കോവിഡാനന്തര വിദ്യാഭ്യാസം: പ്രതീക്ഷയും ആശങ്കയും

എ. റഹ്മത്തുന്നിസ No image

കോവിഡ്-19 ജനജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രവചനാതീതമാണ്. പരിഷ്‌കാരങ്ങള്‍ക്കും മാറ്റിപ്പണിയലുകള്‍ക്കും രംഗവേദിയായ വിദ്യാഭ്യാസമേഖല പെട്ടെന്നൊരു നാളിലാണ് മാറിയത്. അടച്ചിട്ട ക്ലാസ്സ്മുറിക്കകത്തുനിന്നും വീടകങ്ങളിലേക്ക് പഠന സമ്പ്രദായം മാറ്റിയിരിക്കയാണ് ഈ കോവിഡ് കാലം. രീതിയും കോലവും മാറുമ്പോള്‍ അതുണ്ടാക്കുന്ന സ്വാധീനത്തെയും നാം വിലയിരുത്തണം.
ഓണ്‍ലൈന്‍ പഠന സാധ്യതകളും സാഹചര്യങ്ങളും വിശകലനം ചെയ്യുന്നു.

ആറു മാസം മുമ്പ് വരെ നാം സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സംഭവങ്ങളാണ് മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളിലും ലോകത്ത് എല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് സാമ്പത്തിക രംഗവും വിദ്യാഭ്യാസവും. കോവിഡ് രോഗ ഭീതി മൂലം മനുഷ്യര്‍ തമ്മില്‍ അകലം പാലിക്കുക എന്നത് അനിവാര്യതയായി മാറിയപ്പോള്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരികയും ക്ലാസുകളും പരീക്ഷകളും ഇടക്ക് വെച്ച് നിര്‍ത്തേണ്ടി വരികയും ചെയ്തു. ഇത് വലിയ അളവില്‍ ലോകത്തെല്ലായിടത്തും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനായി, തുടക്കത്തിലെ അന്ധാളിപ്പും ആശയക്കുഴപ്പവും മാറുകയും ലോക്ക് ഡൗണ്‍ അനിശ്ചിതമായി നീളുന്നു എന്ന് മനസ്സിലാക്കുകയും ചെയ്തതോടെ പല സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയ അത്തരം ക്ലാസുകള്‍ വേണ്ടത്ര ഫലപ്രദമായിരുന്നോ, ഇല്ലെങ്കില്‍ അവക്കുള്ള കാരണങ്ങള്‍ എന്ത്, കോവിഡാനന്തര കാലത്ത് വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം മാറ്റങ്ങള്‍ ആണ് വരാന്‍ പോകുന്നത്, പരമ്പരാഗത വിദ്യാഭ്യാസരീതി പൂര്‍ണമായും നിര്‍ത്തലാക്കേണ്ടതുണ്ടോ, കുടുംബാന്തരീക്ഷത്തെ ഇവ എങ്ങനെയാണ് ബാധിക്കുക തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ രംഗത്ത് ഇനിയെന്ത് എന്നത് സജീവമായി ഉയര്‍ന്നുവരേണ്ട ഒരു ചര്‍ച്ചയാണ്. 
കഴിഞ്ഞ  നൂറ്റാണ്ടിന്റെ അവസാനം മുതല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള വിദൂര വിദ്യാഭ്യാസ സാധ്യതകള്‍ പലതും പലരും പരീക്ഷിച്ചുവരുന്നുണ്ടെങ്കിലും പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയുള്ള അധ്യയനം പെട്ടെന്നുണ്ടായ ലോക്ക് ഡൗണ്‍ കാലത്തെ നിര്‍ബന്ധിതാവസ്ഥയില്‍ നിന്നും ഉണ്ടായതാണ്. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത് കോവിഡാനന്തര കാലത്തും ഈ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ചാണ്. അതിനു മുമ്പായി  നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിദൂര വിദ്യാഭ്യാസ പ്രക്രിയകള്‍ എത്രത്തോളം ഫലപ്രദമാണ്  എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്.

വിവിധ വിലയിരുത്തലുകള്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സ്ഥാപന അധികൃതരുടെയും ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിരുകളില്ലാതെ പഠിക്കലും പഠിപ്പിക്കലും നടക്കുന്നു എന്നതാണ് ഒരു ഗുണം. 'സ്‌കൂള്‍തലത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും വായന, സ്പെല്ലിംഗ്, കണക്ക് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ പഠനം തുടര്‍ന്നുകൊണ്ടുപോകാനും, പാഠ്യേതര രംഗത്ത് ചില പ്രായോഗിക പരിശീലനങ്ങള്‍ (പാചകം, കൃഷി, വ്യായാമം) നല്‍കാനും സാധിച്ചു എന്നത് വലിയ കാര്യമാണ്. രക്ഷിതാക്കളെ പഠന പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ ഇതുമൂലം ഏറക്കുറെ കഴിഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തെ കുറിച്ച് മാതാപിതാക്കളില്‍ മതിപ്പ് വര്‍ധിപ്പിക്കാനും താല്‍പര്യം ജനിപ്പിക്കാനും ഭാവിയില്‍ ഇത് ഉപകരിക്കും. സ്ഥാപനങ്ങള്‍ അവരുടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും അധ്യാപകര്‍ ഈ രംഗത്ത് കൂടുതല്‍ നൈപുണ്യം നേടാനും നിര്‍ബന്ധിതരാവും. സിലബസുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ നാം നിര്‍ബന്ധിതരാകും. പലതും ഒഴിവാക്കി അമിതമായ ഭാരം കുറക്കാം. മാനസികാരോഗ്യത്തിലും പ്രതിരോധശേഷിയിലും കൂടുതല്‍ ഊന്നല്‍ വരും' എന്നായിരുന്നു ഒരു വെബിനാറില്‍ പങ്കെടുത്തുകൊണ്ട് ലണ്ടനില്‍ അധ്യാപകനായ Pete Harwood  അഭിപ്രായപ്പെട്ടത്. സ്‌കൂളുകളും അധ്യാപകരും എത്ര വിലപ്പെട്ടതാണ് എന്നും അവര്‍ എന്താണ് നാളിതുവരെ ചെയ്തിരുന്നത് എന്നും അടുത്തറിയാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചു എന്നത് ഭാവിയില്‍ സ്ഥാപനങ്ങളോടും അധ്യാപകരോടും നല്ല സമീപനം പുലര്‍ത്താന്‍ അവരെ പ്രേരിപ്പിക്കും എന്ന് പലരും പ്രതീക്ഷ പ്രകടിപ്പിച്ചു. കുട്ടികളെ സംബന്ധിച്ചേടത്തോളം മാതാപിതാക്കളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു എന്നതാണ് ഒരു നല്ല മാറ്റം. മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും മാത്രം ലഭിക്കേണ്ടുന്ന അറിവുകള്‍ സ്വായത്തമാക്കാന്‍ ഉതകുന്ന സന്ദര്‍ഭം കൂടിയായിരുന്നു വീട്ടിലിരിപ്പ് അനിവാര്യമാക്കിയ ലോക്ക് ഡൗണ്‍ കാലം. ഇന്റര്‍നാഷ്നല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ ഹെഡ്മിസ്ട്രസ് മൈമൂന ജബീന്‍ പറഞ്ഞത് 'ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ചില കാര്യങ്ങള്‍ നാം പഠിക്കില്ലായിരുന്നു'വെന്നാണ്. പരീക്ഷിക്കാന്‍ സാധ്യതയില്ലാത്ത പല ഓണ്‍ലൈന്‍ ടൂളുകളും (PPT, Zoom പോലുള്ളവ) ഉപയോഗിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരായി. ഭാവിയില്‍ പരമ്പരാഗത ക്ലാസ് മുറികളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൂടി ഇടം പിടിക്കും. ആരോഗ്യവും കുടുംബവും ആണ് എല്ലാത്തിനും മീതെ എന്ന് നാം എല്ലാം തിരിച്ചറിഞ്ഞ ദിവസങ്ങള്‍ കൂടിയാണിത്. ദൃശ്യാവിഷ്‌കാരത്തോടെ പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കാനും കഴിയും എന്നതും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഒരു മേന്മയാണ്. പല സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും അഭിപ്രായപ്പെട്ടത് വര്‍ഷങ്ങളായി തങ്ങള്‍ ശ്രമിച്ചിട്ടും നടപ്പില്‍ വരുത്താന്‍ കഴിയാത്ത ഒരു മാറ്റം ഇതിലൂടെ ഉണ്ടായി എന്നാണ്. തുടക്കത്തില്‍ പല അധ്യാപകരും അല്‍പമൊന്ന് പരുങ്ങി എങ്കിലും ക്രമേണ അധികപേരും പുതിയ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാപ്തരായി. പാഠഭാഗങ്ങള്‍ കൂടുതല്‍ നന്നായി തയാറാക്കുന്നതിനും അവര്‍ നിര്‍ബന്ധിതരായി. ഇപ്പോള്‍ പല അധ്യാപകരും ക്ലാസുകള്‍ക്ക് വേണ്ടി തയാറെടുക്കുന്നതില്‍  മുമ്പത്തേക്കാള്‍  പത്തിരട്ടി പരിശ്രമിക്കുന്നുണ്ട് എന്നും മേല്‍നോട്ടം വളരെ എളുപ്പമായിട്ടുണ്ട്  എന്നും പല സ്ഥാപന മേധാവികളും അഭിപ്രായപ്പെട്ടു.
'രക്ഷിതാക്കള്‍ക്ക് കൂടെയിരുന്ന്  അധ്യയനം വീക്ഷിക്കാന്‍ കഴിയുന്നതുകൊണ്ട് തുടര്‍പഠന പ്രക്രിയയില്‍ സഹായിക്കാന്‍ എളുപ്പത്തില്‍ കഴിയുന്നു. കുട്ടികളും അധ്യാപകരും  കൂട്ടുകാരും തമ്മിലുള്ള ബന്ധം നിരീക്ഷിക്കാന്‍ കഴിയുന്നു. സമയബന്ധിതമല്ല എന്നത് ഒരു അനുഗ്രഹമാണ്. നേരത്തേ എഴുന്നേല്‍പ്പിച്ച് നിര്‍ബന്ധിച്ച് യൂണിഫോമും മറ്റും ധരിപ്പിച്ച് സ്‌കൂളിലേക്ക് അയക്കേണ്ടി വരുന്നില്ല. പല വീടുകളിലും അത് ഒരു വലിയ സംഘര്‍ഷമായിരുന്നു എന്നാല്‍ സമയബോധം, അച്ചടക്കം, സാമൂഹിക മര്യാദകള്‍ തുടങ്ങിയവ ആര്‍ജിക്കാന്‍ പരമ്പരാഗത സ്‌കൂള്‍ സമ്പ്രദായം തന്നെയാണ് നല്ലത്. അതിനാല്‍ രണ്ടും സംയോജിപ്പിച്ചുകൊണ്ടുള്ള അധ്യയന രീതിയാണ് ഉരുത്തിരിഞ്ഞു വരേണ്ടത്.' ഹൈദരാബാദില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളുടെ മാതാവായ നാസ്നീന്‍ പറഞ്ഞു. 'വ്യത്യസ്ത മോഡ്യൂളുകളും പ്ലാറ്റ്ഫോമുകളും വ്യത്യസ്ത അനുഭവങ്ങളാണ് നല്‍കുന്നത്. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത് അയക്കുന്ന വീഡിയോകള്‍ ആവര്‍ത്തിച്ചു കാണാന്‍ കഴിയുന്നു എന്നത് പാഠഭാഗം നന്നായി ഗ്രഹിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ദീീാ പോലുള്ള വേദികള്‍ നേരിട്ട് കുട്ടികളുടെ ഫീഡ് ബാക്ക് ലഭിക്കാന്‍ നല്ലതാണെങ്കിലും ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ ബഹളത്തില്‍ കലാശിക്കും. അധ്യാപകര്‍ക്ക് ഓരോ പഠിതാവിന്റെയും പ്രതികരണം നേരിട്ട് കാണുന്നതു പോലെ വിലയിരുത്താന്‍ നാല്‍പത് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സാധ്യമല്ല. സ്‌ക്രീന്‍ റസല്യൂഷന്‍, ക്ളാരിറ്റി തുടങ്ങിയവയെ കൂടി ആശ്രയിച്ചാണ് ക്ലാസ്സുകളുടെ വിജയസാധ്യത' എന്നാണ് ഖത്തറില്‍ നിന്നും രക്ഷിതാവായ റാഹത്ത് അബ്ദുര്‍റഹീം അഭിപ്രായപ്പെട്ടത്.
പൂര്‍ണമായ അര്‍ഥത്തില്‍ ഉള്ള പഠനപ്രക്രിയ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ മാത്രം സാധ്യമല്ല എന്നഭിപ്രായപ്പെട്ടവരും ഉണ്ട്. ഒരു അനിവാര്യത എന്ന നിലയില്‍ മാത്രമേ അതിനെ കാണാന്‍ സാധിക്കൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. കുട്ടികളുടെ സര്‍വതോമുഖമായ വളര്‍ച്ചയെ അത് ബാധിക്കും എന്നവര്‍ ഭയക്കുന്നു. ഉയര്‍ന്ന ക്ലാസ്സുകളില്‍ കുറേയൊക്കെ പഠനം സാധ്യമാണെങ്കിലും പ്രൈമറി വിദ്യാഭ്യാസ രംഗത്ത് പരാജയമാണ് എന്നാണ് പലരും പുതിയ ഓണ്‍ലൈന്‍ പഠനരീതിയെ വിലയിരുത്തിയത്. വിദ്യാലയ അന്തരീക്ഷത്തില്‍ നിന്നും മാറിയുള്ള ഓണ്‍ലൈന്‍ പഠനരീതി ആത്മാവില്ലാത്ത ശരീരം പോലെയാണ്. അവര്‍ ക്ലാസ്സ് മുറികളിലെ ഊഷ്മളമായ അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങള്‍, പരസ്പരം കാണാനും കേള്‍ക്കാനും അനുഭവിക്കാനും കഴിയുന്ന സാമീപ്യം,  അതിലൂടെ ലഭിക്കുന്ന പ്രചോദനം എല്ലാം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ലഭ്യമാക്കുന്നതില്‍ പരിമിതികളുണ്ട്. രക്ഷിതാക്കളുടെ സഹകരണം അവരുടെ വിദ്യാഭ്യാസ സാമ്പത്തിക നിലവാരത്തിനനുസരിച്ച് വ്യത്യസ്തമാണെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ വിടവ് സൃഷ്ടിക്കാന്‍ കാരണമാകും. 'ശാരീരികമായ അകലം പാലിച്ചുകൊണ്ടുള്ള ക്ലാസുകള്‍ വലിയ ദോഷം ചെയ്യും. കുറഞ്ഞ സമയം കൊണ്ട് കുട്ടികളുടെ ശ്രദ്ധ നഷ്ടപ്പെടുന്നു. സോഷ്യല്‍ സ്‌കില്‍സ് പ്രശ്നമാണ്. മൂല്യനിര്‍ണയം ശരിയായ രീതിയില്‍ നടത്താന്‍ പ്രയാസമുണ്ട്. ഭാവിതലമുറയെ വെച്ചുള്ള പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അനിശ്ചിതാവസ്ഥ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. തുല്യത, നീതി തുടങ്ങിയ ക്ലാസ് മുറികള്‍ക്കുള്ളില്‍ നിന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പഠിച്ചെടുക്കേണ്ട അടിസ്ഥാന മാനവിക മൂല്യങ്ങള്‍ ഇല്ലാതാവും' എന്നാണ്  ദുബൈ നാഷണല്‍ സ്‌കൂള്‍  ഡയറക്ടറായ ഡോ. ആഇശ സിദ്ദീഖ അഭിപ്രായപ്പെട്ടത്. പഠിതാക്കള്‍ എത്ര കണ്ട് ഉള്‍ക്കൊണ്ടു എന്ന് മനസ്സിലാക്കാതെയുള്ള സിലബസ് പൂര്‍ത്തീകരിക്കലിനപ്പുറം പലര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല.  അധ്യാപകര്‍ക്ക് സമയാസമയങ്ങളില്‍ ലഭിക്കേണ്ട പല പരിശീലന പരിപാടികളും മുടങ്ങിപ്പോയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ക്ലാസ്സ് എടുക്കുമ്പോള്‍ അധ്യാപകര്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്നും രക്ഷിതാക്കള്‍ അമിതമായി ഇടപെടുന്നു എന്നും അഭിപ്രായപ്പെട്ട അധ്യാപകരുണ്ട്. ടെക്നോളജിയെ മാത്രം ആശ്രയിച്ചുള്ള പഠനം 'ുമശൈ്‌ല ഹലമൃിശിഴ' ലേക്ക് നയിക്കും. കുട്ടികളുടെ വ്യക്തിത്വ വികസനം, സര്‍ഗാത്മകത,  നേതൃഗുണങ്ങള്‍, കായിക പരിശീലനങ്ങള്‍ തുടങ്ങിയവ അവഗണിക്കപ്പെടും. സ്വാഭാവികമായി നടക്കുന്ന ജീവിതനൈപുണീ പരിശീലനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മാതാപിതാക്കള്‍ അധ്യാപകരുടെ സ്ഥാനത്ത് വരുന്നത് ഗുണം ചെയ്യില്ല. വീട് വീടായി തന്നെ നിലനില്‍ക്കണം. വീട്ടില്‍ ഒരു സ്‌കൂള്‍ പോലെയുള്ള അന്തരീക്ഷം സൃഷ്ടിക്കുക പ്രയാസമാണ്.  

സാധ്യതക്കപ്പുറമുള്ള യാഥാര്‍ഥ്യങ്ങള്‍

പഠനത്തിനപ്പുറം കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച് ലഭിക്കേണ്ട സാമൂഹികമായ കൂടിച്ചേരലുകളും ഇത്തരം പഠന രീതിയുടെ പരിമിതിയാണ്. 'കുട്ടികള്‍ക്ക് നഷ്ടമാവുന്നത് സമപ്രായക്കാരോടൊത്തുള്ള പഠനം, സ്‌കൂള്‍ ഗ്രൗണ്ടിലെ കളികള്‍, അസംബ്ലി, പഠനയാത്രകള്‍, കലോത്സവങ്ങള്‍ തുടങ്ങിയവയാണ്. സമപ്രായക്കാര്‍ക്കിടയിലെ ആരോഗ്യകരമായ മത്സരങ്ങളും നഷ്ടമാവുന്നു. ഹൈസ്‌കൂള്‍ തലങ്ങളില്‍ കുട്ടികള്‍ വളരെ ഉദാസീനരായി മാറി. ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ശ്രദ്ധയോടെ കേള്‍ക്കുന്നത്. കൂട്ടുകാരുമായി ഇടപഴകുക എന്നതും ചര്‍ച്ചകള്‍ നടത്തുക എന്നതും ടീനേജ് പ്രായത്തിലുള്ളവരെ സംബന്ധിച്ചേടത്തോളം ഒരു അനിവാര്യതയാണ്'- കര്‍ണാടകയില്‍ നിന്നുള്ള അധ്യാപികയും മാതാവുമായ ഹുമൈറ പര്‍വീണ്‍ അഭിപ്രായപ്പെട്ടു. 'ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ സിലബസ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെങ്കിലും അധ്യാപകരുടെ ശാരീരിക സാന്നിധ്യത്തില്‍ സ്വായത്തമാക്കുന്ന സദാചാര -  സാമൂഹിക പെരുമാറ്റ മര്യാദകള്‍, അച്ചടക്കം എന്നിവ സ്വായത്തമാക്കുന്നത് അത്ര എളുപ്പമാകില്ല. ലോകം കൂടുതല്‍ യാന്ത്രികമാകുന്നത് മനുഷ്യബന്ധങ്ങളെ ബാധിക്കും' എന്നാണ്  കേരളത്തിലെ ഒരു സര്‍ക്കാര്‍  സ്‌കൂളില്‍ പ്രധാനാധ്യാപികയായ ഹേമലത അഭിപ്രായപ്പെട്ടത്. പഠിക്കാനും പഠിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം, സമയക്രമം തുടങ്ങിയവ വിദ്യാര്‍ഥികളുടെ നിയന്ത്രണത്തില്‍ വരുമ്പോള്‍ നല്ല അച്ചടക്കവും അനുഗുണമായ ഗൃഹാന്തരീക്ഷവും ഉള്ളവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ പരമാവധി പ്രയോജനപ്പെടുകയുള്ളൂ. നിശബ്ദമായ പഠനാന്തരീക്ഷം എന്നത് എല്ലാ പഠിതാക്കളുടെ വീടുകളിലും ലഭ്യമല്ല. ഇന്ത്യാരാജ്യത്തെ 37 ശതമാനം കുടുംബങ്ങളും താമസിക്കുന്നത് ഒറ്റ മുറികളിലാണ്. വീടില്ലാത്തവര്‍ വേറെയും. പുതിയ സാങ്കേതിക രീതികള്‍ മാത്രം അവലംബമാക്കിയ പഠനരീതി ഇത്തരക്കാരെ സംബോധന ചെയ്യാനോ അവര്‍ക്കത് പ്രാപ്യമാക്കാനോ കഴിയില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പല സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുത്തപ്പോള്‍ മനസ്സിലായ ഒരു കാര്യം പുരോഗമന രാഷ്ട്രങ്ങളില്‍ പോലും  മികച്ച സാങ്കേതിക സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമല്ല എന്നതാണ്. അപ്പോള്‍ പിന്നെ ഇന്ത്യാരാജ്യത്തെ സ്ഥിതി പറയേണ്ടതില്ലല്ലോ. എത്രയും പെട്ടെന്ന് ഒരു അവലോകനം നടത്തി രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ലഭ്യമാകുന്ന രീതിയിലുള്ള  ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാറുകള്‍ തയാറാവുന്നില്ലെങ്കില്‍ വലിയ അന്തരമായിരിക്കും രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കിടയിലും വിദ്യാഭ്യാസ മേഖലയിലും  സൃഷ്ടിക്കപ്പെടുക. രാജ്യത്ത് 8 ശതമാനം കുടുംബങ്ങളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയുള്ള കമ്പ്യൂട്ടറുകള്‍ ഉള്ളത്. മറ്റെല്ലാ മേഖലകളിലും എന്നപോലെ ഡിജിറ്റല്‍ ലോകവും നഗരങ്ങളും ഗ്രാമങ്ങളും, ആണും പെണ്ണും, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. കറണ്ട് കണക്ഷന്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഒരു വലിയ വിഭാഗത്തിന് ഇന്നും രാജ്യത്തെ വലിയൊരു വിഭാഗം ജനത്തിനും വിദൂര സ്വപ്നം മാത്രമാണ്. കറണ്ട് കണക്ഷന്‍ ഉള്ളവര്‍ക്ക് തന്നെ അതിന്റെ ഗുണനിലവാരം, ലഭ്യമാകുന്ന മണിക്കൂറുകള്‍ എല്ലാം ഓണ്‍ലൈന്‍ ക്ലാസുകളെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്മെന്റ് 2017-'18ല്‍ ഗ്രാമങ്ങളില്‍ നടത്തിയ മിഷന്‍ അന്ത്യോദയ സര്‍വേയില്‍ 16 ശതമാനം വീടുകള്‍ക്ക് ഒന്നു മുതല്‍ എട്ട് മണിക്കൂര്‍ വരെയും, 33 ശതമാനത്തിന് 9 മുതല്‍ 12 മണിക്കൂര്‍ വരെയുമാണ് വൈദ്യുതി ലഭ്യമാകുന്നത്. 47 ശതമാനത്തിന് മാത്രമാണ് 12 മണിക്കൂറില്‍ കൂടുതല്‍  വൈദ്യുതി ലഭിക്കുന്നത്. 24 ശതമാനത്തിന് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കിലും 11 ശതമാനത്തിന് മാത്രമാണ് സ്വന്തമായി കമ്പ്യൂട്ടര്‍ ഉള്ളത്. സംസ്ഥാനങ്ങള്‍ക്കിടയിലും ഈ വിഷയത്തില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. കമ്പ്യൂട്ടര്‍ പ്രാപ്യമായ കുടുംബങ്ങള്‍ ബിഹാറില്‍ 4.6 ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ 23.5 ശതമാനവും ദല്‍ഹിയില്‍ 35 ശതമാനവും ആണ്. 2019-ലെ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 67 ശതമാനം പുരുഷന്മാര്‍ക്ക് ഇന്റര്‍നെറ്റ് പ്രാപ്യമാണെങ്കില്‍ സ്ത്രീകള്‍ക്ക്  അത് 33 ശതമാനം മാത്രമാണ്. ഗ്രാമങ്ങളില്‍ ആകട്ടെ ഈ അന്തരം യഥാക്രമം 72 ശതമാനവും 28 ശതമാനവും ആണ്. അതിനാല്‍ നല്ല ഒരു മുന്നൊരുക്കം നടത്തിക്കൊണ്ടല്ലാതെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് അല്‍പമാണെങ്കില്‍ പോലും നടന്നു നീങ്ങുന്നത്  ജനങ്ങള്‍ക്കിടയില്‍ വല്ലാത്ത വിടവും അസമത്വവും സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ ഡിജിറ്റല്‍ ഇ ലേണിംഗിനു വേണ്ടി 604 കോടി രൂപയാണ് 2019-'20 വര്‍ഷത്തില്‍ നീക്കിവെച്ചിരുന്നതെങ്കില്‍ നടപ്പുവര്‍ഷത്തില്‍ അത് 469 കോടി രൂപയാക്കി ചുരുക്കിയിട്ടുണ്ട്.
ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍  രാജ്യത്തിനു നല്‍കിയ പല വാഗ്ദാനങ്ങളില്‍ കോവിഡിനു ശേഷമുള്ള കാലത്ത്  വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്നതിനായി സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഊന്നല്‍ നല്‍കുമെന്ന സൂചന നല്‍കിയിട്ടണ്ട്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍  ഗ്രാമീണ നഗര വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും ടെക്നോളജി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്നും ഒന്നു മുതല്‍ 12 വരെ ഓരോ ക്ലാസ്സിനുമായി ഓരോ ടി. വി ചാനല്‍ വീതം സ്വയം പ്രഭ  ചാനലടക്കം  12 ചാനലുകള്‍ നല്‍കുമെന്നും അതു എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപയോഗപ്പെടുത്താമെന്നും പറയുന്നു. എല്ലാ ക്ലാസ്സിലെയും പാഠപുസ്തകത്തിന് ഇലക്‌ട്രോണിക് രൂപവും ക്യു ആര്‍ കോഡും ലഭ്യമാക്കുന്ന ദിക്ഷ പദ്ധതി ഇതിന്റെ  ഭാഗമാണ്. വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും അധ്യാപകരുടെയും മാനസിക-വൈകാരികക്ഷേമത്തിന് മനോ ദര്‍പ്പണ്‍ പദ്ധതി. മികച്ച 100 സര്‍വകലാശാലകള്‍ക്ക് ഈ മാസം തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ അനുമതി എന്നിവയും പ്രഖ്യാപനങ്ങളാണ്.  ഇത്തരം പദ്ധതികള്‍ മന്ത്രി നടത്തിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്നും സാധാരണക്കാരായ ആളുകള്‍ക്ക് എത്രമാത്രം ലഭ്യമാകും എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. നാളിതുവരെയുള്ള അനുഭവം വെച്ച് വലിയൊരു വിഭാഗത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയില്ല. അങ്ങനെ വന്നാല്‍ ഇതിന്റെ എല്ലാം തിക്തഫലം അനുഭവിക്കേണ്ടിവരിക സമൂഹത്തില്‍ ഇപ്പോള്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കിടക്കുന്ന ആദിവാസി,  പിന്നാക്ക  ദലിത് സമൂഹങ്ങളിലെ വിദ്യാര്‍ഥികള്‍ ആയിരിക്കും. വിദൂര വിദ്യാഭ്യാസം  വ്യാപകമാകുന്നതോടെ വിദ്യാഭ്യാസപരമായി ഏറെ പുറന്തള്ളപ്പെടാനുള്ള സാധ്യതയാണ് അവരെ സംബന്ധിച്ചേടത്തോളം നിലനില്‍ക്കുന്നത്. പ്രാദേശിക സാമുദായിക ഭാഷകള്‍ മാത്രം വശമുള്ളവര്‍ വിദ്യാഭ്യാസ മേഖലയില്‍ അവഗണിക്കപ്പെട്ടേക്കാം. ഭരണകൂടങ്ങള്‍ വിചാരിച്ചാല്‍ പലരെയും പൂര്‍ണമായി അകറ്റിനിര്‍ത്താനും പുരോഗതിയുടെ വാതിലുകള്‍ അടയ്ക്കാനും ഇതിലൂടെ സാധിക്കും. കശ്മീരിലും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.

മാതാപിതാക്കള്‍

മക്കളെ ഏതെങ്കിലും ഒരു നല്ല കലാലയത്തില്‍ ചേര്‍ത്തുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചു എന്ന് വിചാരിച്ച് മാറിനില്‍ക്കാന്‍ ഇത്തരം സംവിധാനങ്ങളില്‍ രക്ഷിതാക്കള്‍ക്ക് കഴിയില്ല. കൂടെ നിന്ന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തേ മതിയാവൂ. അത് ശരിയായ രീതിയില്‍ സാധ്യമാകണമെങ്കില്‍ മാതാപിതാക്കള്‍ക്കും ഈ രംഗത്ത് ചില പരിശീലനങ്ങള്‍ നല്‍കേണ്ടിവരും. എന്നാലും മാതാക്കള്‍ കൂടി ഉദ്യോഗസ്ഥരായ കുടുംബങ്ങളില്‍ ഇത് വലിയ ഭാരമായിരിക്കും. വീടിനകത്ത് രക്ഷിതാക്കള്‍ക്ക് ഇത്തരം ഒരു പഠനരീതിയെ പ്രാവര്‍ത്തികമാക്കുന്നതിനും വിജയപ്രദമാക്കുന്നതിനും കൂട്ടായ ചില നീക്കുപോക്കുകളും പരിശീലനങ്ങളും കൂടിയേ തീരൂ. കോവിഡാനന്തര കാലത്ത്  കൂടുതല്‍ വ്യാപകമാകാന്‍ പോകുന്ന 'വര്‍ക്ക് അറ്റ് ഹോം' സംവിധാനങ്ങള്‍  മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ സ്വീകരിക്കുക വഴി ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാവുന്നതാണ്.

ഉന്നത വിദ്യാഭ്യാസം, ശ്രദ്ധിക്കേണ്ടത്

സമീപഭാവിയില്‍ തന്നെ നിലവിലുള്ള ആയിരക്കണക്കിന് ജോലിസാധ്യതകള്‍ ഇല്ലാതെയാവും. പുതിയവ പലതും കടന്നു വരും. അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രായോഗിക പരിശീലനങ്ങളും ഗവേഷണങ്ങളും ആരംഭിക്കേണ്ടതുണ്ട്. മാനസിക-ശാരീരിക ആരോഗ്യം,  പ്രതിരോധശേഷി, പാരിസ്ഥിതിക പഠനങ്ങള്‍, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തുടങ്ങിയവയില്‍ സമൂല മാറ്റം കടന്നുവരും. കുടുംബജീവിതം, എത്തിക്സ്, തിയോളജി തുടങ്ങിയ വിഷയങ്ങള്‍ പുതിയ ശൈലിയിലും രൂപത്തിലും അവതരിപ്പിക്കാന്‍ കഴിയാതെ പോയാല്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരും. എത്ര പുരോഗമിച്ചാലും മനുഷ്യനെ സംബന്ധിച്ചേടത്തോളം അടിസ്ഥാന വികാരങ്ങളും ആഗ്രഹങ്ങളും ചോദനകളും അതേപടി നിലനില്‍ക്കുന്നു. അവയെ അഡ്രസ്സ് ചെയ്യാതെ മുന്നോട്ടു പോകാന്‍ സാധ്യമല്ല. അത്തരം വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരിക്കുലം പ്ലാനിംഗിനാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് നാം ശ്രദ്ധ ചെലുത്തേണ്ടത്.
ചുരുക്കത്തില്‍, നിലവിലെ സ്ഥിതിഗതികള്‍ മാറി സാധാരണ നിലയിലേക്ക് ലോകം വരുന്നതോടുകൂടി ടെക്നോളജി ക്ലാസ് റൂം അധ്യയനങ്ങളുടെ വലിയ ഒരു അംശം കവര്‍ന്നെടുക്കും. മാറ്റങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ പുറന്തള്ളപ്പെടും. കോവിഡ് 19 നമുക്ക് നല്‍കിയ പാഠം എത്ര ദുര്‍ബലമായ ഒന്നാണ് മനുഷ്യജീവിതം എന്നതാണ്. ഒരു ചെറിയ വൈറസ് ലോകത്ത് വരുത്തിയ മാറ്റം അപാരമാണ്. അതിനാല്‍ തന്നെ, ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാനുള്ള EQ (Emotional Quotient) അഥവാ മനക്കരുത്ത് വളര്‍ത്തിയെടുക്കല്‍ മറ്റെല്ലാറ്റിലുമുപരി ഒരു വിദ്യാഭ്യാസ ലക്ഷ്യമാകണം. അതിലേക്ക് ടെക്നോളജിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് ഇനിയും ചര്‍ച്ച ചെയ്യേണ്ടതാണ്. തേനീച്ചയെ പോലെ പണി എടുക്കേണ്ടവരാണ് അധ്യാപകര്‍. എല്ലാറ്റില്‍നിന്നും നന്മ സ്വാംശീകരിച്ച്, നല്ലത് തെരഞ്ഞെടുത്ത് അതെല്ലാം ഒന്നു ചേര്‍ത്ത്  വിദ്യാര്‍ഥികളില്‍ പല പുഷ്പങ്ങളില്‍ നിന്നും തേന്‍ ശേഖരിച്ച് ഒരുമിച്ച് മധുരമൂറുന്ന തേനായി നല്‍കുന്ന തേനീച്ചയെ പോലെ പകര്‍ന്നുനല്‍കേണ്ടവരാണ് അധ്യാപകര്‍. പൊളിച്ചെഴുത്തുകള്‍ നടക്കും തീര്‍ച്ച. അവ ഉള്‍ക്കൊണ്ട് സ്വയം മെച്ചപ്പെടുത്താന്‍ സന്നദ്ധരാവാത്ത അധ്യാപകരും സ്ഥാപനങ്ങളും തിരശ്ശീലക്കു പിന്നില്‍ മറയ്ക്കപ്പെടും. അധ്യാപകര്‍ ആകുന്ന വികാരവും വിചാരവും വിവേകവുമുള്ള മനുഷ്യസാന്നിധ്യത്തിനും അവരില്‍നിന്നും തലമുറകള്‍ക്ക് ലഭ്യമാകുന്ന പ്രചോദനങ്ങള്‍ക്കും പകരമാവാന്‍ ഒരു സാങ്കേതിക വിദ്യക്കും സാധ്യമല്ലെങ്കിലും അവ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികളുടെ മനസ്സിലും മസ്തിഷ്‌കത്തിലും പണിയെടുക്കാനുള്ള പ്രാപ്തി അധ്യാപകരില്‍ വളര്‍ത്തിയെടുക്കാന്‍ പണം ചെലവഴിക്കുന്നതില്‍ ഒരു പിശുക്കും സ്ഥാപനങ്ങളും സര്‍ക്കാരും കാണിക്കരുത്.

 

അധ്യാപകരും സ്ഥാപനങ്ങളും

അധ്യാപകരെയും സ്ഥാപനങ്ങളെയും സംബന്ധിച്ചേടത്തോളം സ്വന്തം നിലനില്‍പ്പിന് വേണ്ടി കഠിനമായി  പ്രയത്നിക്കേണ്ടി വരും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കൂടുതല്‍ സജീവമാകുന്നതോടുകൂടി വിവിധ സ്ഥാപനങ്ങളെ കുറിച്ചും അധ്യാപകരെ കുറിച്ചും ബോര്‍ഡുകളെ കുറിച്ചും അടുത്തറിയാനും താരതമ്യം ചെയ്യാനും ഏവര്‍ക്കും സാധ്യമാകുന്നു എന്നതിനാല്‍  സ്വന്തം കഴിവ് തെളിയിച്ചു മുന്നോട്ടുപോകുന്നവര്‍ക്ക് മാത്രമേ ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. വീടിന് തൊട്ടടുത്തുള്ള സ്ഥാപനത്തില്‍ തന്നെ ചേര്‍ന്ന് പഠിക്കണം എന്നത് ഒരു അനിവാര്യത അല്ലാതായി മാറുകയും,  ലോകത്തിന്റെ ഏതു ഭാഗത്തുള്ള സ്ഥാപനത്തിലും അഡ്മിഷന്‍ ലഭിക്കുമെന്ന് വരികയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഇത് വലിയ മത്സരങ്ങള്‍ക്ക് വഴിയൊരുക്കും. ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമാക്കാന്‍ കഴിയും എന്ന പൊതുബോധം ഉണ്ടായിട്ടുണ്ട്. സ്വന്തമായി ചോദ്യപേപ്പര്‍ പോലും ടൈപ്പ് ചെയ്യാന്‍ അടുത്തകാലം വരെ മടിച്ചിരുന്ന അധ്യാപകര്‍ക്കാണ് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഒക്കെ ഉപയോഗിച്ച് മാത്രം ക്ലാസ്സുകള്‍ നടത്തേണ്ടി വന്നത്. പലരും വല്ലാതെ സംഘര്‍ഷം അനുഭവിച്ചതായി പറയുന്നു. ശരീരഭാഷ, ആശയവിനിമയത്തിലെ മികവ്, വസ്ത്രധാരണം എന്നിവയിലെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടി വന്നു. ഇനി ഈ മാര്‍ക്കറ്റില്‍ ഇടം നിലനിര്‍ത്തണമെങ്കില്‍ ഓണ്‍ലൈന്‍ ടൂളുകള്‍, വ്യത്യസ്ത പ്രോഗ്രാമിംഗ് ഭാഷകള്‍, വീഡിയോ നിര്‍മാണം, വീഡിയോ എഡിറ്റിംഗ്, ഡാറ്റാ ശേഖരണം, ഡാറ്റാ ഫയലിംഗ് തുടങ്ങി എല്ലാ സാങ്കേതിക വിദ്യകളും ചോക്കും  ബോര്‍ഡും ഉപയോഗിച്ചിരുന്ന അതേ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പഠിച്ചേ മതിയാകൂ. തന്നെയുമല്ല സ്വന്തം നാടിനെ കുറിച്ച് മാത്രം പഠിച്ചുകൊണ്ട്  അധ്യയനം നടത്താന്‍ ഇനി അധ്യാപകര്‍ക്കോ, കരിക്കുലം തയാറാക്കാന്‍ വിവിധ ബോര്‍ഡുകള്‍ക്കോ സാധ്യമല്ല. ലോകം മുഴുവന്‍ ഒരു ഇ- ലോകത്തില്‍ ഒന്നിക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തിലെ ആനുകാലിക സാമൂഹിക-രാഷ്ട്രീയ - പ്രകൃതിപരമായ മാറ്റങ്ങള്‍ കൂടി വ്യക്തമായി  തിരിച്ചറിഞ്ഞു വേണം പാഠഭാഗങ്ങള്‍ തയാറാക്കാന്‍. അടുത്ത അധ്യയന വര്‍ഷം  ലോക വിദ്യാഭ്യാസ ഭൂപടത്തില്‍ പലവിധത്തിലുള്ള പരീക്ഷണങ്ങളുടെയും കാലമായിരിക്കും. ഇതില്‍ ഏറ്റവും ഫലപ്രദമായ പരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്ന ബോര്‍ഡുകള്‍ക്കായിരിക്കും തുടര്‍ന്നുള്ള നിലനില്‍പ്പ്.
സ്ഥാപനങ്ങളെ സംബന്ധിച്ചേടത്തോളം കോവിഡാനന്തര കാലത്തെ നേരിടാന്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍:
1) സ്ഥാപനത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സാധ്യമാകുന്ന തരത്തില്‍ മാറ്റിപ്പണിയുക.
2) അധ്യാപകര്‍ക്ക് പുതിയ സാങ്കേതിക വിദ്യയില്‍ നൈപുണ്യം നേടാനുള്ള പ്രോത്സാഹനവും പരിശീലനവും നല്‍കുക.
3) രക്ഷിതാക്കള്‍ക്ക് ടെക്നോളജി ഫലപ്രദമായി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണവും ആവശ്യമായ പരിശീലനവും നല്‍കുക.
സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രത്യേക കാര്യം, ഇതിനകം തന്നെ പല കച്ചവടസ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളും മോഡ്യൂളുകളും തയാറാക്കി നല്‍കാം എന്ന മോഹന വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. അവയിലെ കച്ചവടതന്ത്രം തിരിച്ചറിഞ്ഞ് സ്വന്തം സ്ഥാപനത്തിന്റെ ആവശ്യം സ്വന്തം സ്ഥാപനത്തിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിക്കൊണ്ട്  തയാറാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കൃത്രിമമായി ആരെങ്കിലും തയാറാക്കുന്ന മോഡ്യൂളുകളേക്കാള്‍ ഫലപ്രദം സ്വന്തം സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരുടെ തന്നെ അധ്യാപകര്‍ തയാറാക്കുന്നവയാണ്. കൂടാതെ പ്രസന്റേഷനുകളും വീഡിയോകളും അപ്ഡേറ്റ് ചെയ്യാനും  അത് സഹായിക്കും.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top