വല്യുമ്മയുടെ മരണവും മൂന്നാമത്തെ അറസ്റ്റും

No image

(പിതാവിന്റെ തണലില്‍- 11 )

1957 ഡിസംബര്‍ 6-നും 7-നും മധ്യേ അര്‍ധരാത്രി ലഘുവായൊരസുഖത്തെ തുടര്‍ന്ന് ദാദി അമ്മാ ഇഹലോകവാസം വെടിഞ്ഞു. ആയുഷ്‌കാലമുടനീളം 'മന്‍ മരീസം തും ത്വബീബം' (ഞാന്‍ രോഗി, സുഖപ്പെടുത്തുന്നവന്‍ നീ) എന്ന് ഉരുവിട്ടുകൊണ്ടിരുന്ന ദാദി അമ്മായും ഒടുവില്‍ തന്റെ യഥാര്‍ഥ വൈദ്യന്റെ ചാരത്തണഞ്ഞു. എന്നെന്നേക്കും സുഖംപ്രാപിച്ചു എന്നര്‍ഥം.
ആ ഉമ്മയുടെ മക്കളൊക്കെ എത്ര വലിയ പണ്ഡിതന്മാരാണ്! അതുകൊണ്ട് ആളുകളൊക്കെ കരുതിയത് ദാദിമാ മരിച്ചശേഷം ആ മക്കള്‍ സ്വന്തം ഉമ്മയുടെ 'ഈസ്വാല്‍ സവാബി'(പുണ്യം)നായി പത്തും ഇരുപതും നാല്‍പതും അടിയന്തരം കഴിച്ച് 'ഖുല്‍' ചടങ്ങ് നടത്തി ഗംഭീരന്‍ ബിരിയാണി വിരുന്നുകളും മധുരപലഹാര വിതരണവുമൊക്കെ നടത്തും എന്നായിരുന്നു. പക്ഷേ, അബ്ബാജാന്‍ അങ്ങനെ ഒരു അടിയന്തരവും നടത്തുകയുണ്ടായില്ല. അതു കണ്ട് ആളുകളൊക്കെ അതിശയപ്പെട്ടുപോയി. 'അല്ലാഹു തആലാ എല്ലാവര്‍ക്കും നല്ല സന്തതികളെ നല്‍കട്ടെ. സ്വന്തം ഉമ്മയെ ഖബ്‌റില്‍ തല കീഴാക്കി കിടത്തിയശേഷം തിരിഞ്ഞുനോക്കാതെ മടങ്ങിയ മക്കളെ ശത്രുക്കള്‍ക്ക് പോലും നല്‍കാതിരിക്കട്ടെ' - ഇങ്ങനെയായിരുന്നു ഇതിനെക്കുറിച്ച് ചിലരുടെ പ്രതികരണം. പക്ഷേ, അത്തരം അഭിപ്രായപ്രകടനങ്ങളൊന്നും അബ്ബാജാനെ ബാധിച്ചതേ ഇല്ല.
ഇനി ചിത്രത്തിന്റെ മറ്റൊരു വശം കൂടി നോക്കുക. 'ശ്വാസംമുട്ട്' രോഗം ബാധിച്ച ഒരു പാവം മനുഷ്യനുണ്ടായിരുന്നു. രോഗത്തിന്റെ കാഠിന്യം മൂലം അയാള്‍ക്ക് ഉപജീവനത്തിന് വകയൊന്നുമുണ്ടായിരുന്നില്ല. അയാള്‍ എല്ലാ ദിവസവും ഉച്ചക്ക് ഊണുകഴിക്കാന്‍ ഞങ്ങളുടെ വീട്ടിലെത്തും. അന്തസ്സോടെയാണ് ഞങ്ങള്‍ അയാളെ ഊട്ടിയിരുന്നത്. ഊണു കഴിച്ച ശേഷം വീട്ടില്‍ തന്നെയുള്ള ഒരു കട്ടിലില്‍ അയാള്‍ കിടക്കും. രാത്രി അത്താഴം കൂടി കഴിച്ച ശേഷം മാത്രമേ സ്വന്തം വീട്ടിലേക്ക് അയാള്‍ തിരിച്ചുപോകാറുണ്ടായിരുന്നുള്ളൂ. അയാളുടെ ഉച്ചഭക്ഷണം വല്യുപ്പയുടെ 'ഈസ്വാല്‍ സവാബി'ന്റെയും അത്താഴം വല്യുമ്മയുടെ 'ഈസ്വാല്‍ സവാബി'ന്റെയും കണക്കിലായിട്ടായിരുന്നു അബ്ബാജാന്‍ വകകൊള്ളിച്ചിരുന്നത്. ഇക്കഥയൊന്നും ആരും അറിഞ്ഞിരുന്നില്ല. പിന്നീട് അതേ വര്‍ഷം തന്നെ അബ്ബാജാന്‍ 'റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സുഊദി അറേബ്യയില്‍ പോയപ്പോള്‍ ദാദി അമ്മായുടെ 'ഈസ്വാല്‍ സ്വവാബ്' വകയില്‍ അവര്‍ക്കു വേണ്ടി ഹജ്ജും ഉംറയും നിര്‍വഹിച്ചു.
ഞങ്ങള്‍ അബ്ബാജാനെ വീട്ടില്‍ സുഖത്തിലും ദുഃഖത്തിലുമൊക്കെ കണ്ടിരുന്നു. എന്നാല്‍ ദുഃഖത്തിന്റെ തീവ്രതയില്‍ കാണാനിടയായ മൂന്ന് സന്ദര്‍ഭങ്ങള്‍ പ്രത്യേകം ഓര്‍ക്കുന്നു:
* 1947 ആഗസ്റ്റിനു ശേഷം വിഭജനകാലത്ത് ഒട്ടനവധി മുസ്‌ലിം സ്ത്രീകളുടെ ദുരിതകഥകള്‍ നേരിട്ടു കേള്‍ക്കാനിടയായ സന്ദര്‍ഭമായിരുന്നു ഒന്ന്. നിസ്സഹായരായ ആ പാവം പെണ്ണുങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരിതപര്‍വങ്ങളുടെ നേര്‍ക്കാഴ്ച അബ്ബാജാനെ സങ്കടക്കടലിലാഴ്ത്തി.
* 1966 ആഗസ്റ്റ് 25-ന് ഈജിപ്തിലെ നാസിര്‍ ഭരണകൂടം സയ്യിദ് ഖുത്വ്ബിനെ തൂക്കിക്കൊന്ന സംഭവമായിരുന്നു രണ്ടാമത്തെ സന്ദര്‍ഭം.
* 1971 ഡിസംബറിലെ ധാക്കാ പതനമായിരുന്നു മൂന്നാമത്തെ സന്ദര്‍ഭം. ഈ മൂന്നാമത്തെ സംഭവം അബ്ബാജാന്റെ മനസ്സിനെ എത്രമാത്രം ബാധിച്ചിരുന്നെന്നോ? അബ്ബാജാന്റെ ആദ്യത്തെ ഹൃദയാഘാതമുണ്ടാകുന്നത് ആ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു എന്നതില്‍നിന്ന് അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അദ്ദേഹം പറയാറുണ്ടായിരുന്നു: ''ധാക്കാ പതനം ഒരു രാജ്യത്തിന്റെ പതനമായിരുന്നില്ല; ഒരു 'ഉമ്മത്തി'ന്റെ പതനമായിരുന്നു, ഒരു പ്രത്യയശാസ്ത്രത്തിന്റെ പതനമായിരുന്നു. കിഴക്കന്‍ പാകിസ്താന്‍ ഒരിക്കലും സ്വയം വിഘടിച്ചു പോയതായിരുന്നില്ല. പശ്ചിമ പാകിസ്താനിലെ അധികാരിവര്‍ഗം അതിനെ ഉന്തിത്തള്ളി വേര്‍പ്പെടുത്തിയതായിരുന്നു.''

മുസ്‌ലിം രാഷ്ട്രത്തലവന്മാരുടെ കോണ്‍ഫറന്‍സ്

1974 ഫെബ്രുവരിയില്‍ മുസ്‌ലിം രാഷ്ട്രത്തലവന്മാരുടെ കോണ്‍ഫറന്‍സ് ലാഹോറില്‍ ചേര്‍ന്നപ്പോള്‍ സുഊദി അറേബ്യയിലെ ഫൈസല്‍ രാജാവ് (ച. 1975 മാര്‍ച്ച് 25) അബ്ബാജാനെക്കുറിച്ചു ചോദിച്ചു. അതുകൊണ്ടുതന്നെ അവസാന നിമിഷം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അബ്ബാജാന് ക്ഷണമയക്കാന്‍ ഭൂട്ടോ സാഹിബ് നിര്‍ബന്ധിതനായി. അബ്ബാജാന്‍ കോണ്‍ഫറന്‍സ് ഹാളിന്റെ (പഞ്ചാബ് അസംബ്ലി ഹാള്‍) ചവിട്ടുപടിയില്‍ കാലെടുത്ത് വെക്കുമ്പോള്‍ കോണ്‍ഫറന്‍സില്‍ വെച്ച് ശൈഖ് മുജീബുര്‍റഹ്മാന്റെ മുന്നില്‍ ഭൂട്ടോ സാഹിബ് ബംഗ്ലാദേശിന്റെ അംഗീകാരം പ്രഖ്യാപിക്കാന്‍ പോവുകയാണെന്ന വിവരം കിട്ടി. അപ്പോള്‍ തന്നെ, മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടു വെച്ചു. അബ്ബാജാന്‍ വീട്ടിലേക്ക് മടങ്ങി. പാകിസ്താന്‍ വിഭജിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായ ശൈഖ് മുജീബുമായി ഇരിപ്പിടം പങ്കു വെക്കുക അചിന്ത്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ പിന്മടക്കം. എന്റെ മുന്നില്‍ വച്ച് ബംഗ്ലാദേശിനെ അംഗീകരിച്ചുകൊണ്ട് കൈപൊക്കുന്നതു എനിക്ക് സഹിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറയുകയുണ്ടായി.

താഷ്‌കന്റില്‍നിന്നൊരു ഉപഹാരം

ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ ഒരു സന്ദര്‍ശകന്‍ വന്നു. വിദേശനിര്‍മിതമായ ഒരു പേനയുമായാണ് അയാളുടെ വരവ്. പേന അബ്ബാജാന്ന് നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു: 'ഒരു റഷ്യക്കാരന്‍ അങ്ങയ്ക്ക് തരാന്‍ എന്നെ ഏല്‍പിച്ച ഒരു ഉപഹാരമാണിത്.' ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താഷ്‌കെന്റില്‍ പോയതായിരുന്നു ആ മാന്യ സന്ദര്‍ശകനെന്നാണു മനസ്സിലായത്. താഷ്‌കെന്റിലെ ഒരു തദ്ദേശവാസി അയാളോട് സ്വകാര്യമായി താനൊരു മുസ്‌ലിമാണെന്ന് വെളിപ്പെടുത്തി. പിന്നീട് ആ പേന നല്‍കിക്കൊണ്ട് പാകിസ്താനിലെത്തിയാല്‍ അത് അബ്ബാജാന് നല്‍കണമെന്ന് അദ്ദേഹത്തോട് ശട്ടം കെട്ടുകയായിരുന്നു.

മൂന്നാമത്തെ അറസ്റ്റ്

1964 ജനുവരി 6-ന് അബ്ബാജാന്‍ വീണ്ടും ജയിലിലേക്ക് യാത്രയായി. തുടര്‍ന്ന് നിറയെ പുസ്തകങ്ങളുമായി പെട്ടികളും ജയിലിലെത്താന്‍ തുടങ്ങി. മറ്റ് എ ക്ലാസ് തടവുകാര്‍ക്കൊക്കെ മിഠായി പാക്കുകളും പലതരം ഭക്ഷണ ഭാണ്ഡങ്ങളും വരുമ്പോള്‍ ഈ മൗലാനാ സാഹിബിന് വെറും പുസ്തകങ്ങള്‍ വരുന്നതു കണ്ട് ജയിലര്‍മാര്‍ അത്ഭുതസ്തബ്ധരായി. ഇത്തവണ ലാഹോര്‍ ജയിലിലായിരുന്നു അബ്ബാജാന്‍. ഇപ്പോള്‍ ശാദ്മാന്‍ കോളനി സ്ഥിതിചെയ്യുന്ന സ്ഥലത്ത്. എല്ലാ ആഴ്ചയും ഞങ്ങള്‍ കൂടിക്കാഴ്ചക്ക് ജയിലിലെത്തും. അക്കാലം മുഴുക്കെ അമ്മാജാന്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു. ദാദി അമ്മായും ഇല്ലാതെ പോയി. അവരുടെ സാന്നിധ്യം അമ്മാജാന് വലിയ ധാര്‍മിക കരുത്ത് പകര്‍ന്ന ഘടകമായിരുന്നു.
ഈ അറസ്റ്റിന് കുറച്ചു മുമ്പാണ് ഫീല്‍ഡ് മാര്‍ഷല്‍ അയ്യൂബ് ഖാനും (ച. 1974 ഏപ്രില്‍ 20) അബ്ബാജാനും തമ്മില്‍ പ്രസിദ്ധമായ കൂടിക്കാഴ്ച നടന്നത്. ലാഹോറിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ആ സംഭാഷണം. പശ്ചിമ പാകിസ്താനിലെ ഗവര്‍ണറായിരുന്ന കാലാബാഗിലെ അമീര്‍ മുഹമ്മദ് ഖാനും (ച. 1967 നവംബര്‍ 26) തദവസരത്തില്‍ സന്നിഹിതനായിരുന്നു. സംഭാഷണത്തിനിടെ അയ്യൂബ് ഖാന്‍ അബ്ബാജാനോട് രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിക്കുകയുണ്ടായി. 'രാജ്യത്തിനും ഗവണ്‍മെന്റിനും താങ്കളുടെ സേവനം അത്യാവശ്യമാണ്' - അയ്യൂബ് ഖാന്‍ പറഞ്ഞു.
അബ്ബാജാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'അയ്യൂബ് സാഹിബ്, താങ്കള്‍ ജീവിതം മുഴുവന്‍ സൈനിക സേവനത്തിനാണര്‍പ്പിച്ചത്. എന്നിട്ടും എങ്ങനെയാണ് താങ്കളെന്നെ സാമൂഹിക പ്രവര്‍ത്തനത്തില്‍ താല്‍പര്യമെടുക്കുന്നതില്‍നിന്ന് തടയുന്നത്? ഏത് തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഉപദേശിക്കുന്നത്?'
'മൗലാനാ,' അയ്യൂബ് ഖാന്‍ പറഞ്ഞു: 'ഈ രാഷ്ട്രീയം ഒരു ചളിക്കുണ്ടിലെ കളിയാണ്. നിങ്ങളെപ്പോലുള്ള പണ്ഡിതന്മാര്‍ക്ക് പറഞ്ഞിട്ടുള്ള രംഗമല്ല അത്.'
'ഈ ചളിക്കുണ്ട് അങ്ങനെത്തന്നെ നിന്നോട്ടെ എന്നാണോ അപ്പോള്‍ നിങ്ങളുടെ അഭിപ്രായം? വൃത്തിയില്ലാത്ത ആളുകള്‍ക്ക് പകരം വൃത്തിയുള്ളവര്‍ വന്നാലല്ലാതെ ഈ ചളിക്കുണ്ട് ഒരിക്കലും വൃത്തിയാവുകയില്ല' - അബ്ബ പറഞ്ഞു.
അതിനു ശേഷം അയ്യൂബ് ഖാന്‍ പറഞ്ഞു: 'നിങ്ങള്‍ കുട്ടികളുടെ പേരില്‍ ഫാക്ടറികള്‍ തുടങ്ങുകയാണെങ്കില്‍ ബാങ്ക് ലോണും പെര്‍മിറ്റും ലൈസന്‍സുമൊക്കെ ലഭിക്കാന്‍ ഏര്‍പ്പാടുചെയ്യാം. നിങ്ങളെ ഇഷ്ടമുള്ള അറബ് രാജ്യത്ത് നയതന്ത്രപ്രതിനിധിയായി നിയോഗിക്കുന്നതിനും വിരോധമില്ല.' ഈ ഓഫറുകളൊക്കെ കേട്ടപ്പോള്‍ അബ്ബാജാന്റെ പ്രതികരണം ഒറ്റവാക്കിലൊതുങ്ങി: 'താങ്കള്‍ എന്നെ കലശലായി തെറ്റിദ്ധരിച്ചിരിക്കുകയാണ്.'
പണവും മണ്ണും ഒരുപോലെ കാണുന്നവരുമുണ്ടാകുമോ എന്ന വിസ്മയത്തിലായിരുന്നു അയ്യൂബ് സാഹിബ്. അബ്ബാജാന്‍ എപ്പോഴും ഉരുവിടാറുള്ള ഒരു കവിതയുണ്ട്. സ്വന്തം അവസ്ഥയുമായി നന്നായി ചേരുന്ന കവിത.
'ഹസാര്‍ ദേനെ കാ ഏക് ദേനാ ഹെ
ഏക് ദില്‍ ബേ മുദ്ദആ ദിയാ തൂ നെ'
(ആയിരം തരുന്നതിന് നീ ഒന്ന് തന്നു
ചോദിക്കാതെ തന്നെ നീ ഹൃദയം തന്നു).
അബ്ബാജാന്‍ ഒരിടത്ത് ഇങ്ങനെ എഴുതിയിട്ടുണ്ട്: ''അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുക എന്നാല്‍ കാണാത്ത കാര്യങ്ങള്‍ക്കു വേണ്ടി കാണുന്നതും നിലനില്‍ക്കുന്നതുമായ കാര്യങ്ങള്‍ നിരാകരിക്കുന്ന മാനസികാവസ്ഥയുടെ പേരാണ്. പരലോകത്തിനു വേണ്ടി ഐഹിക നേട്ടങ്ങള്‍ തള്ളിക്കളയുക. ഭൗതിക വീക്ഷണത്തില്‍ നൂറുശതമാനം നഷ്ടപ്പെടുന്ന ഒരു കച്ചവടത്തില്‍ ഏര്‍പ്പെടുക, മനസ്സമാധാനത്തോടെ ഇരിക്കുക, അദൃശ്യ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ദുന്‍യാവില്‍നിന്നും ദുന്‍യാവിലെ നേട്ടകോട്ടങ്ങളില്‍നിന്നുമൊക്കെ വളരെ ദൂരെദൂരെയുള്ള സ്വര്‍ഗത്തില്‍ കണ്ണുംനട്ടിരിക്കുക. ദൃഷ്ടി സദാ സ്വര്‍ഗീയദൃശ്യങ്ങളില്‍ കേന്ദ്രീകരിക്കുക. സ്വര്‍ഗത്തിലെ ആറുകളിലും ഫലമൂലാദികളിലും ശാദ്വലതകളിലും സദാ അഭിരമിക്കുക- ഇതൊക്കെയാണത്.''
1964-ലെ അറസ്റ്റിനു ശേഷം അബ്ബാജാനെതിരെ 'രാജ്യദ്രോഹ'ക്കുറ്റം ചാര്‍ത്തി വിചാരണ തുടങ്ങി. അന്നത്തെ ആഭ്യന്തരകാര്യ സെക്രട്ടറി അബ്ബാജാന്റെ സാന്നിധ്യത്തില്‍ ഹൈക്കോടതിയില്‍ കള്ളസാക്ഷ്യം പറഞ്ഞു സത്യം ചെയ്തു. മിക്കവാറും ഇതോടനുബന്ധമായാവണം അയ്യൂബ് ഖാന്‍ അദ്ദേഹത്തിന് ഥല്‍ മേഖലയില്‍ മികച്ച ഭൂനിലങ്ങള്‍ പതിച്ചു നല്‍കിയത്. ആ ഭൂമി കൈവശപ്പെടുത്താന്‍ തന്റെ രണ്ടു മക്കളെ ടിയാന്‍ പറഞ്ഞയക്കുകയായിരുന്നു. ഭൂമിയുടെ പഴയ ഉടമസ്ഥര്‍ക്ക് ഭ്രാന്തെടുക്കാന്‍ എന്തെങ്കിലും വേണോ? അവര്‍ ആ രണ്ട് മക്കളെയും പിക്കാസ് കൊണ്ട് പൊതിരെ തല്ലിക്കൊന്നു. ശവശരീരങ്ങള്‍ പകല്‍ മുഴുവന്‍ വെയിലത്തു കിടന്നു. ജഡം നീക്കാന്‍ കൊലയാളി ആരെയും സമ്മതിച്ചില്ല. അവസാനം വന്‍ പോലീസ് സംഘത്തെയും കൂട്ടി ചെന്ന് വലിയ സാഹിബ് ജഡങ്ങള്‍ എടുത്തുകൊണ്ടുപോയി. അയാള്‍ക്ക് അവര്‍ മാത്രമേ മക്കളായുണ്ടായിരുന്നുള്ളൂ. ഒരാള്‍ക്ക് വയസ്സ് 32 ആയിരുന്നു. രണ്ടാമന് 28-ഉം. ഞങ്ങളുമായി ബന്ധമുള്ള ഒരാള്‍ അനുശോചനത്തിനായി അവിടെ പോയിരുന്നു. അയാള്‍ ഞങ്ങളോടു പറയുകയുണ്ടായി: 'വലിയ സാഹിബും വീട്ടുകാരും അല്ലാഹുവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതാണ് കേട്ടത്. അത് കേള്‍ക്കാന്‍ കഴിയാതെ കാതും പൊത്തി ഞങ്ങളവിടെനിന്ന് ഓടിപ്പോരുകയായിരുന്നു.'
അബ്ബാജാന്‍ ഒരിടത്ത് ഇങ്ങനെ എഴുതുകയുണ്ടായി: ''ദാരിദ്ര്യം, അജ്ഞത, ആംഗേലയര്‍ക്ക് കീഴിലെ ഒന്നര നൂറ്റാണ്ട് നീണ്ടുനിന്ന അടിമത്തം എന്നിവ നമ്മില്‍ പലരെയും അന്തസ്സില്ലാത്ത ഇഛാപൂജകരാക്കുകയുണ്ടായി. അവര്‍ റൊട്ടിയുടെ കാര്യത്തിലും അന്തസ്സിന്റെ കാര്യത്തിലും പട്ടിണിയിലായിരുന്നു. എവിടെയെങ്കിലും ഏതാനും അപ്പക്കഷ്ണങ്ങളോ പേരും പെരുമയുടെയും കളിപ്പാട്ടമോ എറിഞ്ഞുകൊടുത്താല്‍ അവര്‍ അവയുടെ നേരെ പട്ടികളെപ്പോലെ പാഞ്ഞടുക്കും. തങ്ങളുടെ ദീനിനോ വിശ്വാസത്തിനോ സ്വന്തം മനസ്സാക്ഷിക്കോ മാനാഭിമാനത്തിനോ, സ്വന്തം സമുദായത്തിന്റെ താല്‍പര്യത്തിനോ എന്ത് സംഭവിച്ചാലും അവര്‍ക്ക് ഒരു മനഃപ്രയാസവുമുണ്ടാകില്ല. പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും കൈകാലിട്ടടിച്ച് മാത്രമല്ല, വാളും തോക്കുമെടുത്ത് പോലും സ്വന്തം സമുദായത്തിനെതിരെ ശത്രുവിന് സേവചെയ്തുകൊണ്ട് ആംഗലേയരുടെ കൂടെ കൂടിയ ഒന്നോ രണ്ടോ അല്ല, നൂറും ആയിരവും വഞ്ചകപ്പരിഷകള്‍ ഈ മുസ്‌ലിം സമുദായത്തില്‍തന്നെ ഉണ്ടായിട്ടുണ്ട് എന്നതിന് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ അനുഭവം സാക്ഷിയാണ്.''
അബ്ബാജാന്‍ ജയില്‍മോചിതനായി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിലെ ഉന്നതോദ്യോഗസ്ഥനായ ഞങ്ങളുടെ ഒരു ബന്ധു മിഠായി ഡബ്ബയുമായി അഭിനന്ദിക്കാന്‍ വീട്ടിലെത്തി. അയാള്‍ പതിവുപോലെ അത്ര സന്തുഷ്ടനായിരുന്നില്ല. പാത്തും പതുങ്ങിയുമാണ് വന്നിരുന്നത്. കുറച്ചുനേരം അവിടെയിരുന്നിട്ടു മടങ്ങിപ്പോയി. അയാള്‍ സ്ഥലം വിട്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപരതന്ത്രരായി പറഞ്ഞു: 'ഇന്ന് എന്തേ ഇയാള്‍ ഇത്രമാത്രം വിഷണ്ണനായി കാണപ്പെട്ടത്?' അബ്ബാജാന്‍ അതിന് പറഞ്ഞ ന്യായം ഇതായിരുന്നു: 'ജമാഅത്തിനെ നിരോധിച്ച കാലത്ത്, വിചാരണയോടനുബന്ധിച്ച് പോലീസ് വണ്ടിയില്‍ എന്നെ ഹൈക്കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് സൂപ്രണ്ട് എന്റെ അരികെത്തന്നെ ഇരിക്കുന്നുണ്ട്. വണ്ടി ഹൈക്കോടതിയുടെ ഗേറ്റിലേക്ക് തിരിയുമ്പോള്‍ മുന്നിലൂടെ ഈ മനുഷ്യന്‍ സ്വയം ഡ്രൈവ് ചെയ്ത് വരുന്നത് എന്റെ കണ്ണില്‍പെട്ടു. അറിയാതെ അഭിവാദ്യത്തിനായി എന്റെ കൈ അയാളുടെ നേരെ ഉയര്‍ന്നു. ആ മനുഷ്യന്‍ എന്റെ നേരെ നോക്കിയില്ലെന്നില്ല. പക്ഷേ, പ്രത്യഭിവാദ്യം ചെയ്യാതെ കാറോടിച്ചു പോവുകയാണ് അയാള്‍ ചെയ്തത്. പോലീസ് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പെടേണ്ടെന്ന് കരുതിയാകും പ്രത്യഭിവാദ്യം ചെയ്യാതിരുന്നത്.' പിന്നീട് അബ്ബാജാന്‍ ഞങ്ങള്‍ മനസ്സിലാക്കാനായി പറഞ്ഞു: 'ദുന്‍യാവിനെയും അതിലെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന വസ്തുക്കളെയും മനസ്സിലാക്കാനാണ് ഞാനിത് നിങ്ങളോടു പറയുന്നത്. നോക്കൂ. ഈ സ്‌നേഹസൗഹൃദങ്ങളും ബന്ധുത്വവുമൊക്കെ സുസ്ഥിതിയില്‍ മാത്രമേ ഉണ്ടാകൂ. മനുഷ്യന്റെ അവസ്ഥ ദുരിതത്തിലേക്ക് മാറുമ്പോള്‍ ആ സ്‌നേഹബന്ധങ്ങളും അന്ത്യശ്വാസം വലിക്കുന്നതു കാണാം.'
അബ്ബാജാന്‍ ഇതൊന്നും ഞങ്ങളെ തെര്യപ്പെടുത്തിയിരുന്നില്ലെങ്കില്‍ പോലും പ്രത്യക്ഷത്തിലുള്ള പെരുമാറ്റത്തില്‍ വഞ്ചിതരാകാതിരിക്കാന്‍ മാത്രമുള്ള അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് ധാരാളമുണ്ടായിരുന്നു. അബ്ബാജാന്‍ ജയിലില്‍നിന്ന് പുറത്തു വരുമ്പോള്‍ ഞങ്ങള്‍ മൗലാനയുടെ സന്തതികളായിരിക്കും. ജയിലില്‍ പോകുമ്പോഴാകട്ടെ ഒറ്റപ്പെടുന്ന അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. അബ്ബാജാന്‍ ജയില്‍മോചിതനായെത്തുമ്പോള്‍ ഞങ്ങള്‍ക്കു വേണ്ടി ജീവാര്‍പ്പണം നടത്താന്‍ തയാറുള്ളവര്‍ ഇത്രമാത്രമുണ്ടല്ലോ എന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോകും.
ഞങ്ങള്‍ സ്വയം മുന്നോട്ടു വന്ന് ആരോടും ബന്ധപ്പെടാതിരുന്നത് ഇതുകൊണ്ടായിരിക്കാം. അവര്‍ ആദ്യം ഇങ്ങോട്ടു ബന്ധപ്പെടട്ടെ എന്ന് കാത്തിരിക്കുയായിരുന്നു ഞങ്ങള്‍. തന്മൂലമാണെന്ന് തോന്നുന്നു' ജനം ഞങ്ങളെ ഗര്‍വിഷ്ടരും ഉള്‍വലിയുന്നവരുമായി കരുതിയത്. അബ്ബാജാന്‍ കാരണം പലരും ഞങ്ങളുമായി ഇടപഴകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളുമായുള്ള ബന്ധം അവരുടെ സര്‍വീസ് റിക്കാര്‍ഡ് ചീത്തയാക്കുമെന്നായിരുന്നു അവരുടെ ആശങ്ക. അന്വേഷണങ്ങള്‍ വന്ന് പ്രമോഷനൊക്കെ തടയപ്പെട്ടേക്കും. അതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ ആരുമായും കൂട്ടുകൂടാതെ സ്വയം മാറിനില്‍ക്കുന്ന ശീലം ഞങ്ങളില്‍ ഉറച്ചുപോയി. ഇനിയെങ്ങനെ അത് മാറാനാണ്! 

(തുടരും)
വിവ: വി.എ.കെ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top