ഉപ്പാന്റെ മരുന്ന് <br>ആച്ചുട്ടിത്താളം-5

സീനത്ത് ചെറുകോട് <br> വര : ശബീബ മലപ്പുറം No image

സുബ്ഹിനു മുമ്പ് വാതിലിന്റെ സാക്ഷ പിടിച്ചു കുലുക്കുന്ന ശബ്ദം ദൂരെ നിന്നേ കേട്ടു. ഞാനേറ്റവും കൂടുതല്‍ വെറുക്കുന്ന ശബ്ദം. ബ്രഷും പേസ്റ്റുമെടുത്ത് ടാങ്കിനടുത്തേക്ക് നടന്നു. തിരക്കാവുന്നതിനു മുമ്പ് വേഗം വുദു ചെയ്തു പോരുകയാണ് നല്ലത്. താഴെ ഒന്നാം ബാച്ചിന്റെ വരാന്തയിലേക്കിറങ്ങുമ്പോള്‍ റൂമില്‍നിന്ന് മൂത്രത്തിന്റെയും കടവായിലെ കൊഴുത്ത ദ്രാവകത്തിന്റെയും കെട്ട വാട തങ്ങിനിന്നു.

നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ ഉറക്കം തൂങ്ങുന്ന കുട്ടികള്‍. ഹാഫിളിന്റെ ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണത്തില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു. നമസ്‌കാരത്തിനു ശേഷം പള്ളിയിലിരുന്ന് ഓതണം. പലരുടെയും മുഖം ഖുര്‍ആനില്‍ പതിഞ്ഞിരുന്നു.

ഇന്ന് പാര്‍ട്ടിപ്പണിയുണ്ട്. ഓരോ ദിവസം ഓരോ പണിയായിരിക്കും. തലേന്ന് തന്നെ ഓര്‍മിപ്പിക്കാന്‍ ഓരോ ഗ്രൂപ്പിനും ലീഡറുണ്ടാവും. മദ്രസയില്‍ പോകുന്നത് വരെ ആദ്യത്തെ ദിവസം പച്ചക്കറി അരിയണം. രണ്ടാം ദിവസം സപ്ലൈ ചെയ്യലാണ്. രാവിലെയും വൈകുന്നേരവും ചായ നിരത്തിവെക്കണം. മൂന്നാം ദിവസം ക്ലീനിങ്.

ഇന്ന് പച്ചക്കറി അരിയലാണ്. ലീഡര്‍ സക്കീന നാലഞ്ച് തടിയന്‍ ചേനകള്‍ മുമ്പിലേക്കിട്ടു തന്നു. മത്തനും കുമ്പളവും കിഴങ്ങുമൊക്കെ നുറുക്കുന്നവര്‍ക്കിടയില്‍ എനിക്കു മാത്രമാണ് ചേന. ഞാനാണ് കൂട്ടത്തില്‍ പുതിയത്. ബാക്കിയുള്ളവരൊക്കെ സക്കീനയുടെ കൂട്ടുകാരികള്‍. കത്തിയെടുത്ത് രണ്ടു ചെത്തു ചെത്തുമ്പോഴേക്കും ചൊറിച്ചില്‍ തുടങ്ങി. നാലഞ്ചു ചേന ചെത്തി നുറുക്കണം. ചൊറിച്ചില്‍ അസഹനീയമാവുകയാണ്. ഇട്ട് പോകാന്‍ പറ്റില്ല. പറയാന്‍ വയ്യ. കടിച്ചുപിടിച്ചു. കൈകള്‍ ചൊറിഞ്ഞ് വീര്‍ത്ത് വരുന്നത് അവഗണിച്ചു. കണ്ണുകള്‍ നിറയുകയാണ്. അഞ്ചും നുറുക്കിയപ്പോഴേക്ക് നിയന്ത്രണം വിട്ടു.

മദ്രസ്സയിലേക്കുള്ള വരിയില്‍ ഏറ്റവും അവസാനം ചെന്നുനില്‍ക്കുമ്പോള്‍ കൈകള്‍ ആരും കാണാതിരിക്കാന്‍ മക്കനയുടെ ഉള്ളിലേക്കുവെച്ചു. കണ്ണുകള്‍ പുകഞ്ഞു.

ക്ലാസില്‍ ശ്രദ്ധിക്കാനേ പറ്റിയില്ല. ഡസ്‌കില്‍ തലവച്ചു കിടന്നു. ചോദിച്ചവരോടു തലവേദനയെന്നു പറഞ്ഞു. ശരിക്കും തല വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്തിനെന്നറിയാത്ത സങ്കടം നെഞ്ചില്‍ നിറഞ്ഞുകൊണ്ടിരുന്നു. അവസാന പിരീഡ് സാഹിത്യസമാജമാണ്. നമ്പര്‍ ക്രമത്തില്‍ ഓരോ ആഴ്ചയും ഈരണ്ടാളുകള്‍ പ്രസംഗിക്കണം. എന്റെ പേരായിരുന്നു ആദ്യം. പടച്ചോനെ, പ്രസംഗം എന്നു കേട്ടാല്‍ തന്നെ വിറച്ചു പോകുന്ന അവസ്ഥയാണ്. തലവേദന തുണയായി. കണ്ണുകള്‍ ചുവന്നതുകൊണ്ട് വിശ്വാസ്യതയായി.

'അടുത്ത ആഴ്ച എന്തായാലും അവതരിപ്പിക്കണം' ഉവ്വെന്ന് തലയാട്ടി. തല്‍ക്കാലം കൈയും കാലും വിറയലില്‍ നിന്ന് രക്ഷപ്പെട്ടു. 

വൈകുന്നേരം മെഡിക്കല്‍ വിംഗ് എന്നു പറയുന്ന മെഡിക്കലിലേക്ക് സുദുട്ടിയെയും കൂട്ടി നടന്നു. തലവേദനക്ക് വല്ല ഗുളികയും കിട്ടുമായിരിക്കും. യതീംഖാന കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ അവിടെ നിന്ന് കിട്ടും. ഡോക്ടറൊന്നും ഇല്ല. മരുന്നെടുത്തു കൊടുക്കാന്‍ ആരെങ്കിലും ഉണ്ടാവും. കോയാക്കയുടെ റൂം കടന്നു വേണം പോകാന്‍. വിറയല്‍ കൂടുകയാണ്. എന്തൊരു ആജ്ഞാശക്തിയാണ് ആ മനുഷ്യന്. വാതില്‍ അടഞ്ഞു കിടക്കുകയാണ്. എവിടെയാണാവോ? ഏതെങ്കിലും കോണില്‍നിന്ന് എല്ലാം കാണുന്നുണ്ടാവും. കോയാക്ക അങ്ങനെയാണ്. മദ്രസയിലേക്കും സ്‌കൂളിലേക്കും പോകുമ്പോള്‍ റോഡിന്റെ രണ്ട് സൈഡിലുമുള്ള അറ്റം കാണാത്ത പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വരി ആരും ഒരിക്കലും തെറ്റിക്കാറില്ല. ഏതെങ്കിലും കടയുടെ പിന്നില്‍, മരത്തിന്റെ ചുവട്ടില്‍, വഴിയിലെ കോളേജ് കുട്ടികളുടെ ഹോസ്റ്റലിന്റെ മുകളില്‍ എവിടെയും കോയാക്കയുടെ കട്ടിക്കണ്ണട പ്രത്യക്ഷപ്പെടാം. 'വൈകുന്നേരത്തെ പാര്‍ട്ടിയില്‍ വരിതെറ്റിച്ച രണ്ട് പെണ്ണ്ങ്ങള് ങ്ങട്ട് കേറിക്കളാ' എന്നേ പറയൂ. പേരില്ല. അടയാളങ്ങളില്ല. പക്ഷെ, വരിതെറ്റിച്ച രണ്ട് പെണ്ണുങ്ങള്‍ വരാന്തയില്‍ കയറിയിരിക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇടയിലിട്ടുള്ള അടിയാണ് സഹിക്കാന്‍ പറ്റാത്തത്.

മെഡിക്കലിന്റെ പുറത്തിറങ്ങുമ്പോള്‍ വരാന്തയില്‍ ഒരു കുഞ്ഞു മുഖത്ത് കണ്ണുകള്‍ ഉടക്കി. വാടിയ ചെടിപോലെ ഒരൂന്ന്കിട്ടാന്‍, ഇത്തിരി നീരുകിട്ടാന്‍ കൊതിക്കുന്നപോലെ  അവന്‍ വിളര്‍ത്തുനിന്നു.  അനിയന്‍ മുമ്പില്‍നിന്ന് വിതുമ്പി.  ആയിരപ്പറക്കുന്നിന്റെ നെറുകയിലേക്ക് വലിഞ്ഞുകയറി മുള്ളന്‍ പഴത്തിന്റെ ചില്ലയിലേക്ക് എത്തിപ്പിടിക്കവെ പിടിവിട്ട് കല്ലുരസി തൊലിയടര്‍ന്ന മുട്ടുകാല്‍ നോക്കി അവന്‍ വിതുമ്പുകയാണ്.  കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിട്ടുണ്ട്.  എന്റെ കൈകള്‍ അവന്റെ കണ്ണുകളെ തൊട്ടു.

''എന്തിനാ കരയ്ണ് ?''

''തലവേദന്യാ''

''പേരെന്താ?''

''സ്വബാഹ്''

''എത്രാം ക്ലാസിലാ?'' 

''നാലില് ''

കണ്ടാല്‍ രണ്ടാം ക്ലാസെന്നേ തോന്നൂ. ജലദോഷമായിരിക്കും. നെറ്റിയില്‍ കൈവെച്ചു നോക്കി. പനിയില്ല. കൈയിലുള്ള വിക്‌സ് നെറ്റിയില്‍ പുരട്ടിക്കൊടുത്തു. 'ഇന്ന ഇതുകൊണ്ടു പൊയ്‌ക്കോ. പിന്നെ തന്നാമതി.' വിക്‌സ് പാത്രം കൈയില്‍ വെച്ചുകൊടുത്തു. വരാന്തയുടെ അങ്ങേ അറ്റത്ത് മുകളിലേക്ക് കോണി കയറുന്ന രൂപത്തെ വെറുതെ നോക്കിനിന്നു.

''അല്ല, തലവേദനകൊണ്ട് തലപൊളിയ്ണ ആളാ. വിക്‌സ് അവനു കൊടുത്തിട്ട്  യ്യെന്തു ചെയ്യാനാ?''

സുദുട്ടി ദേഷ്യപ്പെട്ടു.

'സാരല്ല. ഒരു ഗുളിക കഴിച്ചാല്‍ ന്റത് മാറും'. കൈയിലെ തടിപ്പ് അപ്പോഴും വിട്ടിരുന്നില്ല.

ഇത്താത്തമാര്‍ ആരോ വീട്ടില്‍ വെച്ചുപോയ വിക്‌സാണ്. യതീംഖാനയിലേക്ക് പോരുന്ന അന്ന് എടുത്ത് ബാഗില്‍ വെച്ചത് നന്നായി. റൂമിലെത്തി പടം വിരിച്ച് കിടന്നു.

ആറുമാസമായി യതീംഖാനയില്‍ വന്നിട്ട്. മനസ്സ്  വീടുവിട്ട് പോരുന്നില്ല. ശുദ്ധവായു കിട്ടാന്‍ കൊതിയാവുകയാണ്. ഉറങ്ങാനല്ലാതെ വീട്ടിലിരിക്കാത്ത അലച്ചിലുകള്‍ക്കൊടുവില്‍ നാല് മതില്‍ക്കെട്ടിനകത്ത്,  ഒരു ജയിലുപോലെ. പൊറത്തക്കണ്ടത്തില്‍ ഇപ്പോള്‍ നെല്ലു വിളഞ്ഞിട്ടുണ്ടാവും. ഉമ്മയും ചെറ്യമ്മായിയും മുട്ടൊപ്പം ചേറില്‍നിന്ന് കൊയ്തു കെട്ടിയിട്ടുണ്ടാവും. രാത്രിയും കറ്റ തല്ലാന്‍ പോകുമായിരിക്കും. ഇപ്പൊ നെല്ല് കുത്തലില്ല. മായിന്‍ ഹാജിയുടെ മില്ലിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയിട്ട് കുറേയായി. പക്ഷെ, നെല്ല് പുഴുങ്ങണം. ഉണക്കണം. തറവാട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയില്‍ നില്‍ക്കണം. ഉമ്മയുടെ പ്രാരാബ്ധം കൂടുക തന്നെയാണ്. 

സല്‍മത്താത്തയുടെ പ്രസവം അടുത്തിട്ടുണ്ട്. അപ്പോഴേക്കും അരിയും മറ്റും ഒരുക്കി വെക്കേണ്ടതുണ്ട്. ഉമ്മ അത്യധ്വാനം ചെയ്യുകയായിരിക്കും ഇപ്പോള്‍. സൈഫുതാത്താന്റെ കല്യാണത്തിന് എത്രയായിരുന്നു എന്റെ പ്രായം?  എട്ടോ, ഒമ്പതോ?. പക്ഷെ ഉമ്മയുടെ നെടുവീര്‍പ്പുകള്‍ ഉയരുന്ന രാത്രികള്‍ നല്ല ഓര്‍മയുണ്ട്.  

''കാത്ക്കും കൗത്തുക്കും ആയിരം ഉറുപ്പീം'' 

നിശ്ചയത്തിനു വന്നവര്‍ ഉറപ്പിച്ചു പോയപ്പോള്‍  ഉമ്മയുടെ മുഖത്തെ പരിഭ്രമം എനിക്കാപ്രായത്തില്‍ പോലും കാണാമായിരുന്നു. കൈനീട്ടി യാചിക്കാന്‍ ഉമ്മാക്ക് അറിയുമായിരുന്നില്ല. വലിയൊരു തറവാട്ടില്‍ കയറിവന്നതാണ്. ജീവിതത്തിന്റെ പാതി, നാലു മക്കളെ നല്‍കി തിരിച്ചു പോയപ്പോള്‍ തളരാന്‍ സമയമുണ്ടായിരുന്നില്ല. ഇതിലും ചെറിയ ആവശ്യവുമായി ആരും വരില്ല. നല്ല കുടുംബം, നല്ല ചെറുക്കന്‍. മൂന്ന് പവനെങ്കിലും എങ്ങനെ ഒപ്പിക്കും. കാണാന്‍ സുന്ദരിയായതു കൊണ്ട് അത്രയും മതി. ഉറങ്ങാത്ത എത്ര രാത്രികളായിരുന്നു ഉമ്മാക്ക്.

ഉറക്കത്തില്‍ ഞെട്ടി ഉണരുമ്പോള്‍ പോലും മേലേക്ക് നോക്കി നെടുവീര്‍പിടുന്ന ഉമ്മയെ കാണാം. എന്നിട്ടും ഉമ്മ തളര്‍ന്നില്ല. 

സല്‍മത്താത്തയുടെ കല്യാണമായപ്പോഴേക്കും ചോദിക്കുന്നത് ഇരട്ടിയായി. ആറ് പവനും രണ്ടായിരവും പെണ്ണിനെ ഇഷ്ടപ്പെടാതെ ആരും പോയില്ല. പക്ഷെ പൊന്നും പണ്ടവും ഒരു പ്രശ്‌നം തന്നെയായിരുന്നു. അവസാനം ആറിലും രണ്ടിലും കല്യാണം ഉറപ്പിക്കുമ്പോള്‍ സാധാരണ ഇടുന്ന ഒരു കമ്മലൊഴികെ സല്‍മത്താത്തയുടെ മേല്‍ ഒരു തരി പൊന്നില്ലായിരുന്നു. കുടുംബങ്ങള്‍ സഹായിച്ചു, കുറേയൊക്കെ. ഉമ്മയുടെ കിതപ്പ് കൂടി. മുഖത്തെ തളര്‍ച്ചയും. കല്യാണം കഴിഞ്ഞ് എല്ലാവരും പോയി. ദ്രവിച്ച പായയില്‍ ചുരുളുമ്പോള്‍ ഉമ്മയുടെ തൊണ്ടയില്‍ ഒരു നിലവിളി തടയുന്നതറിഞ്ഞു. തളര്‍ന്നു പോയിരുന്നു ഉമ്മ.

''പാത്തുട്ട്യേ. രണ്ടെണ്ണം പോയതുപോലെ ഇത് പോകൂലട്ടൊ മറ്റീറ്റങ്ങള് ചേലും ചൊറ്ക്കുംണ്ടായിനിം'  എന്നെ ചൂണ്ടിയാണ്. ഏഴാം ക്ലാസിലെ കൊല്ലപ്പരീക്ഷ കഴിഞ്ഞ് കൃഷ്ണന്‍ മാഷ്, 'കറി ഒഴിച്ചാ കൊഴച്ച് തിന്നാലോ' എന്ന് പരിഹസിച്ച ചട്ട പറിഞ്ഞ് മുഷിഞ്ഞ പുസ്തകം തായരയിലിട്ട് കോലായില്‍ തലമാന്തി ഇരിക്കുകയായിരുന്നു ഞാനപ്പോള്‍. 

''മൂന്നുകൊല്ലം കയ്ഞ്ഞാ ഇതിനീം പുടിച്ച് കൊടുക്കണ്ടെ''?

ഉമ്മ ഒന്നും മിണ്ടിയില്ല. ആണികൊണ്ട് നിറയെ ഓട്ടകുത്തിയ താമ്പാളത്തിന്റെ കഷ്ണത്തില്‍ കൂവ ഉരക്കുകയാണ് ഉമ്മയും വല്യമ്മായിയും. കലക്കിയ കൂവവെള്ളം ഊറാന്‍ വെക്കും. തെളി ഊറ്റിക്കളഞ്ഞ് വീണ്ടും വെള്ളമൊഴിച്ചു വെക്കും. മൂന്നാലു പ്രാവശ്യം ഊറ്റിക്കഴിയുമ്പോള്‍ കൂവയിലെ കട്ട് പോകും. അടിയിലൂറിയ നനഞ്ഞ മാവ് ഉണക്കിയാല്‍ കൂവപ്പൊടിയായി. ശര്‍ക്കരയും തേങ്ങയുമിട്ട് വെരകിയാല്‍ മതിയാവില്ല.

പാടത്തിനക്കരെയുള്ള കൈസാത്തയാണ്. ദേഷ്യം തോന്നി. ചേലും ചൊറുക്കും ല്ലെങ്കി തള്ളയുടെ വീട്ടിലേക്കൊന്നും ചെല്ല്ണില്ലല്ലോ. അകത്ത് വെച്ച പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കി. മുടി ഒന്നുകൂടി മാന്തിപ്പറിക്കാന്‍ തോന്നി. ഉമ്മയുടെ നെടുവീര്‍പ്പ് ഇനിയും ഉയര്‍ന്നാല്‍ മരിക്ക്യാണ് നല്ലത്. മൂന്നുകൊല്ലം കഴിഞ്ഞാല്‍ പത്താംക്ലാസിലാവും. പിന്നെയെല്ലാം പതിവുപോലെ. പെണ്ണുകാണലും നിന്നുകൊടുക്കലും കാളിക്ക് അതിന് മനസ്സില്ലെങ്കിലോ.

ഉമ്മയുടെ മുഖത്തുപോലും നോക്കാതെ നേരെ നടന്നു. പാടവരമ്പിലൂടെ മഞ്ഞപ്പറക്കുന്നിലേക്ക് നീലപ്പൂക്കള്‍ ഉതിരുന്ന കാശാവില്‍ ചെടിയുടെ ചുവട്ടിലിരുന്ന് ആവോളം കരഞ്ഞു. കല്ലുമലക്ക് അപ്പുറത്ത് നിന്ന് ഉപ്പ ഉറക്കെ വിളിച്ചുപറഞ്ഞു. 

'ജ് നൊലോളിച്ചണ്ടെടി ഇമ്മൊ. അന്നെക്കാണാന്‍ എന്തൊരു ചൊറ്ക്കാ ജ് നോക്കിക്കോ അന്നെ അസ്സല് പുത്യാപ്ല വന്ന് കെട്ടും.'

കല്ലുമലയിലേക്ക് നോക്കി മുഖംകോട്ടി.  ഉപ്പ ചിരിച്ചു.

''എന്തേപ്പത് അന്റെ ഈറ മാറീലെ....? ''

''ഇല്ല...''

''ആരോടാപ്പൊ അന്റെ ഈറ...?''

''എല്ലാരോടും.... ഇഞ്ഞോടും...''

ഉപ്പയുടെ ചിരി മാഞ്ഞു. മുഖത്ത് സങ്കടം.

''പ്പാന്റെ കുട്ടി ഈറ കാട്ടണ്ട.  അതോണ്ടെന്താ കാര്യം? ചിരിച്ചാന്‍ പറ്റോങ്കി അങ്ങട്ട് ചിരിച്ചളാ.... അതൊരു മരുന്നാണ്..... പിന്നേയ്... നൊലോളിക്കണത് ഓന്റെ മുമ്പിലുമാത്രം മതിട്ടോ;  പടച്ചോന്റെ മുമ്പില്.  ഇജ്ജ് കേക്ക്ണ്‌ണ്ടോ.?'

''ഉം''

''ന്നാ പൊയ്‌ക്കോ...''

എണീറ്റു പോരുമ്പോള്‍ മനസ്സില്‍ ഉറച്ചിരുന്നു.  ജീവിക്കണം.  ആരുടെ മുമ്പിലും തലകുനിക്കാതെ.  ആര്‍ക്കും ഭാരമാകാതെ....

(തുടരും)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top