നീചമായ വ്യാജവൃത്തിക്ക് നിരോധം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ഖുര്‍ആനിലെ സ്ത്രീ 11

പ്രവാചക നിയോഗകാലത്ത് അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന വിവാഹമോചന രീതികളിലൊന്നാണ് ളിഹാര്‍, ഭാര്യയോട് ഭര്‍ത്താവ് നീ എനിക്ക് എന്റെ ഉമ്മയുടെ മുതുകുപോലെയാണ് എന്ന് പറയലാണത്. അഥവാ ''ഇനി ഞാന്‍ നീയുമായി ലൈംഗിക ബന്ധത്തിലേര്‍പെടുന്നത് എന്റെ ഉമ്മയുമായി വേഴ്ചയിലേര്‍പെടുന്നതു പോലെയാണ്.''

ഇങ്ങനെ പറയുന്നതോടെ ദമ്പതികള്‍ക്കിടയിലെ വിവാഹബന്ധം പൂര്‍ണമായും വേര്‍പിരിയുന്നു. പിന്നീട് ജീവിതത്തിലൊരിക്കലും ആ ബന്ധം പുനസ്ഥാപിക്കാനാവില്ല. മാതാവുമായി ഒരു കാരണവശാലും ബന്ധം സ്ഥാപിക്കാന്‍ പറ്റില്ലല്ലോ. ഒരു സ്ത്രീ ഒരിക്കല്‍ മതാവായാല്‍ പിന്നീടൊരിക്കലും അങ്ങനെ ആവാതാകില്ലതാനും. അതിനാല്‍ അക്കാലത്ത് ളിഹാറോടെ വിവാഹബന്ധം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു.

ഇസ്‌ലാമിക സമൂഹത്തിലും നാലുപേരുടെ ഭാഗത്തുനിന്ന് ഈ അത്യാചാരം നടന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ഏറെ പ്രമാദമായത് ഒൗസുബ്‌നു സ്വാമിതിന്റേതാണ്. പ്രമുഖ പ്രവാചകശിഷ്യന്‍ ഉബാദതുബ്‌നുസ്വാമിതിന്റെ സഹോദരനാണ് അദ്ദേഹം. പ്രായമേറെയായപ്പോള്‍ അദ്ദേഹം മുന്‍കോപിയായി മാറി. അതിനാല്‍ വിവേകരഹിതമായി പറയുകയും പെരുമാറുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ സഹധര്‍മിണി ഖസ്‌റജ് ഗോത്രക്കാരി ഖൗലയാണ്. ഥഅ്‌ലബയുടെ മകളാണവര്‍. കോപാകുലനായി പലതും വിളിച്ചുപറയുന്ന കൂട്ടത്തില്‍ അദ്ദേഹം ഖൗലയെ ളിഹാര്‍ ചെയ്തു. അതോടെ അത്യധികം അസ്വസ്ഥയായ ഖൗല പ്രചാകനെ സമീപിച്ച് സംഭവം വിശദീകരിച്ചു. തുടര്‍ന്ന് അവരിങ്ങനെ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരെ, എന്റെയും മക്കളുടെയും ജീവിതം തകരുന്നത് ഒഴിവാക്കാന്‍ എന്തെങ്കിലും പോംവഴി പറഞ്ഞുതരാമോ?

പെട്ടെന്നുള്ള പ്രവാചകന്റെ പ്രതികരണം ഇതായിരുന്നു: ''ഇക്കാര്യത്തില്‍ ഇതുവരെ എനിക്ക് അല്ലാഹുവിന്റെ വിധിയൊന്നും വന്നുകിട്ടിയിട്ടില്ല. നിങ്ങള്‍ അദ്ദേഹത്തിന് നിഷിദ്ധയായിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.''

ഇതു കേട്ടതോടെ ഖൗലയുടെ പ്രയാസം പതിന്മടങ്ങ് വര്‍ധിച്ചു. അവര്‍ തന്റെയും മക്കളുടെയും വൃദ്ധനായ ഭര്‍ത്താവിന്റെയും ജീവിതം തകരാതിരിക്കാന്‍ സഹായിക്കണമെന്ന് കേണുകൊണ്ടേയിരുന്നു. പ്രവാചകന്‍ താന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോള്‍ തന്നെ നബിതിരുമേനിയില്‍ ദിവ്യബോധനത്തിന്റെ അടയാളങ്ങള്‍ പ്രകടമായി. അങ്ങനെ 58-ാം അധ്യായത്തിലെ ആദ്യസൂക്തങ്ങള്‍ അവതീര്‍ണമായി. അതിങ്ങനെ പരിഭാഷപ്പെടുത്താം. ''തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോടു തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു, തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം കേള്‍ക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ചെയ്യുന്നു. എന്നാല്‍ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.'' (58: 1,2)

ഈ സൂക്തങ്ങളിലൂടെ അല്ലാഹു അനിസ്‌ലാമിക കാലത്തെ അനാചാരങ്ങള്‍ക്ക് അറുതിവരുത്തി. ളിഹാര്‍ വിവാഹമോചന രീതിയല്ലാതാക്കി. അതിലൂടെ വിവാഹബന്ധം വേര്‍പിരിയില്ലെന്ന് വ്യക്തമാക്കി. അതോടൊപ്പം അതിനെ ഗുരുതരമായ തെറ്റായി പ്രഖ്യാപിച്ചു. അത് നീചവും വ്യാജവുമാണെന്ന് വിധിയെഴുതി.

അതോടൊപ്പം ഈ സംഭവം ഖൗലയെ ശ്രേഷ്ഠയും അനശ്വരയുമാക്കി. അല്ലാഹുവിന്റെ ഇടപെടലിന് ഇടയാക്കിയ ആവലാതിക്കാരിയെന്ന നിലയില്‍ ഏറെ ശ്രദ്ധേയയാക്കി. ദൈവവിധി ചോദിച്ചുവാങ്ങിയവള്‍ എന്ന മഹത്വം അവര്‍ക്ക് ലഭിച്ചു.

ഉമറുല്‍ ഫാറൂഖ് ഭരണാധികാരിയായിരിക്കെ വഴിയില്‍ വെച്ച് ഖൗലയുമായി കണ്ടുമുട്ടി. അഭിവാദനപ്രത്യഭിവാദങ്ങള്‍ക്കു ശേഷം അവര്‍ പറഞ്ഞു: ''ഉമറേ, ഞാന്‍ അങ്ങയെ ഉക്കാള് ചന്തയില്‍ വെച്ച് കണ്ട കാലമുണ്ടായിരുന്നു. അന്ന് അങ്ങയെ കൊച്ചുഉമര്‍ (ഉമൈര്‍) എന്നാണ് വിളിച്ചിരുന്നത്. അന്ന് കയ്യിലൊരു വടിയുമായി ആടുകളെ മേച്ചുനടക്കുകയായിരുന്നു. ഏറെക്കാലം കഴിയുംമുമ്പെ അങ്ങയെ ഉമര്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പിന്നെ അങ്ങയെ അമീറുല്‍ മുഅ്മിനീന്‍ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ കാര്യത്തില്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹുവിനെ പേടിക്കുന്നവന് ദൂരെയുള്ളവനും ഉറ്റബന്ധുവിനെപ്പോലെയാണെന്ന കാര്യം മറക്കാതിരിക്കുക.''

ഇതുകേട്ട് ഖലീഫയുടെ കൂടെയുണ്ടായിരുന്ന ജാറൂദ് അബ്ദി പറഞ്ഞു: ''ഹേ, പെണ്ണേ, നീ അമീറുല്‍ മുഅ്മിനീനോടാണോ ഇങ്ങനെ മര്യാദയില്ലാതെ സംസാരിക്കുന്നത്?'

ഉടനെ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: ''അവര്‍ പറയട്ടെ, ഇവര്‍ ആരാണെന്നറിയില്ലേ, ഇവരുടെ വര്‍ത്തമാനം ഏഴാകാശത്തിനും മുകളില്‍ കേള്‍ക്കപ്പെട്ടിട്ടുണ്ട്. ഉമര്‍ അതുകേള്‍ക്കാന്‍ കൂടുതല്‍ കടപ്പെട്ടവനാണ്.''

ഖൗലയുമായുള്ള ഖലീഫാ ഉമറുല്‍ ഫാറൂഖിന്റെ സംസാരം ഖുറൈശി പ്രമുഖരുടെ സമയം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഒരാള്‍ പറഞ്ഞു: ''അമീറുല്‍ മുഅ്മിനീന്‍, അങ്ങ് ഈ കിഴവിക്കുവേണ്ടി ഇത്രയും നേരം ഖുറൈശി നേതാക്കളെ തടഞ്ഞുനിര്‍ത്തിയല്ലോ'.

ഉമറുല്‍ ഫാറൂഖിന്റെ പ്രതികരണം പെട്ടെന്നുണ്ടായി. 'അറിയാമോ, ഇത് ആരാണെന്ന്. ഥഅ്‌ലബയുടെ മകള്‍ ഖൗലയാണ്. അവരുടെ ആവലാതി ഏഴാകാശങ്ങളില്‍ കേള്‍ക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവാണ് ഇവരെന്നെ ഇരുളാകുന്നതുവരെ തടഞ്ഞുനിര്‍ത്തിയാലും ഞാന്‍ നില്‍ക്കും. നമസ്‌കാര സമയങ്ങളിലേ അവരോട് വിടുതല്‍ തേടുകയുള്ളൂ'.

ളിഹാറുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണമായ പശ്ചാത്തലത്തെ സംബന്ധിച്ച് മറ്റു മൂന്നു സംഭവങ്ങള്‍ക്കൂടി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനം സലമതുബ്‌നു സഖര്‍ബയാദിയുടേതാണ്. അദ്ദേഹം അസാധാരണ ലൈംഗികാസക്തിയുള്ള ആളായിരുന്നു. റമദാന്റെ പകല്‍വേളയില്‍ നോമ്പുകാരനായിരിക്കെ ഭാര്യയെ സമീപിച്ചേക്കുമോയെന്ന ആശങ്കയാല്‍ റമദാന്‍ കഴിയുംവരെ ഭാര്യയെ ളിഹാര്‍ ചെയ്തു. എന്നാല്‍ അദ്ദേഹത്തിനത് പാലിക്കാന്‍ കഴിഞ്ഞില്ല. റമദാന്റെ ഒരു രാത്രിയില്‍ ഭാര്യയെ സമീപിച്ചു. പശ്ചാത്താപവിവശനായ അദ്ദേഹം പ്രവാചകനെ സമീപിച്ച് സംഭവം വിശദീകരിച്ചു.

ഒരാള്‍ വായകൊണ്ടു പറഞ്ഞതുകൊണ്ടുമാത്രം ഭാര്യ മാതാവാകുകയില്ല. മാതാവിന്റെ സ്ഥാനവും പവിത്രതയും മഹത്തരമാണ്. അതിനാല്‍ പ്രകൃതിപരമോ, നിയമപരമോ, ധാര്‍മികമായോ മറ്റേതെങ്കിലും തലത്തിലോ ഭാര്യ ഉമ്മയാവുകയില്ല. അതുകൊണ്ടുതന്നെ ഭാര്യയെ ഉമ്മയോട് സമാനയാക്കുന്നത് ഗുരുതരമായ തെറ്റും കുറ്റവുമാണ്. നീചമായ വ്യാജപ്രസ്താവമാണത്. അതിനാല്‍ പ്രായശ്ചിത്തം അനിവാര്യമാണ്. അല്ലാഹു പറയുന്നു:

''തങ്ങളുടെ ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് പിന്മാറുകയും ചെയ്യുന്നവര്‍; ഇരുവരും പരസ്പരം സ്പര്‍ശിക്കുംമുമ്പെ ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു. ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തുംമുമ്പെ പുരുഷന്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍ അയാള്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം. നിങ്ങള്‍ക്ക് അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണിത്. അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.''(58:3,4)

ഔസുബ്‌നു സ്വാബിതിനോടും സലമതുബ്‌നു സഖറിനോടും നബിതിരുമേനി അടിമയെ മോചിപ്പിക്കാനാവശ്യപ്പെട്ടു. ഔസും സലമയും തങ്ങളുടെ കഴിവുകേടുകള്‍ വ്യക്തമാക്കി. അപ്പോള്‍ നബിതിരുമേനി രണ്ടുമാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കാന്‍ നിര്‍ദേശിച്ചു. ഇതുകേട്ട് ഔസ് പറഞ്ഞു. മൂന്നു നേരം തിന്നുകയും കുടിക്കുകയും ചെയ്തില്ലെങ്കില്‍ കണ്ണുകേടാവുന്ന രോഗമുള്ളവരാണ് ഞങ്ങളുടെ ഗോത്രക്കാര്‍. സലമയുടെ മറുപടി മറ്റൊന്നായിരുന്നു. ''നോമ്പുസമയത്ത് ക്ഷമിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഞാന്‍ ഈ അപകടത്തിലകപ്പെട്ടത്.'' നബിതിരുമേനി ഇരുവരോടും അറുപത് അഗതികള്‍ക്ക് അന്നം നല്‍കാന്‍ കല്‍പിച്ചു. അപ്പോള്‍ ഔസ് പറഞ്ഞു: 'അതിനുള്ള സാമ്പത്തിക കഴിവ് എനിക്കില്ലല്ലോ. അങ്ങ് എന്നെ സഹായിച്ചാലല്ലാതെ.' അങ്ങനെ നബിതിരുമേനി അദ്ദേഹത്തിന് അറുപത് അഗതികള്‍ക്ക് രണ്ടുനേരത്തിനാവശ്യമായ അന്നം നല്‍കി. സലമയുടെ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. അദ്ദേഹം പറഞ്ഞു. 'അന്തിപ്പട്ടിണിക്കാരായ ദരിദ്രരാണ് ഞങ്ങള്‍.' അപ്പോള്‍ സുറൈഖ് ഗോത്രം കൊടുത്തയച്ച സകാത്തില്‍നിന്ന് അറുപത് പേര്‍ക്കാവശ്യമായ ആഹാരം പ്രവാചകന്‍ അദ്ദേഹത്തിന് അനുവദിച്ച് കൊടുത്തു.

ഒരുപക്ഷേ, വ്യത്യസ്ത വ്യക്തികളുടെ പേരില്‍ രേഖപ്പെടുത്തപ്പെട്ട ഈ രണ്ടു സംഭവങ്ങളും ഒന്നിനെക്കുറിച്ച് തന്നെയായിരിക്കാം. ഏതായാലും ഇവ രണ്ടിലും ഏറെ വിഖ്യാതം ഖൗലയുടെ ഭര്‍ത്താവ് ഔസുബ്‌നു സാബിതിന്റേതാണ്.

ഏതായാലും ളിഹാര്‍ അതിഗുരുതരമായ കുറ്റകൃത്യമാണെന്നും അതിന് പ്രായശ്ചിത്തം കൂടിയേ തീരൂവെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മറ്റു പലപാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തംപോലെത്തന്നെ അടിമയെ മോചിപ്പിക്കലും സാധ്യമല്ലെങ്കില്‍ രണ്ടുമാസത്തെ തുടര്‍ച്ചയായ നോമ്പും അതിനും സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്കുള്ള അന്നദാനവുമാണ് അതിനുള്ള പരിഹാരം. ളിഹാര്‍ ചെയ്താല്‍ പ്രായശ്ചിത്തം ചെയ്യുന്നതുവരെ ഭാര്യയുമായി ലൈംഗികബന്ധം നിഷിദ്ധമാണ്. അഥവാ ആ സമയത്ത് അവര്‍ ഭാര്യയുമല്ല; അന്യയുമല്ല; ളിഹാര്‍ ചെയ്യപ്പെട്ട സ്ത്രീയുമായി ദാമ്പത്യബന്ധം സ്ഥാപിക്കുന്നില്ലെങ്കില്‍ പ്രായശ്ചിത്തം ആവശ്യമില്ലെന്നാണ് പണ്ഡിതമതം.

പുരുഷന്‍ ചെയ്യുന്ന ളിഹാറില്‍ സ്ത്രീക്ക് ഒരു പങ്കുമില്ലാതിരിക്കെ അവരനുഭവിക്കുന്ന ദാമ്പത്യനഷ്ടം ഒഴിവാക്കാന്‍ പുരുഷനെ പ്രായശ്ചിത്തത്തിന് നിര്‍ബന്ധിക്കാവുന്നതാണ്. ഇസ്‌ലാമിക രാഷ്ട്രവും ഭരണവുമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം.

സ്ത്രീകള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ളിഹാറിനെ പ്രായശ്ചിത്തം അനിവാര്യമായ പാപമാണെന്ന് ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. അത് തീര്‍ത്തും വ്യാജമായ പ്രസ്താവമാണ്. അതോടൊപ്പം അതിനീചവും. അതുകൊണ്ടുതന്നെ ഇസ്‌ലാമിക സമൂഹത്തില്‍നിന്ന് ഈ ഹീനവൃത്തി പൂര്‍ണമായും തുടച്ചുമാറ്റാന്‍ ഖുര്‍ആന്റെ പ്രഖ്യാപനത്തിന് സാധിച്ചു. അതിലൂടെ സ്ത്രീസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ പ്രയാസങ്ങള്‍ക്ക് അറുതിവരുത്താനും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top