ലൈല ബിന്‍ത് അബീഹശ്മ

സഈദ് മുത്തനൂര്‍ No image

''നിങ്ങളെല്ലാം കൂടി ഞങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തുകയല്ലേ! ഞങ്ങള്‍ വീടും കുടുംബവും ഇട്ടെറിഞ്ഞ് ഈ നാടു വിട്ട് എങ്ങോട്ടെങ്കിലും പോവുകയാണ്. ദൈവത്തിന്റെ ലോകം അത്ര ചെറുതല്ല, അത് ഏറെ വിശാലമാണ്. അല്ലാഹു ഞങ്ങളുടെ സമര്‍പ്പണത്തിന് ഒരു പുതിയ മാര്‍ഗം തുറന്നു തന്നില്ലെങ്കില്‍ ഞങ്ങള്‍ വിദൂരങ്ങളില്‍ വസിച്ചോളും.''
''സ്വഹിബകമുല്ലാഹ്!'' (അല്ലാഹു നിങ്ങളോടൊപ്പമുണ്ടാവട്ടെ).
സ്വഹാബി വനിതയായ ലൈല ബിന്‍ത് അബൂഹശ്മയും, അന്ന് ഇസ്‌ലാംവിരുദ്ധ ചേരിയിലെ ശക്തനായ എതിരാളി ഉമറുബ്‌നുല്‍ ഖത്ത്വാബും തമ്മില്‍ നടന്ന ഒരു അപൂര്‍വ സംഭാഷണമാണ് മുകളില്‍ ഉദ്ധരിച്ചത്.
സ്വഹാബി വനിതയായ ലൈല ബിന്‍ത് അബീഹശ്മയാണ് കഥാനായിക. ഉമര്‍ അവരുമായി സുഹൃദ് ബന്ധമുണ്ടെങ്കിലും ഇസ്‌ലാമിന്റെ ശത്രുവാണ്. ഈ സംഭാഷണം കഴിഞ്ഞ ഉടനെ ലൈലയുടെ ഭര്‍ത്താവ് ആമിറുബ്‌നു റബീഅ (റ) കയറി വന്നു. ഉമര്‍ വന്നതും പറഞ്ഞതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് ലൈല (റ) പറഞ്ഞു. ''ഉമറില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നതുപോലെ തോന്നുന്നു.''
''ഖത്ത്വാബിന്റെ കഴുത ഇസ്‌ലാം സ്വീകരിക്കുന്നതു വരെ ഉമര്‍ ഇസ്‌ലാം സ്വീകരിക്കുകയില്ല'' - ആമിറിന്റെ മുഖത്തടിച്ച പ്രതികരണം! ചരിത്രത്തില്‍ എന്നും ഓര്‍മിപ്പിക്കപ്പെട്ട ഒരു വാക്ക്.
ഉമര്‍ ഇസ്‌ലാം സ്വീകരിക്കുകയില്ല, ആ തോന്നല്‍ അസംഭവ്യം എന്ന് തീര്‍ത്തു പറയുകയായിരുന്നു ആമിര്‍ (റ). ലൈല ബിന്‍ത് അബീഹശ്മയും അവരുടെ അഭിപ്രായത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഇങ്ങനെ പ്രതികരിച്ചു: ''ഈ തവണ കണ്ടപ്പോള്‍ ഉമറില്‍ വലിയ അലിവ് വന്നതുപോലെ, അല്ലാഹു അദ്ദേഹത്തിന്റെ മനസ്സ് മാറ്റുകയില്ലെന്നാരു കണ്ടു?!'' ''ഉമര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നാണോ നീ പറഞ്ഞു വരുന്നത്?!''
''അതേ, തീര്‍ച്ചയായും'' - ലൈലയുടെ ശബ്ദം ഉറച്ചതായിരുന്നു.
ലൈല ബിന്‍ത് അബീഹശ്മ ഖുറൈശി ഗോത്രത്തിലെ ബനൂ അദിയ്യ് പരമ്പരയില്‍ പെടുന്നവരായിരുന്നു. ലൈല-ആമിര്‍ ദമ്പതികള്‍ വളരെ സത്യസന്ധരും ഉത്തമ പ്രകൃതക്കാരുമായിരുന്നു. ഇവര്‍ ആദ്യകാല പ്രബോധകസംഘമായതിനാല്‍ ഏറെ ദണ്ഡനങ്ങളും പീഡനങ്ങളും നേരിടുകയുണ്ടായി. ലൈലയുടെ ഭര്‍ത്താവ് ആമിറുബ്‌നു റബീഅ അല്‍ ഗുസ്സ, അന്‍സുബ്‌നു വാഇല്‍ കുടുംബത്തില്‍പെടുന്നു. ബനൂ അദിയ്യുമായി സുഹൃദ്ബന്ധമുണ്ട്. ഉമറിന്റെ പിതാവ് ഖത്ത്വാബ് സ്‌നേഹാതിരേകത്താല്‍ ആമിറിനെ മകനായി കരുതി പോറ്റിവളര്‍ത്തി. ആമിറുബ്‌നു ഖത്ത്വാബ് എന്നുവരെ ആളുകള്‍ വിളിച്ചിരുന്നു. എന്നാല്‍ 'പോറ്റുമക്കളെ അവരുടെ പിതാക്കളോട് ചേര്‍ത്തു വിളിക്കുക' (33:5) എന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചതോടെ ആമിറുബ്‌നു ഹുദൈഫ് സ്വന്തം പിതാവിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ലൈല-ആമിര്‍ ദമ്പതികള്‍ ആദ്യദശയില്‍ ഇസ്‌ലാമില്‍ വന്നവരാണ്. അതുകൊണ്ടു തന്നെ ഇരുവരും സത്യനിഷേധികളുടെ നോട്ടപ്പുള്ളികളായി മാറി.
അവിശ്വാസികളുടെ മര്‍ദനം അസഹ്യമായപ്പോള്‍ ലൈലക്കും ആമിറിനും മക്ക വിട്ടുപോകാനുള്ള അനുവാദം നബി (സ) നല്‍കി. പ്രവാചകനിയോഗത്തിന് അഞ്ചാം വര്‍ഷമായിരുന്നു ഇത്. എത്യോപ്യയിലേക്ക് ഹിജ്‌റ പോയ 12 പുരുഷന്മാരും നാല് സ്ത്രീകളുമടങ്ങുന്ന സംഘത്തില്‍ ഇവരുമുണ്ടായിരുന്നു. യാത്രക്കായി ഒട്ടകപ്പുറത്തേറാന്‍ നേരമാണ് ഉമറി(റ)നെ കണ്ടതും മേല്‍സംഭാഷണം നടന്നതും.
നബിയുമായി ബൈഅത്ത് ചെയ്ത് ഇസ്‌ലാം സ്വീകരിച്ചവരില്‍ ഒരാളാണ് ലൈലാ ഹശ്മ. ഒട്ടക കൂടാരത്തില്‍ ഇരുന്ന് ആദ്യം ഹിജ്‌റ ചെയ്തതും അവര്‍ തന്നെ. ഹസ്രത്ത് ലൈല അഭിലഷിച്ച പോലെ ഉമര്‍ (റ) പിന്നീട് ഏതാണ്ട് അതേ വര്‍ഷം തന്നെ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. ഇത് മുസ്‌ലിം വൃത്തങ്ങളില്‍ വലിയ ആവേശം പകര്‍ന്നതു സ്വാഭാവികം.
അതേസമയം മക്കയില്‍ മുസ്‌ലിംകളും അവിശ്വാസികളും രമ്യതയില്‍ കഴിയാന്‍ തീരുമാനിച്ചു എന്ന തെറ്റായ വിവരം കിട്ടിയതിനാല്‍ പ്രവാസികളായ മുസ്‌ലിംകള്‍ മക്കയിലേക്കു തന്നെ മടങ്ങാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ലൈലാ-ആമിര്‍ ദമ്പതികളും തിരിച്ചുപോന്നു. എന്നാല്‍, കേട്ട വാര്‍ത്ത തെറ്റായിരുന്നെന്നു മക്കയിലെത്തിയപ്പോള്‍ മനസ്സിലായി. ചില ഖുറൈശി പ്രമുഖര്‍ അഭയം നല്‍കിയതിനാല്‍ ചിലര്‍ മക്കയില്‍ തന്നെ തങ്ങി. ആസിമുബ്‌നു വാഇല്‍ സഹ്മിയാണ് ആമിര്‍-ലൈല ദമ്പതികള്‍ക്ക് അഭയം നല്‍കിയത്. എന്നാല്‍ മുസ്‌ലിംകള്‍ക്കു നേരെ ഖുറൈശികളുടെ ശത്രുത കൂടിക്കൂടി വന്നു. അക്കാരണത്താല്‍ തിരുമേനി (സ) വീണ്ടും എത്യോപ്യയിലേക്ക് പോകാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.
പ്രവാചകത്വത്തിന്റെ ആറാം വര്‍ഷാരംഭത്തില്‍ നൂറോളം പേരടങ്ങുന്ന ഒരു ഖാഫില അബ്‌സീനിയയിലേക്ക് തിരിച്ചു. രണ്ടാമത്തെ ഈ യാത്രാസംഘത്തിലും ലൈല-ആമിര്‍ ദമ്പതികള്‍ ഉണ്ടായിരുന്നു എന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നത്.
ഏതാനും വര്‍ഷം പ്രവാസികളായി കഴിഞ്ഞ ശേഷം ലൈലയും ആമിറും മറ്റു മുസ്‌ലിംകളും നബി തിരുമേനി(സ) മദീനയിലേക്ക് ഹിജ്‌റ പോകുന്നതിനു മുമ്പ് മക്കയിലെത്തി. മദീനയിലേക്കുള്ള പലായകരിലും ആദ്യവനിതയായി ലൈലാ ബിന്‍ത് അബീ ഹശ്മ ഉണ്ടായിരുന്നു. അങ്ങനെ ആദ്യ പലായക എന്ന സ്ഥാനം ലൈലക്ക് കൈവന്നു. അവര്‍ക്ക് ഒരു മകനുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ആമിര്‍. കുട്ടിയുടെ ജനനത്തിനു ശേഷമാണ് അവര്‍ ഉമ്മു അബ്ദുല്ല എന്ന പേരില്‍ അറിയപ്പെട്ടത്. ആദ്യകാല മുസ്‌ലിംകളില്‍ പെട്ടവരായതിനാല്‍ ആദ്യ ഖിബ്‌ലയായ ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചവരില്‍ ഉള്‍പ്പെടാന്‍ ഈ സ്വഹാബി വനിതക്ക് ഭാഗ്യം ലഭിച്ചു. ലൈല ഹശ്മ(റ)ക്ക് റസൂല്‍ തിരുമേനിയുടെ അടുക്കല്‍ വലിയ സ്ഥാനമായിരുന്നു. തിരുമേനി (സ) അവരുടെ വീടു സന്ദര്‍ശിക്കുകയും അവര്‍ക്കു വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top