പിടിവാശിക്കു പിന്നാലെ പിടയുന്ന മനസ്സുകള്‍

അസ്‌ലം വാണിമേല്‍ No image

'സര്‍, എന്റെ മോന് ഈയിടെയായി വല്ലാത്ത പിടിവാശിയാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ പലതും അവന്‍ അനുസരിക്കുന്നില്ല. ഹോംവര്‍ക്കുപോലും ചെയ്യുന്നത് അവന് തോന്നുമ്പോള്‍ മാത്രം. വളരെ നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും അവന്‍ വല്ലാതെ വാശിപിടിക്കുന്നു. സാറ് അവനെയൊന്ന് ഉപദേശിക്കണം.
ഡോക്ടര്‍, അവളുടെ ഒറ്റ പിടിവാശികാരണമാണ് ഞാനും മക്കളും ഇന്ന് വീട്ടില്‍നിന്ന് കഷ്ടപ്പെടുന്നത്. മക്കളെ ഓര്‍ത്തെങ്കിലും അവള്‍ തന്റെ ദുര്‍വാശി ഒഴിവാക്കി വീട്ടിലേക്ക് തിരിച്ചുവരേണ്ടതായിരുന്നു. ഞാനാകെ തകര്‍ന്നിരിക്കുകയാണ് ഡോക്ടര്‍, എന്നെയൊന്ന് രക്ഷിക്കണം.'
ഇത്തരത്തിലുള്ള പരിേവദനങ്ങളും സഹായ അഭ്യര്‍ഥനകളും പലപ്പോഴായി നാം കേള്‍ക്കാറുള്ളതാണ്. ഈ രണ്ട് പ്രശ്‌നങ്ങളിലെയും വില്ലന്‍ പിടിവാശി തന്നെയാണ്. കുട്ടികള്‍, ദമ്പതിമാര്‍, മേലുദ്യോഗസ്ഥന്മാര്‍, രോഗികള്‍, വൃദ്ധന്മാര്‍ എന്നിങ്ങനെ വ്യത്യസ്ത പ്രായത്തിലും അവസ്ഥയിലും ഉള്ളവരിലെല്ലാം കണ്ടുവരുന്ന ഒരു സ്വഭാവവൈകല്യമാണ് പിടിവാശി. കുട്ടികളുടെ കാര്യത്തിലാവുമ്പോള്‍ അതിനെ ദുശ്ശാഠ്യമെന്നും മുതിര്‍ന്നവരുടെ കാര്യത്തിലാവുമ്പോള്‍ അതിനെ ദുര്‍വാശിയെന്നും വിശേഷിപ്പിക്കുന്നു.
അടിസ്ഥാനപരമായി വ്യക്തികളില്‍ കാണപ്പെടുന്ന ഒരു പെരുമാറ്റ വൈകല്യം തന്നെയാണിത്. ഒരു വ്യക്തിയുടെ ആശയത്തിന്റെയോ ആഗ്രഹത്തിന്റെയോ മാത്രം അടിസ്ഥാനത്തില്‍ എടുക്കുന്ന ഇത്തരം ചില തീരുമാനങ്ങള്‍ക്ക് പലപ്പോഴും യുക്തിയുടേയോ അഭിലഷണീയതയുടേയോ പിന്‍ബലം ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് ഞാന്‍ തീരുമാനിച്ചതാണ്, ഇത് അങ്ങനെത്തന്നെയാവണം, ഇതില്‍ മറ്റുള്ളവരുടെ അഭിപ്രായം എനിക്ക് പ്രശ്‌നമില്ല എന്നതായിരിക്കും ഇത്തരക്കാരുടെ മാനസികാവസ്ഥ. ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ ഒരു തരത്തിലും വഴങ്ങാത്ത ഇത്തരക്കാര്‍ അതുകൊണ്ടുതന്നെ അവരുടെ സംസാരങ്ങളില്‍ 'ഇല്ല, വേണ്ട, ഒരിക്കലുമില്ല, എന്നെക്കൊണ്ട് പറ്റില്ല' തുടങ്ങിയ വാക്കുകളായിരിക്കും നാം കൂടുതല്‍ കേള്‍ക്കുന്നത്. ഇനി ഇത്തരം ദുര്‍വാശി വിജയിച്ചാല്‍തന്നെ വെറുപ്പിലും വിദ്വേഷത്തിലും പൊതിഞ്ഞ ഒരു വിജയമായിരിക്കും അത്. ആ വിജയത്തില്‍ എല്ലാവരും സന്തോഷിക്കുകയില്ല. അതുകൊണ്ടുതന്നെ പിടിവാശി കുടുംബസാമൂഹ്യബന്ധങ്ങളില്‍ വിള്ളലുകളും അസ്വാരസ്യങ്ങളും ഉണ്ടാക്കുന്നു.
വ്യക്തിത്വത്തെ വികലമാക്കുന്ന നെഗറ്റീവ് സ്വഭാവമാണ് പിടിവാശിയെങ്കില്‍ അതിന്റെ പോസിറ്റീവ് വശമാണ് നിശ്ചയദാര്‍ഢ്യം (Determination). ഒരു നല്ല അവസ്ഥയെ നിലനിര്‍ത്താന്‍ യുക്തിപൂര്‍വമായ ഒരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക എന്നത് ഉന്നതമായ മൂല്യങ്ങളെ സംരക്ഷിക്കാനും പ്രയാസകരമായ അവസ്ഥയെ ഇല്ലാതാക്കാനും സാധിക്കും. അതിനാല്‍ തന്നെ നിശ്ചയദാര്‍ഢ്യം ഉല്‍കൃഷ്ടമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.

പിടിവാശിക്കുപിന്നിലെ ലക്ഷ്യങ്ങള്‍
മനുഷ്യമനസ്സുകൡ നിന്ന് ബഹിര്‍ഗമിക്കുന്ന പല സ്വഭാവവിശേഷങ്ങള്‍ക്കും അന്തര്‍ലീനമായ ചില ലക്ഷ്യങ്ങളുണ്ടാവും. പിടിവാശിയുടെ കാര്യത്തിലും ഇതേപോലെയുള്ള ചില നിഗൂഢലക്ഷ്യങ്ങള്‍ ആധുനിക മനശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈഗോ (അഹംഭാവം) സംരക്ഷണം.
ഞാനൊരിക്കലും മറ്റുള്ളവരുടെ മുമ്പില്‍ മുട്ടുമടക്കുകയോ അടിയറവ് പറയുകയോ ഇല്ല എന്ന ചിന്താഗതിയില്‍ നിന്നാണ് പലപ്പോഴും പിടിവാശി ഉടലെടുക്കുന്നത്. സ്വന്തം നിലപാട് യുക്തിരഹിതമോ ശരിയുടെ അംശം ഇല്ലാത്തതോ ആണെങ്കില്‍ പോലും അതില്‍നിന്ന് പിന്മാറാന്‍ സ്വന്തം ഈഗോ സമ്മതിക്കാതെ വരുന്നു. സ്വന്തം തീരുമാനം മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് മാറ്റുന്നത് എന്റെ തെറ്റും മറ്റുള്ളവരുടേത് ശരിയുമാണെന്നുള്ള സമ്മതത്തിന്റെ ഫലമായതിനാല്‍ ഞാന്‍ മറ്റവനെക്കാള്‍ മോശക്കാരനാവുമോ എന്ന യുക്തിരഹിതമായ ചിന്ത അത്തരം വ്യക്തികളെ ദുര്‍വാശിക്കാരായി മാറ്റുന്നു. ഇത്തരത്തിലുള്ള ഈഗോ സംരക്ഷണം പലപ്പോഴും വന്‍സാമ്പത്തിക-സമയ നഷ്ടങ്ങള്‍ക്ക് കാരണമാവുന്നു.

ശക്തിയുടെയും അധികാരത്തിന്റെയും സംരക്ഷണം
കുടുംബത്തിലും സമൂഹത്തിലും മറ്റ് പലകാരണങ്ങളാലും അധികാരവും ശക്തിയും ഇല്ലാതാവുമ്പോള്‍ അവ സംരക്ഷിക്കാനുള്ള മാര്‍ഗമായും പിടിവാശി ഒരു മറയാക്കിയിട്ടുണ്ട്. തന്നെ മറ്റുള്ളവര്‍ അവഗണിക്കുമ്പോള്‍ അതിന്റെ എതിര്‍പ്പ് കാണിക്കുന്നതും ദുര്‍വാശിയിലൂടെയായിരിക്കും. ദുര്‍ബലനായ വ്യക്തി തന്റെ ശക്തി പിടിവാശിയിലൂടെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും സ്വഭാവ വൈകല്യമായി മാറുകയും അത് വ്യക്തിത്വ വികസനത്തിന് തടസ്സമാവുകയും ചെയ്യുന്നു.

പകയുടെയും വിദ്വേഷത്തിന്റെയും പ്രകടനം
കുടുംബത്തിലെയോ സമൂഹത്തിലെയോ വ്യക്തികള്‍ തമ്മില്‍ ഉണ്ടായിട്ടുള്ള പൂര്‍വവൈരാഗ്യങ്ങളും പകയും പിടിവാശിയിലൂടെ പ്രകടിപ്പിക്കുന്നവരുണ്ട്. ഇത്തരം പിടിവാശികളുടെ കാരണങ്ങള്‍ പോലും കണ്ടെത്താന്‍ ചിലപ്പോള്‍ പ്രയാസകരമായിരിക്കും. പകയും വിദ്വേഷവും നിലനില്‍ക്കുന്ന കാലത്തോളം ഇത്തരം പിടിവാശികളും നിലനില്‍ക്കുന്നു.
ജീവിതത്തില്‍ നേരത്തെയുണ്ടായ കടുത്ത അനുഭവങ്ങളും മനോവേദനകളും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും, അസ്ഥിരമായ ജീവിതസാഹചര്യങ്ങള്‍, പെട്ടെന്നുണ്ടാവുന്ന ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയവയെല്ലാം പിടിവാശിയുടെ പൊതുവായ കാരണങ്ങളാണ്. എന്നാല്‍ കുട്ടികളുടെ ദുശ്ശാഠ്യത്തിന്റെ കാര്യത്തില്‍ ചില പ്രത്യേക കാരണങ്ങളെ മനശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളിലെ ദുര്‍വാശിയുടെ കാരണങ്ങള്‍
കുഞ്ഞുനാളിലും കൗമാരപ്രായത്തിലുമാണ് സാധാരണ കുട്ടികളില്‍ പിടിവാശിയും ശാഠ്യവും കൂടുതല്‍ കണ്ടുവരുന്നത്. ചിലരില്‍ ഇത് ഒരു താല്‍ക്കാലിക പെരുമാറ്റ വ്യതിയാനമായി മാത്രം കാണുന്നുവെങ്കിലും മറ്റു ചിലരില്‍ ഒരു സ്ഥിരസ്വഭാവവൈകല്യമായി രൂപപ്പെടുന്നു. ഇത് ഭാവിയില്‍ അവരുടെ വ്യക്തിത്വവികാസത്തെ പ്രതികൂലമായി ബാധിക്കുന്നു.
പിടിവാശി എന്നത് ഒരു ജന്മവൈകല്യമല്ലെന്നും അത് സാഹചര്യങ്ങളുടെയും ചുറ്റുപാടുകളുടെയും സൃഷ്ടിയാണെന്നും രക്ഷിതാക്കള്‍ ആദ്യമായി മനസ്സിലാക്കേണ്ടതാണ്. മുതിര്‍ന്നവരെപ്പോലെത്തന്നെ കുട്ടികളും മാനസിക സംഘര്‍ഷങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങളും വിധേയരാണ്. എന്നാല്‍ ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാന്‍ ശരിയായതും അംഗീകരിക്കപ്പെട്ടതും പോസിറ്റീവായതുമായ മാര്‍ഗങ്ങള്‍ പലപ്പോഴും കുട്ടികള്‍ക്ക് അറിയാത്തതിനാല്‍ മനസ്സിലെ വികാരങ്ങള്‍ പിടിവാശിയിലൂടെയും ദുശ്ശാഠ്യത്തിലൂടെയുമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. ഇതിന്റെ കാരണങ്ങളില്‍ ചിലതെല്ലാം നമുക്ക് നിസ്സാരമായി തോന്നാമെങ്കിലും അവരെ സംബന്ധിച്ചിടത്തോളം ഗുരുതരപ്രശ്‌നങ്ങളാണ്.

അസ്ഥിരമായ ജീവിതസാഹചര്യങ്ങള്‍
ജോലിയുടെ ഭാഗമായി സംഭവിക്കുന്ന കുടിയേറ്റങ്ങളും ഇടക്കിടെയുള്ള സ്ഥലംമാറ്റങ്ങളും രക്ഷിതാക്കളോടൊപ്പം കുട്ടികളെയും പല നിലക്കും ബാധിക്കാറുണ്ട്. മാറിമാറിവരുന്ന ജീവിതസാഹചര്യങ്ങളോട് മുതിര്‍ന്നവര്‍ എളുപ്പം പൊരുത്തപ്പെടുമെങ്കിലും കുട്ടികള്‍ക്ക് അത്രവേഗം അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുകയില്ല. ഒരു സ്ഥലത്ത് കുറച്ച് കാലം ജീവിക്കുമ്പോള്‍ ആ സ്ഥലവും, വീടും, പരിസരവും, കളിസ്ഥലവും, കളിക്കൂട്ടുകാരും, അവരുമായി പരിചയത്തിലാവുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ ആ സ്ഥലംവിട്ട് മറ്റൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോള്‍ തികച്ചും അപരിചിതമായ ജീവിതചുറ്റുപാടില്‍ കുട്ടികള്‍ എത്തിപ്പെടുന്നു. അപ്പോള്‍ പഴയ ചുറ്റുപാടും അനുഭവങ്ങളും സൗഹൃദങ്ങളും മനസ്സില്‍നിന്ന് പറിച്ചുമാറ്റി പുതിയത് സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്നു. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അസ്ഥിരതയെ കുട്ടികള്‍ വെറുക്കുകയും സ്ഥിരതക്ക് വേണ്ടി മനസ്സ് ആഗ്രഹിക്കുകയും ചെയ്യും. അതിനാല്‍ എല്ലാതരം പുതിയ മാറ്റങ്ങളെയും എത്തിക്കാനും പഴയതില്‍ തന്നെ ഉറച്ചു നില്‍ക്കാനുള്ള ഒരു മാനസിക അവസ്ഥയിലേക്ക് കുട്ടികള്‍ എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ തന്റെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയും പുതുതായി വരുന്ന അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്നു. ഈ സ്വഭാവരീതി പിടിവാശിക്കും ദുശ്ശാഠ്യത്തിനും കാരണമാകുന്നു.

കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ്
ഒരു കുടുംബത്തില്‍ രണ്ടാമതായോ മൂന്നാമതായോ മതിയായ ഇടവേളകളില്ലാതെ വീണ്ടുമൊരു കുട്ടികൂടി ജനിക്കുമ്പോള്‍ ആ വീട്ടില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തൊട്ടുമുകളിലുള്ള കുട്ടിക്ക് പലപ്പോഴും സാധിക്കാറില്ല. തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധയും പരിഗണനയും സ്‌നേഹവും പുതിയ അംഗത്തിന് ലഭിക്കുന്നുവെന്നും തനിക്കത് നഷ്ടപ്പെടുന്നുവെന്നുമുള്ള തോന്നല്‍ അവനില്‍ മാനസിക സംഘര്‍ഷങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുകയും അത് പിടിവാശിയും ദുര്‍വാശിയുമായി രൂപം പ്രാപിക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ ശ്രദ്ധയും പരിഗണനയും ലഭിക്കാനുള്ള ഒരു മാര്‍ഗ്ഗമായും ഇത് പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.

അവഹേളനവും കുറ്റപ്പെടുത്തലും
പഠനകാര്യങ്ങളിലോ മറ്റു കഴിവുകളിലോ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മറ്റു കഴിവുള്ള കുട്ടികളുമായി താരതമ്യം ചെയ്യുകയും അവരെ താഴ്ത്തിപ്പറയുകയും ചെയ്യുന്നത് കുട്ടികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഇത്തരം അവഹേളനകളുടെയും കുറ്റപ്പെടുത്തലിന്റെയും ഫലമായി നഷ്ടപ്പെട്ട അഭിമാനവും സ്ഥാനവും നേടിയെടുക്കാന്‍ മറ്റുവഴികള്‍ ആലോചിക്കുകയും അത് ദുശ്ശാഠ്യത്തിലൂടെയും പിടിവാശിയുടെ രൂപത്തിലും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പിടിവാശി മാറ്റിയെടുക്കാന്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍

വാശി പിടിക്കുമ്പോള്‍ തര്‍ക്കിക്കാതിരിക്കുക
കുട്ടികള്‍ വാശി പിടിക്കുമ്പോള്‍ പല രക്ഷിതാക്കളും പൊതുസ്ഥലത്ത് വെച്ചുപോലും ചീത്ത പറയുകയും അവരോട് തര്‍ക്കിക്കുകയും ചെയ്യാറുണ്ട്. ഇതിന് പകരം ക്ഷമയുടെയും സമര്‍പ്പണ മനോഭാവത്തിന്റെയും താക്കോല്‍ ഉപയോഗിച്ച് അവരുടെ മനസ്സ് തുറക്കുകയും അവരെ പിടിവാശിയിലേക്ക് നയിച്ച ഘടകങ്ങളെ കണ്ടെത്തി അത് പരിഹരിക്കുകയുമാണ് വേണ്ടത്.

കൂടുതല്‍ കേള്‍ക്കുക, കുറച്ച് സംസാരിക്കുക
നമ്മുടെ മക്കളുടെ ദുശ്ശാഠ്യവും പിടിവാശിയും അവസാനിപ്പിക്കാന്‍ മറ്റേത് മാര്‍ഗങ്ങളെക്കാളും നാം ആദ്യം സ്വീകരിക്കേണ്ടത് അവര്‍ പറയുന്നത് നന്നായി കേള്‍ക്കുക എന്നതാണ്. തുറന്ന സംഭാഷണത്തിലൂടെയും പങ്കുവെക്കലിലൂടെയും അവരുടെ മനസ്സിലെ എല്ലാതരം സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും ഉരുകിപ്പോവുകയും തെളിഞ്ഞ മനസ്സിന്റെ ഉടമകളായി അവര്‍ മാറുകയും ചെയ്യും. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് നമ്മുടെ മക്കളെ വേണ്ടരൂപത്തില്‍ കേള്‍ക്കാനോ അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനോ നമുക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ താന്‍ ഒറ്റപ്പെട്ടവനാണെന്നും രക്ഷിതാക്കള്‍ക്ക് വേണ്ടാത്തവനാണെന്നുമുള്ള തോന്നല്‍ അവനില്‍ ഉണ്ടാകുന്നു. ഇത് പരിഹരിക്കാന്‍ ദുശ്ശാഠ്യത്തിലൂടെ ശ്രദ്ധ നേടാന്‍ അവന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കള്‍ മാതൃകയാവുക
മറ്റേതൊരു അധ്യാപകരെക്കാളും കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് രക്ഷിതാക്കളാവുന്ന അധ്യാപകരാണ്. അതിനാല്‍ തന്നെ ചെറിയ ചെറിയ കാര്യങ്ങളില്‍ ദേഷ്യപ്പെടുകയും പിടിവാശി കാണിക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ നടത്തുന്ന വാദകോലാഹലങ്ങള്‍ കുട്ടികളുടെ മനസ്സില്‍ വികലമായ സ്വഭാവചിത്രങ്ങളാണ് കോറിയിടുന്നത്. ഇത്തരം സ്വഭാവവൈകൃതങ്ങള്‍ അവര്‍ പകര്‍ത്തുകയും പിന്നീട് പ്രയോഗിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഉദാത്ത മാതൃക കാഴ്ചവെക്കാന്‍ രക്ഷിതാക്കള്‍ക്കും സാധിക്കണം.

വീടുകള്‍ ശാന്തിഗേഹമാക്കുക
നമ്മുടെ വീട്ടിലെ അവസ്ഥയും അന്തരീക്ഷവും കുട്ടികള്‍ക്ക് സ്വസ്തവും ശാന്തിയും സന്തോഷവും പ്രധാനം ചെയ്യുന്നതായിരിക്കണം. വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള ചിന്തകള്‍ ഒരു മധുരാനുഭവമായി അവര്‍ക്ക് തോന്നണം. വീട്ടിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ പരമാവധി മക്കളുടെ അഭിപ്രായങ്ങളും അഭിരുചികളും ആരായുക. ഭക്ഷണകാര്യങ്ങള്‍ പോലെയുള്ളതില്‍ എപ്പോഴും ഇത് ആകാവുന്നതാണ്. അവരുമായി നേരിട്ടുബന്ധപ്പെടുന്ന കാര്യങ്ങളായ പഠനം, വിനോദയാത്രകള്‍, തൊഴില്‍ തെരഞ്ഞെടുപ്പ് മുതലായ കാര്യങ്ങളില്‍ പൂര്‍ണമായും അവരുടെ സ്‌നേഹം, ധാരണ, ബഹുമാനം എന്നിവ വളര്‍ത്തുക. കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുമ്പോള്‍ പോസിറ്റീവായ നിര്‍ദേശങ്ങള്‍ കൊടുക്കുക. ശാഠ്യങ്ങള്‍ ഒഴിവാക്കാന്‍ വളരെ ഫലപ്രദമാണിത്. ആരെയും നിന്ദിക്കരുത് എന്നതിന് പകരം എല്ലാവരെയും ബഹുമാനിക്കുക എന്നും, ഹോംവര്‍ക്ക് ചെയ്താലെ പാര്‍ക്കില്‍ കൊണ്ടുപോകൂ എന്നതിനുപകരം നിന്റെ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയ ഉടനെ നമുക്ക് പാര്‍ക്കിലേക്ക് പോകാം എന്നും പറയുക. ചുരുക്കത്തില്‍ ദുശ്ശാഠ്യവും പിടിവാശിയുമെല്ലാം പിടയുന്ന മനസ്സുകളുടെ ബാഹ്യപ്രകടനങ്ങളാണെന്നും കുട്ടികളുമായി ഹൃദയബന്ധം സ്ഥാപിക്കുന്നതിലൂടെ ഇത് വലിയ ഒരളവോളം മാറ്റിയെടുക്കാമെന്നും നാം മനസ്സിലാക്കുക. ഇത്തരം ഇടപെടുകളിലൂടെയും പെരുമാറ്റ രീതികളിയൂടെയും പരിഹരിക്കാന്‍ കഴിയാത്ത പിടിവാശിയും ദുശ്ശാഠ്യവും നാം കുറച്ച് കൂടി ഗൗരവത്തിലെടുക്കുകയും വിദഗ്ധനായ ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top