സദസ്സിലെ മര്യാദകള്‍

ഹൈദറലി ശാന്തപുരം No image

സാമൂഹിക ജീവിതത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യവും ഏറെ പ്രയോജനകരവുമാണ് വിവിധതരം കൂട്ടായ്മകളും അവയുടെ സംഗമങ്ങളും. വ്യത്യസ്ത മേഖലകളെ സ്പര്‍ശിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന സമ്മേളനങ്ങളും സദസ്സുകളും നിരവധിയാണ്. ചില സദസ്സുകള്‍ പരിമിതമായ ആളുകള്‍ സംബന്ധിക്കുന്ന കൊച്ചു കൂടിയാലോചനാ യോഗങ്ങളാണെങ്കില്‍ മറ്റു പല സദസ്സുകളും ആര്‍ക്കും പങ്കെടുക്കാവുന്ന പൊതു സമ്മേളനങ്ങളായിരിക്കും. ഏത് സദസ്സുകളുടെയും കാര്യക്ഷമമായ നടത്തിപ്പിന് ചില വ്യവസ്ഥകളും മര്യാദകളും പാലിക്കപ്പെടേണ്ടതുണ്ട്. മാനവജീവിതത്തിന്റെ മറ്റെല്ലാ മണ്ഡലങ്ങളിലുമെന്ന പോലെ ഈ വിഷയത്തിലും ഇസ്‌ലാം വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ട്. സദസ്സുകളുമായും അവയില്‍ പങ്കെടുക്കുന്നവരുമായും ബന്ധപ്പെട്ട പല നിര്‍ദേശങ്ങളും വിശുദ്ധ ഖുര്‍ആനിലും നബി വചനങ്ങളിലും കാണാവുന്നതാണ്.
പൊതു സദസ്സുകളില്‍ പലപ്പോഴും അനുഭവപ്പെടാറുള്ള ഒരു പ്രശ്നമാണ് സ്ഥലപരിമിതി. ആദ്യമാദ്യമെത്തുന്നവര്‍ക്ക് അനുയോജ്യമായ ഇരിപ്പിടങ്ങള്‍ ലഭിക്കുമ്പോള്‍ താമസിച്ചു വരുന്നവര്‍ക്ക് ഇരിക്കാന്‍ സ്ഥലം ലഭിക്കാതെ വരുന്നു. ചിലപ്പോള്‍ സദസ്സിലുള്ളവര്‍ വിടവുകള്‍ തീര്‍ത്ത് അല്‍പം ഒതുങ്ങിയിരിക്കുകയാണെങ്കില്‍ പിന്നീട് വരുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇരിക്കാന്‍ സൗകര്യം കിട്ടും. ഈ വിഷയത്തെ സൂചിപ്പിച്ചു അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, സദസ്സുകളില്‍ നിങ്ങള്‍ സൗകര്യമുണ്ടാക്കുക എന്ന് നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ സൗകര്യമുണ്ടാക്കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യം ചെയ്തുതരും. എഴുന്നേറ്റ് പോകാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളുടെ കൂട്ടത്തിലെ വിശ്വാസികള്‍ക്കും ജ്ഞാനികള്‍ക്കും അല്ലാഹു പദവികള്‍ ഉയര്‍ത്തിക്കൊടുക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു'' (അല്‍ മുജാദില: 11).
ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ശഹീദ് സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലമായി ഉദ്ധരിക്കപ്പെട്ട സംഭവത്തിന് മുനാഫിഖുകളുമായി ബന്ധമുണ്ടെന്ന് തല്‍സംബന്ധമായ നിവേദനങ്ങളില്‍നിന്ന് വ്യക്തമാകുന്നു.
ഖത്താദ പറയുന്നു: ഉദ്ബോധന സദസ്സുകളെക്കുറിച്ചാണ് ഈ സൂക്തം അവതരിച്ചിട്ടുള്ളത്. പ്രവാചകന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന സദസ്സിലേക്ക് ആരെങ്കിലും കടന്നുവരുന്നതു കണ്ടാല്‍ ഇരിപ്പിടങ്ങള്‍ പങ്കിടാന്‍ മടിക്കുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയാണ് സദസ്സുകളില്‍ സൗകര്യം ചെയ്തുകൊടുക്കാന്‍ അല്ലാഹു കല്‍പിച്ചത്.
മുഖാത്തിലുബ്നു ഹയ്യാന്‍ പറയുന്നു: 'ഒരു വെള്ളിയാഴ്ച ദിവസമാണ് ഈ സൂക്തം അവതരിച്ചത്. പ്രവാചകന്‍ അപ്പോള്‍ ഒരു കമ്പിളിപ്പുതപ്പില്‍ ഇരിക്കുകയായിരുന്നു. സദസ്സില്‍ സ്ഥലം കുറവായിരുന്നു. ബദ്റില്‍ പങ്കെടുത്ത മുഹാജിറുകളെയും അന്‍സാറുകളെയും ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു നബി. അപ്പോള്‍ ബദ്റില്‍ പങ്കെടുത്ത വേറെ കുറച്ചാളുകള്‍ അങ്ങോട്ടു വന്നു. വൈകി വന്നതിനാല്‍ അവര്‍ക്ക് ഇരിപ്പിടം കിട്ടിയില്ല. നബിയുടെ മുമ്പില്‍ വന്നുനിന്ന് അവര്‍ നബിക്ക് സലാം ചൊല്ലി. നബി സലാം മടക്കി. പിന്നെ അവര്‍ സദസ്യര്‍ക്കും സലാം പറഞ്ഞു. അവരും സലാം മടക്കി. സദസ്സില്‍ തങ്ങള്‍ക്ക് ഇടമുണ്ടാക്കിത്തരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവര്‍ വന്ന കാലില്‍ തന്നെ നിന്നു. ആരും സ്ഥലം കൊടുക്കാതിരുന്നപ്പോള്‍ അവര്‍ വിഷമിക്കുന്നുണ്ടെന്ന് നബി മനസ്സിലാക്കി. നബിക്കും അത് വളരെ വിഷമകരമായിരുന്നു. സദസ്സില്‍നിന്ന് ബദ്റുകാരല്ലാത്ത മുഹാജിറുകളെയും അന്‍സാറുകളെയും ചൂണ്ടി, അവരെ ഓരോരുത്തരെയായി എഴുന്നേല്‍പിച്ച് നിര്‍ത്തിയിട്ട്, പുതുതായി വന്ന തന്റെ മുന്നില്‍ വന്നിരുന്നവരെയെല്ലാം നബി തല്‍സ്ഥാനങ്ങളില്‍ ഇരുത്തി. ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കേണ്ടി വന്നവര്‍ക്ക് ഇത് പ്രയാസമുണ്ടാക്കി. അവരുടെ വ്യക്തമായ വിമ്മിട്ടം നബി കാണുകയും ചെയ്തു.
മുനാഫിഖുകള്‍ അപ്പോള്‍ പറഞ്ഞു: നിങ്ങളുടെ ഈ കൂട്ടുകാരന്‍ മനുഷ്യര്‍ക്കിടയില്‍ നീതി സ്ഥാപിക്കുന്നു എന്നല്ലേ നിങ്ങളുടെ വാദം? പടച്ചവനാണ, ഈ ആളുകളോട് അദ്ദേഹം നീതി പാലിച്ചുവെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. ഒരു കൂട്ടര്‍ അവരുടെ നബിയുടെ സാമീപ്യം കൊതിച്ച് നേരത്തേ വന്ന് സഭയില്‍ സ്ഥാനം പിടിച്ചു. അവരെ എഴുന്നേല്‍പിച്ച് അദ്ദേഹം വൈകി വന്നവര്‍ക്ക് ഇരിപ്പിടം കൊടുത്തു.
പിന്നീട് പ്രവാചകന്‍ പറഞ്ഞു: 'സ്വന്തം സഹോദരനുവേണ്ടി സൗകര്യം ചെയ്തവരോട് അല്ലാഹു കരുണ കാണിക്കട്ടെ.'
ഇത് കേട്ടതോടെ അവര്‍ വേഗം വേഗം എഴുന്നേല്‍ക്കാനും സഹോദരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിക്കൊടുക്കാനും തുടങ്ങി. അന്നാണ് ഈ സൂക്തം അവതരിച്ചത്'' (ഖുര്‍ആന്റെ തണലില്‍, ഭാഗം 11 പേജ് 593,594).
മൗലാനാ അബുല്‍ അഅ്ലാ മൗദൂദി എഴുതുന്നു:
''കുറേയാളുകളിരിക്കുന്ന ഒരു സദസ്സിലേക്ക് പുറത്തുനിന്ന് കുറച്ചാളുകള്‍ കൂടി വന്നാല്‍ നേരത്തേ സ്ഥലം പിടിച്ചവര്‍ അല്‍പമൊന്നൊരുങ്ങിയിരുന്ന് നവാഗതര്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാന്‍ സന്മനസ്സ് കാണിക്കാറില്ല. നവാഗതര്‍ക്ക് നില്‍ക്കേണ്ടി വരികയോ പുറത്തിരിക്കേണ്ടി വരികയോ അല്ലെങ്കില്‍ തിരിച്ചുപോവുകയോ അതുമല്ലെങ്കില്‍ സദസ്സില്‍ ഇനിയും സ്ഥലമുണ്ടെന്ന് കണ്ട് സദസ്യരെ തിക്കിത്തിരക്കിയും കവച്ചുവെച്ചും സ്ഥലം പിടിക്കേണ്ടിവരികയോ ആണ് അതിന്റെ ഫലം. തിരുമേനി(സ)യുടെ സദസ്സുകളില്‍ ഇങ്ങനെയൊക്കെ പലപ്പോഴും സംഭവിക്കാറുണ്ടായിരുന്നു, അതുകൊണ്ട് അല്ലാഹു അവരോട് ഉപദേശിച്ചു: സദസ്സുകളില്‍ സ്വാര്‍ഥതയും സങ്കുചിതത്വവും കാണിക്കരുത്. പിറകെ വരുന്നവര്‍ക്ക് തുറന്ന മനസ്സോടെ സ്ഥലമുണ്ടാക്കി കൊടുക്കണം'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം 5, പേജ് 305).
ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ വിധിയെ പ്രവാചക സദസ്സിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മുസ്‌ലിംകളുടെ എല്ലാ സദസ്സിനും ബാധകമായ ഒരു പൊതു മാര്‍ഗദര്‍ശനമാണിതെന്നത്രെ ശരിയായിട്ടുള്ളത്. അല്ലാഹുവും അവന്റെ ദൂതനും മുസ്‌ലിംകളെ പഠിപ്പിച്ച സഭാമര്യാദകളില്‍ ഒന്നാണിതും. നേരത്തേ കുറച്ചു പേരുപവിഷ്ടരായിട്ടുള്ള ഒരു സദസ്സിലേക്ക് പിന്നീട് കുറേയാളുകള്‍ എത്തിച്ചേര്‍ന്നാല്‍ അല്‍പം ഞെരുങ്ങിയും ഒതുങ്ങിയും നവാഗതര്‍ക്ക് കഴിയുന്നത്ര സ്ഥലമുണ്ടാക്കിക്കൊടുക്കാനുള്ള സംസ്‌കാരം നേരത്തേ ഇരിപ്പുറപ്പിച്ചവര്‍ക്കുണ്ടാവണം.
സദസ്സുമായി ബന്ധപ്പെട്ട് നബി (സ) പഠിപ്പിച്ച മറ്റൊരു മര്യാദയാണ് ഇരിക്കുന്ന ഒരാളെ എഴുന്നേല്‍പിച്ച് തല്‍സ്ഥാനത്ത് ഇരിക്കാതിരിക്കുക എന്നത്. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) അരുളി: ''നിങ്ങളില്‍ ഒരാളും മറ്റൊരാളെ അയാള്‍ ഇരിക്കുന്ന സ്ഥലത്തുനിന്ന് എഴുന്നേല്‍പിക്കുകയും എന്നിട്ടവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ വിശാലത കൈക്കൊള്ളുകയും സൗകര്യമൊരുക്കിക്കൊടുക്കുകയുമാണ് വേണ്ടത്'' (ബുഖാരി, മുസ്‌ലിം).
ഈ ഹദീസിന്റെ ആദ്യഭാഗം പുതുതായി സദസ്സിലേക്ക് വരുന്നവര്‍ക്കുള്ള നിര്‍ദേശമാണെങ്കില്‍ അവസാന ഭാഗം സദസ്സില്‍ മുമ്പേ ഉപവിഷ്ടരായ ആളുകളോടുള്ള കല്‍പനയാണ്. നവാഗതരായ ആളുകള്‍ മുമ്പേ സദസ്സില്‍ എത്തിയവരെ എഴുന്നേല്‍പിച്ച് തല്‍സ്ഥാനത്ത് ഇരിക്കരുത് എന്ന് പറയുന്നതോടൊപ്പം ആദ്യമെത്തിയവര്‍ പിന്നീട് വരുന്നവര്‍ക്ക് പരമാവധി ഒതുങ്ങിയിരുന്ന് സ്ഥലമൊരുക്കിക്കൊടുക്കാന്‍ ശ്രമിക്കണമെന്നാണ് പ്രവാചകന്‍ ആജ്ഞാപിക്കുന്നത്.
നബി തിരുമേനിയുടെ സദസ്സുകളില്‍ ഇടക്ക് വിടവില്ലാതെയാണ് സഹാബിമാര്‍ ഇരിക്കാറുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
മുന്‍ഭാഗത്ത് ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കില്‍ അത് പൂര്‍ത്തീകരിച്ച് ഇരിക്കുകയാണ് വേണ്ടത്. ചില പരിഗണനകള്‍ വെച്ച് സദസ്സില്‍ പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ തങ്ങള്‍ക്ക് നീക്കിവെക്കപ്പെട്ട ഇരിപ്പിടങ്ങളില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
അവശത, പ്രായാധിക്യം, പാണ്ഡിത്യം, സ്ഥാനം മുതലായവ പരിഗണിച്ച് സദസ്സിലുള്ളവരെ എഴുന്നേല്‍പിച്ച് നവാഗതരെ തല്‍സ്ഥാനത്ത് ഇരുത്താന്‍ ഇസ്‌ലാമിക നേതൃത്വത്തിന് അവകാശമുണ്ടായിരിക്കും. നേതൃത്വത്തിന്റെ കല്‍പനയനുസരിക്കാന്‍ സദസ്സിലിരിക്കുന്നവര്‍ക്ക് ബാധ്യതയുള്ളതുപോലെത്തന്നെ നവാഗതര്‍ക്ക് തല്‍സ്ഥാനങ്ങളിലിരിക്കാന്‍ അവകാശവുമുണ്ട്. മുമ്പുദ്ധരിച്ച സംഭവം അതിന് തെളിവാണ്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവരെ ആദരിക്കാനുള്ള സദസ്സില്‍ വൈകിയെത്തിയ ബദ്ര്‍ പോരാളികള്‍ക്ക് ബദ്‌റില്‍ പങ്കെടുക്കാത്തവരെ എഴുന്നേല്‍പിച്ച് നബി(സ) ഇരിപ്പിടങ്ങള്‍ നല്‍കുകയുണ്ടായി. ഇരിക്കുന്നവരെ എഴുന്നേല്‍പിച്ച് തല്‍സ്ഥാനത്ത് ഇരിക്കരുതെന്ന നബിവചനത്തിന് അത് എതിരാവുകയില്ല.
സദസ്സുകളുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ഒരാള്‍ ഇരുന്നു കഴിഞ്ഞ സീറ്റിന്റെ കാര്യത്തില്‍ അയാള്‍ക്കുള്ള അവകാശവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ ഇരിക്കുന്ന സ്ഥലത്തുനിന്ന് താല്‍ക്കാലികമായ എന്തോ ആവശ്യത്തിന് എഴുന്നേറ്റുപോയാല്‍ തിരിച്ചുവരുമ്പോള്‍ ആ സ്ഥലത്തിന് അയാള്‍ക്ക് അവകാശമുണ്ടോ? അവിടെ മറ്റാരെങ്കിലും ഇരുന്നുപോയിട്ടുണ്ടെങ്കില്‍ ആദ്യമിരുന്ന ആള്‍ തിരിച്ചുവരുമ്പോള്‍ പിന്നീട് വന്നിരുന്ന ആള്‍ എഴുന്നേറ്റുകൊടുക്കേണ്ടതുണ്ടോ? ഈ വിഷയത്തില്‍ പ്രവാചകന്‍ (സ) തന്നെ തീര്‍പ്പ് കല്‍പിച്ചിട്ടുണ്ട്. റസൂല്‍ (സ) പ്രസ്താവിച്ചതായി അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: 'നിങ്ങളിലൊരാള്‍ താനിരിക്കുന്ന സ്ഥലത്തുനിന്ന് എഴുന്നേല്‍ക്കുകയും പിന്നീട് അവിടേക്ക് തിരിച്ചുവരികയുമാണെങ്കില്‍ അവനാണ് ആ സ്ഥലത്തിന് ഏറ്റവും അവകാശപ്പെട്ടവന്‍' (മുസ്‌ലിം).
പെട്ടെന്ന് തിരിച്ചുവരാവുന്ന തരത്തില്‍ ഒരാള്‍ എഴുന്നേറ്റു പോകുമ്പോള്‍ മാത്രമാണ് ഈ അവകാശം.
സ്ഥിരമായി നടക്കുന്ന ഒരു പഠനക്ലാസില്‍ ഒരാള്‍ ഒരു സ്ഥലത്ത് ഇരുന്നുപോയിട്ടുണ്ടെങ്കില്‍ ആ സ്ഥലം സ്ഥിരമായി തനിക്കവകാശപ്പെട്ടതാണെന്ന് ധരിക്കുന്നതും മറ്റാരെങ്കിലും അവിടെ ഇരുന്നു പോയാല്‍ അത് തന്റെ അവകാശത്തിനു മേലുള്ള കൈയേറ്റമായി ഗണിച്ച് നീരസം പ്രകടിപ്പിക്കുന്നതും.
ചിലപ്പോള്‍ ചിലര്‍ പ്രത്യേകം ഇരിപ്പിടങ്ങള്‍ തെരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ടാവാം. കേള്‍വിക്കുറവുള്ളവര്‍ മുന്‍ഭാഗത്തും കൂടുതല്‍ കാറ്റ് ആവശ്യമുള്ളവര്‍ ഫാനിനു താഴെയും കാറ്റ് ആവശ്യമില്ലാത്തവര്‍ ഫാനില്‍നിന്ന് അകന്നുമുള്ള സീറ്റുകളാണ് പലപ്പോഴും തെരഞ്ഞെടുക്കുക. അത്തരം പ്രത്യേക ആവശ്യങ്ങളുള്ളവരെ മറ്റുള്ളവര്‍ പരിഗണിക്കുകയും സ്വന്തം ആവശ്യങ്ങളേക്കാള്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുകയുമാണ് വേണ്ടത്.
നബി(സ) വിലക്കിയ മറ്റൊരു കാര്യമാണ് വൃത്താകൃതിയിലുള്ള സദസ്സിന്റെ മധ്യത്തില്‍ ഇരിക്കുക എന്നത്. സദസ്യര്‍ പരസ്പരം അഭിമുഖമായി ഇരുന്ന് സംസാരിക്കുന്നതിന് അത് തടസ്സം സൃഷ്ടിക്കും. ഇസ്‌ലാം വിഭാവന ചെയ്യുന്ന സൗന്ദര്യ സങ്കല്‍പത്തിന് എതിരുമാണ് അത്.
അബൂ മിജ്‌ലസ് (റ) നിവേദനം ചെയ്യുന്നു: ഒരാള്‍ വൃത്താകൃതിയിലുള്ള ഒരു സദസ്സിന്റെ മധ്യത്തില്‍ ഇരുന്നപ്പോള്‍ ഹുദൈഫ (റ) പറഞ്ഞു: 'വൃത്തത്തിനു മധ്യത്തിലിരിക്കുന്നവന്‍ മുഹമ്മദ് നബി(സ)യുടെ നാവിലൂടെ ശപിക്കപ്പെട്ടവനാണ്. അല്ലെങ്കില്‍ മുഹമ്മദ് നബി(സ)യുടെ നാവിലൂടെ അല്ലാഹു അവനെ ശപിച്ചിരിക്കുന്നു' (തിര്‍മിദി).
മതപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സദസ്സാണ് വെള്ളിയാഴ്ച തോറും പള്ളികളില്‍ ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന സദസ്സ്. അതിന്റെ പ്രാധാന്യവും നബിവചനങ്ങളില്‍ വന്നിട്ടുണ്ട്. സല്‍മാനുല്‍ ഫാരിസി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) പ്രസ്താവിക്കുന്നു: 'ഒരാള്‍ വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയാവുകയും എണ്ണ തേക്കുകയോ തന്റെ വീട്ടിലുള്ള സുഗന്ധമെടുത്ത് പൂശുകയോ ചെയ്യുകയും പിന്നീട് (പള്ളിയിലേക്ക്) പുറപ്പെടുകയും അവിടെ ഒന്നിച്ചിരിക്കുന്ന രണ്ടു പേര്‍ക്കിടയില്‍ വേര്‍പിരിക്കാതിരിക്കുകയും തനിക്ക് സാധിക്കുന്നത്ര നമസ്‌കരിക്കുകയും ഇമാം സംസാരിക്കുമ്പോള്‍ മൗനം ദീക്ഷിക്കുകയുമാണെങ്കില്‍ അവന് ആ ജുമുഅക്കും അടുത്ത ജുമുഅക്കുമിടയില്‍ സംഭവിക്കുന്ന പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്' (ബുഖാരി).
എണ്ണ തേച്ച് ചീകിവെക്കാത്ത പാറിപ്പറക്കുന്ന തലമുടിയോടുകൂടി സദസ്സിലേക്ക് വന്ന ഒരാളെ വീട്ടില്‍ പോയി മുടിയില്‍ എണ്ണപൂശി ചീകി വരാന്‍ നബി(സ) മറ്റൊരിക്കല്‍ തിരിച്ചയക്കുകയുണ്ടായി. എണ്ണ തേച്ച് മുടി ചീകിയ ശേഷം അയാള്‍ വന്നപ്പോള്‍ പ്രവാചകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഒരാള്‍ പിശാചിന്റെ തലപോലെയുള്ള തലയുമായി നടക്കുന്നതിനേക്കാള്‍ എത്ര നല്ലതാണ് ഈ രൂപത്തിലുള്ള തലയുമായി നടക്കുന്നത്.'
സദസ്യര്‍ക്ക് അരോചകമായ വാസന അനുഭവിക്കേണ്ടി വരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പള്ളികളിലും മറ്റു സദസ്സുകളിലും പങ്കെടുക്കാന്‍ പാടില്ലാത്തതാണ്. ഉള്ളി, വെള്ളുള്ളി മുതലായ വസ്തുക്കള്‍ ഭക്ഷിച്ചുകൊണ്ട് പള്ളിയില്‍ വരുന്നത് നബി(സ) വിലക്കിയിരിക്കുന്നു.
ജാബിറി(റ)ല്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: 'ഉള്ളിയോ വെള്ളുള്ളിയോ ഭക്ഷിച്ചവന്‍ നമ്മില്‍നിന്ന് അകന്നുനിന്നുകൊള്ളട്ടെ.'
മറ്റൊരു റിപ്പോര്‍ട്ടില്‍ വരുന്നു: 'ഉള്ളിയും വെള്ളുള്ളിയും കാട്ടുള്ളിയും ഭക്ഷിച്ചവന്‍ നമ്മുടെ പള്ളിയോടടുക്കരുത്. കാരണം മനുഷ്യര്‍ക്ക് വിഷമമുണ്ടാക്കുന്നത് മലക്കുകളെയും വിഷമിപ്പിക്കുന്നു' (മുസ്‌ലിം).
വെള്ളിയാഴ്ച ഖുത്വ്ബ നടക്കുമ്പോള്‍ നിശ്ശബ്ദമായിരുന്ന് അത് സശ്രദ്ധം ശ്രവിക്കല്‍ നിര്‍ബന്ധമാകുന്നു. നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ''ജുമുഅ ദിവസം ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സംസാരിക്കുന്നവന്‍ ഏടുകള്‍ ചുമക്കുന്ന കഴുതയെപ്പോലെയാകുന്നു. 'അവനോട് മിണ്ടാതിരിക്കുക' എന്ന് പറയുന്നവന് ജുമുഅയില്ല'' (അഹ്മദ്).
വെള്ളിയാഴ്ച പ്രഭാഷണം നടക്കുന്ന സമയത്ത് മൗനം ദീക്ഷിക്കല്‍ നിര്‍ബന്ധമാണ് എന്ന് മാത്രമല്ല, സംസാരിക്കുന്നവനോട് മൗനമവലംബിക്കാന്‍ ഉപദേശിക്കുന്നതും നിഷിദ്ധമാണ്. നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: ''ജുമുഅ ദിവസം ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ നീ നിന്റെ കൂട്ടുകാരനോട് 'മിണ്ടാതിരിക്കുക' എന്ന് പറഞ്ഞാല്‍ നീ അനാവശ്യമാണ് പ്രവര്‍ത്തിച്ചത്'' (അബൂദാവൂദ്).
പ്രവാചകശിഷ്യനായ അബൂദര്‍റ് (റ) പറയുന്നു: ഒരിക്കല്‍ നബി(സ) മിമ്പറില്‍ കയറിയിരുന്നു. തുടര്‍ന്ന് ജനങ്ങളെ അഭിമുഖീകരിച്ച് പ്രസംഗിക്കുന്നതിനിടയില്‍ ഒരു ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തു. അപ്പോള്‍ എന്റെ സമീപത്തുണ്ടായിരുന്ന ഉബയ്യുബ്നു കഅ്ബിനോട്, ഈ ഖുര്‍ആന്‍ സൂക്തം എപ്പോഴാണവതരിച്ചതെന്ന് രണ്ടു പ്രാവശ്യം ചോദിച്ചിട്ടും എന്നോട് സംസാരിക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല. പിന്നീട് തിരുമേനി (സ) മിമ്പറില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഉബയ്യ് എന്നോട് പറഞ്ഞു: 'താങ്കള്‍ അനാവശ്യമായി സംസാരിച്ചത് ഒഴികെയുള്ളത് മാത്രമേ താങ്കളുടെ ജുമുഅയില്‍നിന്ന് താങ്കള്‍ക്കുള്ളൂ.' നബി(സ)യുടെ നമസ്‌കാരം കഴിഞ്ഞ ശേഷം ഞാന്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു: 'ഉബയ്യ് പറഞ്ഞത് സത്യമാണ്. ഇമാം സംസാരിക്കുന്നത് കേട്ടാല്‍ അദ്ദേഹം സംസാരം നിര്‍ത്തുന്നതു വരെ നിശ്ശബ്ദനായി കേട്ടുകൊണ്ടിരിക്കുക' (അഹ്മദ്).
സംസാരം സശ്രദ്ധം ശ്രവിച്ച് അതില്‍ ഏറ്റവും ഉത്തമമായതിനെ പിന്‍പറ്റുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ലഭിക്കുമെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും അവരെ വാഴ്ത്തിപ്പറയുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: ''പ്രവാചകരേ, താങ്കള്‍ എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍നിന്ന് ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍. ബുദ്ധിമാന്മാരും അവര്‍ തന്നെ'' (അസ്സുമര്‍: 17,18).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top