ബദറുദ്ദീന്‍

അബൂജാസിം, കരുവാരക്കുണ്ട് No image

സാഖ് പള്ളിക്കരയുടെ ബദര്‍പാടിയ കവിത (ഒക്ടോബര്‍ ലക്കം) വായിച്ചു നല്ല കഥ. നല്ല അവതരണവും. ഇത്തരം ആടുജീവിതങ്ങള്‍ ഗള്‍ഫില്‍ ധാരാളമുണ്ട്. അതൊക്കെ ശേഖരിച്ച് നാട്ടുകാരെ അറിയിക്കണം. എന്നാലെ ഗള്‍ഫുകാരന്റെ യഥാര്‍ഥചിത്രം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മനസ്സിലാവുകയുള്ളൂ. പ്രവാസികളില്‍ ചെറിയൊരു ശതമാനം ഒഴിച്ചാല്‍ ഭൂരിഭാഗവും ഇങ്ങനെ കഷ്ടപ്പെടുന്നവരാണ്.

അത്ര തീഷ്ണമല്ലെങ്കിലും ഈയുള്ളവനും ചില ഓര്‍മകള്‍ പങ്കിടാനുണ്ട്. 1983 കാലം അബുദാബിയിലാണ്. ഞാന്‍ പുതിയ മാര്‍ക്കറ്റില്‍ പോയി കടമ്മനിട്ടക്കവിതയുടെ ഒരു കാസറ്റ് വാങ്ങി. റൂമില്‍ വന്ന് കാട്ടാളക്കവിത കേള്‍ക്കുകയാണ്. ഈ അസാധാരണ ശബ്ദം കേട്ട സഹമുറിയ•ാര്‍ക്ക് അരിശം വന്നു. അവര്‍ നാലഞ്ചു തിരൂര്‍ക്കാര്‍ വന്ന് എന്റെ കഴുത്തിന് മുറുക്കിപ്പിടിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മേലില്‍ ഇതാവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പ് കിട്ടിയ ശേഷമാണ് അവര്‍ പിടിവിട്ടത്. പിന്നീട് ഞാന്‍ കടമ്മനിട്ട കവിത കേട്ടിട്ടില്ല.

കവിതയുടെ കാര്യം


ഴിഞ്ഞ ലക്കം (നവംബര്‍) ആരാമത്തിലെ മുംതസ്.സി എഴുതിയ കവിതകള്‍ നല്ല നിലവാരം പുലര്‍ത്തി. സമകാലിക വിഷയങ്ങളെന്തും നാലുവരി കവിതയാക്കിയാലേ പ്രസിദ്ധീകരിക്കപ്പെടുകയുള്ളൂ എന്ന പുതിയ ട്രെന്റ് മാറ്റിവെക്കുന്ന തരത്തിലായത് കൂടുതല്‍ നന്നായി. രണ്ടും മൂന്നും കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയ ഒരാളുടെ കവിതകളില്‍ വായിക്കാന്‍ പറ്റിയത് നാമമാത്രം എന്നത് ഖേദകരം തന്നെ. 'എഴുത്ത്' എഴുതിത്തെളിയേണ്ടത് തന്നെയാണ്. വായനയും അതോടൊപ്പം വേണം. യഥാര്‍ഥ കവികള്‍ ആരെല്ലാമെന്ന് നമുക്കറിയാം. അവരുടെ കവിതകള്‍ എപ്പോഴും തികഞ്ഞതു തന്നെ. ഒന്നാം എഡിഷനില്‍ പ്രസിദ്ധീകരിച്ചത് രണ്ടാം എഡിഷനില്‍ തിരുത്തിയെഴുതേണ്ട ആവശ്യവും അവര്‍ക്ക് ഉണ്ടാകില്ല. ഒരേ കവിത വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിലേക്ക് ഒരേസമയം അയച്ചുകൊടുത്ത് പ്രസാധകരെ മാനം കെടുത്തുന്ന കവികളുടെ എണ്ണവും ഈയിടെ വര്‍ധിച്ചിട്ടുണ്ട്. കുറെയേറെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നവര്‍ക്ക് ഇത്തരം ചെയ്തികളോട് മടുപ്പായിരിക്കും. ആരാമം ഇത്തരക്കാരെ തിരിച്ചറിയണം.

ബാസിമ, മലപ്പുറം

നല്ല ഭരണത്തിനുളള വോട്ട്


പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ശക്തമായി പറയുന്ന ഇന്ത്യന്‍ ഭരണഘടനക്ക് ഒട്ടും വില കല്‍പിക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളാണ് ഉയര്‍ന്നുവരുന്നതെന്ന് പറഞ്ഞുകൊണ്ട് ഇ.സി ആയിശ എഴുതിയ ലേഖനം വായിച്ചു. നമ്മുടെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും വേണ്ടി അധികാരവും ഫണ്ടും ഉപയോഗിക്കുന്ന കാര്യത്തില്‍ എത്രത്തോളം ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തുന്നുണ്ട് എന്ന് വിചിന്തനം നടത്തേണ്ട സമയത്തുതന്നെ പ്രസിദ്ധീകരിക്കാനായത് ഉചിതമായി.

നാഫില. എം, നരിക്കുനി

വഴിയോര വായനശാല


വായന മരിച്ചു, മരിച്ചിട്ടില്ല, പുനര്‍ജനിച്ചു എന്നൊക്കെ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും കാര്യമായ വായന നടക്കുന്നത് എങ്ങനെയെന്ന കാര്യത്തിലാണ് വൈവിധ്യമുളളത്. ലൈബ്രറികള്‍ കയറിയിറങ്ങി അവധി തീരുന്നതിന് മുമ്പ് വായിച്ചുതീര്‍ത്ത് തിരിച്ചുകൊടുത്തിരുന്നതും, ഒരാളെടുത്തിരുന്ന പുസ്തകം 'കൊടുക്കുമ്പോള്‍ പറയണം എനിക്കതെടുക്കാന്‍' എന്ന രീതിയുമെല്ലാം ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു. വായന ഓണ്‍ലെനായും മറ്റു മീഡിയകള്‍ വഴിയും നടക്കുന്നുമുണ്ട്. എന്തുതന്നെയായാലും വഴിയോരത്തുനിന്ന് പുസ്തകങ്ങളെടുക്കാനും അത് വായിക്കാനും ഭാഗ്യമുളള പുതുത ലമുറയെ ആരാമത്തിലൂടെ അറിഞ്ഞപ്പോള്‍ വളരെ ഇഷ്ടം തോന്നി. അത് വായിച്ചുരസിക്കുന്നതിനു പകരം അത്തരമൊന്ന് തുടങ്ങാനായെങ്കില്‍ എന്ന ആവേശമാണ് മനസ്സിലിപ്പോള്‍.

ഫെബിന നൂറുദ്ദീന്‍,
തിരൂര്‍ക്കാട്

അശ്ലീല സൈറ്റുകള്‍ തിരിച്ചറിയുക


നെറ്റ് അഡിക്ഷന്‍ ഡിസോര്‍ഡറിന് അടിമയായ 70 ശതമാനത്തോളം യുവാക്കള്‍ കേരളത്തിലുണ്ടെന്ന് പറയുന്നത് ചെറിയ കാര്യമല്ല. ചെറുപ്രായക്കാര്‍ ഗെയിം കളിക്കാനായി ഫോണ്‍ എവിടെ കണ്ടാലും എടുത്ത് മുങ്ങും. വലിയവരുടെ ദൃഷ്ടിയില്‍ അവര്‍ കളിയിലായിരിക്കും. എന്നാല്‍ ഫോണ്‍ ഓപ്പറേഷന്‍ ഇപ്പോള്‍ വലിയവരേക്കാള്‍ നന്നായി വഴങ്ങുന്നത് കുട്ടികള്‍ക്കു തന്നെയാണ്. അവര്‍ എന്തെല്ലാമാണ് ഫോണില്‍ നടത്തുന്നതെന്ന് നമ്മള്‍ ഇപ്പോഴേ തിരിച്ചറിഞ്ഞില്ലെങ്കില്‍ നെറ്റ് അഡിക്ഷന്‍ ഡിസോര്‍ഡറിന് അടിമയാകുന്നവരുടെ ശതമാനം ഇനിയും വര്‍ധിക്കുമെന്നത് തീര്‍ച്ചയാണ്. തിരിച്ചറിവില്ലാത്ത പോണ്‍ കാലത്തെക്കുറിച്ച് പ്രൊഫ. നസീറ നജീബ് എഴുതിയത് അതിനാല്‍ തന്നെ തികച്ചും കാലികപ്രസക്തമാണ്.

നൂരിയ. എം, വടകര

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top