പ്രത്യാശയുടെ ഖുര്‍ആനിക പാഠങ്ങള്‍

സി.ടി സുഹൈബ് No image

അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വായിച്ചും കേട്ടും മാത്രം പരിചിതമായ കാര്യങ്ങള്‍ യാഥാര്‍ഥ്യങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സ്വഛമായ മുന്നോട്ടുപോക്ക് നിലച്ചിരിക്കുന്നു. പ്രതിസന്ധിയിലായിപ്പോയ കോടിക്കണക്കിന് മനുഷ്യര്‍. പരിഹാരം അകലെയാണെന്നറിയുമ്പോഴുള്ള ആശങ്കകളും അസ്വസ്ഥതകളും നിരാശയിലേക്കെത്തിക്കുന്നുണ്ട്, പലരെയും. മനുഷ്യന്റെയും ഈ ലോകത്തിലെ ജീവിതത്തിന്റെയും യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാത്തവരെ സംബന്ധിച്ചേടത്തോളം ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ജീവിതം തന്നെ നഷ്ടപ്പെട്ടെന്ന വിലാപങ്ങളിലേക്കെത്തിക്കുന്നു.
ഇസ്‌ലാം മനുഷ്യന് സ്രഷ്ടാവിന്റെ നടപടിക്രമങ്ങളെയും ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെയും കുറിച്ച ബോധ്യം അടിസ്ഥാനപരമായി തന്നെ ഊട്ടിയുറപ്പിച്ചു നല്‍കുന്നുണ്ട്. അതിലൂടെ മനുഷ്യര്‍ക്ക് ഈ ലോകത്ത് സംഭവിക്കുന്ന ദുരന്തങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാനുള്ള സ്ഥൈര്യം പകര്‍ന്നുകിട്ടുന്നു.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും വര്‍ത്തമാനങ്ങളും വാഗ്ദാനങ്ങളും നിറഞ്ഞു നില്‍ക്കുന്നുണ്ട് ഇസ്‌ലാമികാധ്യാപനങ്ങളില്‍. ആദ്യ മനുഷ്യരായ ആദം നബിയും ഹവ്വ ബീവിയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട് ഭൂമിയിലേക്കയക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ അവരോട് അല്ലാഹു പ്രത്യാശയുടെ വാക്കുകളാണ് പറയുന്നത്:
''എല്ലാവരും ഇവിടം വിട്ടു പോകണം. എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് അവിടെ വന്നെത്തും. സംശയമില്ല; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും, ദുഃഖമില്ലാത്തവരും'' (2:38).
നിര്‍ഭയത്വത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങളാണ് ഭൂമിയിലെ മനുഷ്യജീവിതം ആരംഭിക്കുന്ന വേളയില്‍തന്നെ നല്‍കുന്നത്. മനുഷ്യനെ കുറിച്ച അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കുന്നിടത്ത്, വളരെ നിസ്സാരമായ വസ്തുവില്‍നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും ദുര്‍ബലനാണെന്നും ദൈവനിശ്ചയത്തിനു മുന്നില്‍ നിശ്ചലമായിപ്പോകുന്ന കഴിവുകളേ നല്‍കപ്പെട്ടിട്ടുള്ളൂ എന്നുമൊക്കെ നിരന്തരമായി ഓര്‍മിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍. അതു പക്ഷേ, മനുഷ്യനെ അപകര്‍ഷതയിലേക്ക് തള്ളിവിടാനല്ല, അഹങ്കാരവും ധാര്‍ഷ്ട്യവും നിഷേധവും സംഭവിക്കാതിരിക്കാനാണ്. ദുര്‍ബലനായ മനുഷ്യനോട് അല്ലാഹു നീ എന്റെ പ്രതിനിധിയാണെന്നും മനുഷ്യനെ നാം ആദരിച്ചിരിക്കുന്നു എന്നും പറയുന്നതിലൂടെ സ്വന്തത്തെ കുറിച്ച അഭിമാനബോധത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ജീവിതത്തില്‍ നിരാശപ്പെടാതെ തന്റെ ജീവിതത്തിന് കൃത്യമായ അര്‍ഥവും ഉദ്ദേശ്യവുമുണ്ടെന്നും തിരിച്ചറിവ് നല്‍കുകയും പ്രതീക്ഷയോടെയും ആത്മാഭിമാനത്തോടെയും ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജമേകുകയും ചെയ്യുന്നു.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ് ഐഹിക ജീവിതം. നിനച്ചിരിക്കാതെ ദുഃഖവും സന്തോഷവും പ്രശ്‌നവും പരിഹാരങ്ങളുമെല്ലാം കടന്നുവരും. പ്രതിസന്ധികളും പ്രശ്‌നങ്ങളും അനുഭവിക്കേണ്ടിവരുമ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്നും നിരാശയും അസ്വസ്ഥതയും ബാധിക്കാതെ മറികടക്കാനുള്ള വഴികള്‍ എന്തെല്ലാമാണെന്നും ഖുര്‍ആന്‍ പഠിപ്പിച്ചുതരുന്നുണ്ട്.
അവയിലധികവും ജീവിതപാഠങ്ങളാണ്, വിശ്വാസത്തില്‍നിന്നും രൂപപ്പെടുന്ന ബോധ്യങ്ങളാണ്. അതുകൊണ്ടാണ് റസൂല്‍ (സ) പറഞ്ഞത്; 'വിശ്വാസിയുടെ കാര്യം അത്ഭുതമാണ്, വിശ്വാസിക്ക് മാത്രമേ അങ്ങനെ സാധിക്കൂ. അവന്നെന്തെങ്കിലും പ്രയാസകരമായ കാര്യം സംഭവിച്ചാല്‍ അത് ക്ഷമയോടെ നേരിടും. അതവന് നന്മയായിത്തീരും. ഇനി സന്തോഷകരമായ കാര്യമാണ് സംഭവിക്കുന്നതെങ്കിലോ, അവനതിന് നന്ദി രേഖപ്പെടുത്തും അതും അവന് നന്മയായിത്തീരുന്നു.'
ദാരിദ്ര്യം, മനുഷ്യനനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണ്. ദാരിദ്ര്യത്താല്‍ ജീവനവസാനിപ്പിക്കുന്നതിനെ വിലക്കിക്കൊണ്ട് അല്ലാഹു പറയുന്നു: ''പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയ കുറ്റം തന്നെ'' (17:31).
സമ്പത്ത് കുറഞ്ഞതിനാല്‍ തന്നെ വിലകുറച്ചു കണ്ട ധനാഢ്യനായ സുഹൃത്തിന്റെ നിലപാടിനോട് ജീവിത യാഥാര്‍ഥ്യത്തെക്കുറിച്ച് തിരിച്ചറിവുള്ള കൂട്ടുകാരന്റെ മറുപടി തോട്ടക്കാരന്റെ കഥയിലൂടെ സൂറത്തുല്‍ കഹ്ഫില്‍ പറയുന്നുണ്ടല്ലോ:
''എന്റെ നാഥന്‍ എനിക്ക് നിന്റെ തോട്ടത്തേക്കാള്‍ നല്ലത് നല്‍കിയേക്കാം. നിന്റെ തോട്ടത്തിന്റെ നേരെ അവന്‍ മാനത്തു നിന്ന് വല്ല വിപത്തുമയച്ചേക്കാം. അങ്ങനെ അത് തരിശായ ചതുപ്പു നിലമായേക്കാം.''
വിഭവങ്ങളുടെ കുറവും കൂടുതലും ദൈവനിശ്ചയമാണെന്നും ഇന്നത്തെ അവസ്ഥ തന്നെയായിരിക്കും നാളെയും എന്ന് കരുതാതെ മുന്നോട്ടു പോകാനുള്ള പ്രതീക്ഷയാണ് വിശ്വാസിക്ക് നല്‍കുന്ന പാഠങ്ങള്‍.
അസുഖം മനുഷ്യനെ തളര്‍ത്തിക്കളയുന്ന പരീക്ഷണമാണ്. ആരോഗ്യമുള്ള ജീവിതമാണ് എല്ലാവരുടെയും സ്വപ്‌നം. ചെറിയ അസുഖങ്ങള്‍ പോലും നമ്മെ ആശങ്കയിലാഴ്ത്തും. അസുഖത്തിന്റെ കാഠിന്യം വര്‍ധിക്കുകയും മരുന്നുകള്‍ ഫലിക്കാതെ വരികയും ചെയ്യുമ്പോള്‍ നിരാശയിലേക്ക് പതിക്കും. അവിടെയാണ് അസുഖങ്ങള്‍ സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണെന്ന വാഗ്ദാനം പ്രതീക്ഷയാകുന്നത്. ഇനി അസുഖം മാറിയില്ലെങ്കിലും അതിന്റെ പ്രയാസങ്ങളും വേദനകളും സഹനത്തോടെ നേരിട്ടാല്‍ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന റസൂലിന്റെ (സ)അധ്യാപനങ്ങള്‍ ആശ്വാസവും പ്രതീക്ഷയുമേകും.
അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു: 'വിശ്വാസിയെ അസുഖമോ പ്രയാസമോ ക്ഷീണമോ ദുഃഖമോ ഉപദ്രവമോ വ്യസനമോ ബാധിക്കുന്നില്ല; കാലില്‍ തറക്കുന്ന ഒരു മുള്ളുപോലുമില്ല, അതു മുഖേന അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടാതെ....' (മുത്തഫഖുന്‍ അലൈഹി).
പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍, പ്രശ്‌നങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ ഇനി മുന്നോട്ടു പോകാനാകില്ലെന്ന് കരുതി പിന്‍വലിയാറുണ്ട് പലരും. എന്നാല്‍ പ്രയാസങ്ങളും എളുപ്പവുമൊക്കെ ജീവിതത്തിന്റെ സ്വാഭാവികതകളാണെന്നും ഓരോ പ്രയാസങ്ങള്‍ക്കപ്പുറം എളുപ്പമുള്ള വഴികള്‍ നമുക്കായി തുറക്കപ്പെടുമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു:
''അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്, നിശ്ചയം പ്രയാസത്തോടൊപ്പമാണ് എളുപ്പം'' (94: 5,6).
''പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നു'' (65:7).
നമ്മളാഗ്രഹിക്കുന്ന പലതും ജീവിതത്തില്‍ ലഭിക്കാതാകുമ്പോഴും നമ്മള്‍ നേടിയെടുത്തതും നമ്മളേറെ ഇഷ്ടപ്പെടുന്നതുമായ കാര്യങ്ങള്‍ നഷ്ടപ്പെട്ട് പോകുമ്പോഴും നിരാശയിലകപ്പെട്ടുപോകാറുണ്ട്. അല്ലാഹുവിന് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്ലെന്നും അവന് നികത്തിത്തരാന്‍ സാധിക്കാത്ത നഷ്ടങ്ങളില്ലെന്നും തിരിച്ചറിയണമെന്ന് ഇടക്കിടെ അല്ലാഹു ഉണര്‍ത്തുന്നത് അത്തരം നിരാശകളില്‍ മനുഷ്യന്‍ അകപ്പെടാതിരിക്കാനാണ്:
''ദുഃഖിക്കാതിരിക്കുക, അല്ലാഹു നമ്മോടൊപ്പമുണ്ട്'' (9:40).
ആഗ്രഹിക്കുന്നത് ലഭിക്കാതിരിക്കുമ്പോള്‍ അല്ലാഹു എനിക്ക് അതില്‍ ഖൈറ് കണ്ടിട്ടുണ്ടാവില്ലേയെന്നും നഷ്ടമുണ്ടാകുമ്പോള്‍ മറ്റെന്തെങ്കിലും ഖൈറ് അല്ലാഹു വിധിച്ചിട്ടുണ്ടാകുമെന്നും ആശ്വസിക്കാന്‍ കഴിയുന്നവന് അസ്വസ്ഥതകളുണ്ടാകില്ല.
''ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു, നിങ്ങളോ അറിയുന്നില്ല'' (2: 217).
അല്ലാഹു അവന്റെ ഗുണങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അവന്റെ കാരുണ്യത്തെക്കുറിച്ചാണ് പറയുന്നത്. വിശാലവും ചൂഴ്ന്നുനില്‍ക്കുന്നതുമാണ് ആ കാരുണ്യസ്പര്‍ശം. ഏതുപ്രതിസന്ധിയിലും താങ്ങായും തണലായും അവന്റെ കാരുണ്യത്തിന്റെ കരങ്ങള്‍ തലോടാനെത്തുമെന്ന പ്രതീക്ഷയില്‍ മനസ്സില്‍ പ്രത്യാശയുടെ തിരികള്‍ തെളിച്ചുവെക്കും.
''അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകില്ല'' (12: 87).
മാനസിക അസ്വസ്ഥതകളും ആത്മഹത്യാ പ്രവണതകളും ഏറെ വര്‍ധിച്ച ഒരു കാലം കൂടിയാണിത്. കൂടെ നില്‍ക്കാന്‍ ആരുമില്ലെന്ന തോന്നലുകളും പ്രതിസന്ധികളെ തരണം ചെയ്യാനാവില്ലെന്ന ധാരണകളും ജീവിതത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലെന്ന ചിന്തയും ജീവിതമവസാനിപ്പിക്കുന്നതിലേക്ക് കൊണ്ടെത്തിക്കുന്നു. മാനസിക സന്തോഷത്തിന്റെ അടിസ്ഥാനം ഭൗതികകാര്യങ്ങള്‍ മാത്രമല്ലെന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട് ഇത്തരം വാര്‍ത്തകള്‍. അവിടെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന വലിയ പാഠം പ്രസക്തമാകുന്നത്; 'ദൈവസ്മരണ കൊണ്ടു മാത്രമേ മനസ്സുകള്‍ക്ക് ശാന്തി ലഭിക്കുകയുള്ളൂ.' ആരില്ലെങ്കിലും കൂടെ അവനുണ്ട്, അവന്റെ തീരുമാനങ്ങള്‍ക്കപ്പുറം ഒന്നും എന്റെ ജീവിതത്തില്‍ സംഭവിക്കുന്നില്ല. അവന്‍ വിചാരിച്ചാല്‍ തീരാത്ത പ്രശ്‌നങ്ങളില്ല, അവന് എന്റെ സൃഷ്ടിപ്പിന് ചില ഉദ്ദേശ്യങ്ങളുണ്ട്. ഇത്തരം തിരിച്ചറിവുകള്‍ മനസ്സില്‍ നിറഞ്ഞുനിന്നാല്‍ ഒരു വിഷാദത്തിനും നമ്മെ കീഴടക്കാനാവില്ല.
തെറ്റുകള്‍ ചെയ്തുപോയവര്‍ പിന്നീട് അതിനെ കുറിച്ചോര്‍ത്ത് ഖേദിക്കാറുണ്ട്. പാപപങ്കിലമായ ഈ ജീവിതം കൊണ്ടെന്തര്‍ഥം, ഞാന്‍ നശിച്ചുപോയവനാണ്..... ഇങ്ങനെയൊക്കെ ആലോചിച്ച് നിരാശപ്പെടുന്നവരോട് പ്രതീക്ഷാനിര്‍ഭരമായ വര്‍ത്തമാനമാണ് ഖുര്‍ആന്‍ പറയുന്നത്:
''വല്ല നീചകൃത്യവും ചെയ്യുകയോ തങ്ങളോടു തന്നെ അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍. തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്... ''(3: 135).
പാപങ്ങള്‍ എത്രയധികമാകട്ടെ, എത്ര വലുതാകട്ടെ ആത്മാര്‍ഥമായ പശ്ചാത്താപത്തോടെ അല്ലാഹുവിലേക്ക് തേടുന്നവര്‍ക്ക് പാപമോചനത്തിന്റെ കവാടങ്ങള്‍ തുറന്നുകിടപ്പുണ്ട്. അധാര്‍മികതയുടെയും തിന്മകളുടെയും ചെളിയില്‍ ആണ്ടുപോയവര്‍ക്ക് ജീവിതത്തിന്റെ തെളിച്ചത്തിലേക്ക് പ്രതീക്ഷയോടെ കടന്നുവരാനുള്ള ദൈവിക കാരുണ്യം. ഒട്ടും അനിഷ്ടമില്ലാതെ നിറഞ്ഞ സന്തോഷത്തോടെ അല്ലാഹു അവരെ സ്വീകരിക്കും.
തിന്മയുടെ വഴികള്‍ അലങ്കാരങ്ങള്‍ നിറഞ്ഞതും സൗകര്യമുള്ളതുമാണ്. പ്രലോഭനങ്ങളില്‍ വളരെ വേഗം ആളുകള്‍ പെട്ടുപോകും. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍നിന്നും വഴിമാറി നടക്കുകയെന്നത് കുറച്ച് പ്രയാസകരമായ കാര്യമാണ്. പ്രയാസങ്ങളും നഷ്ടങ്ങളും സഹിച്ചും നന്മയുടെയും സത്യസന്ധതയുടെയും വഴിയില്‍ നടക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് പ്രതിബന്ധങ്ങളും പരീക്ഷണങ്ങളും നിറയെ കാണും. സത്യസന്ധനായ കച്ചവടക്കാരന്നും ഉദ്യോഗസ്ഥന്നുമെല്ലാം പിടിച്ചുനില്‍ക്കാന്‍ പാടായിരിക്കും. അവിടെ അല്ലാഹുവിന്റെ വാഗ്ദാനം അവര്‍ക്ക് കരുത്തും പ്രതീക്ഷയും നല്‍കും: ''അല്ലാഹുവെ സൂക്ഷിക്കുന്നവര്‍ക്ക് അവന്‍ രക്ഷാമാര്‍ഗം ഒരുക്കിക്കൊടുക്കും. അവന്‍ വിചാരിക്കാത്തവിധം അവന് വിഭവങ്ങള്‍ നല്‍കും'' (65: 2,3).
എല്ലാറ്റിലുമപ്പുറം പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ സന്ദേശമാണ് പരലോകവിശ്വാസം. ഈ ഒരു ജീവിതം മാത്രമേ ഉള്ളൂ എന്ന് കരുതുന്നവര്‍ക്ക് സങ്കടങ്ങളും നഷ്ടങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളുമെല്ലാം വലിയ അസ്വസ്ഥതകളുണ്ടാക്കും. എന്നാല്‍ ഈ ലോകം നശ്വരമാണെന്നും ഇവിടത്തെ വിഭവങ്ങള്‍ വഞ്ചിപ്പിക്കുന്നതാണെന്നും ഈ ജീവിതത്തിനപ്പുറം അനശ്വരമായ മറ്റൊരു ലോകവും ജീവിതവുമുണ്ടെന്നും വിശ്വസിക്കുന്നവര്‍ ഈ ചെറിയ ലോകത്തെ പ്രയാസങ്ങൡ അസ്വസ്ഥമാകില്ല. ഇവിടെ ലഭിക്കാതെപോകുന്ന നീതിയും സന്തോഷവും സുഖവും സമാധാനവും ഒരുപാടിരട്ടിയായി തിരിച്ചു കിട്ടുന്ന ലോകം കാത്തിരിപ്പുണ്ടെന്നത് ജീവിതത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്നു. പ്രശ്‌നങ്ങളും പ്രയാസങ്ങളുമെല്ലാം പേമാരിയായി പെയ്തിറങ്ങുവോളം പെയ്‌തൊഴിയാത്ത നാഥന്റെ കാരുണ്യത്തില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് പ്രയാസങ്ങളുടെ ഭാരങ്ങളെ കുറച്ചുകളയും. പരലോക വിശ്വാസമാണ് പ്രത്യാശയുടെയും പ്രതീക്ഷയുടെയും വര്‍ണാഭമായ മനസ്സ് രൂപപ്പെടുത്തുന്നത്.
വ്യക്തികള്‍ക്ക് മാത്രമല്ല, കൂട്ടായ്മകള്‍ക്കും സാമൂഹിക ദൗത്യനിര്‍വഹണത്തിലും പ്രത്യാശയുടെ പാഠങ്ങള്‍ നിറച്ചുവെക്കുന്നുണ്ട് ഖുര്‍ആന്‍. അസത്യത്തിന്റെയും അനീതിയുടെയും ശക്തികള്‍ ആധിപത്യം നേടുകയും നീതിയുടെയും സത്യത്തിന്റെയും വാഹകര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് ഒന്നിന്റെയും അവസാനമല്ലെന്നും സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ സത്യം വിജയിക്കുമെന്ന പ്രതീക്ഷയുടെ വാഗ്ദാനങ്ങള്‍ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാണ്:
''നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആകരുത്, നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍'' (3: 139).
''എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും'' (28: 5).
വ്യക്തിയാകട്ടെ, സംഘമാകട്ടെ എവിടെയും സ്തംഭിച്ചുനില്‍ക്കാന്‍ പാടില്ല എന്നതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. പ്രതിസന്ധികളും പ്രശ്‌നങ്ങളും ഈ ജീവിതത്തിന്റെ സ്വാഭാവിക പ്രതിഭാസങ്ങളാണ്. അതിനെ എങ്ങനെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു എന്നിടത്താണ് അതിജീവനത്തിന്റെ പാഠങ്ങളുള്ളത്. പ്രതീക്ഷയും പ്രത്യാശയും നിറച്ച്, ആത്മധൈര്യത്തോടെയും അഭിമാനബോധത്തോടെയും മുന്നോട്ടു പോകുന്നവര്‍ക്കു മുന്നില്‍ പ്രതിബന്ധങ്ങള്‍ മാറിനില്‍ക്കും. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായും ഇടപെടാന്‍ കഴിവുള്ള ഒരു ദൈവത്തിലാണല്ലോ വിശ്വാസികള്‍ ഭരമേല്‍പിച്ചിരിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top