വേനല്‍ ദുരന്തമായി ഭാരതപ്പുഴ

ദേവദാസ് No image

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വളര്‍ച്ചയില്‍ ഭാരതപ്പുഴയുടെ സ്ഥാനം വളരെ വലുതാണ്. പാലക്കാട് ജില്ല ഏതാണ്ട് മുഴുവനായും തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഗണ്യമായ ഭാഗങ്ങളും ഉള്‍ക്കൊണ്ട വിപുലമായ പ്രദേശത്തെ ഏക ശുദ്ധജല സ്രോതസ്സാണ് ഭാരതപ്പുഴ. ചോലകളും അരുവികളും, ഉപനദികളും, മുഖ്യനദിയും ചേര്‍ന്നതാണ് ഈ നദീവ്യവസ്ഥ. ഭൂഗര്‍ഭജലം കൂടി ഇതില്‍പ്പെടുന്നു. വൃഷ്ടി പ്രദേശങ്ങളിലെ വന്‍തോതിലുള്ള വനനാശവും സ്വാഭാവിക ജല സംഭരണ സംവിധാനമായ മണല്‍പ്പരപ്പിന്റെ ശോഷണവും തെറ്റായ ഭൂ ഉപയോഗങ്ങളും കയ്യേറ്റങ്ങളും മലിനീകരണവും കാരണമായി പുഴ അതിവേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നു. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ കടല്‍വെള്ളം കയറി കുറ്റിപ്പുറം വരെ ഉപ്പുരസം കലര്‍ന്നതായിരിക്കുന്നു. പൊതുസമ്പത്തായ ഈ നദിയുടെ ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ ഈ പുഴയുടെ സംരക്ഷണവും സര്‍ക്കാരിന്റെ ബാധ്യതയാണ്.

മലനാടും, ഇടനാടും തീരപ്രദേശവും ചേര്‍ന്ന നിളയുടെ സഞ്ചാരപഥത്തിന് 209 കി.മീ. ദൈര്‍ഘ്യമുണ്ട്. തമിഴ്‌നാട്ടിലെ ആനമല നിരകളില്‍പ്പെട്ട ത്രിമൂര്‍ത്തി മലയിലുള്ള ഒരു തടാകത്തില്‍ നിന്നാണ് നിള ഉത്ഭവിക്കുന്നതെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. ത്രിമൂര്‍ത്തി മലയില്‍ നിന്ന് ഉത്ഭവിച്ചു വരുന്ന അമരാവതി പുഴ അഥവാ ചിറ്റൂര്‍പുഴ കല്‍പാത്തി പുഴയോട് ചേര്‍ന്നാണ് ഭാരതപ്പുഴയാകുന്നത്. 

കല്‍പാത്തിപ്പുഴ ആനമലയില്‍ നിന്ന് ഉത്ഭവിച്ച് വരട്ടാറുമായി ചേര്‍ന്ന് പടിഞ്ഞാറോട്ടൊഴുകുന്നു. കോരപ്പുഴയെന്നു കല്‍പാത്തിപ്പുഴക്ക് പേരുണ്ട്. തമ്പലത്തുവെച്ച് ഈ പുഴ വാളയാറില്‍ ചേര്‍ന്ന് പിന്നെയും പടിഞ്ഞാട്ട് ഒഴുകി 'മുക്ക' എന്ന സംഗമസ്ഥലത്തുവെച്ച് മലമ്പുഴയില്‍ ചേരുന്നു. മലമ്പുഴയില്‍ നിന്ന് പ്രസിദ്ധമായ കല്‍പാത്തി ക്ഷേത്രത്തെയും ആഗ്രഹാരത്തെയും തഴുകി കോരപ്പുഴ പറളിയില്‍ വെച്ച് അമരാവതിപ്പുഴയില്‍ ചേര്‍ന്ന് ഭാരതപ്പുഴയാകുന്നു.

മണ്ണാര്‍ക്കാട് താലൂക്കിന്റെ വടക്കേ അതിര്‍ത്തി മുതല്‍ ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ തെക്കേ അതിര്‍ത്തിവരെയുള്ള പ്രദേശങ്ങളില്‍ നിന്നും. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലായി കിടക്കുന്ന സഹ്യപര്‍വ്വത ശൃംഗങ്ങളില്‍ നിന്നുമെല്ലാം ഭാരതപ്പുഴക്ക് ധാരാളം ഉപനദികള്‍ ഉത്ഭവിക്കുന്നുണ്ട്. 3852.0390 ച.കിമീ കേരളത്തിലും 1768 ച.കീമീ തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് ഭാരതപ്പുഴ ജലം സ്വരൂപിക്കുന്നു.

അമരാവതിപ്പുഴയെയും കല്‍പാത്തിപ്പുഴയെയും കൂടാതെ രണ്ട് പ്രധാന പോഷക നദികള്‍ കൂടിയുണ്ട് നിളക്ക് ഗായത്രിപ്പുഴയും, തൂതപ്പുഴയും. ഇതില്‍ ഗായത്രിപ്പുഴ ആനമലയില്‍ നിന്നുതന്നെ ഉത്ഭവിച്ച് കല്ലേപാടം വരെ പടിഞ്ഞാട്ട് ഒഴുകുന്നു. തൂതപുഴയാണ് ഭാരതപുഴയുടെ വലതുഭാഗത്തെ പ്രധാന പോഷകനദി. മണ്ണാര്‍ക്കാടന്‍ മലനിരകളില്‍നിന്ന് ഉത്ഭവിച്ചുവരുന്ന കുന്തിപുഴ, കാഞ്ഞിരപ്പുഴ, അമ്പലകടവുതോട്, തൂപ്പനാടുപുഴ എന്നിവ ചേര്‍ന്നുണ്ടായതാണ് തൂതപുഴ. ഇതിന്റെ മേല്‍തടങ്ങളിലാണ് പ്രസിദ്ധമായ സൈലന്റ് വാലി. അട്ടപ്പാടി താഴ്‌വരകളേയും, ചരിത്ര പ്രസിദ്ധമായ അങ്ങിടിപുറത്തേയും തഴുകി ഒഴുകിവരുന്ന തൂതപുഴ കുടലൂരില്‍വെച്ച് നിളയില്‍ ചേരുന്നു. തിരൂരൂരില്‍ നിന്ന് തുഞ്ചന്‍പറമ്പിനെ വലംവെച്ചുപോരുന്ന മറ്റൊരു ചെറുപുഴയും അഴിമുഖത്തുവെച്ച് ചേരുന്നു. അതിന് തിരൂര്‍പുഴ എന്നുപറയുന്നു.

തെക്കുപടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ ഒരുപറ്റം മനുഷ്യരുടെ പണത്തിനുവേണ്ടിയുള്ള ആര്‍ത്തിമൂലം മണല്‍ വാരലിലൂടെയും മലിനപ്പെടുത്തലിലൂടെയും കൈയ്യേറ്റങ്ങളിലൂടെയും മരണത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അമിതമായ മണലെടുപ്പുമൂലം നിള ഒരു വേനല്‍ ദുരന്തമാകുന്നു. മെലിഞ്ഞുണങ്ങി ചിലയിടങ്ങളില്‍ ശരീരം വേര്‍പ്പെട്ട് ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാതെ കിടക്കുന്നു. ദുരമൂത്ത മനുഷ്യരുടെ ഇടപെടലുകളിലൂടെ നിമിഷം കാണ്‍കെ നിള ഇല്ലാതാവുകയാണ്.

നദീ സംരക്ഷണനിയമങ്ങളെ നോക്കുകുത്തിയാക്കി മൂന്ന് പതിറ്റാണ്ടുകളായി ഭാരതപ്പുഴയില്‍ നിന്ന് അമിതമായ മണലെടുപ്പ് നടത്തിയതുമൂലം നിലവിലുണ്ടായിരുന്ന മണല്‍പ്പരപ്പും, ജലനിരപ്പും താഴ്ന്ന് ആറോ, ഏഴോ അടിയോളം കൂടുതല്‍ താഴ്ചയിലാണ് ഇന്നത്തെ പുഴ, അതിന് കാരണം അശാസ്ത്രീയവും, ദീര്‍ഘവീഷണവുമില്ലാത്ത നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടി പുഴയില്‍നിന്ന് അമിതമായി മണല്‍ കടത്തിയിട്ടുള്ളതുകൊണ്ടാണ്. ഇതിന് ഉത്തരവാദികള്‍ തദ്ദേശസ്വയംഭരണ അധികാരികളും ജില്ലാ ഭരണകൂടങ്ങളുമാണ്

വേനലില്‍ പുഴ നീര്‍ചാലായി ഒഴുകുന്നു. 

പുഴയോരത്ത് നദിയുടെ അടിത്തട്ടിലേക്ക് കിണര്‍ പൊക്കികെട്ടി അതില്‍നിന്നു ലഭിക്കുന്ന വെള്ളം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വീടുകളിലേക്ക് എത്തിക്കുന്ന ശുദ്ധജല പദ്ധതികളാണ് ഇവിടം. ഭൂഗര്‍ഭജലം ലഭിക്കാത്തതുകൊണ്ട് പല പ്രദേശങ്ങളിലും പ്രവര്‍ത്തനരഹിതമാണ്. പല സന്ദര്‍ഭങ്ങളിലും പമ്പ് ഹൗസ് പൂട്ടി കിടക്കുന്നതുകാണാം. നിള നദിയുടെ ഓരത്തുകൂടി യാത്രചെയ്യുമ്പോള്‍ പുഴയുടെ രണ്ടു വശങ്ങളിലായി ഇത്തരം നിന്നുപോയ ശുദ്ധജലപദ്ധതികളുടെ സ്മാരകങ്ങളാണ് കാണുന്നത്. കൂടാതെ നദിയില്‍ മേല്‍കൂര ഉള്ളതും ഇല്ലാത്തതുമായ ഒന്നോ രണ്ടോ ആള്‍ പൊക്കമുള്ള കോണ്‍ക്രീറ്റ് കിണറുകള്‍ ഏതോ പുരാതനകാലത്തെ മിനാരങ്ങളെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഇവിടങ്ങളില്‍ കാണാം. പുഴ ഒഴുകാതാവുമ്പോള്‍ ഭൂഗര്‍ഭ ജലം കുറയുന്നു. മണല്‍ ഇല്ലാതാവുമ്പോള്‍ ബാഷ്പീകരണത്തിന്റെ തോതുകൂടുന്നു. വെള്ളത്തിന് താഴോട്ട് ഊഴ്ന്നിറങ്ങാനുള്ള സാവകാശം ലഭിക്കുന്നില്ല. അങ്ങനെ പുഴയുടെ തീരത്തെ പല ശുദ്ധജലപദ്ധതികളും ഇന്ന് നിലച്ചിരിക്കുകയാണ്. അടിനീരു കുറയുന്നതിനാല്‍ പുഴയുടെ തീരത്തുള്ള കിണറുകളും കുളങ്ങളും ജലാശയങ്ങളും വറ്റുകയും പ്രദേശവാസികള്‍ക്കും, കൃഷിക്കും ജലം ലഭിക്കാതാവുകയുമാണ്. അത് ഭക്ഷ്യസുരക്ഷയെയും കുടിവെള്ളത്തെയും കാര്യമായി ബാധിക്കുന്നു. നദികളില്‍ നിന്ന് വിവേചനരഹിതവും അനിയന്ത്രിതമായ മണല്‍വാരല്‍ നദീതീരങ്ങളില്‍ വന്‍തോതില്‍ മണ്ണിടിച്ചിലിനും വസ്തുക്കളുടെ നാശനഷ്ടത്തിനും കാരണമായിത്തീരുകയാണ്. പുഴമണല്‍ വന്‍തോതില്‍ കുഴിച്ചു വരുന്നത് കാരണം നദിയുടെ ജൈവഭൗതിക പരിസ്ഥിതി വ്യവസ്ഥ അളവുകളില്‍ തകരാറിലാക്കി വരുകയാണ്. 

ഭാരതപ്പുഴ സംരക്ഷണം നടപ്പാവാത്ത ചരിത്രം  

എത്ര തീരുമാനങ്ങളെടുത്താലും നടപ്പാവാത്ത ചരിത്രമാണ് ഭാരതപ്പുഴ സംരക്ഷണത്തിനുള്ളത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നിള സംരക്ഷണത്തിനായി പദ്ധതികള്‍ കൊണ്ടുവരും. എന്നാല്‍ ഒന്നും നടപ്പാവാറില്ല. രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നിളയുടെ നെഞ്ച് പിളര്‍ന്ന് മണലെടുത്തപ്പോഴും മാലിന്യകേന്ദ്രമായി മാറിയപ്പോഴും പുഴസംരക്ഷണം ഫയലില്‍ ഉറങ്ങി. പുഴയുടെ തീരത്തെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും അഴുക്കുചാലുകളുടെ മുഖം തുറന്നിരിക്കുന്നത് നിളയിലേക്കാണ്. അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ കോഴി വേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യം, കക്കൂസ് മാലിന്യം, കെട്ടിടനിര്‍മാണ അവശിഷ്ടങ്ങള്‍, കച്ചവട സ്ഥാപനങ്ങളിലെ വേസ്റ്റ്, റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള മാലിന്യം- എല്ലാവിധ അഴുക്കുകളും തള്ളുന്നത് ഈ ചാലുകളിലൂടെയാണ്. ഒരു മഴ പെയ്താല്‍ കുത്തിയൊലിച്ച് ഒഴുകിച്ചേരുന്നത് പുഴയിലേക്കും.

1972-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധസമിതി ജില്ലാകളക്ടര്‍ ചെയര്‍മാനായി ഭാരതപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. പതിനെട്ടോളം നിര്‍ദ്ദേശങ്ങള്‍ അന്ന് ഭാരപ്പുഴ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിന് മുമ്പില്‍ വെച്ചിരുന്നതായി അറിയുന്നു. അവയില്‍ മിക്കതും ഇന്നുവരെ നടപ്പായില്ല. 2002-ല്‍ മണല്‍ വാരലിനെ പറ്റി സെന്റര്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് പഠനം നടത്തിയിരുന്നു. മണലെടുപ്പ് മൂലം ഭാരതപ്പുഴയുടെ അടിത്തട്ടിലെ മണല്‍ രൂക്ഷമായി കുറഞ്ഞുവരുന്നു. മണല്‍കടവുകളുടെ എണ്ണം ഗണ്യമായി കുറക്കണമെന്നായിരുന്നു പഠനത്തിലെ പ്രധാനനിര്‍ദ്ദേശം. എന്നാല്‍ ഓരോ വര്‍ഷവും സാന്റ് ഓഡിറ്റിങ്ങ് നടത്താതെ കടവുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും മണല്‍പ്പാസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയുമല്ലാതെ ഭാരതപ്പുഴയില്‍ മണല്‍ വാരല്‍ കുറഞ്ഞില്ല. മണല്‍ വാരലിന് വേണ്ടി ജില്ലാ വിദഗ്ദസമിതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് മത്സരമായിരുന്നു.

നിദ്രയിലാണ് നിളാ പദ്ധതികള്‍ 

പുഴ സംരക്ഷിക്കാനെന്ന പേരില്‍ നദീ മഹോത്സവങ്ങള്‍, സെമിനാറുകള്‍ എന്നിവ വര്‍ഷാവര്‍ഷം നടത്തി ഫണ്ടുതീര്‍ക്കുകയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. കുടിവെള്ളത്തെക്കാള്‍ മണലില്‍ കണ്ണ് നടുന്ന ഭരണവര്‍ഗത്തിന്റെ പ്രത്യായശാസ്ത്രത്തിന് കൊടിയുടെ നിറഭേദങ്ങളില്ല. നിളയുടെ പുനസ്ഥാപനത്തിന് കര്‍മപദ്ധതി വേണമെന്നാവശ്യപ്പെടുന്നതിന് ആരുമില്ലാത്ത അവസ്ഥ. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ കുടിവെള്ളാവശ്യവും ജലസേചനവും ഭാരതപുഴ ജലസമ്പത്തിനെ പ്രയോജനപ്പെടുത്തിയാണ്. ജലലഭ്യത ഇല്ലാതായതോടെ ഈ പദ്ധതികളെല്ലാം അവതാളത്തിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. നിരവധി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കും ഭാരതപ്പുഴ നദീതടമാണ് ഉറവിടം. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ് സംസ്ഥാന ആസൂത്രണബോര്‍ഡ് 8 വര്‍ഷം മുമ്പെ ഭാരതപുഴയുടെ പുനസ്ഥാപനം ലക്ഷ്യമിട്ട് ജനകീയ കൂട്ടായ്മ ഭാരതപുഴ കണ്‍വെണ്‍ഷന്‍ എന്ന പേരില്‍ നടത്തി. നദീതട ആസൂത്രണം - പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ വിദഗ്ധരുടെ പ്രബന്ധാവതരണത്തിലൊതുങ്ങി ഈ കൂട്ടായ്മ.

നിള നീയൊരു കണ്ണീര്‍തുള്ളി 

മൂന്നു ജില്ലകളിലെ കുടിവെള്ള സ്രോതസ്സിനും കാര്‍ഷിക ജലസേചനത്തിനുമായി ഭാരതപ്പുഴ പതിവില്ലാത്തവിധം വേനല്‍ എത്തുംമുമ്പേ വറ്റിത്തുടങ്ങി കണ്ണീര്‍ചാലായി മാറുന്ന കാഴ്ച ആശങ്കക്കിടയാക്കുന്നു  പുഴയെ ആശ്രയിച്ച് കൃഷി ചെയ്തുവന്നിരുന്ന നെല്‍പ്പാടങ്ങള്‍ വരള്‍ച്ച മൂലം കൃഷിനശിച്ച് കര്‍ഷകരും ബുദ്ധിമുട്ടിലായി. രണ്ടാം വിള നെല്‍കൃഷി ഒഴിവാക്കിയ അവസ്ഥയാണ്. ഇത് ഭക്ഷ്യ സുരക്ഷയെയും കുടിവെള്ളത്തെയും ബാധിച്ചു തുടങ്ങി.

നിളയൊഴുകും വഴി നിറയെ കുറ്റിക്കാടുകള്‍

നിള ഒഴുകിയിരുന്ന വഴികളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് പുല്‍ക്കാടുകളും പാഴ്മരങ്ങളും കരിമ്പനകളും. 2007 വരെ വര്‍ഷക്കാലത്ത് ഇരു കരയും മുട്ടി ഒഴുകുന്ന നിള ഇപ്പോള്‍ ഓര്‍മ മാത്രമായി അവശേഷിക്കുന്നു. ഇരുകരയും മുട്ടി ഒഴുകിയിരുന്ന നിള ഓര്‍മ മാത്രമാവുമ്പോള്‍ പൊന്തക്കാടുകള്‍ ഇരുകരയിലേക്കും പടരാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. ഭാരതപ്പുഴയുടെ സൗന്ദര്യമായിരുന്ന പഞ്ചാരമണല്‍ ഇന്ന് പൂര്‍ണമായും അപ്രത്യക്ഷമാകുന്നതിന്റെ  വക്കിലാണ്. നിറഞ്ഞുനിന്നിരുന്ന പുഴ മണലില്ലാതായതോടെ ഇവിടങ്ങളില്‍ പൊന്തക്കാടുകളും വളരാന്‍ തുടങ്ങി. മണല്‍ കടത്തി കൊണ്ടുപോയതോടെയാണ് നിള ഒഴുകിക്കൊണ്ടിരുന്ന വഴികള്‍ പൊന്തക്കാടുകള്‍ക്ക് വഴിമാറിയത്. എന്നാല്‍ ഇപ്പോള്‍ മഴക്കാലത്തും പുഴ നിറഞ്ഞ് ഒഴുകാത്ത അവസ്ഥയിലായി. പുഴയുടെ ഒഴുക്ക് നഷ്ടപ്പെട്ടതോടെ പുല്‍ക്കാടുകള്‍ വളരാന്‍ കാരണമായി. പാതിരാമണല്‍ത്തരികള്‍ക്കു മാത്രം നനവേകിയാണ് ഇന്ന് നിള ഒഴുകുന്നത്. സിനിമാ ലൊക്കേഷന്‍ കേന്ദ്രമായിരുന്നു മുമ്പ് ഭാരതപുഴ. എന്നാല്‍ മലയാള സിനിമാരംഗങ്ങള്‍ ഭാരതപുഴയില്‍ ചിത്രീകരിച്ചിട്ട് കാലങ്ങള്‍ പിന്നിടുന്നു. നിളാതീരത്ത് ഒരു വീട് എന്ന സ്വപ്‌നത്തിന്റെ പുറത്ത് ഭാരതപ്പുഴയുടെ തീരത്തേക്ക് കുടിയേറി പാര്‍ത്തവരുണ്ട്. ഇനിയും നിളയെ രക്ഷിക്കുന്നതിന് നടപടി ഉണ്ടായിട്ടില്ലെങ്കില്‍ മണല്‍കടത്ത് വീണ്ടും തകൃതിയായി നടക്കുകയാണെങ്കില്‍ ഭാരതപ്പുഴയും അതിന്റെ സൗന്ദര്യവും ഇനി വരും തലമുറക്ക് കേട്ടുകേള്‍വിയായി മാറും.

2013-ല്‍ ഭാരതപ്പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നദീ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പട്ടാമ്പിയില്‍ യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി രൂപീകരിക്കുക, മണലെടുപ്പ് തടയുക, മാലിന്യനിക്ഷേപം തടയാന്‍ നിയമനിര്‍മാണം നടത്തുക, പുഴയുടെ തീരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നെടുത്ത തീരുമാനങ്ങള്‍ ഒന്നും ഇപ്പോഴും നടപ്പായിട്ടില്ല.

ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന ഭാരതപ്പുഴയിലെ മണലെടുപ്പ് തടയുക, വന്‍കിട വ്യവസായങ്ങളുടെ ജലചൂഷണം അവസാനിപ്പിക്കുക, പുഴ സംരക്ഷണത്തില്‍ പൊതു നയം രൂപീകരിക്കുക, നദികള്‍ക്ക് പൊതുവായ നിര്‍വചനം രേഖപ്പെടുത്തുക, പുഴ സംരക്ഷണത്തില്‍ ദീര്‍ഘകാല-ഹ്രസകാല പദ്ധതികള്‍ ആവിഷ്‌കരിക്കുക, വികസനം എന്ന വാക്കിന് പകരം സംരക്ഷണം എന്ന് ഉപയോഗിക്കുക, നദീതീര സംരക്ഷണത്തിനായി ഭാരതപ്പുഴ അതോറിറ്റി രൂപീകരിക്കുക എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും പുഴ സംരക്ഷണം പ്രഖ്യാപനത്തിലൊതുങ്ങി.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ കോടിക്കണക്കിന് രൂപ നിക്ഷേപമുണ്ട്. പാലക്കാട് ജില്ലയില്‍ 16 കോടിയും, തൃശൂര്‍ ജില്ലയില്‍ 24 കോടിയും മലപ്പുറം ജില്ലയില്‍ 56 കോടിയും കെട്ടികിടക്കുമ്പോഴും ആ തുകയില്‍ നിന്ന് വകമാറ്റി ചെലവഴിച്ച് കളക്ടര്‍മാക്ക് ഇന്നോവ വണ്ടി വാങ്ങിക്കുകയും മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വലിയ വാഹനങ്ങള്‍ വാങ്ങിക്കുകയും ഓഫീസുകളിലേക്ക് കമ്പ്യൂട്ടറും, പ്രിന്ററും മറ്റ് ഉപകരണങ്ങളും വാങ്ങിക്കുകയും ചെയ്യുന്നു. പുഴയിലെ പുല്‍ക്കാടുകള്‍ മാറ്റുന്നതിനോ പുഴയുടെ തീരത്ത് ആറ്റുവഞ്ചിയോ കല്ലന്‍ മുളയോ വെച്ച് പിടിപ്പിക്കുന്നതിനോ പുഴയുടെ തീരങ്ങള്‍ സംരക്ഷിക്കുന്നതിനോ പണം ചെലവഴിക്കാതെ വകമാറ്റി അധികൃതര്‍ ചെലവഴിക്കുന്നു.

പുഴയില്‍ വെള്ളം തങ്ങി നിര്‍ത്താനെന്ന പേരില്‍ വേനല്‍കാലങ്ങളില്‍ പഞ്ചായത്തുകള്‍ തോറും രണ്ടുലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെ ചെലവഴിച്ച് പ്ലാസ്റ്റിക് ചാക്കില്‍ മണല്‍നിറച്ച് തടയണകള്‍  സ്ഥാപിക്കുകയും അത് ഒരു ഉത്സവമായി കൊണ്ടാടുകയും പിന്നീട് പ്ലാസ്റ്റിക് നശിച്ച് പുഴയില്‍ പരന്ന് കിടക്കുന്ന അവസ്ഥയും പരിസ്ഥിതി നശീകരണവും ഉണ്ടാകുന്നു. താല്‍ക്കാലിക സാമ്പത്തിക തടയണകള്‍ നിര്‍മിക്കാന്‍ ലക്ഷങ്ങളാണ് പുഴയില്‍ പാഴാക്കുന്നത.് ഇത് ഖജനാവിന് സാമ്പത്തിക നഷ്ടവും പുഴയെ മലിനപ്പെടുത്തുകയും ചെയ്യുന്നു.

ഭാരതപ്പുഴയില്‍ കുടിവെള്ളത്തിനെന്ന പേരില്‍ കോണ്‍ക്രീറ്റ് ചെക്ക്ഡാമുകള്‍ പഞ്ചായത്തുകള്‍ തോറും നിര്‍മിക്കുന്ന അവസ്ഥ കൂടിവരികയാണ്. വലിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നതുമൂലം പുഴയുടെ സ്വഭാവിക ഒഴുക്ക് നഷ്ടപ്പെട്ട് പുഴ പറമ്പാകുന്ന അവസ്ഥ നിലനില്‍ക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ പുഴയില്‍ ഡാമുകള്‍ നിര്‍മിക്കുന്ന സമയങ്ങളില്‍ പുഴയില്‍ നിന്ന് നീക്കം ചെയ്യുന്ന മണല്‍ ജില്ലാ ഭരണകൂടങ്ങളെയും പഞ്ചായത്തുകളെയും സ്വാധീനിച്ച് മണല്‍ മാഫിയ പദ്ധതി പ്രദേശത്തുനിന്ന് മണല്‍ കടത്തുന്നത് നിത്യസംഭവമാണ്. ചെറുതുരുത്തു-ഷൊര്‍ണൂര്‍ ഭാരതപ്പുഴയിലെ തടയണ പദ്ധതി പ്രദേശത്തുനിന്ന് കോടിക്കണക്കിന് രൂപയുടെ മണലാണ് അധികാരികളുടെ ഒത്താശയോടുകൂടി കടത്തികൊണ്ടുപോയത്. ചെക്ക് ഡാം നിര്‍മാണത്തിന്റെ പേരില്‍ മൂന്ന് കോടിയില്‍പരം രൂപ പുഴയില്‍ ചെലവഴിച്ച് പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തിവെക്കുകയും ചെയ്തു.

പുഴയില്‍ ഡാമുകള്‍ കെട്ടിയ സ്ഥലങ്ങളില്‍ മലിനജലം തങ്ങിനില്‍ക്കുന്ന അവസ്ഥയുണ്ട്. പുഴ ഡാമുകള്‍ കെട്ടി അടക്കുന്നതുമൂലം വരും നാളുകളില്‍ ജലത്തിനുവേണ്ടിയുള്ള യുദ്ധം വരുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരസ്പരം ജലത്തിനുവേണ്ടി കലഹിക്കുന്ന അവസ്ഥ വരെ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ഭാരതപുഴയില്‍ പര്‍ളിമുതല്‍ ചമ്രവട്ടം വരെ വിവിധ സ്ഥലങ്ങളില്‍ ഡാമുകള്‍ കെട്ടിയ  സ്ഥലങ്ങളും പരിസരത്തെ വറ്റിവരണ്ടു കിടക്കുന്ന പുഴയും സന്ദര്‍ശനം നടത്തിയാല്‍ ഡാമുകള്‍ മൂലമുണ്ടാകുന്ന പുഴനാശം നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതുമാണ്.

ഭാരതപുഴയുടെ സംരക്ഷണത്തിന് ഭാരതപ്പുഴയിലെ മണല്‍ വാരല്‍ പൂര്‍ണമായും തടയുക. പുഴയിലേക്കുള്ള മലിനീകരണം തടയുക, പുഴ കൈയേറ്റം റീസര്‍വേ നടത്തി ഒഴിപ്പിച്ചെടുക്കുക, പുഴയുടെ തീരത്ത് വനവല്‍ക്കരണം നടത്തുക. പുഴയില്‍ വലിയ ഡാമുകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുകയും പുനപരിശോധിപ്പിക്കുകയും ചെയ്യുക, പുഴയിലെ പാഴ്മരങ്ങളും പുല്‍ക്കാടുകളും കരിമ്പനകളും നീക്കം ചെയ്യുക, പുഴയില്‍ നിന്ന് സ്വാകര്യവ്യക്തികള്‍ നടത്തുന്ന അനധികൃത ജല ചൂഷണം തടയുക, ഭാരതപ്പുഴയിലെ ഉപയോഗശൂന്യമായ കോണ്‍ക്രീറ്റ് കിണറുകളും ഉപയോഗശ്യൂന്യമായി ചിതറികിടക്കുന്ന പാറക്കല്ലുകളും നീക്കം ചെയ്യുക, ഭാരതപ്പുഴയുടെ സംരക്ഷണം ഉറപ്പുവരുത്തുക, നദീസംരക്ഷണത്തിനായി അതോറിറ്റി രൂപീകരിക്കുക എന്നീ ആവശ്യങ്ങളാണ് പുഴ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top