ആശുപത്രിയുടെ ആകാശം

തോട്ടത്തില്‍ മുഹമ്മദലി, വര: ശബീബ മലപ്പുറം No image

സൂര്യോദയത്തിന് നല്ല ചൂട്. തീക്കാറ്റാണ് ചുറ്റും. കണ്ണുകളില്‍ മണല്‍പൊഴിയാതെ സൂക്ഷിച്ചു നടന്ന് സുബൈര്‍ ആശുപത്രിയിലെത്തി.
ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്നതിനാല്‍ ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും സുബൈറിന്റെ ക്യാബിനിന്റെ പുറത്ത് കാത്തുനിന്നു. കണ്ടവരൊക്കെ ആശംസകള്‍ അറിയിച്ചു. 
നീണ്ട സൈറണ്‍ വിളി. വളരെ വേഗത്തില്‍ ഓടിയെത്തിയ ആംബുലന്‍സ് അത്യാഹിത വിഭാഗത്തിന്റെ മുമ്പില്‍ നിര്‍ത്തിയപ്പോള്‍ രണ്ട് അറ്റന്‍ഡേഴ്‌സും ഒരു നഴ്‌സും ഒരു എമര്‍ജന്‍സി ഡോക്ടറും വന്നു. അപ്പോള്‍തന്നെ വേറൊരു അറ്റന്‍ഡര്‍, ട്രോളിയുമായെത്തി. താന്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങളില്‍ സുബൈറിന് അഭിമാനം തോന്നി. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ രോഗിയെ എമര്‍ജന്‍സി റൂമിലേക്ക് അതിവേഗം കൊണ്ടുപോയി. സുബൈറും വേഗം ഓടി എമര്‍ജന്‍സി മുറിയിലെത്തി.  മധ്യവയസ്‌കന്‍... നരച്ച താടിരോമങ്ങള്‍...
''എല്ലാം ചതഞ്ഞരഞ്ഞപോലെ...''
''രക്തം ഒരുപാട് വാര്‍ന്നുപോയിരിക്കുന്നു.''
''മൈ ഗോഡ്, പള്‍സ് കിട്ടുന്നില്ലല്ലോ!''
'സര്‍ജനോ... ന്യൂറോ സര്‍ജനോ ആരെങ്കിലും വേഗത്തില്‍ വന്ന് ഇവരുടെ ജീവന്‍ രക്ഷിക്കൂ...'
സുബൈറിന്റെ ഉച്ചത്തിലുള്ള വിളിയോട് പ്രതികരിച്ച് ഒ.പിയില്‍നിന്ന് പല കണ്‍സല്‍ട്ടന്റ് ഡോക്‌ടേഴ്‌സും ഓടിയെത്തി.
ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ വിഷ്ണു ഭട്ടാണ് ഓടിയെത്തിയത്.
''ഇതൊരു കാര്‍ ആക്‌സിഡന്റാണ്. ഖൈത്താനില്‍വെച്ച് സംഭവിച്ചു.''
ബോധരഹിതനായ രോഗിയുടെ അടുത്തേക്ക് ഡോക്ടര്‍ വിഷ്ണു ഭട്ട് നീങ്ങി.  പരിശോധനയില്‍ ഏര്‍പ്പെട്ടപ്പോഴാണ് സുബൈറിന് രോഗിയെ മനസ്സിലായത്.
''എന്റെ അല്ലാഹ്....'' അവന്‍ നിലവിളിച്ചു.
''എന്താ... ഞാനീ കാണുന്നത്....? എന്റെ എല്ലാമെല്ലാമായ എ.എസ്ച്ച!''
അവന്‍ ക്ഷീണിതനായി അടുത്തുള്ള കസേരയില്‍ ചാരിയിരുന്നു.  
ഡോ: വിഷ്ണു ഭട്ട് സിസ്റ്ററോട് പറഞ്ഞു: ''ഇന്‍ജക്ഷന്‍ കൊടുക്കാനുള്ള ഐ.വി ശരിയാക്കൂ. ഓക്‌സിജന്‍ കൊടുക്കൂ. രക്തപരിശോധന നടത്തൂ.''
ഡോക്ടര്‍ വിഷ്ണു ഭട്ട് അത്യധികം ധൃതി കാണിച്ചു. അല്‍പസമയത്തിനു ശേഷം ഒന്നും സംസാരിക്കാതെ ഇരിക്കുന്ന സുബൈറിന്റെ അരികിലെത്തി. തോളത്ത് മൃദുവായി തഴുകി ചോദിച്ചു.
''ആളെ അറിയുമോ സാര്‍?''
''എനിക്കേറ്റവും വേണ്ടപ്പെട്ട, മൈ ഗോഡ് ഫാദര്‍. നമ്മുടെ ബോസ് കാസിംച്ചാന്റെ ക്ലാസ്‌മേറ്റ്, ഞാന്‍ അഞ്ചു ദിവസം മുമ്പ് സൗദി അറേബ്യയിലെ മുസ്ദലിഫയില്‍ വെച്ച് കണ്ടതാണ്. കുവൈത്തില്‍ വരുന്നു എന്ന് പറഞ്ഞിരുന്നു....''
സുബൈര്‍ ചിന്തകള്‍ പറന്നുവരാന്‍ കൂടുകള്‍ തുറന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടിലെ രണ്ട് അധോലോക രാജാക്കന്മാരായിരുന്നു. എ.എസ്സും, പി.എസ്സും. രണ്ടുപേരും സ്മഗ്‌ളിംഗ് സാമ്രാജ്യത്തിലെ മുടിചൂടാ മന്നന്മാര്‍. ആദ്യമായി കണ്ടത് വായനശാലയില്‍. അന്ന് വളരെ ചെറുപ്പമായിരുന്നു. അതിനുശേഷം കാണുന്നത് നാല്‍ക്കവലയില്‍വെച്ച് ഒച്ച്‌പോകുന്ന പോലെ വിലപിടിപ്പുള്ള ബെന്‍സ് കാറില്‍ ഇഴഞ്ഞിഴഞ്ഞ് പോവുന്നത്. പിന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം, നിരപരാധിയായ എന്നെ പോലീസ് ക്രൈംബ്രാഞ്ച് ലോക്കപ്പിലാക്കിയപ്പോള്‍ എ.എസ്ച്ചയായിരുന്നു ഇറക്കിക്കൊണ്ടു വന്നത്. തുടര്‍പഠനം സ്വപ്നമായി അലഞ്ഞുനടക്കുന്ന ദിവസങ്ങള്‍. എ.എസ്ച്ചാനെ കാണാന്‍ വേണ്ടി ആളെ അയച്ചു. അപ്പോഴത്തെ സ്‌നേഹപ്രകടനം ഒരിക്കലും മനസ്സില്‍നിന്ന് മായുകയില്ല. ഇത്രയും വലിയൊരു സമ്പന്നന്റെ, ഒന്നുമില്ലാത്ത എന്നോടുള്ള പെരുമാറ്റം ഒരിക്കലും മറക്കില്ല.
ആ വലിയ വീട്ടില്‍ കയറിയ ഉടനെ എന്നെ വിലപിടിപ്പുള്ള സോഫയില്‍ ഇരുത്തി, ചോദിച്ചു: ''സുബൈര്‍ നന്നായി പാടുമെന്നെനിക്കറിയാം. ഞാന്‍ പല പ്രാവശ്യം കേട്ടിട്ടുണ്ട്.''
അദ്ദേഹം നീളമുള്ള കൊറോണ ബ്രസീലിയന്‍ ചുരുട്ട് വായില്‍ തിരുകി ചോദിച്ചു:
''സുബൈറേ, ഇപ്പോള്‍ നിന്റെ ട്രൂപ്പ് 'വോയ്‌സ് ഓഫ് കേരള' നിലവിലുണ്ടോ?''
സുബൈര്‍ വളരെ ഭവ്യതയോടെ പറഞ്ഞു:
''ഇല്ല എ.എസ്ച്ചാ, നിലവിലുണ്ട്. പക്ഷെ കൂടുന്നത് കുറവാണ്. അവസാനത്തെ പരിപാടി കഴിഞ്ഞിട്ട് ഏകദേശം എട്ടു മാസമായി. ഞങ്ങളുടെ തബലിസ്റ്റ് ദുബൈക്ക് പോയി. ''
എ.എസ്സ്ച്ച ചുരുട്ട് വലിക്കാന്‍ തുടങ്ങി. ചുരുട്ടിനറ്റത്ത് ഗോളം പോലെ പുകച്ചുരുളുകള്‍ മേലോട്ട് ഉയര്‍ന്നു.  മുറിയാകെ അതിന്റെ ഗന്ധം.
''അതൊന്നും സാരമില്ല; സുബൈര്‍ വിചാരിച്ചാല്‍ അവിടുന്നും ഇവിടുന്നുമൊക്കെ ആളെക്കൂട്ടി പരിപാടി തുടരാന്‍ പറ്റും.''
''നോക്കട്ടെ, എ.എസ്സ്ച്ചാ, ട്രൈ ചെയ്യാം.''  
ദിവസങ്ങളെടുത്ത് സുബൈറും തന്റെ ട്രൂപ്പും പാട്ടുകളൊക്കെ തെരഞ്ഞെടുത്ത് നന്നായി റിഹേഴ്‌സല്‍ ചെയ്തു. ടി. ഉബൈദിന്റെ തീ പിടിച്ച പള്ളി, സുബൈറും ഹമീദും കൂടി ട്യൂണ്‍ ചെയ്തു. തലേ ദിവസം ഏ.എസ്ച്ചാന്റെ വീട്ടിലേക്ക് ചെല്ലാന്‍ വേണ്ടി ഡ്രൈവര്‍ പറഞ്ഞു. സുബൈര്‍ എ.എസ്ച്ചാന്റെ വീട്ടിലേക്ക് പോയി.  എ.എസ്ച്ചാ സുബൈറിനെ കാത്തിരിക്കുകയായിരുന്നു.
''എന്തായി സുബൈറേ, ഒരുങ്ങിയോ?''
''രണ്ട് മണിക്കൂറിലേക്കുള്ള പരിപാടികള്‍ തയ്യാറായി, ഉബൈദ് സാഹിബിന്റെ ഒരു കവിത ട്യൂണ്‍ ചെയ്തു.''
എ.എസ്ച്ച ഒന്ന് ചിരിച്ചു, സുബൈറിന്റെ തോളത്ത് തട്ടി:
''ഗുഡ്... സുബൈറേ... ഞങ്ങള്‍ ബിസ്സിനസ്സുകാര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും ലക്ഷ്യം കാണും... ലാഭം തന്നെ മുഖ്യം.''
സുബൈറിനൊന്നും മനസ്സിലായില്ല. അവന്‍ എ.എസ്ച്ചാന്റെ മുഖത്തേക്ക് ആശങ്കയോടെ നോക്കി.
''സുബൈറേ, ഇതൊരു വലിയ വ്യവസായമാണ്, ഈ ഗാനമേളയുടെ പിന്നിലുള്ളത്.''
സുബൈറിന്റെ ആശങ്ക വര്‍ധിച്ചു. ഒന്നും മനസ്സിലാവാത്ത സുബൈര്‍ എ.എസ്ച്ച പറയുന്നത് ശ്രദ്ധിച്ചു.
''നിനക്കും നിന്റെ കൂട്ടുകാര്‍ക്കും നല്ല ബെനഫിറ്റ് ഉണ്ടാകും. ബിസിനസ്സ് എന്തെന്നാല്‍ സ്വര്‍ണക്കടത്ത്.''
സുബൈര്‍ ഒന്ന് ഞെട്ടി. 
''സുബൈറിന് ഗിത്താര്‍ വായിക്കാന്‍ നന്നായി അറിയാമല്ലോ?''
''അറിയാം.''
''എക്കംമ്പനിമെന്റ് ഇലക്ട്രിക്ക് ഗിത്താറില്‍ വേണു വായിക്കട്ടെ, നീ സ്പാനിഷ് ഗിത്താര്‍ കൈകാര്യം ചെയ്താല്‍ മതി'
അവര്‍ ഇരുന്ന മുറിയുടെ നേരെ എതിര്‍വശത്തെ മുറിയില്‍ മുകേഷിന്റെ പാട്ടുകള്‍ നേരിയ സ്വരത്തില്‍ കേള്‍ക്കാം. എ.എസ്ച്ചാന്റെ സംഗീതത്തോടുള്ള ഇഷ്ടമാണത്.  
''എ.എസ്ച്ചാ, ഒരു പ്രശ്‌നം. എന്റെ കൈയില്‍ സ്പാനിഷ് ഗിത്താര്‍ ഇല്ലല്ലോ?''
സുബൈറേ, പുതിയൊരു സ്പാനിഷ് ഗിത്താര്‍ ഞാന്‍ വാങ്ങിത്തരാം. അത് നിനക്ക് ഉപയോഗിക്കാന്‍ പറ്റില്ല.  അപശ്രുതിയായിരിക്കും. കാരണം, അതിന്റകത്ത് മുഴുവന്‍ സ്വര്‍ണ ബിസ്‌ക്കറ്റുകളാണ്.''
സശ്രദ്ധനായി സുബൈര്‍ ആ സ്മഗ്‌ളര്‍ പറയുന്നതൊക്കെ കേട്ടു.
''നിങ്ങള്‍ കാസര്‍കോട്‌നിന്ന് കോഴിക്കോട്ടേക്ക് പോവുകയാണ്. സ്ലീപ്പറില്‍ എല്ലാവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. കണ്ണൂരില്‍നിന്ന് വേറൊരു ഗ്രൂപ്പും കയറും. അവരില്‍ ഒരാള്‍ നിങ്ങളുടെയടുത്ത് വന്നിട്ട് നമുക്ക് പാടിയാലോയെന്ന് ചോദിക്കും. ശേഷം അവന്‍ ആദ്യത്തെ പാട്ട് മുഹമ്മദ് റഫി സാഹിബിന്റെ 'ബഡെ ദൂര്‍സെ' എന്ന ഗാനം ആദ്യം പാടും. രണ്ടാമത്തെ ഗാനം കിഷോര്‍ കുമാറിന്റെ 'മെരെ സപ്‌നോംക്ക' എന്ന ഗാനമായിരിക്കും പാടുന്നത്. അപ്പോള്‍ നിനക്ക് ഉറപ്പിക്കാം അവര്‍ നമ്മുടെയാളുകളാണെന്ന്. കമ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തന്ത്രപൂര്‍വം നിങ്ങള്‍ ഗിത്താര്‍ പരസ്പരം കൈമാറണം. അവര്‍ വടകരയില്‍ ഇറങ്ങും. അവര്‍ക്ക് വടകരയിലാണ് പരിപാടി. പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ?''
എ.എസ്ച്ചാ ഒരു കടലാസ് പൊതി സുബൈറിന്റെ കൈയില്‍ ഏല്‍പ്പിച്ചു.
''ഇത് ചെലവിനാണ്. വലിയ തുക പിറകെ.''
''ഒ.കെ എ.എസ്ച്ചാ, എല്ലാം പറഞ്ഞ പോലെ.''
രാവിലത്തെ തീവണ്ടിയില്‍ അവര്‍ എട്ടുപേര്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്‌സുമായി കോഴിക്കോട്ടേക്കുള്ള വണ്ടിയില്‍, എസ്.എട്ട് ബോഗിയില്‍ ഗിത്താറും തബലയും ഓര്‍ഗനും വയലിനും ഡ്രമ്മുമൊക്കെയായി കയറി. അപ്പോള്‍ സംഗീതാസ്വാദകരായ സഹയാത്രികര്‍ക്കൊരാഗ്രഹം; വണ്ടിയില്‍ വെച്ച് തന്നെ പാടണമെന്ന്. പലരും ആഗ്രഹം പ്രകടിപ്പിച്ചു. കോളേജ് കുട്ടികള്‍ സുബൈറിനോട് കേണപേക്ഷിച്ചു.  അവസാനം പാടാന്‍ തന്നെയവര്‍ തീരുമാനിച്ചു. സുബൈറിന് ചെറിയൊരു ഭീതി. ഗിത്താറില്‍ ശ്രുതി കിട്ടുകയില്ല. ഏതായാലും ഗിത്താറില്ലാതെ വെറും കോംഗൊ ഡ്രം ഉപയോഗിച്ച് പാടാനവര്‍ തീരുമാനിച്ചു.
സുബൈര്‍ പാടി, രവി കോംഗൊ ഡ്രമ്മില്‍ വിരലുകള്‍ താളാത്മകമായി ചലിപ്പിച്ചു.
''സാര്‍ ഗിത്താര്‍ എടുത്തോളൂ.''
കണ്ണൂരിലെത്തിയപ്പോള്‍ അതാ മറ്റൊരു ട്രൂപ്പ്. അവരും ഇവരുടെയടുത്ത്തന്നെ വന്നിരുന്നു. സുബൈര്‍ അവരുമായി പരിചയപ്പെട്ടു. അവരുടെ ട്രൂപ്പിലെ പ്രധാന മെയില്‍വോയിസ് രവി, മുഹമ്മദ് റാഫിയുടെ അതേ സ്വരത്തില്‍ അദ്ദേഹത്തിന്റെ പാട്ട് മാത്രം പാടാറുള്ളത് കൊണ്ട് അവിടത്തെ ആള്‍ക്കാര്‍ മുഹമ്മദ് രവിയെന്നാണ ്‌വിളിക്കാറ്. സുബൈറിന് നേരത്തെ അറിയാമെങ്കിലും നേരില്‍ കാണുന്നത് ആദ്യമാണ്. കൂടാതെ അവരുടെ കൂട്ടത്തിലുണ്ടായ സുന്ദരി മോഹിനിയെന്ന അറിയപ്പെട്ട ഗായികയാണ്. അവരും സുബൈറിന്റെ കൂടെ പാടാന്‍ തുടങ്ങി. രവി ആദ്യംതന്നെ 'ബഡെദൂര്‍സ്' എന്ന ഗാനം ആലപിച്ചു. രവിയുടെ കൈയില്‍ നിന്ന് സുബൈര്‍ ഗിത്താര്‍ വാങ്ങിച്ചു. രണ്ടാമത്തെ ഗാനം 'മെരെ സപ്‌നൊംക്കൊ' പാടിയപ്പോള്‍ സുബൈറിന് ഉറപ്പായി. വടകര സ്റ്റേഷനില്‍ രവിയും കൂട്ടരും ഇറങ്ങി. സുബൈറിന്റെ ഗിത്താറുംകൊണ്ട് രവി പോയി. രവിയുടെ ഗിത്താര്‍ സുബൈറിന്റെ കൈയിലും. സുബൈര്‍ പാട്ട് തുടര്‍ന്നു. പലരും മാറിമാറി പാടി. വടകരയില്‍ നിന്നും കയറിയ മൂന്നുപേര്‍ ഇവരെ സാകൂതം വീക്ഷിക്കുകയാണ്. അവരുടെ സംശയ ദൃഷ്ടിയോടെയുള്ള നോട്ടം സുബൈറിന് മനസ്സിലായി. സുബൈര്‍ ഒന്നും അറിയാത്ത ഭാവത്തില്‍ പാട്ട് തുടര്‍ന്നു.
''കരയുന്നോ... പുഴ ചിരിക്കുന്നോ....''
വണ്ടി കോഴിക്കോട്ടെത്തി. അവര്‍ ഇന്‍സ്ട്രുമെന്റ്‌സ് പായ്ക്ക് ചെയ്തു. ഇറങ്ങാന്‍ തയാറായി നിന്നു. ബുക്ക് ചെയ്ത ഹോട്ടല്‍ നീലിമയിലേക്ക് രണ്ടു കാറുകളില്‍ അവര്‍ പുറപ്പെട്ടു. 
സുബൈര്‍ വസ്ത്രങ്ങളൊക്കെ മാറി ഇരിക്കുമ്പോള്‍ കോളിംഗ്‌ബെല്‍, കതക് തുറന്ന് നോക്കി. കണ്ടത് വണ്ടിയില്‍ സസൂക്ഷ്മം വീക്ഷിച്ച അതേ ആള്‍ക്കാര്‍. ഒന്നും പറയാതെ അവര്‍ അനുവാദം ചോദിച്ച് അകത്ത് കയറി.
''ഞങ്ങള്‍ സെന്‍ട്രല്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്.''
അവരുടെ ഐ.ഡി. സുബൈറിന് കാണിച്ചു.  
''അതിനെന്താ സാര്‍. യു.ആര്‍. വെല്‍ക്കം.''
സുബൈര്‍ യാതൊരു ഭാവഭേദവുമില്ലാതെ മറുപടി പറഞ്ഞു. കൈ നീട്ടി അവര്‍ സ്വീകരിച്ചില്ല.
''മിസ്റ്റര്‍, മേ ഐ ചെക്ക് യുവര്‍ ബിലോംഗിംഗ്‌സ് ഹിയര്‍''
(നിങ്ങളുടെ ലഗേജുകള്‍ പരിശോധിക്കട്ടെ.)
''വൈ നോട്ട് സര്‍, യു കാന്‍ ക്യാരി ഓണ്‍.''
(സാര്‍ എന്തുകൊണ്ടല്ല; നിങ്ങള്‍ എല്ലാ സാധനങ്ങളും പരിശോധിച്ചോളൂ.)
''സാര്‍, നാളെ ഞങ്ങളുടെ പ്രോഗ്രാമാണ് ഉപകരണങ്ങള്‍ ദയവായി സൂക്ഷിക്കണം.''
''ഷുവര്‍.''
അവരില്‍ പ്രായം കൂടിയ ആള്‍ സുബൈറിനെ ഗൗരവപൂര്‍വം നോക്കി. അവര്‍ എല്ലാം പരിശോധിച്ചു.  സുബൈറിന്റെ മുറികള്‍ അരിച്ചുപെറുക്കി. ബേഗും തുണിയും മുഴുവനും.... ഒന്നും ലഭിക്കാത്തതില്‍ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ.
''അയാം സോറി, നിങ്ങളുടെ കൊലീഗ്‌സിനെയൊന്ന് പരിശോധിക്കണം.''
''ഷുവര്‍ സാര്‍.''
അവര്‍ നാല് മുറികളും നന്നായി പരിശോധിച്ചു.  അവര്‍ക്കൊന്നും കണ്ടെത്താന്‍ പറ്റിയില്ല.  അവര്‍ നന്ദിയറിയിച്ച് ഇറങ്ങിപ്പോയി.
''സുബൈര്‍ എന്താ ആലോചിക്കുന്നത്?''
കണ്ണ് തുറന്നതും മുമ്പില്‍ കാസിംച്ച.
''നമ്മുടെ.... എ.എസ്ച്ച!''
അവന് മുഴുമിപ്പിക്കാന്‍ പറ്റിയില്ല. കണ്ണുകള്‍ നനഞ്ഞു.
കാസിം, സുബൈറിന്റെ പുറത്ത് തലോടി.
''വിഷമിക്കേണ്ട, നമുക്ക് ലോകത്ത് എവിടെയെങ്കിലും അയച്ച് വിദഗ്ധ ചികിത്സ കൊടുക്കാം....''
''സുബൈറേ, നമുക്കൊന്ന് ഐ.സി.യു വരെ പോയാലോ.''
സുബൈര്‍ സീറ്റില്‍ നിന്നെഴുന്നേറ്റു.
''ഐ.സി.യുവില്‍ ഇല്ല, പോസ്റ്റ് ഒ.പിയിലായിരിക്കും.''
അവര്‍ രണ്ടുപേരും അവിടേക്ക് പോയി. ഡോക്ടര്‍ വിഷ്ണു ഭട്ട് അവിടെത്തന്നെയുണ്ടായിരുന്നു.
ഇബ്രാഹീമും റഷീദും കയറിവന്നു.
''എ.എസ്ച്ചാക്ക് എങ്ങിനെയുണ്ട്?''
''ഒന്നും പറയാറായിട്ടില്ല, ഇബ്രാഹിംച്ച, വലിയൊരു ഓപ്പറേഷന്‍ കഴിഞ്ഞു.''
''അന്ന് മുസ്ദലിഫയില്‍വെച്ച് കാണുമ്പോള്‍ എന്തൊരു ചുറുചുറുക്കായിരുന്നു.''
''അപകടമല്ലേ... ആളെ തിരിച്ചറിയുമോ?''
''തിരിച്ചറിയാം... കുറച്ചു സംസാരിക്കും.''
''അല്‍ഹംദു ലില്ല.''
അല്‍പ സമയം ആരും ഒന്നും സംസാരിച്ചില്ല. നീണ്ട മൗനത്തെ ഭഞ്ജിച്ചുകൊണ്ട് റഷീദ്:
''ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി നേരെ അങ്ങോട്ടേക്കായിരുന്നു പോയത്. അവരകത്ത് കയറ്റിയില്ല... നീയൊന്ന് വിളിച്ച് സിസ്റ്റേഴ്‌സിനോട് ഒന്ന് പറഞ്ഞേര്.''
''നിങ്ങള്‍ പോയിക്കോളൂ. ഞാന്‍ വിളിച്ചു പറയാം.''
സുബൈര്‍ റിസപ്ഷന്‍ വഴി നടന്നു. എ.എസ്ച്ചാനെ കാണാന്‍ വരുന്ന നാട്ടുകാരോടെല്ലാം കുശലം പറഞ്ഞു.
അവിടെ നാലഞ്ചുപേര്‍ സുബൈറിനെ കാത്തിരിപ്പുണ്ടായിരുന്നു.
അവര്‍ പോയതിനുശേഷം ചില പേപ്പറുകളില്‍ ഒപ്പും സീലും വെച്ചു.
ലതികേ, എന്‍.എസ്സിനോട് വരാന്‍ പറയൂ.
''ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍.''
സുബൈര്‍ തന്റെ മുമ്പിലുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു.
''എന്താ സാര്‍ വിളിപ്പിച്ചത്?''
''ആ റസ്റ്റോറന്റില്‍ ചില്ലറ മാറ്റം വരുത്തണം.''
''സിസ്റ്റര്‍മാരുടേതാണോ?''
''അല്ല, ഡോക്ടര്‍മാരുടേത്.''
പുതിയ സമയക്രമവും ഡോക്ടര്‍മാരുടെ പേരും അവരുടെ അവധിയും സുബൈര്‍ നഴ്‌സിംഗ് സൂപ്രണ്ടിനോട് വിവരിച്ചു കൊടുത്തു.
''പുതിയ സമയക്രമീകരണത്തില്‍ ആര്‍ക്കെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ എന്നെ അറിയിക്കുക.''
''ഓക്കെ, സാര്‍ പറഞ്ഞപോലെ.''
അത്യാവശ്യ ജോലിയുള്ളതിനാല്‍ രാവിലെതന്നെ ഓഫീസിലെത്തി സുബൈര്‍ ജോലിയില്‍ വ്യാപൃതനായി.  സുബൈറിന്റെ ഫോണ്‍ ശബ്ദിച്ചു...
''ഹലോ... ഇവിടെ വാ...''
പരുക്കന്‍ ശബ്ദം. സുബൈര്‍ ഉടനെ കാസിമിന്റെ മുറിയിലെത്തി.
''നീ എന്താടോ ധരിച്ചുവെച്ചിരിക്കുന്നത്?''
ദേഷ്യത്തോടെയുള്ള അദ്ദേഹത്തിന്റെ ചോദ്യം ഇന്നലെ ഷാഹിനയോട് ചിരിച്ചതു കൊണ്ടായിരിക്കുമോ? അവനാകെ പരുങ്ങി.
''നിന്നെ ഞാന്‍ അന്നൊരിക്കല്‍ കുത്തിവിട്ടതാണ്. അബൂജാസിം കാല് പിടിച്ചതുകൊണ്ട് ഞാനത് ക്യാന്‍സല്‍ ചെയ്തു.''
സുബൈറിന് ക്ഷമിച്ചു നില്‍ക്കാന്‍ പറ്റിയില്ല. അവന്‍ അതേ സ്വരത്തില്‍ പ്രതികരിച്ചു:
''നിങ്ങള്‍ പല പ്രാവശ്യമായി പറയുന്നു കുത്തിവിടും.... കുത്തിവിടും... എന്ന്....''
സുബൈറിന്റെ അപ്രതീക്ഷിത പ്രതികരണം കണ്ട കാസിം സീറ്റില്‍നിന്ന് ചാടിയെഴുന്നേറ്റു.
''ഈ കളി തുടര്‍ന്നാല്‍ ഒരു സംശയവും വേണ്ട... തീര്‍ച്ചയായും കുത്തിവിടും.''  
''നിങ്ങള്‍ ഒരുപാട് പ്രാവശ്യമായി പറയുന്നു കുത്തിവിടും എന്ന്... ക്ഷമക്ക് ഒരതിരില്ലേ...?''
സുബൈര്‍ ആദ്യമായാണ് തന്റെ ബോസ്സിനോട് ഇത്ര കയര്‍ത്ത് സംസാരിച്ചത്. താന്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നത് അദ്ദേഹത്തില്‍ നിന്നാണ്. അതിനുള്ള നന്ദിയും ബഹുമാനവും സുബൈര്‍ എന്നും പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇങ്ങനെ ദിനേന പീഡിപ്പിക്കുമ്പോള്‍ എന്ത് ചെയ്യാനാണ്? അവന് വല്ലാത്ത വിഷമം തോന്നി.  
''കളി തുടര്‍ന്നാല്‍ കുത്തിവിടും.''
''എന്ത് കളിയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ചെയ്യുന്ന ജോലിയില്‍, എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടോ?''
''എടോ, നീ എപ്പോഴും നിസ്‌കരിക്കുന്നത് കാണാറുണ്ടല്ലോ?''
''അതെ, അതിനെന്താ?''
''ഇങ്ക്വിലാബ് വിളിക്കുന്നവര്‍ നിസ്‌കരിക്ക്വോ, അവര്‍ക്ക് ദൈവവിശ്വാസമില്ലല്ലോ?''
''ഞാന്‍ നിസ്‌കരിക്കും. എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. അതിന് ഇവിടെയെന്താ പ്രശ്‌നം? ഞാന്‍ നിങ്ങടെ ജോലി മുടക്കി നിസ്‌കരിക്കാറില്ല.''
''എടോ, നിസ്‌കരിക്കുന്നവര്‍ക്കുള്ളതല്ല നിന്റെ പാര്‍ട്ടി.''
''കാസിംച്ചാ, രാഷ്ട്രീയം പറയാനുള്ള വേദിയല്ലിത്. അവരവര്‍ക്ക് അവരുടേതായ രാഷ്ട്രീയം ഉണ്ടാകും.''
''നിനക്ക് മതത്തെക്കുറിച്ചെന്തറിയാം?''
''എനിക്ക് കൂടുതലായി ഒന്നും അറിയില്ല. പക്ഷേ, ഇപ്പോള്‍ ഞാന്‍ പഠിക്കുന്നു.''
''നിര്‍ത്ത്... മതി, നിന്റെ അധിക പ്രസംഗം. ഇനി മുതല്‍ ഈ കളി തുടരരുത്.''
''എന്ത്? നിസ്‌കാരം പാടില്ലെന്നോ....?''
''അതല്ലെടോ....?''
''പിന്നെയെന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഒന്ന് തെളിച്ചു പറയൂ....''
കാസിം ശിരസ്സ് കുനിച്ച് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
''പ്രേമം....''
സുബൈര്‍ അന്ധാളിച്ചു നിന്നു. പെട്ടെന്ന് എന്തു ചെയ്യണമെന്നറിയാതെ വിസ്മയിച്ചു നിന്നു.
''പ്രേമമോ... എന്ത് പ്രേമം!''
കാസിമിന്റെ മുഖം ചുവന്ന് തുടുത്തു. രൂക്ഷമായൊന്ന് സുബൈറിനെ നോക്കി.
''നിനക്കറിയില്ല... അല്ലേ, നീ എന്നെ പൊട്ടനാക്കുന്നതാ... അതും എന്റെ മകളെ... നിനക്കെങ്ങനെ ധൈര്യം വന്നെടാ...?''
സുബൈര്‍ ഇടിവെട്ടേറ്റവനെപ്പോലെ, എന്ത് പറയണമെന്നറിയാതെ തരിച്ചുനിന്നു. അവന്‍ കാസിമിനെ നോക്കി ചിരിച്ചു.
''കാസിംച്ച, ഷാഹിന മിടുക്കിയാണ്. അവള്‍ എന്നെ ഇഷ്ടപ്പെടുകയാണെങ്കില്‍ ഞാന്‍ കെട്ടും.''
''ആ പൂതി... അവിടെക്കിടക്കട്ടെ... ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നടക്കില്ല, അഥവാ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ രണ്ടിനേയും തട്ടി ഞാന്‍ ജയിലില്‍ പോകും. പോടാ... എന്റെ കണ്‍മുമ്പില്‍നിന്ന്.''
അതൊരു ഗര്‍ജനമായിരുന്നു. രാവിലെയായതിനാല്‍ രോഗികള്‍ വളരെ കുറവായിരുന്നു. അവന്‍ അവന്റെ ക്യാബിനില്‍ പോയിരുന്നു. കാസിം പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുകൊണ്ടിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായിട്ടായിരുന്നു നാട്ടില്‍നിന്ന് തിരിച്ചത്. ഗള്‍ഫ്ജീവിതം ഇങ്ങനെയൊക്കെയാണോ? സുബൈര്‍ തന്റെ ശിരസ്സ് മേശയില്‍വെച്ച് കുനിഞ്ഞിരുന്നു. കാസിംച്ചാന്റെ തെറിവിളികളും സഹിച്ചു. എല്ലാം തന്റെ കുടുംബത്തിനു വേണ്ടി.
സുബൈര്‍ ഒന്നും പറയാതെ അവിടെ നിന്നിറങ്ങിപ്പോയി.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top