പേറ്റു നോവ്

എ.എ സലീമ No image

നോവല്‍-3

ഇവിടം നടൂളന്‍  ചൂളം വിളിക്കുന്നു....


നേരം പുലര്‍ന്ന് വരുന്നതേയുള്ളു. പിന്നാമ്പുറത്തെ വാതില്‍ തുറക്കുന്ന ശബ്ദം. ആമിനെയ്ത്ത വുളു എടുക്കാന്‍ എണീറ്റതാവും. എന്തൊക്കെയോ ശബ്ദം താഴെ കേള്‍ക്കുന്നു. ഫാത്തിമ എണീറ്റ് വുളു എടുത്ത് നമസ്‌കരിച്ച് ഓതാന്‍ നില്‍ക്കാതെ താഴേക്ക് ചെന്നു. ''എന്ത്യേയ് ആമിനൈത്താ ആകപ്പാടെ ഒരു ബഹളം''. ''അത് ലൈന്‍ മുറീന്നാ - പോലീസ് വന്നിട്ടുണ്ട്. പെണ്ണ് പോലീസ് വരാന്‍ കാത്ത് നില്‍ക്കാ. ഇപ്പോ കൊണ്ട് പോവും. നാക്കിച്ചി ഹവ്വ പെറ്റ്. പൈതലിനെ കാലിന്റെ ഇടക്ക് വെച്ച് ശ്വാസം മുട്ടിച്ച്‌കൊന്ന്.'' ''അതിന് ഹവ്വായ്ക്ക് പള്ളേല്ണ്ടായിരുന്നോ?'' ''ഓള് വായെടുത്താ നൊണയേ പറയൂ, ഞാനെത്ര പേറും കുളിയും കണ്ടതാ. ആ എന്നോട് പറഞ്ഞത് ഖുമ്മന്റെ സോക്കേടാന്ന്.'' ആമീനയ്ത്ത ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു: ''ഏതോ വല്ല്യ വീട്ടിലെ കുട്ടിയാ പണി പറ്റിച്ചത്. എന്ത് ചേലാ പൈതലിന്. തുണി വെയ്ക്കുന്ന പെട്ടിയില്‍ പൊതിഞ്ഞ് വെച്ചതാ. പണിക്ക് പോകാന്‍ രാവിലെ വന്ന് ഒറ്റക്കണ്ണിച്ചി ബിയ്യാത്തു വിളിച്ചപ്പം സുഖോല്ല്യ എന്നും പറഞ്ഞ് ഹവ്വ വാതിലടച്ച്. ഹവ്വ കാണാതെ ബിയ്യാത്തു ചുറ്റിപ്പറ്റി മാറി നിന്ന് ഒളിച്ച് നോക്കി കണ്ടതാ. ഓളാ എല്ലാരോടും വിളിച്ച് പറഞ്ഞത്. പോലീസിനെ വിളിപ്പിച്ചത്. എല്ലാരേം അങ്ങനെ അനക്ക് പറ്റിക്കാന്‍ പറ്റൂലാന്നും പറഞ്ഞ് ഓള് കുതുഹുലം ആക്ക്ണ്ണ്ട്. ആ.... വേണ്ടാത്തോര്‍ക്ക് പടച്ചോന്‍ വാരിക്കോരി കൊടുക്കണ്ട്. കണ്ണില് എണ്ണേം ഒഴിച്ച് ആറ്റ്‌നോറ്റ് കാത്തിരിക്കുന്നോര്‍ക്ക് കൊടുക്കും ഇല്ല്യ...'' അത് തന്റെ നേര്‍ക്കുള്ളതാണെന്ന് ഫാത്തിമക്ക് മനസ്സിലായി.
മുറ്റത്ത് പന്തല് പൊളിക്കാനും കസേര കൊണ്ടുപോവാനുമായി ആളുകള്‍ എത്തിത്തുടങ്ങി. ''ആടിനെ അറുത്തതും വെപ്പും മീത്തലെ പറമ്പിലായതുകൊണ്ട് മുറ്റം കേടായില്ല. അതിനും വേണ്ടി നായ്ക്കള പടയായിരുന്നു രാത്രി മുയുമനും''. ആമിനൈത്താ ആരോടെന്നില്ലാതെ പറഞ്ഞു. 
''പാത്തൈ എനിക്ക് സമാധാനക്കേട്, ഒരു നിക്കക്കള്ളില്ലായ്മ. ഞാനൊന്ന് പോയി നോക്കീട്ട് വരാം. എന്തൊക്കെ ഇനി കാണേം കേക്കേം മേണം.'' ''ഇനി ആമിനൈത്താനെ ഇന്ന് മോന്തീക്ക് നോക്ക്യാ മതി. ആട് കിടന്നിടത്ത് പൂടേം പോയാലേ ഓരിങ്ങ് വരൂ'' - ജാനു പറഞ്ഞു.
''എന്നാലും എന്തിനാ ഹവ്വ കൊന്നത് പൈതലിനെ, വല്ല പള്ളിക്കാട്ടിലും കളഞ്ഞാല്‍ പോരായിരുന്നോ? നിസ്‌കരിക്കാന്‍ വരുന്ന ആരെങ്കിലും കണ്ടിട്ട് എടുത്ത് വളര്‍ത്തൂലായിരുന്നോ? അല്ലെങ്കില് ഈ പടിപ്പുര വാതില്‍ക്കല് വെച്ചാ പോരായിരുന്നോ, ഞാന്‍ നോക്കൂലേ ആ പൈതലിനെ.'' പാത്തൈ കണ്ണ് തുടച്ചു.
നേരം ഉച്ചയായി. ചോറ് വിളമ്പി വെച്ച് ആമിനൈത്താനേം കാത്ത് എത്ര നേരമായിരിക്കുന്നു. ജാനു പറഞ്ഞത് നേരാ അവസാനത്തെ ആളും പോയിട്ടേ ഇനി ഇങ്ങോട്ട് വരൂ.
''പാത്തൈ, ഇയ്യ് എന്നേം കാത്ത് ചോറ് ബെയ്ക്കാതിരിക്കും എന്നെനിക്ക് ഉറപ്പാ, അതാ ഞാന്‍ ഓടി വന്നത്. ഇയ്യ് തൊടങ്ങിക്കോ. ഞാന്‍ മേല് കയ്കാനൊന്നും കാക്കണില്ല. ളൊഹറ് ഇപ്പം ഖളാഅ് ആവും വേഗം നിക്കരിച്ച് വരാം.''
ചോറ് പാത്രത്തിലിട്ട് കുഴച്ച് തുടങ്ങിയെങ്കിലും ആമിനൈത്താ ഒരു ഉരുള ചോറു പോലും വായിലേക്കിട്ടില്ല. ഫാത്തിമ ആമിനൈത്താനെ നോക്കി. ''എന്റെ പാത്തൈ എന്തൊരു ചേലാ ആ പൈതലിന്. ആ പഹച്ചിയ്ക്ക് കൊന്ന് കളയാന്‍ തോന്നീലോ? കണ്ടാല്‍ മോത്ത്ന്ന് കണ്ണ് മാറ്റാന്‍ തോന്ന്ണില്ല. പത്ത് പതിനഞ്ച് കൊല്ലം മുമ്പ് നബീസു സിദ്ദിയെ പെറ്റതാ എനിക്ക് ഓര്‍മ്മ വന്നത്.'' ''അനക്ക് കേക്കണോ, അന്നൊരു തുലാ മാസത്തിലാ അത് നടന്നത്. അന്ന് സുലൈന്റെ ഉപ്പുമ്മ ഉണ്ട്. രണ്ടാമത്തെ പേറായതുകൊണ്ട് സ്വന്തം പൊരയ്ക്ക് പോവാന്‍ നബീസൂനെ സമ്മയ്ച്ചില്ല്യ. രണ്ടാമത്തെ പേറ്ന്ന് പറഞ്ഞൂട, അതിനിടയ്ക്ക് രണ്ട് മൂന്ന് കുടി ഓക്ക് കരു ഇളകി പോയിട്ടുണ്ട്. ഉച്ച ആവുമ്പോളേയ്ക്കും നല്ല കാറ്റും മയേം തുടങ്ങി. അപ്പം തന്നെ ഒസാത്തി കദീസും മണ്ണാത്തി പാറൂം വന്നിട്ടുണ്ട്. ഇവിടെത്തെ കാര്‍ന്നോത്തി നാരിയ സലാത്തും നബീസത്ത് മാലയും ഒറക്കെ ചൊല്ലുന്നുണ്ട്. നബീസൂനോട് ചൊല്ലാന്‍ പറഞ്ഞ് ഒരു വലിയ കയറ് മോന്തായത്തീന്ന് താഴെ കെട്ടിയിട്ട് ഓളോട് അത്മ്മ്‌ല് പിടിച്ച് വലിച്ച് വേദന കടിച്ചമര്‍ത്തിക്കോളാന്‍ പറഞ്ഞു. നേരം മോന്തിയായി. മയ നിക്കണ കോലൊന്നും കാണ്ണില്ല്യ. രണ്ടും രണ്ടായി സലാമത്തായാ മത്യാര്‍ന്ന് ഞാന്‍ പടച്ചോനോട് ദുആ ചെയ്ത്. ഇശാന്റെ നേരായപ്പോഴേക്കും രണ്ടും സലാമത്തായി. കുഞ്ഞനെ വാങ്ങാനായി കാര്‍ന്നോത്തി വാത്ക്കല് നിന്നപ്പം ഞാനും ചെന്നു നോക്കി. ഓര്‍ക്കുമ്പം ഇപ്പളും എന്റെ മേല് കുളുന്ന് കേറ്ണ്. അകം മുയോനും ചോര തളം കെട്ടീക്ക്ണ്. പിന്നെ കേട്ടത് ഒസാത്തീന്റെ കരച്ചിലാ. 'വേഗം പാഞ്ഞ് പോയി മിഡ്‌വൈഫിനെ കൂട്ടിക്കൊണ്ടരീ ചോര നിക്കണില്ല്യാ.' ഓളെ വിളിക്കാന്‍ മയേത്ത് ഹമീദ് ആളേം കൂട്ടി പോയീ. മിന്നും ഇടിയുമാണെങ്കീ പറയേം മേണ്ട. ഓള് വന്ന് നോക്കിയപ്പോളേക്കും എല്ലാം കയിഞ്ഞ് പോയി. പെറ്റ പെണ്ണ് മയ്യത്തായി പൈതല് ബാക്കിയും. മയ്യത്ത് നടുവകത്ത് എട്ത്ത് കെടത്തിയപ്പോയേക്കും ചോര എല്ലാം പോയി വെളുത്തുള്ളി പോലെ ആയ്ക്ക്ണ്. അന്ന് പാല് കിട്ടാതെ തൊണ്ടകീറി കരഞ്ഞ പൈതലാ ഇപ്പം മുത്തന്‍ വാല്യക്കാരന്‍ ആയത്. എന്തായാലും പരീശണം മുയുവനും പെണ്ണുങ്ങക്ക് തന്നെ''.
ഫാത്തിമ കുഴച്ച ചോറ് പാട്‌പെട്ട് കഴിച്ചെന്ന് വരുത്തി. കാണാത്ത പെണ്ണിന്റെ വേദനയോര്‍ത്ത് അവളുടെ ഉള്ളം പിടഞ്ഞു.
ഫോണിന്റെ നിര്‍ത്താതെയുള്ള ബെല്ലടി കേട്ട് ഫാത്തിമ ഉച്ചയുറക്കത്തില്‍നിന്ന് പിടഞ്ഞെണീറ്റു. അസറ് ബാങ്ക് കൊടുക്കുന്നതും കാത്ത് ഇരുന്നതാണ്, എപ്പഴാ ഉറങ്ങിയതെന്ന് ഓര്‍മയില്ല. തളത്തിലെത്തുമ്പോഴേയ്ക്കും ബെല്ലടി നിലച്ചു. അപ്പോഴേയ്ക്കും ആമിനൈത്ത ഫോണ്‍ എടുത്ത് കഴിഞ്ഞിരുന്നു. ആമിനൈത്തായുടെ ഉറക്കെയുള്ള ചിരിയും സംസാരവും. ആരാണാവോ ഫോണില്‍? എന്താണാവോ മൂപ്പത്തിക്ക് ഇത്ര സന്തോഷം? ''പാത്തൈ, വെക്കം വാ, ഒരു നല്ല കാര്യം അന്നോട് പറയാന്ണ്ട്; അമീറിന്റെ ഉമ്മയാണ്. അവര് സുലൈനെ ആസ്പത്രിയില്‍ കാണിച്ച് വരാണ്. ഇയ്യ് അപ്പള്ക്കും ബേജാറാവണ്ട. ഓക്ക് ഒരു ദീനോം ഇല്ല. ഓള മാസക്കുളി തെറ്റീക്ക്ണ്. അത് പറയാന്‍ വിളിച്ചതാ. ഫോണ്‍ നിര്‍ത്താതെ അടിച്ചത് കൊണ്ടാ ഞാന്‍ എടുത്തത്.'' ''ഇപ്പം അന്റെ മുഖം മാസം കണ്ട ചേല്ക്കാണല്ലോ?'' ''അല്ല ആമിനൈത്താ ഓളെ ഒന്ന് കാണാന്‍ പോവണ്ടെ. എന്തെങ്കിലും കൊണ്ടുപോവണ്ടെ? ഈറ്റിന് പിന്നെ ആളെ നോക്കണ്ടല്ലോ? ഇങ്ങള് ആയിക്കോളും. പെര്ന്നാത്തി അമ്മുക്കുട്ടിയെ വിളിക്കാനയക്കണം. തൊട്ടില് കൊളുത്താനുള്ള കൊളുത്ത് മുറിയിലില്ലെങ്കില്‍ ആശാരി നാണൂനെ വിളിപ്പിക്കണം. വെറക് മതിയാവോന്ന് നോക്കണം. കഞ്ഞി വെക്കാന്‍ പുതിയ കുടുക്ക വാങ്ങണം. വെള്ളം ചൂടാക്കാനുള്ള ചെമ്പ് പത്തായത്തില്‍ കേറ്റി വെച്ചത് ഇറക്കണം. ഇങ്ങളൊന്ന് കണക്ക് കൂട്ടി നോക്കിയേ, നോമ്പ് കൂടോ? പ്രസവം കഴിഞ്ഞ് ആശുപത്രീന്ന് വന്നിട്ട് നോമ്പായാലും സാരല്ല്യ. ആശുപത്രീല് നോമ്പിന് ഭയങ്കര എടങ്ങേറാ.'' ''അല്ല എന്റ പാത്തൈ, അന്റെ വെപ്രാളോം പരവേശോം കണ്ടാല് നാളെ തന്നെ പേറ് നടക്കൂന്ന് തോന്ന്ണ്. ഇനിയും അഞ്ചെട്ട് മാസം കയ്യണം. പടച്ചോന്റെടുത്തുള്ള സംഗതിയാണ്. ഓന്‍ ഒക്കെ റാഹത്തിലാക്കി തരട്ടെ!''
രാത്രി ഹമീദ് വന്ന് കയറിയ ഉടനെ തന്നെ പാത്തൈ വിവരം പറഞ്ഞു. ആ മുഖത്തെ ഭാവങ്ങള്‍ എന്താണെന്ന് വായിച്ചെടുക്കാനായില്ല. ''ഒന്ന് ഓളെ കാണാന്‍ പോവണം. എന്തെങ്കിലും സാധനം വാങ്ങിച്ചു കൊണ്ടുപോവണം. ഇങ്ങക്ക് എപ്പളാ ഒഴിവുള്ളത്.'' ''എന്നെ കാക്കണ്ട. കാദര്‍കാക്കനേയും കൂട്ടി വണ്ടിയില്‍ പൊയ്‌ക്കോ. പോരാത്തതിന് ആമിനൈത്തായും ഉണ്ടല്ലോ?''
എന്നും ഇങ്ങനെയാണ് എവിടെയും കൂട്ടിക്കൊണ്ടു പോവില്ല. കല്യാണം കഴിഞ്ഞ നാളില്‍ വീട്ടില്‍ കൊണ്ടുപോയതൊഴിച്ചാല്‍ ഒന്നിച്ചുള്ള യാത്രകള്‍ പതിവില്ലായിരുന്നു. 
''കൂട്ടിക്കൊണ്ടുവരുന്ന ദിവസം നിശ്ചയിക്കണം. പ്രസവം ടൗണിലെ ഹോസ്പിറ്റലില്‍ നിന്ന് തന്നെയാവണം. വീട്ടില് വെച്ച് പണ്ടത്തെ പോലെ കളിപ്പിക്കാന്‍ പറ്റൂല. ജങ്കാറ് എപ്പഴാ കിട്ടാ എന്നറിയൂല. വേദന തുടങ്ങീട്ട് പോവാന്‍ കയ്യൂല. അതുകൊണ്ട് നേരത്തെ തന്നെ ഹോസ്പിറ്റലില്‍ പോയി അഡ്മിറ്റാവണം.''
''ഓള് നേരം വെളുക്കുമ്പളക്കും പ്രസവിക്കാനൊന്നും പോണില്ലല്ലോ? ഇപ്പം ഇയ്യ് കിടന്ന് ഉറങ്ങാന്‍ നോക്ക്. ബാക്കിയുള്ളവരുടെ ഉറക്കം കെടുത്താനായി.....'' പിന്നെയെന്തോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞ് കിടന്ന് അയാള്‍ ഉറക്കമായി. ഇന്ന് തന്റെ മനസ്സില്‍ വേണ്ടാത്ത അസ്വസ്ഥതകള്‍ ഇല്ല. മനസ്സ് ശാന്തമാണ്. കണ്ണടയ്ക്കുമ്പോള്‍ കാണുന്നത് പതിനാലാം രാവുദിച്ചപോലുള്ള മൊഞ്ചുള്ള പൈതലിന്റെ മുഖമാണ്.

*****

ഉച്ചകഴിഞ്ഞാണ് ആമിനൈത്താനെയും കൂട്ടി അമീറിന്റെ വീട്ടിലേക്ക് പോയത്. കണ്ട ഉടനെ സുലൈ എളോമയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. കണ്ട് നിന്ന ആമിനൈത്തായുടെ കണ്ണില്‍ നനവ് പടര്‍ന്നു. കാറിലുള്ള സാധനങ്ങള്‍ കാദര്‍ക്ക ഇറക്കിവെച്ചു. അമീറിന്റെ വീട്ടിലും എല്ലാവരും നല്ല സന്തോഷത്തിലാണ്. ''കൂട്ടിക്കൊണ്ട് പോവുന്നതു പറയാനും കൂടിയാ ഞാന്‍ വന്നത്.'' ''പ്രസവം ഹോസ്പിറ്റലില്‍ നിന്ന് കഴിഞ്ഞ് വീട്ടിലേക്ക് പോയാല്‍ മതീന്നാ അമീര്‍ പറയുന്നത്. സുലൈന്റെ വീട്ടില്‍നിന്ന് ഹോസ്പിറ്റലില്‍ എത്താന്‍ ബുദ്ധിമുട്ടല്ലേ? ഇവിടെന്നാവുമ്പോള്‍ ആളും വണ്ടിയും എപ്പോഴും കാണുമല്ലോ? ആശുപത്രിയും അടുത്താണല്ലൊ? ''അമീറിന്റെ ഉമ്മ പറഞ്ഞു നിര്‍ത്തി. ''ഞാന്‍ സുലൈന്റെ ഉപ്പാനോട് പറയട്ടെ. സുലൈ, നിന്റെ മുറി താഴേയ്ക്ക് മാറ്റിയേക്ക്. കേറലും ഇറങ്ങലും ഈ സമയത്ത് എടങ്ങേറാവും''. ''ഞാന്‍ അത് എപ്പഴേ മാറ്റി എളോമ''. അവളുടെ കണ്ണിലെ തിളക്കം കണ്ട് ഫാത്തിമക്ക് സന്തോഷമായി. അവള്‍ക്ക് സുഖം തന്നെയാണ്. അത് അവളുടെ മുഖം കണ്ടാലറിയാം. ''കൊണ്ടുവന്ന സാധനങ്ങളുടെ കൂട്ടത്തില്‍ ഈത്തപ്പഴം നെയ്യിലിട്ട് മൂപ്പിച്ചെടുത്തത് ഉണ്ട്. ഇടയ്ക്ക് ഓരോന്ന് എടുത്ത് തിന്ന്; നല്ലതാണ്. ഇനി അങ്ങോട്ട് വരണില്ലെങ്കില്‍ ബാര്‍ലിയും ഞെരിഞ്ഞിലും ഞാന്‍ കൊടുത്തയക്കാം. നീരുണ്ടെങ്കില്‍ കാച്ചി കുടിക്കണം. ഉച്ചയ്ക്ക് ഉറങ്ങരുത്. കുറച്ച് എണ്ണ കാലിലും കയ്യിലും തേച്ച് പിടിപ്പിക്ക്. കുളിക്കുന്നതിന് കുറച്ച് മുമ്പ്, സുഖപ്രസവത്തിനാ''.
''ഡോക്ടറെ കാണിച്ചപ്പോള്‍ സുലൈന്റെ ഗര്‍ഭപാത്രത്തിന് കരുത്ത് കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞു. പ്രസവം വളരെ പെട്ടെന്ന് നടക്കും. അതു കൊണ്ടാണ് ഞാന്‍ അങ്ങോട്ടുള്ള യാത്ര വേണ്ടാന്ന് പറഞ്ഞത്. അവള്‍ അറിയണ്ട'' - അടക്കം പറയുന്നത് പോലെ അമീറിന്റെ ഉമ്മ പറഞ്ഞ വാക്കുകള്‍ ഫാത്തിമയുടെ അതുവരെയുണ്ടായിരുന്ന സന്തോഷത്തിന് മങ്ങല്‍ ഏല്‍പ്പിച്ചു. സുലൈയോട് യാത്ര പറഞ്ഞിറങ്ങി. തിരിഞ്ഞ് നോക്കുമ്പോള്‍ കണ്ണില്‍നിന്ന് വണ്ടി മറയുന്നത് വരെ അകത്തേക്ക് കയറാതെ അവള്‍ നില്‍ക്കുന്നത് കണ്ടു.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top