നടക്കട്ടെ,
ഉന്തും തള്ളും കല്ലേറും.
അടിക്കട്ടെ,
ചുവപ്പും പച്ചയും കാവിയും.
കൊല്ലട്ടെ,
ഓനെയും
അവനെയും, ചിലപ്പം
നിന്നെയും.
ചിരിക്കട്ടെ,
വിപ്ലവങ്ങളും
വിശ്വാസങ്ങളും.
കരയട്ടെ,
നിന്റെ ഉമ്മയും
എന്റെ ഉമ്മയും.
വീട്ടില്‍നിന്ന് പുറത്തിറങ്ങാനേ
പേടിയാണിപ്പോള്‍
ഇടവും വലവും നോക്കണം
ഇടതനുണ്ടോ
വലതനുണ്ടോ
മുകളില്‍നിന്നൊരു ബോംബ്
പിന്നില്‍നിന്നൊരു വെട്ട്
രക്തദാഹികള്‍ക്ക് രക്തം വേണം
രക്തം കൊടുത്ത്
കാവല്‍ നിന്ന്
കാത്തുരക്ഷിക്കുന്നവന്റേതായാല്
അത്രയും നന്ന്.
പുതപ്പിക്കാന്‍ ഒരു പതാക
വെളുപ്പിക്കാന്‍ കുറേ പണം.
കണ്ണീരൊഴുക്കി അവര്‍ വരും
രക്തസാക്ഷിയെന്ന പേരു തരും
മരിച്ചവന്റെ വീട്ടിലെ അടുപ്പ്
പുകയാതെയാവും
ജയിച്ചവന് അടുത്തയാളെ
തേടിയിറങ്ങും.
മനുഷ്യനായി ജീവിക്കാന്‍ പേടിയാണ്,
വല്ല കാക്കയോ പൂച്ചയോ
ആയാല്‍ നന്നായിരുന്നു.
നിങ്ങള്‍ക്ക് വെട്ടിക്കൊല്ലാന്‍
ഞാന്‍ നിന്നു തരാം,
വെട്ടിയത് നിങ്ങളാണെന്ന്
ഞങ്ങളോട് വിളിച്ചു പറയുമെങ്കില്‍.