അസൂയക്ക് മരുന്നുണ്ട്

ടി. മുഹമ്മദ് വേളം No image

[ജീവിതകല]

കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നാണ് പഴയ ചൊല്ല്. കഷണ്ടിക്ക് ഇപ്പോഴും മരുന്നില്ലായിരിക്കാം. എന്നാല്‍ അസൂയക്ക് പണ്ടേ മരുന്നുണ്ട്. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: 'നിങ്ങള്‍ അസൂയയെ സൂക്ഷിക്കുക, തീ വിറകു തിന്നുന്നതുപോലെ അസൂയ നന്മകളെ തിന്നുകളയും.' ഒരു വലിയ നന്മാസംഹാരിയാണ് അസൂയ. കാരണം അസൂയ ഒരു നന്മയും ഉല്‍പാദിപ്പിക്കുകയില്ല, പലതരം തിന്മകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അസൂയ വിദ്വേഷത്തിലേക്കും വിദ്വേഷം അക്രമത്തിലേക്കും മനുഷ്യനെ നയിക്കും. ആദം നബിയോട് ഇബ്‌ലീസ് വെച്ചുപുലര്‍ത്തിയ അസൂയയാണ് അവനെ ദൈവധിക്കാരത്തിന്റെ മൂര്‍ത്തീമഭാവമാക്കി മാറ്റിയത്. അസൂയക്ക് ഏതറ്റംവരെ
യും പോകാനുള്ള നിഷേധോര്‍ജമുണ്ട്. എല്ലാ നിഷേധ വികാരങ്ങളെയും പോലെ അത് മനുഷ്യരെ അന്ധരാക്കിമാറ്റും.
നമ്മുടേതല്ലാത്തതിനോട് മാത്രം ഉണ്ടാവുന്ന വികാരമാണ് അസൂയ. ഒരാള്‍ക്ക് സ്വന്തത്തോട് തന്നെ അസൂയ ഉണ്ടാവുക എന്നത് ഒരിക്കലും സംഭവ്യമല്ല. അതേപോലെ നാം സ്വന്തമെന്ന് കരുതുന്ന ഒന്നിനോടും നമുക്ക് അസൂയ ഉണ്ടാവുകയില്ല. നാം നമ്മുടെ തന്നെ ഭാഗമെന്നു കരുതുന്ന ഒന്നിനോടും നമുക്ക് അസൂയ ഉണ്ടാവുകയില്ല. നമ്മുടെ മക്കള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടിയാല്‍ ആ വിജയത്തില്‍ നാമാരും അസൂയ വെച്ചുപുലര്‍ത്താറില്ല. കാരണം അത് നമ്മുടെ തന്നെ വിജയമായാണ് നാം മനസ്സിലാക്കാറുള്ളത്. അവരുടെ ബുദ്ധിശക്തി നമ്മുടെ ബുദ്ധിശക്തിയുടെ സാക്ഷ്യമായി നാം മനസ്സിലാക്കുന്നു.
അപ്പോള്‍ എല്ലാവരെയും നമ്മുടെ സഹോദരന്മാരായി മനസ്സിലാക്കാന്‍ സാധിച്ചാല്‍ എല്ലാവരുടെ വിജയങ്ങളും നമ്മുടെ വിജയങ്ങളായി നമുക്ക് അനുഭവിക്കാനാവും. മനുഷ്യന്‍ അസൂയ വെച്ചുപുലര്‍ത്തുന്നതും മറ്റവന്‍ നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നതും എന്തിനാണ്? ആത്യന്തികമായി മനുഷ്യരുടെ എല്ലാ വികാരങ്ങളുടെയും ലക്ഷ്യം സന്തോഷമാണ്. മറ്റുള്ളവരുടെ നാശത്തില്‍ സന്തോഷിക്കുക എന്നത് എത്ര അധമമായ മനോനിലയാണ്! എന്റെ ജീവിതം കൊണ്ട് താന്‍ ഇടപഴകിയ എല്ലാവരുടെ ജീവിതങ്ങള്‍ക്കും എന്തെല്ലാം നന്മകള്‍ ചെയ്തുകൊടുക്കാനാവുന്നു എന്നിടത്താണ് ഓരോ ജീവിതവും അര്‍ഥസമ്പന്നമാവുന്നത്. എന്റെ ജീവിതം കൊണ്ട് മറ്റാര്‍ക്കൊക്കെ എന്തെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നിടത്തല്ല ഒരു ജീവിതവും വിജയമായി മാറുന്നത്. വിദ്വേഷി വിജയിച്ചു എന്നു സ്വയം മനസ്സിലാക്കുമ്പോഴും യഥാര്‍ഥത്തില്‍ അയാള്‍ പരാജയമാവുകയാണ് ചെയ്യുന്നത്. എല്ലാ വികാരങ്ങളുടെയും ലക്ഷ്യം സന്തോഷമാണ്. സന്തോഷത്തേക്കാള്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വാസ്ഥ്യം. അന്യനെ പകവെച്ച് തകര്‍ക്കുമ്പോള്‍ ചെറിയ സന്തോഷം, താല്‍ക്കാലിക സന്തോഷം നുണയാനാവും. ഒപ്പം സ്വാസ്ഥ്യം ഇല്ലാതാവുകയും ചെയ്യും. അതേസമയം മറ്റുള്ളവരുടെ വിജയങ്ങളിലും സന്തോഷിക്കാന്‍ നാം പഠിച്ചാല്‍ നമുക്ക് ധാരാളം സന്തോഷവും സ്വസ്ഥതയും ലഭിക്കും.
ഇത് പറയാന്‍ എളുപ്പവും പ്രയോഗിക്കാന്‍ പ്രയാസവുമുള്ള കാര്യമാണ്. ഇത് പ്രയോഗവല്‍ക്കരിക്കാന്‍ രണ്ട് കാര്യങ്ങള്‍ നാം ചെയ്യണം. ഒന്ന് ബോധപരമാണ്, രണ്ട് പ്രയോഗപരമാണ്.
ബോധപരമായി നാം ആര്‍ജിക്കേണ്ട കാര്യം നമ്മുടെ വിജയം മറ്റൊരുവന്റെ പരാജയത്തെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത് എന്ന തിരിച്ചറിവാണ്. ജീവിതത്തില്‍ ചില മത്സര മുഖാമുഖങ്ങള്‍ ഉണ്ടാവാം. അത് ആത്യന്തികമല്ല, താല്‍ക്കാലികമാണ്. അത്തരം മത്സരങ്ങളില്‍ വിജയിക്കുകയോ പരാജിതരാവുകയോ ചെയ്യാം. പക്ഷേ അത് ആത്യന്തികമല്ല എന്ന ബോധം നമുക്കുണ്ടാവണം. മൗലികമായ അര്‍ഥത്തില്‍ ഓരോ മനുഷ്യനും ഓരോ അനന്യസൃഷ്ടികളാണ്. അടിസ്ഥാനപരമായി നാം മത്സരിക്കേണ്ടത് മറ്റൊരാളോടല്ല, തന്നോടു തന്നെയാണ്. നമുക്ക് മറ്റൊരാളേക്കാള്‍ നല്ല നാമാവാനാവില്ല. പക്ഷേ, നമ്മേക്കാള്‍ നല്ല നാമാവാനാവും. അതങ്ങനെ ആവാനാവില്ല എന്നു മാത്രമല്ല ആവേണ്ടതുമില്ല. അല്ലാഹു നമുക്ക് തന്ന മുഖരൂപം എല്ലാ മനുഷ്യരില്‍നിന്നും വ്യത്യസ്തമാണ്. ശബ്ദം വ്യത്യസ്തമാണ്. വിരല്‍തുമ്പു പോലും വ്യത്യസ്തമാണ്. ദൈവത്തിന്റെ രൂപകല്‍പനയാല്‍ തീര്‍ത്തും അനന്യരായ നാമെന്തിനാണ് നമ്മുടെ സ്വന്തം രൂപകല്‍പ്പനയില്‍ മറ്റൊരാളാവാന്‍ ശ്രമിക്കുന്നത്? എന്റെ വിഹിതം, എന്റെ ബാധ്യതകള്‍ എന്റെ തന്നെ വിഹിതമാണ്, സാധ്യതകളാണ്. ഞാന്‍ വിജയിക്കാന്‍ വേണ്ടത് അവന്‍ നശിക്കുകയല്ല. ഞാന്‍ കുറേക്കൂടി നന്നാക്കുകയും പരിശ്രമിക്കുകയുമാണ്. അന്യരോട് മത്സരിച്ച് അസ്വസ്ഥരാവുന്നതിനു പകരം നമ്മോട് മത്സരിച്ച് സ്വസ്ഥരാവാം. ഓരോ മനുഷ്യര്‍ക്കും മറ്റൊരാളില്‍നിന്ന് വ്യത്യസ്തമായ ഒരു ജീവിത ദൗത്യം ഇവിടെ നിര്‍വഹിക്കാനുണ്ട്. അപരനോട് മത്സരിച്ച് ജീവിതം തീര്‍ക്കുന്നതിനു പകരം ഇത് കണ്ടെത്തി അതിന് ജീവിതം വിനിയോഗിക്കുകയാണ് വേണ്ടത്.
അന്യന്റെ വിജയത്തില്‍ സന്തോഷിക്കാനുള്ള വഴി അവനെ പല അര്‍ഥത്തില്‍ തന്റെ തന്നെ ഭാഗമായി കാണാന്‍ പഠിക്കുക എന്നതാണെന്ന് നേരത്തേ പറഞ്ഞു. ഇത് അനുശീലിക്കാനുള്ള വഴി മറ്റൊരാളുടെ നന്മക്കായി, വിജയത്തിനായി അവനറിഞ്ഞും അറിയാതെയും നാം പ്രവര്‍ത്തിക്കുക എന്നതാണ്. നമുക്ക് പങ്കാളിത്തമുള്ള ഒന്നിന്റെ വിജയത്തിലാണ് നമുക്ക് സന്തോഷിക്കാന്‍ സാധിക്കുക. ഇതരന്റെ നന്മയിലും നാം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രാര്‍ഥനകൊണ്ടും ഭാഗഭാക്കാകുമ്പോള്‍ ആ വിജയത്തെയും നമ്മുടെ വിജയമായി കണ്ട് നമുക്ക് സന്തോഷിക്കാനാവും.
അടുത്ത് നില്‍ക്കുന്നവരോടാണ് നമുക്ക് അസൂയ ഉണ്ടാവുക. അകലത്തുള്ളവരോട് അസൂയ ഉണ്ടാവാറില്ല. പല തരത്തില്‍ നമ്മുടെ ഭാഗമാവുന്നവരോട് തന്നെയാണ് നമുക്ക് അസൂയ തോന്നാറുള്ളത്. എന്നാല്‍ നമ്മോട് ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെയെല്ലാം നേട്ടങ്ങള്‍ നമ്മുടെ കൂടെ നേട്ടങ്ങളാണ്. അവരുടെ നേട്ടങ്ങളിലൂടെ മാത്രമേ നമുക്കും നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുകയുള്ളൂ. ഒരു ടീമിലെ ആരുടെ നേട്ടവും ടീമിന്റെ വളര്‍ച്ചക്ക് ഗുണകരമാവുന്നതാണ്. ടീമിന്റെ വളര്‍ച്ച ഓരോരുത്തരുടെയും വളര്‍ച്ചയാണ്. ഒരാള്‍ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ മാത്രം ഉഷാറാവണം. വേറെ ആരും വളരരുത് എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ ആ സംഘത്തിനോ അയാള്‍ക്കോ വളരാന്‍ കഴിയില്ല. ഞാന്‍ തന്നെ ഗോളടിക്കും എന്നു തീരുമാനിക്കുന്നവരുടെ ടീമിന് ഗോളടിക്കാനാവില്ല. ഒരു ടീമിലെ എല്ലാവരുടെയും വളര്‍ച്ചയുടെ ആകത്തുകയാണ് എന്റെയും വളര്‍ച്ച എന്നു നാം മനസ്സിലാക്കണം. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്: ''നിങ്ങള്‍ പരസ്പരം അസൂയ വെച്ചുപുലര്‍ത്തരുത്. പരസ്പരം വില്‍പന വസ്തുവിന്റെ ഗുണം പെരുപ്പിച്ച് പറയരുത്. പരസ്പരം വെറുപ്പ് വെച്ചുപുലര്‍ത്തരുത്. പരസ്പരം സൗഹൃദത്തില്‍നിന്ന് വെടിയരുത്. ഒരാള്‍ ചെയ്ത കച്ചവടത്തിനുമേല്‍ കച്ചവടമരുത്.''1 
അസൂയപ്പെടരുത് എന്നല്ല പ്രവാചകന്‍ ഇവിടെ പറയുന്നത്. പരസ്പരം അസൂയ വെച്ചുപുലര്‍ത്തരുത് എന്നാണ്. കാരണം അത്തരമൊരു സമൂഹം ഒരിക്കലും വിജയിക്കുകയില്ല. ഓരോരുത്തരെയും പരാജയപ്പെടുത്താന്‍ മറ്റോരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കും. ഫലത്തില്‍ അത് ആരും ആരെയും വിജയിക്കാന്‍ സമ്മതിക്കാത്ത, എല്ലാവരും പരസ്പരം പരാജയപ്പെടുത്തുന്ന ഒരു പരാജിത സമൂഹമായിരിക്കും. ഞണ്ടുകളെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്ത ഒരു കഥയുണ്ട്. മുകള്‍ഭാഗം മൂടാതെയാണ് കഥയില്‍ ഞണ്ടുകളെ കയറ്റുമതി ചെയ്തത്. കയറ്റുമതിക്കാരനോട് നിങ്ങളെന്താണ് ഈ കണ്ടെയ്‌നര്‍ മൂടാത്തത് എന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അതിലുള്ളത് ഞണ്ടുകളാണ്. ഒരു ഞണ്ട് മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വേറൊരു ഞണ്ട് അതിനെ കാലില്‍ പിടിച്ച് താഴെയിടും, ആ ഞണ്ട് ശ്രമിച്ചാല്‍ മറ്റൊന്ന് അതിനെ വലിച്ച് താഴെയിടും. അതുകൊണ്ട് കണ്ടെയ്‌നര്‍ മൂടേണ്ട കാര്യമില്ല.'' അസൂയാലുക്കളുടെ സമൂഹമെന്നാല്‍ ആര്‍ക്കും വളരാന്‍ കഴിയാത്ത സമൂഹമാണ്. അസൂയ ഇല്ലാത്തവരുടെ സമൂഹമെന്നാല്‍ എല്ലാവര്‍ക്കും വളരാന്‍ കഴിയുന്ന സമൂഹമാണ്.
മനുഷ്യന്റെ രചനാത്മകവും നിഷേധാത്മകവുമായ വികാരങ്ങളുടെയും കര്‍മങ്ങളുടെയും ലക്ഷ്യം സന്തോഷ സമ്പാദനമാണെന്നു പറഞ്ഞു. അസൂയ വെച്ചുപുലര്‍ത്താത്ത മനുഷ്യനെ എല്ലാവരും സ്‌നേഹിക്കും. മറ്റൊരാള്‍ എന്റെ ഉത്തമ ഗുണകാംക്ഷിയാണെന്ന് ഞാന്‍ കരുതുന്നുവെങ്കില്‍ ഞാന്‍ അയാളെ സ്‌നേഹിക്കും. എന്റെ സ്‌നേഹം തീര്‍ച്ചയായും അയാളെ സന്തോഷിപ്പിക്കും. സ്വന്തം സന്തോഷത്തിനുവേണ്ടി അന്യനെ അസൂയയുടെ കാലുവെച്ച് വീഴ്‌ത്തേണ്ടതില്ല. അന്യനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തിയാല്‍ മതി.
ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം അസൂയ എന്ന അധമ വികാരത്തിന് ഒരു യുക്തിയുമില്ല. അല്ലാഹുവാണ് മനുഷ്യര്‍ക്ക് വിഹിതങ്ങള്‍ വീതിച്ചു നല്‍കുന്നത്. അവന്‍ സൂക്ഷ്മമായി അറിയുന്നവനും യുക്തിജ്ഞനുമാണ്. അസൂയക്കാരന്‍ യഥാര്‍ഥത്തില്‍ വിദ്വേഷം വെച്ചുപുലര്‍ത്തുന്നത് ദൈവത്തോടാണ്. ഒന്നുകില്‍ ദൈവം നീതിമാനല്ലെന്ന് അവന്‍ കരുതുന്നു. അല്ലെങ്കില്‍ ആര്‍ക്കു കൊടുക്കണം എന്ന് ശരിയായി അറിയാത്തവനാണെന്നു കരുതുന്നു. രണ്ടും ദൈവത്തെ തെറ്റായി ധരിക്കലാണ്. അതുകൊണ്ടാണ് അല്ലാഹു ചോദിച്ചത്: ''അല്ലാഹു ഏകിയ ഔദാര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജനങ്ങളോട് അസൂയ വെച്ചുപുലര്‍ത്തുകയാണോ?'' (അന്നിസാഅ് 54). വിശ്വാസത്തിന്റെ വീക്ഷണത്തില്‍ അസൂയ ദൈവത്തിനെതിരായ മുറുമുറുപ്പാണ്. നിങ്ങള്‍ അല്ലാഹുവിന്റെ സഹോദരന്മാരായ അടിമകളാകുവിന്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top