വാര്‍ധക്യം ശാപമല്ല

ഇല്‍യാസ് മൗലവി No image

വൃദ്ധസദനങ്ങള്‍ പെരുകുകയാണ് കേരളത്തില്‍. നരച്ചു തുടങ്ങിയ മലയാളി സമൂഹത്തിന് ഇനി അഭയസ്ഥാനം ഇവിടെയാണ്. അതിവേഗം പെരുകുന്ന വൃദ്ധജനങ്ങള്‍ക്ക് ആശ്രയമൊരുക്കാന്‍ ഏറ്റവും ഒടുവിലെത്തിയിരിക്കുന്നത് ഒരു സര്‍ക്കാര്‍ വകുപ്പു തന്നെയാണ്. നോര്‍ക്ക പ്രവാസി വകുപ്പ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നോര്‍ക്ക വൃദ്ധസദനങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വൃദ്ധര്‍ക്കായി വീടുകള്‍ പണിതു നല്‍കുമെന്ന് അര്‍ത്ഥമാക്കേണ്ട. എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്ന കാലമാണ്. ഇതും അങ്ങനെ തന്നെ. നോര്‍ക്ക ഉദ്യോഗസ്ഥന്റെ വാക്കുകള്‍ തന്നെ കേള്‍ക്കൂ: ''സര്‍ക്കാര്‍ ഭൂമി കണ്ടെത്തും. താല്‍പര്യമുളള സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വൃദ്ധസദനങ്ങള്‍ നിര്‍മ്മിക്കാം''. ഇനിയുളള കാലത്ത് ഇത്തരം മന്ദിരങ്ങള്‍ക്ക് വന്‍ ആവശ്യകതയായിരിക്കും.

അതിവേഗത്തിലാണ് കേരളത്തില്‍ വൃദ്ധര്‍ പെരുകുന്നത്. 60 കഴിഞ്ഞവരുടെ എണ്ണം 32 ലക്ഷമാണ് ഇപ്പോള്‍. ആകെ ജനസംഖ്യയുടെ 10 ശതമാനം. ഈ ദശാബ്ദം തന്നെ ഈ സംഖ്യ 41 ലക്ഷമാകും. 2021 ആകുമ്പോഴേക്കും 60 ലക്ഷം വൃദ്ധരുണ്ടായിരിക്കും കേരളത്തില്‍. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. രാമചന്ദ്രന്‍ പറയുന്നു:

''വാര്‍ദ്ധക്യം എന്നത് ഓര്‍ക്കാന്‍ പോലും ഭയം തോന്നുന്ന ഒന്നായി മാറുന്നത് ഈയൊരവസ്ഥ കാരണമാണ്.'' അക്കാര്യമാണ് ഒരു കവി ഇങ്ങനെ വ്യക്തമാക്കുന്നത്.

മുന്തിരി വിളയുമീ യൗവ്വനം

കരിഞ്ഞിരുന്നാല്‍ കാണുമോ

ചേലിന്‍ മുഖ ഭംഗി ....

സുഖ സൗഖ്യം നല്‍കുമീ

പ്രാന്ത ഭൂവില്‍ ...

തുണകള്‍ ആയിരമായിരം ...

വാര്‍ധക്യം തേടിവരുമോ?

ഭയാനകം നിറഞ്ഞ നാളുകള്‍

സമ്മാനിക്കാന്‍ ...

വൃദ്ധ സദനമോ ആതുരലായങ്ങളോ?

മരണമെന്ന സൗഭാഗ്യം

ആഗ്രഹം തോന്നുമീ നാളുകള്‍

തുണ ഈശ്വരന്‍ മാത്രം ...

 

വാര്‍ധക്യം ഇസ്‌ലാമിന്റെ പാഠങ്ങള്‍ 

ഉല്‍പാദക ക്ഷമതയില്ലാത്തവയും ലാഭ പ്രതീക്ഷയില്ലാത്തതുമായ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒഴിവാക്കുക എന്നതാണ് ഭൗതിക ദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്. ഉപയോഗപ്രദമല്ലാത്ത യന്ത്രങ്ങള്‍ മുടക്കാച്ചരക്കായി അവശേഷിപ്പിക്കുന്നത് ലാഭമല്ലെന്ന് മാത്രമല്ല, ആവശ്യമില്ലാതെ നഷ്ടം വരുത്തുക കൂടിയാണ്. അതിനാല്‍ എത്ര പെട്ടെന്ന് അവ ഒഴിവാക്കുന്നുവോ, അത്രയും ലാഭം. അവരുടെ വീക്ഷണത്തില്‍ ഇവിടെ മനുഷ്യനും യന്ത്രവും തുല്യമാണ്. ഉപയോഗശൂന്യമായ യന്ത്രവും, വാര്‍ധക്യം പ്രാപിച്ച മനുഷ്യനും ഈ വീക്ഷണ പ്രകാരം തുല്യമാണ്.

ഇവിടെയാണ് ഇസ്‌ലാം വേറിട്ട് നില്‍ക്കുന്നത്. ഇസ്‌ലാമിക ദൃഷ്ട്യാ ഈ ലോകം ക്ഷണികമായ പരീക്ഷണ ഗേഹമാണ്. യഥാര്‍ഥ ജീവിതം പരലോകത്താണ്. മരണമില്ലാത്ത ആ ശാശ്വത ജീവിതം ഐശ്വര്യ പൂര്‍ണമാക്കണോ എങ്കില്‍ അതിനനുസരിച്ച് ഇവിടെ പരീക്ഷ പാസ്സാവേണ്ടതുണ്ട്. ആ പരീക്ഷയില്‍ എളുപ്പം പാസ്സാവാനുള്ള എല്ലാ വഴികളും ദൈവം ഇവിടെ സംവിധാനിച്ചിരിക്കുന്നു. വിശദവും അവ്യക്തതകളില്ലാത്തതുമായ സിലബസ്, അത് പഠിപ്പിക്കാന്‍ യോഗ്യനും വിശ്വസ്തനും ആത്മാര്‍ഥതയുമുള്ള ഗുരുനാഥന്‍, പരീക്ഷക്ക് വരുമെന്ന് ഉറപ്പുള്ള മോഡല്‍ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വരെ എല്ലാം മുന്‍കൂട്ടിത്തരികയും ചെയ്തിരിക്കുന്നു. അല്‍പം ക്ഷമയോടെ, കഴിവനുസരിച്ച് പരിശ്രമിക്കണം. അത്രമാത്രം. അതിനിടയില്‍ വരുന്ന ന്യായമായ തടസ്സങ്ങള്‍, പ്രതിബന്ധങ്ങള്‍ എല്ലാം പരിഗണിച്ചേ പരീക്ഷാ ഫലം നിര്‍ണ്ണയിക്കപ്പെടുകയുള്ളൂ. മാത്രമല്ല, ശരിയുത്തരം മനസ്സിലുണ്ടായിരിക്കുകയും, അശ്രദ്ധയോ കൈയബദ്ധമോ കാരണം എഴുതിയ ഉത്തരം തെറ്റിപ്പോയാല്‍ പോലും മനസ്സിലുള്ളത് പരിഗണിച്ച് കൊണ്ടാണ് മാര്‍ക്കിടുക. തോല്‍ക്കുന്നവര്‍ക്ക് മരിക്കുന്നതിന് മുമ്പ് എത്ര പ്രാവശ്യം വേണമെങ്കിലും വീണ്ടും വീണ്ടും പരീക്ഷയെഴുതാം. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഇയൊരടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ് വാര്‍ധക്യത്തെ ഇസ്‌ലാം നോക്കിക്കാണുന്നത്. ക്ഷണികമായ ഐഹിക ലോകത്തെ ലാഭനഷ്ടങ്ങള്‍ മാത്രം പരിഗണിച്ചല്ല,  മറിച്ച് ശാശ്വതമായ പാരത്രിക ജീവിതത്തിലെ ഐശ്വര്യത്തെ മുഖ്യമായി പരിഗണിച്ചു കൊണ്ടാണ്, മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ ഈ വിഷയത്തിലും അതിന്റെ വിധിവിലക്കുകളും ആജ്ഞാ നിര്‍ദ്ദേശങ്ങളുമെല്ലാം തന്നെ.

പ്രകൃതിയുടെ അനിവാര്യ തേട്ടമാണ് വാര്‍ധക്യം എന്ന് അല്ലാഹു പറയുന്നു: ''അവശമായ അവസ്ഥയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുതുടങ്ങിയത് അല്ലാഹുതന്നെയാണ്. പിന്നീട് ആ അവശാവസ്ഥക്കു ശേഷം നിങ്ങള്‍ക്കു ശക്തിയേകി. പിന്നെ ആ ശക്തിക്കുശേഷം നിങ്ങളെ അവശരും വയോധികരുമാക്കി. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഒക്കെയും അറിയുന്നവനും എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമല്ലോ'' (അര്‍റൂം: 54).

വാര്‍ധക്യം ശാപമോ? 

ആദ്യമായി വാര്‍ധക്യം ശാപമല്ല, അനുഗ്രഹമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഒരിക്കല്‍ ഒരു ഗ്രാമീണന്‍  പ്രവാചകന്റെ അടുക്കല്‍ വന്നുകൊണ്ടു ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ജനങ്ങളില്‍ ആരാണ് ഏറ്റവും ഉത്തമന്‍?'' പ്രവാചകന്‍ പറഞ്ഞു: ''ആരുടെ ആയുസ്സ് ദീര്‍ഘിക്കുകയും അവന്റെ കര്‍മ്മങ്ങള്‍ നന്നാവുകയും ചെയ്തുവോ അയാള്‍ തന്നെ''. ''എങ്കില്‍ ജനങ്ങളില്‍ ഏറ്റവും മോശം ആരാണ്?'' അദ്ദേഹം ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: ''ആരുടെ വയസ്സ് നീളുകയും കര്‍മ്മം മോശമാവുകയും ചെയ്തുവോ, അവന്‍'' (തിര്‍മിദി: 2500 ).

ഇവിടെ വാര്‍ധക്യം ശാപമല്ല മറിച്ച് സല്‍കര്‍മ്മങ്ങളിലൂടെ അത് അനുഗ്രഹമാക്കി തീര്‍ക്കുന്നവരാണ് ഭാഗ്യവാന്മാര്‍ എന്നാണ് റസൂല്‍ (സ) പഠിപ്പിക്കുന്നത്. മാത്രമല്ല, നാട്ടിലും വീട്ടിലും വരെ, മുതിര്‍ന്നവരുടെ സാന്നിധ്യം അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കാന്‍ കാരണമാകുമെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്ത ഒരു ഹദീസില്‍ ''സര്‍വ ഐശ്വര്യവും (ബറകത്ത്) നിങ്ങളുടെ കൂട്ടത്തില്‍ വാര്‍ധക്യം പ്രാപിച്ചവരോടൊപ്പമായിരിക്കും'' എന്ന് റസൂല്‍ (സ) അരുള്‍ ചെയ്തതായി കാണാം (ഇബ്‌നു ഹിബ്ബാന്‍: 559). ഇതാകട്ടെ ഒരു അനുഭവ സത്യമാണുതാനും. എന്നാല്‍ ഇങ്ങനെ സല്‍കര്‍മ്മം ചെയ്യാനും ഒരു പരിധി കഴിഞ്ഞാല്‍ സാധ്യമായിക്കൊള്ളണമെന്നില്ല. എല്ലാവര്‍ക്കും, സ്വന്തത്തിനു തന്നെയും ശല്യമായി തീരുന്ന ഒരു ഘട്ടവും ചിലര്‍ അഭിമുഖീകരിച്ചേക്കാം. മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടമാണ് വാര്‍ധക്യം. എല്ലാം കുഞ്ഞുങ്ങളെപ്പോലെ ആയിത്തീരുന്ന കാലം, എന്നാല്‍ കുഞ്ഞുങ്ങളുടെ വികൃതികള്‍ കുസൃതികളായി കാണുകയും ആസ്വദിക്കുകയും ചെയ്യുമ്പോള്‍, വൃദ്ധന്‍മാരുടേത് അസഹ്യമായും ശല്യമായും കണക്കാക്കുന്നു എന്നതാണ് പൊതുവെ കാണപ്പെടുന്നത്. അല്ലാഹു പറയുന്നു ''അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നീടവന്‍ നിങ്ങളെ മരിപ്പിക്കുന്നു. ചിലര്‍ പടുവാര്‍ധക്യത്തിലേക്കു തള്ളപ്പെടുന്നു അങ്ങനെ, എല്ലാം അറിഞ്ഞതിനുശേഷം ഒന്നും അറിഞ്ഞുകൂടാത്ത അവസ്ഥ പ്രാപിക്കുന്നതിന്. ജ്ഞാനത്തിലും കഴിവിലും അല്ലാഹു മാത്രമാണ് പരിപൂര്‍ണന്‍ എന്നതത്രെ യാഥാര്‍ഥ്യം'' (അന്നഹല്‍:70).

അതുകൊണ്ടായിരിക്കണം അത്തരം ഒരവസ്ഥ വന്നു ഭവിക്കുന്നതില്‍ നിന്ന് പ്രവാചകന്‍ ശരണം തേടിയിരുന്നതും, അങ്ങനെ ശരണം തേടാന്‍ സ്വഹാബിമാരെ പഠിപ്പിക്കുകയും ചെയ്തത്. മുസ്വ്അബ് ബിന്‍ സഅദ് തന്റെ പിതാവായ സഅദ് ബിന്‍ അബീവഖാസ് പറഞ്ഞതായി നിവേദനം ചെയ്യുന്നു:'' പ്രവാചകന്‍ ശരണം തേടാറുണ്ടായിരുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങളും ശരണം തേടുക, ''അല്ലാഹുവേ, ഭീരുത്വത്തില്‍ നിന്നും ലുബ്ദില്‍ നിന്നും ഞാന്‍ നിന്നോടു ശരണം തേടുന്നു, അതുപോലെ, പടു വാര്‍ദ്ധക്യത്തിലെത്തുന്നതില്‍ നിന്നും അല്ലാഹുവേ ഞാന്‍ നിന്നോടു ശരണം തേടുന്നു.'' (ബുഖാരി: 6374) .

ഇസ്‌ലാമിക ശരീഅത്ത് പരിശോധിച്ചാല്‍ ബോധ്യപ്പെടുന്ന ശ്രദ്ധേയമായ ഒരു കാര്യമാണ് എവിടെ അവശതയും ദൗര്‍ബല്യവും പ്രകടമാവുന്നുണ്ടോ അവിടെയെല്ലാം പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ഥ്യം. ചെയ്യുന്നവര്‍ക്ക് ക്ഷണികമായ എന്തെങ്കിലും ലാഭം കിട്ടുമെന്നോ, കാര്യം നേടാമെന്നോ യാതൊരു പ്രതീക്ഷക്കും വകയില്ലാത്ത, എന്നാല്‍ ലഭിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ താങ്ങും തണലും ഏറെ ആവശ്യമാകുന്ന വിഷയങ്ങളില്‍ ഇടപെട്ടു സേവനം ചെയ്യുന്നത് ദൈവപ്രീതിയും അനുഗ്രഹവും, പരലോകത്ത് മഹത്തായ പ്രതിഫലവും നേടിത്തരുന്ന വിഷയമായിട്ടാണ് വാര്‍ധക്യത്തെ ഇസ്‌ലാം കണക്കാക്കിയിട്ടുള്ളത്. ഇസ്‌ലാമില്‍ ദുര്‍ബല വിഭാഗങ്ങളോടുള്ള സഹവാസം പൊതുവെ അങ്ങനെയാണ്, അതുകൊണ്ടാണ് പ്രവാചകന്‍ (സ) ഇങ്ങനെ അരുളിയത്. അബുദ്ദര്‍ദാ നിവേദനം ചെയ്യുന്നു. നബി (സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി: ''നിങ്ങളിലെ ദുര്‍ബലരായവരെ നിങ്ങള്‍ എനിക്ക് വേണ്ടി തേടിപ്പിടിക്കൂ, കാരണം നിങ്ങള്‍ക്ക് ഭക്ഷണവും വിഭവങ്ങളും കിട്ടുന്നതും, അതുപോലെ നിങ്ങള്‍ക്ക്  സഹായം ലഭ്യമാകുന്നതുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ അവശരായവര്‍ കാരണമാണ്. (അഹ്മദ്: 21731, തിര്‍മിദി: 1803, അല്‍ബാനി സ്വഹീഹാണെന്ന് രേഖപ്പെടുത്തിയത്).

അതേപോലെ ഒരു സദസ്സില്‍ മുതിര്‍ന്നവരെ പരിഗണിക്കൂ, അവര്‍ക്ക് മുന്‍ഗണന നല്‍കൂ എന്ന് നബി (സ) പ്രത്യേകം ആജ്ഞാപിക്കുന്നത് കാണാം (ബുഖാരി: 7192). ആദ്യം വയസ്സിന് മൂത്തവര്‍ സംസാരിക്കട്ടെ എന്നാണ് ആ പറഞ്ഞതിന്റെ താല്‍പര്യമെന്ന് മുഹദ്ദിസുകള്‍ രേഖപ്പെടുത്തുന്നു.

വെള്ളം കുടിക്കാന്‍ കൊടുക്കുമ്പോള്‍ പോലും ആദ്യം വയസ്സിനു മൂത്തവര്‍ക്ക് നല്‍കിക്കൊണ്ട് തുടങ്ങാന്‍ നബി (സ) നിര്‍ദ്ദേശിച്ചതായി ഇകിരിമ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്തിനധികം, അറബികള്‍ അറാക്കിന്റെ കൊള്ളി ചെത്തിയായിരുന്നു പല്ല് തേക്കാറുണ്ടായിരുന്നത്, അത്തരം കൊള്ളികള്‍ അവരുടെ കൈയില്‍ എപ്പോഴും ഉണ്ടാവും, അങ്ങനെ ഒരിക്കല്‍ തിരുമേനി ദന്ത ശുദ്ധി വരുത്തുമ്പോള്‍ രണ്ട് പേര്‍ തന്റെ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവരിലൊരാള്‍ മറ്റവനെക്കാള്‍ മൂത്തവനായിരുന്നു. അങ്ങനെ തിരുമേനി ഒരു ബ്രഷെടുത്ത് ഇളയവന് നല്‍കി, ഉടനെ മൂത്തവന് നല്‍കാന്‍ ദിവ്യസന്ദേശമുണ്ടായി. ഉടനെ അവിടുന്ന് മൂത്തവന് കൊടുത്തു. (ബുഖാരി: 246, അബൂദാവൂദ്: 50 ) ഇവിടെയെല്ലാം മുതിര്‍ന്നവരെ എങ്ങനെ പരിഗണിക്കണമെന്നും, ബഹുമാനിച്ചാദരിക്കണമെന്നും പ്രായോഗികമായി പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ (സ).

മുതിര്‍ന്നവരെ മാനിക്കാത്തവര്‍ക്ക് ഇസ്‌ലാമില്‍ ഇടമില്ല.

നബി(സ) പറഞ്ഞു: നമ്മിലെ ചെറിയവരോട് കരുണ കാണിക്കാത്തവരും, മുതിര്‍ന്നവരുടെ അവകാശം മനസ്സിലാക്കാത്തവരും നമ്മില്‍ പെട്ടവനല്ല. (അബൂദാവൂദ്: 4945)

മുതിര്‍ന്നവരെ ബഹുമാനിക്കല്‍ അല്ലാഹുവിനെ ആദരിക്കലാണ്.

അതുപോലെ അല്ലാഹുവിനോടുള്ള ആദരവിന്റെ ഭാഗമാണ് വൃദ്ധജനങ്ങളെയും തീവ്രമായ രീതിയിലോ, വരണ്ട രീതിയിലോ അല്ലാതെ ഖുര്‍ആന്‍ പഠിച്ചു കൊണ്ടു നടക്കുന്നവരെ ആദരിക്കലും നീതിമാനായ അധികാരികളെ ആദരിക്കലും. (അബൂദാവൂദ്: 4845)

പ്രായമുള്ളവരെ ആദരിച്ചാല്‍ അവര്‍ക്ക് പ്രായമാകുമ്പോള്‍ ആദരിക്കാനും ആളുണ്ടാകും. നബി(സ) പറഞ്ഞു: ഏതെങ്കിലും ഒരു ചെറുപ്പക്കാരന്‍ ഒരു വൃദ്ധന്റെ പ്രായം പരിഗണിച്ച് അദ്ദേഹത്തെ ആദരിക്കുന്നുവോ, എങ്കില്‍ ആ പ്രായമെത്തുമ്പോള്‍ അവനെ ആദരിക്കുന്നവരെ അല്ലാഹുവും ഏര്‍പ്പാടാക്കുന്നതാണ് (തിര്‍മിദി: 2154 ). ഇതിന്റെ നിവേദക പരമ്പര ദുര്‍ബലമാണെങ്കിലും ഇതേ ആശയത്തിലുള്ള വേറെ ഹദീസുകളുള്ളതിനാല്‍ ഇത് പരിഗണിക്കാവുന്നതാണ്. ''ഞെരുക്കമനുഭ വിക്കുന്ന ഒരാള്‍ക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ ഈ ലോകത്തും പരലോകത്തും അല്ലാഹു അവന് ആശ്വാസം നല്‍കും'' (മുസ്‌ലിം: 7028). അതുപോലെ അബൂ ഖുലാബ ഉദ്ധരിച്ചതും ''നി ചെയ്യുന്നതിനനുസരിച്ച് നിനക്ക് തിരിച്ചു ലഭിക്കും''. (ഫത്ഹുല്‍ ബാരി: 21/60). തുടങ്ങിയവയൊക്കെ ഇതേ ആശയത്തെ കുറിക്കുന്നു.

വൃദ്ധരോടും ദുര്‍ബലരോടും കടുപ്പം ചെയ്യുന്ന ജനവിഭാഗം ഒരിക്കലും നന്നാവുകയില്ല.

ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അബ്‌സീനിയയിലേക്ക് പലായനം ചെയ്തവര്‍ തിരിച്ച് റസൂലിന്റെ അടുക്കല്‍ തിരിച്ചെത്തിയപ്പോള്‍ അവിടുന്ന് ചോദിച്ചു: ''അബ്‌സീനിയായില്‍ നിങ്ങള്‍ കണ്ട വിസ്മയകരമായ കാര്യങ്ങളെപ്പറ്റി  നിങ്ങള്‍ക്കെന്നോട് പറയാനില്ലേ?'' അപ്പോള്‍ കൂട്ടത്തിലെ ചില യുവാക്കള്‍ പറഞ്ഞു:'' ഒരിക്കല്‍ ഞങ്ങളിങ്ങനെ ഇരിക്കവേ, ഒരു കുടത്തില്‍ വെള്ളവും തലയില്‍ ചുമന്ന് കൊണ്ട് ഒരു വൃദ്ധ ഞങ്ങളുടെ അരികിലൂടെ നടന്നുപോയി. അങ്ങനെ അവര്‍ അന്നാട്ടിലെ ഒരു ചെറുക്കന്റെ സമീപത്തുകൂടി പോയപ്പോള്‍ ആ ചെറുക്കന്‍ തന്റെ ഒരു കൈ ആ വൃദ്ധയുടെ ചുമലിലൂടെ ഇട്ടുകൊണ്ട് ഒരൊറ്റ തട്ട് കൊടുത്തു, ഉടനെ ആ വൃദ്ധ മുട്ടുകുത്തി വീഴുകയും കുടം വീണുടയുകയും ചെയ്തു. വീണിടത്തു നിന്ന് എഴുന്നേറ്റു നിന്ന ആ വൃദ്ധ ആ ചെറുപ്പക്കാരന്റെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: എടോ, വഞ്ചകാ, നിനക്ക് തിരിയും, നാളെ അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനാവുകയും, എന്നിട്ട് മുന്‍ഗാമികളും പിന്‍ഗാമികളുമായ സകലരെയും ഒരുമിച്ചുകൂട്ടുകയും, അങ്ങനെ തങ്ങള്‍ ചെയ്തു കൂട്ടിയതിനെപ്പറ്റി കൈകാലുകള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍, അന്ന് നാഥന്റെ മുമ്പില്‍ എന്റെയും നിന്റെയും കാര്യമെന്തായിരിക്കുമെന്ന് നീ അറിയും കെട്ടോ. റസൂല്‍ (സ) പറഞ്ഞു: ശരിയാണവര്‍ പറഞ്ഞത്, വളരെ ശരിതന്നെ, അല്ലെങ്കിലും ശക്തരില്‍ നിന്ന് ദുര്‍ബലര്‍ക്ക് കിട്ടേണ്ടത് കിട്ടാത്ത ഒരു സമുദായത്തെ അല്ലാഹു എങ്ങനെയാണ് പരിശുദ്ധരാക്കുക?! (ഇബ്‌നുമാജ: 4010 ).

സലാം പറയുന്നിടത്ത് വരെ മൂപ്പിളമ പരിഗണിക്കണമെന്ന് നബി (സ) പഠിപ്പിക്കുന്നു.

അബൂ ഹുറയ്‌റ നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ചെറിയവര്‍ മുതിര്‍ന്നവരോടും, നടക്കുന്നവന്‍ ഇരിക്കുന്നവനോടും, എണ്ണം കുറച്ചുള്ളവര്‍ എണ്ണം കൂടുതലുള്ളവരോടും സലാം പറയട്ടെ. (ബുഖാരി: 6231).

സഹാബിവര്യനായ ഖൈസുബ്‌നു ആസ്വിം തന്റെ മക്കളെ വിളിച്ച് തന്റെ മരണശേഷം ശ്രദ്ധിക്കേണ്ട പല വസിയ്യത്തുകളും ചെയ്യുകയുണ്ടായി, കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. അതിങ്ങനെ വായിക്കാം. ഞാന്‍ നമസ്‌കരിക്കുമ്പോള്‍ അണിഞ്ഞിരുന്ന കുപ്പായത്തില്‍ തന്നെ എന്നെ കഫന്‍ ചെയ്താല്‍ മതി, നിങ്ങളിലെ മുതിര്‍ന്നവരെ വേണം  നേതാക്കന്മാരാക്കാന്‍. കാരണം നിങ്ങളില്‍ മുതിര്‍ന്നവരെ നേതൃസ്ഥാനത്ത് അവരോധിച്ചാല്‍ നിങ്ങളുടെ പിതാവിന് ഒരു പിന്‍ഗാമി നിങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കും. എന്നാല്‍ നിങ്ങളില്‍ ഇളയവരെ നിങ്ങള്‍ നേതാക്കളാക്കിയാലോ, നിങ്ങളില്‍ മൂത്തവര്‍ ജനങ്ങളുടെ മുമ്പില്‍ നിസ്സാരന്മാരായി ഗണിക്കപ്പെടും. (ബുഖാരി അദബുല്‍ മുഫ്‌റദില്‍: 953)

ചരിത്രത്തിലാദ്യമായി വാര്‍ധക്യ പെന്‍ഷന്‍

ഇമാം അബൂ യൂസുഫ് ഉദ്ധരിക്കുന്നു: ഉമറിന്റെ ഭരണ കാലം. അദ്ദേഹം ഒരിടത്തു കൂടെ നടന്നുപോവുകയായിരുന്നു. അപ്പോഴുണ്ട് ഒരു കാഴ്ച നഷ്ടപ്പെട്ട പടു കിഴവനായ ഒരാള്‍ യാചിക്കുന്നു. അപ്പോള്‍ ഉമര്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടിക്കൊണ്ട് ചോദിച്ചു: താങ്കള്‍ ഏത് വേദക്കാരില്‍പ്പെട്ടയാളാണ്? യഹൂദി. അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: എന്താണ് താങ്കളെ ഈ ഗതിയില്‍ എത്തിച്ചത്? ഈ വയസ്സാം കാലത്ത് ജിസ്‌യ  കൊടുക്കാനും, മറ്റാവശ്യങ്ങള്‍ നിവര്‍ത്തിക്കാനും വകയില്ലാത്തത് കൊണ്ടാണ്. അദ്ദേഹം പറഞ്ഞു. ഉടനെ ഉമര്‍ (റ) അദ്ദേഹത്തിന്റെ കൈയും പിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും വീട്ടിലുള്ള എന്തോ ഒന്ന് എടുത്തു കൊടുക്കുകയും ചെയ്തു. എന്നിട്ട് ബൈത്തുല്‍ മാലിന്റെ ചുമതലയുള്ളയാളെ വിളിച്ച് പറഞ്ഞു: ഇദ്ദേഹത്തെയും ഇതു പോലുള്ള മറ്റുള്ളവരെയും ശ്രദ്ധിക്കണം. ആവതുള്ള കാലത്ത് അദ്ദഹത്തെ ഉപയോഗപ്പെടുത്തുകയും വയസ്സായപ്പോള്‍ കൈയൊഴിയുകയും ചെയ്യുക വഴി നാം അദ്ദേഹത്തോട് നീതി കാണിച്ചില്ല. സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അവകാശപ്പെട്ടതാണ.് (അത്തൗബ: 60 ). ദരിദ്രരെന്നതു കൊണ്ട് മുസ്‌ലിംകളില്‍പ്പെട്ടവരാണുദ്ദേശ്യം. ഇദ്ദേഹമാകട്ടെ വേദക്കാരില്‍പ്പെട്ട അഗതിയാണ്, അങ്ങനെ അദ്ദേഹത്തിനും തത്തുല്ല്യരായവര്‍ക്കും ജിസിയ ഒഴിവാക്കിക്കൊടുത്തു. സംഭവം ഉദ്ധരിച്ച അബൂബക്കര്‍ എന്ന നിവേദകന്‍ പറയുകയാണ്, ഞാനതിന് സാക്ഷിയാണ്, ആ വൃദ്ധനെ ഞാന്‍ കണ്ടതുമാണ്. (അല്‍ ഖറാജ്: 259).

വൃദ്ധരുടെയടുത്ത് അങ്ങോട്ട് ചെല്ലുക

അനസ് (റ) പറയുന്നു: മക്കാ വിജയ ദിവസം തന്റെ പിതാവ് അബൂ ഖുഹാഫയെയും കൂട്ടി അബൂബക്ര്‍ (റ) റസൂലിന്റെ സന്നിധിയില്‍ വരികയുണ്ടായി, അന്നേരം  അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ഈ വയോധികനെ വീട്ടില്‍ ഇരുത്തിയാല്‍ മതിയായിരുന്നു, ഞാനങ്ങോട്ട് ചെന്നേനെ. (ഹാകിം: 5064).

മുസ്‌ലിം അമുസ്‌ലിം വിവേചനമില്ല, ജനാസ സംസ്‌കരണത്തില്‍ പോലും. അലി(റ) നിവേദനം ചെയ്യുന്നു: അബൂത്വാലിബ് മരണപ്പെട്ടപ്പോള്‍ ഞാന്‍ നബി (സ) യുടെ അടുത്തുചെന്ന്, താങ്കളുടെ വയോധികനായ പിതൃവ്യന്‍ മരണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. അന്നേരം അവിടുന്ന് എന്നോട് പറഞ്ഞു: നീ ചെന്ന്, അദ്ദേഹത്തിന്റെ ജനാസ മറവു ചെയ്യുക. ഞാന്‍ പറഞ്ഞു: ഏയ്, ഞാന്‍ മറവു ചെയ്യില്ല, അദ്ദേഹം മുശ്‌രിക്കായിട്ടാണ് മരിച്ചത്. അപ്പോള്‍ തിരുമേനി പറഞ്ഞു: ചെന്ന് മറവു ചെയ്യൂ, എന്നിട്ട് ഉടനെ തന്നെ നേരെ ഇങ്ങോട്ട് വാ. അങ്ങനെ ഞാന്‍ പോയി മറവുചെയ്തു, മണ്ണിന്റെയും പൊടിയുടെയും പാടോടുകൂടി തന്നെ ഞാന്‍ പ്രവാചക സന്നിധിയില്‍ ചെന്നു. അന്നേരം അവിടുന്ന് എന്നോട് കുളിക്കുവാന്‍ ആജ്ഞാപിക്കുകയും ഞാന്‍ പോയി കുളിക്കുകയും ചെയ്തു. കൂടാത എനിക്കു വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു, ഭൂലോകത്തുള്ള സര്‍വതും എനിക്ക് കിട്ടുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്ന പ്രാര്‍ഥനകളായിരുന്നു അത്. ( സില്‍സിലത്തുല്‍ അഹാദീസിസ്സഹീഹ: 161, 1/253)

ഇതുദ്ധരിച്ച ശേഷം പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ശൈഖ് അല്‍ബാനി ഇങ്ങനെ രേഖപ്പെടുത്തി. ''ഒരു മുസ്‌ലിമിന് ബഹുദൈവ വിശ്വാസത്തോട് വെറുപ്പുണ്ടായിരിക്കെത്തന്നെ തന്റെ മുശ്‌രിക്കായ ബന്ധുവിന്റെ ജനാസ മറവു ചെയ്യാവുന്നതാണ്, പിതാവ് മുശ്‌രി ക്കായിട്ടാണ് മരിച്ചത് എന്ന ന്യായം പറഞ്ഞ് അലി (റ) തുടക്കത്തില്‍ അതിന് കൂട്ടാക്കാതിരുന്നത് കണ്ടില്ലേ? ഒരു മകനെ സംബന്ധിച്ചിടത്തോളം തന്റെ ബഹുദൈവ വിശ്വാസികളായ മാതാപിതാക്കളോടുള്ള  ഉത്തമ സഹവാസത്തിന്റെ ഭാഗമായി ഈ ലോകത്ത് വെച്ച് ചെയ്തു കൊടുക്കാവുന്ന ഏറ്റവും ഒടുവിലത്തെ സേവനമാണ് അവരുടെ ജനാസ സംസ്‌കരിക്കുക എന്നത്. ഇതാണ് എനിക്ക് ബോധ്യപ്പെട്ടത്. (സില്‍സിലത്തുല്‍ അഹാദീസിസ്സഹീഹ: 1/253)

ഹിജ്‌റ 855-ല്‍ മരണപ്പെട്ട, ഇമാം ബദ്‌റുദ്ദീനില്‍ ഐനി പറയുന്നു: ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ മദ്ഹബിന്റെ ഇമാമുകള്‍ പറഞ്ഞു: ഒരു മുസ്‌ലിമിന്റെ കാഫിറായ ബന്ധു മരണപ്പെട്ടാല്‍ അയാളെ കുളിപ്പിക്കുകയും മറവു ചെയ്യുകയും ചെയ്യേണ്ടതാണ്. ഹിദായ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പറഞ്ഞു: ഒരു അവിശ്വാസി മരണപ്പെട്ടു, അയാള്‍ക്ക് മുസ്‌ലിമായ ഉറ്റ ബന്ധു  ഉണ്ട്. എങ്കിലയാള്‍ ഈ മയ്യിത്ത് കുളിപ്പിക്കുകയും, കഫന്‍ ചെയ്യുകയും, മറവു ചെയ്യുകയും ചെയ്യേണ്ടതാണ്. അബൂത്വാലിബിന്റെ വിഷയത്തില്‍ അലി (റ) യോട് തിരുമേനി നിര്‍ദ്ദേശിച്ചതും അതാണ്. (അല്‍ഇനായ ശറഹുല്‍ഹിദായ : 3/9, മയ്യിത്ത് നമസ്‌ക്കാരം എന്ന അധ്യായം)

ശത്രുപക്ഷത്താണെങ്കില്‍ പോലും വൃദ്ധര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.

നബി(സ) വല്ല സൈന്യത്തെയും പറഞ്ഞയക്കുമ്പോള്‍ വൃദ്ധന്മാരെ ഒരിക്കലും ആക്രമിക്കരുതെന്നു പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നതായി അനസ് (റ) നിവേദനം ചെയ്യുന്നു. (അബൂ ദാവൂദ്: 2616). സൈന്യത്തെ യാത്രയാക്കുമ്പോള്‍ ഖലീഫമാരും ഇതേ കാര്യം പ്രത്യേകം ഉണര്‍ത്തിയിരുന്നു എന്നു കാണാം. ഇമാം സഈദുബ്‌നുല്‍ മുസയ്യബ് നിവേദനം ചെയ്യുന്നു: ഖലീഫാ അബൂബക്ര്‍ ശാമിലേക്ക് സൈന്യത്തെ നിയോഗിച്ചപ്പോള്‍, അവരോടൊപ്പം ചെന്ന് യാത്രയാക്കുകയുണ്ടായി. എന്നിട്ടവരോട് പല കാര്യങ്ങളും വസ്വിയ്യത്ത് ചെയ്തുകൊണ്ട് പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെ പറഞ്ഞു : ഒരു അമ്പലവും നിങ്ങള്‍ തകര്‍ക്കരുത്, അതുപോലെ വൃദ്ധന്മാരെയും, കുട്ടികളെയും ഒന്നും കൊല്ലാനും പാടില്ല. (അസ്സുനനുല്‍ കുബ്‌റാ: 18592)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top