കരയിലും കടലിലും വേണ്ടാതായവർ - ചില റോഹിംഗ്യൻ കാഴ്ചകളിലൂടെ

യാസീന്‍ അശ്‌റഫ് No image

2012-ല്‍ അറഫയുടെ ഗ്രാമത്തിലും കലാപമെത്തി.

മ്യാന്‍മറിലെ റോഹിംഗ്യകളുടെ ജീവിതം അങ്ങനെയാണ.് എപ്പോഴാണ് എല്ലാം കീഴ്‌മേല്‍ മറിയുക എന്നറിയില്ല. അറഫയുടെ നാട്ടില്‍ ബുദ്ധമത തീവ്രവാദികള്‍ കലാപമഴിച്ചുവിട്ടത് 2012-ല്‍.

ഒന്നേകാല്‍ ലക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് അക്കൊല്ലത്തെ കലാപത്തില്‍ നിരാലംബരായത്.

സംഘര്‍ഷം നിയന്ത്രിക്കാനെന്ന പേരില്‍ സുരക്ഷാപട്ടാളക്കാരും ഗ്രാമത്തിലെത്തി.  പിന്നെ കൂടെ കൂടെ ബുദ്ധമതക്കാരും പട്ടാളക്കാരും റോഹിംഗ്യകളെ വേട്ടയാടുകയായി.

കഴിഞ്ഞ നവംബര്‍ 22-ന് അക്രമികളും പട്ടാളക്കാരും രണ്ടും കല്‍പ്പിച്ചാണെത്തിയത്.

അവരുടെ ഇഷ്ട ആയുധം തീയായിരുന്നു. റോഹിംഗ്യകളുടെ ചെറ്റക്കുടിലുകള്‍ക്ക് അവര്‍ തീവെച്ചു. അറഫയുടെ കുടിലിനും.

25 കാരിയായ അറഫക്ക് ആറു മക്കളായിരുന്നു - രണ്ട്  ആണും നാലു പെണ്ണും. ദുരിതം പങ്കിടാന്‍ ഭര്‍ത്താവും.

കൊള്ളിവെപ്പുകാര്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് പുറത്തായിരുന്നു. ആലോചിച്ചു നില്‍ക്കാനെവിടെ സമയം! അറഫ ആറുമക്കളെയും കൂട്ടി ഒരുവിധം കുടിലിന് പുറത്ത് കടന്നു.

തീനാളങ്ങളും കട്ടിപ്പുകയും വകഞ്ഞുമാറ്റി അവര്‍ പുറത്തേക്കോടുമ്പോള്‍ മുമ്പില്‍ നില്‍ക്കുന്നു ബര്‍മീസ് പട്ടാളക്കാരന്‍. എട്ടുവയസ്സുള്ള രണ്ടാമത്തെ മകനെ അയാള്‍ ഒറ്റച്ചാട്ടത്തിന് പിടികൂടി. എന്നിട്ട് തീയിലേക്ക് ഒറ്റയേറ്.

അറഫക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. മരവിച്ച മനസ്സും പരക്കം പായുന്ന കാലുകളും മാത്രം. മകന്റെ കത്തിക്കരിഞ്ഞ ജഡത്തെയും ജീവിച്ചിരിപ്പുണ്ടോ എന്നുറപ്പില്ലാത്ത ഭര്‍ത്താവിനെയും പിന്നിലുപേക്ഷിച്ച് ബാക്കിയായ അഞ്ച് മക്കളെയും കൊണ്ട് അവള്‍ ഓടി കാട്ടിലൊളിച്ചു.

രണ്ടു നാള്‍ കാട്ടില്‍ ഒളിവില്‍ തന്നെ കഴിഞ്ഞു. കാട്ടിന്റെ മറ്റേയറ്റത്താണ് നാഫ് നദി. അപ്പുറം ബംഗ്ലാദേശ്.

മറ്റു കുറെ അഭയാര്‍ഥികള്‍ക്കൊപ്പം ജീര്‍ണിച്ച ഒരു ചങ്ങാടത്തില്‍ അവളും അഞ്ചുമക്കളും ബംഗ്ലാദേശിലേക്ക് കടന്നു.

കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അവരെപ്പോലെ 21,000 റോഹിംഗ്യകളാണ് എല്ലാം കളഞ്ഞ് നാടുവിട്ടത്. ('ടൈം', വാരിക, 2016 ഡിസംബര്‍ 12)

************

തീക്കൊള്ളികളും തീബോംബുകളും മാത്രമല്ല വെടിയുണ്ടകളും റോഹിംഗ്യകള്‍ക്കായി അവര്‍ കരുതിവെച്ചിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലായി, പല സ്ഥലങ്ങളിലായി, പല ആയുധങ്ങള്‍, ഇരകള്‍ ലക്ഷങ്ങള്‍ വരുന്നവര്‍. ഒരേ വിഭാഗക്കാര്‍.

20കളിലെത്തിയ ചെറുപ്പക്കാരനാണ് മുഹമ്മദ് ശഫീഖ്. വീട്ടിലിരിക്കെ ഒരുനാള്‍ പുറത്ത് വെടിയൊച്ച കേട്ടു. യൂനിഫോമിടാത്ത പട്ടാളക്കാര്‍ വന്ന് വാതിലില്‍ മുട്ടി. പിന്നെ വാതിലിനുനേരെ വെടിവെച്ചു.

ശഫീഖ് വാതില്‍ തുറന്നു. പട്ടാളക്കാര്‍ അകത്തുകടന്നു. സ്ത്രീകളെ പിടിച്ച് മാറ്റിനിര്‍ത്തി; പുരുഷന്മാരെ വരിയായി നിര്‍ത്തി.

പട്ടാളക്കാരിലൊരാള്‍ തന്റെ സഹോദരിയുടെ കൈക്ക് പിടിച്ചപ്പോള്‍ ശഫീഖ് അയാളുടെ നേര്‍ക്ക് ചെന്നു. അവരെല്ലാവരുംകൂടി അവനെ അടിച്ചവശനാക്കി. മരിച്ചെന്ന് കരുതി അവനെ അവിടെ ഉപേക്ഷിച്ച് അവര്‍ പോയി. 

കുറെ കഴിഞ്ഞ് ബോധം തെളിഞ്ഞ ശഫീഖ് പുറത്തുകടന്നു. ഒരു വെടിയുണ്ട വന്ന് തോളില്‍ തറഞ്ഞു. 

നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ മുട്ടിലിഴഞ്ഞ് ഒരു മണിക്കൂര്‍ നീങ്ങി. തന്റെ വീടടക്കം ഗ്രാമത്തിലെ സകലതും തീയില്‍ നശിക്കുന്നത് കണ്ടാണ് അവന്‍ അവിടം വിട്ടത്.

ഇതേ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടവളാണ് ജന്നത്തുല്‍ മര്‍വാ (25) രാത്രിയുടെ മറവില്‍, നാലുകാലില്‍ അരിച്ചരിച്ച് നീങ്ങവെ മരിച്ചും മുറിവേറ്റും കിടക്കുന്ന അയല്‍ക്കാരെ കടന്നുപോയത് അവള്‍ ഓര്‍ക്കുന്നു. (എലന്‍ബാരിയുടെ റിപ്പോര്‍ട്ട്, 2017 ജനുവരി 10)

*****            *****            *****

പട്ടാളക്കാര്‍ പെണ്‍കുട്ടികളെ കൂട്ടമായി കൊണ്ടുപോകുന്നു. മാനഭംഗപ്പെടുത്താന്‍ തന്നെ. രക്ഷപ്പെടാനായി മൂന്നുകുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് റശീദാബീഗം (22) പതുങ്ങിപ്പതുങ്ങി നീങ്ങി, കുതിച്ചോടുന്ന പുഴവെള്ളത്തിലേക്കിറങ്ങി.

അവള്‍ നിസ്സഹായയായിരുന്നു. അലറിപ്പായുന്ന വെള്ളത്തില്‍ ശത്രുക്കള്‍ കാണാതെ, മുന്നുമക്കളെയും കൊണ്ട് ഒരുപാട് നേരം ഒളിച്ചുകഴിയണം. ആ തിരക്കില്‍, ഏറ്റവും ഇളയ കൈക്കുഞ്ഞ് കൈയില്‍ നിന്ന് ഊര്‍ന്ന് പോയി. അവളെയും കൊണ്ട് വെള്ളം ആര്‍ത്തലച്ചോടുന്നത് നോക്കിനില്‍ക്കാനേ ആ ഉമ്മക്കായുള്ളൂ.

സുഫായത്തുല്ലയും (20) വെള്ളത്തിലേക്കിറങ്ങി നിന്നത് ഒളിച്ചുനില്‍ക്കാന്‍ തന്നെ. അവിടെനിന്ന് അവന്‍ കണ്ടു- പട്ടാളക്കാര്‍ തന്റെ വീടിന് തീവെച്ചിരിക്കുന്നു.

അവന്റെ ഉമ്മയും ബാപ്പയും രണ്ടും സഹോദരന്മാരും അതിനുള്ളില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു അപ്പോള്‍. (എലന്‍ ബാരിയുടെ റിപ്പോര്‍ട്ട്)

*****            *****

സ്വന്തം നാട്ടില്‍ വേട്ടയാടപ്പെട്ട റോഹിംഗ്യകള്‍ ചങ്ങാടങ്ങളിലും ബോട്ടുകളിലുമായി കടലിലേക്കിറങ്ങി. പലരും വര്‍ഷങ്ങളോളം കടലില്‍ കഴിയുന്നു. കുറെപേര്‍ അതില്‍ മരിക്കുന്നു. കുറെപേര്‍ ബംഗ്ലാദേശിലും മലേഷ്യയിലും ഇന്ത്യയിലുമൊക്കെ അഭയാര്‍ഥികളായി കഴിയുന്നു.

ഇപ്പോള്‍ ജമ്മുവിലെ നര്‍വല്‍ പ്രദേശത്ത് അഭയാര്‍ത്ഥി ക്യാമ്പിലുള്ള മുഹമ്മദ് സലീം (29) മ്യാന്‍മറിലെ റഖീന്‍ സംസ്ഥാനത്തുകാരനാണ്. ഭാര്യയുണ്ടായിരുന്നു. മൂന്ന് കുട്ടികളും ഒരു കുഞ്ഞുപെങ്ങളും.

അഭയാര്‍ത്ഥി ജീവിതം എന്നും അനിശ്ചിതമാണ്. കഴിഞ്ഞ നവംബറില്‍ സലീം ഒരു ബന്ധുവിനെ കാണാന്‍പോയി. അര്‍ധരാത്രിയില്‍ കുടിലുകള്‍ക്ക് തീപ്പിടിച്ചു. സലീം ഓടിയെത്തിയപ്പോഴും ഭാര്യയും, പെങ്ങളടക്കം മൂന്നുകുട്ടികളും മരിച്ചിരുന്നു. 

ജമ്മുവില്‍ തന്നെ അഭയാര്‍ഥിയായ താഹിറ ബീഗം (25) ഒറ്റമുറിക്കുടിലില്‍ ഭര്‍ത്താവും രണ്ട് കുട്ടികളുമായി അരിഷ്ടിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ മേയില്‍ അഭയാര്‍ത്ഥി ക്യാമ്പിലെ വൈദ്യുതിത്തകരാറ് ശരിപ്പെടുത്തുന്നതിനിടെ ഭര്‍ത്താവ് മുഹമ്മദ് റഫീഖ് ഷോക്കേറ്റ് മരിച്ചു.

മ്യാന്‍മറില്‍ നിന്ന് 2011-ല്‍ ഇന്ത്യയിലേക്ക് വന്ന ബില്‍കീസ് ജാന്‍ ഇന്ന് എഴുപതാം വയസ്സില്‍ ഒറ്റക്കാണ്. കുടുംബത്തിലെ ആരും മ്യാന്‍മറില്‍ ബാക്കിയായില്ല. അവിടെ ഭൂമിയും കന്നുകാലികളുമുണ്ടായിരുന്നു. ഇന്ന് ജമ്മു ക്യാമ്പില്‍ ഭക്ഷണത്തിന് യാചിച്ച് കഴിയുന്നു. ഏതെങ്കിലും കുടിലില്‍ കിടന്നുറങ്ങും. ഒന്നും തന്നെ സ്വന്തമായി ഇല്ലാതെ. ('ഹഫിങ്ടണ്‍ പോസ്റ്റ്', റിപ്പോര്‍ട്ട്, 2017 ജനുവരി 5)

 

*****            *****            

മുഹമ്മദ് ശഫാഅതിനെ ഇന്ന് ലോകമറിയുന്നത്, മ്യാന്‍മറിന്റെ സ്വന്തം ഐലാന്‍ കുര്‍ദിയായിട്ടാണ്. 

ഓര്‍മയില്ലേ സിറിയന്‍ അഭയാര്‍ഥികളിലെ ആ പിഞ്ചുകുഞ്ഞിനെ? കരക്കടിഞ്ഞ അവന്റെ കുഞ്ഞുജഡം ലോകത്തിന്റെ ഉറക്കം (കുറച്ചുകാലത്തേക്കെങ്കിലും) കെടുത്തിയതാണല്ലോ.

മുഹമ്മദ് ശഫാഅത്തിന് പ്രായം 16 മാസം. അവനെയും കൊണ്ട് മാതാപിതാക്കള്‍ നാഫ് പുഴ കടക്കുമ്പോള്‍ ബോട്ട് മറിഞ്ഞു. അവന്റെ ജഡം പിന്നീട് കരക്കടിഞ്ഞു- ഐലാന്‍കുര്‍ദി കിടന്ന അതേപോലെ.

അവന്റെ പിതാവ് സഫര്‍ ആലമിന് ഒരുപാടുപേരെ നഷ്ടപ്പെട്ടു. മ്യാന്‍മറിലെ ഗ്രാമത്തില്‍, മുകളില്‍ ഹെലികോപ്ടറില്‍നിന്നും ചുവടെ പട്ടാളക്കാരില്‍നിന്നും വെടിയുണ്ട വര്‍ഷം. കൊള്ളിവെപ്പ്. സഫറിന്റെ ഉപ്പൂപ്പയും ഉമ്മൂമ്മയും പട്ടാളക്കാര്‍ ഇട്ട തീയില്‍ വെന്തുമരിക്കുകയായിരുന്നു.

17 കാരന്‍ മുഹമ്മദിന് അമ്മാമനെ അക്രമികള്‍ വെട്ടുകത്തികൊണ്ട് കൊല്ലുന്നത് നേരിട്ടുകാണേണ്ടിവന്നു. ('ഡെയ്‌ലിമെയില്‍' റിപ്പോര്‍ട്ട്, 2014 ജനുവരി 4)

*****            *****            

തായ്‌ലന്‍ഡിനടുത്ത്, അന്തമാന്‍ കടല്‍പ്രദേശം. നൂറുകണക്കിന് അഭയാര്‍ത്ഥികളെ കുത്തിനിറച്ച ബോട്ടില്‍നിന്ന് നിലവിളി ഉയരുന്നു. 'സഹായിക്കണേ! സഹായിക്കണേ!'

അന്വേഷിച്ചിറങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ബോട്ടിലേക്കു നോക്കിയാണ് കരച്ചില്‍. 'ഇത്തിരി  വെള്ളം തരണേ' - ആര്‍ത്തനാദങ്ങളുയര്‍ന്നു.

മ്യാന്‍മറില്‍നിന്ന് രക്ഷപ്പെട്ട ഇവര്‍ തായ്‌ലന്‍ഡിലേക്കും അവിടെനിന്ന് ആട്ടിയകറ്റിയപ്പോള്‍ മലേഷ്യയിലേക്കും അവിടെനിന്ന് തിരിച്ച് തായ്‌ലന്‍ഡിലേക്കുമായി മൂന്നു മാസമായി അലയുന്നു. ഗതികെട്ട് ക്യാപ്റ്റനും ബോട്ട് ജീവനക്കാരും അവരെ വിട്ട് കടന്നുകളഞ്ഞിരിക്കുന്നു, ആറുദിവസം മുമ്പ്, പത്ത് യാത്രക്കാര്‍ മരിച്ചു. മൃതദേഹങ്ങള്‍ കടലിലേക്കിട്ടു.

വിശപ്പും ദാഹവും. 15 കാരന്‍ മുഹമ്മദ് സിറാജിന്റെ ശബ്ദം നേര്‍ത്തിരിക്കുന്നു. 'വിശക്കുന്നു. സഹായിക്കണം. വെള്ളം വേണം.' മാധ്യമ പ്രവര്‍ത്തകര്‍ വിവരം കൊടുത്തതനുസരിച്ച് തായ് സൈന്യം കുറച്ച് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്തു.

അത്രതന്നെ. വീണ്ടും പഴയപടി കടലില്‍ ('ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട്, 2015 മെയ് 14)

 

*****            *****            *****

കര മുഴുവന്‍ ഹൃദയമില്ലാത്ത മനുഷ്യര്‍ ഭാഗിച്ചെടുത്ത ശേഷം കടലിലേക്കും ദുരിതങ്ങളിലേക്കും തള്ളപ്പെട്ട റോഹിംഗ്യകള്‍ ചോദിക്കുന്നു. നിങ്ങള്‍ ഇതറിയില്ലേ? അറിഞ്ഞ നിലക്ക് നിങ്ങള്‍ എന്തുചെയ്തു?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top