറുകളും മണ്ണിനടിയില്‍ നിന്നും വലിച്ചുപൊറുക്കിയെടുക്കുമ്പോള്‍ അതിനു കീഴേ നിറംമാറിയ മണലാണ്. ഇങ്ങനെ തുടര്‍ന്നാല്‍ കേരളം ഒരു മരുഭൂമിയാകുന്ന കാലം വിദൂരത്തല്ല എന്നു തോന്നി.
വാഴക്കന്നിന് പതുപതുപ്പുള്ള മണ്ണാണ് ആവശ്യം. പശിമ നിറഞ്ഞ മണ്ണ്. എപ്പോഴും നീരോട്ടമുള്ള സ്ഥലങ്ങളില്‍ വാഴ നന്നായി വളരും. ഒന്ന്, പഴയതൊഴുത്തിനുസമീപം കുഴിച്ചിടാമെന്നുകരുതി. അവിടെയാകുമ്പോള്‍ പണ്ടത്തെ ചാണകാവശിശിഷ്ടങ്ങളുടെ ഗുണമുണ്ടാകും.
വാഴക്കന്ന് കുഴിയിലിറക്കിവെച്ച് മണ്ണിട്ട് മൂടിയപ്പോഴേക്കും കിതച്ചു. വിയര്‍പ്പ് കുനുകുനാ താഴോട്ടൊഴുകി.
കൈകോട്ടില്‍ പറ്റിയ മണ്ണിന്റെ ശകലങ്ങള്‍ ഒരു കമ്പുകൊണ്ട് നീക്കുമ്പോള്‍ പരിചയമുള്ള ഒരു ശബ്ദമുയര്‍ന്നു. അബ്ദുക്കാ സലാം പറഞ്ഞുകൊണ്ട് പടികയറി വന്നു.
'ങ്ആ കൃഷിപ്പണിയിലാണ്. ങ്ആ മോശം ല്ല..'
അങ്ങനെയൊന്നൂല്ല. രാവിലെ ഞെരമ്പുകള്‍ക്കൊക്കെ ഒരോട്ടം കിട്ടീക്കോട്ടേന്ന് കരുതി.
വേണ്ടതാണ് ജമാല്‍ക്കാ... നമ്മുടെ നാട്ടുകാര്‍ക്ക് മാത്രമാണ് മണ്ണിനോട് ഈയലര്‍ജി. വേറെ ഏത് നാട്ടില്‍ പോയാലും അവിടുത്തുകാര്‍ മണ്ണില്‍ പണിയെടുക്കുന്നത് കാണാം.
കൈയും മുഖവും കഴുകി വന്നു.
'കയറിയിരിക്ക്'
ഞാന്‍ വന്ന കാര്യം ആദ്യം തന്നെ അങ്ങ് പറയാം. അതായത് കഴിഞ്ഞയാഴ്ച കല്ല്യാണവീട്ടീന്ന നിങ്ങടെ ഭാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചതാ. നല്ല ചെറുക്കന്മാരുടെ ആലോചന ഉണ്ടെങ്കില്‍ അമാന്തിച്ചു നിക്കണ്ടാന്ന്.
ഇളയമകളുടെ കാര്യമാണ്.. ബ്രോക്കറുടെ വരവില്‍ത്തന്നെ അങ്ങനെയൊരു കാര്യം മണത്തതാണ്. പക്ഷേ, ഈയൊരു പരിതസ്ഥിതിയില്‍ എങ്ങനെ ഒരു കല്ല്യാണം നടത്തും. എന്തെങ്കിലും വഴി കാണാതെ....
എന്താ ആലോചിക്കുന്നത്. നമ്മള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത ഒരു ബന്ധം ഒത്തുവന്നിട്ടുണ്ട്. പടച്ചോന്‍ കൊണ്ടുവന്നതാണ് കരുതിക്കോളീം....
എവിടുന്നാ....
അടുത്ത് തന്നെ.. നമ്മടെ കപ്പക്കാരന്‍ കുഞ്ഞാലി ഹാജിയുടെ ഇളയമകന്‍ സലീം. ഓനിപ്പം സലാലയിലാ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍. മൂന്നു ലക്ഷം രൂപ റൊക്കം ഒരു മാസത്തെ ശമ്പളമാണത്രെ. പിന്നെ ഉപ്പ സമ്പാദിച്ച കണക്കറ്റ സ്വത്തും...
ഓരെ ഡിമാന്റുകള്‍ അറിഞ്ഞോ.
ഒരു ഡിമാന്റും ഇല്ല. പണ്ടോ പണോ ഒന്നും ചോദിക്കുന്നില്ല. പത്ത് പവന്‍ മഹര്‍ അവരിങ്ങോട്ട് കൊടുക്കും.
'എന്ന് വെച്ചാ.. നാട്ട് നടപ്പനുസരിച്ച് പെണ്ണിന്റെ തന്ത നൂറ് പവന്‍ അങ്ങോട്ട് കൊടുക്കണംന്ന് സാരം അല്ലേ' അബുദക്ക ഒരു നിവൃത്തികേടുള്ള ചിരിചിരിച്ചു.
അതൊന്നും ഇപ്പം കൂടുതലാന്ന് പറഞ്ഞൂട.. ഹോണ്ട സിറ്റി, സ്‌കോര്‍പ്പിയോ, എന്തിനേറെ ബെന്‍സ് കാറൊക്കെയാ ചെക്കമാരിപ്പം ഡിമാന്റ് ചെയ്യുന്നത്. പണം വേറേം.
എഴുന്നേല്‍ക്കാന്‍ സമയമായി എന്നു തോന്നി. അകത്തേക്ക് നീട്ടിവിളിച്ചു.
സാബിറാ... ഇച്ചിരി ചായങ്ങെടുത്തോ. അബ്ദുക്കാ വന്നിട്ടുണ്ട്.
ഞാനിവിടെയുണ്ട്. വാതില്‍പ്പടിയുടെ മറവില്‍ നിന്ന് ഗൂഢായ ഒരു ചിരിയുടെ അകമ്പടിയോടെ ഭാര്യ പുറത്തുവന്നു.
അപ്പോള്‍ അത് ശരിയാണ്. ഏര്‍പ്പാടുകളെല്ലാം റെഡിയാക്കി തന്റെ അഭിപ്രായം അറിയാനുള്ള ശ്രമത്തിലായിരുന്നു. അവള്‍. സംഗതി ഇത്രമാത്രം. പണത്തിനുള്ള സാധ്യത ഉണ്ടോ എന്നറിയണം.
ചായകുടിച്ച് കുലുക്കുഴിഞ്ഞ് അബ്ദുക്ക ചോദിച്ചു. ഒന്നും പറഞ്ഞില്ല.. അവരോട് എന്ത് മറുപടി പറയണം.
ഏതായാലും നൂറ് പവന്‍ ഉണ്ടാക്കാനുള്ള ഒരു വഴിയും കാണുന്നില്ല അബ്ദുക്കാ. അപ്പം ഞാന്‍ പറഞ്ഞാപോരേ. അവളുടെ മുഖം വിളറി.
നൂറ് വേണം എന്ന് ഓര് തറപ്പിച്ച് പറഞ്ഞിട്ടില്ലല്ലോ. പണ്ടത്തിന്റെ കൂടിയ വിലവെച്ച് നോക്കുമ്പോ പത്തോ പതിനഞ്ചോ കുറച്ച് കൊടുത്താമതിയാകും.
പുഞ്ചിരിയോടെ എഴുന്നേറ്റു.
'തീരുമാനം പെട്ടെന്ന് തന്നെ അറിയിച്ചേക്കാം. എന്താ...'
'ന്നാ ശരി..'
അബ്ദുക്ക പുറത്തിറങ്ങിയതും. അവള്‍ പുറത്തെത്തി. 'കൊടുക്ക് മനുഷ്യാ ഒരു ആയിരം ഉറുപ്പ്യ. ആരെ പിണക്ക്യാലും ദല്ലാളന്മാാരെ പിണക്ക്യാ. നമുക്കാ അതിന്റെ പ്രശ്‌നം.'
അവളൊരു ലോകതത്വം പറഞ്ഞ ഗൗരവത്തില്‍ ചിരിച്ചു.
അകത്ത് പോയി ഒരു ആയിരം രൂപയുടെ നോട്ടെടുത്ത് കൊണ്ടുവന്നു. ചിലവിന് വെച്ചിരുന്ന പണമാണ്. അധികമൊന്നുമില്ല. ഈ നിറത്തിലുള്ളവ അധികമൊന്നുമുണ്ടാകില്ല. എന്നാലും ഒരു വിവാഹകാര്യമല്ലേ..
അബ്ദുക്ക, ചില വിക്രിയകള്‍ ഒപ്പിച്ചും. വീടിന്റെ ഭംഗികണ്ട് കൊതിതീര്‍ന്നില്ല എന്ന മട്ടില്‍ ചാഞ്ഞും ചെരിഞ്ഞും നോക്കി അങ്ങനെ നില്‍ക്കുകയാണ്.
ആയിരം രൂപ കീശയിലിട്ടു കൊടുത്തപ്പോള്‍ നല്ലമൊഞ്ചുള്ള ഒരു ചിരി ആ മുഖത്തു വിരിഞ്ഞു.
നല്ലോണം ആലോചിക്കാനൊന്നൂല്ല. ഇന്ന് തന്നെ ഈ വിവരം എനിക്കാ വീട്ടില്‍ കൊടുക്കണം.
ഞാന്‍ രാത്രി ങ്ങളെ വിളിക്കാം.
എന്തോ പറയാനൊരുങ്ങിയതും അവള്‍ വാപൊക്കി. അബ്ദദുക്ക പുറത്തിറങ്ങിയതും കണ്ണില്‍ നിന്ന് തീപാറുന്ന വിധം അവള്‍ നോക്കി.
'ങ്ങള് ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്'
'അതെന്താ'
മോള്‍ക്ക് ഈ മാര്‍ച്ച് പിറന്നാ പത്തൊമ്പത് വയസ്സ് തെകയും. മൂത്തോരെ രണ്ടുപേരേം കല്ല്യാണം പതിനാറിലും പതിനേഴിലുമായിരുന്നെന്ന് ഓര്‍മ്മണ്ടോ.
പതിനാറില് കല്യാണം ചെയ്തൂന്ന് നാട്ടാരെ അറീക്കണ്ട ജയിലില്‍ കെടക്കണ്ട കേസാ അത്.. ങ്ങ് ആ....
അത് കാര്യമാക്കാതെ അവള്‍ വീണ്ടും പറഞ്ഞു.
കഴിഞ്ഞയാഴ്ച കല്ല്യാണം നടന്ന ബുഷ്‌റ ഓളുടെ ഒന്നരവയസ്സിന് എളേതാ..
നമ്മുടെ പരിതസ്ഥിതി അത്തരത്തിലാണല്ലോ ഇപ്പോള്‍ കുറച്ചുകൂടി കഴിഞ്ഞിട്ട് എന്തെങ്കിലും വഴി അന്വേഷിക്കണം.
നമ്മുടെ പരിതസ്ഥിതി ഇങ്ങനെത്തന്നെ നീണ്ടുപോയാല്‍ ഓള്‍ക്കൊരു കല്ല്യാണം വേണ്ട എന്നാണോ ങ്ങള് പറയുന്നത്?
അതല്ല, ഞാന്‍ നാട്ടില്‍ വന്നിട്ട് രണ്ടാഴ്ചപോലും തികഞ്ഞിട്ടില്ല. അല്‍പം കൂടി സാവകാശത്തില്‍ ഇക്കാര്യം തീരുമാനിക്കാമല്ലോ.
നമ്മള്‍ ആലോചന തുടങ്ങുമ്പോള്‍ ഇതുപോലുള്ള നല്ല ആലോചനകള്‍ ഉണ്ടായെന്നുവരുമോ.
അവള്‍ അരികിലേക്കു വന്നു. അനുനയസ്വരത്തില്‍ പതുക്കെ പറഞ്ഞു.
കപ്പക്കാരന്‍ മമാലിഹാജി ഇന്നാട്ടി വല്യ മൊതലാളി ആയതോണ്ടല്ല. ആ ചെറുക്കന്‍ സലീം നല്ലവനാ അങ്ങനെയുള്ള ഒരാലോചന ഇനിവരുമോ?
നീ പറഞ്ഞതൊക്കെ ശരി. പക്ഷേ, ഇക്കാര്യം കൂടി ഒന്നോര്‍ത്തുനോക്ക്. എങ്ങനെയായാലും ഒരു എഴുപത്തിയഞ്ച് പവനെങ്കിലും വേണ്ടിവരും. കല്ല്യാണചെലവടക്കം ഒരു ഇരുപത് ലക്ഷത്തിനടുത്ത് ഏതാണ്ട് പണമായി വേണം. എന്റെ അക്കൗണ്ടില്‍ ഒരു മൂന്ന് ലക്ഷം രൂപയോളം കണ്ടേക്കും. ബാക്കി, നമ്മളെന്തുചെയ്യും.
അല്‍പസമയത്തേക്ക് അവളൊന്നും മിണ്ടിയില്ല. പിന്നെ എല്ലാം മനസ്സിലായപ്പോള്‍ കരച്ചില്‍ തുടങ്ങി. (അവസാനത്തെ ആയുധം)
ഇത്രേം കാലം പണിയെടുത്തിട്ട് നിങ്ങടെ കയ്യില്‍ കൊറച്ച് സ്വര്‍ണ്ണം വാങ്ങാന്‍ പണം ഇല്ലാന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കോ...
എന്ത് കണക്കാ നീയീപ്പറേണത്. കഴിഞ്ഞപ്രാവശ്യം വന്ന് മോളുടെ കല്ല്യാണം നടത്തി. കടമെത്രയായീന്നറീയ്യ്വേ. മൂന്നരലക്ഷം. അത് കൊടുത്തുവീട്ടുന്നതിനുമുമ്പേ മോന് പഠിക്കാനുള്ള കോഴപ്പണം. എത്രയാ മൂന്ന് ലക്ഷം. ഇതൊക്കെ പലരോടായി വാങ്ങീതായിരുന്നില്ലേ...
ഇത് വല്യ കൊറച്ചിലായിപ്പോയി. ഇത് നടക്കുംന്ന് ആശിച്ച്‌പോയി.
അതൊന്നും സാരംല്ല.... ഇതിലും കുറഞ്ഞതായാലും നല്ല ഒരു ചെറുക്കനെ മോള്‍ക്ക് കണ്ടുപിടിക്കണം. പണ്ടം, പണം ഇതൊന്നും ആവശ്യമില്ലെന്ന് പറയുന്ന ഒരാണ്‍കുട്ടിയെ. നിയ്ക്ക് ഒറപ്പാ.. അങ്ങനെ ഒരാലോചന വരും...
ഒറപ്പ് ... നല്ലൊറപ്പാ.. മോള്‍ടെ മൂക്കില് പല്ല് മുളക്കുന്ന കാലത്താകും. ചെറുക്കന്‍ വര്വാ..
അവള്‍ കെറുവിച്ച് അകത്തേക്ക് പോയി.
ആലോചിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല. കല്ല്യാണത്തിന് ഇത്ര ചെലവ് വരുമെങ്കില്‍, പാവപ്പെട്ട പെണ്‍കുട്ടികളുടെ അവസ്ഥ എന്താണ്? ഏതെങ്കിലും മതഗ്രന്ഥങ്ങളിലുള്ള കാര്യണോ ഇത്. ഇതിന് ശിങ്കിടി പറയാനും, ഒത്താശ ചെയ്യാനും മതത്തിന്റെ  പേരു പറഞ്ഞ് നടക്കുന്ന കാരണവന്മാരും. പടച്ചതമ്പുരാനെ.. എന്തൊരുതരം ദുനിയാവാണ് നീയീ പടച്ചുവെച്ചിരിക്കുന്നത്?
അങ്ങാടിയിലൂടെ നടന്ന് ദാമുവിന്റെ ബാര്‍ബര്‍ഷോപ്പിനോടുത്തെത്തി. പുതിയ ചെറുപ്പക്കാരില്‍ മിക്കവരേയും മുഖപരിചയമില്ല. വേഷവും ഭാവവും ഒന്നും പഴയ ചെറുപ്പത്തിന്റേതോ നമ്മുടെ നാടിന്റേതോ അല്ല. ഏതോ അപസ്മാര രോഗികളുടെ മുഖം പോലെയാണ് പുതിയ തലമുറയുടെ മുഖം! താടിയും മുടിയും വികൃതമായി നീട്ടി കൈയിലുള്ള മൊബൈലില്‍ വിരലോടിച്ച് സര്‍വ്വം മറന്ന് ജീവിക്കുന്നവര്‍!
ഏതായാലും ബാല്യം ചെലവഴിച്ച ഈ അങ്ങാടിയുടെ ഓരോ മുക്കും മൂലയ്ക്കും തന്നെ പരിചയമുണ്ടാകും. ഉറപ്പാണ്.
പരിചയത്തിന്റെ ഒരു വിളി പ്രതീക്ഷിച്ച് നടന്നു. ഒരു വിളിയുമുയര്‍ന്നില്ല. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതത്തിന്റെ ബാക്കി പത്രങ്ങളാണ് ഇവയൊക്കെ.
നാട്ടിലും വീട്ടിലും അന്യനാവുക.
സ്വന്തക്കാര്‍ അകന്നുപോവുക.
കൂടുതല്‍ക്കാലവും ഗള്‍ഫുകാര്‍ ബന്ധപ്പെടുന്ന പല നാടുകളില്‍ നിന്നും വന്നവരുമായിട്ടായിരിക്കും. അതില്‍ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്താവുന്ന ബന്ധങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടേ ഉണ്ടാവുകയുള്ളൂ. മലയാളി സുഹൃത്തുക്കളാകട്ടെ, വിദേശിയാകട്ടെ അന്യന്റെ വീഴ്ച കൊതിക്കുന്നവരാണ്. അന്യന്റെ പരാജയമാണ് തന്റെ ഊര്‍ജ്ജമാവുക എന്നാണവര്‍ വിശ്വസിക്കുന്നത്. അവരെ കുറ്റം പറഞ്ഞുകൂടാ. പുതിയ കാലത്തിന്റെ മുദ്രാവാക്യമതാണ്. ഉപയോഗിച്ചു വലിച്ചെറിയുന്നതാണ് എല്ലാം. സൗഹൃദങ്ങള്‍ പോലും.!
ദാമുവിന്റെ ബാര്‍ബര്‍ഷോപ്പില്‍ നിന്നും ഒഴുകിവരുന്നത് യേശുദാസിന്റെ കടലിനക്കരെ പോയോരെ എന്ന പാട്ടല്ല. ബീറ്റില്‍സ് സോങ്ങാണ്. ഏതോ അമേരിക്കന്‍ പോപ്പ് ഗാനം.
യൂറോപ്യന്‍ മോഡലുകളുടെ ഏറ്റവും നൂതനമായ ഹെയര്‍ സ്‌റ്റെല്‍ ഫഌക്‌സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മിക്കവാറും നഗ്നരായ സ്ത്രീപുരുഷന്മാരുടെ ഫോട്ടോകള്‍ ചുവരില്‍ തൂങ്ങുന്നു.
ജമാലിക്കയല്ലേ... പരിചിതമായ ഒരു ശബ്ദം കേട്ട് ആശ്വാസത്തോടെ തിരിഞ്ഞുനോക്കി.
അപ്പുറത്തെ മസാലക്കടയില്‍ നിന്നാണ് ആ ശബ്ദം ഉയര്‍ന്നത്.
ഹാവൂ... ഒരാള്‍ക്കൈങ്കിലും ഒന്നുവിളിക്കാന്‍ തോന്നിയല്ലോ. നിറഞ്ഞ ചിരിയോടെ കടയിലേക്കു കയറിചെന്നു.
മസാലക്കടയുടെ പ്രധാനനടത്തിപ്പുകാരനായ മണിയനാണ് വിളിച്ചത്.
എന്തൊക്കെയുണ്ട് മണിയാ  വിശേഷങ്ങള്‍
നല്ല വിശേഷം ജമാലിക്കാ.. നിങ്ങള് വന്നെന്ന് കേട്ടു. അങ്ങോട്ട് വന്ന് കാണാനിരിക്കയായിരുന്നു ഞാന്‍...
എന്താണ് വിശേഷിച്ച്. ആകാംക്ഷയോടെ ചോദിച്ചു. മണിയന്‍ പഴയൊരു കണക്കുപുസ്തകം പൊടിതട്ടിയെടുത്തു. നാലുമാസത്തെ പറ്റ് പെന്റിംഗാണ്. ഒരു ഇരുപത്തിരണ്ട് ഉറുപ്പികയോളമുണ്ടാകും...
ഞെട്ടിപ്പോയി കഴിഞ്ഞമാസം വരെ കൃത്യമായി അയച്ചുകൊണ്ടിരുന്നതാണ് കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്?
പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നു.
ചെറിയ ചില പ്രശ്‌നങ്ങളില്‍ പെട്ടുപോയി മണിയാ..പണം ഉടനെ എത്തിക്കാം.
മണിയന്‍ അപ്പോഴേക്കും ചായക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞിരുന്നു. ഇതാ ചായ
ചായ കുടിക്കുന്നതിനിടയില്‍, മുഖത്തെ പരവേശം ശ്രദ്ധിച്ചിട്ടാവണം മണിയന്‍ പറഞ്ഞു. ബുദ്ധിമുട്ടാണെങ്കില്‍ ഒരു പതിനഞ്ച് കിട്ട്യാമതി. ഇപ്പം പഴയപോലുള്ള കച്ചോടൊന്നുംല്ല ജമാലിക്ക. കച്ചവടത്തിന്റെ മറ പോയില്ലേ. അങ്ങനെ നീങ്ങിപ്പോകുന്നൂന്ന് മാത്രം.
ഷേവ് ചെയ്ത്, അങ്ങാടിയിലൂടെ ഒരു ചാല്‍കൂടി നടന്നു. ഒന്ന് രണ്ട് പഴയ പരിചയക്കാരെ കണ്ടു. സംസാരിച്ചു.
പച്ചക്കറിക്കടകളും ചിക്കന്‍സ്റ്റാളും എല്ലാം ഇപ്പോള്‍ ഗള്‍ഫ് രീതിയില്‍ത്തനെ. അപ്പോഴാണ് മറ്റൊരു കാര്യം കൂടി ശ്രദ്ധകവര്‍ന്നത്.
ചെറിയ ഈ അങ്ങാടിയില്‍ രണ്ട് ഫാസ്റ്റ് ഫുഡ് കടകള്‍. രണ്ടിന്റേയും മേലേ തിളങ്ങഉന്ന ഫഌക്‌സ് ബോര്‍ഡ് താഴെ എഴുതിയിരിക്കുന്നത് വായിച്ച് ചിരിച്ചുപോയി.
ചൈനീസ്, പേര്‍ഷ്യന്‍, കോണ്‍ഡിനെന്റല്‍ ഈ ഉണക്ക അങ്ങാടിയില്‍ ആരാണആവോ ഇതൊക്കെ കഴിക്കാന്‍.
മത്തി മുളകിട്ടത്ത് പുളി പിഴിഞ്ഞ് വറ്റിച്ച കറിയും, കാന്താരിമുളകരച്ച ഒരു ചമ്മന്തിയും കൂട്ടി പൊടിയരിക്കഞ്ഞി കുടിക്കുമ്പോള്‍ കിട്ടുന്ന സുഖം ഏത് ചൈനീസിനുണ്ടാകും. ഇത്രയധികം സ്വാദുള്ള ഭക്ഷണം ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല. ഉറപ്പാണ് കാരണം അനുഭവ സമ്പത്തുതന്നെ.
ദുബായ് ഫുഡ്‌ഫെസ്റ്റ്, ലോകത്തെ ഏത് ഭക്ഷണവും കിട്ടുന്ന സ്റ്റാളുകളില്‍ അറബികളോടൊപ്പം ഭക്ഷണം രുചിച്ച് നടക്കാന്‍ അവസരം കിട്ടിയിരുന്നത് ഓര്‍മ്മവന്നു. അതില്‍ കുറച്ചെങ്കിലും ഇഷ്ടപ്പെട്ടത് മലായ് വിഭവങ്ങളാണ്.
പക്ഷേ, നമ്മുടെ നാട്ടിലെ ചേമ്പും, താളുമിട്ട് വെയ്ക്കുന്ന താളിപ്പിന്റെ സ്വാദ് മറ്റേത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നുകിട്ടാനാണ്.
ഇനി ഇവകളില്‍ ചേര്‍ക്കുന്ന രുചിക്കൂട്ടുകളുടെ കാര്യമോ? ബേജാറാണ്. അള്‍സര്‍ മുതല്‍ വൃക്ക രോഗം പോലും ഉണ്ടാകുന്ന ചേരുവകളാണ് ഹോട്ടലുകളില്‍ ഉപയോഗിക്കുന്നത്.
പത്രം ഏജന്റ് സലീമിനെ ഒന്നുകാണമെന്നുതോന്നി. അവന്റെ ഓഫീസ് ഒരു വലിയ പാണ്ടികശായുടെ മുകളിലത്തെ നിലയിലാണ്. അവനെ കാണേണ്ട ആവശ്യത്തിനുവേണ്ടി മാത്രം വലിയങ്ങാടിയിലേക്ക് ബസ്സുകയറി.
അവനാണ് പറഞ്ഞത്. മാട്രിമോണിയല്‍ കോളത്തില്‍ ഒരു പരസ്യംകൊടുക്കാന്‍ വിവാഹബ്യൂറോയില്‍ പേരും രജിസ്ട്രര്‍ ചെയ്തു.
അറുന്നൂറ് രൂപയോളം അതിനും ചെലവുവന്നു. എഴുതി തയ്യാറാക്കിവെച്ചിരുന്ന പരസ്യം അവന്റെ കൈവശം നല്‍കി.
യുവതി, പത്തൊമ്പത് വയസ്സ്, സൗന്ദര്യം ആവശ്യത്തിനുണ്ട്. അച്ചടക്കവും ദീനിബോധവുമുള്ള കുടുംബത്തിലെ ഇളയ സന്തതി. സ്ത്രീധനം മോഹിക്കാത്ത ജോലിയുള്ള ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍നമ്പര്‍.
സംതൃപ്തിയോടെയാണ് വീട്ടിലേക്ക് തിരിച്ചത്. ഭാര്യ അറിഞ്ഞാല്‍ വലിയ പ്രശ്‌നമാകും സാരമില്ല.
ഗള്‍ഫിലുള്ള ഒന്നുരണ്ട് പരിചയക്കാരുടെ മകളുടെ വിവാഹം ഇതേരീതിയില്‍ നടന്നിട്ടുണ്ടല്ലോ. സമാധാനിച്ചു.

ചിത്രീകരണം : ശബീബ മലപ്പുറം

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top