മനശ്ശക്തികൊണ്ട് മഹാമാരിയെ തോല്‍പിച്ചു

ഖാസിദ കലാം No image

''ടിക്കറ്റ് എടുത്ത് ആ ഫ്‌ളൈറ്റ് കാന്‍സലായി, എന്നിട്ട് ക്ലൈമാക്‌സില്‍ തീരുമാനം മാറ്റി, മണിക്കൂറുകള്‍ക്കുള്ളില്‍ കാസര്‍കോട്ടു നിന്ന് അവരെ ഇവിടെ എത്തിച്ചു. ലോക്ക് ഡൗണായി. ജോലി ഇല്ലാതായി. വരുമാനം നിലച്ചു. നാലു പേര്‍ക്കും കോവിഡ് 19 ബാധിച്ചു. ഭാര്യ ഗര്‍ഭിണിയായി. ഞാന്‍ നെഗറ്റീവ് ആകുമ്പോള്‍ ഭാര്യയും മക്കളും പോസിറ്റീവ്. ഞാനും ഭാര്യയും മോനും നെഗറ്റീവ് അയപ്പോള്‍ മോള് പോസിറ്റീവ്. മോളും ഭാര്യയും ഞാനും നെഗറ്റീവ് ആയപ്പോള്‍ മോന്‍ വീണ്ടും പോസിറ്റീവ്. അങ്ങനെ ഒരാള്‍ നെഗറ്റീവ് ആകുമ്പോള്‍ മറ്റേ ആള്‍ വീണ്ടും പോസിറ്റീവ് ആകും. എങ്ങനെയാണ് അതിജീവിച്ചത് എന്നറിയില്ല. കരഞ്ഞിട്ടുണ്ട്, പലപ്പോഴും. നാട്ടിലിരുന്ന എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും കൊറോണ വരാന്‍ വേണ്ടിമാത്രം എന്റെ അടുത്തേക്ക് കൊണ്ടുവന്നതുപോലെയായി മാര്‍ച്ച് മാസത്തിനു ശേഷം ഞങ്ങളുടെ ജീവിതം'' - സുഹൈല്‍ വള്‍വക്കാട് അല്‍ഐനിലിരുന്ന് തന്റെ ജീവിതം പറയുന്നു. 
''അല്‍ഐനിലെ അല്‍ജാബിര്‍ ഒപ്ടിക്കല്‍സില്‍ കണ്ണട ടെക്‌നീഷ്യനാണ് ഞാന്‍. 2011-ലാണ് പ്രവാസിയാകുന്നത്. ദുബൈയില്‍നിന്ന് ട്രാന്‍സ്ഫറായി അല്‍ഐനിലെത്തിയിട്ട് അഞ്ചുവര്‍ഷമായി. വര്‍ഷത്തില്‍ 30 ദിവസം ലീവ് കിട്ടുന്ന ഒരു സാധാരണ പ്രവാസി. കുടുബത്തെ കൂടെ നിര്‍ത്താനുള്ള സാമ്പത്തികാവസ്ഥ ഒന്നുമില്ല. പക്ഷേ, മക്കളുടെ വളര്‍ച്ച കാണാതിരിക്കുന്നതെങ്ങനെ? അതുകൊണ്ടാണ് കടമാണെങ്കിലും ഒറ്റമുറിയിലൊതുങ്ങണമെങ്കിലും ഭാര്യ സുഹൈലയെയും മക്കളായ ഷാസിലിനെയും ഫാത്വിമയെയും കൊണ്ടുവരാമെന്ന് തീരുമാനിച്ചത്. മാത്രമല്ല, അവരുടെ വിസ പുതുക്കാനുള്ള സമയവുമായിരുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ ഇവിടെ എന്റെ കൂടെയുണ്ടായിരുന്നു. മകന്റെ അഡ്മിഷന്റെ സമയമായപ്പോള്‍ അവരെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുവിടുകയായിരുന്നു. അവരെ ഇവിടെ സ്‌കൂളില്‍ ചേര്‍ക്കുക എന്നത് സാമ്പത്തികമായി എനിക്ക് താങ്ങുന്ന കാര്യമായിരുന്നില്ല.
ഭാര്യ സുഹൈലയും മക്കളും ഗള്‍ഫിലേക്ക് വരുന്നതിന് ടിക്കറ്റെടുത്ത വിമാനകമ്പനി അവരുടെ മുഴുവന്‍ വിമാനങ്ങളും കാന്‍സലാക്കിയതായി അറിയിക്കുന്നത് മാര്‍ച്ച് 14-ന്. അപ്പോഴേക്കും നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ പോകുന്നു, വിമാന സര്‍വീസൊക്കെ നിര്‍ത്താന്‍ പോകുന്നു എന്നറിഞ്ഞു. ട്രാവല്‍സില്‍ ജോലി ചെയ്യുന്ന കൂട്ടുകാരനെ വിളിച്ചു, അതും വൈകീട്ട് 5 മണിക്ക്. ഇന്ന് ഏതെങ്കിലും ഫ്‌ളൈറ്റ് ഉണ്ടോ എന്നായിരുന്നു എന്റെ ചോദ്യം. ഇന്നിനി കണ്ണൂരില്‍നിന്ന് ഇല്ല എന്ന് അവന്‍. കോഴിക്കോട്ടു നിന്നുണ്ട്.
കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്ന് അപ്പോള്‍ പുറപ്പെട്ടാല്‍ പുലര്‍ച്ചെ 3 മണിക്ക് പുറപ്പെടുന്ന എയര്‍ അറേബ്യ ഫ്‌ളൈറ്റ് പിടിക്കാം. എത്ര വേഗം പുറപ്പെട്ടാലും, യാത്രയിലെന്തെങ്കിലും ബ്ലോക്ക് കുടുങ്ങിയാല്‍ പെട്ടു. എന്തു ചെയ്യും, ഭാര്യയെ വിളിച്ചു. 17-നുള്ള യാത്രക്ക് ഒരുങ്ങിനില്‍ക്കുന്ന അവളോട് കൈയില്‍ കിട്ടിയതെടുത്ത് മക്കളെയും കൂട്ടി ഇപ്പോള്‍ തന്നെ കരിപ്പൂരിലേക്ക് പുറപ്പെടാന്‍ പറഞ്ഞു. അവളുടെ ഉപ്പ തന്നെയാണ് കാര്‍ ഓടിച്ചത്. ട്രാവല്‍സിലുള്ള സുഹൃത്താണ് ധൈര്യം തന്നത്. മൂന്ന് ടിക്കറ്റ് അവന്‍ ഹോള്‍ഡ് ചെയ്തു വെക്കാമെന്ന് പറഞ്ഞു. രാത്രി പത്തര മണിക്ക് അവര്‍ക്ക് തലശ്ശേരി കടക്കാന്‍ സാധിച്ചാല്‍ നമുക്ക് ടിക്കറ്റ് ഇഷ്യൂ ചെയ്യാമെന്നും.
ഞാനെല്ലാം പടച്ചവനില്‍ അര്‍പ്പിച്ചു. പക്ഷേ ഞങ്ങളുടെ പ്ലാനിംഗ് പോലെ കൃത്യസമയത്ത് തന്നെ അവര്‍ തലശ്ശേരി എത്തി. ഞാനിവിടെ നിന്ന് ടിക്കറ്റ് ഇഷ്യൂ ചെയ്തു. രാത്രി ഒരുമണിക്ക് തന്നെ അവര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തി. പിറ്റേന്ന് എന്റെ അടുത്തും.
പത്തുദിവസത്തിനു ശേഷം മാര്‍ച്ച് 25 ആയപ്പോഴേക്ക് ഇവിടെ ലോക്ക് ഡൗണായി. മാള്‍ അടച്ചു. കട അടക്കേണ്ടി വന്നു. ജോലിയില്ലാതെയായി. റൂമില്‍ തന്നെ ഇരിപ്പായി. ശമ്പളം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. തൊഴിലാളികളെ ആവശ്യമില്ലെങ്കില്‍ പിരിച്ചുവിടാം എന്നിങ്ങനെയൊക്കെ യു.എ.ഇ സര്‍ക്കാരിന്റെ തീരുമാനങ്ങളും വന്നു. 
എന്റെ മാനേജര്‍ ഒരു ജോര്‍ദാനിയാണ്. അദ്ദേഹം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി. ഹോം ഡെലിവെറി തുടങ്ങി. ടെക്‌നീഷ്യനായതുകൊണ്ട് കണ്ണട ഫിറ്റ് ചെയ്ത് കൊടുക്കാന്‍ ഞാന്‍ കൂടെ പോണം. അങ്ങനെ കുറച്ചുദിവസം കൂടി മുന്നോട്ടുപോയി. അതും റിസ്‌കാണ്. മാള്‍ അടഞ്ഞു കിടക്കുകയാണ്. സെക്യൂരിറ്റിയെ ഐ.ഡി കാര്‍ഡ് കാണിച്ച്, കടയില്‍ കയറി സാധനങ്ങള്‍ എടുക്കണം. ഷട്ടര്‍ പാതിമാത്രം തുറന്ന് നൂണ്ടു കയറണം. ഒരാഴ്ച ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അങ്ങനെ ജോലിക്ക് പോയത്.
അങ്ങനെ മാള്‍ റീ ഓപ്പണ്‍ ചെയ്യാം എന്ന് സര്‍ക്കാര്‍ തീരുമാനം വന്നു. പക്ഷേ, കോവിഡ് ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവ് ആണെന്ന റിസള്‍ട്ട് കാണിച്ചാലേ മാളിനുള്ളിലേക്ക് പ്രവേശനമുള്ളൂ.
ഭാര്യക്ക് റമദാനിന്റെ തുടക്കത്തില്‍ ഒരു പനി വന്നിരുന്നു. തൊണ്ടവേദനയും! ഇന്‍ഷൂറന്‍സ് ഇല്ലാത്തതുകൊണ്ട് ഹോസ്പിറ്റലില്‍ പോയി കാണിച്ചില്ല, ഫാര്‍മസിയില്‍നിന്ന് മരുന്നു വാങ്ങിക്കഴിക്കുകയായിരുന്നു. സ്ഥലം മാറിയതിന്റെയും കാലാവസ്ഥ മാറിയതിന്റെയും പ്രശ്‌നമാണെന്നാണ് വിചാരിച്ചത്. അവള്‍ക്ക് മാറിയപ്പോഴേക്കും എനിക്ക് പനി വന്നു.
അതിന് പിറ്റേന്നാണ് മാള്‍ തുറക്കാനും ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഉള്ള തീരുമാനം വന്നത്. പോയി ടെസ്റ്റ് ചെയ്തു. പനിയുടെ ഒരു അസ്വസ്ഥതയുണ്ട്, തൊണ്ടവേദനയുണ്ട്, നെഞ്ചുവേദനയുണ്ട്, വിട്ടുമാറാത്ത തലവേദനയുണ്ട്. പക്ഷേ ഞാനൊരു കോവിഡ് 19 രോഗിയാണെന്ന് അപ്പോഴും സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.
അടുത്ത ദിവസം മെസേജ് വന്നു. കൂടെ ടെസ്റ്റ് ചെയ്തവര്‍ക്കെല്ലാം നെഗറ്റീവ് എന്ന് റിസള്‍ട്ട് വന്നപ്പോള്‍, റീ ടെസ്റ്റ് എന്നായിരുന്നു എനിക്ക് വന്ന മെസ്സേജ്. അപ്പോള്‍ തന്നെ എനിക്കൊരു ഉള്‍ഭയം വന്നുതുടങ്ങിയിരുന്നു. ഭാര്യയും മക്കളും കൂടെ. താമസിക്കുന്നത് ഒരൊറ്റ മുറി വീട്ടില്‍. ജോലിയില്ല. അതിനിടക്ക് രോഗംകൂടി വന്നാലുള്ള അവസ്ഥ. എനിക്കാകെ സങ്കടം വരാന്‍ തുടങ്ങിയിരുന്നു. ഭാര്യയോട് ആദ്യം ഒന്നും പറഞ്ഞില്ല. പ്രാര്‍ഥിച്ചു, പടച്ചോനേ ഞങ്ങളെ ഈ രോഗം കൊണ്ട് നീ പരീക്ഷിക്കല്ലേ എന്ന്. അറിയാതെ കണ്ണുനിറഞ്ഞു. രോഗം വന്നവരൊക്കെ അമേരിക്കയിലും ഇറ്റലിയിലും മരിച്ചുവീഴുന്നുവെന്നാണ് അതുവരെ ഈ രോഗത്തെ കുറിച്ചുണ്ടായിരുന്ന അറിവ്. പോസിറ്റീവ് അല്ലല്ലോ, റീടെസ്റ്റ് എന്നല്ലേ പറഞ്ഞത്, കുഴപ്പമൊന്നുമില്ല എന്നൊക്കെ ആശ്വാസത്തിനായി സമീപിച്ചവരൊക്കെ സമാധാനിപ്പിച്ചു.
പക്ഷേ, രോഗമുള്ള പ്രവാസികളെ നാട്ടിലെ ബന്ധുക്കള്‍ വരെ അകറ്റിനിര്‍ത്തുന്ന വാര്‍ത്തകളൊക്കെ കേട്ട എനിക്ക് ടെന്‍ഷന്‍ തുടങ്ങി. പക്ഷേ, അതിന്റെ ഒരു ആവശ്യവുമുണ്ടായില്ല. എല്ലാവരും ചേര്‍ത്തുപിടിച്ചു. ആരും ആട്ടിയകറ്റിയില്ല. എല്ലാ മത-രാഷ്ട്രീയ സംഘടനകളുടെയും പ്രവാസിസംഘടനകള്‍ സഹായവുമായെത്തി.
റീ ടെസ്റ്റിന് കൊടുത്തു വരുമ്പോള്‍, കഴിയുന്നതും ഭാര്യയില്‍നിന്നും മക്കളില്‍നിന്നും ഒരു അകലം പാലിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നോമ്പ് എടുക്കേണ്ടെന്നും മാത്രമാണ് ആ ക്ലിനിക്കില്‍നിന്ന് പറഞ്ഞത്. റൂമിലെത്തി ജ്യൂസും വെള്ളവുമൊക്കെ നല്ലതുപോലെ കുടിച്ചു. പനിയുടെ അസ്വസ്ഥതകള്‍ അപ്പോഴും വിട്ടുമാറിയിരുന്നില്ല. ആധി കേറി ഉറക്കം നഷ്ടപ്പെട്ടു. കൂടെ സഹിക്കാന്‍ പറ്റാത്ത നടുവേദനയും. കിടന്നു പുളയുകയായിരുന്നു. അസുഖമുണ്ടോ എന്ന സംശയമുള്ളതുകൊണ്ട് റിസള്‍ട്ട് വരുന്നതുവരെ ആശുപത്രിയിലേക്ക് പോകാനും പറ്റില്ല.  അകലം പാലിക്കണമെന്ന് പറഞ്ഞതു കൊണ്ട് എന്റെ കിടപ്പ് തറയിലേക്ക് മാറ്റിയിരുന്നു. 
പേടിച്ചത് സംഭവിച്ചു. റിസള്‍ട്ട് പോസിറ്റീവ്. ഞാനൊരു കോവിഡ് 19 രോഗിയായിരിക്കുന്നു. ഭൂമി കറങ്ങുകയായിരുന്നു ശരിക്കും. എത്ര അകലം പാലിച്ചാലും, ഒരു മുറിയും ഒരു ബാത്ത്‌റൂമുമാണ് ഉപയോഗിക്കുന്നത്. ആഗ്രഹിച്ച് എനിക്കൊപ്പം നില്‍ക്കാന്‍ വന്ന എന്റെ പ്രിയപ്പെട്ടവളും കുഞ്ഞുങ്ങളും. അവര്‍ക്ക് എങ്ങാനും അസുഖം പകര്‍ന്നാല്‍! എനിക്കാകെ വിറയ്ക്കാന്‍ തുടങ്ങി.
പക്ഷേ, ആശ്വാസവുമായി എല്ലാവരും എത്തി. എല്ലാ പ്രവാസി സംഘടനാ പ്രതിനിധികളും വിളിക്കാന്‍ തുടങ്ങി. അവരുടെ നിര്‍ദേശപ്രകാരം, ഭാര്യയുടെയും മക്കളുടെയും കോവിഡ് റിസള്‍ട്ട് വരുന്നതുവരെ ഞാന്‍ ചികിത്സ തേടാന്‍ പോയില്ല. പോയാല്‍ ഞാന്‍ ഹോസ്പിറ്റലിലും, ഒരു പരിചയവുമില്ലാത്ത നാട്ടില്‍ അവളും മക്കളും തനിച്ചാവുകയും ചെയ്യും. അവള്‍ക്കൊരു സിം പോലും എടുത്ത് കൊടുക്കാന്‍ സാധിച്ചിരുന്നില്ല.
എന്തുചെയ്യുമെന്നറിയാതെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. വീണ്ടും പേടിച്ചത് സംഭവിച്ചു. ഭാര്യയുടെയും മക്കളുടെയും റിസള്‍ട്ട് പോസിറ്റീവ്. മെയ് എട്ടിനായിരുന്നു അത്. ഖല്‍ബ് പൊട്ടിപ്പോയി. കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. നാട്ടിലിരുന്ന എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും കൊറോണ വരാന്‍ വേണ്ടിമാത്രം എന്റെ അടുത്തേക്ക് കൊണ്ടുവന്നതുപോലെയായി.
കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, അസുഖം വന്നു, അത് ചികിത്സിക്കാം എന്നല്ലാതെ, റൂട്ട്മാപ്പ് ഉണ്ടാക്കാനോ സമ്പര്‍ക്ക പട്ടിക തയാറാക്കാനോ ഒന്നും ആരും വന്നില്ല. ഇവിടത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ മെഡിക്കല്‍ ടീമാണ് ആശുപത്രിയിലെത്തിക്കാനും മറ്റും സഹായിച്ചത്. ഏതൊക്കെയോ സന്നദ്ധസംഘടനകള്‍, മുഖം പോലുമില്ലാത്ത, പേരില്ലാത്ത മനസ്സുനിറയെ നന്മമാത്രമുള്ള അനേകം മനുഷ്യര്‍. പലരുടെയും പേര് എനിക്കറിയില്ല. അവരങ്ങനെ നന്മകള്‍ മാത്രം ചെയ്യുമ്പോള്‍, നിങ്ങളുടെ പേര് എന്ത്, ഊര് എന്ത്, നാട് എവിടെ എന്നൊന്നും ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ തന്ന ആശ്വാസത്തണലില്‍ എന്റെ പ്രിയപ്പെട്ടവളെയും കുഞ്ഞുങ്ങളെയും ചേര്‍ത്തു പിടിച്ച് ഞാനങ്ങനെ കഴിഞ്ഞു.
അങ്ങനെ ആശുപത്രിയില്‍ അഡ്മിറ്റായി. പരിശോധനക്കിടെയാണ് ഒരു മലയാളി നഴ്‌സിനെ പരിചയപ്പെട്ടത്. അവരോട് എല്ലാ ബുദ്ധിമുട്ടുകളും തുറന്നു പറഞ്ഞു. റൂമിലേക്ക് വിടരുത് ഈ അവസ്ഥയില്‍ എന്ന് കരഞ്ഞു പറഞ്ഞു. കാരണം എനിക്കും ഭാര്യക്കും അസ്വസ്ഥതകള്‍ കൂടിക്കൂടി വരുന്നുണ്ടായിരുന്നു. പക്ഷേ പടച്ചവന്റെ അനുഗ്രഹം, ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നുവെങ്കിലും എന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു ജലദോഷം പോലും ഉണ്ടായിരുന്നില്ല.
പരിശോധനക്കിടെയാണ് എനിക്ക് ന്യൂമോണിയയുടെ ആരംഭമായിട്ടുണ്ട് എന്നറിഞ്ഞത്. വീണ്ടും പേടി കൂടി. എന്നെ വേറെ റൂമിലേക്ക് മാറ്റി. ഒരു ദിവസം കഴിച്ചത് 10 ഗുളിക, ഇഞ്ചക്ഷന്‍ വേറെ. നല്ല ഭക്ഷണമൊക്കെ അവര്‍ തന്നു. അവള്‍ക്കും കുട്ടികള്‍ക്കും ഇനി ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവള്‍ക്ക് ക്ഷീണം വിട്ടിരുന്നില്ല. അതുകൊണ്ട് ഹോട്ടല്‍ ക്വാറന്റൈന്‍ തരണമെന്ന് പറഞ്ഞു വീണ്ടും കാല് പിടിച്ചു. അതും അവര്‍ അനുവദിച്ചു. അടുത്ത ദിവസം എന്നെയും ഡിസ്ചാര്‍ജ് ചെയ്ത് ഒരു ഹോട്ടലിലേക്ക് മാറ്റി.
കുട്ടികള്‍ക്ക് കുറച്ച് ആശ്വാസമായി. അതൊരു ഫാമിലി റൂം തന്നെയായിരുന്നു. ബെഡ്ഡും, നാലുപേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ടേബിളും ചെയറും സോഫാ സെറ്റും ടി.വിയും ബാത്ത് ടബ്ബും എല്ലാം ഉണ്ടായിരുന്നു. ടി.വി വെച്ചപ്പോള്‍ മലയാളം ചാനലുകളൊന്നുമില്ല. കാര്‍ട്ടൂണ്‍ ചാനല്‍ വരെ അറബിയില്‍. അറബിയെന്നാല്‍ മോന് ഖുര്‍ആന്‍ പാരായണമാണ്. അതുകൊണ്ടുതന്നെ അവന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ ടി.വിയിലിരുന്ന് 'ഓതുന്നു.' അതെന്തിനാ എന്നായിരുന്നു അവന്റെ സംശയം.
ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഗുളിക കഴിക്കുന്നതു കൊണ്ടുതന്നെ ഭാര്യ ഒരിക്കലും പ്രഗ്‌നെന്റ് ആകരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു. മെയ് 11-നാണ് ഞങ്ങള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആരംഭിക്കുന്നത്. മെയ് എട്ടിന് എല്ലാ ടെസ്റ്റും നടത്തിയ കൂട്ടത്തില്‍ പ്രെഗ്‌നെന്‍സി ടെസ്റ്റും നടത്തിയിരുന്നു. അന്ന് നെഗറ്റീവാണ് കാണിച്ചത്. പതിനാറാം തീയതി ഹോട്ടലില്‍ ഡോക്ടര്‍ ചെക്കപ്പിന് വന്നപ്പോള്‍ പിരീയഡ് ആവാത്തത് പറഞ്ഞു. ഡോക്ടര്‍ പ്രഗ്‌നന്‍സി കിറ്റ് തന്നു. പരിശോധിച്ചു. പോസിറ്റീവ്. സന്തോഷമുള്ള കാര്യമാണെങ്കിലും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. കൊറോണ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒരുഭാഗത്ത്, കൈയില്‍ അഞ്ച് പൈസയില്ലാത്ത പ്രശ്‌നങ്ങള്‍ മറുഭാഗത്ത്. ആകെ പെട്ടല്ലേ പടച്ചോനേ. മനസ്സുതുറന്ന് ഒന്ന് സന്തോഷിക്കാന്‍ കൂടി പറ്റുന്നില്ലല്ലോ.
നാരങ്ങ ചുടുവെള്ളത്തില്‍ പിഴിഞ്ഞ് കുടിക്കും, കരിഞ്ചീരകവും ചുക്കും തിളപ്പിച്ച് കുടിക്കും. ആവി കൊള്ളും, ഉപ്പുവെള്ളം കവിള്‍കൊള്ളും. പിന്നെ നല്ല ഭക്ഷണവും ഇതൊക്കെയായിരുന്നു ചികിത്സകള്‍ പിന്നെ. മരുന്ന് അഞ്ചുദിവസത്തിനു ശേഷം പിന്നെ വേണ്ടിവന്നിട്ടില്ല.  ഒരു ഡോക്ടറെയും നമ്മള്‍ കാണില്ല. എല്ലാവരും ഫോണിലൂടെയാണ് കണ്‍സള്‍ട്ടന്റ്. നഴ്‌സുമാര്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വരും.
ഞങ്ങള്‍ നാലു പേര്‍ക്കും കോവിഡ് 19 പോസിറ്റീവായത് ഒരുമിച്ചാണ്. അതുകൊണ്ട് താമസിക്കുന്നതും ഒരുമിച്ച്. അതുകൊണ്ടുള്ള പ്രശ്‌നം ഒരാള്‍ക്ക് നെഗറ്റീവ് ആയാലും ടെസ്റ്റ് റിസള്‍ട്ട് കിട്ടുമ്പോള്‍ രണ്ട് ദിവസം കഴിയും. ആ രണ്ടുദിവസവും പോസിറ്റീവ് ആളുകളുടെ കൂടെയാണ് താമസം എന്നുള്ളതു കൊണ്ട് വീണ്ടും പോസിറ്റീവാകും. ഇങ്ങനെയായി പിന്നെ ഞങ്ങളുടെ അവസ്ഥ. മെയ് 18 -ന് എനിക്ക് നെഗറ്റീവായി. ടെസ്റ്റിനെടുത്തത് മെയ് 15-നായിരുന്നു. മൂന്നുദിവസം ഞാന്‍ നെഗറ്റീവ് ആയിട്ടും അവരുടെ കൂടെ അറിയാതെ തന്നെ താമസിച്ചു. പക്ഷേ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് എന്നറിഞ്ഞതോടെ എന്നെ ഹോട്ടല്‍ ക്വാറന്റൈനില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഞാന്‍ ഞങ്ങളുടെ പഴയ റൂമിലേക്ക് പോയി.
ഭാര്യക്ക് അപ്പോഴേക്കും ഗര്‍ഭത്തിന്റെ ക്ഷീണങ്ങള്‍ തുടങ്ങിയിരുന്നു. ഹോട്ടലിലാണെങ്കിലും ഒന്ന് എഴുന്നേല്‍ക്കാനോ റൂമിലെത്തിക്കുന്ന ഭക്ഷണം മക്കള്‍ക്ക് കൊടുക്കാനോ സാധിക്കാതെ തളര്‍ന്ന് കിടപ്പായി.  
18-ന് എടുത്ത എന്റെ റിസള്‍ട്ട് 22-ന് വന്നു. ഞാന്‍ വീണ്ടും പോസിറ്റീവ്. പക്ഷേ, എന്നോട് റൂമില്‍തന്നെ നിന്നാല്‍ മതിയെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. പെരുന്നാള്‍ വന്നു. റൂമില്‍ ഉണ്ടായിരുന്നതില്‍ നല്ല ഡ്രസ് ഞാന്‍ മക്കള്‍ക്ക് കൊണ്ടുകൊടുത്തു. പെരുന്നാള്‍ ചോറും ഉണ്ടാക്കി. ഒന്നിച്ച് ജീവിക്കാനും ഒന്നിച്ച് പെരുന്നാള്‍ കൂടാനും വന്നിട്ട്, ഞങ്ങള്‍ രണ്ടു ഭാഗത്ത്.  
മെയ് 19-ന്റെ റിസള്‍ട്ട് 23-ന് വന്നപ്പോള്‍ ഭാര്യയും മോനും നെഗറ്റീവ് ആയി. മോളെ ഒറ്റക്കാക്കാന്‍ പറ്റാത്തതുകൊണ്ട് അവരെ ഡിസ്ചാര്‍ജ് ആക്കിയില്ല. വീണ്ടും അടുത്ത ടെസ്റ്റ്. അതില്‍ വീണ്ടും മൂന്ന് പേരും പോസിറ്റീവ്. അപ്പോഴാണ് ഡോക്ടര്‍ വീണ്ടും എന്നെ അവരുടെ കൂടെ ഹോട്ടലില്‍ നില്‍ക്കാന്‍ അനുവദിച്ചത്.
അടുത്ത ടെസ്റ്റില്‍ മോള് മാത്രം നെഗറ്റീവ്. ഞങ്ങളെല്ലാം പോസിറ്റീവ്. ആദ്യം തിരിച്ചായിരുന്നു. മൂന്ന് വയസ്സുള്ള കുഞ്ഞിനെ മാത്രം ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റോ. അതുമില്ല. ശരിക്കും ഒരു ഗെയിം പോലെ. അവസാനം സുഹൈലയും മോളും ഞാനും നെഗറ്റീവായി. അങ്ങനെ അവരെ ഡിസ്ചാര്‍ജ് ചെയ്തു. ജൂണ്‍ 2-ന്. ഞാനും മോനും അവിടെതന്നെ തുടര്‍ന്നു. മോന് ഭയങ്കര സങ്കടമായി. അവര്‍ക്കൊക്കെ ശിഫയായി. ഞാന്‍ മാത്രം ഇവിടെ എന്ന്. അടുത്ത റിസള്‍ട്ട് വന്നാല്‍ ഞങ്ങളും ഡിസ്ചാര്‍ജ് ആവുമല്ലോ എന്ന പ്രതീക്ഷയില്‍ സാധനങ്ങളെല്ലാം സുഹൈലയുടെയും മോളുടെയും അടുത്ത് കൊടുത്തയച്ചു.
റൂമില്‍ ഭാര്യ എണീക്കാന്‍ വയ്യാതെ കിടക്കുന്നു. മോള് അവിടെ കിടന്ന് കരയുന്നു. ഞാനും മോനും ഇവിടെ. മോന്‍ ഉമ്മാനെ കാണണം എന്നു പറഞ്ഞ് കരയാതിരിക്കാന്‍ അവനെ എനിക്ക് ഫോണ്‍ കൊടുത്ത് ഇരുത്താം. പിന്നെ എനിക്ക് പേടിയായി തുടങ്ങി. എത്ര സമയം എന്ന് കരുതി ഫോണ്‍ കൊടുക്കും. അവന്റെ കണ്ണ് പ്രശ്‌നമാവില്ലേ എന്നായി.  
സുഹൈലക്കും മോള്‍ ഫാത്വിമക്കുമുള്ള ഭക്ഷണം ആരൊക്കെയോ കൊണ്ടുകൊടുക്കുന്നുണ്ട്. പേരറിയാത്ത, നാടറിയാത്ത മനുഷ്യന്മാര്‍. എന്നെ വിളിച്ചവരൊക്കെ തന്നത് മനസ്സമാധാനമാണ്, പോസിറ്റീവ് എനര്‍ജിയാണ്. അതിലാണ് ഓരോ പരീക്ഷണങ്ങളിലും പിടിച്ചുനിന്നത്.
മോനൊപ്പമുള്ള ഹോട്ടല്‍ ക്വാറന്റൈനിനിടെ എനിക്ക് വീണ്ടും പനി വന്നു. ടെസ്റ്റ് ചെയ്തപ്പോള്‍, സമാധാനമായി. അത് സാധാരണ പനിയായിരുന്നു. ജൂണ്‍ 12-നാണ് റിസള്‍ട്ട് വന്നത്. രണ്ടാളും നെഗറ്റീവ് ആയിരുന്നു. എനിക്ക് 3 ടെസ്റ്റ് നെഗറ്റീവ് അയല്ലോ. അതുകൊണ്ട് മോന് മാത്രം വീണ്ടും ടെസ്റ്റിന് കൊടുത്തു. അല്‍ഹംദു ലില്ലാഹ്, ഞങ്ങള്‍ ഡിസ്ചാര്‍ജ് ആയി, റൂമിലെത്തി. വീണ്ടും ഞങ്ങളെല്ലാവരും ഒരുമിച്ചായി.  ജൂണ്‍ 25-ന് കെ.എം.സി.സിയുടെ സഹായത്തോടെ അവരെ നാട്ടിലെത്തിച്ചു.
കൊറോണ ജീവിതത്തിന് ആത്മധൈര്യം തന്നു. യു.എ.ഇ ഗവണ്‍മെന്റിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. നല്ല ഭക്ഷണം, ജ്യൂസ്, കുട്ടികള്‍ക്ക് വേണ്ട സ്വീറ്റ്‌സ്, മിഠായികള്‍, ചോക്ലേറ്റ് എല്ലാം അവര്‍ തന്നു. മലയാളി നഴ്‌സുമാരുടെ കരുതല്‍. ഡിസ്ചാര്‍ജ് ആയിട്ടും അവരില്‍ പലരും വിളിച്ചു.
33 ദിവസമാണ് അസുഖമായി ഞങ്ങള്‍ കഴിഞ്ഞത്. എനിക്ക് ഭക്ഷണം തന്നവരായാലും, ഞങ്ങളെ ആശുപത്രിയിലെത്തിച്ചവരായാലും ആരും ഞാനേത് പാര്‍ട്ടി, ഏത് മതം, ഏത് വിഭാഗം എന്നൊന്നും അന്വേഷിച്ചിട്ടില്ല. ഉറക്കത്തിലായാലും ജോലിസ്ഥലത്തായാലും ഓടിവന്നിട്ടേയുള്ളൂ. ഞാന്‍ വിളിക്കാന്‍ വിവരമറിയിക്കാന്‍ വൈകിയതിനാണ് എന്നോട് ചിലര്‍ പിണക്കം ഭാവിച്ചത് പോലും. ഞങ്ങളൊക്കെ ഇവിടുണ്ടായിട്ട് എന്തിന് നീ ഇങ്ങനെ ടെന്‍ഷനടിച്ചു, ഞങ്ങളൊക്കെയില്ലേ എന്ന വാക്കിനേക്കാളും ആശ്വാസം പകരുന്നത് വേറെയെന്താണ്?

*******
ദല്‍ഹി എയ്ംസില്‍ നഴ്‌സുമാരാണ് കോഴിക്കോട് സ്വദേശിയായ വിപിനും ഭാര്യ ജെന്നിയും. രണ്ടു പേരും കോവിഡ് പോസിറ്റീവ് ആയവര്‍. രണ്ടാഴ്ചയിലധികമാണ്  ഞങ്ങള്‍ റൂമില്‍ ലോക്ക് ഡൗണായത് എന്ന് പറയുന്നു വിപിന്‍.
''പെട്ടെന്നൊരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ വീട്ടിനുള്ളിലായിപ്പോവുക. സുഹൃത്തുക്കളും കെ.എം.സി.സി പോലുള്ള ചില സന്നദ്ധ സംഘടനകളും സഹായവുമായെത്തിയതുകൊണ്ടാണ് പട്ടിണിയാകാതിരുന്നത്.''
ഒരാഴ്ച ഡ്യൂട്ടി, ഒരാഴ്ച ഓഫ്, അഥവാ സെല്‍ഫ് ക്വാറന്റൈന്‍ അങ്ങനെയായിരുന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഞങ്ങളുടെ ഡ്യൂട്ടി അറേഞ്ച്‌മെന്റ്‌സ്. ഒരാഴ്ചത്തെ സെല്‍ഫ് ക്വാറന്റൈന്‍ കഴിഞ്ഞ് ജൂണ്‍ 1-ന് ഡ്യൂട്ടിക്ക് കയറാനിരിക്കെയാണ് മെയ് 30-ന് ഞാന്‍ പോസിറ്റീവ് ആകുന്നത്. അതായത് ആ ആഴ്ചയിലെ എന്റെ ഓഫ് നാല് ദിവസം ആയപ്പോഴേക്കും എനിക്ക് പനി വന്നു.
105 ഡിഗ്രിയും അതിലും മേലെയും. ഭയങ്കര പെയിന്‍ഫുള്‍ ആയിരുന്നു ആ ദിവസങ്ങള്‍. ഫാനിന്റെ കാറ്റ് പോലും പറ്റുന്നില്ല. ശരീരം മുഴുവന്‍ വേദനയാവുക. എ.സിയും ഇടാന്‍ പറ്റില്ല. അതുകൊണ്ടുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ വരും. വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്, എന്തായാലും അതിജീവിച്ചു എന്ന് തന്നെ പറയാം.
ഞങ്ങള്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായതുകൊണ്ട്, ഈ അസുഖത്തെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകാന്‍ തക്ക ആരോഗ്യാവസ്ഥ ഞങ്ങളുടേത് മോശമായിട്ടില്ല. ശ്വാസതടസ്സത്തിന്റെ പ്രശ്‌നമൊന്നുമില്ല. അതിന് തക്ക അര്‍ഹരായവര്‍ പുറത്ത് വേറെയുള്ളത് കൊണ്ട്, എന്തിന് വെറുതെ രണ്ട് ബെഡ്ഡ് ഞങ്ങള്‍ എടുക്കണം എന്നാണ് ചിന്തിച്ചത്. മാത്രവുമല്ല, അത് മര്യാദകേടാണ്. അതുകൊണ്ട് ഹോം ക്വാറന്റൈന്‍ മതിയെന്ന് തീരുമാനിച്ചു. അവനവന്റെ സൗകര്യത്തിന് കഞ്ഞിയും കുടിച്ച് കഴിയാം. പിന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമഞ്ഞള്‍ സമമായി ഇട്ട് തിളപ്പിച്ച വെള്ളം എല്ലാ ദിവസവും കുടിച്ചിരുന്നു. ഭക്ഷണവും നല്ലോണം കഴിച്ചു. കഞ്ഞിയെങ്കില്‍ കഞ്ഞി, കഴിക്കാതിരുന്നില്ല.
രണ്ടു പേരും കോവിഡ് ബാധിതര്‍, ആര് ഭക്ഷണമുണ്ടാക്കും എന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു. മാക്‌സിമം പോയാല്‍ ഒരു അര മണിക്കൂര്‍ മാത്രമാണ് എന്തെങ്കിലും ജോലി ചെയ്യാന്‍ കഴിഞ്ഞത്. അപ്പോ എഴുന്നേറ്റ് കഞ്ഞിവെക്കും. പിന്നെ ഒന്ന് കിടന്ന് ആ പാത്രങ്ങള്‍ കഴുകിവെക്കും. പിന്നെയും റെസ്റ്റ് എടുത്ത് ബാക്കി ക്ലീനിംഗും ഒക്കെ ചെയ്യും. എല്ലാം രണ്ടു പേരും കൂടിതന്നെ.
വണ്‍ ഗ്രാം പാരസെറ്റമോള്‍ നിരന്തരം എടുത്തു. അത്രക്ക് പെയിന്‍ഫുള്‍ ആയിരുന്നു അവസ്ഥ. പള്‍സ് മീറ്റര്‍ ഒന്ന് റൂമില്‍ വാങ്ങിവെച്ചു. എന്തെങ്കിലും ക്ഷീണം തോന്നിയാല്‍ ഉടന്‍ പള്‍സ് നോക്കണം. വല്ല സംശയവും തോന്നിയാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറണം- ഇതായിരുന്നു ഡോക്ടറും സുഹൃത്തുക്കളും നല്‍കിയ നിര്‍ദേശം. എന്തിനും തയാറായി പുറത്ത് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒരുതവണ എനിക്ക് പള്‍സ് വല്ലാതെ കൂടി. ജെന്നി ആകെ പരിഭ്രമിച്ച് സുഹൃത്തുക്കളെ വിളിച്ചു. അവര്‍ എന്നെ ആശുപത്രിയിലെത്തിക്കാന്‍ പി.പി.ഇ കിറ്റ് വാങ്ങാനായി പോയപ്പോഴേക്കും ഞാന്‍ നോര്‍മലായി. അപ്പോള്‍ തന്നെ ഞാന്‍ ഓകെയാണെന്നും വരേണ്ടതില്ലെന്നും അറിയിച്ചു.
ദല്‍ഹിയിലെ പ്രോട്ടോക്കോള്‍ അനുസരിച്ച്, അസുഖം സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞാല്‍ പിന്നെ രോഗവാഹകരല്ല, നമുക്ക് പൊതുസമൂഹവുമായി ഇടപെടാം. റിപ്പീറ്റ് ടെസ്റ്റിന്റെ ആവശ്യമില്ല എന്നാണ്. അല്ലെങ്കിലും അതില്‍ അര്‍ഥവുമില്ല. നമ്മള്‍ ഒരാളെ തന്നെ 25 തവണ ചെയ്യുന്നതിലും നല്ലത്, ആ 24 ടെസ്റ്റ് ബാക്കി 24 പേര്‍ക്കായി ചെയ്യുന്നതല്ലേ. 10 ദിവസത്തിന് ശേഷം ഞങ്ങള്‍ ഓകെയായി. ക്ഷീണം മാറാത്തതുകൊണ്ടാണ് ലീവ് പിന്നെയും നീട്ടിയത്.
ഓണ്‍ലൈന്‍ തന്നെയായിരുന്നു ആശ്വാസം. പിന്നെ മൂന്ന് പൂച്ചക്കുട്ടികളും. അവര്‍ക്കാവശ്യമായ കാറ്റ് ഫുഡ് ആണ് അസുഖമാണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ആദ്യം സ്റ്റോക്ക് ചെയ്തത്. അവര്‍ ഞങ്ങള്‍ക്ക് തന്ന പോസിറ്റീവ് വൈബ് അത്രയേറെയാണ്. മൃഗങ്ങളിലേക്ക് അസുഖം പകരില്ല എന്നതിനാല്‍ അവയെ കളിപ്പിച്ചും കൊഞ്ചിച്ചും കുറേ സമയം അങ്ങനെ പോയി. ഞങ്ങളുടെ അസ്വസ്ഥതകള്‍ അതിനിടയില്‍ ഒരു പരിധിവരെ ഞങ്ങള്‍ മറന്നു. ഓണ്‍ലൈനില്‍ ആശ്വാസം കണ്ടെത്തി എന്ന് പറഞ്ഞാല്‍, വാര്‍ത്തകളില്‍നിന്ന് അകലം പാലിച്ചു എന്ന് കൂടി മനസ്സിലാക്കണം. ഒരുപാട് ഫുഡ് ആന്റ്  യൂട്യൂബ് ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തു. പിന്നെ സിനിമകള്‍, എന്റര്‍ടെയ്ന്‍മെന്റ് ഷോകള്‍ അവയെല്ലാം കണ്ട് സമയം നീക്കി.
വെള്ളമായിരുന്നു ഞങ്ങള്‍ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി. ദല്‍ഹി പോലൊരു നഗരത്തില്‍ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണ്. 50 ലിറ്ററിന്റെ ബോട്ടില്‍ വാട്ടര്‍ വാങ്ങിക്കുകയായിരുന്നു. ദല്‍ഹിയില്‍ ഡ്രെയിനേജ് പൈപ്പും വാട്ടര്‍ പൈപ്പും പാരലലായിട്ടാണ് പോകുന്നത്. ഇടക്ക് അവ പൊട്ടും, ചോരും പരസ്പരം കൂടിക്കലരും. ആ വെള്ളം വിശ്വസിച്ച് നമുക്ക് കുടിക്കാനേ കൊള്ളില്ല.
അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ രണ്ട് ബോട്ടില്‍ വെള്ളമാണ് സ്റ്റോക്കുണ്ടായിരുന്നത്. ഈ ബോട്ടില്‍ കൊടുത്താലേ അവര്‍ അടുത്ത ബോട്ടില്‍ വെള്ളം നമുക്ക് തരികയുള്ളൂ. ഞങ്ങള്‍ പോസിറ്റീവ് ആയതുകൊണ്ടുതന്നെ, ആ ബോട്ടിലില്‍ ഞങ്ങളുടെ സ്പര്‍ശം ഉണ്ടായിട്ടുണ്ട്. ബോട്ടില്‍ എടുക്കാന്‍ ആള് വന്നാല്‍ അയാള്‍ക്ക് അസുഖം വരും. അയാള്‍ പോസിറ്റീവ് ആകാന്‍ പാടില്ല. അതുകൊണ്ട് ഈ ബോട്ടില്‍ തിരിച്ച് കൊടുക്കാന്‍ ഞങ്ങള്‍ക്ക് പേടിയായി. ആദ്യം ഒഴിഞ്ഞ ബോട്ടില്‍ സാനിറ്റൈസര്‍ ഒക്കെ ഒഴിച്ച് പുറത്ത് വെച്ചു. രണ്ടാമത്തെ ബോട്ടിലിലെ വെള്ളം കൊണ്ട് ഒരു മൂന്നു നാല് ദിവസം ഒപ്പിക്കും. എന്നിട്ട് ആ വെള്ളം തീരാറാകുമ്പോള്‍ ഒരു ബോട്ടിലിന് ബുക്ക് ചെയ്യും. അപ്പോഴേക്കും ആദ്യത്തെ ബോട്ടില്‍ പുറത്തു വെച്ചിട്ട് മൂന്ന് ദിവസം കഴിയുമല്ലോ. വീണ്ടും ഇങ്ങനെത്തന്നെ ആവര്‍ത്തിക്കും.
നമ്മുടെ ഫാമിലിയും സുഹൃത്തുക്കളും കൂടെയുണ്ടെങ്കില്‍ അതുതന്നെയാണ് നമുക്ക് പോസിറ്റീവ് എനര്‍ജി. പിന്നെ സന്നദ്ധസംഘടനകളുടെ ശ്രദ്ധ. എനിക്ക് കിട്ടിയ കിറ്റില്‍ സോപ്പ് മുതല്‍ ഫ്രൂട്ട്‌സും ഡ്രൈ ഫ്രൂട്ട്‌സും വരെയുണ്ടായിരുന്നു.  നമ്മളെ നമ്മള്‍ ഇതുവരെ കാണാത്ത, അറിയാത്ത ആരോ പരിഗണിച്ചിരിക്കുന്നു. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്. മുന്നോട്ടുപോകാനുള്ള പ്രചോദനമായിരുന്നു അത്.
പിന്നെ എന്റെ വീട്ടുടമസ്ഥന്‍ തന്ന ശ്രദ്ധ, അതും എടുത്തു പറയണം. പല ദിവസങ്ങളിലും അയാളുടെ മകനാണ് ഞങ്ങള്‍ക്കുള്ള ഭക്ഷണം കൊണ്ടുതന്നത്. ഡോറിന് സമീപം വെച്ചുപോകും. കാണാനോ കൈയില്‍ തരാനോ നിന്നില്ല എന്നു മാത്രം. സൂരജ് എന്നൊരു സുഹൃത്തിനെ എടുത്തു പറയണം. ഞങ്ങള്‍ക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആവശ്യമുള്ള പച്ചക്കറിയും മറ്റ് സാധനങ്ങളും വീട്ടിലെത്തിച്ചു തന്നത് അവനാണ്. അവനൊരു ആരോഗ്യപ്രവര്‍ത്തകനല്ല. മറ്റുള്ള എന്റെ ഒരുവിധം സുഹൃത്തുക്കളൊക്കെ ആരോഗ്യപ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും ഒക്കെയായിരുന്നു. അവന്നും ഞങ്ങളുടെ എനര്‍ജി താഴെപ്പോകാതെ നിന്നതില്‍ വലിയൊരു റോളുണ്ട്.
കേരളത്തില്‍ ക്വാറന്റൈനിലുള്ളവരെ ഒറ്റപ്പെടുത്തിയ, ഭക്ഷണം പോലും കൊണ്ടുകൊടുക്കാന്‍ ആളുകള്‍ മടിച്ച, അവരുടെ ജീവനോപാധികള്‍ വരെ നശിപ്പിച്ച ചില സംഭവങ്ങളൊക്കെ അറിഞ്ഞിരുന്നു. ഈ അവഗണിക്കുന്നവര്‍ക്കും ദ്രോഹിക്കുന്നവര്‍ക്കും ഈ അസുഖം പിടിപെടില്ലെന്ന് എന്താ ഉറപ്പ്? കൃത്യമായ മാസ്‌കും ഗ്ലൗസുമൊക്കെ ധരിച്ച് വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുക തന്നെ വേണം. അവരെ പരിഗണിക്കണം. ഇത് നിപ്പ പോലെ ഒരു ഡെഡ്‌ലി ഡിസീസ് അല്ല. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
കോവിഡ് 19 ബാധിച്ചവര്‍ക്ക് വേണ്ടത് മരുന്നിനേക്കാളേറെ ഒരു സപ്പോര്‍ട്ടാണ്. ഒരുതരം ഭ്രഷ്ട് കല്‍പ്പിച്ച് അവരെ മാറ്റിനിര്‍ത്തുന്ന അവസ്ഥ അവരെ മാനസികമായി തളര്‍ത്തും.
ആരോഗ്യപ്രവര്‍ത്തകരായ ഞങ്ങള്‍, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജോലിക്ക് വരാതിരുന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ നാടിന്റെയും അവസ്ഥ എന്താകുമെന്ന് ഇത്തരക്കാര്‍ ആരെങ്കിലും ഓര്‍ത്തുനോക്കിയിട്ടുണ്ടോ? അങ്ങനെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും ചിന്തിച്ചാല്‍ ഈ രോഗികളെ പിന്നെ ആര് ശുശ്രൂഷിക്കും? ഇത്തരമൊരു സാഹചര്യത്തില്‍ ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യണ്ടേ.
ഇതൊരു യുദ്ധഭൂമിയാണ്. ഇതില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടത് ഡോക്ടര്‍മാരും നഴ്‌സുമാരും ശുചീകരണത്തൊഴിലാളികളുമടങ്ങുന്ന ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഈ ശുചീകരണ തൊഴിലാളികള്‍ ഞങ്ങളിനി ജോലിക്ക് വരുന്നില്ലെന്നു പറഞ്ഞാല്‍ ഈ വേസ്റ്റ് എല്ലാം കൂടി നമ്മളെന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ?
 ഇവിടെ ദല്‍ഹിയില്‍ ഒരു നഴ്‌സ് കോവിഡാണ് എന്നറിഞ്ഞ് ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായി. ആ കുട്ടി തൂങ്ങിമരിക്കുകയാണ് ഉണ്ടായത്. ആരോഗ്യപ്രവര്‍ത്തകരില്‍പോലും അത്രക്ക് വിഷാദം ഈ രോഗം ഉണ്ടാക്കുന്നുണ്ട്.  അപ്പോള്‍ ഒരു സാധാരണക്കാരന് ഈ രോഗം വന്നാല്‍ അവര്‍ തളര്‍ന്നുപോകും. സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് അതിജീവിക്കാനാകു. ആരും ആരുടെയും അടുത്തേക്ക് ഒന്നും പോകണ്ട. ഫോണ്‍ വിളിക്കാലോ. മെസ്സേജ് അയക്കാലോ. അതുതന്നെ വലിയ ആശ്വാസമായിരിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top