അസ്തമയം

സര്‍ഫ്രാസ് ഇസ്ഹാഖ് ഇ No image

രാവിലെ ഉമ്മയോട് വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, എങ്ങനെയെങ്കിലും നാടുവിടണം എന്ന ചിന്തയായിരുന്നു. അതുപിന്നെ അങ്ങനെയാണല്ലോ. ഉമ്മയോട് പിണങ്ങിയാല്‍ പിന്നെ അങ്ങനെയാണ് തോന്നാറ്. ഇതിനകം പന്ത്രണ്ട് തവണ നാടുവിട്ടു. പക്ഷെ ഏറിയാല്‍ എറണാകുളത്തെത്തും. രണ്ടു ദിവസം കഴിഞ്ഞാല്‍ ഉമ്മയെ കാണാന്‍ കൊതിയാവും. തിരിച്ചു വണ്ടി കയറും. തലകുനിച്ച് വീട്ടില്‍ കയറും. ഉമ്മ ഒന്നും മിണ്ടാതെ ഭക്ഷണം വിളമ്പിത്തരും. അവസാനം ആ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരും. ഞാന്‍ അതോടെ വീണ്ടും പഴയപടിയാവും. പക്ഷെ ഇന്ന് സാധനങ്ങളടക്കം കെട്ടിപ്പെറുക്കിയാണിറങ്ങിയത്. ഇനി കുറച്ചുനാള്‍ അങ്ങോട്ടേക്കില്ല. 

വണ്ടൂര്‍ മണലിമ്മല്‍ ബസ്സ്റ്റാന്റ്റില്‍ നിന്ന് 'മിറാക്കിള്‍' ബസ്സില്‍ കയറുമ്പോള്‍, ക്ലീനര്‍ 'പൂമോന്‍' ഒരു അര്‍ഥം വെച്ച ചിരിയോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു.. 'ജ്ജെങ്ങട്ടാണ്ണീ പുത്യേ പടം ചെയ്യാമ്പോവാണോ?'. 'അല്ല അന്റെ...' ഞാന്‍ നാവില്‍ വന്ന വാക്കുകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങി. എന്നിട്ട് പെട്ടെന്നുണ്ടാക്കിയ ചിരി പുറത്തെടുത്ത് പറഞ്ഞു: ''ഒരു ജോലി ശരിയായി പട്ടാമ്പി. അങ്ങോട്ട് പോവാണ.്'' അവന്‍ ആ മറുപടിയില്‍ തൃപ്തനായെന്ന് തോന്നുന്നു. പിന്നീടൊന്നും ചോദിച്ചില്ല. ബസ്സ് മുന്നോട്ട് നീങ്ങി മൂന്ന് സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും എനിക്ക് മുന്നിലൊരു സീറ്റ് ഒഴിഞ്ഞു കിട്ടി. വേഗം പോയി അവിടിരുന്ന് പുറത്തേ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു..

കാഴ്ചകള്‍ക്ക് പുതുമയൊന്നുമില്ല. കര്‍ഷകര്‍ കൈവിട്ട പാടങ്ങള്‍, ആരും തിരിഞ്ഞു നോക്കാത്ത തെങ്ങിന്‍ പറമ്പുകള്‍, ഓരോരോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കൈയേറിയ വെയ്റ്റിംഗ് ഷെഡുകള്‍, സ്‌കൂള്‍ വിട്ടിറങ്ങി തിരക്കിയോടുന്ന കുഞ്ഞുങ്ങള്‍. ഞാന്‍ കാഴ്ച മതിയാക്കി ബസ്സിനുള്ളിലേക്ക് വലിഞ്ഞു. സാമാന്യം തിരക്കേറിയ ബസ്സില്‍, എന്റെ സീറ്റിനടുത്തായി ഒരു വൃദ്ധന്‍ നില്‍ക്കുന്നത് കണ്ടു. അയാള്‍ ഏറെ പ്രയാസപ്പെട്ടുകൊണ്ടാണ് നിന്നിരുന്നത്. അങ്ങോട്ട് നോക്കിയാല്‍ എഴുന്നേല്‍ക്കേണ്ടി വരുമെന്നോര്‍ത്ത് ഞാന്‍ നോട്ടം മാറ്റി, തൊട്ടുമുന്നിലെ സീറ്റിലിരിക്കുന്ന കൊച്ചുകുഞ്ഞിനെ നോക്കി ചിരിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ അടുത്തിരുന്നയാള്‍ എഴുന്നേറ്റ് വൃദ്ധനെ സ്വന്തം ഇരിപ്പിടത്തില്‍ ഇരുത്തി, എഴുന്നേറ്റ് നിന്നു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.. ''ഛെ എണീറ്റ് കൊടുക്കാമായിരുന്നു.'' ഞാന്‍ നഖം കടിച്ചിരുന്നു.

അടുത്തിരുന്ന വൃദ്ധനെ ഞാന്‍ ആദ്യമൊന്നും ശ്രദ്ധിച്ചതേയില്ല. എനിക്കെന്തോ വല്ലാത്ത ഈര്‍ഷ്യയായിരുന്നു തലനരച്ചവരോട്. അവര്‍ വെറുതെ കോപിക്കും, പിന്നെ കാരണമില്ലാതെ ഗൗരവം കാണിക്കും. 

അയാള്‍ എന്റെ നേരെ ഒന്ന് നോക്കി മനോഹരമായി പുഞ്ചിരിച്ചു. എന്റെ മൂത്താപ്പയുടെ മുഖം തന്നെ. ഇതിനിടക്ക് ഞാനത് മറന്നു പോയെന്നോ. ശരിയാണ് ബന്ധങ്ങള്‍ പലതും അറ്റുതുടങ്ങിയിരിക്കുന്നു. പണ്ട് എത്ര സ്‌നേഹത്തോടെ കഴിഞ്ഞിരുന്നതാ. ഇപ്പോള്‍ ആര്‍ക്കും ഒന്നു കാണാനും മിണ്ടാനുമൊന്നും നേരമേയില്ല. അല്ലെങ്കിലും പുതിയ ലോകത്തെക്കുറിച്ച് അവര്‍ക്ക് വല്ലാതൊന്നും അറിയില്ലല്ലോ. പിന്നെന്ത് സംസാരിക്കാന്‍.

ബസ്സ് 'പട്ടിക്കാട്' എത്തി. വൃദ്ധന്‍ മെല്ലെ എണീറ്റു. വിറക്കുന്ന കൈയില്‍ ഒരു പഴയ സ്യൂട്ട്‌കേസുമായി എഴുന്നേറ്റ ആ ഉപ്പാപ്പ, തമിഴ് സിനിമകളിലെ നായക വൃദ്ധന്മാരെ അനുസ്മരിപ്പിച്ചു. ഉയരമേറിയ ആ ശരീരത്തിലെ അവയവങ്ങള്‍ പലതും കാലപ്പഴക്കം വന്നതാണെങ്കിലും ബലമുള്ളതായിരുന്നു. അദ്ദേഹത്തിനു പിന്നിലായി ബസ്സിറങ്ങിയ എന്നെ കൈ മാടിവിളിച്ച് ചോദിച്ചു: ''മോനേ... ഇവിടൊരു 'സഫ ഹോം കെയര്‍...' അറ്യോ അനക്ക്?''. ഞാന്‍ ഒരു നിമിഷം ഓര്‍ത്തു. ഇവിടെ എവിടെയോ ഒരു വൃദ്ധസദനം ഉള്ളത് ഞാനും അറിഞ്ഞിരുന്നു. എന്നാല്‍ അത്? ''ഉപ്പാപ്പാ ഞാനിപ്പം പറഞ്ഞുതരാ.. ങ്ങള് വരീ..'' എന്തോ അപ്പോഴങ്ങനെ പറയാനാ തോന്നിയത്. അടുത്തുകണ്ട ഒരു കൂള്‍ബാറില്‍ ഞങ്ങള്‍ കയറി. ഞാന്‍ മൊബൈലെടുത്ത് ശ്രുതിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവള്‍ മുമ്പൊരിക്കല്‍ വിദ്യാര്‍ഥികളെയും കൊണ്ട് സഫയില്‍ പോയിരുന്നത്രേ. അന്ന് എന്നെ വിളിച്ചിരുന്നു പക്ഷെ, എന്തുകൊണ്ടോ ഞാന്‍ പോയില്ല. നാലു തവണ റിംഗ് ചെയ്തപ്പോഴേക്കും ശ്രുതി ഫോണെടുത്തു. ഞാന്‍ പറയേണ്ട കാര്യങ്ങള്‍ ആദ്യമേ നാവില്‍ എഴുതിച്ചേര്‍ത്തു. അതിനിടയില്‍ വൃദ്ധന്‍ രണ്ടു ജ്യൂസ് ഓര്‍ഡര്‍ ചെയ്തിരുന്നു.

ശ്രുതി ശരിക്കും ഒരു വിസ്മയമായിരുന്നു. എന്റെ ഉറ്റ സുഹൃത്ത് മനുവിന്റെ പ്രണയിനിയെന്ന നിലക്കാണ് ആദ്യം പരിചയപ്പെട്ടത്. വളരെ പെട്ടെന്നു തന്നെ ഞങ്ങള്‍ അടുത്തു. ഏട്ടാ, ഇക്കാ എന്നൊക്കെ അവള്‍ വിളിക്കുമ്പോള്‍, കുടുംബക്കാര്‍ പറയുന്ന ആ പക്വതയില്ലായ്മ എങ്ങോ പോയ് മറയും. അവള്‍ക്ക് ഞാന്‍ ഒരു നല്ല ഉപദേഷ്ടാവാണത്രേ. ഇടക്ക് ഞാന്‍ ചിരിച്ചു പോകും. ജീവിതത്തില്‍ വിജയമറിയാത്തവന്റെ വാക്കുകള്‍ വേദമാക്കുന്ന പാവം കുട്ടി. ''ഹലോ... ഇക്കാ എവിടെയാ? വീണ്ടും നാട് വിട്ടോ?'' ഫോണെടുത്തയുടന്‍ അവളുടെ ചോദ്യം. ഞാന്‍ ആദ്യമേ നാവിലെഴുതി വെച്ച വാക്കുകള്‍ ഉരുവിട്ടു. ''ശ്രുതീ 'സഫ' ഹോം കെയര്‍ പട്ടിക്കാട്‌ന്നെങ്ങോട്ടാ പോവാ?''.. പറഞ്ഞു തീര്‍ന്നതും അവളുടെ തറുതല ''എന്താ ഇക്ക, ഉമ്മാനെ കൊണ്ടാക്കാനാണോ?...'' ഞാന്‍ കാര്യങ്ങള്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. അവള്‍ ശരിക്കുള്ള വഴി പറഞ്ഞു തന്നു.

''ഉപ്പാപ്പാ നമുക്ക് പോയാലോ?'' അയാള്‍ അലക്ഷ്യഭാവത്തില്‍ എന്റെ നേരെ നോക്കി. ''മോന്റെ പേരെന്താ?'' ഞാന്‍ ഒന്നു ചിരിച്ചു. ''സമീര്‍'' ഞാന്‍ പെട്ടെന്ന് വായില്‍ തോന്നിയ ഒരു പേര് പറഞ്ഞു. ''ഉം''. വൃദ്ധന്‍ കൂടുതല്‍ ഒന്നും പറയാതെ നേരേ നടന്നു. ഞാന്‍ അയാളെ പിന്തുടര്‍ന്നു. വാര്‍ധക്യം ബാധിച്ചെങ്കിലും, നട്ടെല്ല് നിവര്‍ത്തിയുള്ള ആ നടത്തത്തില്‍ ഒരു ആജ്ഞാഭാവമുണ്ടായിരുന്നു. ആയ കാലത്ത് ആരെയും ആശ്രയിക്കാതെ, ആരുടെ മുന്നിലും തല കുനിക്കാതെ ജീവിച്ചതാണയാളെന്ന് ആ നടത്തം സൂചിപ്പിച്ചു. സ്റ്റാന്‍ഡില്‍ കിടന്ന ഓട്ടോയില്‍ കയറിയ ഞാന്‍ വൃദ്ധനെ സഹായിക്കാന്‍ കൈ നീട്ടിയപ്പോള്‍ ശാസനയോടെ കൈ പിന്‍വലിച്ച് അയാള്‍ സ്വയം കയറി.

അയാള്‍ക്ക് മുമ്പില്‍ സത്യത്തില്‍ എന്റെ യുവത്വം തോല്‍ക്കുകയായിരുന്നു. ''നിന്നെ കണ്ടാല്‍ ഒരു വയസ്സനെ പോലുണ്ട്'' എന്ന എന്റെ സുഹൃത്ത് ജോബിയുടെ സംസാരം എനിക്കപ്പോള്‍ ഓര്‍മ്മ വന്നു. സത്യമല്ലെ? സംസാരത്തില്‍ പോലും പിശുക്കു കാണിക്കുന്ന, നടത്തത്തില്‍ അലസതയുള്ള, ഒന്നും തന്നെ ബാധിക്കുന്നതല്ലെന്ന ചിന്തയുള്ള... ശരിക്കും വയസ്സായത് എനിക്ക് തന്നെ. ഒന്നാന്തരമൊരു യുവവൃദ്ധനാണ് ഞാന്‍. ഓട്ടോക്കാരന്‍ പട്ടിക്കാട് വളവ് തിരിഞ്ഞപ്പോള്‍ തന്നെ വൃദ്ധന്‍ തന്റെ ബാഗെടുത്ത് മടിയില്‍വെച്ചു. ഓട്ടോ നിര്‍ത്തിയപ്പോള്‍ ആദ്യമിറങ്ങി. ഞാനിറങ്ങും മുമ്പേ കാശെടുത്ത് കൊടുത്തു. എന്നെ ഒന്നു നോക്കിയ അയാള്‍ തലയുയര്‍ത്തിപ്പിടിച്ച് നേരെ മുറ്റത്തേക്ക് നടന്നു.

ചെന്നു കയറിയത് അവിടുത്തെ ഓഫീസിലേക്കാണ്. ഞാനവിടുത്തെ പൂന്തോട്ടവും, വൃക്ഷങ്ങളും നോക്കിനിന്നു. ആ പൂന്തോട്ടത്തിലെ വെള്ളനിറത്തിലുള്ള കുറേ പൂക്കള്‍ എന്നെ കൊതിപ്പിച്ചു. അവര്‍ സന്തുഷ്ടരാണിവിടെ.

''സഫ ഹോം കെയര്‍'' പേരിനെ നീതീകരിക്കുന്നയിടം തന്നെ. അവിടുത്തെ ജീവനക്കാര്‍ സ്വന്തമെന്ന പോലെ, മക്കളുപേക്ഷിച്ച വൃദ്ധരെ നോക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അവരെ കുളിപ്പിക്കാനും ഒരുക്കാനും ഭക്ഷണം കൊടുക്കാനും എന്തുത്സാഹമാണെന്നോ അവര്‍ക്ക്. കൂട്ടത്തിലെ ഇളയവനായ ''സഹീര്‍'', ക്ലാസ് കഴിഞ്ഞാലുടന്‍ സഫയിലേക്ക് ഓടിയെത്തും. ഉപ്പാപ്പമാരേയും ഉമ്മാമ്മമാരേയും പരിചരിക്കും. അവര്‍ക്ക് പാട്ടുപാടിക്കൊടുക്കും. തമാശ പറഞ്ഞ് ചിരിപ്പിക്കും. അതെല്ലാമെന്നെ കേള്‍പ്പിച്ചത് 'ആമിനുമ്മ'യായിരുന്നു. അവര്‍ ആലപ്പുഴക്കാരിയാണ്. പത്ത് വര്‍ഷമായി സഫയില്‍ വന്നിട്ട്. വിവാഹം കഴിഞ്ഞ മകന് ബാധ്യതയായപ്പോള്‍ ഉപേക്ഷിച്ചതാണത്രേ. അവരെ കണ്ടപ്പോള്‍ എന്റെ ഉമ്മമ്മയെ ഓര്‍മ്മവന്നു. പല്ലില്ലാത്ത മോണക്കാട്ടി കൊച്ചുകുഞ്ഞിനെ പോലെ പുഞ്ചിരിക്കുന്ന എന്റെ വാപ്പിച്ചിയുടെ ഉമ്മയെ. പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്, മാറിനിന്ന് ഉമ്മമ്മയെ കുറ്റം പറയുന്ന കുടുംബക്കാരെ കാണുമ്പോള്‍. ''റബ്ബേ ഞാനും ഇങ്ങനൊക്കെ ആയാലോ.'' ആ പരിണാമം അനിവാര്യമായതല്ലല്ലോ എന്നോര്‍ത്തെങ്കിലും ഒന്നു തേങ്ങിപ്പോയി.

ആമിനുമ്മ ഒരുപാട് സംസാരിച്ചു. ''മോനെന്താ കരയാണോ?''. ആമിനുമ്മ വാത്സല്യത്തോടെ ചോദിച്ചു. ''ഏയ്..'' ഞാന്‍ കണ്ണുതുടച്ച് അവരോട് യാത്ര പറഞ്ഞ് അപ്പുത്തേക്ക് നീങ്ങി. എല്ലാവരും മുഖത്ത് സന്തോഷം വരച്ചുവെച്ചവരായിരുന്നു. കാരണം ഇടക്കവര്‍ മക്കളെകുറിച്ച് ഓര്‍ക്കുമ്പോഴേക്കും, ''സഫ''യിലെ ജീവനക്കാര്‍ കളിയുമായി ചെന്ന് അവരുടെ മനം മാറ്റും. ഇനി ഇടക്കൊക്കെ ഇവിടെ വരണം. ഞാന്‍ മനസ്സിലുറപ്പിച്ചു.

തോളില്‍ കനമുള്ള എന്തോ വന്ന് വീണപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. നോക്കുമ്പോള്‍ നേരത്തെ എന്റെ കൂടെ വന്ന വൃദ്ധന്‍ ഗൗരവം പുരട്ടിയ പുഞ്ചിരിയോടെ നില്‍ക്കുന്നു. എനിക്കയാളോട് തെല്ല് ദേഷ്യം തോന്നി. എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു. പക്ഷെ ആ ചിരിയില്‍ എന്റെ ദേഷ്യം അലിഞ്ഞു പോയി. ''ന്നാ മോമ്പൊയ്‌ക്കോ'' അയാള്‍ അല്‍പം ശാസനാ സ്വരത്തില്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു: ''ഉപ്പാപ്പ വരണില്ലേ''. അയാള്‍ ആദ്യമായി പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ ഞങ്ങളുടെ തലമുറയോടുള്ള വ്യക്തമായ പുച്ഛവും, സഹതാപവും നിറഞ്ഞുനിന്നിരുന്നു. ചിരി തീരുന്നത് വരെ ഞാന്‍ അദ്ദേഹത്തെ നോക്കിനിന്നു. ചിരിയുടെ ഏതോ ഒരു ഘട്ടത്തില്‍ സ്വതസിദ്ധമായ ഗൗരവം കൈവരിച്ചയാള്‍ എന്നോട് പറഞ്ഞു: ''ഇനി മുതല്‍ എന്റെ വീട് ഇതാണ്..''. ആ മനുഷ്യനെ ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നു. വൃദ്ധസദനത്തില്‍ ഒരാള്‍ സ്വയം അന്തേവാസിയായിരിക്കുന്നു. 

എത്ര നേരമായാലും വേണ്ടില്ല. ഇയാളുടെ കഥ കേള്‍ക്കണം. ഞാന്‍ ഉറുമ്പുകളെ നോക്കി നില്‍ക്കുന്ന ഉപ്പാപ്പക്കരികിലേക്ക്, ചേര്‍ന്നുനിന്നു..

''ഇവയെ കണ്ടോ... ഇതുപോലാ ഞാനധ്വാനിച്ചത്. ഒക്കെ ന്റെ മക്കക്ക് വേണ്ടി.'' ഉപ്പാപ്പ ചോദിക്കും മുമ്പേ പറഞ്ഞ് തുടങ്ങി. ''മൂന്നാണ്‍മക്കളാ വീട്ടില്‍. വല്ലാതെ സന്തോഷിച്ച്. ബാധ്യതയൊന്നും ഇല്ലല്ലോ.. ന്നാല്..'' ആ കണ്ണുകളില്‍ ഇത്തിരി നനവ് പൊടിഞ്ഞ പോലെ.. ''മൂത്ത മോന്റെ കല്യാണം കഴിഞ്ഞതോടെ ഭാഗംവെപ്പിന്റെ ബഹളായി. ആദ്യത്തിലൊന്നും ഞാന്‍ കൂട്ടാക്കീല. ഒടുവില് മറ്റോലെ കല്ല്യാണം കൂടിയായപ്പോ ഓല് തമ്മ് തല്ലണ്ടാന്ന് കര്തി ഭാഗം വെച്ചു.'' 'അങ്ങനെ ഞാമ്പൊറത്തും...' ഇത്തിരിനേരം നിര്‍ത്തിയ ശേഷം... 'ഇളയോന്‍ മിട്ക്കനാ... ഓമ്പറഞ്ഞ വാക്കെന്താ അറ്യോ.... ഒര് പ്രായം കഴിഞ്ഞാ പിന്നെ പൊരേന്ന് പൊറത്തെറങ്ങാതെ മൂലക്കലിരിക്കണം ന്ന്...'  ഞാനെല്ലാം കേട്ട് തരിച്ചങ്ങനെ ഇരുന്നു...

വൃദ്ധന്‍ വിറക്കുന്ന കൈ കൊണ്ട്, നടക്കാന്‍ പ്രയാസപ്പെടുന്ന ഉറുമ്പുകളിലൊന്നിനെ, അതിമൃദുലമായ കരസ്പര്‍ശത്താല്‍ സഹായിച്ചുകൊണ്ട് തുടര്‍ന്നു: 'അന്നുമുതല്‍ മാറിമാറി മൂന്നാള പൊരേലും നിന്ന്, ഓല കെട്ട്യോള്‍മാര് മുഖം കറ്പ്പിക്ക്ണത് കണ്ടപ്പോ, ഞാനെറങ്ങി പോന്ന്. ഒന്ന് നിര്‍ത്തി ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിട്ട വൃദ്ധന്‍: 'ന്റെ ഭാര്യ ''ബിച്ചാമിന'' ഭാഗ്യള്ളോളാ.. മക്കളൊക്കെ വെലുതായി വെഷം ചീറ്റ്ണ മുമ്പേ ഓള് പോയി''. ഞാന്‍ വൃദ്ധനോട് കൂടുതല്‍ ചേര്‍ന്നിരുന്നു. ആ വിറക്കുന്ന കൈകള്‍ അമര്‍ത്തി, സാന്ത്വനിപ്പിക്കാനെന്നവണ്ണം പറഞ്ഞു: ''ങ്ങള് വെഷമിക്കണ്ട. ഇവടങ്ങക്ക് ഒര് കൊറവുണ്ടാവൂല. ഇവടള്ളോരെ സ്വന്തം മക്കളായി കണ്ടോളി.'' വൃദ്ധന്‍ ദുര്‍ബലമായ ഒരു പരിഹാസച്ചിരി സമ്മാനിച്ച് എന്റെ നേരെ നോക്കി. പിന്നെ മെല്ലെ പറഞ്ഞു: ''മോന്‍ പെണ്ണ് കാണാമ്പോവുമ്പം ഓളോടാദ്യം ചോയ്ക്കണം, ന്റെ മ്മാനിം ഇപ്പാനിം നല്ലോന്നോക്കോന്ന്, ആ ഒറപ്പ് വാങ്ങില്ലേല് ഒക്കെ തീര്‍ന്ന്..'' താഴെ കിടന്ന കമ്പ് കൈയിലെടുത്ത് പൊട്ടിച്ച് വൃദ്ധന്‍ തുടര്‍ന്നു: ''ഒര് കൂട്ടരെ തൃപ്തിപ്പെടുത്താന്‍, മറ്റൊര് കൂട്ടരെ വേദനിപ്പിക്കര്ത്. ഒരാളേം വെഷമിപ്പിക്കര്ത്.'' ഞാന്‍ അനുസരണയോടെ തലകുലുക്കി. വൃദ്ധന്‍ എഴുന്നേറ്റ് സഫ ഹോം കെയറിലെ തന്റെ റൂമിലേക്ക് നീങ്ങി. അവിടെ അദ്ദേഹത്തെ കൂടാതെ, മറ്റു നാല് പേരു കൂടി ഉണ്ടായിരുന്നു. ഞാന്‍ ആ റൂമാകെ ഒന്ന് ചുറ്റിക്കണ്ടു. വൃദ്ധന്‍ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു.

സൂര്യനസ്തമിച്ചു.'സഫ'യിലെ അന്തേവാസികളെല്ലാം പ്രാര്‍ത്ഥിക്കാനുള്ള ഒരുക്കത്തിലാണ്. വൃദ്ധന്‍ മെല്ലെ എഴുന്നേറ്റ് അംഗശുദ്ധി വരുത്താനായി ബാത്ത്‌റൂമിലേക്ക് നീങ്ങി. ഞാന്‍ പുറത്തെ പൈപ്പില്‍ നിന്ന് അംഗശുദ്ധി ചെയ്ത് വൃദ്ധരുടെ കൂടെ ആത്മാര്‍ഥമായി നമസ്‌കരിച്ചു. പ്രാര്‍ഥനക്ക് നേതൃത്വം കൊടുത്ത 79-കാരന്‍ ഇബ്രായിക്കക്ക് ഓതുന്നതിനിടയില്‍ പലപ്പോഴും ശബ്ദമിടറി. എന്റെയും കണ്ണ് നിറഞ്ഞു. 

ഉമ്മയോട് വഴക്കിട്ടിറങ്ങിയപ്പോള്‍ ഫോണ്‍ ഓഫാക്കിയിട്ടതായിരുന്നു ഞാന്‍. നമസ്‌കാരശേഷം ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ഉമ്മയുടെ 28 മിസ്സ്ഡ് കോള്‍. ഞാന്‍ തിരിച്ചു വിളിച്ചു. ഉമ്മയോട് സംസാരിച്ചു. 'സഫ'യിലാണെന്ന് അറിയിച്ചു. ഉമ്മയുടെ ശബ്ദത്തില്‍ സന്തോഷം. ഇന്നിവിടെ തങ്ങി നാളെ വരാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. തിരിച്ച് വൃദ്ധന്റെ റൂമിലെത്തിയപ്പോള്‍ അയാള്‍ എന്തോ എഴുതുകയായിരുന്നു. ഞാന്‍ മെല്ലെ അടുത്തു ചെന്നിരുന്നു.

അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. അദ്ദേഹം എഴുതുകയല്ല, ഒരു ചിത്രം വരക്കുകയായിരുന്നു. ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രം. എന്റെ നോട്ടം കണ്ട് വൃദ്ധന്‍ പുഞ്ചിരിയോടെ പറഞ്ഞു: 'ന്റെ പേരക്കുട്ടി... സനോഫറ് ന്നാ പേര്.... ഓന്റെ ചിരി ഞ്ഞി കാണാമ്പറ്റൂലല്ലോന്നോര്‍ക്കുമ്പം... ങ്ഹാ സാരല്ല...' പുസ്തകം മടക്കി, കൂടെ കൊണ്ടുവന്ന പെട്ടിയില്‍ വെച്ച്, വൃദ്ധന്‍ കിടക്കയിലേക്ക് ചാഞ്ഞു. കണ്ണ് പാതിയടച്ച് എന്നോട് പറഞ്ഞു:''മോനേ... യ്യ് പെരേ പോണില്ലേ?''. ഞാന്‍ 'ഇല്ല' എന്ന് തലയാട്ടി. ശേഷം അദ്ദേഹത്തോട് ചോദിച്ചു: ''ഉപ്പാപ്പ... ഇവട്ത്ത പൈസൊക്കാരാ... കൊട്ക്കാ?''. വൃദ്ധന്‍ പതിവു ചിരിയോടെ പറഞ്ഞു: ''വയസ്സായോര്ക്ക്ള്ള ന്റെ പെന്‍ഷന്‍ പൈസ, അത് മതി വട്‌ത്തെ ബില്ലടക്കാന്, പിന്നെ വേറെ ചെലവൊന്നൂല്ലല്ലോ...'' വൃദ്ധന്റെ കരിങ്കല്ലു പോലുറച്ച, തഴമ്പിച്ച കൈകള്‍ ഒന്നുകൂടി ഞാന്‍ അമര്‍ത്തിപ്പിടിച്ചു. പിന്നെ മെല്ലെ ഓഫീസ് റൂമിനടുത്തുള്ള ഗസ്റ്റ്‌റൂമിലേക്ക് നടന്നു. ഒരു വിശ്രമം അത്യാവശ്യമാണ്.

പ്രഭാതനമസ്‌ക്കാരത്തിന് കരീംക്ക വന്ന് വിളിച്ചുണര്‍ത്തി. അല്ലാഹുവിനോടുള്ള ഭക്തിയിലുപരി, ഒരു മനസ്സമാധാനത്തിനുള്ള മാര്‍ഗ്ഗമാണെനിക്ക് പ്രാര്‍ഥന. ഇനി അതുതന്നെയാണോ ഭക്തി? ഞാന്‍ പ്രാര്‍ത്ഥനക്കു ശേഷം 'സഫ'യിലെ കാന്റീനിലേക്ക് നടന്നു. എന്റെ വൃദ്ധസുഹൃത്തുക്കള്‍ അച്ചടക്കത്തോടെ ഇരുന്ന് ചായ കുടിക്കുന്നു. ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. ശേഷം വൃദ്ധന്റെ മുറി ലക്ഷ്യമാക്കി നടന്നു. അവിടെയെത്തിയപ്പോളറിഞ്ഞു മൂപ്പര്‍ പ്രഭാത നടത്തത്തിന് പൂന്തോട്ടത്തിലേക്ക് പോയെന്ന്. ഞാന്‍ ചെല്ലുമ്പോള്‍ അയാള്‍ ഒരു ഉണങ്ങിയ ചെടിക്കരികില്‍, വിഷണ്ണനായി ഇരിക്കുന്നത് കണ്ടു. ''ഇന്നലെ ഇത്തിരി വെള്ളം കാട്ടീനെങ്കില്....ഇത് ഒണങ്ങൂലയ്‌നി...''  പറഞ്ഞത് ചെടിയെ കുറിച്ചാണെങ്കിലും, ഒളിയമ്പ് ഞങ്ങള്‍ യുവാക്കള്‍ക്കു നേരെയെന്നറിഞ്ഞ ഞാന്‍ തര്‍ക്കിച്ചു. 'യു.പി സ്‌ക്കൂള് കയിഞ്ഞാ പിന്നെ, ഏതേലും ബോര്‍ഡിംഗ് ഹോസ്റ്റലില് കൊണ്ടാക്കലല്ലേ ങ്ങളൊക്കെ മക്കളെ? പിന്നെങ്ങനെ സ്‌നേഹിക്കാനാ അവര്?.' അതുകേട്ട വൃദ്ധന്‍ വീണ്ടും ആ പരിഹാസ പുഞ്ചിരി സമ്മാനിച്ചു. ''ന്റെ മൂന്നാണ്‍മക്കളും, ഓരിഷ്ടത്തിന് നാട്ടിന്നാണ് പഠിച്ചത്. ന്നട്ട്പ്പന്താ കാര്യം. അതൊന്നും അല്ല മോനേ. ന്നത്തെ കാലത്ത് തല നരച്ചോര് ഓല്‌ക്കൊരു ബാധ്യതാണ്. വൃദ്ധന്‍ എന്റെ നേരെ തിരിഞ്ഞു. 'യ്യ്.. അന്റെ മ്മാനിം പ്പാനിം നല്ലോ നോക്കല്‌ണ്ടോ?' ഞാന്‍ തലകുനിച്ചു. വൃദ്ധന്‍ തുടര്‍ന്നു. ''ഞങ്ങക്കൊരിക്കലും മക്കളെ ശപിക്കാന്‍ കയ്യൂല... പക്ഷെ പടച്ചോന്‍ ഒക്കെ കാണ്ണ്ണ്ട്.... മറക്കണ്ട.'' എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാന്‍ വൃദ്ധന്‍ തിരിഞ്ഞുനിന്ന നേരം നോക്കി, കണ്ണ് തുടച്ചു. 'ഉപ്പാപ്പാ, ഞാ പിന്നെ വരണ്ട്.... പെരേ പോയിട്ട് അത്യാവശ്യണ്ട്.' ഞാന്‍ വേഗം തന്നെ അവിടുന്നിറങ്ങി. ഓട്ടോ പിടിച്ച് സ്റ്റാന്‍ഡിലെത്തി. ആദ്യം കണ്ട ബസ്സില്‍ തന്നെ കയറി. മനസ്സ് കലങ്ങിമറിയുകയായിരുന്നു. ഉമ്മയെ ഇനി വേദനിപ്പിക്കില്ല. ഞാന്‍ മനസ്സിലുറപ്പിച്ചു.

വീട്ടിലെത്തി വസ്ത്രങ്ങള്‍ അലക്കിയിട്ടു. മുറിയെല്ലാം വൃത്തിയാക്കി. ചെടിക്ക് വെള്ളം നനച്ചു. അപ്പോഴേക്കും ഉമ്മ ക്ലാസ് കഴിഞ്ഞു വന്നു. ഉമ്മ പഠിപ്പിക്കുന്ന സ്‌കൂള്‍ വീട്ടില്‍നിന്ന് കഷ്ടിച്ച്, അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. അനിയത്തി ഉമ്മയുടെ വിരലില്‍ തൂങ്ങി വന്ന്, ബാഗ് ഉള്ളിലേക്കെറിഞ്ഞ് ഉടന്‍ കളിക്കാനായി ഓടി. ഉമ്മ വന്ന് സലാം പറഞ്ഞു. ഉമ്മയെ ഒന്ന് നോക്കി. വൃദ്ധന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി. ഉമ്മ വല്ലാതെ വയസ്സായതായി തോന്നുന്നു. മുഖത്ത് ചുളിവുകള്‍ വന്നിരിക്കുന്നു. ഞാനുണ്ടാക്കിയ കുരുത്തക്കേടുകളും, വൃദ്ധന്റെ ശാസനയും. ഞാന്‍ ഒരൊറ്റ കരച്ചിലായിരുന്നു. മേശമേല്‍ തലചായ്ച്ച് വിങ്ങി വിങ്ങിക്കരഞ്ഞു. ഉമ്മ എന്നെ ശ്രദ്ധിച്ചു, മെല്ലെ പിടിച്ചെണീപ്പിച്ചു. ഞങ്ങള്‍ ഒരുമിച്ച് മഗ്‌രിബ് നമസ്‌കരിച്ചു. ശേഷം മരണപ്പെട്ട ഉപ്പക്ക് വേണ്ടി പ്രാര്‍ഥിച്ചു. ഉമ്മ ഒന്നും ചോദിച്ചില്ല. ഞാന്‍ ഒന്നും പറഞ്ഞതുമില്ല. ഉമ്മ എന്റെ നെറുകയില്‍ തലോടി മെല്ലെ ചോദിച്ചു. ''എന്താ സഫയിലെ വിശേഷം? '' ഞാന്‍ പറഞ്ഞു: 'കുറെ ഉപ്പാപ്പമാരും, ഉമ്മാമമാരും. ഞാന്‍ അവരോട് ഒരുപാട് സംസാരിച്ചു. ഉമ്മ പുഞ്ചിരിച്ചു. ഉമ്മ ഉണ്ടാക്കിത്തന്ന ചായയും കുടിച്ചിരിക്കുമ്പോഴാണ് പുറത്ത് ബൈക്കിന്റെ ശബ്ദം. അനിയന്‍ ജോലി കഴിഞ്ഞുള്ള വരവാണ്. കൊലായിലെ അയയില്‍ നിന്ന് തോര്‍ത്ത് മുണ്ടെടുത്ത്, അവന്‍ കുളിക്കാന്‍ പോയി. ഉമ്മ ഭക്ഷണമുണ്ടാക്കാന്‍ അടുക്കളയിലേക്കും.

പിറ്റേന്ന്, നേരത്തെ ഉണര്‍ന്നു. ഫോണ്‍ ഓണാക്കി. വാട്ട്‌സ് ആപ്പില്‍ മെസ്സേജുകള്‍ പരതി. 'സഫ' ഹോം കെയറിന്റെ ഗ്രൂപ്പില്‍ ഒരു ഫോട്ടോയും, കരീംക്കയുടെ ശബ്ദവും... 'നമ്മുടെ അന്തേവാസിയായ കുഞ്ഞിക്ക എന്ന കുഞ്ഞിമുഹമ്മദ് ഇന്ന് പുലര്‍ച്ചെ 4.00 മണിക്ക് മരണപ്പെട്ടു. മയ്യത്ത് നമസ്‌കാരം രാവിലെ 10.00 മണിക്ക് 'പട്ടിക്കാട്' ജുമാമസ്ജിദില്‍.' ഞാന്‍ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്തു. 'യാ അല്ലാഹ്.... ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍..' കൈകാലുകള്‍ തരിച്ചു പോയി.. ഒരു പുഞ്ചിരിയോടെ, ആ വൃദ്ധന്‍ എന്റെ മൊബൈല്‍ സ്‌ക്രീനിലിരിക്കുന്നു. ഞാന്‍ തളര്‍ന്ന്, കിടക്കയിലേക്ക് മലര്‍ന്നു കിടന്നു...


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top