ആവശ്യം വരും; വരാതിരിക്കില്ല

കെ.വൈ.എ /ചുറ്റുവട്ടം No image

      പുതിയ മിക്‌സി വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരി പറഞ്ഞു: 'അതിന്റെ പെട്ടി കളയേണ്ട. ആവശ്യം വരും.'
- 'എന്ത് ആവശ്യം?'
- 'അത് വരുമ്പോഴല്ലേ അറിയൂ. എന്തായാലും കളയേണ്ട.'
ഇത് പതിവാണ്. മിക്‌സിയുടെ മാത്രമല്ല, ഫ്രിഡ്ജിന്റെയും ഫാനിന്റെയും ഷൂസിന്റെയും കമ്പ്യൂട്ടറിന്റെയും എല്ലാം പാക്കിംഗ് കെയ്‌സുകള്‍ വീട്ടില്‍ ഭദ്രമായി എടുത്തുവെച്ചിട്ടുണ്ട്. മൂന്നു കൊല്ലം മുമ്പ് കേടുവന്ന് ഒഴിവാക്കിയ ക്ലോക്കിന്റെ പെട്ടിയും കഴിഞ്ഞ കൊല്ലത്തെ കുടയുടെ ഉറയുമെല്ലാം അടുക്കളയുടെ ചുമരലമാരയിലും മറ്റുമായി പൊടിപിടിച്ച് കിടക്കുന്നുണ്ട്. രണ്ടു വയസ്സുകാരി പേരക്കുട്ടിക്കു വാങ്ങിയ ചെരുപ്പിന്റെ പെട്ടിയാണ് കൂട്ടത്തില്‍ ഒടുവിലത്തേത്. അവളതെടുത്ത് കളിക്കാന്‍ നോക്കിയെങ്കിലും പിടിച്ചുവാങ്ങി അലമാരയില്‍ വെച്ചതാണ്- എന്തെങ്കിലും ആവശ്യം വന്നെങ്കിലോ!
എന്തെങ്കിലും ആവശ്യം വരും എന്നുപറഞ്ഞ് എടുത്തുവെച്ച പെട്ടികളോ പഴയ കവറുകളോ കുപ്പികളോ ഒന്നും പിന്നീട് എടുക്കേണ്ടി വന്നിട്ടില്ല. എല്ലാം അവിടവിടെയായി സ്ഥലംമുടക്കിക്കിടന്നു.
ഈയിടെ ഞങ്ങളൊരു തീരുമാനമെടുത്തു: വീടൊന്നു വെടിപ്പാക്കണം. ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കണം.
അതിരാവിലെ പണിതുടങ്ങി. അടുക്കളയിലെ പഴയ അലമാരി തുറന്നതും വലിയൊരു പന്ത് പുറത്തേക്കു ചാടി. പന്തല്ല, ചാക്കുനൂല്‍ കഷ്ണങ്ങളുടെ വലിയൊരു കെട്ട്.
കടയില്‍നിന്നു വാങ്ങുന്ന സാധനങ്ങളുടെ പൊതി ശ്രദ്ധിച്ച് അഴിച്ച്, വൃത്തിയായി നിവര്‍ത്തി കരുതലോടെ ചുളിവെല്ലാം കളഞ്ഞ് എടുത്തുവെക്കുക വീട്ടുകാരിയുടെ ശീലമാണ്. അങ്ങനെ സൂക്ഷിച്ച പൊതികളുടെയും കവറുകളുടെയും വലിയൊരു ശേഖരം ഞങ്ങള്‍ക്കുണ്ട്. പൊതിയാനുപയോഗിച്ച ചാക്കുനൂലും ചരടും റബ്ബര്‍ബാന്റുകളുമൊക്കെ ഇങ്ങനെ എടുത്തുവെക്കും. റബ്ബര്‍ബാന്റുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ച് ഉണ്ടയായിട്ടുണ്ട്. നൂലുകള്‍ പന്തുമായി. ഈ കെട്ടാണ് ഇപ്പോള്‍ പുറത്ത് ചാടിയിരിക്കുന്നത്.
ഞാന്‍ അതെടുത്ത് ചവറുകൊട്ടയിലെറിഞ്ഞു. ഓപറേഷന്‍ ശുചിത്വത്തിന് ശുഭാരംഭം.
പക്ഷേ, പോയ വേഗത്തില്‍ത്തന്നെ ആ നൂല്‍കെട്ട് തിരിച്ചുവന്നു. വീട്ടുകാരിയുണ്ട് ചൂടായി നില്‍ക്കുന്നു.
- 'നൂലും ചരടും കയറും ആവശ്യം വരില്ലേ? ഇപ്പോള്‍ത്തന്നെ സാധനങ്ങള്‍ കെട്ടി ഒതുക്കിവെക്കാന്‍ ഇത് വേണ്ടിവന്നാലോ? ആവശ്യമില്ലെങ്കില്‍ പിന്നീട് ഒഴിവാക്കാലോ.'
ശരിയാണ് എന്ന് എനിക്കും തോന്നി. അലമാരിയിലെ പഴയ കടലാസുകെട്ടും അതേ ന്യായം വെച്ച് ('ആവശ്യം വന്നാലോ? ആവശ്യമില്ലെങ്കില്‍ പിന്നീട് കളയാമല്ലോ'') അവിടെത്തന്നെ ബാക്കിനിര്‍ത്തി. ഒടുക്കം ആ അലമാരയില്‍നിന്ന് തര്‍ക്കമില്ലാതെ ഒഴിവായിക്കിട്ടിയത് പഴകിയ ഒരു കട്ടി പിണ്ണാക്കും കുറച്ച് എലിക്കാഷ്ഠവും മാത്രം.
അടുത്ത ഊഴം എന്റെ ഷെല്‍ഫിന്റേതായിരുന്നു. പഴയ കുറെ ഡയറികള്‍ അവള്‍ പിടിച്ചെടുത്തു. 'ഇത് ഇനി വേണ്ടല്ലോ?' എന്ന് ചോദ്യം.
ഞാന്‍ എടുത്തടിച്ച് പറഞ്ഞു: 'അത് കളയാന്‍ പറ്റില്ല.'
- 'അതെന്താ? ഇതൊക്കെ പഴയതല്ലേ?'
- 'ആണ്. ഡയറി പഴകുമ്പോഴാണ് വില കൂടുക. അതൊക്കെ പുസ്തകമാക്കി പണം വാരാം.
- 'പിന്നേ! ശരി, എന്നാലുമുണ്ടല്ലോ ഒന്നും എഴുതാത്ത കുറെ ഡയറികള്‍.'
- 'അതൊക്കെ ഇനിയും വല്ലതും എഴുതാനെടുക്കാമല്ലോ. എന്തെങ്കിലുമൊക്കെ കുറിച്ചുവെക്കാം.'
അഞ്ചുവര്‍ഷം മുമ്പത്തെ ഒരു കുടുംബസംഗമത്തിന്റെ സീഡികളുണ്ടായിരുന്നു ഷെല്‍ഫില്‍. അത് ഒഴിവാക്കാന്‍ തീരുമാനമായി. ചവറ്റുകൊട്ടയില്‍ അത് ഇട്ടപ്പോഴാണ് ഓര്‍ത്തത്- എത്രയോ കുടുംബക്കാരുടെ ഫോട്ടോകള്‍ അതിലുണ്ട്. പിന്നീട് ആവശ്യം വന്നുകൂടെന്നില്ലല്ലോ.
സീഡി തിരികെ ഷെല്‍ഫില്‍ തന്നെ എത്തി.
ഉപയോഗിക്കാത്ത കുറെ പഴയ പേന ഞങ്ങള്‍ കണ്ടെടുത്തു. കുറെ എന്നുവെച്ചാല്‍ രണ്ടു ഡസനോളം. ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഒഴിവാക്കേണ്ട എന്ന തീരുമാനത്തിലെത്തി. റീഫില്‍ ഇട്ടാല്‍ ഉപയോഗിക്കാവുന്നതാണ് ചിലത്. നിബ്ബ് മാറ്റി മഷി നിറച്ചാല്‍ ഉപയോഗിക്കാവുന്നവയുമുണ്ട്. ഇരിക്കട്ടെ, ആവശ്യമില്ലെന്നു കണ്ടാല്‍ പീന്നീടും ഒഴിവാക്കാവുന്നതാണല്ലോ.
കുപ്പികളുടെ മഹാമേള മറ്റൊരു ഭാഗത്ത്. മഷിക്കുപ്പികള്‍- മഷി ഉള്ളതും കഴിഞ്ഞതും. സ്‌പ്രേ കുപ്പികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ഹോമിയോ മരുന്നു ഡപ്പികള്‍... ഞങ്ങള്‍ ഓരോന്നും പരിശോധിച്ചു. ചിലത് ഇനിയും ഉപയോഗിക്കാന്‍ പറ്റും. ('അന്നൊരു ദിവസം ഒരു കുപ്പിക്ക് ഞാന്‍ എവിടെയൊക്കെ നോക്കിയതാ!'' എന്നു വീട്ടുകാരി. 'പിന്നല്ലാതെ! ഇനി ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കിലും ഭംഗിയുള്ള കുപ്പികള്‍ കൊണ്ട് അലങ്കാര വസ്തുക്കളുണ്ടാക്കിക്കൂടേ'' എന്നു ഞാന്‍.) കുപ്പികള്‍ ഷെല്‍ഫില്‍ തിരിച്ചെത്തി.
തിരച്ചില്‍ തുടര്‍ന്നു. വെള്ളിക്കടലാസിന്റെ ഒരു കെട്ടില്‍ കുറെ ഗുളിക കിടക്കുന്നു. ഗുളികയുടെ പേര് മാഞ്ഞിരിക്കുന്നു. ഞാന്‍ പറഞ്ഞു: 'അതവിടെ കിടക്കട്ടെ. കാലഹരണപ്പെട്ടിട്ടില്ലെങ്കില്‍ വെറുതെ വേസ്റ്റാക്കേണ്ടല്ലോ.'
അവള്‍ യോജിച്ചു: 'ശരിയാ, എപ്പഴാ ആവശ്യം വരിക എന്നറിയില്ലല്ലോ. അവിടെ കിടക്കട്ടെ.'
ഷെല്‍ഫ് തീര്‍ന്നു. അട്ടത്ത് കയറി. അവിടെ നിറയെ കെട്ടുകള്‍. പ്ലാസ്റ്റിക് സഞ്ചിയില്‍ വീട്ടുകാരി എന്തൊക്കെയോ ഇട്ടുവെച്ചിരിക്കുന്നു. ഓരോ സഞ്ചിക്കും പുറത്ത്, അകത്തെ സാധനം തിരിച്ചറിയാനുള്ള കുറിപ്പ് ചേര്‍ത്തിട്ടുണ്ട്. ഞാന്‍ ഒന്നെടുത്ത് നോക്കി. 'സിം.സീ.പ എന്നാണ് കോഡ്. എന്താണ് സിം.സീ.പ?'
അവള്‍ അതുവാങ്ങി. ഞാന്‍ മറ്റൊരു പൊതിയെടുത്തു. അതിനു പുറത്തുമുണ്ട് ഗൂഢലിപി: 'കേ.ചാ.ജ. 2002.'' അതും ഞാന്‍ അവള്‍ക്കു കൊടുത്തു.
രഹസ്യകോഡെഴുതിയ സഞ്ചികള്‍ വേറെയുമുണ്ട്. ഇതിന്റെയൊക്കെ അര്‍ഥം ഊഹിച്ചെടുക്കാന്‍ ഞാന്‍ ശ്രമിച്ചുതുടങ്ങുമ്പോഴേക്കും അവള്‍ ഓരോന്നും കെട്ടഴിച്ച് ഉള്ളില്‍ നോക്കിക്കൊണ്ട് ആ കോഡുകളുടെ അര്‍ഥം കണ്ടുപിടിച്ചു.
സഞ്ചികളുടെ ഉള്ളടക്കം മനസ്സിലായതോടെ തര്‍ക്കം തുടങ്ങി. ആരോ ഉപയോഗിച്ച പഴയ സ്‌കൂള്‍ബുക്കുകള്‍ കളയാമെന്ന എന്റെ അഭിപ്രായം അവള്‍ തള്ളി. അവളുടെ അനിയന്റെ കുട്ടികള്‍ക്ക് ഉപകാരപ്പെട്ടുകൂടായ്കയില്ലത്രെ. പഴയ ബട്ടനുകളും ബ്രഷുകളും ഒഴിവാക്കാമെന്ന പ്രമേയവും അവള്‍ വീറ്റോ ചെയ്തു: 'കുപ്പായക്കുടുക്കുകള്‍ക്ക് ആവശ്യം വരാതിരിക്കുമോ? പിന്നെ, ബ്രഷുകളുടെ കാര്യം. എന്തെങ്കിലും ബ്രഷ് ചെയ്യേണ്ടി വന്നാലോ?'
പഴക്കംവന്ന ന്യൂസ് പ്രിന്റ് അവള്‍ നീട്ടി- 'ഇത് എന്തായാലും സ്ഥലം മുടക്കി മാത്രമാണ്, കളയാം.'
ഞാന്‍ അത് വാങ്ങി. എന്റെ ഷെല്‍ഫിലേക്ക് മാറ്റാമെന്ന് സ്വകാര്യമായി തീരുമാനിച്ചു. ഒന്നുമില്ലെങ്കില്‍, വല്ലതുമൊക്കെ കുറിച്ച് കൊടുക്കാവുന്ന തുണ്ടുകടസലാസായി ഉപയോഗിക്കാമല്ലോ. ഇന്നലെ ഒരു ഫോണ്‍ നമ്പര്‍ എഴുതിക്കൊടുക്കേണ്ട ആവശ്യം വന്നപ്പോള്‍ നോട്ടുബുക്ക് കീറിയ അനുഭവമുണ്ട്.
പഴയ സിംകാര്‍ഡുകളുടെയും റീച്ചാര്‍ജ് കൂപ്പണുകളുടെയും നിറപ്പകിട്ടുള്ള കാര്‍ഡുകള്‍ കുറെ കിടക്കുന്നു. പഴയ എ.ടി.എം കാര്‍ഡുകളും. അതൊക്കെ തൂത്തുകളയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
കളഞ്ഞില്ലെന്നുമാത്രം. കാരണം, അവള്‍ പറഞ്ഞു: 'മോന്‍ സൂക്ഷിക്കുന്നതാ. അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കാനാണെന്നു തോന്നുന്നു.'
ഞാന്‍ യോജിച്ചു: 'കളയേണ്ട. ആവശ്യമില്ലെങ്കില്‍ പിന്നീട് കളയാമല്ലോ.'
ദിവസം മുഴുവന്‍ ഞങ്ങള്‍ ശുചീകരണം നടത്തി. ഭക്ഷണം പുറത്തുനിന്നും വരുത്തി. അതിന്റെ പാക്കിംഗ് കടലാസും റബ്ബര്‍ബാന്റുമൊക്കെ വൃത്തിയാക്കി അലമാരയിലെ ശേഖരത്തില്‍ ചേര്‍ത്തു. ഒന്നും ഒഴിവാക്കാന്‍ പറ്റിയില്ല എന്നു പറഞ്ഞുകൂടാ. പഴയ കലണ്ടറുകളില്‍നിന്നും ഓരോന്ന് മാറ്റിവെച്ച് (ആവശ്യം വന്നെങ്കിലോ) ബാക്കി ഞങ്ങള്‍ കത്തിച്ചു. ഗ്യാരണ്ടി കാലാവധി കഴിഞ്ഞ ബള്‍ബ് പെട്ടികള്‍ ഒഴിവാക്കി. അത്യാവശ്യമല്ലെന്നു കണ്ടെത്തിയ ഏതാനും കൂറകളെ എടുത്തുമാറ്റി. വളരെ പഴയ കുറെ ഇന്‍ലന്‍ഡും തപാല്‍ സ്റ്റാമ്പും കീറിപ്പറിഞ്ഞ ഒരു പഴഞ്ചന്‍ പാന്റും എല്ലാം കൂട്ടിയിട്ട് കത്തിച്ചു.
സന്തോഷത്തോടെ നന്നായുറങ്ങി.
പിറ്റേന്ന് മോന്‍ ചോദിക്കുന്നു: 'എന്റെ ജീന്‍സെവിടെ?' ഞങ്ങള്‍ പുറത്തേക്കോടി. കത്താന്‍ ബാക്കിയുണ്ടായിരുന്നത് കുറച്ച് തപാല്‍ സ്റ്റാമ്പ് മാത്രം. ഞാന്‍ അത് എടുത്ത്, പൊടി തട്ടി, ശ്രദ്ധാ പൂര്‍വം നിവര്‍ത്തി, എന്റെ മേശവലിപ്പില്‍ കൊണ്ടുവച്ചു. എങ്ങാനും ആവശ്യം വന്നാലോ!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top