അറബ് വസന്തം ശൈത്യത്തിന് വഴിമാറുമ്പോള്‍

അശ്‌റഫ് കീഴുപറമ്പ് No image

ചരിത്രത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയാ വിപ്ലവമെന്നു പറയാവുന്ന അറബ് വസന്തം പ്രവാചക കാലത്തെ മഹിത വനിതകളെ ഓര്‍മിപ്പിക്കും വിധം പെണ്‍ പോരാളികളാല്‍ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു. പൗരസ്ത്യ വനിതകളെ കുറിച്ച ഓറിയന്റലിസ്റ്റ് വാദങ്ങളെ പൊളിച്ചെറിഞ്ഞ ആ പോരാളികളെ അറബ് വസന്തത്തിന്റെ പത്താം വര്‍ഷത്തില്‍ അടയാളപ്പെടുത്തുന്നു.

---------------------------------------------------------------------------------------------------------------------------------------------------------

മധ്യ തുനീഷ്യയിലെ സീദി ബൂസൈദ് നഗരത്തില്‍ താമസിക്കുന്ന ഇരുപത്തിയൊന്നുകാരന്‍ അശ്‌റഫ് അജമി പറഞ്ഞു: 'തൊഴില്‍, സ്വാതന്ത്ര്യം, അന്തസ്സ് ഇതിന് വേണ്ടിയായിരുന്നു വിപ്ലവം. ഇതിലൊന്ന് പോലും സാക്ഷാത്കൃതമായില്ല.' അറബ് വസന്ത വിപ്ലവങ്ങള്‍ക്ക് പത്തു വര്‍ഷം തികയുമ്പോള്‍ പുതുതലമുറ അവയെ വിലയിരുത്തുന്നത് ഇത്രയധികം നിരാശയോടെയാണ്. ബൂസൈദ് നഗരത്തെ ഓര്‍മയില്ലേ? അറബ് വസന്തത്തിന്റെ ആദ്യ തീപ്പൊരി വീണത് അവിടെയാണ്. നഗരത്തിലെ ഉന്തുവണ്ടി കച്ചവടക്കാരനായിരുന്നു മുഹമ്മദ് ബൂഅസീസി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ചെറുപ്പക്കാരന്‍. സുരക്ഷാ പോലീസുകാര്‍ വന്ന് എന്നും അവനെ ശല്യം ചെയ്യും. ചിലപ്പോള്‍ ദേഹോപദ്രവമേല്‍പ്പിക്കും. ആരോടും പരാതിപ്പെട്ടിട്ട് കാര്യമില്ല. 2010 ഡിസംബര്‍ 17. ആ ദിവസം ബൂഅസീസിയുടെ ഉന്തുവണ്ടിയുടെ അടുത്തേക്ക് ധാര്‍ഷ്ട്യത്തോടെ കടന്നുവന്ന പോലീസ് അവന്റെ കവിളത്ത് അടിക്കുകയും വണ്ടിയിലെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ഇനിയും പീഡനങ്ങള്‍ സഹിക്കാനുള്ള കരുത്ത് ബൂഅസീസിയുടെ ദുര്‍ബല ഹൃദയത്തിനുണ്ടായിരുന്നില്ല. അവന്‍ ദേഹത്ത് എണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി. ആ തീ ആളിപ്പടര്‍ന്നത് അവന്റെ ദേഹത്ത് മാത്രമായിരുന്നില്ല, ഏതാണ്ട് മുഴുവന്‍ അറബ് തെരുവുകളിലുമായിരുന്നു. ഒരാളും മൊബൈലില്‍ ഈ ആത്മാഹുതിയുടെ വീഡിയോ ചിത്രമെടുത്തിരുന്നില്ല. എന്നിട്ടും വാര്‍ത്ത പരന്നത് കാട്ടുതീ കണക്കെ.
ചരിത്രത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയാ വിപ്ലവമായി അറബ് വസന്തത്തെ കാണുന്നതില്‍ തെറ്റില്ല. യുവാക്കളെയും യുവതികളെയും യുവാക്കളും യുവതികളും നയിക്കുകയായിരുന്നു. സ്വേഛാധിപത്യത്തിനും അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനമെതിരെ പോര് നയിച്ച് തെരുവിലിറങ്ങാന്‍ അവര്‍ക്ക് ആവേശവും പ്രചോദനവുമായത് അവരുടെ വിശ്വാസം തന്നെയായിരുന്നു. ആ യുവമുന്നേറ്റത്തിനു മുമ്പില്‍ പരമ്പരാഗത സംഘടനകളൊക്കെയും നിഷ്പ്രഭമായി. പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ പുരുഷന്മാരുടെ അത്രയോ പലപ്പോഴും അവരേക്കാള്‍ കൂടുതലായോ കാണാനുണ്ടായിരുന്നത് സ്ത്രീകളെയായിരുന്നു. അറബ് വസന്തത്തിനു ശേഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍, അമേരിക്കയിലെ 'കറുത്തവര്‍ക്കും ജീവിക്കണം' പ്രക്ഷോഭങ്ങളില്‍ വരെ ഇത്രയധികം സ്ത്രീസാന്നിധ്യമുണ്ടായിട്ടില്ല. പൗരസ്ത്യ വനിതകളെക്കുറിച്ച് ഓറിയന്റലിസ്റ്റുകള്‍ പടച്ചുവിട്ട സകല വാര്‍പ്പുമാതൃകകളെയും പൊളിച്ചെറിയുന്നതായിരുന്നു അറബ് വസന്ത പ്രക്ഷോഭങ്ങളിലെ സ്ത്രീബാഹുല്യം. അടുത്ത കാലത്ത് നിഷ്ഠുരമായി വധിക്കപ്പെട്ട അറബ് പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖാശഖ്ജി അന്ന് നടത്തിയ ഒരു നിരീക്ഷണം നോക്കൂ: 'ഇസ്‌ലാമിന് ജനാധിപത്യവുമായി എന്തു ബന്ധം എന്ന ചര്‍ച്ചക്ക് അറബ് വസന്തത്തിനു ശേഷം ഒരു പ്രസക്തിയുമില്ല.'
കാരണം ജനാധിപത്യത്തിലേക്കുള്ള ആദ്യ ചുവട് സ്വേഛാധിപതികളെ തൂത്തെറിയുക എന്നതാണല്ലോ. കേവലം മാസങ്ങളുടെ ഇടവേളയില്‍ ഇത്രയധികം സ്വേഛാധിപതികളെ തൂത്തെറിഞ്ഞ ഒരു വിപ്ലവത്തെ നിങ്ങള്‍ക്ക് ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാന്‍ പറ്റുമോ? 2011 ജനുവരി നാലിന് 23 വര്‍ഷം തുനീഷ്യ അടക്കിഭരിച്ച സൈനുല്‍ ആബിദീന്‍ ബിന്‍ അലി നാടു വിട്ടോടുന്നു. അതേ മാസം ഈജിപ്തിലും ലിബിയയിലും യമനിലും പ്രക്ഷോഭം കത്തിപ്പടരുന്നു. 1981 മുതല്‍ അധികാരത്തിലിരിക്കുന്ന ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക് അടുത്ത മാസം ഫെബ്രുവരി 11-ന് സ്ഥാനമൊഴിയുന്നു. ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫിയെ ക്ഷുഭിതരായ ജനക്കൂട്ടം പിടികൂടി കൊലപ്പെടുത്തുന്നു.  പതിറ്റാണ്ടുകളായി യമനില്‍ ഏകാധിപത്യ വാഴ്ച നടത്തിയിരുന്ന അബ്ദുല്ലാ സ്വാലിഹിനും നാടുവിടുകയല്ലാതെ രക്ഷയില്ലായിരുന്നു. അറബ് വസന്തത്തിന്റെ രണ്ടാം തരംഗത്തിലാണ് സുഡാനിലെ ഉമറുല്‍ ബശീര്‍ കടപുഴക്കപ്പെടുന്നത്. ഈ അഞ്ച് ഏകാധിപതികളുടെയും ഭരണകാലം ചേര്‍ത്തുവെച്ചാല്‍ 146 വര്‍ഷം ഉണ്ടാകും. അബ്ദുല്ല സ്വാലിഹ് പുനരേകീകരണത്തിനു മുമ്പ് 12 വര്‍ഷം വടക്കന്‍ യമന്റെ പ്രസിഡന്റായത് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈജിപ്ഷ്യന്‍ വനിതാ നോവലിസ്റ്റ് അഹ്ദാഫ് സുവൈഫ് അക്കാലത്ത് ലണ്ടനിലെ 'ഗാര്‍ഡിയന്‍' പത്രത്തിലെഴുതി: 'രാത്രി ഈജിപ്ഷ്യന്‍ തെരുവുകളിലേക്ക് നോക്കൂ. അവിടെ തിളങ്ങുന്നത് പ്രതീക്ഷയാണ്.'
ആ പ്രതീക്ഷകളൊക്കെ എത്ര പെട്ടെന്നാണ് തകിടം മറിഞ്ഞത്. അത് അപ്രതീക്ഷിതമെന്ന് പറഞ്ഞു കൂടാ. പൊതുജനത്തിന്റെ അമര്‍ഷവും രോഷവും നിരാശയും ആര്‍ക്കും തടുക്കാനാവാത്ത വിധം ആര്‍ത്തലച്ചുവരികയായിരുന്നല്ലോ. അതിന് കൃത്യമായ നേതൃത്വമോ സംഘാടനമോ ഒന്നും ഇല്ലായിരുന്നു. കുത്തിയൊഴുക്ക് നിലച്ചപ്പോള്‍ പ്രക്ഷോഭകാരികള്‍ക്കിടയിലെ അനൈക്യവും ഛിദ്രതയും മറനീക്കി പുറത്തു വന്നു. തക്കം പാര്‍ത്തിരുന്ന പഴയ ഭരണകൂടങ്ങളുടെ അവശിഷ്ടങ്ങളും പ്രതിവിപ്ലവകാരികളും ഈ അവസരം മുതലെടുക്കുകയായിരുന്നു. ആദ്യമവര്‍ ആധുനിക ഈജിപ്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. യമനും സിറിയയും ലിബിയയും ആഭ്യന്തര യുദ്ധത്തിന്റെ നെരിപ്പോടിലേക്ക് വീണു. അറബ് വസന്തത്തിന് തുടക്കം കുറിച്ച തുനീഷ്യ മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. അകത്തും പുറത്തുമുള്ള പ്രതിവിപ്ലവശക്തികളും ഒറ്റുകാരും തുനീഷ്യയെ രാഷ്ട്രീയമായും സാമ്പത്തികമായും അസ്ഥിരപ്പെടുത്തുന്നതില്‍ വലിയ അളവില്‍ വിജയിച്ചിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും അറബ് വസന്തത്തിനു മുമ്പുള്ള അവസ്ഥയേക്കാള്‍ മോശമാണ് ഇപ്പോഴത്തെ അറബ് ലോകം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
2020-ല്‍ നൊവ ഫീല്‍ഡ്മാന്‍ ഒരു പുസ്തകമെഴുതി, 'അറബ് ശൈത്യം: ഒരു ദുരന്തകഥ' (The Arab Winter: A Tragedy) എന്ന പേരില്‍. ആ പുസ്തകത്തിന്റെ പുറംചട്ടയില്‍ പ്രമുഖ അക്കാദമീഷ്യന്‍ മൈക്കല്‍ ഇഗ്‌നതിഫ് ഇങ്ങനെ കുറിച്ചിട്ടു: 'നമ്മുടെ കാലത്തെ ഒരു മഹാ സംഭവത്തിലേക്ക്, അഥവാ അറബ് വസന്തത്തിന്റെ ദാരുണമായ പരാജയത്തിലേക്ക് വെളിച്ചം പായിക്കുകയാണ് ഗ്രന്ഥകാരന്‍ ഈ കൃതിയില്‍.' സൈനിക അട്ടിമറികളെയും ആഭ്യന്തര കലാപങ്ങളെയും മാത്രമല്ല, ഈ പത്തു വര്‍ഷ കാലയളവില്‍ അറബ് ലോകത്ത് ശക്തിപ്പെട്ട ഐ.എസ് പോലുള്ള ഭീകര സംഘങ്ങളെയും അറബ് വസന്തത്തിന്റെ പരാജയം സൃഷ്ടിച്ച പ്രതികരണമായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആ വിശകലനം ശരിയുമാണ്. പക്ഷേ ഈ പ്രത്യക്ഷ പരാജയങ്ങള്‍ അറബ് വസന്തം മരിച്ചുകഴിഞ്ഞു എന്നതിന് തെളിവാകുന്നില്ല. ഏതൊരു വിപ്ലവവും പതിറ്റാണ്ടുകളെടുത്തേ പൂര്‍ത്തിയാവുകയുള്ളൂ. ഫ്രഞ്ച് വിപ്ലവം അതിന് തെളിവാണ്. അതിനിടക്ക് തിരിച്ചടികളുണ്ടാവും. അതോടൊപ്പം തന്നെ കെട്ടു എന്ന് കരുതപ്പെടുന്ന വിപ്ലവത്തിന്റെ  കനലുകള്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ കത്തിപ്പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അറബ് വസന്തത്തിന്റെ തന്നെ രണ്ടും മൂന്നും തരംഗങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളായതാണല്ലോ. ലബനാനി എഴുത്തുകാരി ലീനാ മുന്‍ദിര്‍ പറഞ്ഞതാണ് ശരി: 'അതുപോലുള്ളത് ഇനിയും സംഭവിക്കാം. അതിക്രൂരന്മാരായ ഭരണാധികാരികള്‍ക്കെതിരെ ജനം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാം. ഒരു മുഴു സൈന്യത്തെ തന്നെ നേരിടാനുള്ള ധൈര്യം ഈ ജനസമൂഹങ്ങള്‍ ആര്‍ജിച്ചു കഴിഞ്ഞു.'

സ്ത്രീപങ്കാളിത്തം - മുന്നേറ്റവും തിരിച്ചടിയും

നിഷേധാര്‍ഥകമായി പറഞ്ഞാല്‍, അറബ് വസന്തത്തിന് തുടക്കം കുറിച്ചത് ഒരു സ്ത്രീയാണ്. തുനീഷ്യന്‍ പോലീസിലെ ഫാദിയ ഹമദി എന്ന സ്ത്രീ അകാരണമായി മുഹമ്മദ് ബൂഅസീസി എന്ന ഉന്തുവണ്ടി കച്ചവടക്കാരന്റെ മുഖത്തടിച്ചതാണ് വിപ്ലവത്തിന് വെടിമരുന്നിട്ടത്. പുരുഷ സ്വേഛാധിപത്യത്തിനു കീഴില്‍ തിടംവെച്ച സ്ത്രീ സ്വേഛാധിപത്യവും ചിലേടത്തെങ്കിലും ജനരോഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. വിപ്ലവത്തിന് തുടക്കം കുറിച്ച തുനീഷ്യയില്‍ ലൈല ത്വറാബുലുസി എന്ന സ്ത്രീയുടെയും കുടുംബക്കാരുടെയും ധൂര്‍ത്തും ആര്‍ഭാട ജീവിതവും വലിയ ചര്‍ച്ചയായിരുന്നു. ലൈല അവിടെ സ്വേഛാധിപത്യ ഭരണം നടത്തിയിരുന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭാര്യയാണ്. ഈജിപ്ഷ്യന്‍ സ്വേഛാധിപതിയായിരുന്ന ഹുസ്‌നി മുബാറകിന്റെ ഭാര്യയും പരിവാരങ്ങളും ആര്‍ഭാടത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. പക്ഷേ അറബ് വസന്തത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്തരം അപവാദങ്ങളല്ല ഉയര്‍ത്തിക്കാണിക്കേണ്ടത്. അതിക്രമത്തിനും അടിച്ചമര്‍ത്തലിനും അരികുവല്‍ക്കരിക്കുന്നതിനുമെതിരായ ജനകീയ മുന്നേറ്റമായിരുന്നല്ലോ അറബ് വസന്തം. ഇതിനൊക്കെ ഏറ്റവും കൂടുതല്‍ വിധേയരായിരുന്നത് പശ്ചിമേഷ്യയിലെ സ്ത്രീസമൂഹങ്ങളായിരുന്നു. അതുകൊണ്ടാണ് മേഖലയിലെ അനീതിക്കെതിരായ ഏതു മുന്നേറ്റങ്ങളിലും സ്ത്രീകള്‍ ധാരാളമായി പങ്കാളികളാവുന്നത്.
അറബ് വസന്തം അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കെ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വക്താവ് റോസ് മേരി വേവ്‌സ് പറഞ്ഞു: 'ഈ അറബ് വസന്തം എന്നെ എത്രയാണ് ആശ്ചര്യപ്പെടുത്തുന്നത്, അറബ് വസന്ത സ്ത്രീകള്‍ എന്നെ അതിലേറെ ആശ്ചര്യപ്പെടുത്തുന്നു.' വനിതാ ആക്ടിവിസ്റ്റുകളുടെ ഒരു നിര തന്നെ പലേടത്തും വിപ്ലവത്തിന്റെ നിയന്ത്രണമേല്‍ക്കുന്നതാണ് നാം കാണുന്നത്. തുനീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെയായിരുന്ന അസ്മാ ഹംദി. അവര്‍ക്ക് പ്രായം ഇരുപത്തഞ്ചില്‍ കവിയില്ല. ഈജിപ്തിലെ പത്രപ്രവര്‍ത്തകയും ബ്ലോഗറുമായ നവാറ നജ്മിനെ ആര്‍ക്ക് മറക്കാനാവും! ഹുസ്‌നി മുബാറക് പുറത്താക്കപ്പെട്ട ദിനം സന്തോഷാധിക്യത്താല്‍ കരഞ്ഞുകൊണ്ട് നവാറ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മാഫീശ് ളുല്‍മ് താനി, മാഫീശ് ഖൗഫ് താനി (രണ്ടാമതും ഇനി അതിക്രമം ഇല്ല, രണ്ടാമതും ഇനി പേടി ഇല്ല). ബ്ലോഗെഴുത്തിന്റെ പേരില്‍ സിറിയന്‍ ഭരണകൂടം പിടിച്ചുകൊണ്ടുപോയി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച ത്വല്‍ അല്‍ മലൂഹി എന്ന കൗമാരക്കാരി സിറിയന്‍ പ്രക്ഷോഭത്തിന് വലിയ തോതില്‍ ഇന്ധനം പകര്‍ന്നിട്ടുണ്ട്. സുഹൈര്‍ അല്‍ അത്താസി എന്ന വനിതാ നേതാവ് സിറിയന്‍ വിപ്ലവ മുന്നണിയുടെ സംഘാടകരില്‍ ഒരാളായിരുന്നു. സിറിയന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്വാന്‍ പാഷാ അത്വ്‌റശിന്റെ പേരമകള്‍ മുന്‍തഹ അത്വ്‌റശ്, ഗായിക ഫദ്‌വ സുലൈമാന്‍ തുടങ്ങിയവരും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ തന്നെയാണ്.
അറബ് വസന്ത പോരാട്ടങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വനിതാ മുഖം യമന്‍കാരി തവക്കുല്‍ കര്‍മാന്റേതു തന്നെ. അമേരിക്കയിലെ ടൈം വാരിക ഒരിക്കല്‍ പുറത്തിറങ്ങിയത് തവക്കുലിന്റെ മുഖചിത്രവുമായി. സമീപകാല ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിപ്ലവവീര്യം പ്രകടിപ്പിച്ച വനിത എന്നും ടൈം വാരിക അവരെ വിശേഷിപ്പിച്ചു. 2011-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും തവക്കുലിനായിരുന്നു.  നോബല്‍ സമ്മാനം നേടിയ ആദ്യ അറബ് വനിത. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ തവക്കുലിനെ അറസ്റ്റ് ചെയ്‌തെങ്കിലും ജനക്കൂട്ടം നിയന്ത്രണം വിടുമെന്ന് ഭയന്ന് ഭരണകൂടം അന്നു തന്നെ അവരെ വിട്ടയക്കുകയായിരുന്നു. പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ സ്വന്തം മക്കളെ പോരാട്ടഭൂമിയിലേക്ക് പറഞ്ഞയച്ച മാതാക്കള്‍ പ്രവാചകാലഘട്ടത്തിലെ ശ്രേഷ്ഠ വനിതകളെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ഈ ധീര മാതാക്കള്‍ മക്കളോട് പറഞ്ഞു: 'നിങ്ങള്‍ ഒന്നുകില്‍ സ്വതന്ത്രരായി മടങ്ങണം; അല്ലെങ്കില്‍ രക്തസാക്ഷികളായി.' ആ മാതാക്കളും അവരുടെ മടിത്തട്ടില്‍ വളര്‍ന്ന തലമുറയും കുറ്റിയറ്റുപോവുകയില്ല, അവര്‍ മറ്റൊരു അവസരത്തിന് കാത്തിരിക്കുകയാണ്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top