സംസ്‌കാരം തകര്‍ന്നടിയും മുമ്പ്

കെ.കെ ഫാത്വിമ സുഹ്‌റ No image

'കേരളമേ, ലജ്ജിക്കൂ' എന്ന തലക്കെട്ടില്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ, മാനസിക വൈകല്യങ്ങളുള്ള ഒരു സ്ത്രീയെ ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ചവശയാക്കുന്ന വാര്‍ത്ത വായിക്കാനിടയായി. അതിന് തൊട്ടുമുകളിലായി എട്ടുമാസം പ്രായമായ ഒരു പിഞ്ചുബാലികയെ പിതൃസഹോദരിയുടെ മകന്‍ ബലാത്സംഗം ചെയ്ത വാര്‍ത്തയും കണ്ടു. മധുവെന്ന ആദിവാസി മൃഗീയമായി കൊല്ലപ്പെട്ട സംഭവം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചാ വിഷയമായത് ഈയടുത്ത കാലത്താണ്. സൗമ്യ വധക്കേസ് നമ്മില്‍ ഉളവാക്കിയ നടുക്കം വിട്ടുമാറും മുമ്പ് സമാന സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. 90 വയസ്സായ പടുവൃദ്ധ ബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തയും നാം വായിക്കേണ്ടിവന്നു.

ഉദ്ബുദ്ധരെന്നും സംസ്‌കാരസമ്പന്നരെന്നും ഖ്യാതിയുളള കേരളീയരില്‍ പോലും ക്രൂരവും നിഷ്ഠുരവുമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നത് മനസ്സാക്ഷിയുള്ള ഏതൊരാളെയും അലോസരപ്പെടുത്തുന്ന കാര്യമാണ്. ഒരു സംഭവം ഉണ്ടാക്കുന്ന നടുക്കവും അമ്പരപ്പും വിട്ടുമാറുംമുമ്പേ തന്നെയാണ് അതിനേക്കാള്‍ മനുഷ്യത്വരഹിതവും സംസ്‌കാരശൂന്യവുമായ മറ്റൊരു സംഭവം അരങ്ങേറുന്നത്. അങ്ങനെ മനസ്സാക്ഷി മരവിച്ചുപോവുകയും പ്രതികരണവും പ്രതിഷേധവും നേര്‍ത്തു നേര്‍ത്ത് തീരെ ഇല്ലാതായിത്തീരുകയും ചെയ്യുന്നു. അപകടത്തില്‍ നിന്നൊരാളെ രക്ഷിക്കുന്നതിനുപകരം അപകടദൃശ്യങ്ങള്‍ ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുക്കുന്നവരെയാണ് നാം ദിനേന കാണുന്നത്. 

ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളില്‍ വാചാലമായി സംസാരിച്ചാല്‍ മാത്രം പോര. എന്തുകൊണ്ടാണ് ഇത്തരം മൃഗീയതകള്‍ ഉടലെടുക്കുന്നതെന്നും ശരിയായ കാരണങ്ങള്‍ എന്താണെന്നും പരിഹാരം എന്തായിരിക്കണമെന്നും സജീവമായ അന്വേഷണവും വേണം. ഒബ്ജക്ടീവ് ഉത്തരമെഴുതി പരിഹാരം കണ്ടെത്താന്‍ കഴിയുന്നത്ര ലളിതമല്ല കാര്യം എന്ന് നാം സമ്മതിച്ചേ മതിയാവൂ.

ആരാണ് മനുഷ്യന്‍? എന്താണവന്റെ സവിശേഷത? ഈ ചര്‍ച്ച മുന്നോട്ടു വെച്ചുകൊണ്ട് പ്രശ്‌നങ്ങളെ സമീപിക്കാന്‍ ശ്രമിച്ചാലേ കാര്യത്തിന്റെ മര്‍മം പിടികിട്ടൂ.

മനുഷ്യന്‍ ഈ പ്രപഞ്ചത്തിലെ അതിമഹത്തായ സൃഷ്ടിയാണ്. 'നാം മനുഷ്യനെ ഏറ്റവും നല്ല ഘടനയില്‍ സൃഷ്ടിച്ചു' (ഖുര്‍ആന്‍). അവന്റെ മഹത്വത്തിനും അന്തസ്സി

നും അനുയോജ്യമായ മാന്യതയും അല്ലാഹു അവന് നല്‍കി. 'നാം ആദം സന്തതികളെ ആദരിച്ചു' (ഖുര്‍ആന്‍). നന്മയും തിന്മയും വേര്‍തിരിച്ചു മനസ്സിലാക്കാനും നന്മയുടെ വഴി സ്വീകരിക്കാനും മനുഷ്യനില്‍ ദൈവം ബുദ്ധിയും വിവേകവും മനസ്സും മനസ്സാക്ഷിയും നിക്ഷേപിച്ചത് ഈ അന്തസ്സിന്റെയും മഹത്വത്തിന്റെയും ഭാഗമാണ്.

മനുഷ്യനില്‍ കാണപ്പെടുന്ന അന്തസ്സും മാന്യതയും മൂല്യങ്ങളുമാണ് അവനില്‍ സംസ്‌കാരമായി രൂപംകൊള്ളുന്നത്. മറ്റൊരു വാക്കില്‍ വെടിപ്പും വൃത്തിയും ഭംഗിയുമുള്ള വാക്കും ചിന്തയും പ്രവൃത്തികളും മനോഭാവവുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് സംസ്‌കാരമെന്ന് നിര്‍വചിക്കാം. മനുഷ്യനെക്കുറിച്ചുള്ള പഠനത്തിന്റെ കേന്ദ്രബിന്ദുവാണത്. മനുഷ്യനെ മൃഗത്തില്‍നിന്ന് വേര്‍തിരിക്കുന്നതും മാലാഖയേക്കാള്‍ ഉയര്‍ത്തുന്നതും ഈ സംസ്‌കാരമാണ്.

മൊത്തം മനുഷ്യസമൂഹത്തിന് ചില മൂല്യങ്ങളുണ്ട്. കാലങ്ങളായി കണ്ണിലെണ്ണയൊഴിച്ച് കണ്ണിലുണ്ണി പോലെ കാത്തുപോന്ന മൂല്യങ്ങള്‍. എല്ലാ മതങ്ങളും മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പിച്ചുപോന്നിട്ടുണ്ട്. എല്ലാ മതങ്ങളുടെയും ഉള്ളടക്കങ്ങളില്‍ പ്രഥമ പരിഗണനീയങ്ങളാണവ. മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കാന്‍ നിയുക്തരായ ലക്ഷക്കണക്കിന് പ്രവാചകന്മാരും മഹര്‍ഷിമാരും സംസ്‌കാരമാണ് പഠിപ്പിച്ചത്. മനുഷ്യനില്‍ ദൈവത്തിന്റെയും പിശാചിന്റെയും അംശങ്ങളുണ്ട്. ദൈവത്തിന്റെ അംശത്തെ പരിപോഷിപ്പിക്കുമ്പോഴാണ് മനുഷ്യന്‍ മാലാഖയേക്കാള്‍ ഉയരുന്നത്. പിശാചിന്റെ അംശത്തെ പരിപോഷിപ്പിക്കുമ്പോള്‍ മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ അധഃപതിക്കുന്നു. 'അവര്‍ക്ക് ബുദ്ധിയുണ്ട്. അവര്‍ ചിന്തിക്കുന്നില്ല. കണ്ണുകളുണ്ട്. കാണുന്നില്ല. ചെവികളുണ്ട്. കേള്‍ക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെ പോലെയാണ്. അല്ല; അവയേക്കാള്‍ വഴിപിഴച്ചവരാണ്' എന്ന് ദൈവം പറഞ്ഞത് അത്തരക്കാരെയാണ്.

ഒരാളുടെ വേഷത്തിലും ഭാവത്തിലും പെരുമാറ്റ രീതികളിലും വാക്കിലും പ്രവൃത്തിയിലും ചിന്തയിലുമെല്ലാം ഒരാളുടെ സംസ്‌കാരം പ്രതിഫലിക്കും. ഓരോ സമുദായത്തിനും അതിന്റേതായ വ്യതിരിക്തമായ മൂല്യങ്ങള്‍ വേറെയുമുണ്ട്. സമുദായങ്ങള്‍ നിലനില്‍ക്കുന്നത് മൂല്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണെന്നും അവ പോയിപ്പോയാല്‍ സമുദായങ്ങള്‍ നിലനില്‍ക്കില്ലെന്നും അര്‍ഥം വരുന്ന ഒരു അറബി കവിതയുണ്ട്. സത്യം, നീതി, ധര്‍മം, സ്‌നേഹം, കാരുണ്യം, ആദരവ് തുടങ്ങിയവയെല്ലാം എല്ലാ മതങ്ങളിലും ഒരുപോലെയുള്ള മൂല്യങ്ങളാണ്. ഈ സംസ്‌കാരമൂല്യങ്ങള്‍ കൈമോശം വന്നതാണ് സമൂഹത്തിന്റെ ദുരന്തത്തിന്റെ മുഖ്യകാരണം.

ഉദ്ബുദ്ധമെന്ന് ഒരു സമൂഹത്തെ വിശേഷിപ്പിക്കുന്നത് ഉദാത്തമായ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുമ്പോഴാണ്. പടുകൂറ്റന്‍ കെട്ടിടങ്ങളോ, മുന്തിയ വസ്ത്രങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമോ അല്ല ഉദ്ബുദ്ധതയുടെ ചിഹ്നങ്ങളായി നാം കാണേണ്ടത്. കുടിലുകള്‍ക്ക് പകരം ആകാശം മുട്ടി നില്‍ക്കുന്ന പടൂകൂറ്റന്‍ കെട്ടിടങ്ങള്‍ നമുക്കുണ്ട്. ഇടുങ്ങിയ വഴികള്‍ വലിയ ഹൈവേകളും റോഡുകളുമായിട്ടുണ്ട്. നാടുനീളെ കുഴഞ്ഞ കാലുമായി നടന്നു നീങ്ങിയ നമുക്ക് ഇന്ന് അതിവേഗം ചീറിപ്പായുന്ന വാഹനങ്ങളുണ്ട്. ഇവയൊന്നും യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്‌കാരത്തിന് മാറ്റ് കൂട്ടുകയല്ല ചെയ്തത്. വാതിലിന് സാക്ഷയിട്ട് സുരക്ഷിതമായി കിടക്കാന്‍ പോലും സാധ്യമല്ലാതിരുന്ന നാളുകളില്‍ നിര്‍ഭയത്വത്തോടെ നാം കിടന്നുറങ്ങി. ഇടുങ്ങിയ നടപ്പാതകളിലൂടെ നിര്‍ഭയം നാം സഞ്ചരിച്ചു. വൈദ്യുതി ലൈറ്റില്ലാതെ പന്തം കത്തിച്ച് നടന്നപ്പോള്‍ നാം നിര്‍ഭയരായിരുന്നു. നമ്മുടെ ജീവന്‍, അഭിമാനം, സമ്പത്ത് എല്ലാം നഷ്ടപ്പെടുമോയെന്ന ആശങ്ക വല്ലാതെ ഉണ്ടായിരുന്നില്ല.

എന്തിനേറെ പറയുന്നു. ചില നാരികള്‍ കുപ്പായം ധരിക്കാതെ നടന്നുപോയിട്ടുപോലും അവരുടെ ചാരിത്ര്യം കവരാന്‍ ആരും മെനക്കെട്ടിരുന്നില്ല. അപ്പോള്‍ പ്രശ്‌നത്തെ വിലയിരുത്തേണ്ടത് മറ്റൊരു വശത്തുകൂടിയാണ്. ഭൗതിക വീക്ഷണത്തില്‍ നാം ഉയരത്തിലെത്തിയെങ്കിലും നമ്മുടെ മഹത്തായ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചിരിക്കുന്നുവെന്ന് നാം അംഗീകരിച്ചേ മതിയാവൂ. അവ വീണ്ടെടുക്കാന്‍ എന്തുണ്ട് മാര്‍ഗം എന്നാണ് ഇനി ആലോചിക്കേണ്ടത്.

മതവിശ്വാസങ്ങളാണ് മനുഷ്യരെ സംസ്‌കാരസമ്പന്നരും മൂല്യബോധമുള്ളവരുമാക്കുന്നത്. മതങ്ങളില്ലാതെ വല്ലവരും മൂല്യബോധമുള്ളവരായിട്ടുണ്ടെങ്കില്‍ അതിനെ അപവാദമെന്നേ പറയാനാവൂ. മത-ധാര്‍മിക മൂല്യങ്ങളിലേക്ക് മൊത്തം സമൂഹം മടങ്ങേണ്ടതുണ്ട്. വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍തന്നെ മതങ്ങള്‍ മുന്നോട്ടുവെക്കുന്ന മൂല്യബോധങ്ങളെക്കുറിച്ചുള്ള പഠനം ഉള്‍പ്പെടുത്തണം.

ദൈവത്തെക്കുറിച്ച ബോധവും ദൈവത്തിലുള്ള വിശ്വാസവും മനുഷ്യനെ സംസ്‌കാരചിത്തനാക്കും. മനുഷ്യപ്രകൃതിയില്‍ തന്നെ ദൈവവിശ്വാസം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മനുഷ്യനിലുള്ള ദൈവചിന്തയെ ഉദ്ദീപിപ്പിക്കാന്‍ കുരുന്നു പ്രായത്തില്‍തന്നെ ദൈവചിന്ത ഊട്ടിയുറപ്പിക്കണം. കാണാത്ത ദൈവത്തെക്കുറിച്ച ചിന്തയാണ് മുന്നില്‍ കാണുന്ന മനുഷ്യനെ ആദരിക്കാനും സ്‌നേഹിക്കാനും സേവിക്കാനും പ്രചോദനമാവുന്നത്.

അറിവ് സംസ്‌കാരത്തിന്റെ ഉറവിടമാണ്. മനുഷ്യനെ സംസ്‌കാരസമ്പന്നനാക്കുന്ന മൂഖ്യഘടകമാണത്. മനുഷ്യന്‍ അറിവിന്റെ മേഖലയില്‍ വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. അവന്റെ കൈയില്‍ ഉന്നത കലാലയങ്ങളില്‍നിന്നുള്ള നിരവധി കോഴ്‌സുകളും ബിരുദങ്ങളും ഇന്നുണ്ട്. എന്നാല്‍ ഉന്നത ബിരുദക്കാര്‍ പോലും ഇത്തരം ക്രൂരതകള്‍ ചെയ്യുന്നുവെന്നറിയുമ്പോഴാണ് എല്ലാ അറിവും മനുഷ്യനെ സംസ്‌കാരസമ്പന്നനാക്കുന്നതല്ല എന്ന് നാം മനസ്സിലാക്കുന്നത്. മൂല്യബോധമുളവാക്കുന്നതും സംസ്‌കാരസമ്പന്നനാക്കുന്നതുമായ അറിവ് പകര്‍ന്നുനല്‍കുംവിധം പാഠ്യപദ്ധതി പരിഷ്‌കരിക്കണം.

കലകള്‍ക്കും സാഹിത്യങ്ങള്‍ക്കും ഈ രംഗത്ത് സ്തുത്യര്‍ഹമായ പങ്ക് വഹിക്കാനാവും. ഇവ മനുഷ്യനന്മക്ക് പ്രയോജനപ്പെടുംവിധം കൈകാര്യം ചെയ്യപ്പെടുമ്പോള്‍ മാത്രമേ അവ സംസ്‌കാരോപാധികളാവൂ. ഇന്ന് ഒട്ടുമിക്ക കലാസാഹിത്യങ്ങളും ആഭാസത്തരങ്ങളും അധാര്‍മികതകളുമാണ് സമൂഹത്തിന് സംഭാവന ചെയ്യുന്നത്. കലകളിലൂടെ മൂല്യങ്ങളാവുന്ന നന്മകള്‍ അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുമ്പോഴേ അവ ഫലവത്താവൂ.

നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അമ്മ വീടിന്റെ വിളക്കാണ്. വീടിനെ പ്രകാശപൂരിതമാക്കുന്ന വിളക്ക്. വീടിനെ സംസ്‌കാരത്താല്‍ ദീപ്തമാക്കുന്ന ദീപം. 'ധര്‍മം വീട്ടില്‍നിന്ന് തുടങ്ങുന്നു' എന്ന ആപ്ത വാക്യം അതിലേക്കാണ് വെളിച്ചം വീശുന്നത്. 'ഒരു നല്ല അമ്മയെ തരൂ. എന്നാല്‍ നല്ല സമൂഹത്തെ തരാം' എന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പറഞ്ഞത് ശ്രദ്ധേയമാണ്. മാതാവാണ് ആദ്യ പാഠശാല. മാതാവിനെ നീ ശിക്ഷണം നല്‍കി സംസ്‌കരിച്ചാല്‍ അതുവഴി നല്ല സമൂഹത്തെയാണ് സജ്ജമാക്കുന്നത് എന്ന് ഹാഫിള് ഇബ്‌റാഹീം തന്റെ കവിതയിലൂടെ സൂചിപ്പിക്കുന്നതും മാതാവിന്റെ പങ്കിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഒരു വിദ്യാലയം സ്ഥാപിച്ചാല്‍ അതിലൂടെ ഒരു കാരാഗൃഹം നിനക്ക് അടച്ചുപൂട്ടാനാവുമെന്ന് മറ്റൊരു അറബിക്കവിതയിലും കാണാം. 

വീടിന്റെ ഭംഗിയല്ല പ്രധാനം. വലിപ്പവുമല്ല. വീടകങ്ങളിലെ വിലപിടിപ്പുള്ള വീട്ടുപകരണങ്ങളുമല്ല. അവ പ്രസരിപ്പിക്കുന്ന സംസ്‌കാരമാണ്. മാതാക്കള്‍ മുലപ്പാലിനൊപ്പം പകര്‍ന്നുനല്‍കുന്ന ഉയര്‍ന്ന മാനവിക മൂല്യങ്ങളാണ്. മാതാക്കള്‍ പലരും ഈ രംഗത്ത് തികഞ്ഞ അശ്രദ്ധയാണ് കാണിക്കുന്നത്. മാതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന മൂല്യങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന ബോധം അമ്മമാര്‍ക്കു തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

സംസ്‌കാരത്തിന്റെ മാധ്യമങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും കലകളും സാഹിത്യങ്ങളും അമ്മമാരും സാംസ്‌കാരിക നായകന്മാരും മതമേലധികാരികളും തങ്ങളുടെ ദൗത്യം വിസ്മരിച്ചുപോയി. തന്മൂലം തലമുറ ദുഷിച്ച് നശിച്ചു പോവുന്നു. എന്നിട്ട് നാം ഇളംതലമുറയെ പഴിക്കുന്നതിലെന്തര്‍ഥം. 

എല്ലാവരും ഒറ്റക്കെട്ടായി ഉത്തരവാദിത്തബോധത്തോടെ സംസ്‌കാരസമ്പന്നമായ നല്ലൊരു തലമുറയുടെ പുനഃസൃഷ്ടിക്ക് വേണ്ടി പണിയെടുക്കുകയാണ് ഇന്നാവശ്യം. സമൂഹത്തില്‍ നന്മ കാംക്ഷിക്കുന്നവരും മൂല്യബോധം കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്നവരും വൃത്തിയുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി പ്രയത്‌നിക്കേണ്ട സമയം ഇതാണ്. 

സമൂഹത്തില്‍ സംസ്‌കാരത്തിന്റെ നല്ല അടയാളങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങുംമുമ്പ് ശോഷണം സംഭവിച്ച മൂല്യങ്ങളെ പരിപോഷിപ്പിക്കാത്ത പക്ഷം സംസ്‌കാരം കൂമ്പടഞ്ഞു പോവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top