മകനേ, ഓര്‍മിക്കണം

ടി.എ മുഹ്സിന്‍ No image

മകനേ, മറക്കായ്ക, 
വൃദ്ധസദനത്തിന്റെ 
പടവുകള്‍ കയറിക്കിതക്കെ 
അറിയാതെ ഇടറി 
അടരുന്ന പാദങ്ങള്‍,
മുറുകെ പിടിക്കണേയെന്ന 
നിന്റെ സ്നേഹോഷ്മള വാക്കുകള്‍
ഉള്ളില്‍ പ്രതിധ്വനിച്ചുലക്കുന്നു.

മകനേ, ഓര്‍മിക്കണം
പിന്നിട്ട പടവുകളോരോന്നും.
കാലം കിതച്ചെത്തി
വാര്‍ധക്യത്തിന്റെ പടിവാതിലില്‍
വിചാരണക്കിരുത്തുന്ന 
സന്ദിഗ്ധ വേളയും,
കണ്ണടച്ചില്ലിലും ഇരുള്‍ബീജങ്ങള്‍
ഫണം വിടര്‍ത്തുന്ന നട്ടുച്ചകള്‍
ഇരുട്ടു മേയുന്ന മനസ്സില്‍ 
രക്തബന്ധുവികാരങ്ങള്‍
നിഴലുകളില്‍ ഇഴയുന്നതിന്‍
നേരിയ തോന്നലുകള്‍.

നീ സമര്‍ഥന്‍ പഠിപ്പില്‍, പത്രാസില്‍ 
വാചകതാളങ്ങളില്‍
എങ്കിലും ജീവിതപരീക്ഷയില്‍ 
തോല്‍ക്കാതിരിക്കുവാന്‍ 
വിട്ടുപോയവ പൂരിപ്പിച്ചെടുക്കുക.
ജീവിത തത്ത്വങ്ങള്‍
കുറിച്ചെടുത്തു ജപിച്ചുനോക്കുക.
വാ പിളര്‍ന്നിരിക്കും വിധിയുടെ 
അഗാധ ഗര്‍ത്തത്തിന്‍ കരയില്‍ 
വെറുതെയിരിക്കെ
നാളെപ്പുലരുമ്പോള്‍ ശേഷിപ്പതാര്‍.

തിരക്കിട്ട ജീവിതവൃത്തികള്‍ക്കിടയില്‍
വിലപ്പെട്ടൊരാ ഗര്‍ഭത്തിന്‍ ഇരുട്ടറയില്‍ 
പരിലാളനകളേറ്റു വളര്‍ന്നവര്‍ നമ്മള്‍ 
പരസ്പരം പകരും 
സ്നേഹസംഘര്‍ഷത്തിന്‍ 
സഫലമേതോ നിമിഷാര്‍ധത്തിന്‍ 
ഹര്‍ഷോന്മാദത്തില്‍ 
വിടര്‍ന്ന സുകൃതങ്ങള്‍
കാലമതിന്‍  കൈകളില്‍ 
വളര്‍ന്നു പടര്‍ന്നു 
പൂര്‍ണരെന്ന നുണയില്‍ 
രമിക്കുവാന്‍ പ്രഛന്ന വേഷങ്ങളില്‍
കയറിപ്പറ്റിയിരിക്കുന്നു നമ്മള്‍.

മകനേ, പക്ഷവാതത്തിന്‍ 
അലസ രേണുക്കള്‍ 
പതിയെ നുഴഞ്ഞുകയറുന്നതിന്‍
വേദനകള്‍ കുത്തിയാര്‍ക്കുമ്പോള്‍
വെറുമൊരു പാഴ്ശരീരം,
ജനിമൃതികള്‍ക്കിടയിലെ 
ആത്മസംഘര്‍ഷത്തില്‍
മുറിഞ്ഞടരുന്ന അവ്യക്ത വാക്കുകള്‍ 
വിറയാര്‍ന്ന വിരലുകള്‍
വിതുമ്പുന്ന അധരങ്ങള്‍
ഉറക്കാത്ത ചുവടുകള്‍
എന്നേയ്ക്കുമായ് മറക്കാതിരിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top