'ടൂ പോയ്ന്റ്സ്' - ബുദ്ധിവൈഭവം കൊണ്ട് വേറിട്ട വഴിയിലൂടെ ചിത്രകലാരംഗത്തെ മികച്ച വാഗ്ദാനമാവുകയാണ് പെരിന്തല്‍മണ്ണ സ്വദേശിയും ഇരുപത്താറുകാരിയുമായ അഫ്നാന് അഷ്റഫ്.
രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള അടുപ്പവും അകലവുമാണ് 'ടൂ പോയ്ന്റ്സ്'. ഉള്‍ക്കാഴ്ചകൊണ്ട് ദര്‍ശിച്ചാല്‍ മാത്രം തെളിയുന്ന വിസ്മയങ്ങളാണ് ഓരോ ചിത്രവും. ചിത്രം ഒരു ബിന്ദുവും കാഴ്ചക്കാരന് മറ്റൊരു ബിന്ദുവും. ഈ രണ്ട് ബിന്ദുക്കള്‍ ചേരുന്ന വഴികള്‍ തേടുന്നു പ്രദര്‍ശനം.
അഫ്നാന്റെ ചിത്രഭാഷ തികച്ചും വ്യത്യസ്തമാണ്. ഒറ്റക്കാഴ്ചയില്‍ തീരുന്നതല്ല ഇത്. നിറങ്ങളുടെ ലളിതമായ ഉപയോഗവും വലിയ കാന്‍വാസിലെ വരയും ചിത്രത്തെ ശക്തിപ്പെടുത്തുന്നതും ആശയ വിനിമയം നടത്തുന്നതുമാണ്. സാധാരണ ജീവിതക്കാഴ്ചകള്‍ക്ക് വ്യത്യസ്ത രൂപം നല്‍കുന്നുണ്ട് അഫ്നാന്. ആവിഷ്കാര കുറിപ്പ് ചിത്രത്തോടൊപ്പം നല്‍കിയിട്ടുണ്ടെങ്കിലും കാഴ്ചക്കാരന് വ്യത്യസ്ത രീതിയില്‍ വിലയിരുത്താനുള്ള സ്വാതന്ത്ര്യം പൂര്‍ണ അര്‍ഥത്തില്‍ നല്‍കുന്നുണ്ട്.
'റാന്ഡിവ്യു' (സമാഗമ സ്ഥാനം) എന്ന ചിത്രത്തോടു കൂടിയാണ് പ്രദര്‍ശനത്തിന്റെ ആരംഭം. ആകാശവും ചക്രവാളങ്ങളും ചേരുന്ന സമാന്, ഓരോ മനുഷ്യരുടെയും വിരലടയാളം അന്യമാണ് എന്ന് വ്യക്തമാക്കുന്ന ഫിംഗര്‍ പ്രിന്റ്സ്, കറുപ്പിനും വെളുപ്പിനും ഇടയില്‍ ചേര്ച്ചക്കേടു പ്രകടിപ്പിക്കുന്ന 'മിസ് ഫിറ്റ്സ്' തുടങ്ങി കാഴ്ചക്കാരോട് സംസാരിക്കുന്ന ചിത്രങ്ങളാണ് എല്ലാം.
സെവന് ഷെയ്ഡ്, ഓട്ടം ലൗ, സീക്കോട് തുടങ്ങിയ ചിത്രങ്ങളിലൂടെ മനുഷ്യത്വം മാത്രമേ അനശ്വരമായിട്ടുള്ളൂ എന്ന് ഉറക്കെ പറയുന്നു അഫ്നാന്.
പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം, കലയെയും വാസ്തുവിദ്യയെയും ബന്ധിപ്പിച്ചുള്ള ചിത്രങ്ങളായിരുന്നു. ലോകത്തിലെ വിവിധ നഗരങ്ങളായ ബാഴ്സലോണ, അരിസോണ, ഫ്ളോറിഡ, ന്യൂദല്‍ഹി, യുനെസ്കോ തുടങ്ങിയവയെ കൊച്ചു ഫ്രെയ്മിലേക്ക് കൊണ്ടുവന്ന് അഫ്നാന് മനോഹരമാക്കി. ഇത് ഏറെ വൈവിധ്യവുമായി.
നൈറ്റ് ആന്റ് ഡേ, റീബര്‍ത്ത്, പെറിഷിംഗ് കംഫര്‍ട്ട് തുടങ്ങി 43 ചിത്രങ്ങളാണ് ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഈ കലാകാരി കാഴ്ചക്കാര്‍ക്ക് ഒരുക്കിവെച്ചത്.
പുറത്തു നിന്നുള്ള വര്‍ക്കുകള്‍ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് കവയിത്രിയായ ഉമ്മയുടെ കവിതാസമാഹാരമായ 'വേട്ടച്ചുഴി'യില്‍ മാത്രമേ വരച്ചിട്ടുള്ളൂ എന്ന് മറുപടി. ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ അഫ്നാന് മഞ്ചേരിയില്‍ ആര്‍ക്കിടെക്ടായി ജോലിചെയ്യുകയാണ്. ഏപ്രില്‍ 25 മുതല്‍ 29 വരെ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടന്ന പ്രദര്‍ശനത്തില്‍ കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. 'സുഡാനി ഫ്രം നൈജീരിയ' സംവിധായകന് സകരിയ്യയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ സാമൂഹിക-സാംസ്കാരിക രംഗത്തെ ഒരു നിര തന്നെ കാണികളായി എത്തി. ഒട്ടേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും ആദ്യമായി നടത്തിയ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമുണ്ടായത് അഷ്റഫ് കക്കാടിന്റെയും സൈനബ് ചാവക്കാടിന്റെയും മകളായ അഫ്നാനെ സന്തോഷിപ്പിക്കുന്നു.