അവര്‍ പറന്നുയര്‍ന്നു ....പീസ് വാലിയുടെ ചിറകിലേറി 

സാബിത്ത് ഉമര്‍ No image

'ഇനി എനിക്ക് സമാധാനമായിട്ട് കണ്ണടക്കാം... എന്റെ കാല ശേഷം എന്റെ മോനെ ആര് നോക്കും എന്നായിരുന്നു എന്റെ പേടി... 10 വര്‍ഷമായി എന്റെ മോന്‍ കിടപ്പിലായിട്ട്... എഴുന്നേല്‍ക്കാനോ, നടക്കാനോ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല... ദൈവമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്...'
ഷൈനിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..
ഇരുപതാം വയസ്സില്‍ തെങ്ങില്‍ നിന്നും വീണു നട്ടെല്ലിന് പരിക്കേറ്റു അരയ്ക്കു താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി സിജോയുടെ അമ്മയാണ് ഷൈനി.
ഐ.ടി.ഐ വിദ്യാര്‍ഥി ആയിരിക്കെയാണ് സിജോക്ക് അപകടം സംഭവിക്കുന്നത്.
സുഹൃത്തിന്റെ അമ്മക്ക് കറിക്കരക്കാന്‍ തേങ്ങയിടാനാണ് തെങ്ങില്‍ കയറിയത്. 
രക്തസമ്മര്‍ദ്ദം പെട്ടന്ന് കുറഞ്ഞു തെങ്ങില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. 
ഒന്നര മാസത്തോളം എറണാകുളം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 
പതിനെട്ട് ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിച്ചിരുന്നു. 
എട്ടു വര്‍ഷത്തോളം പൂര്‍ണമായും കിടപ്പിലായിരുന്നു. കര്‍ഷകരായ മാതാപിതാക്കളുടെ ഏക മകനാണ് മുപ്പതുകാരനായ സിജോ.
ഭിന്നശേഷിക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് എറണാകുളം കോതമംഗലത്തു പ്രവര്‍ത്തിക്കുന്ന പീസ് വാലിയെ കുറിച്ചും നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സ-പുനരധിവാസ പദ്ധതിയെ കുറിച്ചും അറിയുന്നത്.
ഏപ്രില്‍ മാസത്തില്‍ നടന്ന സ്‌ക്രീനിംഗ് ക്യാമ്പില്‍ പങ്കെടുത്തു പ്രവേശനം ലഭിച്ച സിജോ, പീസ് വാലിയിലെ മൂന്ന് മാസത്തെ ചികിത്സയിലൂടെ ഇന്ന് കാലിപ്പര്‍ ന്റെ സഹായത്തോടെ നടക്കാന്‍ ആരംഭിച്ചിരിക്കുന്നു. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് സിജോ അതിവേഗം മാറിയിരിക്കുന്നു.
നാട്ടില്‍ തിരിച്ചെത്തി ചെറിയൊരു വ്യാപാര സ്ഥാപനം ആരംഭിച്ചു ജീവിതത്തിന്റെ രണ്ടാം ഭാഗം ഭംഗിയാക്കാനുള്ള ശ്രമത്തിലാണ് സിജോ.
ഇത് സിജോയുടെ മാത്രം അനുഭവമല്ല... സിജോ അടക്കം ഏഴു ചെറുപ്പക്കാരാണ് ഒരുവേള  മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപോയ തങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് ഇന്ന് പ്രവേശിച്ചിരിക്കുന്നത്.
വ്യത്യസ്ത രൂപത്തില്‍ വന്ന അപകടങ്ങളിലൂടെയായിരുന്നു ഏഴുപേരും നട്ടെല്ലിന് പരിക്കേറ്റു കിടപ്പിലായത്. തങ്ങളുടെയും കുടുംബത്തിന്റെയും സമ്പാദ്യങ്ങള്‍ മുഴുവന്‍ ചിലവാക്കി ചികിത്സകള്‍ നടത്തിയെങ്കിലും മാസങ്ങളോളം നീണ്ട ആശുപത്രി വാസം ബാക്കിയാക്കിയത് തീരാത്ത ബാധ്യതകളും മരവിച്ചു പോയ മനസ്സും ശരീരവുമായിരുന്നു. 
എറണാകുളം ജില്ലയില്‍ കോതമംഗലം നെല്ലികുഴിയില്‍ പ്രവര്‍ത്തിക്കുന്ന പീസ് വാലി പുനരധിവാസ കേന്ദ്രത്തിനു കീഴിലെ നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സ -പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് മാസത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് ഈ ചെറുപ്പക്കാര്‍ക്ക് പുതുജീവിതത്തിലേക്കുള്ള വഴി തെളിഞ്ഞത്.
 പീസ് വാലിക്ക് കീഴിലെ 'സെന്റ്റര്‍ ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍' കേന്ദ്രത്തിലാണ് നട്ടെല്ലിന് പരിക്കേറ്റവരെ മൂന്നുമാസക്കാലത്തെ വിദഗ്ധ ചികിത്സയിലൂടെ സ്വയംപര്യാപ്തരാക്കുന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒരു ബാച്ചില്‍ പത്തു രോഗികള്‍ക്കാണ് പ്രവേശനം ലഭിക്കുക.
വിദഗ്ദരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി എന്നിവയിലൂടെ പാരാപ്ലീജിയ ബാധിതരുടെ ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നിര്‍ധനരായ ഭിന്നശേഷിക്കാരുടെ വീടുകളും ഭിന്നശേഷി സൗഹൃദമാക്കി കൊടുക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. നിര്‍ധനരായ രോഗികള്‍ക്ക് തികച്ചു സൗജന്യമായാണ് ചികിത്സ നല്‍കുന്നത്.
അപകടങ്ങളില്‍ നട്ടെല്ലിന് പരിക്കേറ്റ് പത്തു മാസം മുതല്‍ പത്തുവര്‍ഷം വരെയായി അരക്കു താഴേക്ക് ചലന ശേഷി നഷ്ടപെട്ടവരാണ് പീസ് വാലിയിലെ മൂന്ന് മാസത്തെ ഫിസിയോതെറാപ്പിയിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നത്.
ഭീമമായ ചികത്സ ചിലവ് വഹിക്കാനാവാതെ കിടക്കയിലും ചക്രകസേരയിലുമായി ജീവിതം തളച്ചിടപ്പെട്ട നിര്‍ധനരായ ചെറുപ്പക്കാരാണ് പീസ് വാലിയിലെ സൗജന്യ ചികത്സയിലൂടെ സ്വയം പര്യാപ്തരായിരിക്കുന്നത്.
വിദഗ്ദരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അര്‍പ്പണ ബോധമുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിലായിരുന്നു മൂന്ന് മാസം നീണ്ടു നിന്ന ചികത്സ. ചികത്സ കാലയളവിലുടനീളം രോഗിക്കും കൂട്ടിരിപ്പുകാരനും പീസ് വാലിയില്‍ സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 13-നു പീസ് വാലിയില്‍ സംഘടിപ്പിച്ച ചികിത്സ നിര്‍ണയ ക്യാമ്പില്‍ നിന്നാണ് അര്‍ഹരായ രോഗികളെ തിരഞ്ഞെടുത്തത്. പ്രായം, അപകടത്തിന്റെ കാലപ്പഴക്കം, ആരോഗ്യം എന്നീ ഘടകങ്ങള്‍ പരിശോധിച്ചായിരുന്നു അര്‍ഹരായവരെ തെരഞ്ഞെടുത്തിരുന്നത്. ഒരു ബാച്ചില്‍ ഏഴു രോഗികള്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്. നിര്‍ധന  രോഗികളുടെ വീടുകള്‍ ഭിന്നശേഷി സൗഹൃദമായി മാറ്റുന്നതുള്‍പ്പടെ  ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയാണ് മൂന്ന് മാസ കാലയളവില്‍ ഒരു രോഗിക്കായി ചിലവ് വരുന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇവര്‍ക്ക് സ്വയം തൊഴിലിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്
മുപ്പത്തി ഏഴുകാരനായ നെടുങ്കണ്ടം സ്വദേശി അശോകന്‍ തോട്ടം തൊഴിലാളിയായിരുന്നു. മരം മുറിക്കവേ ബാലന്‍സ് തെറ്റി താഴേക്ക് വീണാണ് അശോകന് നട്ടെല്ലിന് പരുക്കേല്‍ക്കുന്നത്. തേനി മെഡിക്കല്‍ കോളേജിലും നെടുങ്കണ്ടം താലൂക് ആശുപത്രിയിലുമായി മാസങ്ങളോളം കഴിച്ചു കൂട്ടി. ഓപ്പറേഷന്‍ നടത്താനുള്ള പണം കണ്ടെത്താന്‍ വൈകിയ ഒരു മാസത്തോളം ആശുപത്രി കിടക്കയില്‍  ജീവച്ഛവം പോലെ കിടന്നത് ഇന്നും അശോകന്റെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് ഭാര്യ അടുത്തുള്ളൊരു സന്യാസിനി മഠത്തില്‍ അടുക്കള പണിക്ക് പോയാണ് ജീവിതം മുന്നോട്ടു പോയിരുന്നത്. ഏഴും നാലും വയസുള്ള മക്കളെ അതെ മഠത്തിനു കീഴിലുള്ള അനാഥലയത്തില്‍ ചേര്‍ത്തു.
ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട്, ജനാലയുടെ അഴികള്‍ക്കിടയിലൂടെയുള്ള കാഴ്ച മാത്രമായി ലോകം അശോകന് മുന്നില്‍ ചരുങ്ങിയ സന്ദര്‍ഭത്തില്‍ ആണ് പീസ് വാലിയെ കുറിച്ച് നാട്ടിലെ പാലിയേറ്റീവ് നേഴ്സ് മുഖേനെ കേട്ടത്. സ്‌ക്രീനിംഗ് ക്യാമ്പില്‍ പങ്കെടുത്ത അശോകന്‍, ചികത്സ തുടങ്ങുന്ന ഏപ്രില്‍ ഒന്നിന് നെടുംകണ്ടത്തു നിന്ന് കോതമംഗലം വരെ എത്താനുള്ള വാഹനത്തിനുള്ള പണം ഇല്ലാത്തതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ പിരിവെടുത്താണ് കോതമംഗലത്തു എത്തിച്ചത്. 
ഇന്ന് ആരുടേയും സഹായമില്ലാതെ നടക്കാനും തൊഴില്‍ ചെയ്യാനുമുള്ള അവസ്ഥയിലേക്ക് അശോകന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. 'അമ്മ മരിയയാണ് അശോകനുമായി ആശുപത്രികള്‍ കയറിയിറങ്ങിയിരുന്നത്.
ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്നു വൈദ്യശാസ്ത്രം വിധി എഴുതിയ മകനെ നോക്കി ദൈവത്തിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ് ഇവിടേക്ക് എത്തിച്ചേരാനായതെന്ന് ആ അമ്മ പറയുന്നു.
ദേവികുളം സ്വദേശി ഭാഗ്യരാജിനും മരത്തില്‍ നിന്ന് വീണാണ് അപകടം സംഭവിച്ചത്. ഏഴു വര്‍ഷത്തോളമായി പൂര്‍ണമായും കിടപ്പിലായിരുന്നു. എഴുന്നേറ്റു നടക്കാന്‍ സാധ്യത ഇല്ലെന്നു മധുര ജവഹര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിധി എഴുതിയിരുന്നെങ്കിലും പീസ് വാലിയില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് ഭാഗ്യരാജ് പറഞ്ഞു. തേയില ഫാക്റ്ററിയില്‍ തൊഴിലാളിയായ ഭാര്യ മൂന്ന് മാസം അവധിയെടുത്താണ് ഭാഗ്യരാജിനൊപ്പം നിന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇവര്‍ അറുപതാം വയസ്സില്‍  എസ്റ്റേറ്റ് നല്‍കിയ ലായം ഒഴിഞ്ഞു തെരുവിലേക്കിറങ്ങേണ്ടി വരുമോ എന്ന് ഭയന്ന് ജീവിച്ചിരുന്ന സ്ഥാനത്തു നിന്ന് ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പീസ് വാലിയില്‍നിന്നും മടങ്ങുകയാണ്.
മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രം, സാന്ത്വന പരിചരണ കേന്ദ്രം, ഡായാലിസിസ് സെന്റര്‍ എന്നിവയാണ് പീസ് വാലിയിലെ ഇതര സ്ഥാപനങ്ങള്‍.
മാനസിക രോഗികള്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് കൃത്യമായ മരുന്നും ഭക്ഷണവും, പരിചരണവും ഉറപ്പുവരുത്തി രോഗാവസ്ഥയെ നിയന്ത്രണത്തിലാക്കി അഭിമാനത്തോടെ ജീവിക്കാനുള്ള അവസരമാണ് മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്.
ചികിത്സക്കും പരിചരണത്തിനുമായി സൈക്ക്യാട്രിസ്റ്റ്, സൈക്യട്രിക് കൗണ്‍സിലര്‍, നേഴ്സ്, സ്ത്രീ-പുരുഷ ആയമാര്‍ എന്നിവരുടെ സേവനം ലഭ്യമാണ്. ഇരുപത്തിയഞ്ചു വീതം സ്ത്രീ-പുരുഷന്മാരെ പുനരധിവസിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സാന്ത്വന പരിചരണം കേന്ദ്രത്തില്‍ പത്തു രോഗികളെ ഒരേസമയം പ്രവേശിപ്പിക്കാനുള്ള സൗകര്യമാണ് ഉള്ളത്. 
24 മണിക്കൂറും നേഴ്സുമാരുടെ സേവനവും ലഭ്യമാണ്. ജീവിതകാലയളവ് പരിമിതപ്പെടുത്തുന്ന മാറാരോഗങ്ങള്‍ ബാധിച്ചവര്‍ക്കു ആശുപത്രിയിലെ അന്തരീക്ഷത്തില്‍ നിന്നും മാറി ഉറ്റവരോടൊപ്പം അന്ത്യനിമിഷങ്ങള്‍ ചിലവഴിക്കാനുള്ള അവസരമാണ് ഇവിടെയുള്ളത്. 
നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് പീസ് വാലിയിലെ മറ്റൊരു പ്രധാന പദ്ധതി. ഒമ്പതു മെഷീനുകളാണ് നിലവില്‍ ഉള്ളത്. സാധാരണ ആശുപത്രികളില്‍ 2000 രൂപ വരെയാണ് ഡയാലിസിസിന് ചിലവെങ്കില്‍ പീസ് വാലിയില്‍ 400 രൂപ മാത്രമാണ് രോഗിയില്‍ നിന്നും ഈടാക്കുന്നത്.
സുമനസ്സുകളുടെ നിര്‍ലോഭമായ സഹകരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പീസ് വാലി പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള സഹകരണത്തോടെയാണ് പ്രതിമാസമുള്ള ഭീമമായ പ്രവര്‍ത്തന ചിലവ് കണ്ടെത്തുന്നത്.
കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന് കീഴിലെ ആദ്യ പ്രൊജക്റ്റ് ആണ് പീസ് വാലി. 
കുട്ടികളിലെ  വളര്‍ച്ച സംബന്ധിയായ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി അവരെ പൊതുസമൂഹത്തോട് ചേര്‍ത്ത് നിര്‍ത്താനുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവയും വരും വര്‍ഷങ്ങളില്‍ പീസ് വാലിക്ക് കീഴില്‍ നടപ്പിലാക്കണമെന്ന കണക്കുകൂട്ടലിലാണ് അണിയറ പ്രവര്‍ത്തകര്‍. നെല്ലിക്കുഴി മുന്നൂറ്റിപതിനാലില്‍ പത്തേക്കര്‍ സ്ഥലത്താണ് പീസ് വാലി പ്രവര്‍ത്തിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top