ഇശല്‍ പൂക്കളിലെ പെണ്‍പെരുമ

സബീന ഷാജഹാന്‍ / സമീറ നസീര്‍ No image

''ഹൃദയത്തിനാഴത്തില്‍ എഴുതാതെ പോയി 

ഗസലിന്റെ തേനൂറും ഇശല്‍ പോലെ 

മനസ്സിന്റെ ജാലകപ്പടിയിലായി ചിതറിയ 

മഞ്ചാടി മുത്തിന്റെ ചോപ്പ് പോലെ''...

മനോഹരമായ ഈ ഗസലിന്റെ ഈരടികള്‍ സബീന എന്ന പ്രവാസി വീട്ടമ്മയുടെതാണ്. 

'ദൂരങ്ങള്‍ താണ്ടി പോകും ചങ്ങാതി കാറ്റേ കാതങ്ങളോളം കൂടെ ഞാനും കൂട്ടുണ്ടേ...

മഴക്കൊഞ്ചല്‍ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ...'

ആകാശവാണി എന്ന ഫിലിമിലെ ഈ രണ്ടു ഗാനങ്ങളും  സബീനയുടെതാണ്. ഭര്‍ത്താവും അഞ്ചു കുട്ടികളുമായി ഇപ്പോള്‍ യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന സബീന ഷാജഹാന്‍ എന്ന വീട്ടമ്മയില്‍നിന്ന് പ്രവാസി സ്ത്രീകള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്.

പ്രവാസലോകത്ത് നിന്നുകൊണ്ട് എഴുത്തില്‍ തന്റേതായ മുദ്ര പതിപ്പിക്കുകയാണല്ലോ. പ്രവാസ ജീവിതം തുടങ്ങിയിട്ട് എത്ര വര്‍ഷമായി? 

ഇരുപതു വര്‍ഷമായി പ്രവാസിയാണ്. നാട്ടില്‍ തിരുവനന്തപുരം ആണ്. പ്രീഡിഗ്രീക്ക് പഠിക്കുന്ന സമയത്താണ് കല്യാണം.  ഭര്‍ത്താവിനൊപ്പമാണ് സൗദി അറേബ്യയിലേക്ക് പോയത്. പന്ത്രണ്ട് വര്‍ഷക്കാലം അവിടെയായിരുന്നു. ഇപ്പോള്‍ എട്ടു വര്‍ഷമായി യു.എ.ഇയിലെ റാസല്‍ ഖൈമയില്‍ ആണ്. എന്നെ സംബന്ധിച്ചിടത്തോളം നാടിനേക്കാളും എനിക്ക് ബന്ധം പ്രവാസ  ലോകവുമായാണ്.

കുട്ടിക്കാലത്ത് എഴുത്തിലും വായനയിലും താല്‍പര്യമുള്ള കൂട്ടത്തിലായിരുന്നോ ?

വായനയില്‍ താല്‍പര്യമുണ്ടായിരുന്നു. എഴുത്തിനെ പറ്റി  പറയുകയാണെങ്കില്‍, ബോധപരമായ എഴുത്തുകളൊന്നും അന്നുണ്ടായിരുന്നില്ല. സാഹിത്യമാണോ എന്നൊന്നും അറിയില്ല. മനസ്സില്‍ തോന്നുന്ന വരികള്‍ അങ്ങനെ കുറിച്ചിടും. 

വളരെ നേരത്തെ തന്നെ പ്രവാസ ജീവിതം തുടങ്ങി വീട്ടമ്മയുടെ റോള്‍ ഏറ്റെടുത്തു. ഇതിനിടക്ക് എപ്പോഴാണ് ഗൗരവമായ എഴുത്തിലേക്ക് തിരിഞ്ഞത്? 

എന്റെ ഭര്‍ത്താവും കലയുമായി ബന്ധമുള്ള ആളാണ്. അദ്ദേഹം നന്നായി പാടും. എനിക്കും പാട്ടിനോടൊക്കെ ഇഷ്ടമായിരുന്നു. സൗദിയില്‍ ഉണ്ടായിരുന്ന സമയത്ത് ഒഴിവു ദിവസങ്ങള്‍ ആഘോഷിച്ചത് വീട്ടിലുണ്ടായിരുന്ന വലിയ ഹാളില്‍ ബിരിയാണിക്കും സുലൈമാനിക്കും ഒപ്പം മെഹ്ഫിലുകള്‍ നടത്തിയായിരുന്നു. അതിലൂടെയൊക്കെ തന്നെയാണ് ഞാന്‍ സാഹിത്യ രചനയിലെത്തിച്ചേര്‍ന്നത്.തന്നെ പ്രവാസ 

ആകാശവാണി എന്ന ഫിലിമില്‍ സബീനയുടെ രണ്ടു ഗാനങ്ങള്‍  ഉണ്ടെന്നറിഞ്ഞു. എന്തായിരുന്നു ഗാനരചനയിലേക്ക് തിരിയാനുള്ള സാഹചര്യം? 

അതെ, രണ്ടു ഗാനങ്ങള്‍ ആകാശവാണി എന്ന സിനിമക്ക് വേണ്ടി എഴുതിയിട്ടുണ്ട്. മ്യൂസിക് ഡയറക്ടര്‍ അജയ് ഗോപാല്‍  യാദൃശ്ചികമായി ഫേസ്ബുക്കില്‍ മെസ്സേജ് തരികയായിരുന്നു. നാല് വരി എഴുതിത്തരാന്‍ പറ്റുമോ എന്ന്. അപ്പോള്‍ എന്തിനാണെന്നൊന്നും പറഞ്ഞിരുന്നില്ല. പണ്ട് മുതല്‍ക്കെ  താളത്തില്‍ എഴുതാനായിരുന്നു ഇഷ്ടം. അങ്ങനെ നാല് വരി എഴുതിക്കൊടുത്തു. അത് അദ്ദേഹത്തിന് ഇഷ്ടമായി. ബാക്കി കൂടി  എഴുതാന്‍ പറഞ്ഞു. സിനിമക്ക് വേണ്ടിയാണെന്നും ഇപ്പൊ ആരും അറിയേണ്ടെന്നും പറഞ്ഞു. പിന്നീട് ഒരു ഗാനം കൂടി എഴുതാന്‍ ആവശ്യപ്പെട്ടു. വിനീത് ശ്രീനിവാസനും സന്ദീപും ആണ് ഗാനം ആലപിക്കുന്നത്. തികച്ചും യാദൃശ്ചികമായി ദൈവനിശ്ചയം പോലെ. എന്നെ സംബന്ധിച്ചിടത്തോളം സോഷ്യല്‍ മീഡിയ എനിക്ക് വളരെ ഉപകാരപ്രദമാണ്.

ബ്ലോഗെഴുത്ത് ഉണ്ടായിരുന്നോ?

മരുപ്പക്ഷികള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് ഉണ്ടായിരുന്നു. പക്ഷെ ബ്ലോഗിനെക്കാളധികം ആളുകള്‍ വായിക്കുകയും നിര്‍ദേശങ്ങള്‍ തരികയും ചെയ്യുന്നത് ഫേസ്ബുക്കിലാണ്. ഫേസ്ബുക്കാണ് ബ്ലോഗിനെക്കാള്‍ ഒന്നുകൂടി നല്ല ഇടമെന്നാണ് എന്റെ അനുഭവം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം സാഹിത്യം, എഴുത്ത് പോലുള്ള മേഖലയിലെ ഇടപെടലിന് പ്രവാസം കൂടുതല്‍ സാധ്യത നല്‍കുന്നു എന്ന അഭിപ്രായമുണ്ടോ?

പ്രവാസി എഴുത്ത് പ്രവാസി സാഹിത്യം എന്നിങ്ങനെയുള്ള  പ്രയോഗത്തോട് എനിക്ക് യോജിപ്പില്ല. കഴിവുകള്‍ എവിടെയായിരുന്നാലും പുറത്തുവരും. പിന്നെ പ്രവാസ ജീവിതത്തില്‍ കൂടുതല്‍ സമയവും സന്ദര്‍ഭവും കിട്ടുന്നു എന്ന നേട്ടമുണ്ട്. 

ഇതിനിടക്ക് ലേഖനങ്ങളും കവിതകളുമായി സബീന എഴുത്തില്‍ ഒരിടം ഉണ്ടാക്കി എടുത്തിട്ടുണ്ടല്ലോ അതെപ്പറ്റി ഒന്ന് വിശദീകരിക്കാമോ? 

ഈസ്റ്റ് കോസ്റ്റ് ഓണ്‍ലൈനില്‍ വിവിധ വിഷയങ്ങളിലായി അറുപതോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ആനുകാലിക പത്രങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു വരാറുണ്ട്. 2013-ല്‍ യു.എ.ഇയിലെ പ്രമുഖ സാഹിത്യ സംഘടനയായ പാം നല്‍കി വരുന്ന അക്ഷര തൂലിക അവാര്‍ഡിന്  എന്റെ കവിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രവാസി വീട്ടമ്മമാരില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ എങ്ങനെ വിലയിരുത്തുന്നു?

സോഷ്യല്‍ മീഡിയയില്‍ സമയം പാഴാക്കുന്നവര്‍ ഇല്ലാതില്ല. വെറുതെ ഫേസ്ബുക്കില്‍ ലൈക് എണ്ണി പാഴാക്കുന്ന സമയത്തെ പറ്റി നാം ബോധവതികളാവണം. സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളെ പറ്റി തികഞ്ഞ അറിവും ബോധവും വേണം. നമുക്ക് ഉള്ളുതുറന്നു സംസാരിക്കാനും കാര്യങ്ങളൊക്കെ പങ്കുവെക്കാനും പറ്റേണ്ടത് കണ്ടും കേട്ടും അറിഞ്ഞും നമ്മോടിടപഴകുന്ന നമ്മുടെ ഭര്‍ത്താവിനോടും കുടുംബത്തിനോടും തന്നെയാണ്. ഇന്നലെ പൊടുന്നനെ ഫേസ്ബുക്കില്‍ കണ്ട ഒരാള്‍ ്യീൗ  മൃല  ്‌ലൃ്യ ിശരല  എന്നൊക്കെ പറയുമ്പോഴേക്കും എനിക്കവിടെയാണ് പരിഗണന എന്ന് കരുതി അതിലോട്ടു ചാഞ്ഞുപോകുന്ന അവസ്ഥയിലേക്ക് മനസ്സ് മാറിപ്പോകാതിരിക്കാന്‍ സ്ത്രീകള്‍ സ്വയം പാകപ്പെടണം.

പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ പ്രവാസ ജീവിതം ഇഷ്ടപ്പെടുന്നു. എന്തായിരിക്കാംകാരണം?

ശരിയാണ്. നാടിനോടും ബന്ധങ്ങളോടും ഉള്ള ഇഷ്ടം സൂക്ഷിച്ചു കൊണ്ട് തന്നെ സ്ത്രീകള്‍ പ്രവാസ ജീവിതം കൂടുതലായി ഇഷ്ടപ്പെടുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സുരക്ഷിതത്വവുമൊക്കെ പ്രവാസ ലോകത്താണ് എന്നത് അതിനൊരു കാരണമാണ്. നാട്ടിലാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് യാത്ര ചെയ്യാനൊ ക്കെ പരിമിതികളുണ്ട്. ഭാര്‍ത്താവിനെയും മക്കളെയും കൂടുതല്‍ അടുത്ത് കിട്ടുന്നു എന്നതും സ്ത്രീകള്‍ പ്രവാസത്തെ ഇഷ്ടപ്പെടാന്‍ കാരണമാണ്.

പ്രവാസി വീട്ടമ്മമാരില്‍ മാനസിക പിരിമുറുക്കങ്ങള്‍ കൂടി വരുന്നുണ്ടോ? 

ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ എന്നും ഒരേ ദിനചര്യ. കുട്ടിക ളെയും ഭര്‍ത്താവിനെയും പറഞ്ഞയക്കുന്നു. ഭക്ഷണമുണ്ടാക്കുന്നു. ഇത് ഇങ്ങനെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഒരു വിരസത ഉണ്ടാവും. വിനോദ ങ്ങളിലും മാനസിക ഉല്ലാസങ്ങളിലും സമയത്തെ ക്രിയാത്മക രീതിയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കണം. ആകെ വീക്ക് എന്‍ഡില്‍ ആകും ഒരു ലിലേൃമേശിാലി േഉണ്ടാകുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ ചിലപ്പോള്‍ അതും ഉണ്ടാകില്ല. 

പ്രവാസം ഒരിക്കലും സ്ഥിരമല്ല. ഓരോ പ്രവാസിയുടെയും യഥാര്‍ഥ തട്ടകം നാട് തന്നെയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെയും മറ്റു അസ്വസ്ഥതകളുടെയും ഇക്കാലത്ത് പ്രവാസി പലപ്പോഴും ആശങ്കയുടെ വക്കിലാണ്. തിരിച്ചുപോകേണ്ടി വന്നാല്‍ വെറും കൈയോടെ ആകാതിരിക്കാന്‍ മുന്‍കരുതലെന്ന നിലക്ക് സ്ത്രീകള്‍ക്ക് എന്താണ് ചെയ്യാനുള്ളത്? 

സ്ത്രീകളെന്നല്ല എല്ലാവരും ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയം തന്നെയാണ് ഇത്. പ്രവാസിയെ സംബന്ധിച്ചിടത്തോളം  ഫാമിലിയായി ജീവിക്കുന്നവര്‍ക്ക് വാടകയാണ് വലിയൊരു പ്രതിസന്ധി. ഷോപ്പിംഗ് നടത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കഴിയാത്തതും കണക്കില്‍ പെടാത്തതുമായ സാധന ങ്ങള്‍ വാങ്ങിക്കൂട്ടുന്നു എന്നത് മറ്റൊരു കാര്യമാണ്. ഉള്ളതിനെക്കാളപ്പുറം അടിച്ചുപൊളിച്ചു ജീവിക്കാന്‍ പ്രവാസിയെ പ്രേരിപ്പിക്കുന്നത്  എളുപ്പത്തില്‍ കിട്ടുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തന്നെയാണ്.  കൈയിലുള്ള കാശില്‍ നിന്നുകൊണ്ട് ബജറ്റ് ഉണ്ടാക്കുകയും അതിനനുസരിച്ച് മാത്രം ചെലവഴിക്കുകയും ചെയ്യുന്ന രീതി പ്രവാസി പിന്തുടരണം. അതുപോലെ ഓഫറുകളുടെ പിന്നാലെ പോയി ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടി പോക്കറ്റ് കാലിയാകുന്ന അവസ്ഥയും പ്രവാസി പ്രതിരോധിക്കേണ്ടതുണ്ട്. ഉള്ള കാശില്‍ നാട്ടില്‍ വലിയ വീടുകള്‍ പണിയുക എന്നതും പ്രവാസിക്ക് പൊതുവെ ഉള്ള ട്രെന്‍ഡ് ആണ്. അവസാനം തിരിച്ചു ചെല്ലുമ്പോള്‍ വീട് മാത്രമേ ഉണ്ടാകൂ എന്ന കാര്യം ഒരു ശരാശരി പ്രവാസി ഓര്‍ക്കേണ്ടതുണ്ട്.

സബീനയുടെ കുടുംബം? 

അഞ്ച് കുട്ടികളാണ് എനിക്ക്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. മൂത്തയാള്‍ നാട്ടില്‍ എഞ്ചിനീയറിംഗി ന് പഠിക്കുന്നു. ബാക്കിയുള്ളവര്‍ ഇവിടെ പഠിക്കുന്നു. ഭര്‍ത്താവ് സെയില്‍സ് ആന്‍ഡ് അക്കൗണ്ടന്റ്‌സില്‍ ജോലി ചെയ്യുന്നു. 

പ്രവാസി കുട്ടികള്‍ക്ക് നാട്ടിലെ 

കുട്ടികളെ അപേക്ഷിച്ച് കാര്യബോധവും തീരുമാനമെടുക്കാനുള്ള കഴിവും കുറയുന്നു എന്നൊരു അപവാദമുണ്ട്. വീട്ടമ്മ എന്ന നിലയില്‍ സബീനക്ക് എന്ത് തോന്നുന്നു?

ശരിയാണ്. ചിലപ്പോഴെങ്കിലും അങ്ങനെ തോന്നിപ്പോകാറുണ്ട്. നാട്ടിലെ കുട്ടികള്‍ കാര്യങ്ങളെല്ലാം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും മനസ്സിലാക്കുന്നവരാണ്. മാളുകളിലും പാര്‍ക്കുകളിലും ചുരുങ്ങിപ്പോകുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് പലതും നഷ്ടപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഒരു മരണവീട് സന്ദര്‍ശിച്ചിട്ടുള്ള അനുഭവമൊന്നും അവര്‍ക്കില്ല. ആ ഫീലിംഗ് ഉള്‍കൊള്ളാന്‍ അവര്‍ പ്രായോഗികമായി പഠിക്കുന്നില്ല. അത് തിരിച്ചുപിടിക്കാന്‍ രക്ഷിതാക്കള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം നാടുമായി ബന്ധപ്പെട്ടു പ്രവാസ ലോകത്ത് സംഘടിപ്പിക്കപ്പെടുന്ന പരിപാടികള്‍ക്ക് കൂടുതലായി അവരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയും അങ്ങനെ അതിലൂടെ അവര്‍ക്ക്  നാടിനെപ്പറ്റി അവബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നതാണ്. ബാലവേദി പോലെ ധാരാളം സംഘടനകള്‍ പ്രവാസി കുട്ടികള്‍ക്ക് വേണ്ടി തന്നെയുണ്ട്.

കുട്ടികളുടെ നാടുമായുള്ള ബന്ധം എങ്ങനെ? പലതും നഷ്ടപ്പെടുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടോ? 

നാട് അവര്‍ക്ക് ഇഷ്ടമാണ്. അവധിക്കു പോകുമ്പോള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അനുഭവിക്കുന്നതാണ് അവര്‍ക്ക് നാടെന്ന അനുഭവം. ബന്ധുക്കളെ കാണാനും അവിടുത്തെ ഗ്രാമീണതയും പച്ചപ്പും എല്ലാം അവര്‍ക്കിഷ്ടമാണ്. ചില സമയത്ത് അവധി കഴിഞ്ഞാല്‍ കുറച്ചുകൂടി നില്‍ക്കണമെന്ന് അവര്‍ക്ക് തോന്നാറുണ്ട്. നാട്ടില്‍ ഇടക്കു പോകുമ്പോഴുള്ള ജീവിതം ഒന്ന് വ്യത്യസ്തമാണല്ലോ. യാത്രകളും ഉല്ലാസങ്ങളുമായി, എന്നാല്‍ സ്ഥിരമായി അവിടെ നില്‍ക്കുമ്പോള്‍ ആ ഫീലിംഗ് ഉണ്ടാകു മെന്ന് തോന്നുന്നില്ല. നഷ്ടപ്പെടുന്നു എന്ന ബോധം അവര്‍ക്കുണ്ടാവില്ല. മുതിര്‍ന്നവരെ പോലെ നാടുമായി ബന്ധപ്പെട്ട പൂര്‍വകാല സ്മരണകളൊന്നും  തന്നെ അവര്‍ക്കില്ല. 

20 വര്‍ഷമായി സബീന പ്രവാസ ജീവിതം തുടങ്ങിയിട്ടെന്നു പറഞ്ഞു. കാലാന്തരത്തില്‍ പ്രവാസ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ എങ്ങനെ കാണുന്നു.?

ആദ്യം സൗദിയിലായിരുന്നു. അവിടുത്തെ പോലെ ബന്ധങ്ങളിലെ അടുപ്പം യു.എ.ഇയില്‍ കാണാന്‍ പറ്റിയില്ല. പിന്നെ സാങ്കേതിക വളര്‍ച്ച മൂലമുണ്ടായ മാറ്റങ്ങള്‍ എല്ലായിടത്തുമുണ്ട്. ഫേസ്ബുക്കും വാട്‌സ്ആപ്പും വന്നതില്‍പിന്നെ അകലെയുള്ള ബന്ധങ്ങള്‍ അടുക്കുകയും അടുത്തുള്ള ബന്ധങ്ങള്‍ അകലുകയും ചെയ്യുന്ന പ്രവണത മൊത്തത്തില്‍ ഉണ്ട്. അത് പ്രവാസ ലോകത്തെയും ബാധിച്ചിട്ടുണ്ട്. നാട്ടുകാരുമായുള്ള ബന്ധങ്ങള്‍ കുറഞ്ഞു. തൊട്ടടുത്ത ഫ്‌ളാറ്റിലുള്ള ആളുടെ വിശേഷമറിഞ്ഞില്ലെങ്കിലും അങ്ങ് നൈജീരിയയിലുള്ള ആളുടെ വിശേഷം കൃത്യമായി അറിയും എന്നത് പോലെ. പ്രവാസ ബാഹുല്യവും ഇതിന്  കാരണമാവാം. ഫാമിലികളൊക്കെ ഒത്തിരി കൂടി. മുമ്പ് അങ്ങനെ ഉണ്ടായിരുന്നില്ല. പിന്നെ, തീന്മേശയില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് പോലും ആരും അറിയുന്നില്ല. പല ഗ്രൂപ്പുകളും ചാറ്റിങ്ങുകളും. കണ്ണും കൈയും എപ്പോഴും മൊബൈലിലാണ്. ഇങ്ങനെയൊക്കെയുള്ള മാറ്റങ്ങള്‍ പ്രവാസ ജീവിതത്തിലും ഉണ്ട്. 

വായനക്ക് കൂടുതല്‍ സമയം കണ്ടെത്തുന്നുണ്ടോ? പ്രവാസ ജീവിതം സംതൃപ്തി നല്‍കുന്നുണ്ടോ?

വായനക്ക് കിട്ടുന്ന സമയം പരിമിതമാണ്. ലേഖനമോ മറ്റോ ചെയ്യുകയാണെങ്കില്‍ ആ വിഷയത്തെ പറ്റി നന്നായി പഠിച്ചേ എഴുതാറുള്ളൂ. പ്രവാസ ജീവിതം കാത്തിരുന്നു കിട്ടിയത് തന്നെയാണ്. ഭര്‍ത്താവും കുട്ടികളും എവിടെയാണോ അവിടെ തന്നെയാവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതം സന്തോഷകരമാവുന്നത്. 

സാഹിത്യമല്ലാതെ മറ്റു വല്ല രംഗത്തമുണ്ടോ?

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുണ്ട്. കേരള സമാജം സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമാണ്. ഉത്തരവാാദിത്തങ്ങള്‍ ഏറ്റെടുത്തിട്ടില്ല സമയം തടസ്സം ആയാലോ എന്ന ആശങ്ക ഉള്ളത് കൊണ്ട് തന്നെ. ഭര്‍ത്താവിന്റെ പിന്തുണയും പ്രോത്സാഹനവും  വേണ്ടുവോളം ഉണ്ടെന്നത്  വളരെ വലിയ കാര്യമാണ്.

സമയമില്ലെന്ന് പരാതിപ്പെട്ടു എല്ലാറ്റില്‍ നിന്നും ഉള്‍വലിയുന്ന വീട്ടമ്മമാര്‍ക്ക്  എന്ത്  നിര്‍ദേശമാണ് കൊടുക്കാനുള്ളത്? 

സമയമില്ല എന്ന പരാതി പരിചയക്കാരില്‍ നിന്നും മറ്റുമായി പലപ്പോഴും കേട്ടിട്ടുണ്ട്.  വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന സ്വഭാവം പ്രവാസികള്‍ക്കുണ്ട്  ഇത് സമയം ഇല്ല എന്ന പരാതിക്ക് പ്രധാന കാരണമാണ്. രാത്രി 2 മണിക്കും 3 മണിക്കും ഉറങ്ങിയിട്ട് രാവിലെ 11 മണിക്കൊക്കെ എഴുന്നേല്‍ക്കുന്നവര്‍ക്ക് പിന്നെ ഭക്ഷണമുണ്ടാക്കാനേ സമയം തികയുകയുള്ളൂ. സമയത്തെ ചിട്ട യോടെ ക്രമീകരിച്ചു കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് കഴിയാത്തത് ഒന്നുമില്ല. നാട്ടിലെ സ്ത്രീകളെക്കാള്‍ സമയം കിട്ടുന്നത് പ്രവാസി സ്ത്രീകള്‍ക്കാണ്. സമയത്തെ കൈകാര്യം ചെയ്യുന്ന വിധമാണ് മാറ്റേണ്ടത്. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top