ജി.ഐ.ഒ വെബ് കോണ്‍ഫറന്‍സ് 'മുസ്‌ലിം വുമണ്‍ ആന്റ് ദ വേള്‍ഡ് ബിനീത്' മുന്നോട്ടുവെക്കുന്ന മുസ്‌ലിം സ്ത്രീ ആഖ്യാനങ്ങള്‍

ഷമീമ സക്കീര്‍ No image

കാലങ്ങളായി തങ്ങളുടെ ആധികാരിക അസ്തിത്വത്തെ (Authentic Existence) കുറിച്ചുള്ള പലതരം ആലോചനകളിലൂടെയാണ് മുസ്‌ലിം സ്ത്രീ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു സാംസ്‌കാരിക വിഷയം എന്നതിലപ്പുറം അവളുടെ ബൗദ്ധിക നിലവാരത്തെ അംഗീകരിക്കാനോ മനസ്സിലാക്കാനോ ലോകം ശ്രമിച്ചിട്ടില്ല.
ഇസ്ലാമോഫോബിയ മുസ്ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്ന ഏറ്റവും വേരോട്ടമുള്ള ആഗോള ഭീഷണിയായി മാറുകയും വളരെ തന്ത്രപൂര്‍വം മുസ്‌ലിം സ്ത്രീയെ ഈ ആശയത്തിന്റെ കൈയിലെ ചട്ടുകമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തിട്ട് കാലമേറെയായി. ഇസ്ലാംഭീതി കാരണം വിവേചനപരവും അസമത്വപൂര്‍ണവുമായ പെരുമാറ്റത്തിലൂടെ മുസ്ലിം സമുദായം മൊത്തത്തില്‍ ഇരകളാക്കപ്പെടുകയും, മുഖ്യധാരാ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍നിന്നും അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി.
ലിംഗനീതി മനുഷ്യാവകാശമായിട്ടാണ് ഇസ്ലാം കാണുന്നത്. ജീവിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാന സംരക്ഷണ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയവയില്‍ ആണിനും പെണ്ണിനും നീതിപൂര്‍വമായ തുല്യപരിഗണനയാണ് മതം നല്‍കിയിട്ടുള്ളത്. ഈ മേഖലകളിലെല്ലാം സ്ത്രീയും സ്ത്രൈണതയും ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷാ കവചവും മതം അവള്‍ക്ക് ഒരുക്കിയിട്ടുണ്ട്. പ്രവാചകന്‍ നിയുക്തനായ അറേബ്യന്‍ സമൂഹം പെണ്‍കുഞ്ഞിന് ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചവരായിരുന്നു. എന്നാല്‍ പ്രവാചക-ഖലീഫമാരുടെ സുവര്‍ണ യുഗങ്ങളില്‍ സ്ത്രീശക്തി കരുത്താര്‍ജിച്ചതായി ചരിത്രത്തില്‍നിന്നും നമുക്ക് വായിക്കാന്‍ കഴിയും. രണ്ടില്‍ കൂടുതല്‍ പെണ്‍മക്കളെ പരിപാലിച്ചു വളര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന പ്രവാചക പ്രഖ്യാപനത്തിലൂടെ നിലവിലുള്ള ആണ്‍കോയ്മയെ അദ്ദേഹം തളര്‍ത്തുകയും പെണ്ണിന് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്തു. ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് പള്ളി അവള്‍ക്കു മുമ്പില്‍  തുറന്നിട്ടു; ആരാധനകളനുഷ്ഠിച്ചാല്‍ ആണിന് ഒരു പ്രതിഫലവും പെണ്ണിന് മറ്റൊരു പ്രതിഫലവും കല്‍പിക്കാതെ (16:97). ജൈവിക വ്യത്യാസങ്ങള്‍ക്കനുസൃതമായി ആരാധനാകാര്യങ്ങളില്‍ അവള്‍ക്കു മാത്രം പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായി നല്‍കി. ഇസ്ലാമിന്റെ സുവര്‍ണ യുഗങ്ങളില്‍ ഭരണകാര്യങ്ങളിലും സേനാവിന്യാസത്തിലും യുദ്ധരംഗത്തും സേവന മേഖലകളിലും കൂടിയാലോചനകളിലും അവളും പങ്കാളിയായിരുന്നു. ഹുദൈബിയാ സന്ധിയുടെ നിര്‍ണായക ഘട്ടത്തില്‍ പ്രവാചകന്‍ പരിഹാരമായി സ്വീകരിച്ചത് ഉമ്മുസലമ(റ) അഭിപ്രായത്തെ ആയിരുന്നു.
പൊതുരംഗത്തെ സ്ത്രീപ്രവേശത്തിനും ഭരണരംഗത്തെ സ്ത്രീസാന്നിധ്യത്തിനും ഇസ്ലാം എതിരുനിന്നിട്ടില്ല. വൈദ്യശാസ്ത്രം, കര്‍മശാസ്ത്രം, കവിത തുടങ്ങിയ മേഖലകളിലെല്ലാം അതീവ പാണ്ഡിത്യമുണ്ടായിരുന്ന ആഇശ(റ) ഹജ്ജ് വേളയില്‍ സൗര്‍ മലയുടെ താഴ്വരയില്‍ തമ്പടിക്കുകയും ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ ദേശങ്ങളിലെ ആണുങ്ങളടക്കമുള്ളവര്‍ക്ക് മതവിജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിലെ നിയമ പണ്ഡിതരുടെ സുപ്രധാന അവലംബമാണ് ആഇശ (റ), ഉഹുദ്, ഖന്‍ദഖ്, ഖൈബര്‍, യര്‍മൂക്ക്, ഖാദിസിയ്യ, ജമല്‍ യുദ്ധങ്ങള്‍ സ്ത്രീകള്‍ നിര്‍ണായക പങ്കുവഹിച്ചവയാണ്. മുസ്ലിംകള്‍ക്ക് അടിപതറിയ ഉഹുദ് യുദ്ധത്തില്‍ പ്രവാചകന് സംരക്ഷണകവചം തീര്‍ത്ത് പോരാടിയത് ഉമ്മുഅമ്മാറ(റ)യായിരുന്നു. ഉമ്മുഅതിയ്യ പ്രവാചകനോടൊപ്പം ഏഴു യുദ്ധങ്ങളിലും അദ്ദേഹത്തിനു ശേഷം രണ്ടു യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
അസ്മാ ബിന്‍ത് യസീദിന്റെ ഇടപെടലില്ലായിരുന്നുവെങ്കില്‍ യര്‍മൂക്ക് യുദ്ധം മുസ്ലിംകള്‍ക്ക് കയ്പനുഭവമാകുമായിരുന്നു. ഉമര്‍ (റ) മദീനയിലെ ചന്തയുടെ ഭരണച്ചുമതല ശിഫാഅ എന്ന വനിതയെയായിരുന്നു ഏല്‍പിച്ചത്. സബഇലെ രാജ്ഞിയുടെ ബഹുദൈവാരാധനയെ ചോദ്യം ചെയ്യുന്ന ഖുര്‍ആനും സുലൈമാന്‍ നബിയും മുഹമ്മദ് നബിയും അവളുടെ ഭരണനേതൃത്വത്തെക്കുറിച്ച് ഒരു പരാമര്‍ശം നടത്തുന്നില്ല. സ്ത്രീ ഭരണാധികാരിയാവുന്നത് കുറ്റകരമായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ അതിനെതിരില്‍ പ്രതികരിക്കാതിരിക്കുകയില്ല. ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് അനന്തരാവകാശം നിയമമാക്കിയതിലൂടെ സ്വത്ത് ആര്‍ജിക്കാനും വിനിമയം ചെയ്യാനുമുള്ള അവകാശം നല്‍കുകയായിരുന്നു യഥാര്‍ഥത്തില്‍ ഇസ്‌ലാം.
പക്ഷേ മറ്റേതു ദര്‍ശനങ്ങളെയും പോലെ ഇസ്ലാമിക ദര്‍ശനങ്ങളെയും യാഥാസ്ഥിതിക പൗരോഹിത്യം പിടിമുറുക്കുകയും അവരുടെ പരിമിത ചിന്തകള്‍ക്കനുസരിച്ച് ഇസ്ലാമികാധ്യാപനങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്തപ്പോള്‍ ലിംഗനീതി നിഷേധിക്കപ്പെട്ടു. ലോകസാഹചര്യം, പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യം ചരിത്രപരമായി സ്ത്രീവിരുദ്ധമാണ്. സ്ത്രീവിരുദ്ധമായ സാഹചര്യത്തില്‍നിന്ന് ദൈവിക നിര്‍ദേശങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും ആശയവ്യാഖ്യാനം നല്‍കുമ്പോഴാണ് തീവ്ര മതയാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നത്.
ഇസ്‌ലാമിക ചരിത്രത്തില്‍ മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട വളരെ പഴക്കം ചെന്ന ഒരു മാതൃക (Tradition) ഉണ്ട് എന്നത് വാസ്തവം. അതിന്റെ തുടര്‍ച്ചയായി നിരവധി മുസ്‌ലിം സ്ത്രീകള്‍ ലോക ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ലോകത്ത് പുരുഷന്മാര്‍ മാത്രം നയിക്കുന്ന സംഘടനകളുടെ കാലത്താണ് (Male led Movement) ഈജിപ്തില്‍ സൈനബുല്‍ ഗസാലി ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതാവായി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമാകുന്നത്. പാണ്ഡിത്യത്തിന്റേയും ഫത്‌വകള്‍ നല്‍കുന്നതിന്റെയും കാര്യത്തില്‍ ഇമാം ശാഫിഈക്ക്  തുല്യമായിരുന്നു സമകാലികയായ നഫീസത്തുല്‍ മിസ്വ്‌രിയ. തന്റെ ഗുരുക്കന്മാരില്‍ ഒരാളായി ഇമാം ശാഫിഈ നഫീസത്തുല്‍ മിസ്വ്‌രിയ്യയെ പരിചയപ്പെടുത്തുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ സമകാലികയായിരുന്ന സൈനബ് അലി അക്കാലത്തെ ഉജ്വല പ്രഭാഷകയായിരുന്നു. അല്ലാമാ ഇബ്‌നു ഖല്‍ദൂന്റെ സ്ഥാപനത്തില്‍ 6 അധ്യാപികമാര്‍ ഉണ്ടായിരുന്നു.
വൈദ്യശാസ്ത്രത്തില്‍ മികച്ച പണ്ഡിതയായിരുന്ന ഉമ്മുല്‍ ഹസന്‍ ബിന്‍തുല്‍ ഖാസി, ഹിജ്‌റ 571-ല്‍ ജീവിച്ചിരുന്ന ഹാഫിളുല്‍ ഉമ്മ എന്നറിയപ്പെട്ട ഇബ്‌നു അസാകിര്‍ എന്ന പണ്ഡിതക്ക് കീഴില്‍ ശിഷ്യരായി നിരവധി വനിതകള്‍ ഉണ്ടായിരുന്നു. വിശ്വോത്തര പണ്ഡിതന്‍ ഇബ്‌നു ഖല്ലിഖാന് ഇജാസ നല്‍കിയത് സൈനബ് എന്ന സ്ത്രീ ആയിരുന്നു. ശീറാസിയുടെ മകളുടെ ശിഷ്യഗണത്തില്‍ പെട്ടവരായിരുന്നു ഹാഫിള് ബിന്‍ നാസിറുദ്ദീന്‍ അടക്കമുള്ള പണ്ഡിതര്‍. ധിഷണാ ശേഷിയും വിമോചനപരതയും മുന്നോട്ടുവെക്കുന്ന ഇസ്‌ലാമിക സ്ത്രീചരിത്രത്തിന്റെ പിന്മുറക്കാരാണ് ഇവരെല്ലാം.  
ഇസ്ലാമിനെയും ഇന്ത്യന്‍ മുസ്ലിമിനെയും കുറിച്ചുള്ള പഠനങ്ങള്‍ ഇസ്ലാമിന്റെ രാഷ്ട്രീയ- പൊതുവ്യവഹാരശേഷിയെ റദ്ദുചെയ്യാനുള്ള ദീര്‍ഘകാലമായി നടക്കുന്ന യൂറോപ്യന്‍ - സവര്‍ണ ഗൂഢാലോചനകളുടെ ഭാഗമായി വികലമാക്കപ്പെട്ടതോ അപൂര്‍ണമായവയോ ആണ്. ഇന്ത്യന്‍ സമൂഹത്തില്‍, അക്കാദമിക രംഗങ്ങളില്‍ ഒക്കെ ഇസ്ലാമിനെയും മുസ്ലിമിനെയും കുറിച്ച് തെറ്റിദ്ധാരണ വളര്‍ത്തുന്നതില്‍ ഇവക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇസ്ലാമിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് രാഷ്ട്രീയ-സാമൂഹിക-അക്കാദമിക മേഖലകളില്‍ ഇടപഴകാനുള്ള മുസ്ലിം സ്ത്രീയുടെ അവസരങ്ങളെ ഇത് രൂപപ്പെടുത്തിയ പൊതുബോധം തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇന്നും വിവിധ മേഖലകളില്‍ ഇസ്ലാമിന്റെ യഥാര്‍ഥ സത്തയെ ഉള്‍ക്കൊണ്ടുകൊണ്ട് ഇടപഴകുന്ന മുസ്ലിം പെണ്ണിന് ഇത്തരം വായനകളും പൊതുബോധവും വലിയ ബാധ്യതയാകുന്നുണ്ട്.
ഇസ്ലാമിന്റെ വക്താക്കളായി നടിക്കുന്ന പൗരോഹിത്യത്തെയും മതേതര-ലിബറല്‍ ഇടങ്ങളില്‍നിന്നുള്ള ചോദ്യങ്ങളെയും പ്രതിരോധിച്ചുകൊണ്ടാണ് മുസ്ലിം പെണ്ണ് തങ്ങളുടെ യഥാര്‍ഥ സാധ്യതകളെ തേടിക്കൊണ്ടിരിക്കുന്നത്.
ലിംഗഭേദങ്ങളെക്കുറിച്ച ഇസ്ലാമിന്റെ ധാരണ പാശ്ചാത്യ ലിബറല്‍ വ്യവഹാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. ലിംഗഭേദം, സമത്വം എന്നിവയുടെ ആശയം വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത റഫറന്‍സുകളെ ആസ്പദമാക്കിയാണ്. ഒരു വിഭാഗം തീവ്ര യാഥാസ്ഥിതിക പരികല്‍പ്പനകള്‍ക്കകത്ത് സ്ത്രീയെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് കിഴക്കന്‍ നിയമങ്ങള്‍ അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമത്തില്‍ മതപരമായ ഗുണങ്ങളുടെ അംശമില്ലാതെ പാശ്ചാത്യ തീവ്ര ലിബറല്‍ ജീവിതത്തിലേക്ക് അവളെ നയിക്കുന്നു. ഇസ്ലാം അവളെ ഇതിനിടയില്‍ നിര്‍ത്തി, സ്ത്രീവിമോചനത്തിന്റെ ഏറ്റവും മികച്ച മാതൃക മതത്തിന്റെ വിശ്വാസങ്ങളിലും ആദര്‍ശങ്ങളിലും കൂടിയാണ് എന്ന് ചരിത്രത്തിലൂടെ പറഞ്ഞുവെക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ ഫെമിനിസ്റ്റുകള്‍ ലക്ഷ്യമിട്ട നിയമാവകാശങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിം സമൂഹത്തിലെ വനിതകള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നു. ലിംഗഭേദങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീ -പുരുഷ സമത്വത്തിനു ദൈവസമക്ഷം മേന്മകളൊന്നും കല്‍പ്പിക്കപ്പെട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ സംശയരഹിതമായി പ്രഖ്യാപിക്കുന്നു (16:9).
Religion എന്ന പാശ്ചാത്യ മതസങ്കല്‍പ്പത്തേക്കാള്‍ വിശാലമായ വിവക്ഷകള്‍ നിറഞ്ഞതാണ് 'ദീന്‍' എന്ന പദം. ഫെമിനിസം ഉള്‍പ്പെടെയുള്ള ആധുനികവും ആധുനികോത്തരവുമായ Political Movements  നെ സംബന്ധിച്ചേടത്തോളം 'അവകാശം' എന്നതാണ് പ്രധാനപ്പെട്ട ആശയം (Concept). പാശ്ചാത്യ മോഡേണിസം തന്നെ വ്യക്തി അവകാശം എന്ന അടിത്തറയിലാണ് 'അവകാശം' (Rights) സ്ഥാപിക്കപ്പെടുന്നത്. മറ്റു സംസ്‌കാരങ്ങളെയും ജീവിതരീതികളെയുമെല്ലാം പരിശോധിക്കുന്നതും ഈയൊരു അടിസ്ഥാനത്തില്‍ തന്നെയാണ്. 
ഇസ്‌ലാം അതിനെല്ലാം അപ്പുറത്ത് മനുഷ്യന്റെ നൈതികത/ ധാര്‍മികതക്കാണ് പ്രാധാന്യം നല്‍കുന്നത് (Ethics). ആ നൈതികതയുടെ റഫറന്‍സ് അല്ലാഹുവും വിശുദ്ധ ഖുര്‍ആനുമാണ്.
ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം അവകാശം നൈതികതയുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യം മാത്രമാണ്. ഇസ്‌ലാം ആവശ്യപ്പെടുന്നത് നീതിക്കു വേണ്ടി നിലകൊള്ളാനാണ്. അവകാശത്തെപ്പോലെ തന്നെ ധാര്‍മിക മൂല്യങ്ങളുടെ ഭാഗമായാണ് ഇസ്‌ലാം നീതിയെയും കാണുന്നത്. മറ്റു ആശയധാരകളില്‍നിന്നെല്ലാം വ്യത്യസ്തമായി ജീവിതത്തോടും ധാര്‍മികതയോടും പുലര്‍ത്തുന്ന ഈ കാഴ്ചപ്പാടാണ് ഇസ്‌ലാമികാശയങ്ങളെ ഇത്രമേല്‍ വിവാദമായി വായിക്കാന്‍ പ്രേരിപ്പിക്കുന്നത്.
മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് 'ലിബറല്‍' പാശ്ചാത്യ മതേതര സമൂഹത്തിന്റെ നിരന്തര പ്രഖ്യാപനത്തിനുശേഷവും, മുഖ്യധാരാ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ ഇടപെടലുകളോടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിര്‍ണായകവും കൃത്യവുമായ പ്രാതിനിധ്യം നേടാന്‍ ഇക്കാലയളവില്‍ അവള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈജിപ്തിലും സിറിയയിലും യൂറോപ്പിലും അമേരിക്കയിലും ഗതിനിര്‍ണയിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം സ്ത്രീ മുഖ്യധാരാ ഇടപെടലുകള്‍ മുതല്‍ ഇന്ത്യയില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ഇളക്കിമറിച്ച രണ്ടാം സ്വാതന്ത്ര്യസമരത്തിനു തുല്യമായ പ്രക്ഷോഭങ്ങള്‍ നയിച്ച കലാലയങ്ങളിലെ സമര്‍ഥരായ മുസ്‌ലിം വിദ്യാര്‍ഥിനികള്‍, ശാഹീന്‍ ബാഗിലെ ഉമ്മമാര്‍, ഇവരുടെ പോരാട്ട വീര്യത്തെ ഏറ്റെടുത്ത് രാജ്യത്തിന്റെ മുക്കുമൂലകളില്‍നിന്നും വരെ സമരത്തെ ഏറ്റെടുത്ത അനവധിയായ മുസ്‌ലിം സ്ത്രീകള്‍ ഇവരൊക്കെയും ഇസ്‌ലാമിക ചരിത്രത്തിലെ ഈ പ്രവണതയെ അടയാളപ്പെടുത്തുകയാണ്.
ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള ആഗസ്റ്റ് 13, 14, 15 തീയതികളിലായി 'മുസ്ലിം വുമണ്‍ ആന്റ് ദ വേള്‍ഡ് ബിനീത്' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അക്കാദമിക് സമ്മിറ്റ് പഠനാര്‍ഹമായ തലത്തില്‍ ഇത് ചര്‍ച്ച ചെയ്യുകയുണ്ടായി. മൂന്നു ദിവസങ്ങളിലായി വിവിധ അക്കാദമീഷ്യന്‍സ് പങ്കെടുത്ത മൂന്നു സെഷന്‍സ്  ജി.ഐ.ഒ കേരള ഫേസ്ബുക്ക് പേജില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. 
പരിപാടി മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ (MAB) പ്രസിഡന്റ് റഗദ് അല്‍ തിക്‌രീത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രിട്ടനിലെ പ്രശസ്ത ഇസ്‌ലാമിക സംഘടനയെ നയിക്കുന്ന ആദ്യത്തെ മുസ്‌ലിം വനിതയാണ് റഗദ്. യൂറോപ്യന്‍ ഫോറം ഓഫ് മുസ്ലിം വുമണിന്റെ (EFOMW) ഉപദേശക സമിതിയില്‍ അംഗമാണ്. പടിഞ്ഞാറന്‍ മുസ്ലിം സ്ത്രീകളെയും യുവാക്കളെയും സംബന്ധിച്ച വിഷയങ്ങളില്‍ അവര്‍ വിവിധ പഠനങ്ങള്‍ നടത്തുന്നു. പടിഞ്ഞാറന്‍ ഇസ്ലാമോഫോബിയയെക്കുറിച്ചും മുസ്ലിം സമുദായത്തെ അത് എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ചും ബ്രിട്ടനില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന റഗദ് വെസ്റ്റേണ്‍ ഫെമിനിസം മുസ്‌ലിം സ്ത്രീ പ്രതിനിധാനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്നും ഇസ്‌ലാമോഫോബിയയും മുസ്‌ലിം കമ്യൂണിറ്റിയെ പാശ്ചാത്യ ലോകത്ത് മാര്‍ക്ക് ചെയ്യുന്നത് എങ്ങനെയാണെന്നും വിശദീകരിച്ചു.
ഉദ്ഘാടന സെഷന്‍ അഭിസംബോധന ചെയ്തുകൊണ്ട് ജി.ഐ.ഒ കേരള വൈസ് പ്രസിഡന്റ് നാസിറ തയ്യില്‍ സംസാരിച്ചു.
വെസ്റ്റേണ്‍ ഫെമിനിസം: മുസ്‌ലിം ലോകത്തു നിന്നുള്ള കാഴ്ചപ്പാടുകള്‍ ഇസ്‌ലാമോഫോബിയയും മുസ്‌ലിം സ്ത്രീകളും മാധ്യമങ്ങളിലെ മുസ്‌ലിം സ്ത്രീ അപരനിര്‍മിതി, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍, പാട്രിയാര്‍ക്കിയുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ യഥാര്‍ഥ സമീപനങ്ങള്‍ തുടങ്ങി വിവിധ കാലഘട്ടങ്ങളിലെ മുസ്‌ലിം സ്ത്രീ ആഖ്യാനങ്ങളെയും പ്രതിനിധാനങ്ങളെയും ജി.ഐ.ഒ ഈ കോണ്‍ഫെറന്‍സിലൂടെ ചര്‍ച്ച ചെയ്തു.
എഴുത്തുകാരനും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് സ്റ്റഡീസ് ഡയറക്ടറുമായ ടി. മുഹമ്മദ് വേളം മോഡറേറ്റ് ചെയ്ത ഒന്നാം സെഷനില്‍ ഷെറിന്‍ ബി.എസ്, ഫസ്‌ന മിയാന്‍, നാജിയ പി.പി എന്നിവര്‍Western Feminism: Perspectives from the Muslim World,  Redefining Femine Aspects with Islamic Teachings, Muslim woman as a Social Construct: Contemporary Problemalics എന്നീ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടന്നു.
ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി റഹ്മത്തുന്നിസ അബ്ദുര്‍റസ്സാഖ് മോഡറേറ്റ് ചെയ്ത രണ്ടാമത്തെ സെഷനില്‍ ഷൈമ. എസ്, അസ്മ റശീദ്, സിമി കെ. സാലിം Politcs of Piety of Muslim Women, Islamophobia and Muslim Women, Gender and Media :Muslim Perspectives എന്നീ വിഷയങ്ങളിലും പി. റുക്‌സാന മോഡറേറ്റ് ചെയ്ത മൂന്നാമത്തെ സെഷനില്‍ കെ.ടി ഹുസൈന്‍, ബസിഗ ദുറു, ഫൗസിയ ഷംസ് 
Muslim Women And Social Reforms in India, Empowering her Islamic Views, Muslim Women; an Unread Chapter in India എന്നീ വിഷയങ്ങളിലും പ്രബന്ധാവതരണം നടത്തി.
മൂന്നു ദിവസത്തെ അക്കാദമിക് സമ്മിറ്റിന്റെ സമാപനത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ഡോ. ആര്‍. യൂസുഫ് സംസാരിച്ചു. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന അധ്യക്ഷ അഫീദ അഹ്മദ് അധ്യക്ഷത വഹിച്ച കോണ്‍ഫറന്‍സില്‍  ജനറല്‍ സെക്രട്ടറി സുഹൈല ഫര്‍മീസ്, സി.വി ജമീല, ഡോ. അലിഫ് ശുകൂര്‍, സ്വാലിഹ് കോട്ടപ്പള്ളി, പ്രോഗ്രാം കണ്‍വീനര്‍ ആനിസ മുഹ്‌യിദ്ദീന്‍ എന്നിവരും വിവിധ സെഷന്‍സ് കോര്‍ഡിനേറ്റ് ചെയ്തു കൊണ്ട് സംസ്ഥാന സമിതിയംഗങ്ങളായ ഷമീമ സക്കീര്‍, റുഖിയ റഹ്മത്ത്, സുഹാന അബ്ദുല്ലത്വീഫ്, തമന്ന സുല്‍ത്താന, നദ കെ. സുബൈര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top