സ്ത്രീയും അനന്തര സ്വത്തും

കെ.എം അശ്‌റഫ് നീര്‍കുന്നം No image

''സ്ത്രീകള്‍ക്ക് പ്രവാചകന്‍ അനന്തരാവകാശം അനുവദിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പ് വരെ നിലനിന്നിരുന്ന ഇംഗ്ലീഷ് ക്രിസ്ത്യന്‍ നിയമങ്ങളേക്കാള്‍ കൂടുതല്‍ നീതിയും സ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്ന നിയമമാണ് ഇസ്‌ലാമിന്റേത്. സ്ത്രീക്കു വേണ്ടി ഇസ്‌ലാം ഉണ്ടാക്കിയ നിയമങ്ങള്‍ മാതൃകാപരമാണ്. അവളുടെ സ്വത്തിന് സംരക്ഷണം നല്‍കിയിരിക്കുന്നു. സ്ത്രീയുടെ അനന്തരസ്വത്തില്‍ അക്രമം കാണിക്കാന്‍ ആരെയും അനുവദിക്കുന്നില്ല'' (ആനിബസന്റ് / ഇന്ത്യന്‍ മതങ്ങള്‍)

ആമുഖം
ഇസ്ലാംവിമര്‍ശനങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള കാലമാണിത്. മതമുള്ളവരും  ഇല്ലാത്തവരും ഒരുപോലെ മത്സരിക്കുകയാണ് ദീനിന് ആരോപണമുന്നയിക്കുന്നതില്‍. സമൂഹത്തില്‍ പേരെടുക്കാനും പേജുകളില്‍ നിറഞ്ഞുനില്‍ക്കാനുമുള്ള എളുപ്പവഴിയാണ് ഇസ്ലാംവിമര്‍ശം.  
ഇസ്‌ലാംവിമര്‍ശകരുടെ ഏറ്റവും രുചികരമായ എല്ലിന്‍കഷണമാണ് മുസ്‌ലിം സ്ത്രീ, വിശേഷിച്ചും അവളുടെ അനന്തരാവകാശം. മുസ്‌ലിം സ്ത്രീക്ക് അനന്തരസ്വത്തില്‍ പാതിയേ ഉള്ളു എന്നാണ് മുഖ്യ മുറവിളി. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച അജ്ഞതയാണ് ഈ ആരോപണത്തിന്റെ  പിന്‍ബലമെന്ന് മുസ്‌ലിംകള്‍ പോലും അറിയുന്നില്ല എന്നാണ് ഏറെ സങ്കടകരം. അല്ലെങ്കില്‍,  പുരുഷന് തുല്യം അനന്തരം പങ്കിടുന്ന, പുരുഷനേക്കാള്‍ കൂടുതല്‍ ഓഹരി നേടുന്ന, പുരുഷനെ നിര്‍ത്തി സ്ത്രീ അനന്തരം നേടുന്ന സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമിക അനന്തരാവകാശ നിയമങ്ങളിലുണ്ടെന്ന് അറിയാവുന്നവര്‍ എത്ര പേരുണ്ടാവും നമുക്കിടയില്‍.
ഇസ്ലാംവിമര്‍ശകര്‍ അറിയേണ്ട 
ചില അടിസ്ഥാന ധാരണകള്‍
അനന്തരാവകാശ നിയമങ്ങളെന്നല്ല, ശരീഅത്തിന്റെ ഏതു നിയമങ്ങളെ പറ്റിയും നിരൂപണങ്ങളാവാം. പക്ഷേ, നിരൂപിക്കുന്നതിനു മുമ്പ് ഇസ്‌ലാമിനെ സംബന്ധിച്ച് അനിവാര്യമായും ചില ബോധ്യങ്ങള്‍ ഉണ്ടാവണമെന്നു മാത്രം.
സാമ്പ്രദായിക വ്യവഹാരങ്ങളുടെ കള്ളിയില്‍ ഒതുങ്ങുന്ന മതമല്ല ഇസ്‌ലാം. അതൊരു സമഗ്രമായ ജീവിത ദര്‍ശനവും കര്‍മപദ്ധതിയുമാണ്. ആത്മീയം, കുടുംബം, സാമ്പത്തികം, സാമൂഹികം, സാംസ്‌കാരികം എന്നിങ്ങനെ മനുഷ്യജീവിതത്തെ എങ്ങനെ അടരുകളാക്കിയാലും അവിടൊക്കെയും ഇസ്‌ലാമുണ്ടാകും. ഏകനായ ദൈവത്തിന്റെ പരമാധികാരം, പ്രവാചകത്വം, പരലോകം ഇവ അടിസ്ഥാനപ്പെടുത്തിയ ആദര്‍ശാടിത്തറകള്‍, സത്യം, കാരുണ്യം, നീതി, വൃത്തി, ലജ്ജ, മിതത്വം/സ്വാശ്രയത്വം ഇങ്ങനെ ഒരു കൂട്ടം മൂല്യങ്ങളുടെ ധാര്‍മികാടിത്തറ, ആദര്‍ശവും ധാര്‍മികതയും ആധാരമാക്കി രൂപപ്പെടുത്തപ്പെട്ട, മനുഷ്യവായനക്ക് ഇടമുള്ളതും ഇല്ലാത്തതുമായ കര്‍മനിയമങ്ങള്‍ (ഫിഖ്ഹ്, ശരീഅത്ത്) ഇവ മൂന്നുമാണ് ഈ ദീനിന്റെ ആധാരശിലകള്‍. ഇവ പരസ്പരബന്ധിതവും പരസ്പരപൂരകങ്ങളുമാണ്. ആദര്‍ശമില്ലാത്ത ധാര്‍മികതയോ, നിയമങ്ങള്‍ പാലിക്കപ്പെടാത്ത ആദര്‍ശമോ ദീനില്‍ പരിഗണനീയമല്ല. ധാര്‍മികതയില്ലാത്ത ആദര്‍ശവും നിയമാനുസരണവും പരിഗണനീയമല്ലാത്തതുപോലെ തന്നെ.  ഈ പറഞ്ഞ ആദര്‍ശവും ധാര്‍മികതയും നിയമാനുസരണവും ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുണ്ടാവുകയും വേണം. ഇങ്ങനെയൊരു സമഗ്ര ജീവിത പദ്ധതിയെ അതിന്റെ സാകല്യത്തില്‍ മനസ്സിലാക്കാതെ ഓരോന്നോരാന്നായി അടര്‍ത്തിമാറ്റി തങ്ങള്‍ക്കു പാകമൊത്തതിനെ പാതിവെന്ത നുണകളുടെ ബലത്തില്‍ അവതരിപ്പിക്കുകയാണ് ഇസ്‌ലാംവിമര്‍ശനത്തിന്റെ പൊതുരീതി. ഇസ്‌ലാംനിരൂപണങ്ങളുടെ മൗലിക ദൗര്‍ബല്യവും ഇതുതന്നെയാണ്.
2.    വര്‍ഗ, വര്‍ണ, ഭാഷാ, ദേശ വ്യത്യാസങ്ങളില്ലാതെ മനുഷ്യജീവിതം എന്ന ഏകകത്തെയാണ് ആദര്‍ശത്തിലും ധാര്‍മികതയിലും നിയമങ്ങളിലും ഇസ്‌ലാം പടുത്തുയര്‍ത്തുന്നത്. ഒരേസമയം ആഫ്രിക്കക്കാരനെയും യൂറോപ്യനെയും ഏഷ്യക്കാരനെയും അമേരിക്കക്കാരനെയും ഇസ്‌ലാം അഭിമുഖീകരിക്കുന്നു. ആണിനോടും പെണ്ണിനോടും, നാഗരികനോടും ഗ്രാമീണനോടും, തൊഴിലാളിയോടും മുതലാളിയോടും സംവദിക്കുന്നു. മനുഷ്യജീവിതങ്ങളെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടിയാണ് ഇസ്‌ലാം ഉള്‍ക്കൊള്ളുകയും സംസ്‌കരിക്കുകയും ചെയ്യുന്നത്. ജീവിത വ്യവസ്ഥ ആദര്‍ശത്തിനും ധാര്‍മികതക്കും എതിരല്ലങ്കില്‍ അവരുടെ ശീലങ്ങളെ പരിഗണിക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ, പ്രമാണങ്ങള്‍ക്ക് എതിരാവാത്തതും ശറഇന് വിരുദ്ധമല്ലാത്തതുമായ നാട്ടുനടപ്പുകളെയും(ഉര്‍ഫുകള്‍), ഉപചാരശീലങ്ങളെയും ദീനില്‍ ഇടം നല്‍കുന്നു. ഇത്തരമൊരു ദീനിന്റെ നിയമങ്ങളെ, ഭൂമിശാസ്ത്രപരമായ അതിരുകളില്‍ കെട്ടിയിടപ്പെട്ടതും ആഗോളപരതയില്ലാത്തതുമായ ഏതോ  ഒരു പ്രദേശത്തിന്റെ പൊതുബോധത്തില്‍ നിന്നുകൊണ്ട് നിരൂപിക്കുന്നുവെന്നതാണ് ഇസ്‌ലാംവിമര്‍ശനത്തിന്റെ രണ്ടാമത്തെ ദൗര്‍ബല്യം. പലപ്പോഴും കേരളീയ പരിസരത്തില്‍നിന്നുണ്ടാവുന്ന ഇസ്‌ലാംവിമര്‍ശനങ്ങളില്‍ പലതും ലോകത്തിന്റെ ബഹുഭൂരിഭാഗം പ്രദേശങ്ങളിലും ചര്‍ച്ചാവിഷയം പോലുമാകാറില്ല. മഹ്ര്‍ നല്‍കി ജീവിതസഖിയെ സ്വന്തമാക്കുന്നവനും കിടപ്പാടം വിറ്റ് സ്ത്രീധനമൊരുക്കി മകളെ കെട്ടിക്കുന്നവനും ഒരേ പൊതുബോധത്തില്‍ സമീകരിക്കപ്പെടുന്നത് യുക്തിസഹമല്ലല്ലോ.
നിയമങ്ങളുടെ ഒരു പ്രത്യേകത അവയുടെ പൊതുമയാണ്. അപവാദങ്ങള്‍ക്ക് (ഒറ്റപ്പെട്ട സന്ദര്‍ഭങ്ങള്‍ക്കു) വേണ്ടിയല്ല നിയമങ്ങള്‍ രൂപീകരിക്കപ്പെടുക. അപവാദങ്ങളുണ്ടാകുമ്പോള്‍  പൊതു നിയമത്തിന്റെ ഇളവുകള്‍ ഉപയോഗപ്പെടുത്തി ഒറ്റപ്പെട്ടതിന്റെ പ്രശ്‌നങ്ങളെ പരിഹരിക്കുകയാണ് ശരിയായ രീതി. ഇസ്‌ലാമിക നിയമങ്ങളും നിയമത്തിന്റെ ഈ പൊതു സ്വഭാവത്തില്‍നിന്ന് ഭിന്നമല്ല. അപവാദങ്ങളുടെ/ അപൂര്‍വമായതിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമങ്ങളുടെ പൊതുമയെ നിരൂപണം ചെയ്യുന്നതാണ് ഇസ്‌ലാംവിമര്‍ശത്തിന്റെ മൂന്നാമത്തെ ദൗര്‍ബല്യം. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ഈ ദൗര്‍ബല്യം ഏറെ പ്രകടമാണ്.
4. ഒരു വ്യക്തിയുടെ പ്രായം, ലിംഗം, കര്‍മങ്ങള്‍ ചെയ്യാനുള്ള ബുദ്ധിപരവും ശാരീരികവുമായ ക്ഷമത ഇവ പരിഗണിച്ചുകൊണ്ടാണ് ശരീഅത്ത്‌നിയമങ്ങള്‍ അനുശാസിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു പറയുന്നു: ''അല്ലാഹു ആരെയും അവരുടെ കഴിവിനതീതമായ ചുമതലാഭാരം വഹിപ്പിക്കുകയില്ല'' (അല്‍ബഖറ: 286). വ്യക്തിയുടെ അവസ്ഥാന്തരങ്ങള്‍ക്കനുസരിച്ച് നിയമത്തിലും മാറ്റമുണ്ടാകും. ശര്‍ഈ നിയമങ്ങളില്‍ ഇളവുകള്‍ ഉണ്ടായത് അതിനാലാണ്. സാധാരണ സന്ദര്‍ഭങ്ങളിലെ നിയമങ്ങളില്‍നിന്ന് ഭിന്നമാണ് അനിവാര്യതയുടെ വേളകളിലെ നിയമങ്ങള്‍. ശര്‍ഈ നിയമങ്ങളുടെ ഈ സവിശേഷതയെ കുറിച്ച് ഗ്രാഹ്യകയില്ലാത്തത് വിമര്‍ശനത്തില്‍ സത്യസന്ധതയില്ലാതാക്കും.
5. ഇസ്‌ലാമിക ശരീഅത്ത് ഒരാളില്‍ ചുമത്തുന്ന ബാധ്യതകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും ആനുപാതികമായിരിക്കും അയാള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. കര്‍മശാസ്ത്ര തത്വങ്ങളില്‍ പ്രധാനമായ ഒരു തത്വമാണ് 'അല്‍ഗുന്‍മു ബില്‍ ഗുറും.' 'യുദ്ധത്തില്‍ പങ്കെടുത്ത് പോരാടിയവനേ യുദ്ധാര്‍ജിത സ്വത്തില്‍ അവകാശമുള്ളു' ഇതാണ് ഈ തത്വത്തിന്റെ സാരം. യുദ്ധത്തില്‍ മാത്രമല്ല ഏതൊരു സംരംഭത്തിലും അധ്വാനിച്ചവനാണ് അധ്വാനഫലത്തിനര്‍ഹന്‍ എന്നത് നീതിയുടെ താല്‍പര്യമാണ്. ലാഭത്തില്‍ മാത്രമല്ല, നഷ്ടത്തിലും പങ്കാളിത്തം ഉറപ്പുവരുത്തുമ്പോഴേ ഇസ്‌ലാം കൂട്ടുകച്ചവടം അനുവദിക്കുകയള്ളു. കുടുംബത്തിന്റെ ചെലവ് വഹിക്കാന്‍ ബാധ്യതപ്പെട്ട ഒരാള്‍ക്ക് ആ ബാധ്യതയില്ലാത്ത മറ്റുള്ളവരേക്കാള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക നീതിയുടെ തേട്ടമാണ്. തങ്ങള്‍ നീതിയുടെ പക്ഷത്താണെന്ന് പറയുമ്പോഴും ഇസ്‌ലാമിക ശരീഅത്തിന്റെ നീതിപൂര്‍വകമായ നിയമങ്ങള്‍ കണ്ടില്ലായെന്ന് നടിക്കല്‍ വിമര്‍ശകരുടെ പതിവുരീതിയാണ്.

അനന്തരാവകാശ നിയമങ്ങളിലെ മുസ്‌ലിം സ്ത്രീ
അനന്തരാവകാശത്തില്‍ സ്ത്രീയെ ഇസ്‌ലാം എങ്ങനെ പരിഗണിക്കുന്നുവെന്നറിയണമെങ്കില്‍ തദ്വിഷയകമായി അവതരിച്ച സൂക്തങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. അല്ലാഹു പറയുന്നു:
''മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്തു കുറഞ്ഞതായാലും ശരി, കൂടിയതായാലും ശരി. ഈ വിഹിതം (അല്ലാഹുവിനാല്‍) നിര്‍ണിതമാകുന്നു'' (അന്നിസാഅ്: 7).
1. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിഹിതമുണ്ട് എന്ന് പറഞ്ഞാല്‍ മതി. പക്ഷേ വിശുദ്ധ ഖുര്‍ആന്‍ അതേ വാചകം ആവര്‍ത്തിച്ച് സ്ത്രീയെ മാത്രം പറഞ്ഞ് അവളുടെ ഓഹരി ഊന്നി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. സ്ത്രീയുടെ വിഹിതത്തിന്റെ സ്വതന്ത്ര അസ്തിത്വവും മൗലികതയും അനാവരണം ചെയ്യപ്പെടുകയാണ് ഇതിലൂടെ. കൂട്ടത്തില്‍ ജാഹിലിയ്യാ കാലത്തേതുപോലെ ഒരു തരം അവഗണനയും നിസ്സാരവല്‍ക്കരണവും ഉണ്ടാവരുതെന്ന ഉണര്‍ത്തല്‍ കൂടിയാണ് ഈ പ്രയോഗം.
2. 'സ്വത്തു കുറഞ്ഞതായാലും ശരി, കൂടിയതായാലും ശരി' എന്ന വാചകത്തിലൂടെ അനന്തരമായി ലഭിക്കുന്ന സ്വത്തിന്റെ അളവല്ല സ്ത്രീയുടെ വിഹിതത്തിന്റെ മാനദണ്ഡം എന്ന് തെര്യപ്പെടുത്തുകയാണ് ഖുര്‍ആന്‍. അനന്തരമായി എത്ര അവശേഷിച്ചുവെന്നല്ല, എന്ത് അവശേഷിച്ചാലും അതില്‍ സ്ത്രീക്ക് ഓഹരിയുണ്ടെന്നാണ് ദൈവിക വചനം പറഞ്ഞുവെക്കുന്നത്. 
3. 'ഈ വിഹിതം (അല്ലാഹുവിനാല്‍) നിര്‍ണിതമാകുന്നു.' പ്രകൃത സൂക്തത്തിലെ 'മഫ്‌റൂദ്' എന്ന വാക്കിന് നിര്‍ബന്ധമാക്കപ്പെട്ടത് എന്നുമര്‍ഥമുണ്ട്. ഈ സൂക്തത്തിലെ ആദ്യ വാചകത്തില്‍ 'വിഹിതമുണ്ട്' എന്ന പ്രയോഗത്തില്‍നിന്നുതന്നെ അനന്തരാവകാശത്തിന്റെ നിര്‍ബന്ധ സ്വഭാവം പ്രകടമാണ്. കാരണം ദൈവം സ്ഥാപിച്ച ഒരു അവകാശമാണല്ലോ അത്. എന്നിട്ടും സൂക്തം അവസാനിക്കുമ്പോള്‍ 'നസ്വീബന്‍ മഫ്‌റൂദന്‍' (അല്ലാഹുവിനാല്‍ നിര്‍ണയിക്കപ്പെട്ട/ നിര്‍ബന്ധമാക്കപ്പെട്ട ഓഹരി) എന്ന് ആവര്‍ത്തിച്ചുകൊണ്ട് എല്ലാ സംശയങ്ങളെയും ദൂരീകരിക്കുകയും സ്ത്രീയുടെ അവകാശത്തെ ശക്തമായി സ്ഥാപിക്കുകയുമാണ്. എന്തുകൊണ്ടാണ് ഇത്രയും ഊന്നലുകള്‍ ഈ വിധിയുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നല്‍കിയതെന്നറിയണമെങ്കില്‍  ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം പരിശോധിച്ചാല്‍ മതി. തിരുദൂതരുടെ ആഗമനത്തിനുമുമ്പ് അറബികള്‍ക്കിടയില്‍ പ്രായപൂര്‍ത്തിയെത്തിയ പുരുഷന്മാര്‍ക്കു മാത്രമേ പിന്തുടര്‍ച്ചാവകാശമുണ്ടായിരുന്നുള്ളു. പ്രതിരോധത്തിലും പടയോട്ടത്തിലും പങ്കാളികളാവാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വത്തവകാശമില്ലെന്ന സിദ്ധാന്തമാണ് അവരംഗീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇസ്‌ലാം സ്ത്രീകള്‍ക്ക് അനന്തരാവകാശമനുവദിച്ചപ്പോള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസകരമായിരുന്നു. യുദ്ധത്തില്‍ സംബന്ധിക്കാത്ത സ്ത്രീകളും കുട്ടികളും സ്വത്തവകാശികളാകുന്നതില്‍ ചിലര്‍ അസഹ്യത പ്രകടിപ്പിച്ചതായി ഇബ്‌നു അബ്ബാസില്‍നിന്ന് ഇബ്‌നുജരീര്‍ ഉദ്ധരിക്കുന്നുണ്ട്.
4. അനന്തര സ്വത്തിലെ മുസ്‌ലിം സ്ത്രീയെ വിചാരണക്കെടുക്കുന്നവര്‍ സ്വത്തവകാശത്തിനായി ഉന്നയിക്കുന്ന 'സ്ത്രീകള്‍' ആരൊക്കെയാണെന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. പലപ്പോഴും മകളിലൊതുങ്ങും വിമര്‍ശകരുടെ അവകാശവാദങ്ങള്‍. നന്നെക്കവിഞ്ഞാല്‍ ഭാര്യയും. അതിനപ്പുറത്തേക്കുള്ളവരെക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല. ഇവിടെയാണ് അനന്തരാവകാശത്തിലെ മുസ്‌ലിം സ്ത്രീകള്‍ പ്രസക്തമാവുന്നത്. പരേതന്‍/പരേതയോടുള്ള ബന്ധുത്വത്തിന്റെ ആഴവും അടുപ്പവമനുസരിച്ച് മുന്‍ഗണനാക്രമത്തില്‍, സംരക്ഷണം അര്‍ഹിക്കുന്ന ഒരു സ്ത്രീയെയും അനന്തരസ്വത്തില്‍നിന്ന് ഇസ്‌ലാം വിട്ടുകളഞ്ഞിട്ടില്ല. അനന്തരമെടുക്കുന്ന സ്ത്രീകളുടെ പട്ടിക ഇതാണ്. 1. ഭാര്യ 2. മാതാവ് 3. വലിയുമ്മ, വലിയുമ്മയുടെ ഉമ്മ, ആ ക്രമത്തില്‍ മേലോട്ടുള്ളവര്‍ 4. മകള്‍ 5. മകന്റെ മകള്‍, മകന്റെ മകന്റെ മകള്‍, ആ ക്രമത്തില്‍ താഴോട്ടുള്ളവര്‍ 6. മാതാപിതാക്കള്‍ ഒത്ത സഹോദരി 7. പിതാവ് വഴിക്കുള്ള സഹോദരി 8. മാതാവ് വഴിക്കുള്ള സഹോദരി.

5. ദായധനാവകാശികള്‍ പ്രധാനമായും രണ്ടു തരത്തിലാണുണ്ടാവുക:
എ) നിശ്ചിത വിഹിതക്കാര്‍(ദവുല്‍ ഫുറൂദ്). ബി) നിശ്ചിത വിഹിതം കഴിഞ്ഞ് മിച്ചം വരുന്നത് ലഭിക്കുന്നവര്‍ (അസ്വബഃ). നിശ്ചിത വിഹിതം ലഭിക്കേണ്ടവര്‍ പന്ത്രണ്ടു വിഭാഗമാകുന്നു. എട്ടു വിഭാഗവും സ്ത്രീകളില്‍നിന്നുളളവരാണ്. പുരുഷന്മാരില്‍നിന്ന് നാലു വിഭാഗം മാത്രമാണുള്ളത്. മറ്റൊരുവിധം പറഞ്ഞാല്‍ അനന്തരം ലഭിക്കുന്ന സ്ത്രീകളില്‍ പത്തില്‍ ഒമ്പതു പേരും (90 ശതമാനം) നിശ്ചിത വിഹിതക്കാരാണ്. അനന്തരം ലഭിക്കുന്ന പതിനഞ്ചു പുരുഷന്മാരില്‍ 2 പേര്‍ (13.33 ശതമാനം) മാത്രമാണ് നിശ്ചിത ഓഹരിക്കാര്‍. ഇവിടെ സ്ത്രീകളെ നിശ്ചിത വിഹിതത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ശ്രദ്ധാര്‍ഹമായ ചില നേട്ടങ്ങളുണ്ട്:
എ) നിശ്ചിത വിഹിതക്കാര്‍ക്ക് ഓഹരി ലഭിക്കാന്‍ ആരുടെയും വീതംവെപ്പ് കഴിയാന്‍ കാത്തിരിക്കേണ്ടതില്ല. എന്നാല്‍  നിശ്ചിത ഓഹരിക്കാര്‍ക്ക് വീതം വെച്ച് കഴിഞ്ഞ് മിച്ചം വന്നാല്‍ മാത്രമേ അസ്വബഃക്കാര്‍ക്ക് വിഹിതം ലഭിക്കുകയുള്ളു.
ബി) നിശ്ചിത വിഹിതക്കാരുടെ ഓഹരിയില്‍ കുറവു വരുന്നില്ല.  അതേസമയം,  അസ്വബഃക്കാരുടെ ഓഹരി നിര്‍ണിതമല്ല, കൂടുകയും കുറയുകയും ചെയ്യാം. നിശ്ചിത ഓഹരിക്കാര്‍ക്ക് ഓഹരിവെച്ചതിനു ശേഷം ഒന്നും അവശേഷിക്കുന്നില്ലങ്കില്‍ അസ്വബഃക്കാര്‍ക്ക് യാതൊന്നും ലഭിക്കുകയുമില്ല. തന്നെയുമല്ല, നിശ്ചിത വിഹിതക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് അസ്വബഃക്കാരുടെ ഓഹരിയില്‍ ഗണ്യമായ കുറവു വരികയും ചെയ്യും. ചുരുക്കത്തില്‍, നിശ്ചിത ഓഹരിക്കാരെയും അസ്വബഃക്കാരെയും സ്ത്രീ-പുരുഷ ദായധനക്രമത്തില്‍ സൂക്ഷ്മമായി താരതമ്യം ചെയ്താല്‍ സ്ത്രീകള്‍ക്കാണ് അനന്തരാവകാശത്തില്‍ ഏറെ അവസരം ലഭിക്കുക എന്നു ബോധ്യമാവും.
6. 'റദ്ദ്' ലെ സ്ത്രീകളുടെ അവകാശം: അവകാശികളുടെ നിശ്ചിത വിഹിതം കഴിച്ച് മിച്ചമുള്ളതിന് അര്‍ഹരായ അസ്വബഃ ഇല്ലെങ്കില്‍ അത് നിശ്ചിത വിഹിതക്കാര്‍ക്കുതന്നെ ഓരോരുത്തരുടെയും അവകാശാനുപാതമനുസരിച്ച് വീതിക്കുന്നു. ഇതിനെയാണ് സാങ്കേതികമായി 'റദ്ദ്' എന്നു പറയുന്നത്. എട്ടുവിഭാഗക്കാര്‍ക്കാണ് റദ്ദ് ബാധകമാവുക. മാതാവൊത്ത സഹോദരന്‍ മാത്രമാണ് പുരുഷന്മാരിലുള്ളത്. ബാക്കി ഏഴും സ്ത്രീകളാണ്. മകള്‍, മകന്റെ മകള്‍, മാതാപിതാക്കളൊത്ത സഹോദരി, പിതാവൊത്ത സഹോദരി, മാതാവൊത്ത സഹോദരി, മാതാവ്, വലിയുമ്മ എന്നിവര്‍.
7. ദവുല്‍ അര്‍ഹാം: നിശ്ചിത വിഹിതക്കാരും അസ്വബഃക്കാരുമല്ലാത്ത കുടുംബക്കാരാണ് ദവുല്‍ അര്‍ഹാം കൊണ്ടുള്ള ഉദ്ദേശ്യം. ദവുല്‍ അര്‍ഹാമിലെ വിഭാഗങ്ങളെ പരിശോധിച്ചാലും സ്ത്രീകള്‍ക്ക് ഉയര്‍ന്ന പ്രാധിനിധ്യം ലഭിക്കുന്നതായി കാണാം. 

സ്ത്രീകള്‍ക്ക് പാതി സ്വത്ത്-വസ്തുതയെന്ത്?
'മുസ്‌ലിം ദായധനക്രമത്തില്‍ സ്ത്രീകള്‍ക്കു പുരുഷന്റെ പകുതിയേ ലഭിക്കൂ.' പ്രധാനപ്പെട്ട ഒരാരോപണമാണിത്. ദൗര്‍ഭാഗ്യവശാല്‍, മുസ്‌ലിം സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം ഈ ആരോപണം സത്യമാണെന്ന് വിചാരിക്കുന്നു. യഥാര്‍ഥത്തില്‍ വിമര്‍ശകരുടെ അജ്ഞതക്കും വൈജ്ഞാനികമായ സത്യസന്ധതയില്ലായ്മക്കും മികച്ച ഉദാഹരണമാണിത്. തദ്‌സംബന്ധമായി ശ്രദ്ധേയമായ ചില പരമാര്‍ഥങ്ങള്‍:
1. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ഏതെങ്കിലും വ്യക്തികളുടെ തീരുമാനമോ ഗവേഷണം ചെയ്‌തെടുത്ത അഭിപ്രായങ്ങളോ അല്ല. മനുഷ്യരെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന പ്രപഞ്ചനാഥന്റെ നിയമങ്ങളാണ്. അനന്തരസ്വത്തിന്റെ ഓഹരികള്‍ നിര്‍ണയിക്കാന്‍ മനുഷ്യരെ ഏല്‍പ്പിച്ചിട്ടില്ല. ദൈവം തന്നെയാണ് അത് ഓഹരി ചെയ്തത്. സമ്പത്തിന്റെ സാക്ഷാല്‍ ഉടമസ്ഥന്‍ അല്ലാഹുവാണ്, മനുഷ്യന്‍ കൈകാര്യകര്‍ത്താവ് (മുസ്തഖ്‌ലിഫ്) മാത്രം. ഒരുവന്‍ മരണപ്പെടുന്നതോടുകൂടി അവന്റെ കൈകാര്യാവകാശം നഷ്ടപ്പെടുകയും സമ്പത്ത് യഥാര്‍ഥ ഉടമയായ അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യും. അതുകൊണ്ടാണ് നമസ്‌കാരത്തിന്റെയും സകാത്തിന്റെയും വിശദാംശങ്ങള്‍ പറഞ്ഞിട്ടില്ലാത്ത ഖുര്‍ആന്‍ അനന്തരസ്വത്ത് ഭാഗിക്കുന്നത് കണക്കു പറഞ്ഞ് വിശദീകരിച്ചത്; മനുഷ്യന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ വീതംവെപ്പില്‍ കയറിക്കൂടാതിരിക്കാന്‍ വേണ്ടി.
2. 'സ്ത്രീകള്‍ക്ക് പുരുഷന്റെ പകുതി' എന്നത് ഇസ്‌ലാമിക അനന്തരാവകാശ നിയമങ്ങളിലെ ഓഹരി നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന തത്വമല്ല. സ്ത്രീകള്‍ക്ക് സന്ദര്‍ഭാനുസാരം പുരുഷനേക്കാള്‍ കൂടുതലും കുറവും തുല്യവുമായ ഓഹരി ലഭിക്കാറുണ്ട്.
3. ദായധനക്രമത്തിലെ ഓഹരിനിര്‍ണയത്തിന്റെ അടിസ്ഥാനം ലിംഗഭേദമല്ല, മറിച്ച് പരേതന്‍ / പരേതയോടുള്ള ബന്ധുത്വത്തിന്റെ അടുപ്പവും അനന്തരമെടുക്കുന്നവനില്‍ വന്നുചേരുന്ന സംരക്ഷണച്ചുമതലയുമാണ്. അതിനാല്‍ അടുത്ത ബന്ധുവിന് അകന്ന ബന്ധുവിനേക്കാള്‍ ഓഹരി ലഭിക്കുക സ്വാഭാവികം മാത്രം. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ചില നിയമങ്ങളില്‍  ഇളവുകള്‍ നല്‍കപ്പെടുമെന്നതല്ലാതെ അതിനെ വിവേചനത്തിന് ആധാരമായി ശരീഅത്ത് പരിഗണിക്കുകയില്ല. സമ്പാദ്യത്തിലും കര്‍മങ്ങളിലും ലിംഗഭേദമല്ല തുല്യതയാണ് ഖുര്‍ആന്‍ വിളംബരം ചെയ്യുന്നത്. ''സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ'' (ആലു ഇംറാന്‍: 195). ''......പുരുഷന്മാര്‍ സമ്പാദിച്ചതനുസരിച്ച വിഹിതം അവര്‍ക്കുണ്ട്; സ്ത്രീകള്‍ സമ്പാദിച്ചതനുസരിച്ച വിഹിതം അവര്‍ക്കുമുണ്ട്. നിങ്ങള്‍ അല്ലാഹുവിനോട് അവന്റെ അനുഗ്രഹം യാചിച്ചുകൊണ്ടേയിരിക്കുക. നിശ്ചയം, അല്ലാഹു സര്‍വ സംഗതികളിലും അഭിജ്ഞനാകുന്നു'' (അന്നിസാഅ്: 32) സ്ത്രീ-പുരുഷഭേദമാണ് അനന്തരസ്വത്തിലെ ഓഹരികളുടെ ഏറ്റക്കുറച്ചിലിന് കാരണമെന്ന് ദീനീപ്രമാണങ്ങളില്‍ സൂചന പോലും കാണാന്‍ കഴിയില്ല. എന്നു മാത്രമല്ല, അനന്തര സ്വത്ത് നിഷേധിക്കപ്പെട്ടവള്‍ക്ക് സ്വത്തവകാശം സ്ഥാപിക്കാനാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ അവതരിക്കുന്നതുതന്നെ. 'അനന്തരാവകാശ നിയമങ്ങളുടെ അവതരണപശ്ചാത്തലവുമായി ബന്ധപ്പെട്ട് ഇമാം ത്വബരി ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക: അന്‍സ്വാറുകളില്‍പെട്ട ഔസുബ്‌നുസാബിത്ത് അന്തരിച്ചു. അദ്ദേഹത്തിന് നാലു പുത്രിമാരുണ്ടായിരുന്നു. പക്ഷേ, അയാളുടെ അനന്തരസ്വത്തെല്ലാം പിതൃവ്യ പുത്രന്മാരെടുത്തു. അതിനാല്‍, ഭാര്യ പ്രവാചകസന്നിധിയില്‍ വന്ന് പറഞ്ഞു: 'ഔസുബ്‌നുസാബിത്ത് ധാരാളം ധനം വിട്ടേച്ച് ഇഹലോകവാസം വെടിഞ്ഞു. ഇപ്പോള്‍ സ്വത്തെല്ലാം അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്മാരായ ഖതാദയും ഉര്‍ഫുത്വയും കൈവശപ്പെടുത്തിയിരിക്കുന്നു. പുത്രിമാര്‍ക്ക് ഒന്നുംതന്നെ ബാക്കിയില്ല. അവരെന്റെ സംരക്ഷണത്തിലാണ്. അവര്‍ക്ക് തിന്നാനും കുടിക്കാനും മാര്‍ഗമില്ല. അവരെ പരിപാലിക്കാന്‍ എനിക്കൊട്ട് പ്രാപ്തിയുമില്ല.' അപ്പോള്‍, നബി, അവരോട് മടങ്ങിപ്പോകാനും അല്ലാഹുവിന്റെ തീര്‍പ്പ് വരുന്നതുവരെ കാത്തിരിക്കാനും കല്‍പിച്ചു. അങ്ങനെ സൂറതുന്നിസാഇന്റെ ആദ്യഭാഗത്തിലെ സ്വത്തുവിഭജനം സംബന്ധിച്ച വാക്യങ്ങള്‍ അവതീര്‍ണമായി. അതനുസരിച്ച് പ്രവാചകന്‍ ഖതാദയോടും ഉര്‍ഫുത്വയോടും ഔസിന്റെ സ്വത്ത് ഭാര്യക്കും പുത്രിമാര്‍ക്കും നല്‍കാന്‍ നിര്‍ദേശിച്ചു. 
4. അനന്തരാവകാശത്തിലെ സ്ത്രീയവസ്ഥകള്‍ നാലെണ്ണമാണ്:
എ) സ്ത്രീയും പുരുഷനും തുല്യ ഓഹരി സിദ്ധമാകുന്ന  അവസ്ഥകള്‍. അനന്തരാവകാശത്തിലെ ഓഹരി നിര്‍ണയവുമായി ബന്ധപ്പെട്ട ആദ്യ സൂക്തത്തില്‍ തന്നെ ഈയവസ്ഥ പരാമര്‍ശിക്കുന്നുണ്ട്. ദായകന് സന്താനങ്ങളുണ്ടാകുന്ന സന്ദര്‍ഭത്തില്‍ മാതാവിനും പിതാവിനും തുല്യ ഓഹരിയാണ് ലഭിക്കുക.
ബി) സ്ത്രീക്ക് പുരുഷനേക്കാള്‍ ഓഹരി ലഭിക്കുന്ന അവസ്ഥകള്‍: ആദ്യം പരാമര്‍ശിച്ച അവസ്ഥയില്‍  ഒരു മകള്‍ മാത്രമാണ് സന്താനമായി ഉള്ളതെങ്കില്‍ മകള്‍ക്ക് മൊത്തം സ്വത്തിന്റെ 50 ശതമാനം, പിതാവിന് 33.3 ശതമാനം, മാതാവിന് 16.7 ശതമാനം ആയിരിക്കും വിഹിതം). ഇവിടെ പിതാവിന് ലഭിക്കുന്ന സ്വത്തിനേക്കാള്‍ 16.67 ശതമാനം അധികം സ്വത്ത് സ്ത്രീയായ മകള്‍ക്ക് മാത്രമായി ലഭിക്കും. സന്താനമായി മകള്‍ മാത്രം അവശേഷിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെയും മറ്റാരൊക്കെയുണ്ടായാലും അവള്‍ക്ക് മൊത്തം സ്വത്തിന്റെ 50 ശതമാനം ലഭിക്കും. ഒന്നിലധികം പെണ്‍ക്കള്‍ ഉണ്ടെങ്കില്‍ സ്വത്തിന്റെ മൂന്നില്‍ രണ്ടും അവര്‍ക്കാണ് ലഭിക്കുക.
സി) സ്ത്രീസാനിധ്യം കൊണ്ട് പുരുഷന് ഓഹരി ലഭിക്കാതിരിക്കുന്ന അവസ്ഥകള്‍:
പരേതന്‍ / പരേതക്ക് സന്താനങ്ങളായി പെണ്‍മക്കള്‍ മാത്രമുണ്ടാവുകയും കൂടെ മാതാപിതാക്കളൊത്ത സഹോദരിയുമാണുള്ളതെങ്കില്‍ സഹോദരന്റെ സാന്നിധ്യം കൊണ്ട് തടയപ്പെടുന്ന എല്ലാവരെയും സഹോദരിയും തടയും. ഒരുദാഹരണം: പരേതന് ബന്ധുവായി ശേഷിച്ചത് ഒരു മകളും നേര്‍സഹോദരിയും പിതൃവ്യന്മാരും സഹോദരപുത്രന്മാരും ഉമ്മയൊത്ത സഹോദരന്മാരുമാണെങ്കിലും ഈ പുരുഷന്മാരൊക്കെയും സ്ത്രീസാന്നിധ്യം കൊണ്ട് ഓഹരി ലഭിക്കാത്തവരാകും. ഇവിടെ മകള്‍: 50 ശതമാനം, സഹോദരി: ബാക്കി (50 ശതമാനം), പിതാവൊത്ത സഹോദരന്‍: ഒന്നുമില്ല, മാതാവൊത്ത സഹോദരന്‍: തടയപ്പെട്ടു, പിതൃവ്യര്‍: തടയപ്പെട്ടു. ഇവര്‍ക്കു ശേഷം വരുന്ന എല്ലാ സ്ത്രീപുരുഷന്മാരും അനന്തരം തടയപ്പെടുന്നവരായിക്കും.
ഡി) സ്ത്രീയുടെ ഓഹരി പുരുഷന്റെ പകുതിയായി കുറയുന്ന സന്ദര്‍ഭങ്ങള്‍. എന്തുകൊണ്ട് ഇത്തരം വേളകളില്‍ സ്ത്രീയുടെ വിഹിതം കുറയുന്നുവെന്ന അന്വേഷണം ശ്രദ്ധേയമായ ചില വസ്തുതകളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അവ ഇങ്ങനെ സംഗ്രഹിക്കാം:
•    പുരുഷനേക്കാള്‍ സ്ത്രീക്ക്  അനന്തരസ്വത്ത് കുറയുന്ന അവസ്ഥകള്‍ തുലോം കുറവാണ്. സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ 2:1 എന്ന അനുപാതത്തില്‍ ഓഹരി വിഭജനം നാലു സന്ദര്‍ഭങ്ങളിലാണ് ഉള്ളത്:
1. പരേതന് സ്ത്രീ - പുരുഷന്മാരായ മക്കളുണ്ടാവുമ്പോള്‍.
2. പരേതന് മക്കളില്ലാതിരിക്കെ മാതാപിതാക്കള്‍ അനന്തരമെടുക്കുകയാണെങ്കില്‍ മാതാവിന് 1/3-ഉം പിതാവിന് 2/3-ഉം ലഭിക്കുന്നു (മാതാവിന്റെ ഇരട്ടി പിതാവിന്).
3. മാതാപിതാക്കളൊത്ത, അല്ലെങ്കില്‍ പിതാവൊത്ത സഹോദരിയോടൊപ്പം മാതാപിതാക്കളോ പിതാവോ ഒത്ത സഹോദരന്‍ അനന്തരമെടുക്കുമ്പോള്‍. ഇവിടെ സഹോദരിയുടെ ഇരട്ടി സഹോദരനു ലഭിക്കും.
4. ഭാര്യാ - ഭര്‍ത്താക്കന്മാര്‍ പരസ്പരം അനന്തരമെടുക്കുമ്പോള്‍. ഭര്‍ത്താവില്‍നിന്ന് ഭാര്യ അനന്തരമെടുക്കുന്നതിന്റെ ഇരട്ടിയാണ് ഭാര്യയില്‍നിന്ന് ഭര്‍ത്താവ് അനന്തരമെടുക്കുക.
കൃത്യമായി പറഞ്ഞാല്‍, സ്ത്രീ അനന്തരമെടുക്കുന്ന മൊത്തം അവസ്ഥകളില്‍ 16.33 ശതമാനം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സ്ത്രീക്ക് പുരുഷനേക്കാള്‍ കുറഞ്ഞ സ്വത്ത് ലഭ്യമാകുന്നത്.
5. ആണ്‍-പെണ്‍ ലിംഗഭേദമല്ല ഈ ഏറ്റക്കുറച്ചിലിന് കാരണം. ആണ്‍-പെണ്‍ വ്യത്യാസമായിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് പുരുഷന് തുല്യമോ അവനേക്കാള്‍ കൂടുതലോ സ്ത്രീ പുരുഷനെ അനന്തര സ്വത്തില്‍നിന്ന് തടയുന്ന അവസരങ്ങളോ ഉണ്ടാകുമായിരുന്നില്ല.
6. സ്ത്രീ - പുരുഷന്മാര്‍ക്ക് അനന്തരാവകാശവിഹിതം നിര്‍ണയിക്കുന്നതില്‍ ഇസ്‌ലാം മൂന്നു പ്രധാന അടിസ്ഥാനങ്ങള്‍ പരിഗണിച്ചിരിക്കുന്നു: 1. മരിച്ച വ്യക്തിയുമായി അനന്തരാവകാശികള്‍ക്കുള്ള കുടുംബബന്ധത്തിന്റെ അടുപ്പം. കുടുംബബന്ധം അടുക്കുന്തോറും അവകാശ വിഹിതം വര്‍ധിക്കും. അകലും തോറും അവകാശ വിഹിതം കുറയുകയും ചെയ്യും. അവകാശങ്ങളില്‍ സ്ത്രീ - പുരുഷ പരിഗണന ഇവിടെയില്ല. 2. തലമുറയില്‍ അനന്തരമെടുക്കുന്നവരുടെ പ്രയാസങ്ങള്‍ പേറാന്‍ ഒരുങ്ങുന്ന പുതിയ തലമുറ, ജീവിതത്തോട് വിടപറയാനും ഭാരങ്ങള്‍ ലഘൂകരിക്കാനുമൊരുങ്ങുന്ന പഴയ തലമുറയേക്കാള്‍ കൂടുതല്‍ വിഹിതം അനന്തരമെടുക്കുന്നവരായിരിക്കും, എന്നല്ല, വിടപറയാന്‍ ഒരുങ്ങുന്ന തലമുറയുടെ  ഭാരങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ പലപ്പോഴും പുതിയ തലമുറക്ക് ബാധ്യതയുണ്ടാവും. സ്ത്രീ - പുരുഷ വ്യത്യാസം ഇവിടെയും പരിഗണനീയമല്ലെന്നു സാരം. ഉദാഹരണമായി, മരിച്ച വ്യക്തിയുടെ മകള്‍ മാതാവിനേക്കാള്‍ കൂടുതല്‍ വിഹിതമെടുക്കുന്നു. രണ്ടു പേരും സ്ത്രീകളാണ്, എന്നല്ല മുല കുടിക്കുന്ന കുഞ്ഞാണെങ്കിലും മകളാണ് പുരുഷനായ പിതാവിനേക്കാള്‍ കൂടുതല്‍ വിഹിതമെടുക്കുന്നത്. ഇവിടെ മകന്റെ സ്വത്തിന്റെ സ്രോതസ്സ് പിതാവാണങ്കില്‍ പോലും വിഹിതത്തില്‍ വ്യത്യാസം വരുന്നില്ല. അതുപോലെ മകന്‍ പിതാവിനേക്കാള്‍ കൂടുതല്‍ അനന്തരമെടുക്കുന്നു. രണ്ടു പേരും പുരുഷന്മാരാണ്. സ്ത്രീ - പുരുഷ വ്യത്യാസമല്ല ഇവിടെയും അനന്തരാവകാശത്തിന്റെ  ഏറ്റക്കുറച്ചിലുകള്‍ക്കു നിദാനമെന്നു സാരം.
7. ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ സ്ത്രീ പുരുഷ ഓഹരികള്‍ തമ്മിലുള്ള അന്തരം ഉണ്ടോ അവിടെയൊക്കെയും നീതിയുടെ താല്‍പര്യമാണതെന്ന് നമുക്ക് കാണാന്‍ കഴിയും. ഇസ്‌ലാമിലെ അതിപ്രധാനമായമായ ഒരു സാമൂഹിക സുരക്ഷാ സംവിധാനമാണ് 'നഫഖാത്ത് വാജിബഃ' (നിര്‍ബന്ധമായ ചെലവഴിക്കല്‍) എന്നത്. കുടുംബത്തിലെ ഉറ്റബന്ധുക്കള്‍ തമ്മില്‍ ധനം വ്യയം ചെയ്തുകൊണ്ട് തങ്ങളിലെ അശരണര്‍ക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്തലാണ് ഇതിന്റെ ഉദ്ദേശ്യം. സാങ്കേതിക നാമം സൂചിപ്പിക്കുന്നതുപോലെ തന്നെ നിര്‍ബന്ധമായ കര്‍ത്തവ്യമത്രെ ഇത്.  ഭാര്യ, സന്താനങ്ങള്‍ (മകന്‍, പേരക്കുട്ടി എന്നിങ്ങനെ അത് എത്ര താഴേക്ക് വന്നാലും), മാതാപിതാക്കള്‍ (ഉമ്മ, ബാപ്പ, വല്യുമ്മ, വല്ല്യുപ്പ എന്നിങ്ങനെ എത്ര മുകളിലേക്ക് പോയാലും), സഹോദരീസഹോദരര്‍, സഹോദരപുത്രര്‍, പിതൃവ്യസഹോദരീസഹോദരര്‍, മാതൃസഹോദരീസഹോദരര്‍ പോലെയുള്ള അടുത്ത ബന്ധുക്കള്‍ ഇവരാണ് സംരക്ഷിക്കപ്പെടേണ്ടവര്‍. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് അനന്തരമെടുക്കുന്നവരുടെ ക്രമത്തിലാണ് നഫഖാത്ത് (സംരക്ഷണ ചെലവ്) വഹിക്കാന്‍ ബാധ്യതപ്പെട്ടവരെ വിവരിക്കുന്നത്. ഓരോരുത്തരും തങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന അനന്തര സ്വത്തിന്റെ തോതനുസരിച്ചാണ് ചെലവഴിക്കേണ്ടതും. അടുത്ത ബന്ധുക്കള്‍ക്കാണെങ്കില്‍ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയും.
ഇവിടെ, ഇസ്‌ലാംവിമര്‍ശകര്‍ കാണാതെ പോകുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആയ ഒരു സുപ്രധാന വസ്തുത ഈ സംരക്ഷണ ചെലവ് മുഴുവന്‍ വഹിക്കേണ്ടത് പുരുഷന്മാരാണ് എന്നുള്ളതത്രെ. ഒരു സ്ത്രീ പോലും അതിലില്ല. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ടവരില്‍ സ്ത്രീകള്‍ വേണ്ടുവോളമുണ്ടുതാനും. യഥാര്‍ഥത്തില്‍ ഇവിടെ നീതിയുടെ താല്‍പര്യമെന്താണ്? നിഷ്പക്ഷമായി ആലോചിച്ചാല്‍, സംരക്ഷണ ബാധ്യതയുള്ളവര്‍ക്ക് ആ ചുമതല ഇല്ലാത്തവരേക്കാള്‍ അധികം നല്‍കലാണന്ന് ബുദ്ധിയും വിവേകവുമുള്ളവര്‍ സമ്മതിക്കും. അതുകൊണ്ടാണ് ലേഖനാരംഭത്തില്‍ സൂചിപ്പിച്ച 'അല്‍ഗുന്‍മു ബില്‍ഗുറും' (ബാധ്യതക്കനുസരിച്ച് ആനുകൂല്യങ്ങള്‍) എന്ന തത്വം നഫഖാത്തിന്റെ വിഷയത്തില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പില്‍ വരുത്തിയത്. അനന്തരസ്വത്തില്‍  ഓഹരി കൂടുതല്‍ ലഭിച്ചവന്‍ സംരക്ഷണ ചെലവ് നല്‍കാന്‍ ബാധ്യസ്ഥനാണെന്നു സാരം. ഒരു ഉദാഹരണം: മരണപ്പെട്ട പിതാവിന് ഒരു മകനും മകളും മാത്രമാണ് അവകാശികള്‍. അനന്തരസ്വത്ത് മകന്നും മകള്‍ക്കുമായി 2:1 എന്ന അനുപാതത്തില്‍ വീതിച്ചുവെന്നു കരുതുക. പക്ഷേ, പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല. പിന്നെ ആ സഹോദരിയെ സംരക്ഷിക്കേണ്ട ചുമതല ആര്‍ക്കാണ്? അവളുടെ താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയുള്ള അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ള ബാധ്യത സഹോദരന്നാണ്. പിന്നീടവളെ വിവാഹം ചെയ്തുകൊടുക്കാനുള്ള ചെലവും അയാള്‍ തന്നെ വഹിക്കണം. അതായത് സഹോദരിയോടൊപ്പം തനിക്കു വീതിച്ചുകിട്ടിയ ധനത്തില്‍ പിന്നീട് സഹോദരി കൂടി തന്നോടൊപ്പം പങ്കാളിയാണ്. എന്നാല്‍, സഹോദരിയുടെ ധനത്തില്‍ അവന്‍ പങ്കാളിയല്ല. അവനു വേണ്ടി തന്റെ കൈയിലുള്ള ധനം ചെലവാക്കാന്‍ നിയമപരമായി അവള്‍ക്ക് ബാധ്യതയില്ലെന്നര്‍ഥം. സഹോദരനെ സംബന്ധിച്ചേടത്തോളം തനിക്കും തന്റെ ഭാര്യാസന്താനങ്ങള്‍ക്കുമുള്ള ചെലവ് ഇതിനു പുറമെയാണ്. മാത്രമല്ല, തന്റെ കുടുംബത്തില്‍ സാമ്പത്തികവും ശാരീരികവുമായി ദുര്‍ബലരായ മാതാവോ മാതൃസഹോദരനോ പിതാമഹനോ പിതൃസഹോദരനോ ഉണ്ടെങ്കില്‍ അവരുടെ സംരക്ഷണച്ചുമതലയും ഈ സഹോദരന്‍ തന്നെ വഹിക്കണം. 
8. സ്ത്രീയുടെ ഓഹരി വിഹിതത്തില്‍ കുറവു വരുന്ന സന്ദര്‍ഭങ്ങളില്‍ അവളുടെ സംരക്ഷണ ചുമതലയുള്ള പുരുഷനാവും ഓഹരി വര്‍ധനവുണ്ടാവുക. പുരുഷനെ സ്ത്രീയെ സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന മനശ്ശാസ്ത്രപരമായ ഒരു സമീപനം കൂടി ഇതിനു പിന്നില്‍ ദീക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ധനികനായിരുന്ന സഹോദരന്റെ സമ്പത്ത് മുഴുവന്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സഹോദരപുത്രിയെ സംരക്ഷിക്കാന്‍ അവളുടെ പിതൃവ്യന്‍ സന്നദ്ധത കാണിച്ചുകൊള്ളണമെന്നില്ല. എന്നാല്‍, സഹോദരന്റെ സമ്പത്തില്‍ ഒരു ഭാഗം അയാളിലേക്ക് അനന്തരമായി ചെന്നുചേരുന്ന സാഹചര്യത്തില്‍ അനാഥയായ സഹോദരപുതിയെ ശ്രദ്ധിക്കുകയെന്നത് ഒരു ധാര്‍മിക ബാധ്യതയായി അയാള്‍ മനസ്സിലാക്കുന്നു. വേണ്ടിവന്നാല്‍ തന്റെ മുഴുവന്‍ സമ്പത്തും ചെലവഴിച്ച് ആ സംരക്ഷണം ബന്ധപ്പെട്ടവര്‍ ഏറ്റെടുത്തേക്കും. മനുഷ്യനെക്കുറിച്ച് കൂടുതല്‍ അറിയുന്ന, അവരുടെ സ്രഷ്ടാവായ ദൈവത്തിന്റെ നിയമം എത്ര സൂക്ഷ്മവും യുക്തിഭദ്രവുമാണന്ന് ഓര്‍ക്കുക!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top