പ്രവാസ കൂട്ടായ്മകള്‍ ആര്‍ക്കൊപ്പം?

എം.സി.എ നാസര്‍ No image

ഴുപതുകളില്‍ ശക്തിപ്പെട്ട ഗള്‍ഫ് പ്രവാസം പുറംമണ്ണില്‍ ഒരുപാട് കൂട്ടായ്മകള്‍ക്കും ജീവന്‍ പകര്‍ന്നു. പറിച്ചുനടപ്പെട്ട മണ്ണിലെ ഒറ്റപ്പെടല്‍ മറികടക്കാനുള്ള തിടുക്കമായിരുന്നു പല കൂട്ടായ്മകള്‍ക്കും പിന്നില്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും എണ്‍പതുകളോടെ സംഘടനാ ബാഹുല്യം ഗണ്യമായി ഉയര്‍ന്നു. മലയാളികള്‍ കൂടുതലായി ചേക്കേറിയ പ്രദേശങ്ങളിലാണ് സംഘടനകള്‍ ആദ്യം പിറന്നത്. 

ജിദ്ദയിലെ ശറഫിയ, റിയാദിലെ ബത്ഹ, ദുബൈയിലെ ദേര, കുവൈത്തിലെ അബ്ബാസിയ ഉള്‍പ്പെടെ പല ഇടങ്ങളിലുമായിരുന്നു തുടക്കം. പിന്നീട് എല്ലാ പ്രദേശങ്ങളിലേക്കും മലയാളി കൂട്ടായ്മകള്‍ നിര്‍ബാധം വളര്‍ന്നു. 

നാടുമായുള്ള ബന്ധം നിലനിര്‍ത്താനും നാട്ടുകാരു മായുള്ള ചങ്ങാത്തം രൂപപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു കൂട്ടായ്മകളുടെ തുടക്കം. പിന്നീട് കുറേക്കൂടി വികസിച്ച ലക്ഷ്യത്തിലേക്ക് കൂട്ടായ്മകള്‍ വഴിമാറി. ഔദ്യോഗിക അംഗീകാരമുള്ള അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍, രാഷ്ട്രീയ പോഷക സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, മതാത്മക സംഘടനകള്‍ എന്നിങ്ങനെ പല തലങ്ങളിലാണ് ഇവ പ്രവാസ ലോകത്ത് വേരു പടര്‍ത്തിയത്. പ്രാദേശിക കൂട്ടായ്മകളാണ് ഇന്നും എണ്ണത്തില്‍ മുന്നില്‍. 

മറ്റൊരു രാജ്യക്കാര്‍ക്കും ഇല്ലാത്ത വിധം എണ്ണമറ്റ സംഘടനകളാണ് മലയാളികള്‍ക്കുള്ളത്. പ്രാദേശിക കൂട്ടായ്മകള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ വരെ സജീവം. ഗൃഹാതുര സ്മരണകളുമായി ഒത്തുചേരുന്ന അലുംനി കൂട്ടായ്മകളും നാട്ടുകൂട്ടായ്മകളും ധാരാളം. മലയാളിയുടെ സംഘബോധം മറ്റു ദേശക്കാരെ ഇന്നും അതിശയിപ്പിക്കുന്ന ഘടകമാണ്.

അപ്പോള്‍ തന്നെ മറ്റൊരു ചോദ്യവും ഉയരുന്നു. ഇത്രയൊക്കെ സംഘടനകള്‍ പ്രവാസി മലയാളികള്‍ക്ക് ആവശ്യമുണ്ടോ?

പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ സംഘടനാ പെരുപ്പം കൊണ്ടെന്തു നേട്ടം ?

ഔദ്യോഗിക അംഗീകാരമുള്ള സംഘടനകള്‍ കൂട്ടത്തില്‍ തീര്‍ത്തും വിരളം. അനധികൃത സംഘടനകള്‍ക്ക് ചില ഗള്‍ഫ് രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കു മുഴുവനായി ഒറ്റ കൂട്ടായ്മ എന്ന ആശയം ശക്തമാണ്. എന്നാല്‍ വളരുന്തോറും പിളരാനുള്ള താല്‍പര്യം പ്രവാസി കൂട്ടായ്മകളെയും വിടാതെ പിന്തുടരുകയാണെന്നതാണ് നിര്‍ഭാഗ്യം. 

മിക്കവാറും സംഘടനകളുടെ അജണ്ട, ഓണാഘോഷവും സാംസ്‌കാരിക പരിപാടികളുടെ നടത്തിപ്പും മാത്രമായി ചുരുങ്ങുന്നു. വ്യവസ്ഥാപിത സംഘടനകളാകട്ടെ, വാര്‍ഷിക അജണ്ടക്കൊപ്പിച്ച ചട്ടപ്പടി പ്രവര്‍ത്തനങ്ങളിലും. നാട്ടില്‍ നിന്നുള്ള പ്രമുഖരുടെ എഴുന്നള്ളത്തിനും മറ്റുമായി വലിയ തുക ചെലവിടുമ്പോള്‍ പ്രവാസ ലോകത്തെ സാധാരണ മനുഷ്യര്‍ക്ക് കാര്യമായ സഹായം ചെയ്യാന്‍ ഇവര്‍ മടിക്കുന്നതായ പരാതിയുണ്ട്. വേതനവര്‍ധന ഇല്ലാതിരിക്കുകയും പ്രവാസ ലോകത്തെ ചെലവുകള്‍ അധികരി ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാധാരണ പ്രവാസികള്‍ക്ക് വേണ്ടി ഗുണകരമായ നടപടികള്‍ കൈക്കൊള്ളാന്‍ കൂട്ടായ്മകള്‍ക്ക് സാധിക്കേണ്ടതായിരുന്നു. അതു ണ്ടായില്ല. 

അതേ സമയം സംഘടനാ സാരഥികള്‍ പറയുന്ന മറുവശമുണ്ട്. പ്രവാസ ലോകത്ത് മികച്ച സാം സ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനാല്‍ പ്രവാസികളുടെ ജോലികഴിഞ്ഞുള്ള സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നു എന്നാണ് അവരുടെ വാദം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാത്രം ആയിരത്തിലേറെ അംഗങ്ങ ളുണ്ട്. ആറായിരത്തോളം വിദ്യാര്‍ഥി കള്‍ പഠിക്കുന്ന സ്‌കൂളുമുണ്ട് അസോ സിയേഷനു കീഴില്‍. ബഹ്‌റൈനിലെ മലയാളി സമാജം ഉള്‍പ്പെടെയുള്ള എണ്ണമറ്റ കൂട്ടായ്മകളും ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കലാസമിതികള്‍ അംഗങ്ങളെ വായനയിലേക്കും അക്ഷര ലോക ത്തേക്കും ആനയിക്കുന്നു. അബൂദബി കേന്ദ്രമായുള്ള സാംസ്‌കാരിക പ്രവര്‍ത്തനമാകട്ടെ, കേരളത്തിന്റെ മുഖ്യധാരയില്‍ പോലും അടയാള പ്പെടുത്തിയ ഒന്നാണ്. അബൂദബി ശക്തി അവാര്‍ഡുകളും മറ്റും ഉദാഹരണം.

ഒറ്റപ്പെടലിന്റെ പ്രവാസലോകം

ഈ കൂട്ടായ്മകള്‍ ഒക്കെ ഉണ്ടായിട്ടും പ്രവാസ ലോകത്ത് ആത്മഹത്യാ പ്രവണത ഉയരുകയാണ്. ആളുകളെ ചേര്‍ത്തു നിര്‍ത്തുന്നതിലും ആത്മവിശ്വാസം പകരുന്നതിലും കൂട്ടായ്മകളുടെ പരാജയമായി ഈ പ്രവണതയെ വിലയിരുത്തുന്നവരും ഉണ്ട്. 

ഔദ്യോഗികാംഗീകാരമുള്ള സംഘടനകളിലെ മെമ്പര്‍ഷിപ്പ് ഒരു വിഭാഗത്തില്‍ മാത്രം സ്ഥിരം കേന്ദ്രീകരിക്കുന്നു എന്ന പരാതി വ്യാപകം. സാരഥികളായി വരുന്നവരുടെ കാര്യത്തിലും ഇതുതന്നെ അനുഭവം. ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റും ഏര്‍പ്പെടുത്തി അംഗങ്ങള്‍ക്ക് തുണയായി മാറാന്‍ പോലും ഈ സംഘടനകള്‍ക്ക് സാധിക്കുന്നില്ല. 

രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണമറ്റ പോഷക സംഘടനകളാണ് മറ്റൊരു കൂട്ടര്‍. ഔദ്യോഗിക സ്വഭാവം കുറവാണെങ്കില്‍ തന്നെ, ഇവയെ ചേര്‍ത്തു നിര്‍ത്തുന്ന വിപുലമായ ഏകോപന സമിതി ഉണ്ട്. തെരഞ്ഞെ ടുപ്പിന് പ്രവാസി വോട്ടുകള്‍ സ്വാധീനിക്കുക, നേതാക്കള്‍ക്ക് പ്രവാസ ലോകത്ത് വേദിയൊരുക്കുക, നാട്ടിലെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളില്‍ പരിമതിപ്പെടുകയാണ് ഈ സംഘടനകളില്‍ അധികവും. എന്നാല്‍ ജീവകാരുണ്യ രംഗത്ത് ശക്തമായ പ്രവര്‍ത്തനം നടത്താന്‍ ചില കൂട്ടായ്മകള്‍ക്കെങ്കിലും കഴിയുന്നുണ്ട്. മുഖ്യധാരാ പാര്‍ട്ടികളുടെ അജണ്ടയില്‍ പ്രവാസി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ പോഷക സംഘടനകള്‍ പക്ഷെ, ദയനീയമായി പരാജയപ്പെടുകയാണ്. 

പ്രവാസികള്‍ക്ക് രാജ്യത്തെ തൊഴില്‍ നിയമങ്ങളെ കുറിച്ചും മറ്റും കൃത്യമായ വിവരം കൈമാറുക, ആവശ്യമായ നിയമ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, ആത്മവിശ്വാസം വളര്‍ത്താനുതകുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യക, മദ്യപാനത്തില്‍ നിന്നുംമറ്റും അവരെ പിന്തിരിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാക്കാന്‍ വേണ്ട നിര്‍ദേശം നല്‍കുക, എന്നീ കാര്യങ്ങള്‍ എന്തുകൊണ്ട് പ്രവാസി സംഘടനകളുടെ അജണ്ടകളില്‍ ഇടം പിടിക്കാതെ പോകുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.

കൂട്ടായ്മകളെ തോല്‍പിക്കുന്ന ഒറ്റയാള്‍ പോരാട്ടങ്ങള്‍

ഗള്‍ഫിലെ ജീവകാരുണ്യ രംഗത്ത് സംഘടനകളേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്നത് ചില ഒറ്റപ്പെട്ട വ്യക്തികളാണെന്നും കാണാം. രണ്ടായിരത്തിലേറെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ മുന്നിട്ടിറങ്ങിയ അജ്മാനിലെ അശ്‌റഫ് താമരശ്ശേരിയെ തേടി പ്രവാസി ഭാരതീയ പുരസ്‌കാരം വരെയത്തെിയത് സംഘടനകളെ പുനരാലോചനക്ക് പ്രേരിപ്പിക്കണം. തങ്ങള്‍ക്കു തന്നെ ലഭിച്ച വലിയ നേട്ടമായാണ് പ്രവാസലോകം ഈ പുരസ്‌കാരലബ്ധിയെ കൊണ്ടാടിയത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി മീഡിയാ വണ്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരവും പ്രവാസലോകത്ത് വേറിട്ട വഴിതുറന്നു. അവിടെയും വിജയിച്ചത് ത്യാഗസന്നദ്ധരായ വ്യക്തികളാണ്. 

ഒരു കാര്യം ഉറപ്പ്, ഒന്നും കാംക്ഷിക്കാതെ മനുഷ്യരുടെ വേദന അകറ്റാനും സാന്ത്വനം പകരാനും മുന്നിട്ടിറങ്ങുന്ന ഇത്തരം മനുഷ്യരില്‍ നിന്നു വേണം സംഘടിത കൂട്ടായ്മകള്‍ പലതും പഠിച്ചെടുക്കാന്‍. 

ജയിലും ആശുപ്രതിയും പ്രവാസലോകത്തെ ഇടപെടല്‍ തേടുന്ന രണ്ട് പ്രധാന ഇടങ്ങളാണ്. പല കാരണങ്ങളാല്‍ ജയിലില്‍ അടക്കപ്പെട്ടവരുണ്ട്. ഇവര്‍ക്ക് സൗജന്യ നിയമ സഹായം അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നെങ്കിലും അതിനുള്ള തുടര്‍ നടപടികള്‍ ഉണ്ടായില്ല. എംബസികളും കോണ്‍സുലേറ്റുകളും കേന്ദ്രീകരിച്ചുള്ള നിയമ സഹായ വേദികളും നാടുനീങ്ങി. 

എംബസിയിലെയും കോണ്‍സുലേറ്റിന്റെയും ഓപണ്‍ ഹൗസ് സംവിധാനത്തിന്റെ അവസ്ഥയും ഭേദമല്ല. പരാതി അറിയിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും മറ്റും നിലവില്‍ ഉണ്ടെങ്കില്‍ തന്നെ അവ എത്രകണ്ട് പ്രയോജനപ്പെടുന്നുണ്ടെന്ന ചോദ്യം ബാക്കി. ആശുപത്രികളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയാകുന്നതിലും നമ്മുടെ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്. പലപ്പോഴും വന്‍തുക ഹോസ്പിറ്റല്‍ ബില്ലടക്കാന്‍ പ്രയാസപ്പെടുന്ന സാധാരണക്കാര്‍ നിരവധി. ഗള്‍ഫ് പത്രമാധ്യമങ്ങളുടെ ലോക്കല്‍ പേജുകളില്‍ അലയടിക്കുകയാണ് ഇത്തരം നിശബ്ദ വിലാപങ്ങള്‍.

രോഗികളുടെ കാര്യം വിടാം. മൃതദേഹത്തോട് പോലും എത്രകണ്ട് ആദരവ് പുലര്‍ത്തുന്നുണ്ട് നാം? 

അവിടെയും തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുകയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍. പാവപ്പെട്ടവനാണെന്ന് ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ കത്തുകള്‍ നല്‍കിയാല്‍ മൃതദേഹം സൗജന്യമായി കൊണ്ടുപോകും. എന്നാല്‍ എംബസിയുടെ സാക്ഷ്യപത്രം ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. അവധി ദിവസങ്ങളാണെങ്കില്‍ പിന്നെ രേഖ സമ്പാദിക്കുക എളുപ്പമല്ല. ആള്‍ പാവപ്പെട്ടവനാണെന്നു രേഖകള്‍ നോക്കി ഉറപ്പു വരുത്താന്‍ കാലവിളംബം ഉണ്ടാകുമെന്നു കരുതി ബന്ധുക്കള്‍ എവിടെ നിന്നെങ്കിലും പണം വാങ്ങി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്ന സാഹചര്യമാണുള്ളത്.

അതേ സമയം പാകിസ്താന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും സര്‍ക്കാര്‍സ്വകാര്യ വിമാന കമ്പനികള്‍ മൃതദേഹം സൗജന്യമായി കൊണ്ടു പോകാന്‍ താല്‍പര്യമെടുക്കുന്നു. പ്രവാസ ലോകത്ത് നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി കൊണ്ടു പോകണം എന്ന അഭിപ്രായം ശക്തമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്നാണ് ഉറച്ച നടപടി ഉണ്ടാകേണ്ടത്. പ്രവാസി കൂട്ടായ്മകള്‍ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ നയംമാറ്റത്തിന് സാധ്യതയുള്ളൂ.

പ്രതിഭകള്‍ക്ക് തുണയാകുന്ന കൂട്ടായ്മകള്‍

പ്രവാസ ലോകത്തെ പുതുതലമുറയിലെ പ്രതിഭകള്‍ക്കാണ് കൂട്ടായ്മകള്‍ ആശ്വാസം പകരുന്നത്. 

എല്ലാ തുറകളിലും നിരവധി പ്രതിഭകള്‍ ഇവിടെയുണ്ട്. ചില കൂട്ടായ്മകളെങ്കിലും ഇവരുടെ വളര്‍ച്ചയില്‍ ആത്മാര്‍ഥമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് സ്റ്റേജ് ഷോകളിലേക്കും മറ്റും വലിയ തുക നല്‍കി നാട്ടില്‍ നിന്നുള്ള പ്രതിഭകളെ കൊണ്ടു വരുന്ന പ്രവാസി സാംഘാടകര്‍ ഇവിടെയുള്ളവര്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ലെന്ന പരാതിയും കുറവല്ല. 

നാട്ടില്‍ സര്‍ക്കാര്‍ ചെലവില്‍ യൂത്ത് ഫെസ്റ്റിവലുകളും മറ്റും നടക്കുമ്പോള്‍ അത്ര തന്നെയോ അതില്‍ കൂടുതലോ പ്രാഗല്‍ഭ്യമുള്ള ഇവര്‍ക്ക് അത്തരം വേദികള്‍ ലഭിക്കുന്നുമില്ല. സിനിമാഭിനയം, സംഗീതം എന്നീ തുറകളില്‍ ഗള്‍ഫ് പ്രതിഭകളെ തേടി അടുത്ത കാലത്ത് ഒട്ടേറെ അവസരങ്ങള്‍ എത്തി. തിരക്കഥാകൃത്തും സംഗീതജ്ഞരും പാട്ടുകാരും അഭിനേതാക്കളും ഉണ്ടായി. എന്നാല്‍ ഒരു പാട്ടിനപ്പുറം മുഖ്യധാരയില്‍ ഇടം ലഭിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയാതെ പോകുന്നു. 

ജോലി, പരിശീലന കമ്മി, ഗള്‍ഫ് സാഹചര്യം എന്നിവ പ്രതിഭകള്‍ക്ക് തടസ്സം നില്‍ക്കുന്ന ഘടകങ്ങളാണ്. 

അറബ് സാംസ്‌കാരിക ലോകവുമായി ചേര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ പ്രതിഭകള്‍ക്ക് വലിയ മുന്നേറ്റം നടത്താന്‍ കഴിയും. ഖത്തറിലെ അറബ് ഗായകനും മലയാളിയുമായ നാദിര്‍ അബ്ദുസ്സലാം, സൗദിയിലെ ഹിഷാം അബ്ദുല്‍ വഹാബ് എന്നിവര്‍ ഉദാഹരണം. 

പുതിയ സങ്കേതങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്താന്‍ ഗള്‍ഫ് പ്രതിഭകള്‍ മനസ്സ് വെക്കാത്തതും പ്രശ്‌നം തന്നെയാണ്. 

നിക്ഷിപ്ത താല്‍പര്യങ്ങള്‍ തന്നെയാണ് പ്രവാസി കൂട്ടായ്മകള്‍ക്കും വിനയാകുന്നത്. പ്രവാസത്തിന്റെ വൈപുല്യവും ജീവല്‍ പ്രശ്‌നങ്ങളുടെ ആധിക്യവും തിരിച്ചറിഞ്ഞ് വികസിത കാഴ്ചപ്പാടോടെ നീങ്ങാന്‍ കഴിയണം. എങ്കില്‍ ഇത്തരം കൂട്ടായ്മകള്‍ സാധാരണ മനുഷ്യര്‍ക്ക് ഏറെ ഉപകരിക്കും. 

അങ്ങനെ ഒരു മാറ്റത്തിന് തയാറാകാന്‍ ചെറുതും വലുതുമായ പ്രവാസി കൂട്ടായ്മകള്‍ക്ക് സാധിക്കുമോ?

വേണ്ടത് ജാഗ്രതയും ബോധവത്കരണവും

ആവശ്യമായ ബോധവത്കരണം നടത്തുന്നതിലും പ്രവാസി കൂട്ടായ്മകള്‍ പിറകിലാണ്. വലിയ ലാഭവിഹിതവും പലിശയും വാഗ്ദാനം നല്‍കി നടക്കുന്ന ചിട്ടികള്‍ ഉള്‍പ്പെടെ ഫ്‌ളാറ്റ് തട്ടിപ്പുകളില്‍ വരെ പ്രവാസികള്‍ക്ക് പണം നഷ്ടപ്പെട്ട സംഭവങ്ങള്‍ നിരവധി. സംഘടനകളെ കൂട്ടുപിടിച്ച് നടന്ന തട്ടിപ്പുകളും ഗള്‍ഫ് നാടുകളില്‍ കുറവല്ല. കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ സംഘടനാ നേതാക്കള്‍ക്ക് കഴിയാതെ പോവുകയോ അതല്ലെങ്കില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ മൗനം പാലിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ട്. 

പ്രവാസികള്‍ ഏറ്റവും കൂടുതല്‍ കുടുങ്ങിയത് ഫ്‌ളാറ്റ് തട്ടിപ്പിലാണ്. നിരവധി പദ്ധതികള്‍ ഗള്‍ഫുകാരന്റെ പണവുമായി മുങ്ങി. പലര്‍ക്കും സ്വന്തമായൊരു വാസസ്ഥലം എന്ന സ്വപ്നമാണ് പൊലിഞ്ഞതെങ്കില്‍ മറ്റുചിലര്‍ക്ക് നാട്ടിലൊരു സ്ഥിരവരുമാനമാണ് ഇല്ലാതായത്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളില്‍ നിന്ന് ഒരു പാഠവും ഗള്‍ഫുകാരന്‍ പഠിച്ചില്ല. 

തട്ടിപ്പുകള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ നീതി ലഭിക്കും എന്ന പ്രതീക്ഷയുമില്ല. പരാതിയുമായി മുന്നോട്ടു വരുമ്പോള്‍ അധികൃതര്‍ ആദ്യം പറയുക കേസിനാസ്പദമായ സംഭവം നടന്നത് ഗള്‍ഫിലായതിനാല്‍ അവിടെ പരാതി നല്‍കണമെന്നാകും. അതോടെ ഉള്‍വലിയുകയാണ് പലരും. 

സര്‍ക്കാര്‍ പദ്ധതികളെ പ്രവാസികളുമായി ബന്ധിപ്പിക്കുന്നതിലും പ്രവാസി കൂട്ടായ്മകള്‍ക്ക് വിജയിക്കാ നായില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും ഇവിടെ പരാജയപ്പെടുകയായിരുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് വിദേശത്തെ ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസി മലയാളിയുടെ പുനരധിവാസം. നോര്‍ക്ക റൂട്ട്‌സ് നിലവില്‍ വന്ന ശേഷം നിരവധി സാഹചര്യങ്ങളില്‍ മലയാളികള്‍ തിരിച്ചുവന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്, നിതാഖാത്തിനെ തുടര്‍ന്ന്, യെമന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്... ഇങ്ങനെ തിരിച്ചുവന്നവരുടെ കണക്കുകള്‍ ശേഖരിച്ചതല്ലാതെ എത്രപേര്‍ പുനരധിവസിക്കപ്പെട്ടു.

വിദേശത്ത് പണിയെടുക്കു മ്പോള്‍ നാടിന്റെ സമ്പദ്ഘടനയെ പ്രത്യക്ഷമായും പരോക്ഷമായും ശക്തമാക്കിയവരാണ് പ്രവാസികള്‍. പക്ഷെ നാട്ടിലെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ സ്ഥിരമായി പ്രവാസികളുടെ പുരധിവാസം വിസ്മരി ക്കപ്പെടുകയാണ്. ഗള്‍ഫില്‍ നിന്ന് പല മേഖലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്‌കില്ലുമായാണ് പലരും തിരിച്ചുവരുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ നാട്ടിലെ സര്‍ക്കാറിന് കഴിയേണ്ടതായിരുന്നു. 

കാര്‍ഷിക വ്യവസായം, കച്ച വടം, സേവനം, ഉല്‍പാദനം, ചെറു കിട ഇടത്തരം സംരംഭങ്ങള്‍ എന്നീ മേഖലകളാണ് പ്രവാസി പുനര ധിവാസത്തിനായി സര്‍ക്കാര്‍ കണ്ടെ ത്തിയിരിക്കുന്നത്. ഇക്കാര്യ ങ്ങളില്‍ പ്രായോഗിക നിര്‍ദേശം നല്‍കാന്‍ പ്രവാസി കൂട്ടായ്മകള്‍ക്ക് കഴിയണം. 

പ്രഖ്യാപിച്ച പദ്ധതികളോട് പ്രവാസികള്‍ പുറംതിരിഞ്ഞു നില്‍ക്കു ന്ന സാഹചര്യവും മാറണം. അതിന് കാര്യമായ ശ്രമം നടത്താന്‍ സാധിക്കുക പ്രവാസി കൂട്ടായ്മകള്‍ക്കു തന്നെ.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top