വസൂരി വന്ന വഴി

സൂപ്പി, വാണിമേല്‍ No image

കാലം 1946, 47.                                      
ചിയ്യൂര്‍, നാദാപുരം ഒലിപ്പില്‍ ശ്മശാനത്തില്‍ പതിവുപോലെ തെങ്ങ് കയറ്റിക്കാന്‍ പോയതാണ് പള്ളി  പരിപാലകനായ സുപ്പീക്ക. സമയം രാവിലെ പത്തു മണിയായിക്കാണും.                                 
ഇടതൂര്‍ന്നു നില്‍ക്കുന്ന കാടുള്ളതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് പൊയ്യക്കാരന്‍ -തെങ്ങുകയറ്റക്കാരന്‍- ഓരോ തെങ്ങിലും കയറിക്കൊണ്ടിരുന്നത്.                                       
ഇതിനിടെ ഒരു തെങ്ങില്‍ കയറി അതിന്റെ മണ്ടയിലെത്തിയ അദ്ദേഹം, എന്തോ കണ്ട് പേടിച്ചിട്ടെന്ന പോലെ വിളിച്ചുപറഞ്ഞു; 'മാപ്ലേ..... തൂപ്പ്യാപ്ലേ.... നോക്ക്,                          
അങ്ങ്.. കാട്ടിന്റെ ഉള്ള്ന്ന് ആരോ ഇണ്ട്           
ഞരങ്ങോം, മൂളോം ചെയ്യ്ന്ന്,                              
ഒന്ന് ബേകം ചെന്നോക്കീ... '                               
പറഞ്ഞു തീരുന്നതിനു മുമ്പ്                                 
സ്ഥലത്തെത്തിയ സുപ്പീക്ക                                
ആളെക്കണ്ടതും പേടിച്ച് പിന്നോട്ട് മാറിക്കൊണ്ട് ചോദിച്ചു;                                      
'റബ്ബുല്‍ ആലമീനേ..ആരാ ഇങ്ങള്.... എങ്ങിനെ ഇവിടെ എത്തി?! എപ്പാ                    
ബസൂരി ദീനം മന്നത്.. ഇങ്ങക്ക്                           
ആരും ഇല്ലേ....?!'                                                  
'എല്ലം പറഞ്ഞേര, എനിക്ക് എന്തെങ്കിലും ബെള്ളം കുടിക്ക്യോന്‍ മാണം. തൊണ്ട ഇപ്പം പൊട്ടിപ്പോകും.' രോഗിയുടെ ദൈന്യതയാര്‍ന്ന അപേക്ഷ കേട്ട സുപ്പീക്ക, അധികമാലോചിക്കാതെ, തെങ്ങിന്റെ മണ്ടയില്‍ സ്തംഭിച്ചുനിന്നുപോയ പൊയ്യക്കാരനെ നോക്കിക്കൊണ്ട് പറഞ്ഞു;                                                               
'ഒരു കൊല എളന്നിന്‍                  
കൊത്തീങ്ങ് തായേട്, എന്നിട്ട്                              
ഇഞ്ഞ് ബേകം കീഞ്ഞ്ങ്ങ് ബാ...'                    
പറഞ്ഞതു പോലെ ഇറങ്ങി വന്ന പൊയ്യക്കാരന്‍ ചെത്തിക്കൊടുത്ത ഓരോ ഇളനീരും, ഒന്നിനു പിറകെ ഒന്നായി                                     
ദൂരെ വെച്ച് കൊടുത്തുകൊണ്ട്                           
മാറി നിന്ന സുപ്പീക്കാനോട്, ഇളനീര്‍                   
കുടിച്ച് അല്‍പമെങ്കിലും                                      
ദാഹ ശമനം വന്ന രോഗി,  നടന്ന  സംഭവമെല്ലാം ചുരുങ്ങിയ വാക്കില്‍  വിവരിച്ചുകൊടുത്തു. 
മദിരാശിയില്‍ പ്രവാസിയായ അദ്ദേഹത്തിന്            
അവിടെ വെച്ചാണ് അക്കാലത്തെ മഹാമാരിയായ വസൂരി രോഗം പിടിപെട്ടത്.            
വസൂരിയാണെന്നറിഞ്ഞപ്പോള്‍   കൂടെയുള്ളവര്‍ ആട്ടിയകറ്റി. അധികൃതര്‍        
അറിഞ്ഞാല്‍ യാത്രാ വിലക്കുണ്ടാകുമെന്ന്     
കരുതി ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍          
കയറിപ്പറ്റി. തിരിച്ചറിയാതിരിക്കാന്‍                  
കറുത്ത കമ്പിളി പുതച്ചായിരുന്നു യാത്ര.          
നാദാപുരം റോഡ് സ്റ്റേഷനിലെത്തുമ്പോള്‍       
നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു.                      
അവിടെയിറങ്ങി കുറുക്കുവഴിയില്‍                 
മെയിന്‍ റോഡിലെത്തി.                                        
ഒരു കാളവണ്ടിയില്‍ കയറി  നാദാപുരത്തെത്തുമ്പോഴേക്കും                        
അര്‍ധരാത്രി കഴിഞ്ഞിരുന്നു.                             
തീവണ്ടിയില്‍നിന്നും കഴിച്ച                               
ഭക്ഷണമൊക്കെ പണ്ടെന്നോ ദഹിച്ചു               
പോയിട്ടുണ്ടായിരുന്നു. വിശപ്പും ദാഹവും രോഗാവസ്ഥയും, പരിക്ഷീണിതനാക്കിയെങ്കിലും,                           
വെളുക്കുന്നതിന് മുമ്പ്                                         
ആരും കാണാതെ വീട്ടില്‍                                   
നടന്നെത്താന്‍ തന്നെയായിരുന്നു തീരുമാനം. പക്ഷേ,                                              
ഒലിപ്പിലെത്തിയതും നേരം പരപരാ               
വെളുക്കുന്നതു കണ്ട് പള്ളിക്കാട്ടില്‍                  
കയറി ഒളിച്ചിരിക്കുകയായിരുന്നു.                     
ആളുകള്‍ കണ്ടാല്‍ അധിക്ഷേപിച്ചു                
കളയുമോ എന്ന പേടിയായിരുന്നു                      
അദ്ദേഹത്തെ അങ്ങനെ ചെയ്യാന്‍                   
പ്രേരിപ്പിച്ചത്. കഥയറിഞ്ഞ് വാ പൊളിച്ചു നിന്നു പോയ സുപ്പീക്കാനോട്                               
രോഗി വീണ്ടും പറഞ്ഞു;                                     
'ഞാന്‍ വെള്ളിയോട്ട് വാണിമേല്‍ക്കാരനാ,                            
അമ്മതെന്നാ പേര്. ശേഷം വീട്ടുപേരും  പറഞ്ഞു കൊടുത്തു 'എങ്ങിനേങ്കിലും എന്നെ വീട്ടില്‍ എത്തിച്ചുതരണം. നടക്കാനിനി ഒട്ടും ആവൂല.'                            
സൂപ്പീക്ക പിന്നെ നേരെ പോയത്                      
വെള്ളിയോട്ടേക്കാണ്. വിവരമറിഞ്ഞ                
വീട്ടുകാര്‍ വസൂരി വന്നു മാറിയ  പുളിയാവിലുള്ള രണ്ടു പേരെ ഏര്‍പ്പാടാക്കി.     
പൊതുജന പ്രയാസം കണക്കിലെടുത്ത്        
രാത്രി വരെ പള്ളിക്കാട്ടില്‍ തന്നെ കഴിയാന്‍   
വിട്ട രോഗിയെ, രാത്രിക്കു രാത്രി                       
മഞ്ചലില്‍ കിടത്തി വെള്ളിയോട്ടെത്തിക്കുകയായിരുന്നു.              
അവിടെ നായാട്ടു താഴെ വയലില്‍                    
ആള്‍ത്താമസമില്ലാത്ത ഒരു വീട്ടിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചത്. പരിചരിക്കാന്‍       
പുളിയാവുകാരെത്തന്നെ നിയോഗിച്ചു.            
വസൂരിയുടെ 'ആര്' പൊരിഞ്ഞു                       
തീരലായിരുന്നു രോഗശമനം. അതിനിടയില്‍ ചിലപ്പോള്‍ മരണവും സംഭവിക്കും.                                                         
അമ്മത്ക്കാനെ കാണാന്‍ ഒരാളെയും             
അനുവദിച്ചിരുന്നില്ല. എങ്കിലും                            
തന്റെ വാത്സല്യപുത്രനെ കാണാന്‍ വിലക്കു ലംഘിച്ചും പെറ്റുമ്മ പലതവണ                           
പോയിരുന്നു. പൊട്ടിപ്പിശാചാണ്                        
വസൂരി പകര്‍ത്തുന്നത് എന്നൊരു                    
മൂഢവിശ്വാസം അന്ന് വ്യാപകമായിട്ടുണ്ടായിരുന്നു.                               
അതുകൊണ്ടുതന്നെ ഭക്ഷണം                          
വറവിടാന്‍ പലരും മടിച്ചു.                                     
വറവിന്റെ മണംപിടിച്ച് വീട്ടിലെത്തുന്ന  പൊട്ടിപ്പിശാച്                                                    
രോഗം പകര്‍ത്തുമെന്നായിരുന്നു ഭയം.           
ഇതിനിടെ അമ്മത്ക്കാന്റെ ശരീരത്തിലുള്ള   
അവസാന 'ആരും' കൊഴിഞ്ഞുവീണപ്പോള്‍                                                            
പരിചാരകര്‍ വന്നു പറഞ്ഞു;                               
'ദീനം മാറീക്ക്. പക്ഷെ, ഓറെ നാഡീമ്മല്                 
രണ്ടെണ്ണം ഇണ്ടായതോണ്ട് ഇനിയോര്‍ക്ക്  മക്കളുണ്ടാവ്ന്നത് സംശാ...                                                            
മാത്രേല്ല, ഇങ്ങള് ഓറെ ആക്ന്നത്ര കലത്തപ്പോം തീറ്റിക്കണം.'                                                                  
'ആര്' കൊഴിഞ്ഞ കുഴി നികന്നുവരാന്‍                    
ആരുള്ള കലത്തപ്പം നല്ലതാണെന്ന                                   
ഒരു വിശ്വാസവും അന്നുണ്ടായിരുന്നു.                         
വിവാഹിതനും, ഒരു വയസ്സുള്ള                                                       
മകന്റെ പിതാവുമായ അമ്മത്ക്കാക്ക് അന്ന് 25 വയസ്സായിരുന്നു പ്രായം.                      
ഇതാണ് വെള്ളിയോട്ട് ആദ്യമായി                                
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വസൂരിക്കേസ്.                                       
ഒരുപക്ഷേ വാണിമേലിലെ ആദ്യ കേസും                  
ഇതു തന്നെയാകാനാണ് സാധ്യത.
 പിന്നീട് കുറച്ചു കാലത്തേക്ക് വസൂരിയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല എന്നാണ്  മനസ്സിലാക്കാന്‍ കഴിയുന്നത്.                              
1950-നു ശേഷമാണ് രോഗം വീണ്ടും                      
തലപൊക്കാന്‍ തുടങ്ങിയതെന്നും                    
പറയുന്നു. അമ്പതുകളുടെ അവസാനവും അറുപതുകളുടെ ആരംഭത്തിലുമാണ്              
വസൂരി താണ്ഡവനൃത്തമാടിയത്                    
എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.        
നിരവധിയാളുകള്‍ മരണത്തിനു                         
കീഴടങ്ങേണ്ടിവന്നതും അപ്പോഴാണ്.  അമ്മത്ക്ക പിന്നെയും                                            
ഒരുപാട് കാലം ജീവിച്ചെങ്കിലും                          
രണ്ടാമതൊരു കുഞ്ഞിക്കാലു കാണാനുള്ള
സൗഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.
കൊറോണയെന്ന മഹാമാരി 
ലോകത്തെയാകെ വരിഞ്ഞു 
മുറുക്കിക്കൊണ്ടിരിക്കുന്ന 
വര്‍ത്തമാനകാലത്ത്,  
പൂര്‍വികര്‍ക്കുണ്ടായ സമാന അനുഭവം
ഓര്‍ത്തെടുത്ത് പറഞ്ഞുതരികയായിരുന്നു അമ്മതിന്റെ സഹോദരിയും എന്റെ ഉമ്മയുമായ എണ്‍പത്തഞ്ചുകാരി
ഹലീമ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top