മനുഷ്യനാവുക

No image

ശീലങ്ങളും ചിന്തകളും ആചരിച്ചുപോന്ന ചര്യകളും  മാറ്റാന്‍ നിര്‍ബന്ധിതമായ കാലമാണ് കോവിഡ് കാലം. രോഗത്തോടൊപ്പം ജീവിക്കാനുള്ള മാനസിക പരിശീലനമാണ് ആര്‍ജിച്ചു കൊണ്ടിരിക്കുന്നത്. ശാരീരിക അകലം പാലിച്ച് മാനസിക അടുപ്പം സൂക്ഷിക്കാനും രോഗിയെ അല്ല രോഗത്തെയാണ് നാം ഭയക്കേണ്ടത് എന്നുമുള്ള പരസ്യം നമ്മുടെ കാതുകളില്‍ മുഴങ്ങുന്നുമുണ്ട്. പരസ്യം നല്‍കിയ ഔദ്യോഗിക സംവിധാനങ്ങളും അത് കേള്‍ക്കുന്ന പൊതുജനങ്ങളും ഇതിനോട് എത്രമാത്രം നീതി പുലര്‍ത്തുന്നവരാകാനുള്ള പക്വത ആര്‍ജിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. ലോകാടിസ്ഥാനത്തില്‍ കോവിഡ് വൈറസിനെ വരുതിയിലാക്കാന്‍ ശാസ്ത്രീയ രീതികളവലംബിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ, വൈറസ് വ്യാപനത്തിന് കാരണക്കാര്‍ പ്രത്യേക സമുദായമെന്ന ഭാഷ്യത്തിലൂടെ പരമത വിദ്വേഷം പ്രചരിപ്പിച്ചത് ഉത്തരവാദപ്പെട്ടവരായിരുന്നു. അതിന് ലോകജനതയില്‍നിന്ന് തന്നെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. രോഗിയെയും രോഗം സംശയിക്കുന്നവരെയും  അവരുടെ കുടുംബത്തെയും എങ്ങനെയാണ് പ്രബുദ്ധമെന്ന് പറയുന്നവര്‍ പോലും ഉള്‍കൊള്ളാന്‍ ശ്രമിച്ചത്. നമ്മളെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ജീവഹാനി നേരിട്ട രാജ്യങ്ങള്‍ ഉണ്ട്. പക്ഷേ അവിടങ്ങളിലൊന്നും കോവിഡ് രോഗിയുടെ ശവശരീരം ചവറ്റുകൂനയില്‍ വലിച്ചെറിഞ്ഞതോ മറമാടാന്‍ ആളും സ്ഥലവും ഇല്ലാതെ പോയ വാര്‍ത്തകളോ ഉണ്ടായില്ല. രോഗഭയവും ജീവഹാനി ഭയവും കൊണ്ടാണെങ്കിലും രോഗിയോടും അവരുടെ കുടുംബത്തോടും മൃതദേഹത്തോടും കാണിക്കേണ്ട അനുകമ്പയും ആദരവും ചിലരെങ്കിലും മറന്നുപോകുന്നു.
സാമൂഹിക അകലം പാലിക്കുമ്പോള്‍ നിര്‍ബന്ധിതാവസ്ഥയില്‍ സ്വന്തത്തിലേക്ക് ഒതുങ്ങേണ്ടി വരുന്നവരാണ് അറുപത് വയസ്സ് പിന്നിട്ടവര്‍. രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരധികവും  ഇത്തരക്കാരാണുതാനും.  അവരല്ലാത്ത മറ്റൊരു വിഭാഗമുണ്ട്. നാലാള്‍ കൂടുന്ന കവലകളിലും കുടുംബസദസ്സുകളിലും നാമമാത്ര സുഹൃദ്ബന്ധത്തിലും സന്തോഷം കണ്ടെത്തുന്നവര്‍. രോഗ ഭീതിയില്‍  അകലം പാലിക്കേണ്ടത് അനിവാര്യതയാണെങ്കിലും അത്തരക്കാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെയും നാം അഡ്രസ് ചെയ്യണം. കുടുംബത്തില്‍നിന്നും തിരസ്‌കൃതരാവുന്ന വൃദ്ധരാല്‍ സമ്പന്നമാണ് നാട്. വിദ്യാഭ്യാസത്താല്‍ പ്രബുദ്ധമായ കേരളവും വിഭിന്നമല്ല. വേദനകളെ അന്തസ്സില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കാശ്വാസം പൊതുനിരത്തിലെ ചങ്ങാതിക്കൂട്ടങ്ങളും ബഹളങ്ങളുമൊക്കെയാണ്. നിര്‍ബന്ധിതാവസ്ഥയില്‍ അതെല്ലാം പെട്ടെന്ന് ഒഴിവാക്കേണ്ടി വരുന്ന മാനസിക അവസ്ഥയെ ആരോഗ്യകരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. കോവിഡ് കാലത്തെ വര്‍ധിച്ച വിവാഹ മോചനവും വാര്‍ത്തയായിരുന്നു. മാനസിക പിരിമുറുക്കത്താലും ഉപരിപ്ലവ ജാടകളാലും കെട്ടിപ്പൊക്കിയ കുടുംബബന്ധത്തിന്റെ മുഖമായിരുന്നു ഇതെല്ലാം വെളിവാക്കുന്നത്. 
കോവിഡ് കാലത്തും വംശീയ വിദ്വേഷം കലയാക്കിയ അമേരിക്കയുടെ വിക്രിയകള്‍ ലോകം കണ്ടു. അതിനെതിരെ പ്രതികരിക്കുന്ന കൂട്ടരിലും നാമുണ്ട്. ഇക്കാര്യത്തില്‍ കൊടി പിടിക്കാന്‍ മുന്നേ നടക്കുന്ന പലരും പക്ഷേ ഈ കറുപ്പിനെ പെണ്ണുകാണല്‍ ചടങ്ങിനിടയില്‍ അവഗണിക്കുന്നവരാണ്. പൊന്നും പണവും തറവാടിത്തവും വിദ്യാഭ്യാസവും ഇല്ലെങ്കിലും പ്രശ്‌നമില്ല; കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിനെ മാത്രം മതി എന്ന ആദര്‍ശ കുപ്പായം കൊണ്ട് ഈ വര്‍ണ വെറിയെ ഒളിപ്പിച്ച് മാന്യന്മാരാകുന്നു. സിനിമയിലും സാഹിത്യത്തിലും കളിയിലും അഭിനയ മികവിനെക്കാളും സര്‍ഗാത്മകതയെക്കാളും മിടുക്കിനെക്കാളും കൈയടി കിട്ടുന്നതും പ്രോത്സാഹിപ്പിക്കുന്നതും തൊലിനിറം വെളുത്തവരെ തന്നെ. ഇക്കാര്യത്തിലും കപടതയുടെ മുഖംമൂടി കൊണ്ട് മറച്ചു പിടിക്കാന്‍ നല്ല മിടുക്ക് ഉള്ള ആദര്‍ശവാന്മാരാണ് ഏറെ.
ഇങ്ങനെ പലതരത്തില്‍ ഉള്ളിലൊളിപ്പിക്കുന്ന കപടതയിലാണ് നമ്മുടെ ജീവിതം. നാട്യങ്ങളും പുറം ജാടകള്‍ക്കും അപ്പുറം മനുഷ്യനാവുക എന്നതാണ് കോവിഡ് കാലം നമ്മോട് ആവശ്യപ്പെട്ടുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top