കഴുമരത്തിന്റെ ചുവട്ടില്‍ (പിതാവിന്റെ തണലില്‍ - 6)

സയ്യിദ ഹുമൈറ മൗദൂദി No image

(പിതാവിന്റെ തണലില്‍ - 6)

1953 മാര്‍ച്ച് 28-ന് അബ്ബാജാന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഇത്തവണ മാര്‍ഷല്‍ ലാ പ്രകാരമായിരുന്നു അറസ്റ്റ്. എണ്ണിച്ചുട്ട അപ്പം പോലെ ചില്ലറ തുട്ടുകളുമായി ആസ്ത്മ രോഗത്താല്‍ അവശയായ അമ്മാജാന്‍ എട്ടു മക്കളെയും കൊണ്ട് ആ സ്ഥിതിവിശേഷത്തെ ധീരതയോടെ നേരിട്ടു. ചിലപ്പോള്‍ വളയും ചിലപ്പോള്‍ മോതിരവും വില്‍ക്കുന്ന പരമ്പര ആവര്‍ത്തിക്കപ്പെട്ടു (പരേതയായ ഖുര്‍ശിദ് അമ്മായി തന്നെയായിരുന്നു ആ കാര്യം ചെയ്തു കൊടുത്തിരുന്നത്). പണ്ടത്തെ പോലെ ആഹാരം പാകം ചെയ്യുകയും വീട്ടുവേലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത് അമ്മാജാന്‍ തന്നെ ഏറ്റെടുത്തു. ഇത്തവണ പട്ടാള നിയമപ്രകാരം സൈനിക കോടതിയിലായിരുന്നു അബ്ബാജാന്റെ വിചരണ. 'ഖാദിയാനി പ്രശ്നം' (ഖാദിയാനി മസ്അല) എന്നൊരു ലഘുകൃതി എഴുതിയതായിരുന്നു കുറ്റം. 1953 മെയ് 9-ന് വിചാരണാ നടപടികള്‍ പൂര്‍ത്തിയായി.
1953 മെയ് 11 പ്രഭാതം. അമ്മാജാന്‍ പ്രാതല്‍ തയാറാക്കുന്ന തിരക്കിലായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തയാറായി പ്രാതലും കാത്തിരിക്കുകയാണ്. അതിനിടെ പൊടുന്നനെ ഞങ്ങളുടെ മുതിര്‍ന്ന സഹോദരന്‍ ഉമര്‍ ഫാറൂഖ് (ജനനം 1938 ഏപ്രില്‍ 12, ദല്‍ഹി) പരിഭ്രമിച്ചുവശായി അകത്ത് കയറി വന്നു. അമ്മാജാനെ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തി പത്രം കാണിച്ചുകൊടുത്തു. പത്രത്തിലെന്താണെന്നറിയില്ല, എന്നാല്‍ അമ്മാജാന്റെ മുഖം വിവര്‍ണമായി. അടുത്ത നിമിഷം തന്നെ അവര്‍ പത്രം മറച്ചുവെച്ചു, ഒരക്ഷരം മിണ്ടാതെ മനഃസംയമനത്തോടെ നേരത്തേയുള്ള അതേ വേഗത്തില്‍ പൊറാട്ട ഉണ്ടാക്കാന്‍ തുടങ്ങി. പിന്നെ, ഞങ്ങള്‍ക്കെല്ലാം പ്രാതല്‍ വിളമ്പി സ്‌കൂളിലേക്ക് പറഞ്ഞയച്ചു. അകത്ത് പോയി മുതിര്‍ന്ന സഹോദരന്‍ ഉമര്‍ ഫാറൂഖിനോടും സ്‌കൂളില്‍ പോകാന്‍ നിര്‍ദേശിച്ചു. 'ഇല്ല, അമ്മാ, എനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിയില്ല.' അകത്തു നിന്ന് ഉമര്‍ ഭായിയുടെ ശബ്ദം കേട്ടു. മറ്റൊരു മുതിര്‍ന്ന സഹോദരന്‍ അഹ്മദ് ഫാറൂഖ് (ജനനം 1939 മെയ് 11, ദല്‍ഹി) വീട്ടില്‍നിന്ന് കുറച്ചകലെ നില്‍പാണ്. അപ്പോള്‍ പത്രം വില്‍പനക്കാരന്‍ വിളിച്ചു പറയുകയാണ്: 'മൗലാനാ മൗദൂദിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.' അയാള്‍ തന്റെ പത്രം വില്‍പനയാകാന്‍ ഒച്ചവെക്കുകയാണ്. തന്റെ മുമ്പിലൂടെ യൂനിഫോമില്‍ സൈക്കിള്‍ ഓടിച്ചു സ്‌കൂളില്‍ പോകുന്ന പയ്യന്റെ പിതാവിനെക്കുറിച്ചാണ് താന്‍ വിളിച്ചുപറയുന്നതെന്ന് അയാളുണ്ടോ വല്ലതുമറിയുന്നു! പാതിവഴിക്ക് വച്ചു അഹ്മദ് ഫാറൂഖും വീട്ടിലേക്ക് മടങ്ങി.

ഹെഡ്മിസ്ട്രസ്സിന്റെ അഭിനന്ദനം
ഞാനും അസ്മാ (ജനനം 1941 ഡിസംബര്‍ 23, ദല്‍ഹി)യും സ്‌കൂളിലേക്ക് പുറപ്പെട്ടപ്പോള്‍ കാതില്‍ പത്രവില്‍പനക്കാരുടെ ശബ്ദം മുഴങ്ങി. 'മൗലാനാ മൗദൂദിക്ക് വധശിക്ഷ.' ഉമര്‍ ഭായി പത്രവുമായി വീട്ടില്‍ വന്ന് എന്തിനാണ് പരിഭ്രാന്തനായി അമ്മാജാനെ സമീപിച്ചതെന്നും വാര്‍ത്ത എന്തായിരുന്നെന്നും എന്തുകൊണ്ടാണ് അപ്പോള്‍ അമ്മാജാന്റെ മുഖം വിവര്‍ണമായതെന്നും അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. എന്നിട്ടും ഞങ്ങള്‍ രണ്ട് സഹോദരിമാരും വീട്ടിലേക്ക് തിരിക്കാതെ നേരെ സ്‌കൂളിലേക്ക് തന്നെ പോയി.
20 ഫൈറൂസ്പൂര്‍ റോഡിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ഞങ്ങളുടെ പഠനം. നടന്നാണു സ്‌കൂളിലേക്ക് പോകാറുള്ളത്. സ്‌കൂളിലെ കാഴ്ച ഞങ്ങളില്‍ പരിഭ്രമം സൃഷ്ടിച്ചു. ഞങ്ങളുടെ ഹെഡ്മിസ്ട്രസ് ഒരു ക്രിസ്ത്യാനിയായിരുന്നു. ഞങ്ങളെ അവര്‍ സ്‌കൂള്‍ അസംബ്ലിയില്‍ കണ്ടപ്പോള്‍ പ്രസംഗത്തിനിടെ വിദ്യാര്‍ഥിനികളോട് പറഞ്ഞു: 'നോക്കൂ, ഇതാണ് മാതൃക. പിതാവിന് വധശിക്ഷ വാര്‍ത്ത കേട്ടിട്ടും മക്കള്‍ വൃത്തിയുള്ള യൂനിഫോമുമണിഞ്ഞ് ശാന്തരായി അസംബ്ലിയില്‍ വരിനില്‍ക്കുന്നു. അഭിനന്ദിക്കേണ്ടത് ആ മാതാവിനെയാണ്. ഇത്തരമൊരു ദുരിതത്തിലും മക്കളെ വൃത്തിയുള്ള വേഷം ധരിപ്പിച്ചു, തലമുടിയൊക്കെ കോതിയൊതുക്കി, പ്രാതല്‍ നല്‍കി സ്‌കൂളിലേക്ക് പറഞ്ഞയച്ച മാതാവിനെ. ഇങ്ങനെയൊരു ദിവസവും കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കിയത് ആ മാതാവിന്റെ മഹത്വമാണ് വിളിച്ചോതുന്നത്. വിവരമില്ലാത്ത ഒരു പെണ്ണായിരുന്നെങ്കില്‍ അലമുറയിട്ട് കരഞ്ഞ് ആ പ്രദേശം മുഴുക്കെ ഉണര്‍ത്തുമായിരുന്നു.' അവര്‍ ഇത്രകൂടി പറഞ്ഞു: 'ഇതാണു പൊതുജനവും നേതാക്കളും തമ്മിലുള്ള അന്തരം.' അന്ന് ഞാന്‍ ഒമ്പതാം ക്ലാസിലും അസ്മാ ഏഴാം ക്ലാസിലുമായിരുന്നു പഠിച്ചിരുന്നത്.
ക്രിസ്ത്യാനിയായ ഹെഡ്മിസ്ട്രസ് പറഞ്ഞത് അങ്ങനെ. എന്നാല്‍ മുസ്ലിംകളായ മറ്റ് ടീച്ചര്‍മാര്‍ അടക്കം പറഞ്ഞത് എന്തായിരുന്നെന്നോ: 'ഇയാള്‍ എവിടത്തെ ലീഡറാണ്? രാജ്യദ്രോഹിയാണ്. പാകിസ്താന്റെ എതിരാളി; പെണ്‍കുട്ടികളും, നോക്കൂ, അപഹാസ്യരാണ്. വെറും അഭിനയമാണ്. മിടുക്കി ഉമ്മയും മിടുക്കികളായ മക്കളും.'
സ്‌കൂള്‍ വിട്ട് 5 എ ദില്‍ദാര്‍ പാര്‍ക്കിലെ വീട്ടിലെത്തിയപ്പോള്‍ അവിടത്തെ കാഴ്ച മറ്റൊന്നായിരുന്നു. തെരുവ് മുഴുവന്‍ ജനനിര്‍ഭരം. ദൂരങ്ങളോളം നിറുത്തിയിട്ട ബസുകളുടെ നിര. ഇതര പട്ടണങ്ങളില്‍നിന്ന് ആളുകളെയും കയറ്റി വന്ന ബസ്സുകള്‍. വളരെ പ്രയാസപ്പെട്ടാണ് ഞങ്ങള്‍ ഇരുസഹോദരിമാരും തെരുവിലൂടെ നടന്ന് വീട്ടിലെത്തിയത്. വാതിലിലൂടെ അകത്ത് കടക്കാനും ഏറെ പ്രയാസപ്പെട്ടു. അകത്ത് കുറേപേര്‍ പൊട്ടിക്കരയുന്നു. ചിലര്‍ നിശ്ശബ്ദം കണ്ണീര്‍ വാര്‍ക്കുന്നു. അതിനിടെ പുസ്തകക്കെട്ടും പേറി സ്‌കൂളില്‍നിന്ന് ശാന്തരായി തിരിച്ചുവരുന്ന ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു പോയി. കണ്ണീര്‍ തുടച്ചു കൊണ്ടു അവര്‍ പറഞ്ഞു: 'മൗലാനയുടെ കുട്ടികള്‍ കരയാതെ ക്ഷമിച്ചടങ്ങി സ്ഥിതിഗതികള്‍ നേരിടുമ്പോള്‍ നമ്മള്‍ അക്ഷമരായി കരയുന്നത് ശരിയല്ല.' ക്ഷമയെന്ന് പറയേണ്ടത് ഇതിനെക്കുറിച്ചാണെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. പ്രയാസപ്പെട്ടു ജനക്കൂട്ടത്തെ വകഞ്ഞ് മാറി അകത്തളത്തിലെത്തിയപ്പോള്‍ അവിടം നിറയെ പെണ്ണുങ്ങള്‍. അമ്മാജാന്‍ അവര്‍ക്ക് ക്ഷമ ചൊല്ലിക്കൊടുക്കുകയാണ്. ഞങ്ങളോട് സഹതാപം പ്രകടിപ്പിക്കാനെത്തിയ അവര്‍ തേങ്ങി കരയുന്നുണ്ടായിരുന്നു. അമ്മാജാന്റെ അതേ അവസ്ഥയില്‍ തന്നെയായിരുന്നു ദാദിമായും. ഞങ്ങളെ കണ്ടപ്പോള്‍ അമ്മാജാന്‍ ഇത്രമാത്രം പറഞ്ഞു: 'മക്കളേ, പരിഭ്രമിക്കരുത്. ക്ഷമിക്കുക.' പിന്നെ ഞങ്ങള്‍ക്ക് സ്വന്തം കൈകൊണ്ട് പാകം ചെയ്ത ആഹാരം നല്‍കി പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ചെന്നിരുന്നു.
അന്നൊരു സ്ത്രീ അമ്മാജാനോട് പറഞ്ഞു: 'ബീഗം സാഹിബാ, ഇന്ന് രാത്രി നിങ്ങള്‍ 100 ഹാജത്ത് നഫ്ല്‍ (ആവശ്യ പൂര്‍ത്തീകരണം തേടി സുന്നത്ത്) നമസ്‌കരിക്കുക. എന്നിട്ട് തഹജ്ജുദ് നിസ്‌കരിച്ചു പ്രാര്‍ഥിക്കുക. മൗലാനാ സാഹിബ് സുരക്ഷിതനായി ആരോഗ്യത്തോടെ വീട്ടിലെത്തിയാല്‍ നന്ദിസൂചകമായി 100 ശുക്‌റ് നഫല്‍ നമസ്‌കരിക്കുമെന്ന് നേര്‍ച്ച നേരുക.' ഏതായാലും രാത്രി മുഴുവന്‍ അമ്മാജാന്‍ നഫല്‍ നമസ്‌കാരത്തില്‍ വ്യാപൃതയായിരുന്നു. രാത്രി നോക്കുമ്പോഴൊക്കെ (അത്രയും ഭീകരമായി ആ രാത്രി എനിക്ക് ഉറക്കമേ വന്നില്ല) അവര്‍ നിസ്‌കാരത്തില്‍ മുഴുകിയാണ് കണ്ടത്.
ഫജ്റിന്റെ ബാങ്ക് മുഴങ്ങിയതും ഞങ്ങളെല്ലാം തട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഫജ്‌റ് നമസ്‌കാരാനന്തരം അമ്മാജാന്‍ ഓതാനായി ഖുര്‍ആന്‍ നിവര്‍ത്തി. എന്നും ഓതിവരാറുള്ളതില്‍ നിര്‍ത്തിയേടത്തുനിന്ന് പാരായണം തുടങ്ങാനൊരുങ്ങിയപ്പോള്‍ അത്ഭുതമെന്നു പറയട്ടെ സൂറഃ ബഖറയിലെ താഴെ സൂക്തമാണ് പ്രത്യക്ഷപ്പെട്ടത്:
'നിങ്ങളുടെ പൂര്‍വികര്‍ക്ക് വന്നു പെട്ടതൊന്നും നിങ്ങളെയും ബാധിക്കാതെ വെറുതെയങ്ങ് സ്വര്‍ഗത്തില്‍ കടക്കാമെന്നാണോ നിങ്ങള്‍ ധരിച്ചുവശായിരിക്കുന്നത്. അവരെ മഹാദുരിത വിപത്തുകള്‍ ബാധിച്ചു; ദൈവദൂതനും ഒപ്പം വിശ്വസിച്ചവരും ഇനി എപ്പോഴാണ് ദൈവസഹായം എന്ന് വിലപിക്കുവോളം അവര്‍ വിറപ്പിക്കപ്പെട്ടു. അറിയുക, ദൈവസഹായം സമീപസ്ഥം തന്നെയുണ്ട്' (ബഖറ 214).
ഈ സൂക്തം ഓതിയതും അമ്മാജാന്‍ കരഞ്ഞുപോയി. പിന്നെ അരികിലേക്ക് എന്നെ വിളിപ്പിച്ചു പ്രസ്തുത സൂക്തം കാട്ടിത്തന്ന് പറയാന്‍ തുടങ്ങി: 'നോക്കൂ, ഈ ഗ്രന്ഥം ജീവനുള്ള വേദഗ്രന്ഥമാണ്. ഇത് മനുഷ്യന്റെ ദുഃഖനാഡിയില്‍ പിടിക്കുന്നു. ഹൃദയത്തിലൊളിച്ചിരിക്കുന്ന കള്ളികളെയും പിടികൂടും. മനുഷ്യന്റെ മുറിവുകളില്‍ മരുന്ന് പുരട്ടും. നിങ്ങളതിനോട് ചങ്ങാത്തം കൂടണമെന്ന് മാത്രം. അപ്പോളത് നിങ്ങളുടെ അവസ്ഥാന്തരങ്ങള്‍ക്കനുസൃതം നിങ്ങളോട് പെരുമാറും. നിങ്ങള്‍ക്ക് ഉപദേശം നല്‍കുകയും നിങ്ങളെ സമാധാനിപ്പിക്കുകയും ചെയ്യും. ഇപ്പോള്‍ നോക്കൂ. അതെങ്ങനെയാണ് നമ്മുടെ അവസ്ഥകള്‍ കണ്ടറിഞ്ഞു നമ്മളെ ആശ്വസിപ്പിക്കുകയും നമ്മുടെ മുറിവുകളില്‍ മരുന്നു പുരട്ടുകയും ചെയ്യുന്നതെന്ന്!'
അന്നെനിക്ക് 13 വയസ്സേ ഉള്ളൂ. എന്നാല്‍ മുതിര്‍ന്ന മകള്‍ ഉമ്മയെ സംബന്ധിച്ചിടത്തോളം ഇളയ സഹോദരിയെയും തോഴിയെയും പോലെയാണ്. അതിനാല്‍ അമ്മാജാന്‍ മിക്ക ഹൃദയരഹസ്യങ്ങളും എന്നോടാണ് പങ്കിടാറുള്ളത്. കാര്യങ്ങള്‍ കൂടിയാലോചിക്കാറുള്ളതും എന്നോടാണ്. അവരുടെ രഹസ്യം സൂക്ഷിപ്പുകാരിയായിരുന്നു ഞാന്‍. എന്നില്‍ അവര്‍ക്ക് വലിയ വിശ്വാസമായിരുന്നു. എങ്കിലും ഇപ്പോള്‍ എനിക്ക് തോന്നുകയാണ്, കുട്ടിക്കാലത്ത് അവര്‍ എന്നോട് പറഞ്ഞ വര്‍ത്തമാനങ്ങളെല്ലാം അവര്‍ ഒരുതരത്തില്‍ തന്നോട് തന്നെ പറഞ്ഞ വര്‍ത്തമാനങ്ങളായിരുന്നെന്ന്. മറ്റാരോടും അവര്‍ക്ക് പങ്കിടാന്‍ കഴിയാത്ത വര്‍ത്തമാനങ്ങളായിരുന്നു അത്. പെണ്‍കുട്ടികളില്ലെങ്കില്‍ അതില്‍പരം നിര്‍ഭാഗ്യം എന്തുള്ളൂ എന്ന് അവര്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് മൂന്ന് പെണ്‍മക്കളെയും പോറ്റി വളര്‍ത്തുമ്പോള്‍ അവര്‍ കാണിച്ച പ്രേമവായ്പും വാത്സല്യവും കിട്ടാന്‍ അവര്‍ കുട്ടികള്‍ക്ക് ഭാഗ്യമില്ലാതെ പോയത്. അബ്ബാജാനും മനസ്സിലെ വര്‍ത്തമാനങ്ങള്‍ എന്നോടും അസ്മാഇനോടുമായിരുന്നു പറയാറുണ്ടായിരുന്നത്.
പിന്നീടുള്ള ദിവസങ്ങളില്‍ അമ്മാജാന്‍ തികഞ്ഞ സമാധാനത്തിലായിരുന്നു. ആ ഖുര്‍ആന്‍ സൂക്തം തന്നെ പലപ്പോഴും അവര്‍ ആവര്‍ത്തിച്ചു ഓതിക്കൊണ്ടിരിക്കും. എന്നിട്ടു പറയും: 'ഖുര്‍ആന്‍ മുഴുവന്‍ ഇങ്ങനെത്തന്നെയാണ്. ഇങ്ങനെ ജീവനുള്ള ഒരു ഗ്രന്ഥം നമുക്ക് നല്‍കിയതില്‍ നാം അല്ലാഹുവിന് നന്ദി പറയണം. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ധൈര്യവും സന്തോഷവാര്‍ത്തയും നല്‍കുന്ന ഈ സൂക്തത്തോട് എത്രയോ കടപ്പെട്ടിരിക്കുന്നു നാമെല്ലാം.'
രാപ്പകലുകള്‍ അങ്ങനെ കടന്നുപോയിക്കൊണ്ടിരുന്നു. പുറത്ത് ആണുങ്ങളും അകത്ത് പെണ്ണുങ്ങളും ഓരോ ദിവസവും വന്നു നിറയും. കരഞ്ഞുകൊണ്ടാണ് പെണ്ണുങ്ങള്‍ വരിക. എന്നാല്‍ അകത്തെത്തി അമ്മാജാന്റെയും ദാദിമായുടെയും ക്ഷമയും സംയമനവും കാണുന്നതോടെ നിശ്ശബ്ദരാകും.

വധശിക്ഷ റദ്ദ് ചെയ്യുന്നു
അബ്ബാജാന്റെ വധശിക്ഷക്കെതിരെ രാജ്യം മുഴുക്കെ പ്രതിഷേധ പ്രകടനങ്ങള്‍ ഇരമ്പി. ശിക്ഷ റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രകടനങ്ങളുടെയും ഹര്‍ത്താലുകളുടെയും ഒരു പ്രളയം തന്നെയുണ്ടായി. മുസ്ലിം രാഷ്ട്രങ്ങളില്‍നിന്ന് മാത്രമല്ല ധാരാളം അമുസ്ലിം രാജ്യങ്ങളിലെ മുസ്ലിം നിവാസികളില്‍നിന്നും ഗവര്‍ണര്‍ ജനറലിന്റെയും പ്രധാനമന്ത്രിയുടെയും പേരില്‍ കമ്പികളുടെ പേമാരി തന്നെ വര്‍ഷിച്ചു. പ്രതികരണം അത്രക്ക് ശക്തവും വ്യാപകവുമായിരുന്നു.
മെയ് 13-ന് അമ്മാജാന്‍ അസ്വ്ര്‍ നമസ്‌കാരത്തില്‍നിന്ന് വിരമിച്ചതേയുള്ളൂ, ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകന്‍ വീട്ടിലെത്തി ബീഗം സാഹിബയെ വാതിലിനരികേക്ക് വിളിക്കൂ എന്ന് പറഞ്ഞു. ഞങ്ങളെല്ലാവരും പേടിച്ചുപോയി. എന്ത് വാര്‍ത്തയുമായാണ് ഇയാള്‍ വന്നിരിക്കുന്നത് ആവോ? അമ്മാജാനും വളരെ പരിഭ്രമത്തോടെയാണ് വാതിലിനരികെ വന്നത്. അപ്പോള്‍ വാതിലിനപ്പുറത്തു നിന്ന് ശബ്ദം കേട്ടു: 'ബീഗം സാഹിബ, അഭിനന്ദനങ്ങള്‍. മൗലാനയുടെ വധശിക്ഷ 14 വര്‍ഷത്തെ കഠിന തടവായി ഭേദഗതി ചെയ്തിരിക്കുന്നു. ഒപ്പം സര്‍ക്കാറിനതിരെ ഒരു പ്രസ്താവനയിറക്കിയതിന്റെ പേരില്‍ 7 വര്‍ഷം കഠിനതടവ് വേറെയുമുണ്ട്.' വന്ന ആള്‍ വര്‍ത്തമാനം തുടരവെ, ആദ്യവാചകം കേട്ടതും അമ്മാജാന്‍ നിന്നനില്‍പില്‍ സുജൂദില്‍ വീണു. അത് കണ്ടപ്പോള്‍ ഞങ്ങള്‍ കുട്ടികളെല്ലാവരും സുജൂദില്‍ പോയി. അതോടെ വീട്ടിലെ അന്തരീക്ഷം തന്നെ ആകെ മാറി. നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെ. 21 വര്‍ഷത്തെ തടവ് ഇനിയും ബാക്കി കിടക്കുന്ന കാര്യം ആരുടെ ആലോചനയിലും വന്നില്ല. അമ്മാജാന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു: 'അറിയുക അല്ലാഹുവിന്റെ സഹായം അടുത്ത് തന്നെയുണ്ട് എന്ന വാഗ്ദാനം സത്യമായി പുലര്‍ന്നിരിക്കുന്നു. ഇത്തരം അവസ്ഥകളില്‍ ആശ്വാസമായാണ് തങ്ങള്‍ അവതരിച്ചതെന്ന് ആ ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും സ്വയം വിളിച്ചു പറയുകയാണ്.'

ഒരു സ്വപ്നം
അന്ന് അമ്മാജാന്‍ താന്‍ കണ്ട ഒരു സ്വപ്നത്തെകുറിച്ച് പറയുകയുണ്ടായി. മാര്‍ഷല്‍ ലാ പ്രകാരം വധശിക്ഷ വിധിച്ചതിന്റെ തലേന്ന് കണ്ടതായിരുന്നു ആ സ്വപ്നം. അവര്‍ അതേപ്പറ്റി പറയാന്‍ തുടങ്ങി. 'ഒരു വിമാനം താഴേക്കിറങ്ങിവന്നു. നിങ്ങളുടെ അബ്ബാജാന്‍ നമ്മളെ മുഴുവന്‍ അതില്‍ കയറ്റി യാത്രയായി. വിമാനം അതിവേഗം കുത്തനെ ആകാശത്തേക്ക് പറന്നുയര്‍ന്നു. എനിക്ക് പേടിയായി. തലകറങ്ങി. പിന്നീട് വിമാനം എവിടെയോ ഇറങ്ങാന്‍ പോവുകയാണ്. അപ്പോള്‍ നിങ്ങളുടെ അബ്ബാജാന്‍ എന്റെ കൈ പിടിച്ചു അതില്‍നിന്നിറക്കാന്‍ നോക്കുന്നു. എനിക്ക് ജീവഭയമുണ്ടായി. അപ്പോള്‍ നിങ്ങളുടെ അബ്ബാജാന്റെ ശബ്ദം കേട്ടു: താഴേക്ക് നോക്കിയേ, നാം എത്ര ഉയരത്തിലാണെന്നറിയാം. നോക്കുമ്പോള്‍ താഴെ റോഡുകളില്‍ ആളുകള്‍ ബിന്ദുക്കള്‍ പോലെ കാണപ്പെട്ടു. വലിയ പൊക്കമുള്ള ബില്‍ഡിംഗുകളൊക്കെ കളിപ്പാട്ടങ്ങള്‍ പോലെ. അതിനിടക്ക് ഞാന്‍ ഞെട്ടിയുണര്‍ന്നു.'
സ്വപ്നം വിവരിച്ചശേഷം പറയാന്‍ തുടങ്ങി: 'ആ സ്വപ്നത്തിന്റെ വ്യാഖ്യാനമാണ് ഇന്ന് പുലര്‍ന്നതെന്ന് തോന്നുന്നു. ഹസ്രത്ത് ഇബ്റാഹീമിന്റെ കൈയാല്‍ ഹസ്രത്ത് ഇസ്മാഈലിനെ അറുക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. പിതാവിന് 'ഖലീലുല്ലാഹ്' (അല്ലാഹുവിന്റെ ചങ്ങാതി) എന്നും മകന് ദബീഹുല്ല (ദൈവത്തിന്റെ ബലി) എന്നുമുള്ള ബഹുമതി നല്‍കുക മാത്രമായിരുന്നു അല്ലാഹുവിന്റെ ഉദ്ദേശ്യം. അതുപോലെ പാപികളായ നന്മകളെ ഭാരിച്ച പരീക്ഷണങ്ങളിലൂടെ നന്നാക്കിയെടുത്ത് ഉയരങ്ങളിലെത്തിക്കുകയായിരിക്കാം അല്ലാഹുവിന്റെ ഉദ്ദേശ്യം.
ഇതുപോലൊരു സ്വപ്നത്തെക്കുറിച്ച് സര്‍ഗോധയിലെ മിയാന്‍ റഹീം ബഖ്ശും പറഞ്ഞതായി ലാഹോറിലെ ആഫ്രേഷ്യ വാരിക (1975 ഡിസംബര്‍ 25) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അബ്ബാജാന്റെ വധശിക്ഷ വാര്‍ത്തയായപ്പോള്‍ അയാള്‍ നബിയെ സ്വപ്നം കണ്ടത്രെ; നിന്റെ ദീനിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മൗദൂദിയോട് നാഥാ, നീ കരുണ കാണിക്കണേ എന്ന് നബി പ്രാര്‍ഥിക്കുന്നതായിട്ട്. അപ്പോള്‍ റഹീം ബഖ്ശ് പെട്ടെന്ന് ഒരു ശബ്ദം കേട്ടു; താങ്കളുടെ പ്രാര്‍ഥന ഞാന്‍ സ്വീകരിച്ചിരിക്കുന്നുവെന്ന്. അതോടെ അയാളുടെ കണ്ണ് തുറന്നു. അപ്പോള്‍ സ്വുബ്ഹ് ബാങ്ക് കൊടുക്കുന്നതാണ് കേട്ടത്. അല്ലാഹു അക്ബര്‍ എന്ന ശബ്ദം. പേടിച്ചെഴുന്നേറ്റ അയാളുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. ഏറെ നേരം കട്ടിലില്‍ തന്നെ സ്തംഭിച്ചിരുന്നു. വധശിക്ഷ റദ്ദ് ചെയ്തതായി പ്രഖ്യാപിച്ചതോടെ ആ സ്വപ്നത്തിന്റെ വ്യാഖ്യാനം സാക്ഷാത്കൃതമായി.
ഒരിക്കല്‍ ഒരാള്‍ അമ്മാജാനോട് ഇങ്ങനെ പറയുകയുണ്ടായി: 'നിങ്ങളുടെ ഖുര്‍ആന്‍ ഹദീസ് ദര്‍സുകളുടെ രസം മറ്റൊരാളുടെ ക്ലാസില്‍നിന്നും ലഭിക്കാറില്ല.' അവരുടെ പ്രതികരണം ഇതായിരുന്നു: 'ഇബ്ദില്‍ ഖേസ്ദ് ബര്‍ദില്‍ റേസദ്' (ഹൃദയത്തില്‍നിന്ന് ആത്മാര്‍ഥമായി വരുന്നത് ഹൃദയത്തിലിറങ്ങുന്നു). നമ്മള്‍ തരണം ചെയ്ത അവസ്ഥകളിലൂടെ തരണം ചെയ്യുമ്പോഴാണ് ഖുര്‍ആന്‍-ഹദീസ് സൂക്തങ്ങളുടെ പൊരുള്‍ ആളുകള്‍ക്ക് മനസ്സിലാവുക.
കുട്ടികളുടെ മനസ്സില്‍ യാതൊരു ആഘാതവും ഏല്‍ക്കാതെ അവന്‍ പൂര്‍ണ സന്തോഷത്തോടെ കഴിയാന്‍ അമ്മാജാനും ദാദിമായും പരമാവധി ശ്രമിച്ചു. ഞങ്ങളുടെ ദാദി അമ്മ പറയാറുണ്ടായിരുന്നു: 'മനുഷ്യന്റെ ബാല്യം സന്തോഷനിര്‍ഭരമായാണ് കഴിയേണ്ടത്. കുട്ടികള്‍ക്ക് ഒരിക്കലും അരക്ഷിതത്വം തോന്നരുത്. കുട്ടിക്കാലത്ത് മനുഷ്യന് എന്തെങ്കിലും ഇല്ലായ്മ ഉണ്ടായാല്‍ അവന്റെ വ്യക്തിത്വത്തെ അത് അഗാധമായി ബാധിക്കും. അത്തരം തിക്ത സ്മരണകള്‍ ജീവിതത്തിലുടനീളം ദുരാത്മാവിനെ പോലെ അവനെ വേട്ടയാടിക്കൊണ്ടിരിക്കും. ഓരോ കുട്ടിക്കും വീട്ടില്‍ പ്രധാന വ്യക്തിയാണെന്ന തോന്നലുണ്ടാകണം. എങ്കിലേ അവനില്‍ ആത്മവിശ്വാസമുണ്ടാകൂ.' തന്റെ മക്കള്‍ കുട്ടികളായിരിക്കെത്തന്നെ വയസ്സന്മാരായെന്നും അവരുടെ ശൈശവത്തിന് മ്ലാനത സംഭവിച്ചേക്കുമോ എന്ന ആധിയിലായിരുന്നു അദ്ദേഹം. അതില്ലാതാക്കാന്‍ അവര്‍ പാട്പെട്ട് ശ്രമിച്ചുകൊണ്ടിരുന്നു.
ഗിഫ്റ്റ് സഞ്ചികള്‍
ഒരു ദിവസം മുള്‍ത്താന്‍ ജയിലില്‍നിന്ന് കുട്ടികള്‍ തനിക്ക് വേറെ വേറെ കത്തെഴുതണമെന്ന് അബ്ബാജാന്റെ സന്ദേശം ലഭിച്ചു. അങ്ങനെ ഞങ്ങള്‍ ഓരോരുത്തരും വെവ്വേറെ കത്തുകളെഴുതി അയച്ചു. അബ്ബാജാന്‍ സ്വന്തം കൈപ്പടയില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും വെവ്വേറെ മറുപടി അയച്ചു. കൂട്ടത്തില്‍ ഓരോരോ കൊച്ചു സഞ്ചികളും അയക്കുകയുണ്ടായി. അബ്ബാജാന് നീലനിറത്തിലുള്ള ഒരു കുപ്പായമുണ്ടായിരുന്നു. ഏറെ പഴക്കമുള്ള ആ കുപ്പായം കീറിമുറിച്ചു സൂചിയും നൂലുമുപയോഗിച്ച് സ്വന്തം കൈകൊണ്ട് തുന്നിയുണ്ടാക്കിയതായിരുന്നു ആ സഞ്ചികള്‍. ചല്‍ഗോസ്, ബദാം, പിസ്ത, അക്രോട്ട്, കിസ്മിസ് തുടങ്ങിയ ഉണക്കപ്പഴങ്ങളായിരുന്നു ആ സഞ്ചികള്‍ നിറയെ. ഓരോന്നിന്റെയും പുറത്ത് ഒരു കഷ്ണം കടലാസില്‍ ആട്ടപ്പൊടി നനച്ച് ഞങ്ങളോരോരുത്തരുടെയും പേരും എഴുതി ഒട്ടിച്ചിട്ടുണ്ടായിരുന്നു. 'നൂറെ നസ്ര്' (കണ്‍വെളിച്ചം) ജാനെ പീദര്‍ (പിതാവിന്റെ ജീവന്‍) ജിഗറെ ഗോശ (കരളിന്റെ കഷ്ണം) എന്നിങ്ങനെയുള്ള വിശേഷണങ്ങളുമുണ്ടായിരുന്നു ഓരോ പേരിന്റെയും കൂടെ.
ആ എഴുത്തുകളും സഞ്ചിയിലെ സാധനങ്ങളും കണ്ടപ്പോള്‍ ദാദിമാക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. അമ്മാജാന്റെ മുഖവും വിവര്‍ണമായി. ജയിലില്‍നിന്ന് വന്ന ആ സഞ്ചികളും എഴുത്തുകളും 'എന്തൊരു ചൈതന്യവത്തായ മനുഷ്യന്‍' എന്ന് സ്വയം വിളിച്ചുപറയുന്നപോലെ തോന്നി. ജയിലിലെ ഏകാന്തത, കുട്ടികളില്‍നിന്നുള്ള അകലം, ഗൃഹാതുരത അങ്ങനെ എന്തിനെയൊക്കെ കുറിച്ചാണ് അത് സംസാരിക്കുന്നതെന്ന് ആര്‍ക്കറിയാം. അബ്ബാജാന്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇഛാശക്തിയുടെയും മഹാമേരുവാണെന്നത് ശരിതന്നെ. എന്നാല്‍ ഗോശെ ജിഗര്‍, നൂറെ നസ്ര് എന്നൊക്കെ എഴുതിയ ആ സഞ്ചികള്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇഛാശക്തിയുടെയും പര്‍വതത്തിനകത്ത് തുടിക്കുന്ന മൃദുലഹൃദയവുമുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു.
മറുവശത്ത് ഈ 'നൂറെ നസ്റി'നും 'ജുഹറെ പിദരി'നുമൊക്കെ ആ ഉണക്കപ്പഴങ്ങളൊക്കെ ഉടനെത്തന്നെ തിന്ന് തീര്‍ക്കാനുള്ള ബോധമേ അന്നുണ്ടായിരുന്നുള്ളൂ. എന്തുമാത്രം സ്നേഹവും വാത്സല്യവുമുള്ളതുകൊണ്ടാണ് അബ്ബാജാന്‍ ആ ഉണക്കപ്പഴങ്ങള്‍ പറിച്ചെടുത്തതെന്നും എന്നിട്ട് എത്ര ദയാവായ്പോടെയാണ് ആ സഞ്ചികള്‍ തുന്നി അതിലോരോന്നിലും തങ്ങളുടെ പേരുകള്‍ എഴുതിപ്പിടിപ്പിച്ചതെന്നും ആ ചെറുപ്രായത്തില്‍ ആലോചിക്കാന്‍ കുട്ടികള്‍ക്ക് ആര്‍ക്കും കഴിഞ്ഞില്ല. ഞങ്ങള്‍ കുട്ടികള്‍ അത് തിന്ന് തീര്‍ത്ത് ഞങ്ങളുടെ പണി തീര്‍ത്തു. എന്നാല്‍ അമ്മാജാനും ദാദിമായും ആ സഞ്ചികള്‍ ശേഖരിച്ചു സൂക്ഷിച്ചുവെച്ചു. ആ സഞ്ചികള്‍ ഇപ്പോഴും എന്റടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആശിച്ചുപോകുന്നു! ജാനെ പിദര്‍ (പിതാവിന്റെ ജീവന്‍) എന്ന് എന്റെ പേരിനൊപ്പം എഴുതിയ ആ സഞ്ചി. അതൊരു വിലയേറിയ സ്മാരകവും അമൂല്യ സ്വത്തുമായിരുന്നു.
അമ്മാജാന്‍ ഒരിക്കല്‍ ദാദിമായോട് അപേക്ഷിക്കുകയുണ്ടായി: 'നിങ്ങള്‍ ആര്‍ക്കെതിരെയും പ്രാര്‍ഥിക്കരുതേ. നിങ്ങള്‍ ശപിച്ചാല്‍ അത് അക്ഷരംപ്രതി ഫലിക്കും.' 1953-ല്‍ അബ്ബാജാന്‍ ജയിലിലടക്കപ്പെട്ടപ്പോള്‍ ദാദി അമ്മ ഇങ്ങനെ പറഞ്ഞിരുന്നു: 'എന്റെ മോനെ ജയിലിലിട്ട് പീഡിപ്പിച്ചവരെ അല്ലാഹുവും കട്ടിലില്‍ കിടത്തി പക്ഷാഘാതത്തിനിരയാക്കും.' പാക് ഗവര്‍ണര്‍ ജനറല്‍ മലിക് ഗുലാം മുഹമ്മദിന് പക്ഷാഘാതമുണ്ടായതായി കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.

(തുടരും)
വിവ: വി.എ.കെ
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top