അഭിവാദനങ്ങള്‍

നിയാസ് വേളം No image

മനുഷ്യരുടെ പരസ്പര ബന്ധങ്ങള്‍ ആഹ്ലാദകരമാക്കുന്നതില്‍ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത അഭിവാദന രീതികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിശ്വാസികള്‍ പരസ്പരം അഭിവാദനം നടത്തുന്നതിനെ വിശുദ്ധ വേദഗ്രന്ഥവും പ്രവാചക മൊഴികളും വല്ലാതെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. എന്നല്ല, ഒരുവന്റെ വിശ്വാസം പൂര്‍ണമാകുന്നതിലും സ്വര്‍ഗലബ്ധി സാധ്യമാക്കുന്നതിലും വരെ അതിന്ന് പങ്കുണ്ട് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 

മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത അഭിവാദന രീതികള്‍ക്ക് ഏകദേശം മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യന്‍ സാമൂഹിക ജീവിതം ആരംഭിച്ച കാലം മുതല്‍ക്കേ വിവിധങ്ങളായ രീതികളും വാക്കുകളുമുപയോഗിച്ച് അവര്‍ പരസ്പരം അഭിവാദനം ചെയ്തിട്ടുണ്ടാവാം. സംഭവ ലോകത്ത് വ്യത്യസ്ത മത-സംസ്‌കാര-ജീവിതരീതികളുമായി ബന്ധപ്പെട്ട് ധാരാളം അഭിവാദന രീതികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയുടെയെല്ലാമൊരു പൊതു സവിശേഷത അവ ഏതോ അര്‍ഥത്തില്‍ പരിമിതമാണെന്നുള്ളതാണ്. സമീപകാലത്ത് നമുക്കിടയില്‍ ഏറെ പ്രചാരം നേടിയ 'ഗുഡ്‌മോണിങ്ങ്' പോലുള്ളവ ചില പ്രത്യേക സമയങ്ങളില്‍ മാത്രം പരിമിതപ്പെടുമ്പോള്‍, മറ്റു ചിലവ സമൂഹത്തിലെ ഏതെങ്കിലും ചില പ്രത്യേക വിഭാഗങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇസ്‌ലാമിന്റെ വ്യതിരിക്തമായ അഭിവാദനവാക്യം പ്രസക്തമാവുന്നത്. പൊതുവെ, ഇത്തരം ന്യൂനതകള്‍ക്കതീതവും അര്‍ഥ സമ്പുഷ്ടവുമാണത്. 

    ജാതി-മത-വര്‍ണ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യരെല്ലാവരും അടിസ്ഥാനപരമായി സമാധാനകാംക്ഷികളും സുരക്ഷിതത്വം ആഗ്രഹിക്കുന്നവരുമാണ്. സമാധാനം നഷ്ടപ്പെടുന്നതും അരക്ഷിതാവസ്ഥ സംജാതമാവുന്നതും ജീവിതത്തിലെ വലിയ പ്രതിസന്ധികളായാണ് ആളുകള്‍ നോക്കിക്കാണുന്നത്. ഇങ്ങനെ, മനുഷ്യന്റെ മൗലിക ജീവല്‍പ്രശ്‌നങ്ങളായ സമാധാനവും സുരക്ഷിതത്വവും പരസ്പരം നേരുകയാണ് ഇസ്‌ലാമികാഭിവാദനത്തിലൂടെ ലളിതമായി സംഭവിക്കുന്നത്. ആളുകള്‍ പരസ്പരം സലാം പറയേണ്ടതിന്റെ ആവശ്യകതയും പരസ്പര ഇടപാടുകളിലേര്‍പെടുന്നതിന്റെ പ്രാധാന്യവും വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത സൂക്തങ്ങളില്‍ അടിവരയിടുന്നുണ്ട്. ഒരു വ്യക്തി തന്റേതല്ലാത്ത വീടുകളില്‍ കയറിച്ചെല്ലുന്ന സന്ദര്‍ഭത്തില്‍ പാലിക്കേണ്ട മര്യാദകള്‍ വിവരിക്കുന്നേടത്ത്, ഒന്നാമതായി നിങ്ങള്‍ സലാം പറയണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വിശ്വാസികളുടെ പരസ്പര ബാധ്യതകള്‍ പ്രതിപാദിക്കുന്ന തിരുവചനങ്ങളില്‍ സലാം പറയുന്നതിന് പ്രഥമസ്ഥാനം നല്‍കിയതായി കാണാവുന്നതാണ്. മുസ്‌ലിംകള്‍ക്കാകമാനം മാതൃകായോഗ്യരായ സ്വഹാബീ വര്യന്മാര്‍ സലാം വ്യാപിപ്പിക്കുകയെന്ന പ്രവാചക കല്‍പന പ്രയോഗിക തലത്തില്‍ ഏറ്റെടുത്തവരായിരുന്നു. പ്രമുഖ സ്വഹാബി  അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) സലാം പറയുവാന്‍ വേണ്ടി മാത്രം വഴിയില്‍ ഇറങ്ങി നടക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുമ്പോള്‍, കേവല അതിശയോക്തിക്കപ്പുറം അനുസരണത്തിന്റെയും അനുധാവനത്തിന്റെയും മികച്ച മാതൃകകള്‍ അതില്‍ പ്രകടമാവുന്നുണ്ട്. 

    പരസ്പരം സലാം പറയുകയെന്നത് മുഹമ്മദ് നബി(സ)യുടെ അനുയായികളായ മുസ്‌ലിംകളുടെ മാത്രം അഭിവാദന രീതിയല്ല. മറിച്ച്, എല്ലാ കാലഘട്ടങ്ങളിലും ഇസ്‌ലാമിന്റെ അഭിവാദന രീതിയായിരുന്നു അതെന്നാണ് പ്രമാണങ്ങളും ചരിത്രയാഥാര്‍ഥ്യങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ആദം നബി (അ)യുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് അബൂഹുറൈറ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: പ്രവാചകന്‍ (സ) പറഞ്ഞു: 'ആദം നബിയെ സൃഷ്ടിച്ച ശേഷം അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ അവിടെ കൂടി ഇരിക്കുന്ന മാലാഖമാരുടെ അടുത്തേക്ക് പോവുകയും അവരോട് സലാം പറയുകയും ചെയ്യുക. അവര്‍ എങ്ങനെയാണ് താങ്കളെ പ്രത്യഭിവാദനം ചെയ്യുന്നതെന്ന് താങ്കള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. അതാണ് താങ്കളുടെയും ഭൂമിയിലെ മുഴുവന്‍ മനുഷ്യരുടെയും അഭിവാദന രീതി'. അപ്പോള്‍ ആദം (അ) മലക്കുകളോട് പറഞ്ഞു: 'അസ്സ ലാമു അലൈക്കും'. അവര്‍ പ്രതിവ ചിച്ചു: 'വ അലൈക്കുമുസ്സലാം വറഹ്മ ത്തുല്ലാഹ്'. (മുസ്‌ലിം, ബുഖാരി) ആദ്യ മനുഷ്യനായ ആദം നബി മുതല്‍ ഇസ്‌ലാമിന്റെ അഭിവാദന രീതി സലാം പറയലായിരുന്നുവെന്നാണ് ഉപരിസൂചിത ഹദീസില്‍ നിന്നും വ്യക്തമാകുന്നത്. പ്രവാചകരില്‍ പ്രമുഖനായ ഇബ്‌റാഹീം നബി (അ)യുടെ അടുക്കല്‍ സന്തോഷവാര്‍ത്തയുമായി വന്ന മലക്കുകള്‍ സലാം പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തതെന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (51: 25). ഇഹലോക ജീവിതത്തിനു ശേഷം നാളെ പരലോകത്തും ഇതേ അഭിവാദനവാക്യം കൊണ്ടാണ് വിശ്വാസികള്‍ അഭിവാദനം ചെയ്യപ്പെടുകയെന്ന സൂചനയും വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ് (13: 24). അഥവാ, മനുഷ്യന്‍ തന്റെ പരസ്പര ഇടപാടുകള്‍ എപ്പോഴൊക്കെ തുടരുന്നുവോ, അപ്പോഴൊക്കെയും ഇസ്‌ലാമിന്റെ അഭിവാദന രീതി ഒന്നായിരിക്കുമെന്നാണ് മേല്‍ വാക്യങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്. 

സമൂഹത്തില്‍ സാര്‍വത്രികമായ സകല വിവേചനങ്ങള്‍ക്കുമതീതമായി എല്ലാവരോടും മാന്യമായി പെരുമാറണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ മാനവിക സങ്കല്‍പത്തിന്റെ തേട്ടമാണത്. ഒരാളെ നല്ല രീതിയില്‍ സലാം പറഞ്ഞുകൊണ്ട് അഭിവാദനം നടത്തുന്നതില്‍ അയാളുടെ മതമോ, പ്രായമോ, ലിംഗമോ, പരിചയ-അപരിചിതത്വങ്ങളോ മാനദണ്ഡമാവരുതെന്ന് പ്രവാചകന്‍ ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''ഒരിക്കല്‍ പ്രവാചകസന്നിധിയില്‍ വന്ന് ഒരാള്‍ പറഞ്ഞു: 'ദീനില്‍ ശ്രേഷ്ഠമായ കാര്യങ്ങള്‍ എനിക്ക് അറിയിച്ചു തരിക'. പ്രവാചകന്‍ പറഞ്ഞു: 'ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുക, നിനക്ക് പരിചയമുള്ളവരോടും അപരിചിതരോടും സലാം പറയുക'.(ബുഖാരി,മുസ്‌ലിം). പ്രവാചകന്‍ പള്ളിയുടെ അടുത്ത് കൂടി നടന്നു പോവുമ്പോള്‍ ഒരു കൂട്ടം സ്ത്രീകളെ കാണുകയും അവരോട് കൈ ഉയര്‍ത്തിക്കൊണ്ട് സലാം പറയുകയും ചെയ്തതായി അസ്മാഅ് ബിന്‍ത് യസീദ് (റ) ഉദ്ധരിക്കുന്നുണ്ടണ്‍്. എന്നല്ല കുട്ടികളോട് പോലും സലാം പറഞ്ഞ് കൊണ്ടാണ് പ്രവാചകന്‍ സംസാരം ആരംഭിച്ചിരുന്നത്. അനസ് (റ)വില്‍ നിന്ന്: 'നബി (സ) കുട്ടികളുടെ അടുത്തു കൂടെ നടന്നു പോവുമ്പോള്‍ അവരോട് സലാം പറയാറുണ്ടായിരുന്നു' (ബുഖാരി, മുസ്‌ലിം). വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഇടപഴകേണ്ടി വരുന്ന എല്ലാ ആളുകളോടും സലാം പറയണമെന്ന  സന്ദേശമാണ് ഉപരിസൂചിത പ്രവാചകമൊഴികള്‍ പങ്കുവെക്കുന്നത്. 

    അമുസ്‌ലിംകളോട് സലാം പറയുന്ന കാര്യത്തില്‍ ശങ്കിച്ചു നില്‍ക്കുന്നവരാണ് വര്‍ത്തമാനകാല മുസ്‌ലിംകളിലധികവും. എന്നാല്‍ പൂര്‍വസൂരികളായ പണ്ഡിതന്‍മാരിലധികവും അമുസ്‌ലിംകളോട് സലാം പറയാമെന്ന അഭിപ്രായമുള്ളവരാണ്. പ്രവാചക ശിഷ്യരില്‍ പ്രമുഖ പണ്ഡിതനായ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ), 'സഹവാസത്തിന്റെ അവകാശ'മായിട്ടാണ് അതിനെ വിശദീകരിച്ചത്. പ്രവാചക അനുയായികളില്‍ മറ്റൊരു പ്രമുഖ പണ്ഡിതനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) തന്റെ വേദക്കാരായ സുഹൃത്തുക്കള്‍ക്ക് കത്തെഴുതുന്ന സന്ദര്‍ഭത്തില്‍ ഇസ്‌ലാമിക അഭിവാദനം കൊണ്ട് ആരംഭിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 'യഹൂദികള്‍ക്കും നസ്രാണികള്‍ക്കും നിങ്ങള്‍ സലാം പറഞ്ഞ് തുടങ്ങരുത'' എന്ന പ്രവാചക നിര്‍ദേശമാണ് ഇതിനെതിരായി പണ്ഡിതന്മാര്‍ ഉന്നയിക്കാറുള്ളത്. എന്നാല്‍ വേദക്കാരായ ചില ആളുകള്‍ ഇസ്‌ലാമിക അഭിവാദന വാക്യത്തിലെ ചില അക്ഷരങ്ങള്‍ നീക്കം ചെയ്യുകയും, അങ്ങനെ മോശമായ അര്‍ഥത്തില്‍ അവ മുസ്‌ലിംകള്‍ക്കെതിരായി ഉപയോഗിക്കുകയും ചെയ്ത സവിശേഷ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം പ്രവാചകന്‍ (സ) നല്‍കിയത്. അഥവാ, അത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കാത്തിടത്ത്, അമുസ്‌ലിം സുഹൃത്തുക്കളോട് സലാം പറയാമെന്ന് സാരം. 'അവരോട് ആദ്യം സലാം പറഞ്ഞ് തുടങ്ങുതിന് വിരോധമില്ല' എന്ന ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) വിന്റെ അനുവാദവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. 

    ജനങ്ങളോട് സലാം പറയുന്നവര്‍ ശ്രദ്ധിക്കേണ്ട ചില മര്യാദകളെക്കുറിച്ച് പ്രവാചക വചനങ്ങളില്‍ കാണാം. ഇത്തരം നിര്‍ദേശങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പ്രസക്തിയുണ്ട്. സലാം പറയുന്നവര്‍ അത് പൂര്‍ണരൂപത്തില്‍ പറയുകയെന്നതാണ് അതിലൊന്ന്. പൂര്‍ണരൂപത്തില്‍ സലാം പറയുന്നവന് കൂടുതല്‍ പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. സലാം മടക്കുന്നവനും ഈ കല്‍പന ബാധകമാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ അഭിവാദ്യം ചെയ്യപ്പെട്ടാല്‍ അതിനേക്കാള്‍ നല്ലത് കൊണ്ട് പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കില്‍ അങ്ങനെയെങ്കിലും തിരിച്ചു കൊടുക്കുക' (അന്നിസാഅ്: 86). സോഷ്യല്‍ മീഡിയയുടെയും ചാറ്റിങ്ങിന്റെയും കാലത്ത് ഇത്തരമൊരു നിര്‍ദേശത്തിന് വലിയ പ്രസക്തിയുണ്ട്. ടൈപ്പ് ചെയ്യാനുള്ള സൗകര്യത്തിനു വേണ്ടി അഭിവാദന വാക്യം പരമാവധി ചുരുക്കുന്ന നമ്മള്‍, മനസിലെങ്കിലും അത് പൂര്‍ണമായി ഉരുവിടാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നേരിട്ട് ബന്ധപ്പെടാത്ത ആളുകളോട് മറ്റൊരാള്‍ വഴി സലാം പറഞ്ഞയക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. ആയിശ (റ)വില്‍ നിന്ന്: 'പ്രവാചകന്‍ എന്നോട് പറഞ്ഞു: ''ഇതാ ജിബ്‌രീല്‍ നിന്നോട് സലാം പറയുന്നു''. അപ്പോള്‍ ഞാന്‍ പറഞ്ഞു: ''വ അലൈഹിസ്സലാമു വറഹ്മത്തുല്ലാഹി വബറകാത്തുഹു'' (അദ്ദേഹത്തിനും ദൈവത്തിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെ) (മുസ്‌ലിം,ബുഖാരി).'' ഒരാള്‍ തനിക്ക് കഴിയുന്ന എല്ലാ മാര്‍ഗേണയും സലാം പറയണമെന്ന് സാരം. 

നാം ജീവിക്കുന്ന സാമൂഹിക സാംസ്‌കാരിക സാഹചര്യം അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍, ജാതി മത ഭേദമന്യേ പരസ്പര ബന്ധങ്ങള്‍ ഊഷ്മളമാക്കുകയെന്നത് സര്‍ഗാത്മക പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്ത ഭാവങ്ങളിലൊന്നാണ്. പരസ്പരാഭിവാദനം പരമാവധി വ്യാപിപ്പിക്കുന്നതിലൂടെ, ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും പരസ്പരവിശ്വാസം നഷ്ടപ്പെടുന്ന കെട്ട കാലത്തിനൊരു തിരുത്ത് നല്‍കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top