തോളെല്ലില്‍ തൂങ്ങിക്കിടക്കുന്ന
പൊങ്ങച്ച സഞ്ചിയെന്ന് ചിലരിതിനെ
കളിയാക്കാറുണ്ട്.
എന്നിട്ടും
നാരികള്‍ക്ക് സഞ്ചരിക്കുന്ന ജ്വല്ലറി
ദേവതകള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍
കുടുംബിനികള്‍ക്ക് പച്ചക്കറി കേരിയര്‍
കുമാരിക്ക് പുസ്തക സഞ്ചി
ജീവിത സമസ്യയുടെ എത്രയെത്ര റോളുകള്‍
ഇടക്ക് ബസ്സില്‍ തിരക്കിനിടയില്‍ പൂവാലന്
അതിരിടാന്‍ വന്മതിലായി
ചിലപ്പോള്‍ മുഖത്തെ നാണം മറക്കാന്‍
ഉയര്‍ത്തിപ്പിടിച്ച കാലന് കുടയായി
പിന്നെ മാനേജറുടെ മുമ്പില്‍
ജാള്യത ഒഴിവാക്കാന്‍
സിബ്ബ് അടച്ചുതുറന്നങ്ങനെ
വഴിയില്‍ ഉഴിയുന്ന കണ്ണുകള്‍ക്കെതിരെ
മാറോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിക്കാന്‍
പൊരിവെയിലത്തും ഇളം മഴയിലും
തലയില്‍ തണലായി നിര്‍ത്താന്‍
എന്നാലും
സ്കൂള്‍ ബാഗില്‍നിന്ന് വാനിറ്റി ബാഗിലേക്ക്
പ്രമോഷനാകുമ്പോള്
ജീവിതഭാരം പങ്കിടാന്‍ ഇവളിത്ര
എന്നെ തുണക്കുമെന്ന്
ഒട്ടും ഞാനറിഞ്ഞിരുന്നില്ല.