ത്വലാഖ് ദുരുപയോഗം ക്രിമിനല്‍ കുറ്റം

കെ.കെ ഫാത്തിമ സുഹറ No image

     ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബലിഷ്്ഠമായ ഒരു കരാറാണ് വിവാഹം. വ്യത്യസ്ത സ്വഭാവവും പ്രകൃതവുമുള്ള, അപരിചിതരായ സ്ത്രീയും പുരുഷനും വിവാഹത്തോടു കൂടി പരസ്പര സ്‌നേഹ കാരുണ്യ വികാരങ്ങളുള്ള ഇണകളായി മാറുന്നു. എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും മുന്നോട്ടുള്ള ജീവിത പ്രയാണം ദുസ്സഹവും അസാധ്യവുമാകുകയും ചെയ്യുന്നു. അത്തരം അനിവാര്യ സാഹചര്യങ്ങളില്‍ കലഹവും വഴക്കുമായി വൈവാഹിക ജീവിതം തള്ളിനീക്കുന്നതിനു പകരം അവര്‍ക്ക് വേര്‍പിരിയാനുള്ള അവസരം ഇസ്‌ലാം നല്‍കുന്നു.
എന്നാല്‍ ഇസ്‌ലാം വിവാഹമോചനത്തെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല. നബി (സ) അരുളി: 'അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും കോപിഷ്ഠമായ കാര്യമത്രെ ത്വലാഖ്.'' മറ്റൊരു തിരുവചനത്തിനല്‍ ഇപ്രകാരം കാണാം. 'നിങ്ങള്‍ വിവാഹം കഴിക്കുക. വിവാഹമോചനമരുത്. വിവാഹമോചനം വഴി പരമകാരുണ്യകന്റെ സിംഹാസനം കിടിലം കൊള്ളും.''
വിവാഹമോചനം പരമാവധി ഒഴിവാക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും മാര്‍ഗങ്ങളും അവലംബിക്കാനാണ് ഇസ്്‌ലാം ആവശ്യപ്പെടുന്നത്. അതില്‍ പ്രഥമപടി കുടുംബനാഥനായ ഭര്‍ത്താവ് ഭാര്യയെ സ്‌നേഹമസൃണമായ ശൈലിയില്‍ ഗുണദോഷിക്കുകയും തെറ്റുകള്‍ തിരുത്തി നല്ല നിലയില്‍ മുന്നോട്ടുപോവാന്‍ ഉപദേശിക്കുകയുമാണ്. അല്ലാഹു പറയുന്നു: 'സ്ത്രീകള്‍ വഴങ്ങാതെ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അവരെ ഉപദേശിക്കുക.''
ഉപദേശം അവളില്‍ മാനസാന്തരം ഉണ്ടാക്കിയെന്നു വരാം. എന്നാല്‍ സദുപദേശം നിരന്തരം ആവര്‍ത്തിച്ചിട്ടും അവരുടെ അവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ലായെങ്കില്‍ അവരില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഇസ്്‌ലാം ആവശ്യപ്പെടുന്നു. അല്ലാഹു തുടര്‍ന്ന് അരുളുന്നു: 'കിടപ്പറയില്‍നിന്ന് അവരുമായി അകന്നുനില്‍ക്കുക.'' സാധാരണയായി സ്ത്രീകളില്‍ കാര്യമായ മാറ്റമുണ്ടാകുവാന്‍ മനശ്ശാസ്ത്രപരമായ ഈ സമീപനം സഹായകമായേക്കാം. തുടര്‍ച്ചയായ ഈ കിടപ്പറ ബഹിഷ്‌കരണം അനുസരണക്കേടും വഴക്കും മാറ്റിവെച്ച് വൈവാഹിക ജിവിതം തുടരാന്‍ പ്രേരകമാവാനാണ് കൂടുതല്‍ സാധ്യത.
എന്നാല്‍ ഈ രണ്ടാമത്തെ നടപടിയും പരാജയപ്പെട്ടാല്‍ പരിക്കുകളോ പാടുകളോ കൂടാതെ ലഘുവായി അടിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക.'' മറ്റു രണ്ടു മാര്‍ഗങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രമേ ഈ മാര്‍ഗമവലംബിക്കാവൂ. അനുസരണക്കേടില്‍നിന്നും അവരെ പിന്തിരിപ്പിച്ച് നന്നാക്കിയെടുക്കാനും അല്ലാഹുവിന് അങ്ങേയറ്റം വെറുപ്പുള്ള വിവാഹമോചനം ഒഴിവാക്കാനും സഹായകമാവുന്ന ഒരു ലഘുശിക്ഷ മാത്രമാണിത്. അടിക്കുന്നതിനെ അഭിലഷണീയ കാര്യമായി ഇസ്‌ലാം കാണുന്നില്ല. നബി (സ) അരുളി: 'ഭാര്യമാരെ അടിക്കുന്നവര്‍ മാന്യരല്ല.'' മുഖത്ത് അടിക്കരുതെന്നും നബി തിരുമേനി നിര്‍ദ്ദേശിച്ചു.
ഈ മൂന്ന് നടപടികള്‍ ഫലിക്കാതെ വന്നാലും വിവാഹമോചനത്തിലേക്ക് എടുത്തുചാടും മുമ്പ് ഇരു കുടുംബങ്ങളില്‍ നിന്നുമുള്ള മധ്യസ്ഥന്മാര്‍ കൂടിയിരുന്ന് പ്രശ്‌നങ്ങള്‍ സഗൗരവം ചര്‍ച്ച ചെയ്ത് രഞ്ജിപ്പിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുകയാണ് വേണ്ടത്. ഇത്തരം മധ്യസ്ഥശ്രമം നിര്‍ബന്ധമാണെന്ന് ഖുര്‍ആന്‍ പറയുന്നു. 'ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വേര്‍പിരിയലിനെക്കുറിച്ച് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അവന്റെ പക്ഷത്തുനിന്ന് ഒരു മധ്യസ്ഥനെയും അവളുടെ പക്ഷത്തുനിന്ന് ഒരു മധ്യസ്ഥനെയും നിശ്ചയിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ ഐക്യത്തിന് വഴിയൊരുക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമത്രെ.'' അനുരഞ്്ജനത്തിന്റെ മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് മധ്യസ്ഥന്മാര്‍ ശ്രമിക്കേണ്ടത്. ഭര്‍ത്താവിന് ഭാര്യയെക്കുറിച്ച് ആക്ഷേപമുള്ളതുപോലെത്തന്നെ ഭാര്യക്ക് ഭര്‍ത്താവിനെക്കുറിച്ചും ആക്ഷേപമുണ്ടാവാം. അതിനാല്‍ പ്രശ്‌നം സൂക്ഷ്മമായി പഠിച്ച് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ നിലപാടുകള്‍ സ്വീകരിക്കണം. അനുരഞ്ജനം തന്നെയായിരിക്കണം ചര്‍ച്ചയുടെ ലക്ഷ്യം.
ഈ ശ്രമവും പരാജയപ്പെടുമ്പോഴാണ് ഇസ്‌ലാം വിവാഹമോചനത്തിന് അനുവാദം നല്‍കുന്നത്. എന്നാല്‍ ഇന്ന് സമൂഹത്തില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ എത്രയെണ്ണം മേല്‍ നടപടികള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്നുവെന്ന് പരിശോധിക്കുമ്പോഴാണ് ഇസ്‌ലാമിലെ വിവാഹമോചന നിയമം എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് വ്യക്തമാകുന്നത്. നിസ്സാരകാര്യങ്ങള്‍ക്കു പോലും ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലി വീട്ടിലേക്ക് പറഞ്ഞയക്കുന്ന ക്രൂരവും കിരാതവുമായ നടപടിക്ക് നിയമസാധ്യത കല്‍പ്പിച്ചുകൊടുക്കുന്ന മതപുരോഹിതന്മാരുടെയും നേതാക്കളുടെയും ചെയ്തികള്‍ ഈ വിഷയത്തില്‍ ഇസ്്‌ലാമിനെ കരിവാരിത്തേക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ആദ്യമായി വിവാഹമോചനം ചെയ്ത ഒരാളോട് പ്രവാചകന്‍ രൂക്ഷമയ ഭാഷയില്‍ ചോദിച്ചു: 'ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ ദൈവിക ഗ്രന്ഥംകൊണ്ട് കളിക്കുകയാണോ?'' പ്രവാചകന്റെ ഈ ചോദ്യം ഇന്നും സമുദായത്തില്‍ ഈ നിയമം ദുരുപയോഗം ചെയ്ത് സ്ത്രീകളെ പീഡിപ്പിക്കുന്ന ഓരോരുത്തരോടുമാണെന്നോര്‍ക്കുക.
അനുവദനീയമായ ത്വലാഖിന് മുകളിലുദ്ധരിച്ച നടപടിക്രമങ്ങള്‍ക്കു പുറമെ പിന്നെയും ചില ഘട്ടങ്ങളും എണ്ണത്തിലും സമയത്തിലുമൊക്കെ ചില വ്യവസ്ഥകളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. തോന്നുന്ന സമയത്ത് വിവാഹമോചനം ചെയ്യുന്നത് സാധുവാകുകയില്ല. ആര്‍ത്തവഘട്ടത്തിലും ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശുദ്ധികാലത്തും വിവാഹമോചനം നിഷിദ്ധമാണ്. ശുദ്ധഘട്ടത്തില്‍ അവളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതിനു മുമ്പായിരിക്കണം വിവാഹമോചനം നടത്തേണ്ടത്. ദേഷ്യമടങ്ങാനും പുനരാലോചനക്കും വിവാഹമോചനം വേണ്ടെന്നു വെക്കാനും ഈ നിബന്ധന വഴിയൊരുക്കുന്നു.
ആദ്യഘട്ടത്തില്‍ ഒരു തവണ മാത്രമേ ത്വലാഖ് പാടുള്ളൂ. ത്വലാഖിനു ശേഷം ഇദ്ദാ കാലയളവില്‍ വിവാഹമുക്തയായ സ്‌ത്രീയും ഭര്‍ത്താവും ഒരേ ഗൃഹത്തില്‍ത്തന്നെ താമസിക്കണമെന്ന് ഇസ്്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മൂന്ന് ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയാകും വരെയാണ് ഇദ്ദാകാലം; ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെയും. ആര്‍ത്തവം നിലച്ച സ്ത്രീകളുടെ ഇദ്ദാകാലം മൂന്നുമാസമാണ്. ന്യായമായ കാരണങ്ങളില്ലാതെ ഈ കാലയളവില്‍ അവളെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ പുരുഷന് അവകാശമില്ല. ഇദ്ദാകാലം ഭര്‍തൃഗൃഹത്തില്‍ താമസിക്കുന്നത് അവര്‍ തമ്മില്‍ ഒന്നിക്കാനും ദമ്പതികളായി തുടരാനുമുള്ള അവസരമൊരുക്കുന്നതിനു വേണ്ടിയാണ്. വിവാഹമോചനം ഒഴിവാക്കാന്‍ യുക്തിപൂര്‍വ്വവും ഭദ്രവുമായ സമീപനങ്ങളാണ് ഇസ്്‌ലാം സ്വീകരിക്കുന്നത്. എന്നാല്‍ ഇന്ന് ഇദ്ദാകാലത്ത് ഭര്‍തൃഗൃഹത്തില്‍ താമസിക്കാന്‍ തയ്യാറുള്ള എത്ര സ്ത്രീകളുണ്ട്? അവരെ ആ വീട്ടില്‍ താമസിപ്പിക്കാന്‍ എത്ര പുരുഷന്മാര്‍ തയ്യാറുണ്ട്?
ഒന്നാം ത്വലാഖിനു ശേഷം ഈ കാലത്ത് ഭര്‍ത്താവിന് അവരെ തിരിച്ചെടുക്കാം. അതിന് മഹ്‌റോ നിക്കാഹോ സാക്ഷികളോ ഒന്നും ആവശ്യമില്ല. ഇദ്ദാകാലം കഴിഞ്ഞാലും അവളെ പുനര്‍വിവാഹം ചെയ്യാന്‍ ഭര്‍ത്താവിന് അവകാശമുണ്ട്. രണ്ടാം ത്വലാഖിനു ശേഷം ഇദ്ദാകാലത്ത് പുരുഷന് അവളെ പുനര്‍വിവാഹം ചെയ്യാനും അവകാശമുണ്ട്. എന്നാല്‍ മൂന്നാം തവണ ത്വലാഖ് ചൊല്ലിക്കഴിഞ്ഞാല്‍ പുനര്‍വിവാഹത്തിനുള്ള അനുവാദമോ അവകാശമോ ഉണ്ടായിരിക്കുന്നതല്ല. കാരണം, മേല്‍പറഞ്ഞ നടപടിക്രമങ്ങള്‍ക്കെല്ലാം ശേഷവും മൂന്നാം ത്വലാഖ് നടക്കുന്നുവെങ്കില്‍ അവര്‍ തമ്മില്‍ ഒരിക്കലും ഒന്നിക്കാന്‍ സാധ്യമല്ലാത്തവിധം മാനസികമായി അകന്നിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. ഇനി അവര്‍ ഒന്നിക്കാന്‍ ഒരു നിലക്കും സാധ്യമല്ല.
ഇസ്‌ലാം മൂന്ന് ത്വലാഖ് കൊണ്ട് ഉദ്ദേശിച്ചത് മേല്‍പറഞ്ഞ മൂന്ന് ഘട്ടങ്ങളിലുള്ള ത്വലാഖാണ്. അല്ലാഹു പറയുന്നു: 'വിവാഹമോചനം രണ്ടു പ്രാവശ്യമാണ്. പിന്നീട് മര്യാദയോടെ ഭാര്യയായി നിലനിര്‍ത്തുകയോ അല്ലെങ്കില്‍ മാന്യമായി പിരിച്ചുവിടുകയോ ചെയ്യേണ്ടതാണ്.'' എന്നാല്‍ നമുക്കിടയില്‍ കാണപ്പെടുന്ന മുത്വലാഖ് എത്രമാത്രം അപഹാസ്യം! ഇസ്്‌ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. ഇസ്‌ലാം അവ്വിധം മുത്വലാഖ് അംഗീകരിക്കുന്നില്ല. റുക്കാനത്ത് തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലി. പിന്നീട് ഖേദം തോന്നിയ അദ്ദേഹം നബി തിരുമേനിയെ സമീപിച്ചു. നബി (സ) ചോദിച്ചു: 'നിങ്ങളെങ്ങനെയാണ് വിവാഹമോചനം ചെയ്തത്?'' അദ്ദേഹം പറഞ്ഞു: 'മൂന്നു ത്വലാഖും ചൊല്ലി.'' 'ഒരേ സഭയില്‍ വെച്ചാണോ'' പ്രവാചകന്‍ അന്വേഷിച്ചു. 'അതെ' അദ്ദേഹം മറുപടി നല്‍കി. നബി പറഞ്ഞു: 'അപ്പോള്‍ ഒരു ത്വലാഖേ ആയിട്ടുള്ളൂ. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കവളെ തിരിച്ചെടുക്കാം.'' ഇതും ഇതുപോലുള്ള മറ്റു സംഭവങ്ങളും ഇന്ന് നടക്കുന്ന മുത്വലാഖും തികച്ചും അനിസ്്‌ലാമികമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വിധമുള്ള മുത്വലാഖുകൊണ്ട് സമുദായത്തില്‍ എത്ര സ്ത്രീകളാണ് തീരാദുരിതം പേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അത്തരം ദുരാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കാന്‍ ആരുണ്ട്?
വിവാഹമുക്തക്ക് അവളുടെ പ്രയാസം ലഘൂകരിക്കാനും താല്‍ക്കാലികാശ്വാസം ലഭിക്കാനും വേണ്ടി വിവാഹമോചനം ചെയ്ത പുരുഷന്‍ മര്യാദപ്രകാരം മതാഅ് നല്‍കേണ്ടതാണ്. അത് ദൈവഭക്തര്‍ക്കുള്ള ബാധ്യതയത്രെ. ഇദ്ദാകാലത്തെ ചെലവിനു പുറമെയാണ് ഇത്. മതാഅ് എത്രയാണെന്ന് ഖുര്‍ആനോ ഹദീസോ നിര്‍ണയിച്ചിട്ടില്ല. സ്ത്രീയുടെയും പുരുഷന്റെയും സാമ്പത്തിക സാമൂഹിക അവസ്ഥകള്‍ പരിഗണിച്ച് നിശ്ചയിക്കേണ്ടതാണ് അത്. വിവാഹമോചനം ആവശ്യപ്പെടുന്നത് ഗുരുതരമായ പാപമാണ്. നബി തിരുമേനി അരുളി: 'വിഷമ ഘട്ടത്തിലല്ലാതെ ഭാര്യ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ അവള്‍ക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും നിഷിദ്ധമാണ്.''
ത്വലാഖിന്റെ വിഷയത്തില്‍ ദീക്ഷിക്കപ്പെടേണ്ട വ്യവസ്ഥകളോ ഘട്ടങ്ങളോ ഒന്നും ഖുല്‍ഇന് ബാധകമല്ല. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയുടെ താല്‍പര്യങ്ങളും പരിഗണിക്കപ്പെടേണ്ടതുകൊണ്ടാണ് സ്ത്രീക്കും ഇത്തരം അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീ പുരുഷന് വിവാഹത്തിനു നല്‍കിയ മഹര്‍ തിരിച്ചുകൊടുത്തുകൊണ്ടാണ് മോചനം നടത്തേണ്ടത്.
ഫസ്ഖ് എന്ന ഒരു അവകാശം കൂടി ഇസ്്‌ലാം സ്ത്രീക്ക് നല്‍കുന്നുണ്ട്. ഭര്‍ത്താവ് ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും വിവാഹമോചനം നല്‍കാതെ പ്രയാസപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ ഭര്‍ത്താവില്‍നിന്നും മോചനം നേടാന്‍ ഇസ്്‌ലാം അനുവാദം നല്‍കുന്നു. ഇതിനെയാണ് ഫസ്ഖ് എന്നുപറയുന്നത്.
ഭര്‍ത്താവ് ഷണ്ഡനാവുക, ഭാര്യയെ പീഡിപ്പിക്കുക, അധാര്‍മിക ജീവിതം നയിക്കുക, മതപരിത്യഗിയാവുക, സദാചാര വിരുദ്ധ പ്രവൃത്തിക്ക് നിര്‍ബന്ധിക്കുക, ഭര്‍ത്താവ് നാടുവിട്ട് പോയശേഷം എവിടെയാണെന്നറിയാതിരിക്കുക, അറിയുമെങ്കിലും അവളുടെ അവകാശങ്ങള്‍ നല്‍കാതിരിക്കുക, ബഹുഭാര്യനെങ്കില്‍ നീതി പാലിക്കാതിരിക്കുക, തന്റെ ഇഷ്ടപ്രകാരമല്ലാതെ പിതാവോ മറ്റു രക്ഷിതാക്കളോ അവളെ വിവാഹം കഴിച്ചുകൊടുക്കുക തുടങ്ങിയ ഒട്ടേറെ കാരണങ്ങളാല്‍ ഭാര്യക്ക് ഭരണാധികാരിയോ ഖാദിയോ കോടതിയോ മുഖേന വിവാഹബന്ധം ദുര്‍ബലപ്പെടുത്താവുന്നതാണ്.
എന്നാല്‍ ഇന്ന് ചിലര്‍ ധരിച്ചതുപോലെ ഭര്‍ത്താവിന്റെ പീഡനത്തിന്റെ പേരു പറഞ്ഞ് താന്‍ ഭര്‍ത്താവുമായുള്ള ബന്ധം ഫസ്ഖ് ചെയ്തിരിക്കുന്നുവെന്ന് പറയുന്ന രീതി യഥാര്‍ഥത്തിലുള്ള ഫസ്ഖ് അല്ല. ഇസ്്‌ലാമിക ശരീഅത്തില്‍ അതിന് അടിസ്ഥാനവുമില്ല. അതുപോലെ താന്‍ ഭര്‍ത്താവുമായുള്ള ബന്ധം ഫസ്ഖ് ചെയ്തിരിക്കുന്നുവെന്ന് പരസ്യം നല്‍കിയതുകൊണ്ടും ഫസ്ഖ് സംഭവിക്കില്ല. ഇന്ത്യന്‍ വ്യക്തിനിയമത്തിലും അതിന് പ്രാബല്യമില്ല. കോടതിയില്‍നിന്ന് രേഖാമൂലം വിധി സമ്പാദിച്ച ശേഷം പത്രപരസ്യം ചെയ്‌തെങ്കിലേ അതുകൊണ്ട് പ്രയോജനമുള്ളൂ. അതിനാല്‍ നിയമപരമായി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്.

ഇന്ന് ഫലത്തില്‍ ഇത്തരം അവകാശങ്ങളൊക്കെ സ്ത്രീക്ക് ഏട്ടിലെ പശുവാണ്. ഒട്ടേറെ ന്യായമായ കാരണങ്ങളാല്‍ത്തന്നെ വിവാഹക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനാവാതെ എത്രപേരാണ് പ്രയാസപ്പെടുന്നത്. ത്വലാഖിന്റെ ദുരുപയോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന തരുണികളെത്രപേരുണ്ട്!
ഇത്തരം ശരീഅത്ത് നിയമങ്ങള്‍ ശരിയാംവണ്ണം കൈകാര്യം ചെയ്യപ്പെടണം. ന്യായമായ കാരണങ്ങളാല്‍ ഫസ്ഖ് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം ലഭിക്കണം. ത്വലാഖ് ദുരുപയോഗം ചെയ്യുന്നവരെ ക്രിമിനല്‍ കുറ്റവാളികളായി പ്രഖ്യാപിച്ച് ശിക്ഷ നല്‍കണം. സ്ത്രീപീഡനങ്ങള്‍ക്കു കാരണമാകുന്ന മുസ്‌ലിം പേഴ്‌സണല്‍ ലോയിലെ അപാകതകള്‍ പരിഹരിച്ച് അതിലെ നിയമങ്ങള്‍ ഖുര്‍ആനിനും പ്രവാചകചര്യക്കുമനുസൃതമായി പുന:ക്രോഡീകരണം നടത്തണം. അതിന് മതപണ്ഡിതരും പരിഷ്‌കരണ പ്രസ്ഥാനങ്ങളും പ്രസ്ഥാന നായകരും മുന്നോട്ടുവരണം. എങ്കിലേ ഒരളവോളം സ്ത്രീകളഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top