നിനച്ചിരിക്കാതെ ഒരുനാള്‍

അഷ്‌റഫ് കാവില്‍ No image

കാനല്‍ജലം 01

ഹോസ്പിറ്റലിന്റെ പതിനേഴാമത്തെ നിലയിലാണ് ഡോക്ടര്‍ മസൂദ്ഹസന്റെ കണ്‍സള്‍ട്ടിംഗ് റൂം.
സാധാരണ നിലയില്‍ തിരക്കേറിയ ഒരു ഡോക്ടറുടെ പരിശോധനാ റൂം താഴത്തെ നിലയിലാകേണ്ടതാണ്.
ലിഫ്റ്റില്‍ കയറുമ്പോള്‍ അതായിരുന്നു മനസ്സിലെ ചിന്ത. കൈയില്‍ കരുതിയ ഫയലില്‍, എക്‌സറേ, സ്‌കാനിംഗ്, റിപ്പോര്‍ട്ടുകളും ബ്ലഡ് ടെസ്റ്റിന്റേയും മറ്റുലൊട്ടുലൊടുക്കു പരിശോധകരുടേയും റിപ്പോര്‍ട്ടുകളുമുണ്ട്. അഞ്ചേമുക്കാല്‍ അടി ഉയരവും എഴുപത്തിമൂന്നു കിലോ തൂക്കവുമുള്ള ഒരു ശരാശരി മനുഷ്യന്റെ രോഗ നിര്‍ണയ രേഖകളാണ് ഇവയെല്ലാം..
ചിരിക്കാനാണു തോന്നുന്നത്.
ലിഫ്റ്റിലുള്ള സ്‌ക്രീനില്‍ വയലറ്റ് നിറത്തില്‍ അക്കങ്ങള്‍ തെളിയാന്‍ തുടങ്ങി. പതിനാല്... പതിനഞ്ച്..... പതിനാറ്....
ഇലക്ട്രോണിക് ഡോര്‍ ഒരു നേര്‍ത്ത ശബ്്ദത്തോടെ ഇരുഭാഗത്തേക്കുമായി തുറന്ന് അപ്രത്യക്ഷമായി.
പുറത്തിറങ്ങി......
മിക്കവാറും വിജനമായ നീണ്ട കോറിഡോര്‍; ചില്ലു ജാലകത്തിലൂടെ ഇളംനീല വര്‍ണങ്ങളില്‍ ഹാളിനകത്തേക്ക് പതിക്കുന്ന സൂര്യരശ്മികള്‍ അസാധാരണമായ അനുഭൂതി നല്‍കുന്നു. നിലത്ത് പതിപ്പിച്ചിരിക്കുന്ന വിലയേറിയ ഇറ്റാലിയന്‍ മാര്‍ബിളില്‍ കാല്‍ വഴുതിപ്പോയെങ്കിലോ എന്നു ഭയന്നു. സ്വന്തം പാദപതന ശബ്ദം പോലും മനസ്സിന് അകാരണമായ ഭീതി നല്‍കുന്നു. അല്‍പംകൂടി മുന്നോട്ടു നടന്നപ്പോള്‍ ഇടതു ഭാഗത്തായി ഇംഗ്ലീഷിലും അറബിയിലും എഴുതിയിരിക്കുന്നു.
കണ്‍സള്‍ട്ടിംഗ് റൂംസ്...
ഭംഗിയായി ഒതുക്കിവെച്ചിരിക്കുന്ന ഇരിപ്പിടങ്ങളില്‍ തങ്ങള്‍ക്കായുള്ള ഊഴവും കാത്തിരിക്കുന്ന രോഗികള്‍, ബന്ധുജനങ്ങള്‍, ഭീമാകരമായ ശരീരത്തോടു കൂടിയ ഒന്നുരണ്ടു അറബിച്ചെറുക്കന്‍മാരെ കണ്ടു.
ദുര്‍മേദസ്സായിരിക്കും പ്രശ്‌നം. കമ്പ്യൂട്ടര്‍ ഗെയിമിലും ടി.വിക്കു മുമ്പിലുമിരുന്ന് ചോക്ക്‌ലേറ്റും, ചീസും, കബാബും, കഴിച്ച് കൊഴുത്തുപോയ കൊച്ചു മാംസമലകള്‍..
കണ്‍സള്‍ട്ടിംഗ് ക്യാബിനുകള്‍ അടുത്തടുത്തായി കൊച്ചു കുടാരങ്ങള്‍ പോലെ കാണപ്പെട്ടു.
ഡോക്്ടര്‍മാരുടെ പേരുവായിച്ചു നടക്കുന്നതിനിടെ തെളിഞ്ഞ വയലറ്റ് അക്ഷരങ്ങളില്‍ പേരുകളുണ്ട്.
ഡോ: മസൂദ് ഹസന്‍ (ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ്) ഒന്നു കൂടി ബോര്‍ഡില്‍ പേരുവായിച്ചു.
സൈക്യാട്രിസ്റ്റിനെ കാണിക്കാന്‍ തനിക്കതിന് മാനസിക തകരാറുകള്‍ ഒന്നുമില്ലല്ലോ....പിന്നെ!
അമ്പരപ്പോടെ ടോക്കണ്‍ നമ്പര്‍ നോക്കി.
അതെ. മസൂദ് ഹസന്‍ തന്നെ. ടോക്കണ്‍ നമ്പര്‍ മുപ്പത്തിനാല്. തൊട്ടടുത്തിരിക്കുന്ന ഒരു ഫിലിപ്പൈനിയോട് ഇംഗ്ലീഷില്‍ തിരക്കി. സുഹൃത്തേ. എത്രാം നമ്പറാണ് ഉള്ളില്‍...
മുപ്പത്തിയൊന്ന്
താങ്ക്‌സ്
അയാള്‍ ഇറുങ്ങിയ കണ്ണുകള്‍ വികസിപ്പിച്ച് ശിശു സഹജമായ നിഷ്‌കളങ്കതയോടെ ചിരിച്ചു.
ഫിലിപ്പൈനി മുപ്പത്തിരണ്ടാം നമ്പറാണ്.
എന്താണ് പ്രശ്‌നം എന്ന് ചോദിക്കാന്‍ തുനിഞ്ഞതാണ്. പെട്ടെന്നുതന്നെ ആ ഉദ്യമത്തില്‍നിന്നും പിന്തിരിഞ്ഞു. ഇത് സൈക്യാട്രിസ്റ്റിനെ കാണാനായി ഇരിക്കുന്നവരാണ്. ഒന്നും ചോദിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നന്നാവുക. ഫിലിപ്പൈനി കയറിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി. അടുത്ത ടോക്കണ്‍ എത്തിയിട്ടില്ല. അപ്പോള്‍ കടക്കേണ്ടത് താനാണ്..
എന്താണ് ഡോക്്ടര്‍ ചോദിക്കുക?
എങ്ങനെയാണ് മറുപടി പറയുക?
ടോക്കണനുസരിച്ച് പച്ചനിറത്തില്‍ അക്കം ഡയലില്‍ തെളിയുകയാണ് ചെയ്യുക. കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന ശബ്ദം ഒരകമ്പടിയായി കൂടെ ഉയരും.
തേര്‍ട്ടി ത്രീ എന്ന് മൂന്നുവട്ടം വിളിച്ചെങ്കിലും ആളില്ലാത്തതിനാല്‍ യന്ത്രശബ്്ദം മുഴങ്ങി. തേര്‍ട്ടി ഫോര്‍.. ജമാല്‍ അഹമ്മദ് ഫ്രം കേരള - ഹിന്ദി
ക്യാബിനുള്ളിലേക്ക് കടക്കുമ്പോള്‍ മനസ്സ് ആകെ പരിഭ്രമത്താലും അജ്ഞാതമായ ഒരു വിഷാദത്താലും പുകയാന്‍ തുടങ്ങി.
ഇടുപ്പെല്ലിന്റെ വേദന കാണിക്കാനായി വന്ന് അവസാനം സൈക്യാട്രിസ്റ്റിന്റെ അടുത്ത് എത്തിപ്പെട്ടതിലുള്ള സാംഗത്യമാണ് ഇനിയും മനസ്സിലാകാത്തത്.
ഫഌഷ് ഡോര്‍ നേര്‍ത്ത ശബ്്ദത്തോടെ പിന്നിലടഞ്ഞു. ഏതോ ഹിന്ദി സിനിമയിലെ നായകനപ്പോലെ തോന്നിപ്പിക്കുന്ന മുഖഭാവവുമായി ഡോ: മസൂദ് ഹസന്‍ ആകര്‍ഷകമായി പുഞ്ചിരിച്ചു. പ്ലീസ് ടേക്ക് യുവര്‍ സീറ്റ്
താങ്ക്‌യൂ... ശബ്ദത്തിന് അല്‍പം വിറ വന്നോ?
ഇരിപ്പിടത്തില്‍ ഇരുന്നതും മയമുള്ളതുകൊണ്ട് താണു പോകുന്നതുപോലെ തോന്നി.
മി. ജമാല്‍ അഹമ്മദ്.. യുനോ.. അണ്ടര്‍സ്റ്റാന്റ് ഇംഗ്ലീഷ്..
യെസ്.. ഐ ആം.. യുമെ പ്ലീസ് പ്രൊസീഡ്...
ഡോക്്ടര്‍, ഇരിപ്പിടത്തില്‍ ഒന്നിളകിയിരുന്നു. അയാളുടെ ചുവന്നുതുടുത്ത മുഖത്ത് എ.സി. റൂമായിരുന്നിട്ടും വിയര്‍പ്പ് പൊടിഞ്ഞിരുന്നു.
കാഴ്ചക്ക് ഈജിപ്ഷ്യനാണ്. അല്ലെങ്കില്‍ മൊറോക്കോ, ടുണീഷ്യ, സിറിയ.. അതുപോലുള്ള ഏതെങ്കിലും രാജ്യങ്ങള്‍.
ഡോക്്ടര്‍ പുഞ്ചിരിയോടെ കേസ് ഡയറി പരിശോധിക്കാന്‍ തുടങ്ങി. പിന്നെ രോഗനിര്‍ണയം നടത്തിയ റിപ്പോര്‍ട്ടുകളിലൂടെ കണ്ണോടിച്ചു.
ഡോക്്‌റുടെ കണ്ണുകളുമായി തന്റെ കണ്ണുകള്‍ കോര്‍ത്തപ്പോള്‍ മനസ്സിലായി. താനാണ് പൂരിപ്പിക്കേണ്ടത്..
ഡോക്്ടര്‍.. എനിക്കിനിയും മനസ്സിലാകാത്തത് ഇതാണ്. ഊരവേദനയുമായി വന്ന ഞാന്‍ എങ്ങനെ നിങ്ങളുടെ മുമ്പില്‍ എത്തിപ്പെട്ടു എന്നത്. ഇനി, അവര്‍ക്ക് വല്ല സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായിരിക്കുമോ?
ഡോക്്ടര്‍ ശബ്്ദമില്ലാതെ ചിരിച്ചു. പിന്നെ ഗൗരവഭാവം തിരിച്ചെടുത്ത് പറഞ്ഞു തുടങ്ങി.
'ജമാല്‍ അഹമ്മദ് ഫ്രം കേരള.. ഇന്ത്യ..'
'അതെ..'
'സീ..മി. ജമാല്‍ അഹമ്മദ്. മറ്റാരേക്കാളും സെന്‍സ് ഓഫ് ഹ്യൂമര്‍ നിങ്ങള്‍ മലയാളികള്‍ക്ക് കൂടുതലാണെന്നറിയാം. ഇതും അക്കൂട്ടത്തില്‍ പെടുത്താവുന്നാതാണ്. ദുബായിലെ ഏറ്റവും പ്രചാരമേറിയതും രാജകുടുംബത്തിനെപ്പോലും ചികിത്സിക്കുന്നതുമായ ഹോസ്പിറ്റലാണിത്. രോഗികളെ മാറിപ്പോകുക, കണ്‍സള്‍ട്ടിംങ്ങ് ഫിസിഷ്യന്‍സിന് തെറ്റുപറ്റുക ഇതൊന്നും സാമാന്യമായി പറഞ്ഞാല്‍ സംഭവ്യമല്ല.
കം റ്റു അവര്‍ മാറ്റര്‍.. ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. ഒരു സൈക്യാട്രിസ്റ്റ് എന്നുവെച്ചാല്‍ നിങ്ങളുടെ ധാരണ ഭ്രാന്തിന് ചികില്‍സിക്കുന്നയാള്‍ എന്നുള്ളതാണ്. അത് തീര്‍ത്തും തെറ്റാണ്. പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയ ചില വ്യത്യാസങ്ങള്‍, സ്വന്തം കാര്യങ്ങളിലുള്ള അമിതമായ ഉത്്കണ്ഠ ഇതൊക്കെ ഒരു കൗണ്‍സിലിങ്ങിലൂടെയോ മറ്റോ മാറ്റാവുന്നതാകും. അത് അശ്രദ്ധമായി അവഗണിച്ചാല്‍ ആത്മഹത്യയിലേക്കും മറ്റും നയിക്കുന്ന ഗുതുതര പ്രശ്‌നങ്ങളായി മാറിയെന്നും വരാം.
മനസ്സിലാകുന്നുണ്ടോ...'
സ്ഫുടമായ അയാളുടെ ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ ഒഴുക്ക് രസകരമായി തോന്നി.
'നിങ്ങള്‍ക്ക് മാനസികമായി ഒരു തകരാറുമില്ല കേട്ടോ, ഇനി ശാരീരിക തകരാറുണ്ടോ - അതുമില്ല. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സാരം. പെര്‍ഫെക്റ്റ്‌ലി യു ആര്‍ ഓള്‍ റൈറ്റ്. അപ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ന്യായമായ ഒരു സംശയമുണ്ട്. ഇങ്ങനെ ഒരു രോഗവുമില്ലാത്തയാളെ എന്തിനാണ് പരിശോധനക്കായി അയച്ചിരിക്കുന്നതെന്ന്. അതിനുള്ള മറുപടിയാണ് ഞാനിനി പറയാന്‍ പോകുന്നത്.'
ഡോക്്ടര്‍ പരിശോധനാ ഫലങ്ങളടങ്ങിയ ഫയല്‍ ഒരിക്കല്‍ കൂടി ഓടിച്ചു നോക്കി. ശേഷം അത് കവറില്‍ നിക്ഷേപിച്ചു.
'ബ്ലഡ് റിപ്പോര്‍ട്ടിലോ, സ്‌കാനിംഗ് റിപ്പോര്‍ട്ടുകളിലോ നിങ്ങള്‍ പറയുന്ന ഒരു പ്രശ്‌നവും കാണുന്നില്ല. എല്ലിന് തേയ്മാനമില്ല. എന്നു പറഞ്ഞാല്‍ രോഗം നിങ്ങളുടെ തോന്നല്‍ മാത്രമാണെന്ന് സാരം.'
അതു കേട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്.
'രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള കൈകാല്‍ കടച്ചില്‍ ബെഡ്ഡില്‍ നിന്ന് അനങ്ങാന്‍ പറ്റാത്ത വിധമുള്ള ഊരവേദന ഇതൊക്കെ തോന്നലാണെന്നോ?'
ഡോക്്ടര്‍ മേശപ്പുറത്തുണ്ടായിരുന്ന ഫഌസ്‌കില്‍ നിന്നും ചുടുകാപ്പി കപ്പിലേക്ക് പകര്‍ന്നു. വാനില ചേര്‍ത്ത കൊക്കോയുടെ രുചിയുള്ള കാപ്പി അല്‍പാല്‍പമായി മൊത്തിക്കുടിച്ചു. ക്ഷീണം നിശ്ശേഷമകന്നതു പോലെ.
'നിങ്ങള്‍ക്ക് അല്‍പം നീണ്ട ഒരു വിശ്രമത്തിന് സമയമായിരിക്കുന്നു.'
'ഡോക്്ടര്‍ പറഞ്ഞു വരുന്നത്..'
'ജോലി ഉപേക്ഷിക്കണം എന്നു ഞാന്‍ പറയില്ല. അത് നിങ്ങളുടെ ജീവിതമാണ്. പക്ഷേ, ഒന്നു രണ്ടു വര്‍ഷത്തേക്ക് ജോലിയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കണം...'
അത് കേട്ടതും മനസ്സിലെ തിരി കെട്ടതുപോലെ. ചുറ്റും ഇരുട്ടു പരന്നതുപോലുള്ള ഒരനുഭവം.
രണ്ടാമത്തെ മകളെ കെട്ടിച്ചയച്ചതിന്റെ ബാധ്യതകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഒരു മൂന്നു ലക്ഷം അതിന് ഇനിയും വേണം. മകന്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എക്ക് പഠിക്കുകയാണ്. വര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളമാണ് ചെലവ്. ഇളയമകള്‍ പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുന്നു. എന്റെ കാര്യം കൂടി ഓര്‍ക്കണേ - എന്ന മട്ടില്‍. കൂടാതെ ഭാരിച്ച വീട്ടു ചെലവുകളും..
ഒക്കെ കൂടി മനസ്സിലേക്ക് ഒരു പേമഴ പോലെ ഇരമ്പിപ്പെയ്യാന്‍ കാത്തു കിടക്കുന്നതു പോലെ തോന്നി.
'പറയൂ.. എന്താണ് തീരുമാനം?'
'ഡോക്്ടര്‍.. ജോലി ഉപേക്ഷിച്ചുപോകാനുള്ള ഒരു പരിതസ്ഥിതിയിലല്ല ഞാനിപ്പോള്‍... എടുക്കാന്‍ വയ്യാത്ത ഭാരമാണ് ചുമലില്‍..' ശബ്്ദത്തിന്റെ ഇടര്‍ച്ച മനസ്സിലായിട്ടാകണം ഡോക്്ടര്‍ സംസാരം അവസാനിപ്പിക്കും വിധം പറഞ്ഞു:
'ഓ.കെ.. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്റെ ചില നിര്‍ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു എന്നുമാത്രം. തീരുമാനം നിങ്ങളുടേത് മാത്രമാണ്..
ഇപ്പോള്‍ ചെയ്യുന്ന ജോലി സമ്മര്‍ദ്ദമേറിയതാണെങ്കില്‍ കുറഞ്ഞ മറ്റെന്തെങ്കിലും ജോലിയില്‍ തുടര്‍ന്നുകൂടാ എന്നുണ്ടോ?
എന്റെ നിഗമനം ഇതാണ്. കുടുംബത്തിന്റെ സാനിധ്യം താങ്കളുടെ ആന്തരിക മനസ്സ് അതിയായി കൊതിക്കുന്നു. തുടര്‍ച്ചയായി ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍.. അരക്ഷിതാവസ്ഥ, ജോലി മൂലമുള്ള സമ്മര്‍ദ്ദം, ഇതൊക്കെ താങ്കളെ വിഷാദരോഗത്തിലേക്ക് പിടിച്ചു താഴ്ത്തിയെന്നിരിക്കും. പിന്നീട് ഒരു തിരിച്ചു വരവ് അസാധ്യമെന്നു വന്നേക്കാം.'
താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ആകെ തകര്‍ന്നു പോയിരുന്നു. എങ്കിലും ഡോക്്ടര്‍ പറഞ്ഞത് വളരെ ശരിയാണെന്നു ബോധ്യപ്പെട്ടു.
രണ്ടു ചിന്തകളുടെ ഉഗ്രന്‍ സംഘട്ടനമായിരുന്നു പിന്നീട് മനസ്സില്‍ നടന്നത്.
എല്ലാമുപേക്ഷിച്ച് പരിപൂര്‍ണ വിശ്രമത്തിനായി നാട്ടിലെത്തുക എന്ന ഒരു ചിന്ത. ബാധ്യതകള്‍ തീര്‍ക്കേണ്ടത് ഗൃഹസ്ഥനാണല്ലോ. അതുകൊണ്ട് ഏതു വിധേനയും ഇവിടെത്തന്നെ പിടിച്ചു നില്‍ക്കുക എന്ന മറു ചിന്തയും.
പിറ്റേന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. സഹമുറിയന്‍ ജോണ്‍ കൈപിടിച്ച് എഴുന്നേല്‍പിച്ചപ്പോള്‍ ശരിക്കും കരഞ്ഞുപോയി.
'എന്നാലും ചങ്ങാതീ..തന്റെ ശരീരത്തിന്റെ ആരോഗ്യം ശരിയാക്കാനെങ്കിലും കുറച്ചുനാള്‍ നാട്ടില്‍ പോയി നിന്നുകൂടെ. നാല്‍ക്കാലിയെപ്പോലെ പണിയെടുത്താലും എന്നും നമ്മുടെ സ്ഥിതി ഇങ്ങനെത്തന്നെയായിരിക്കും. കടം, പിന്നേയും കടം, മോളെ കെട്ടിക്കല്‍, ബന്ധുക്കളെ സഹായിക്കല്‍, സംഭാവനകള്‍.. ഇതൊക്കെ തീര്‍ക്കുന്നതിനിടയില്‍ ഒരു വേദന.. പിന്നെ..'
അവന്റെ സംസാരവും കൂടി കേട്ടതോടെ പിന്നെ ഒന്നും മറിച്ച് ചിന്തിക്കാന്‍ തോന്നിയില്ല.
ഉടനെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.
മൂത്ത മോളാണ് മറുതലക്കല്‍
'ങ്ങ്ആ.. മോളീ.... നീയെപ്പം വന്നെടീ..'
അവള്‍ പരിഭവിച്ചു: 'ഉപ്പ എന്നെ വിളിച്ചിട്ട്.. ഇന്നേക്ക് ദെവസം എത്രയായീന്നറിയോ.. എട്ട് ദിവസം..'
'ഉപ്പ .. ഓരോ തെരക്കില്‍പെട്ട് പോയതോണ്ടാടീ മക്കളൊക്കെയില്ലേ.'
'ഓരിവിടണ്ട്... മോനേ.. ദില്‍ഷാദേ..'
കൊച്ചു മോനോട് എന്തോ തമാശ പറയാന്‍ പുറപ്പെട്ടതും അവന്‍ സീരിയസായി ചോദിച്ചു:
'ഉപ്പാപ്പ വരുമ്പം ടോയ്‌സൊന്നും വേണ്ടട്ടോ..'
അതെന്താ വാല്‍സല്യത്തോടെ ചോദിച്ചു:
'ഐ പാഡ് മതി..'
'ഐപാഡോ.. അതൊക്കെ മുതിര്‍ന്നവര്‍ക്കുള്ളതല്ലേടാ...'
'ന്റെ ക്ലാസില് മൂന്ന് കുട്ട്യോള്‍ക്ക് ഐപാഡുണ്ട്...
അവരൊക്കെ എന്നെക്കാള്‍ വലുപ്പം കൊറഞ്ഞോരാ...'
'തമ്പുരാനേ..' അറിയാതെ വിളിച്ചുപോയി.
പിന്നെ അവനോട് ഒന്നും ചോദിക്കാന്‍ ധൈര്യം വന്നില്ല. ഇത്രയും കാലം ഗള്‍ഫില്‍ ജീവിച്ചിട്ട് വെറും ഇരുപത്തിയഞ്ച് ദിനാറിന്റെ സെല്‍ഫോണാണ് ഉപയോഗിക്കുന്നത്. അഞ്ചാം ക്ലാസുകാരന്റെ ആവശ്യം ഇതാണെങ്കില്‍ പ്ലസ്ടുവിന് പഠിക്കുന്ന ഇളയമകന്റെ ആവശ്യം എന്തായിരിക്കും.
രാത്രി സ്വകാര്യമായി ഭാര്യയെ ലൈനില്‍ കിട്ടി.
കാര്യങ്ങള്‍ സാവകാശത്തില്‍ അവളോടു പറഞ്ഞു. അത് കേട്ടതും അവള്‍ കരയാന്‍ തുടങ്ങി.
'അതിന് മാത്രം ഒന്നുല്ലെടീ.. ഒന്ന് രണ്ട് കൊല്ലാം വിശ്രമിച്ചാ ഒക്കെ ശര്യാവുന്നാ ഡോക്്ടറ് പറഞ്ഞത്..'
അവള്‍ക്ക് തന്നോടുള്ള സ്‌നേഹാധിക്യം ശരിക്കും മനസ്സിന് ഉന്മേഷം പകരുക തന്നെ ചെയ്തു.
പക്ഷേ, തൊട്ടടുത്ത നിമിഷത്തില്‍ അവള്‍ ചോദിച്ചു.
'മോന്റെ പഠിപ്പും, മോളെ കല്ല്യാണവും കൂടി നടന്നിട്ട് ങ്ങള് പോന്നാലും വേണ്ടീല്ലായിരുന്നു. ഇതിപ്പോ..'
ആ മറുപടിയുടെ തീവ്രതയില്‍ കുറേ നേരം സ്തബ്ധനായി നിന്നു. പിന്നെ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു കിടന്നുറങ്ങി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top