ഇത് മോന്റെ പെങ്ങള്‍; കുഞ്ഞീബി

യു.എ ഖാദര്‍ No image

ഞാന്‍ ആറാമത്തെ വയസ്സിലാണ് ബര്‍മയില്‍നിന്നും കോഴിക്കോട് ഉപ്പയുടെ നാടായ കൊയിലാണ്ടിയില്‍ ഉസ്സന്റകത്ത് തറവാട്ടില്‍ എത്തുന്നത്. ഉപ്പയുടെ ഉമ്മ, ഉമ്മാമ്മയുടെ കൂടെയായിരുന്നു എന്റെ താമസം. അവിടെ ഒരു ദിവസം എളേമ വന്നു. കൂടെ കൈക്കുഞ്ഞും. അപ്പോള്‍ ഉമ്മാമ്മ എന്നെ വിളിച്ചു. അടുത്തിരുത്തി. എന്നിട്ട് കുഞ്ഞിനെ എന്റെ മടിയില്‍ വെച്ചു തന്നിട്ടു പറഞ്ഞു.

'ഇത് മോന്റെ പെങ്ങളാണ്. മോന്റെ ഉപ്പായുടെ മോള്. കുഞ്ഞീബി.'

ഉപ്പയുടെ തറവാട്ടില്‍ ഉമ്മാമ്മയുടെ അനുജത്തിയും കുടുംബാംഗങ്ങളുമുണ്ട്. ഞാന്‍ എല്ലാവരുടെയും വാത്സല്യക്കുട്ടിയാണ്. അവിടെയാണ് എളേമയും കുഞ്ഞുപെങ്ങളും വരുന്നത്. ഏഴു വയസ്സുകാരനായ ഒരു കുട്ടിയോട് ഇത് മോന്റെ പെങ്ങളാണെന്ന് പറയുമ്പോഴുണ്ടാകുന്ന അത്ഭുതം എന്നിലും ഉണ്ടായി. ബര്‍മയില്‍നിന്നു വന്ന എനിക്ക് പെങ്ങള്‍ എന്താണെന്നറിയില്ല. എന്നാല്‍ ഉപ്പയുടെ മകളാണെന്നു പറഞ്ഞപ്പോള്‍, രക്തബന്ധത്തിന്റെ ഇഴയടുപ്പം ഒരു വൈകാരിക ബന്ധമായി എന്നില്‍ ഉടലെടുത്തു. എളേമയുടേതും രണ്ടാം വിവാഹമായിരുന്നു. അതിലൊരു മകനുണ്ട്, ഇമ്പിച്ചിമാമു. ഉപ്പയെ സംബന്ധിച്ചിടത്തോളം ഒരാള്‍ സ്വന്തം മകനും മറ്റേത് വളര്‍ത്തുമകനും. ഇതു തന്നെയായിരുന്നു എളേമക്കും. ഒരാള്‍ പെറ്റമകനും മറ്റൊരാള്‍ പോറ്റുമകനും. എന്നാല്‍ പെങ്ങളോട് ഇടപഴകാനുള്ള അവസരം അധികനാള്‍ ഉണ്ടായില്ല.

കാരണം, ഞങ്ങള്‍ കൊയിലാണ്ടിയില്‍ ഭാര്യാവീട് സമ്പ്രദായക്കാരായിരുന്നു. പൊന്നാനി മുതല്‍ കണ്ണൂര്‍ വരെ കടലോര പ്രദേശത്തെ മുസ്‌ലിം തറവാടുകളിലൊക്കെ മരുമക്കത്തായ സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. ഭാര്യാവീട്ടില്‍ അന്തിപാര്‍ക്കുന്ന ഒരു ജീവിത രീതി. എളേമ ഭര്‍തൃവീട് സന്ദര്‍ശിക്കാനും എന്നെ കാണാനുമാണ് വന്നത്. വൈകാതെ അവര്‍ പോയി. രാത്രിയാകുമ്പോള്‍ ഉപ്പ എളേമയുടെ വീട്ടിലേക്ക് പോകും. തറവാട്ടില്‍ ഞാനും ഉമ്മാമ്മയുമാണുണ്ടാവുക.

പിന്നീട് രണ്ടു മൂന്ന് പ്രാവശ്യം എളേമയുടെ വീടായ അമേത്ത് തറവാട്ടിലേക്ക് എന്നെ വിരുന്നു പാര്‍ക്കാന്‍ കൊണ്ടുപോയി. ഒരുപാട് കുട്ടികളുള്ള തറവാടാണത്. മൂന്ന് തറവാടുകള്‍ അടുത്തടുത്താണ്. മൂന്നും അമേത്ത് വീടുകളാണ്. വലിയ അമേത്ത്, ചെറിയ അമേത്ത്, നടുവിലെ അമേത്ത് എന്നിങ്ങനെയുള്ള തറവാട് സമുച്ചയമാണ്. ആ തറവാടുകളിലെ കുട്ടികളുടെ ഇടയിലേക്കാണ് ഞാന്‍ അതിഥിയായി എത്തുന്നത്. ഉപ്പയുടെ തറവാട്ടില്‍ കുട്ടികളില്ല, മുതിര്‍ന്നവരേയുള്ളൂ. ഞാന്‍ മാത്രമാണ് കുട്ടി. ഈയൊരവസ്ഥയിലാണ് അമേത്ത് തറവാട്ടിലെത്തുന്നത്. അവിടെ പെങ്ങളെ വീണ്ടും കാണുന്നു. അടുത്തു പെരുമാറുകയും കളിപ്പിക്കുകയും ചെയ്യുകവഴി സാഹോദര്യബന്ധം ദൃഢമാവുകയായിരുന്നു. പെങ്ങളെ കാണാന്‍ ഞാന്‍ അവധി ദിവസങ്ങളിലെല്ലാം പോകുക പതിവായി. അപ്പോള്‍ മൂന്നു തറവാട്ടിലെയും കുട്ടികള്‍ വരും. ആ ഒത്തുകൂടല്‍ ഉത്സവാഘോഷമായി. എളേമയുടെ ആദ്യമകന്‍ ക്രമേണ എന്റെ ഉറ്റതോഴനായി. അങ്ങനെ അവധി ദിവസങ്ങളില്‍ അമേത്ത് വീട്ടിലും അല്ലാത്തപ്പോള്‍ ഉപ്പയുടെ തറവാട്ടിലുമായി എന്റെ ജീവിതം.

പെങ്ങള്‍ വളരുന്നതിനനുസരിച്ച് അവളോടുള്ള സ്‌നേഹം വര്‍ധിക്കുകയും അവളെ എപ്പോഴും കാണണം എന്ന ആഗ്രഹം ഉണ്ടാവുകയും ചെയ്തു. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ അമേത്ത് വീട്ടിലേക്ക് പോയി. കുടുംബ ബന്ധത്തിന്റെ വ്യാപ്തി എന്റെ മനസ്സില്‍ ബോധ്യപ്പെടുകയായിരിക്കാം.

അമേത്ത് വീട് എന്നെ ആകര്‍ഷിക്കാന്‍ ഒരുപാട് കാരണമുണ്ട്. ഒന്ന് പെങ്ങള്‍ തന്നെ. മറ്റൊന്ന് എളേമയുടെ മൂത്ത മകനും. കൂടാതെ കളിക്കാന്‍ ധാരാളം കുട്ടികളുമുണ്ടാവും. വളരെ വ്യത്യസ്തമായ ഒരന്തരീക്ഷമാണവിടെ. കടപ്പുറം ഭാഗത്താണ് ഉപ്പയുടെ തറവാട്. അവിടെ മാപ്പിള സ്‌കൂള്‍, ജമാഅത്ത് പള്ളി, ചെറിയ പള്ളി, കടപ്പുറം പള്ളി. അങ്ങനെ ഒരുപാട് പള്ളികള്‍ ചുറ്റുമുള്ള തറവാട്ടിലാണ് ഞാന്‍. അമേത്ത് വീട്ടിലാണെങ്കില്‍, ബപ്പന്‍കാട് റോഡിലെ മീത്തലെ പള്ളി മാത്രമേയുള്ളൂ. അമേത്ത് തറവാടിനടുത്തുള്ള ചാലിയത്ത് തെരുവ്, അമ്പലങ്ങള്‍, കിഴക്ക് സര്‍പ്പക്കാവ്. ഇതിനിടയിലാണ് ഈ കുട്ടികളൊക്കെയുള്ളത്. സര്‍പ്പക്കാവുള്ള കുടുംബത്തിലെ കുട്ടികളും കൊരയങ്ങാട്ട് തെരുവിലെ കുട്ടികളും വരും. അങ്ങനെ ഒരുപാട് കുട്ടികള്‍. മുസ്‌ലിം കുട്ടികള്‍ മാത്രമല്ല, എല്ലാ വിഭാഗത്തിലും പെട്ട പല തരക്കാരായ കുട്ടികളുടെ ഒരു സമൂഹം തന്നെയായിരുന്നു.

കാരണവന്മാരായ അബ്ദുക്ക, ബാവുട്ടിക്ക എന്നിവരുടെ ഇഷ്ടപെങ്ങളാണ് എന്റെ എളേമ. അവര്‍ക്കാകെ ഒരു പെങ്ങളേയുള്ളൂ. നടുവിലെ അമേത്ത് താമസിക്കുന്നത് എളേമയും അവരുടെ ഉമ്മയുമാണ്. മരുമക്കത്തായ സമ്പ്രദായമായതിനാല്‍ ആങ്ങളമാര്‍ രാത്രി ഭാര്യാവീട്ടില്‍ പോകുമെങ്കിലും പകല്‍ പെങ്ങളെയും അമേത്ത് വീടിനെയും ചുറ്റിപ്പറ്റിയാണുണ്ടാവുക. പെങ്ങള്‍, അവരുടെ മക്കള്‍, ഇവരുടെയെല്ലാം ജീവിതം എന്ന ചിന്തയിലും അതിലുരുത്തിരിയുന്ന സുരക്ഷിതത്വത്തിലുമാണ് അവരെല്ലാം കഴിയുന്നത്. പെങ്ങന്മാര്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തറവാടാണ് അമേത്ത്. സ്വത്തെല്ലാം പെങ്ങന്മാര്‍ക്കുള്ളതാണ്. അതുകൊണ്ടുതന്നെ പെങ്ങള്‍ സ്വാധീനം ഉള്ള തറവാട് കണ്ട് വളര്‍ന്നതാണ് എന്റെ ബാല്യകാലം.

അമേത്ത് ഞാന്‍ സ്ഥിരാംഗമാകുന്ന സാഹചര്യം വന്നു. എനിക്ക് എട്ട് വയസ്സുള്ളപ്പോള്‍ ഉമ്മാമ മരിച്ചു. അവരുടെ മരണശേഷം എന്നെ നോക്കി വളര്‍ത്താന്‍ ആളില്ലാതായി. ഉമ്മാമയുടെ അനുജത്തിമാരാണുള്ളത്. അവരെ ഏല്‍പിച്ചാല്‍ എന്റെ വിദ്യാഭ്യാസം തടസ്സപ്പെടുമെന്ന് കരുതിയ ഉപ്പ എളേമയുടെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. എളേമക്കാണെങ്കില്‍ വളരെ സന്തോഷം. ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ കുട്ടിയല്ലേ. കാണാന്‍ കുറേ പ്രത്യേകതകളും.

എളേമയുടെ സംരക്ഷണത്തിലായി പിന്നെ ജീവിതം. അമേത്ത് തറവാട്ടില്‍ ധാരാളം കൃഷിയുണ്ടായിരുന്നു. പ്രത്യേകിച്ചും നെല്‍കൃഷി. ഞാന്‍ ആദ്യമായി അവിടേക്ക് ചെല്ലുമ്പോള്‍ കൊയ്ത്തുകഴിഞ്ഞ് കറ്റമെതിക്കുന്ന ആളുകളെയാണ് കണ്ടത്. അന്നത്തെ കൊയ്ത്തുപാടമാണ് ഇന്നത്തെ കൊയിലാണ്ടി ബസ്സ്റ്റാന്റ്.

പെങ്ങളെ കൊണ്ടുനടക്കല്‍ ഞങ്ങള്‍ രണ്ട് ആങ്ങളമാരുടെ ചുമതലയായി. കുഞ്ഞീബിയെ എടുത്ത് ഞങ്ങള്‍ എല്ലായിടത്തും പോകും. നെല്ല് കൊയ്യുന്നതും കറ്റമെതിക്കുന്നതും ചേറി പാറ്റുന്നതും മുറ്റത്ത് പരത്തിയിട്ട് നെല്ല് ഉണക്കുന്നതും കാണിച്ചുകൊടുക്കും. മറ്റ് കുട്ടികളും ഉണ്ടാകും കൂടെ. പെങ്ങളെ കളിപ്പിക്കുക, തോളില്‍ എടുക്കുക, സംരക്ഷിക്കുക ഇതൊക്കെയായിരുന്നു അന്നെന്റെ പ്രധാന പണി. പിന്നീടും എളേമ പ്രസവിച്ചു. നാലു പെണ്‍കുട്ടികള്‍. മറിയക്കുട്ടി, ഫാത്തിമ, നബീസ, സൈനബ. അവസാനത്തേത് ഒരാണ്‍കുട്ടിയായിരുന്നു, കുഞ്ഞഹമ്മദ്.

അക്കാലത്ത് പ്രസവം വീട്ടില്‍ നടക്കുകയാണ് പതിവ്. എളേമയുടെ പ്രസവ ശുശ്രൂഷയും മറ്റും കുഞ്ഞീബിയും ഞാനും കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. പ്രസവാനന്തരം 40 ദിവസം കഴിഞ്ഞ് കുളിപ്പിച്ചുകൊണ്ടുവരുന്നൊരു ചടങ്ങുണ്ട്. തറവാട്ടിലെ കിണര്‍ കുറച്ചകലെയാണ്. ഏത്തം ഉപയോഗിച്ചായിരുന്നു അന്ന് വെള്ളം കോരിയിരുന്നത്. എളേമയെ കുളിപ്പിച്ച് വെള്ളയുമുടുപ്പിച്ച് തറവാട്ടിലേക്ക് കൊണ്ടുവരുന്നത് നെല്ല് വിതറിയും നിലവിളക്ക് കത്തിച്ചുവെച്ചുമാണ്. കൊയ്ത്തുകഴിഞ്ഞാല്‍ കളിക്കറ്റകളും വിഷുവായാല്‍ വെള്ളരിയും വീടിന്റെ പാക്കിന്റെ മുകളില്‍ കെട്ടിത്തൂക്കും. ഈ കളിക്കറ്റകളില്‍നിന്നും നെല്ലെടുത്ത് വിതറിയാണ് എളേമയെ വരവേല്‍ക്കുക. ഇതെല്ലാം കുട്ടികളായ ഞങ്ങള്‍ക്ക് കൗതുകമായിരുന്നു.

പ്രസവ ശുശ്രൂഷയും മറ്റും പേറ്റിച്ചികളാണ് ചെയ്തിരുന്നത്. അവസാനത്തെ പ്രസവത്തിന് പേറ്റിച്ചിയെ വിളിക്കാന്‍ പോയത് ഞാനായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന പ്രായം. തറവാട്ടില്‍നിന്നും കൂറേ ദൂരെ കടപ്പുറം ഭാഗത്തായിരുന്നു പേറ്റിച്ചി ലക്ഷ്മിയുടെ വീട്. രാത്രിയിലായിരുന്നു യാത്ര. പാതാര്‍ കടന്ന് വിരുന്നുകണ്ടി കടപ്പുറം ഭാഗത്തായിരുന്നു ലക്ഷ്മിയുടെ വീട്. മമ്മാക്ക പള്ളി മൈതാനം പൂനിലാവില്‍ തിളങ്ങിക്കിടക്കുന്നു. കേട്ട കഥയിലെ ജിന്നുകളും ഹൂറികളും ആ യാത്രയില്‍ എന്റെ പിന്നാലെയുണ്ടായിരുന്നുവോ....! 

എളേമയുടെ പ്രസവവും പേറ്റ് ചികിത്സയും പ്രസവാനന്തര ചടങ്ങുകളും നടക്കുമ്പോള്‍ അമേത്ത് തറവാട്ടുകാരനല്ലാത്ത എന്നില്‍ അന്യത്വത്തിന്റെ അപകര്‍ഷബോധം തീരെ ഇല്ലാതിരിക്കാന്‍ കാരണം പെങ്ങളായിരുന്നു. പഠിക്കുന്ന സമയത്ത് കുഞ്ഞീബി എപ്പോഴും എന്റെയടുക്കല്‍ വരും. ഞാന്‍ ചിത്രം വരക്കുന്നത് നോക്കിയിരിക്കും. അവളെന്റെ മടിയിലും നെഞ്ചത്തും കയറിയിരിക്കും. കുത്തുകയും മാന്തുകയും ഇടിക്കുകയും ചെയ്യും. കല്യാണ പ്രായം വരെ അവളുടെ സ്‌നേഹപ്രകടനങ്ങള്‍ തുടര്‍ന്നു. ഞാന്‍ പല കാര്യങ്ങളും വളരെ പ്രത്യേകതയോടെ സമീപിക്കുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് കുട്ടികള്‍ക്കിടയില്‍ ഞാന്‍ ഒറ്റപ്പെടും. കുട്ടികളും അങ്ങനെയേ കാണൂ. എന്നാല്‍ ഈ മാറ്റിനിര്‍ത്തലുകളൊന്നും എന്റെ മൂത്ത പെങ്ങള്‍ കാണിച്ചിരുന്നില്ല.

വടക്കെ മലബാറില്‍ കൃഷിയും മറ്റുമായി കഴിഞ്ഞിരുന്ന അമേത്ത് തറവാട്ടിലെ അംഗമെന്ന നിലയിലാണ് ഞാന്‍ വളര്‍ന്നത്. ഈ തറവാടിനെക്കുറിച്ച് ധാരാളം കഥകളുണ്ട്. മറ്റ് രണ്ട് തറവാടിനും മാളികകളുണ്ട്. എന്നാല്‍ നടുവിലെ അമേത്ത് തറവാടിന് മാളികയില്ല. പണമില്ലാത്തതുകൊണ്ടല്ല, മാളിക പണിയാന്‍ പാടില്ല എന്ന വിശ്വാസമായിരുന്നു കാരണം. കുട്ടികളായ ഞങ്ങള്‍ കേള്‍ക്കുന്നത് വീടിന്റെ മുകളില്‍ സര്‍പ്പങ്ങളുണ്ടെന്നാണ്. കാരണം കിഴക്കുഭാഗത്തെ സര്‍പ്പക്കാവായ തട്ടാനിട്ട്യേമ്പിയിലെ പാമ്പുകള്‍ കറുത്ത വാവിനും വെളുത്ത വാവിനും ഇണചേരാന്‍ വരുന്ന സ്ഥലമാണത്രെ അവിടെ. അതുകൊണ്ടുതന്നെ അമേത്ത് തറവാട്ടിലെ കുട്ടികളാരെയും പാമ്പ് തീണ്ടൂലാ എന്ന വിശ്വാസവും ഉണ്ടായിരുന്നു. പലപ്പോഴും മുറ്റത്തും വൈക്കോല്‍ കൂനകളിലും ഞാന്‍ പാമ്പിനെ കണ്ടിട്ടുണ്ട്.

എളേമയുടെ ആങ്ങള ബാവൂട്ടിക്കാക്ക് വെടിമരുന്ന് നല്‍കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിലും മറ്റും ഉത്സവങ്ങളില്‍ വ്യാപാരത്തിന്റെ ഭാഗമായി വെടിമരുന്ന് തയാറാക്കുന്നത് ബാവൂട്ടിക്കായും അബ്ദുക്കായുമാണ്. വെടിമരുന്ന് നിര്‍മാണത്തിന് കുറേ പണിക്കാരുണ്ടായിരുന്നു കൊയിലാണ്ടി ബസ് സ്റ്റാന്റ് നില്‍ക്കുന്ന ആ വയലിലാണ് വെടിമരുന്ന് പ്രയോഗം നടത്തിയിരുന്നത്.

ഇങ്ങനെയൊരന്തരീക്ഷത്തില്‍ വളര്‍ന്ന എന്നെ ആ വീട്ടുകാരനാക്കിയത് എളേമയുടെ പെണ്‍കുട്ടികളാണ്. എനിക്ക് എപ്പോഴും നിര്‍ദേശങ്ങള്‍ തരുന്നത് കുഞ്ഞീബിയും.

ഞങ്ങള്‍ വളര്‍ന്നു. വിവാഹിതരായി. മരുമക്കത്തായ സമ്പ്രദായം മക്കത്തായ സമ്പ്രദായത്തിനു വഴിമാറി. പെങ്ങന്മാര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ വീടുകളിലേക്ക് താമസം മാറി. ഞാനും കുടുംബവും കോഴിക്കോട് പൊക്കുന്നിലേക്കും. നിത്യസമ്പര്‍ക്കമില്ലെങ്കിലും ഞങ്ങളുടെ സാഹോദര്യബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ല. അതിന്റെ ഊഷ്മളത ഇന്നും നിലനില്‍ക്കുന്നുണ്ട്. പെങ്ങന്മാരുടെ വീട്ടിലെ എല്ലാ പ്രധാന ചടങ്ങിനും എന്നെ വിളിക്കും. തറവാട്ടിലെ തലമുതിര്‍ന്ന ഒരംഗമെന്ന പരിഗണന കിട്ടുന്നുണ്ട്. എനിക്ക് ആ പരിഗണന ആവശ്യമാണുതാനും.

എന്റെ ജീവിതത്തില്‍ പെങ്ങന്മാരുടെ സ്വാധീനം വളരെ വലുതാണ്. അവരെ വലിയ കാര്യമാണ്. അനുജത്തിമാരുടെ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ വളരെ താല്‍പര്യവും കാണിക്കാറുണ്ട്. ഇന്ന് കുടുംബം വ്യാപിച്ചു. മരുമക്കത്തായ സമ്പ്രദായത്തില്‍ വളര്‍ന്നതുകൊണ്ടാവാം ആങ്ങള പെങ്ങന്മാര്‍ തമ്മിലുള്ള ബന്ധം ഇന്നും പവിത്രവും സുരക്ഷിതവുമാണ്.

കഴിഞ്ഞ വര്‍ഷത്തെ കുടുംബ സംഗമത്തില്‍ ഞങ്ങളെല്ലാവരും ഒത്തുകൂടി. ഓര്‍മകള്‍ പുതുക്കി. സ്‌നേഹവും സമ്മാനങ്ങളും പങ്കുവെച്ചു. ഏറെ താമസിയാതെ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എന്റെ പൊന്നു പെങ്ങള്‍ കുഞ്ഞീബി ഞങ്ങളെ വിട്ടുപിരിഞ്ഞു. കളിക്കൂട്ടുകാരിയായ പെങ്ങളുടെ വിയോഗം മനസ്സിനെ ഇന്നും നൊമ്പരപ്പെടുത്തുന്നു. അതോടൊപ്പം അവള്‍ നല്‍കിയ സ്‌നേഹം നവ്യമായ ഓര്‍മകളില്‍ റംസാനിലെ പൂനിലാവ് കുളിര്‍മയും നല്‍കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top