വാര്‍ധക്യത്തിലും വസന്തം വിരിയാന്‍

അസ്‌ലം വാണിമേല്‍ No image

ഏതൊരു വ്യക്തിയും കടന്നുപോകേണ്ട ഘട്ടങ്ങളാണ് ശൈശവം, കുട്ടിക്കാലം, ബാല്യം, കൗമാരം, യുവത്വം, മധ്യവയസ്സ്, വാര്‍ധക്യം എന്നിവ. പരാശ്രയം ആവശ്യമുള്ള രണ്ട് ഘട്ടങ്ങളാണ് ശൈശവവും വാര്‍ധക്യവും. ആദ്യത്തേത് മറ്റുള്ളവര്‍ക്ക് പ്രതീക്ഷയാണെങ്കില്‍ അവസാനത്തേത് പ്രയാസമാണ്. വാര്‍ധക്യം ഒഴികെയുള്ള ഘട്ടങ്ങള്‍ക്ക് അതിന്റേതായ ആസ്വാദനങ്ങളും ആശങ്കകളുമുണ്ട്. എന്നാല്‍ വാര്‍ധക്യത്തിലെത്തുന്നതോടെ ആസ്വാദനങ്ങള്‍ കുറയുകയും ആശങ്കകള്‍ വര്‍ധിക്കുകയും ചെയ്യും.

പ്രായമാവുക എന്നത് പൊതുവെ ആരും ഇഷ്ടപ്പെടാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ പ്രായം ഒളിച്ചുവെക്കാന്‍ പലവിധ തന്ത്രങ്ങളും കുറുക്കുവഴികളും പലരും തേടാറുണ്ട്. വാഷിംഗ്ടണിലെ പ്രശസ്ത സാമൂഹ്യ ഗവേഷണ സ്ഥാപനമായ PEW Research Centre വിവിധ പ്രായക്കാര്‍ക്കിടയില്‍ ഒരു സര്‍വെ സംഘടിപ്പിക്കുകയുണ്ടായി. വാര്‍ധക്യം എപ്പോള്‍ എത്രാമത്തെ വയസ്സില്‍ ആരംഭിക്കുന്നു എന്നതായിരുന്നു വിഷയം. 18-29 വയസ്സുവരെയുള്ളവരുടെ അഭിപ്രായത്തില്‍ 60 വയസ്സ് മുതല്‍ വാര്‍ധക്യം ആരംഭിക്കുന്നു. എന്നാല്‍ മധ്യവയസ്‌ക്കരുടെ അഭിപ്രായത്തില്‍ 70 വയസ്സ് മുതല്‍ വൃദ്ധന്മാരായി മാറുന്നു എന്നതായിരുന്നു സര്‍വെ ഫലം. 65 വയസ്സ് കഴിഞ്ഞവരുടെ അഭിപ്രായത്തില്‍ 74 വയസ്സ് മുതലാണ് വയസ്സന്മാരായി മാറുന്നത് എന്ന് കണ്ടെത്തി. കൃത്യമായി വാര്‍ധക്യം ഇത്ര വയസ്സില്‍ തുടങ്ങുന്നു എന്ന് തീര്‍ത്ത് പറയാന്‍ സാധ്യമല്ല. എങ്കിലും വികസ്വര രാജ്യങ്ങളില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ വൃദ്ധരായി കണക്കാക്കുന്നു. യു.എന്‍ കണക്ക് പ്രകാരം 60 വയസ്സിന് മുകളിലുള്ളവര്‍ വൃദ്ധരായി കണക്കാക്കപ്പെടുന്നു. എന്നാല്‍ വ്യക്തികളുടെ ശാരീരിക മാനസിക സ്ഥിതിയനുസരിച്ച് യഥാര്‍ത്ഥ വയസ്സും മാനസിക വയസ്സും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് യഥാര്‍ത്ഥ പ്രായത്തെക്കാള്‍ കൂടുതല്‍ അനുഭവപ്പെടുന്നു. ചിലര്‍ക്ക് യഥാര്‍ത്ഥ പ്രായം അനുഭവപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വാര്‍ധക്യത്തിലും വസന്തം വിരിയിക്കുന്നവരും വാര്‍ധക്യത്തിന്റെ ശിശിരത്തില്‍ ചുരുണ്ടുകൂടുന്നവരും നമുക്കിടയിലുണ്ട്. ചില മുന്നൊരുക്കങ്ങളും, തിരിച്ചറിവുകളും ഒപ്പം ദൈവസഹായവുമുണ്ടെങ്കില്‍ വാര്‍ധക്യത്തിലും വസന്തം വിരിയിക്കാന്‍ നമുക്ക് സാധിക്കും.

 

വാര്‍ധക്യത്തെ സ്വീകരിക്കാനായി ഒരുങ്ങുക

മരണ സമയം മുന്‍കൂട്ടി അറിയാത്തതുകൊണ്ടുതന്നെ ശരാശരി ആയുസ്സ് ലഭിക്കുന്ന വ്യക്തി വാര്‍ധക്യത്തെ അനുഭവിക്കേണ്ടിവരും. ഇതാകട്ടെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഏറ്റവും പിന്തുണയും സഹായവും ആവശ്യമുള്ള ഘട്ടവുമാണ്. Give Respect and Take respect എന്ന ആപ്തവാക്യത്തിന്റെ  അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന വയ്യാത്ത കാലത്തെ മുന്നില്‍കണ്ട് കഴിയുന്ന കാലത്ത് പരമാവധി കുടുംബത്തിലും സമൂഹത്തിലും മറ്റുള്ളവര്‍ക്ക് തണലും തുണയുമാകാന്‍ ശ്രമിക്കുക. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അല്‍പസമയം മറ്റുള്ളവര്‍ക്ക് വേണ്ടി നാം മാറ്റിവെക്കുമ്പോള്‍ വാര്‍ധക്യത്തില്‍ രണ്ടുതരം സന്തോഷങ്ങള്‍ നമുക്ക് ലഭിക്കുന്നു. ഒന്ന്, കര്‍മ്മനിരതനായ കാലത്ത് കഴിയുന്നത്ര മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു എന്ന ആത്മസംതൃപ്തിയും സന്തോഷവും. മറ്റൊന്ന് പ്രത്യുപകാരം എന്ന നിലയിലെങ്കിലും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നമുക്ക് കിട്ടുന്ന പരിഗണനയും സഹായവും. എന്നാല്‍ തികച്ചും സ്വാര്‍ത്ഥന്മാരായി ജീവിച്ച് വാര്‍ധക്യത്തിലെത്തുന്നവര്‍ക്ക് ഈ സന്തോഷം ലഭിക്കാറില്ല.

 

വാര്‍ധക്യത്തെ ഉള്‍ക്കൊള്ളുക

വാര്‍ധക്യം ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് പല തരത്തിലുള്ള മാനസിക ശാരീരിക മാറ്റങ്ങള്‍ക്കും കാരണമാകുമെന്നും നാം തിരിച്ചറിയണം. മേക്കപ്പുകളിലൂടെയും സൗന്ദര്യവര്‍ധക വസ്തുക്കളിലൂടെയും നാം അത് എത്രതന്നെ ഒളിച്ചുവെച്ചാലും ഒരിക്കലത് മറനീക്കി പുറത്ത് വരും. യുവാവ് ചെറിയ കുട്ടിയെ പോലെ പ്രത്യക്ഷപ്പെടുന്നത് എത്രത്തോളം അരോചകമാണോ അതേപോലെയാണ് വൃദ്ധന്മാര്‍ യുവാക്കളെപ്പോലെ വേഷം കെട്ടുന്നതും. മാത്രവുമല്ല അതില്‍ വഞ്ചനയുടെ അംശവുമുണ്ട്. അത് കൊണ്ടായിരിക്കാം പ്രവാചകന്‍ (സ) പ്രായമായവരോട് നരച്ച മുടിക്ക് ചായം കൊടുക്കുമ്പോള്‍ കറുപ്പ് ഒഴിവാക്കാന്‍ കല്‍പ്പിച്ചത്. പ്രായമായവര്‍ക്ക് നിര്‍വഹിക്കാനുള്ള ചില റോളുകളുണ്ട്. അത് പ്രായമായ അവസ്ഥയില്‍ തന്നെ നിര്‍വഹിക്കുമ്പോഴാണ് അതിന്റെ ഭംഗിയും പൂര്‍ണ്ണതയും. മാത്രവുമല്ല പ്രായമായവര്‍ക്ക് കിട്ടേണ്ട ആദരവും പരിഗണനയും ലഭിക്കാനും ഈ തിരിച്ചറിവ് അത്യാവശ്യമാണ്. അതല്ലാതെ തന്നെക്കാള്‍ പ്രായക്കുറവുള്ളവരിലേക്ക് നോക്കുകയും അവരെപ്പോലെയാകാന്‍ ശ്രമിക്കുകയും അതിനു കഴിയാത്ത സന്ദര്‍ഭങ്ങളില്‍ മനസ്സ് അസ്വസ്ഥപ്പെടുകയും ചെയ്യുന്നത് വാര്‍ധക്യത്തിലെ സന്തോഷം കെടുത്തിക്കളയും.

 

കടമകള്‍ നിറവേറ്റുക

വാര്‍ധക്യത്തില്‍ വസന്തം വിരിയുന്ന മറ്റൊരു ഘടകമാണ് കടമകള്‍ നിറവേറ്റുക എന്നത്. മനുഷ്യന് പലതരം കടമകളും അവകാശങ്ങളുമുണ്ട്. കടമകള്‍ നിര്‍വഹിക്കുമ്പോഴാണ് അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടാവുന്നത്. സ്വന്തത്തോടും ദൈവത്തോടും സമൂഹത്തോടും നമുക്ക് കടമകളുണ്ട്. എന്നാല്‍ പ്രായമാകുന്നതോടെ കടമകള്‍ നിറവേറ്റാന്‍ കഴിയാതെ വരികയും അവകാശങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ആഗ്രഹിക്കുകയും ചെയ്യും. സ്വന്തം ശരീരത്തോടുള്ള കടമകളില്‍ പ്രധാനപ്പെട്ടവ ഭക്ഷണം, മരുന്ന്, വ്യായാമം മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുതലായവയാണ്. ദൈവത്തോടുള്ള കടമകള്‍ നിറവേറ്റുന്ന കാര്യത്തില്‍ പൊതുവെ വാര്‍ധക്യകാലം കൂടുതല്‍ ജാഗ്രത പാലിക്കാറുണ്ട്. ആരാധനാ അനുഷ്ഠാനങ്ങളില്‍ കൃത്യതയും കണിശതയും കാണിക്കും. പലപ്പോഴും വീഴ്ച സംഭവിക്കുന്നത് കുടുംബത്തോടും സമൂഹത്തോടുമുള്ള കടമ നിര്‍വഹിക്കുന്നിടത്താണ്. കുടുംബത്തിലെ കാരണവര്‍ അല്ലെങ്കില്‍ വലിയുപ്പ, വലിയുമ്മ എന്ന സ്ഥാനം മഹനീയവും ഉദാത്തവുമാണ്. അതിനാല്‍ തന്നെ പക്വമായ അഭിപ്രായങ്ങളും കഴിവും പരിമിതിയും അനുസരിച്ചുള്ള സഹായവും മറ്റുള്ളവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിയാതെ എനിക്ക് വയസ്സായി ഇനി ഒന്നിനും വയ്യ എന്ന നിലപാടില്‍ എല്ലാറ്റില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ അവരുടെ സ്ഥാനം അവര്‍ തന്നെ നഷ്ടപ്പെടുത്തുകയാണ്. ചില സന്ദര്‍ഭങ്ങളില്‍ പ്രായമായവരുടെ സാന്നിധ്യം തന്നെ ഏറെ വിലപ്പെട്ടതായിരിക്കും. കുഞ്ഞുമക്കളോടും പേരമക്കളോടും വാത്സല്യപൂര്‍വമായ പെരുമാറ്റവും കൂട്ടുകൂടലും ഏറെ മാനസിക ഉല്ലാസം നല്‍കുന്നതാണ്. അയല്‍പക്കബന്ധങ്ങളും കുടുംബബന്ധങ്ങളും ശക്തിപ്പെടുന്ന കല്ല്യാണം, മരണം, മറ്റ് ഒത്തുകൂടല്‍ എന്നീ സന്ദര്‍ഭങ്ങളിലും കഴിയുന്നത്ര സമൂഹവുമായി ഇടപെടാന്‍ ശ്രമിക്കുക. കുടുംബാംഗങ്ങളോടൊപ്പം ചെറിയ ചെറിയ യാത്രകള്‍ ചെയ്യുന്നതും സമപ്രായക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഇടക്കിടെ വീട്ടിലേക്ക് ക്ഷണിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും ഏറെ മാനസിക ഉല്ലാസം നല്‍കുന്നതാണ്. അതേപോലെ സന്നദ്ധസംഘടനകളില്‍ കഴിവനുസരിച്ച് പ്രവര്‍ത്തിക്കുകയും തന്നെക്കാള്‍ അവശതകള്‍ അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്യുക. ഉദാ: പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, പെന്‍ഷന്‍ പറ്റിയവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുതലായവ. ഇത്തരം സാമൂഹ്യ ബന്ധങ്ങള്‍ വാര്‍ധക്യത്തില്‍ വസന്തം വിരിയിക്കാന്‍ ഏറെ പ്രയോജനപ്രദമാണ്.

 

സാമ്പത്തിക ഭദ്രത

വാര്‍ധക്യത്തില്‍ വസന്തം വിരിയാന്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് സാമ്പത്തിക ഭദ്രത. സമ്പന്നനാകണമെന്നോ ലക്ഷാധിപതിയായിത്തീരണമെന്നോ അല്ല സാമ്പത്തിക ഭദ്രത കൊണ്ട് അര്‍ത്ഥമാക്കുന്നത്. നേരെമറിച്ച് സ്വന്തം ആത്യാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ട കരുതല്‍ വാര്‍ധക്യത്തില്‍ നമുക്കുണ്ടായിരിക്കണം. മരുന്ന്, ഭക്ഷണം, മറ്റ് ദൈനംദിന ആവശ്യങ്ങള്‍ എന്നിവക്ക് ആരില്‍നിന്ന് കിട്ടിയില്ലെങ്കിലും സ്വന്തമായി അതിനുള്ള കഴിവ് നമുക്കുണ്ടായിരിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം പെന്‍ഷന്‍ ഇതിന് പരിഹാരമാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള വരുമാന സ്രോതസ്സുകള്‍ തീര്‍ച്ചയായും കണ്ടെത്തണം. സ്വന്തം വീട് ഉള്‍പ്പടെ ഉള്ളതെല്ലാം മക്കളുടെയും ബന്ധുക്കളുടെയും പേരില്‍ എഴുതിവെച്ചതിനു ശേഷം സ്വന്തം ആവശ്യങ്ങള്‍ക്കായി കൈനീട്ടേണ്ട അവസ്ഥയാണ് പലര്‍ക്കും വന്നുചേരാറ്. ചെറിയ പാര്‍ട്ട് ടൈം ജോലികളും കഴിവനുസരിച്ച് ചെയ്യാവുന്നതാണ്.

 

മരണഭയം ഇല്ലാതാക്കുക

വാര്‍ധക്യത്തില്‍ ഏറെ പേരെയും കൂടുതല്‍ വേട്ടയാടുന്നത് മരണഭയമാണ്. പ്രായം കൂടുന്തോറും മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന ചിന്ത ചിലരിലെങ്കിലും ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കും. ഇത് മറികടക്കാന്‍ ദൈവവിശ്വാസികള്‍ക്ക് ഒരു പരിധിവരെ സാധിക്കും. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും നേരെമറിച്ച് അനശ്വര ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണെന്നും മനസ്സിലാക്കുന്നവര്‍ കൂടുതല്‍ കര്‍മ്മനിരതരാവുകയും അനശ്വരജീവിതം സുഖപ്രദമാക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. അപ്പോള്‍ മരണം എന്നത് ഭയപ്പെടുത്തുന്ന ഒരു കാര്യമല്ലാതായി മാറുകയും മരണം പ്രതീക്ഷിക്കുകയും സന്തോഷം നല്‍കുകയും ചെയ്യുന്നു.

 

ഇണകളോടൊപ്പം

വൈവാഹിക ജീവിതത്തിലെ രണ്ട് ഘട്ടങ്ങളിലാണ് ഇണകള്‍ കൂടുതല്‍ അടുപ്പവും ആശ്രയത്വവും കാണിക്കുന്നത്. ഒന്ന് വിവാഹത്തിന്റെ ആദ്യ നാളുകളില്‍. അത് ഇണകളുടെ മാത്രം ലോകമായിരിക്കും. സ്‌നേഹം മറ്റാര്‍ക്കും പങ്കുവെക്കാനില്ലാത്ത കാലം. പ്രേമമെന്ന ശക്തമായ പാശമാണ് ഇരുവരെയും ബന്ധിപ്പിക്കുന്നത്. ഖുര്‍ആന്‍ ഇതിനെ (മവദ്ദത്ത്) എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഇണകള്‍ വീണ്ടും തനിച്ചാവുന്നു. അത് വാര്‍ധക്യവുമാണ്. മക്കളും പേരമക്കളും അവരവരുടെ ലോകത്തേക്ക് ചേക്കേറുമ്പോള്‍ ഇണകളായ വല്യുപ്പയും വല്യുമ്മയും വീണ്ടും കൂടുതല്‍ പരസ്പരാശ്രിതത്വത്തിലേക്ക് നീങ്ങുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അവരെ ബന്ധിപ്പിക്കുന്നത് പ്രേമത്തെക്കാള്‍ ഉപരി കാരുണ്യമാണ്. റഹ്മ എന്നാണ് ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിച്ചത്. വാര്‍ധക്യത്തില്‍ വസന്തം വിരിയാന്‍ ഇണകളുടെ കാരുണ്യസ്പര്‍ശങ്ങള്‍ അത്യന്താപേക്ഷികമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നേരത്തെ തന്നെ ഇണകളില്‍ ഒരാള്‍ മരണപ്പെടുന്നത് ഈ കാരുണ്യസ്പര്‍ശം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇത് വാര്‍ധക്യത്തില്‍ ഒറ്റപ്പെടലിന്റെയും വിഷാദത്തിന്റെയും തുരുത്തിലേക്ക് എറിയപ്പെടാന്‍ കാരണമാകുന്നു. 

 

വായനക്കായി ഒത്തിരിസമയം 

തിരക്ക് പിടിച്ച ലോകത്ത് പലപ്പോഴും കൂട്ടുകൂടാനും സമയം പങ്കിടാനും മറ്റുള്ളവരെ ലഭിക്കാത്ത അവസ്ഥ വരും. സമയം ലഭിച്ചാല്‍ തന്നെ യുവതലമുറയും വിദ്യാര്‍ത്ഥികളുമെല്ലാം തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ മുഴുകി ഓരോരുത്തരുടെ ലോകത്തായിരിക്കും. അപ്പോള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ അനായാസം ഉപയോഗിക്കാന്‍ കഴിയാത്ത വാര്‍ധക്യത്തില്‍ ഇതിനു പരിഹാരം പുസ്തകങ്ങളാണ്. പത്രമാസികകളും മതഗ്രന്ഥങ്ങളും ചരിത്രങ്ങളും വായിക്കാന്‍ സമയം ഉപയോഗിക്കുക. ഇ വായനക്ക് സാധ്യമാണെങ്കില്‍ അതും ചെയ്യാം. ഇതിലൂടെ ഒരിക്കലും തിരക്കില്ലാത്ത സുഹൃത്തുക്കളെ നമുക്ക് കണ്ടെത്താന്‍ സാധിക്കും.

പ്രശസ്ത ജര്‍മ്മന്‍ പിയാനിസ്റ്റും സംഗീത സംവിധായകനുമായ ബിഥോവന്‍ ഒരിക്കല്‍ പറയുകയുണ്ടായി 'നമ്മുടെ സന്തോഷം നാം തന്നെ കണ്ടെത്തണം. മറ്റുള്ളവര്‍ അതിനെ പിന്തുടരുകയേ ഉള്ളൂ.' വാര്‍ധക്യത്തിലും സ്വയം സന്തോഷിക്കാന്‍ കഴിയണം. അപ്പോള്‍   വസന്തജീവിതം പിണങ്ങി പിന്മാറില്ലെന്ന് ഉറപ്പിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top