'ജി.ഐ.ഒ. മുന്നില്‍ തന്നെയുണ്ട്'

തമന്ന സുല്‍ത്താന / ഫര്‍ഹ ശരീഫ് വി. No image

ജി.ഐ.ഒയുടെ വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള സംസ്ഥാന പ്രസിഡന്റാണ്. സംഘടനയുടെ ഇക്കാലമത്രയുമുള്ള പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

1980-കളുടെ മധ്യത്തിലാണ് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കപ്പെടുന്നത്. അന്നത്തെ കേരള സാമൂഹിക-രാഷ്ട്രീയരംഗം പരിശോധിച്ചാല്‍ സംഘടനയുടെ രൂപീകരണം തന്നെ വലിയൊരു വിപ്ലവമായിരുന്നു എന്ന് മനസിലാക്കാം. നമ്മുടെ നാട്ടില്‍ പരിചിതമല്ലാത്ത സ്ത്രീസൗഹൃദ കുടുംബ-സാമൂഹിക ഘടനകളെക്കുറിച്ചുള്ള ആലോചനകള്‍ക്കും സ്ത്രീയുടെ അവകാശങ്ങള്‍, ലിംഗസമത്വം തുടങ്ങിയ ചര്‍ച്ചകള്‍ക്കും തുടക്കം കുറിക്കപ്പെട്ട സാമൂഹിക പശ്ചാത്തലമായിരുന്നു അത്. മുസ്ലിം പെണ്ണിനെ സംബന്ധിച്ചേടത്തോളം സമുദായത്തിനുള്ളിലും പുറത്തും അബദ്ധ ധാരണകള്‍ ശക്തമായി നിലനിന്നിരുന്ന സാഹചര്യം കൂടിയാണ്. അവിടെയാണ്, പൂര്‍ണമായും പെണ്‍കുട്ടികള്‍ നേതൃത്വം നല്‍കുന്ന, അവര്‍ മാത്രം അണികളായുള്ള, ഇസ്ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് അവരെ സംഘടിപ്പിക്കുന്നതിനായി ഈ സംഘടന രൂപംകൊള്ളുന്നത്. വളരെ കൃത്യമായി ഇസ്ലാം വിഭാവനം ചെയ്യുന്ന മുസ്‌ലിം സ്ത്രീ എന്തെന്ന് കേരളീയ പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ 37 വര്‍ഷക്കാലം കൊണ്ട് ജി.ഐ.ഒവിന് സാധിച്ചിട്ടുണ്ട്. രൂപീകരണകാലം മുതല്‍ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്തുകൊണ്ടുള്ള ഇടപെടലുകളാണ് ജി.ഐ.ഒ നടത്തിയിട്ടുള്ളത്. പ്രബോധനം, വിദ്യാഭ്യാസം, സേവനം, കലാ-സാഹിത്യ രംഗങ്ങള്‍, കാമ്പസ് രാഷ്ട്രീയം, സമരം തുടങ്ങി വിവിധ മേഖലകളില്‍ എടുത്തുപറയത്തക്ക സംഭാവനകള്‍ നല്‍കാന്‍ ജി.ഐ.ഒവിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഇടപെടലുകള്‍; സ്ത്രീപീഡനം, മദ്യം തുടങ്ങിയവയ്‌ക്കെതിരായ കാമ്പയിനുകള്‍; കലാ-സാഹിത്യ മേഖലയിലെ ഇടപെടലുകള്‍; ഇസ്ലാമിലെ സ്ത്രീ സങ്കല്‍പം, സ്ത്രീകളുടെ പള്ളിപ്രവേശം, സ്ത്രീസൗഹൃദ സമൂഹനിര്‍മിതി, ഇസ്ലാമിക ശരീഅത്ത്, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ത്തിയ ചര്‍ച്ചകള്‍ തുടങ്ങി നിരവധി സുപ്രധാനമായ അടയാളപ്പെടുത്തലുകള്‍ ജി.ഐ.ഒ നടത്തിയിട്ടുണ്ട്. സമകാലിക വിഷയങ്ങളില്‍ കൃത്യമായി പ്രതികരിച്ചും ആവശ്യമായ ഇടപെടലുകള്‍ നടത്തിയുമാണ് ജി.ഐ.ഒ മുന്നോട്ട് പോകുന്നത്. ജി.ഐ.ഒ ഇക്കഴിഞ്ഞ കാലംകൊണ്ട് നടത്തിയ ഇടപെടലുകള്‍, അവയുടെ പ്രതിധ്വനികള്‍, മുസ്ലിം സ്ത്രീ സംഘാടനരംഗത്ത് അത് സാധ്യമാക്കിയ വിജയം, പ്രവര്‍ത്തന സംസ്‌കാരം എന്നിവയെല്ലാം കേരളത്തെ സംബന്ധിച്ചേടത്തോളം പുതിയ അനുഭവമായിരുന്നു. ഇത്തരത്തില്‍ നാലു പതിറ്റാണ്ടുകൊണ്ട് വലിയ മാറ്റങ്ങള്‍ക്ക് ചാലകശക്തിയാണ് ജി.ഐ.ഒ മുന്നോട്ടു പോകുന്നത്.

ജി.ഐ.ഒയുടെ പ്രവര്‍ത്തന മേഖലകള്‍? ഇന്നു വരെയുള്ള സുപ്രധാന രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍?

ഇസ്ലാമിന്റെ സമഗ്രതയെ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക സംഘടനകളും. അതുകൊണ്ടുതന്നെ ഇടപെടുന്ന മേഖലകളില്‍ ആ സമഗ്രത ജി.ഐ.ഒവിന്റെയും താല്‍പര്യമാണ്. പ്രബോധനം, പഠന-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സേവനം, വ്യത്യസ്ത സാമൂഹിക ഇടപെടലുകള്‍, സമരങ്ങള്‍, സര്‍ഗാത്മക തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ജി.ഐ.ഒവിന്റെ സുപ്രധാനമായ പ്രവര്‍ത്തന മേഖലകള്‍. സംസ്ഥാനതലത്തില്‍ പത്തു വകുപ്പുകളിലായാണ് പദ്ധതികള്‍ നടപ്പിലാക്കിവരുന്നത്. 
എടുത്തുപറയേണ്ട രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ ഏറെയുണ്ട്. 1986-ല്‍ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ നടത്തിയ കേരളയാത്ര, ഈ വിഷയത്തിലെ തന്നെ മറ്റു സമര-നിയമ ഇടപെടലുകള്‍, മുസ്ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഇടപെടലുകള്‍, വിവിധ കാലയളവുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നടത്തിയ സംസ്ഥാന സമ്മേളനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, NEET പോലെയുള്ള മത്സര പരീക്ഷകള്‍ എന്നിവയിലെ മഫ്ത വിലക്കിനെതിരായ സമരങ്ങള്‍, നിയമ പോരാട്ടങ്ങള്‍, പ്രാദേശിക തലങ്ങളിലെ സന്നദ്ധ-സേവന പ്രവര്‍ത്തനങള്‍ 'സ്ത്രീ: സ്വത്വം, സുരക്ഷ, സമൂഹം' എന്ന തലക്കെട്ടിലൂന്നിയ എക്‌സിബിഷന്‍, എക്‌സ്‌പോസിവ് -'10, മുസ്ലിം സ്ത്രീയെക്കുറിച്ചുള്ള അക്കാദമിക വ്യവഹാരങ്ങളെ സമഗ്രതയോടെ അവതരിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക് സമ്മിറ്റ് മുസ്ലിം വിമന്‍സ് കൊളോക്കിയം, മുസ്ലിം പെണ്ണിന്റെ സര്‍ഗാത്മക-ആവിഷ്‌കാരങ്ങളുടെ അടയാളപ്പെടുത്തലായി മാറിയ നേര്‍ക്കാഴ്ചകള്‍ നാടകമത്സരം, കാന്‍വാസ്‌കാര്‍ഫ്, തര്‍ത്തീല്‍ ഖുര്‍ആന്‍ പാരായണ മത്സരം, പര്‍വാസ് ആര്‍ട്സ് ഫെസ്റ്റ്, 'താത്തക്കുട്ടികളുടെ പാട്ട്' സംഗീതശില്‍പം, In the Name of Secularism  ഡോക്യുമെന്ററി, ആന്റി സി.എ.എ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ശഹീന്‍ബാഗ് മോഡല്‍ രാപ്പകല്‍ സമരം, കേരളത്തില്‍ ഉടനീളം നടത്തിയ മറ്റനവധി സമര പരിപാടികള്‍ എല്ലാം തന്നെ പൊതു സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

മുസ്‌ലിം പെണ്‍കൂട്ടം എന്ന നിലയില്‍ കേരളീയ സാഹചര്യത്തില്‍ ജി.ഐ.ഒവിന്റെ സാധ്യതകളും വെല്ലുവിളികളും?

ജി.ഐ.ഒവിനെപ്പോലെ 15 മുതല്‍ 30 വയസ്സ് വരെയുള്ള വിദ്യാര്‍ഥിനികള്‍ ഇസ്ലാമിന്റെ അടിത്തറയില്‍ സംഘടിക്കുന്ന, കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വ്യവസ്ഥാപിതമായ ഘടനയും സംവിധാനങ്ങളും ഉള്ള സമാനമായ ഒരു സംഘടന ഇല്ല എന്നത് ഒരുപാട് സാധ്യതകള്‍ നമുക്ക് നല്‍കുന്നുണ്ട്. ജി.ഐ.ഒവിന്റെ പ്രവര്‍ത്തന മേഖല അത്തരം ഇടങ്ങളില്‍ സുപ്രധാനമായ ഇടപെടലിനുള്ള അവസരങ്ങള്‍ തുറന്നുതരുന്നതോടൊപ്പം തന്നെ ഈ മേഖലകളില്‍ താല്‍പര്യമുള്ളവരെ സംഘടനയോട് ചേര്‍ത്തുനിര്‍ത്തുന്നതിനുള്ള സാധ്യത കൂടിയാണ്. 
 ആഗോളതലത്തില്‍ നടക്കുന്ന, ഇസ്ലാമിനെയും മുസ്ലിം സ്ത്രീയെയും കേന്ദ്രീകരിച്ചുള്ള സത്യവിരുദ്ധമായ പ്രചാരണങ്ങള്‍ തീര്‍ത്ത പൊതുബോധം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് ശരിയായ ഇസ്ലാമിനെ പ്രതിനിധീകരിച്ച് നാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
അതുപോലെ പൊതുവെ നമ്മുടെ സാമൂഹിക ക്രമത്തിനകത്ത്, കുടുംബ-പൊതു ഇടങ്ങളിലെല്ലാം നിലനില്‍ക്കുന്ന ലിംഗപരമായ അനീതി ഏത് വനിതാ സംഘടനയെയും ബാധിക്കുന്നതു പോലെ ജി.ഐ.ഒവിനെയും ബാധിക്കുന്നുണ്ട് എന്നു പറയാം.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നുാകുന്ന സമീപനത്തെ കുറിച്ച്?

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വലതു പക്ഷവും ഇടതുപക്ഷവും മുസ്ലിം സംഘടനകളുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തുവരുന്നതായാണ്  അനുഭവങ്ങളിലുള്ളത്. മുസ്ലിം സമൂഹത്തിന്റെ സ്വയംകര്‍തൃത്വത്തെയോ സംഘടിത മുന്നേറ്റശ്രമങ്ങളെയോ അംഗീകരിക്കാന്‍ ഇത്തരം സംഘടനകള്‍ തയാറായിട്ടില്ല. എന്നാല്‍ ഇത്തരം പ്രവണതകളെ കൃത്യമായി നേരിട്ടാണ് ജി.ഐ.ഒ അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോയിട്ടുള്ളത്. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പടച്ചുവിടുന്ന മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള ധാരണകളെ ഒരുപരിധിവരെ പൊളിച്ചെഴുതാന്‍ ജി.ഐ.ഒവിനു സാധിച്ചിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രീയ-പൊതു മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി നിരന്തരം സംവദിക്കാനും നാം ശ്രദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയ കര്‍തൃത്വം സ്വയം ഏറ്റെടുത്തുകൊണ്ട് ന്യൂനപക്ഷ മത സംഘടനകളെയും പ്രസ്ഥാനങ്ങളെയും വര്‍ഗീയ ചാപ്പ കുത്താനുള്ള കേരളത്തിലെ ഇടതുപക്ഷ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്ന നിലപാട് തന്നെയാണ് ജി.ഐ.ഒ എടുത്തിട്ടുള്ളത്. മുഖ്യധാരയില്‍നിന്നും അകറ്റിനിര്‍ത്താനുള്ള ഇക്കൂട്ടരുടെ ശ്രമങ്ങളെ തച്ചുടച്ചുകൊണ്ടാണ് പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ദേശീയതലത്തില്‍ മുസ്‌ലിം സ്ത്രീകള്‍ നേതൃത്വം നല്‍കിയത്.

സമുദായത്തിലെ ഇതര സംഘടനകള്‍ ഈ കൂട്ടായ്മയെ എങ്ങനെ കാണുന്നു?

സംഘടനകള്‍ക്കതീതമായി വിശ്വാസി സമൂഹത്തിന്റെ ഐക്യം രൂപപ്പെട്ടുവരേണ്ട കാലത്താണ് നാം. NRC, NPR വിഷയങ്ങള്‍, അതേത്തുടര്‍ന്നുണ്ടായ സമരങ്ങള്‍ എന്നിവയിലൂടെ ഇത് സമുദായത്തിനും അതിന്റെ നേതാക്കള്‍ക്കും വളരെ കൃത്യതയോടെ ബോധ്യപ്പെട്ടിട്ടുണ്ട്.  അത്തരത്തിലുള്ള ഐക്യത്തിനായി എല്ലാ സംഘടനകളും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഒന്നിച്ചുള്ള മുന്നേറ്റങ്ങള്‍ സാധ്യമാക്കേണ്ടവര്‍ എന്ന നിലക്കാണ് ജി.ഐ.ഒവിനെയും മറ്റു സംഘടനകള്‍ മനസ്സിലാക്കുന്നത്.

മുഖ്യധാരാ സ്ത്രീ പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നത് എവിടെയാണ്? 

മുസ്ലിം സ്ത്രീ പ്രതിനിധാനത്തെ സമൂഹത്തില്‍ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതു തന്നെയാണ് ജി.ഐ.ഒവിനെ വ്യതിരിക്തമാക്കുന്നത്.
ഭൗതികമായി, അല്ലെങ്കില്‍ ആത്മീയമായി ഏതെങ്കിലും ഒന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മുസ്ലിം പെണ്ണിന് എല്ലാ മേഖലയിലും ഒരുപോലെ ഇടപഴകുന്നതിനുള്ള വേദികള്‍ രൂപപ്പെടുത്താന്‍ പ്രസ്ഥാനം മുന്‍കൈ എടുക്കുന്നു. 
കാലാനുസൃതമായ രീതിയില്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നേറാന്‍ ഉതകുന്ന പെണ്ണിടങ്ങള്‍ സൃഷ്ടിക്കുകയാണ് ജി.ഐ.ഒ.

വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടോ? ഏത് അര്‍ഥത്തിലാണ് സംഘടന ഇവയോട് പ്രതികരിക്കുന്നത്?

ഇസ്ലാമോഫോബിയ ഇവിടെ നിലനില്‍ക്കുന്ന വസ്തുതയായി സമൂഹത്തിലെ നല്ലൊരു വിഭാഗം അംഗീകരിച്ചുകഴിഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തുടക്കത്തില്‍ അത് അങ്ങനെയായിരുന്നില്ല. ഇത് വലിയൊരളവില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നിരുന്നാലും അത് വ്യാപകമായി ബോധ്യപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് അത്തരത്തിലുള്ള വിദ്യാഭ്യാസം പൊതുസമൂഹത്തിന് പകരുക, അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് രൂപം നല്‍കുക എന്ന രീതിയിലൊക്കെ ഇനിയും ഇടപെടലുകള്‍ നടത്തേണ്ടതായുണ്ട്.

UAPE പോലുള്ള ഭീകര നിയമങ്ങള്‍ ചാര്‍ത്തി മുസ്ലിം പുരുഷന്മാരെ ജയിലിലടക്കുന്നത് നോര്‍മലൈസ് ചെയ്യപ്പെടുമ്പോള്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ സംഘടന എങ്ങനെയാണ് നേരിടുന്നത്? ഇത്തരം വിഷയങ്ങളില്‍ പെണ്‍ പോരാട്ടത്തിന് ശക്തിപകരാന്‍ പ്രസ്ഥാനം എന്തൊക്കെ ചെയ്യുന്നുണ്ട്?

മുസ്ലിം പുരുഷന്മാര്‍ക്കെതിരെയുള്ള ഭരണകൂട വേട്ടയുടെയും, തീവ്രവാദി-ഭീകരവാദി മുദ്രകുത്തലുകളുടെയും പരോക്ഷ ഇരകളാണ് അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍. അങ്ങനെയുള്ള ഒരുപാട് ഉമ്മമാരും സഹോദരിമാരും ഭാര്യമാരും നമുക്ക് പരിചിതരാണ്. പുതിയ കാലഘട്ടത്തില്‍ ഫാഷിസത്തിനെതിരായ മുന്നണിപ്പോരാളികളായി അവരോരോരുത്തരും മാറുന്നു എന്നതിനും നാം സാക്ഷികളാണ്. ആ ആത്മാഭിമാനവും ആര്‍ജവവും നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. ജി.ഐ.ഒ എല്ലായ്‌പ്പോഴും അവരോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് കൂടെതന്നെയുണ്ട്. അവരോടോന്നിച്ച് പോരാടും എന്നത് നമ്മുടെ പ്രഖ്യാപിത നിലപാടാണ്. അത്തരം പോരാളികളോട് നിരന്തരമായ ബന്ധം സ്ഥാപിച്ചുകൊണ്ടും ആവശ്യമായ പിന്തുണയും മറ്റ് സഹകരണങ്ങളും നല്‍കിക്കൊണ്ടുമാണ് ജി.ഐ.ഒ നിലകൊള്ളുന്നത്. 

'അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ' ആഖ്യാനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

ആഗോളതലത്തില്‍ തന്നെ വളരെ ആസൂത്രിതമായി, കുറേ കാലങ്ങള്‍ കൊണ്ട് നിര്‍മിച്ചെടുത്ത ആഖ്യാനമാണ് മുസ്ലിം സ്ത്രീ സമം അടിച്ചമര്‍ത്തപ്പെട്ടവള്‍ എന്നത്. എന്നാല്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന നേട്ടങ്ങള്‍ ഇസ്ലാം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ മുസ്ലിം സ്ത്രീകള്‍ നേടിയെടുത്തുകഴിഞ്ഞു.  സാമൂഹിക-രാഷ്ട്രീയ-അക്കാദമിക-കലാ സാഹിത്യ-ശാസ്ത്ര രംഗങ്ങളിലൊക്കെ മുസ്ലിം സ്ത്രീ മുന്നേറ്റങ്ങള്‍ പ്രകടമാണ്. എന്നാല്‍ മുസ്‌ലിം സ്ത്രീയെ കുറിച്ച് പടച്ച ഈ ആഖ്യാനം മുഖ്യധാര ഇന്നും അവസരോചിതം ഉപയോഗിക്കുന്നുണ്ട്. അതിനോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടാണ് നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
കൂടാതെ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ സജീവമായ മുസ്ലിം സ്ത്രീകളെ അടിച്ചമര്‍ത്തിയും ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പിറകോട്ടടിക്കാനുമുള്ള ശ്രമങ്ങളും വ്യാപകമാണ്. കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായ മുസ്ലിം പെണ്‍കുട്ടികള്‍ അതിന്റെ പേരില്‍ കായികമായി പോലും ആക്രമിക്കപ്പെട്ടതിന് കേരളം സാക്ഷിയാണ്. വ്യക്തിപരമായി അത്തരത്തില്‍ ഒരു സൈബറാക്രമണവും നേരിടേണ്ടിവന്നിട്ടുണ്ട്. ആത്യന്തികമായി മുസ്ലിം സമൂഹത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം.

ഇന്നും ഊര്‍ജം നല്‍കുന്ന ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ച്?

ഇസ്ലാമിന്റെ ചരിത്രം തന്നെയാണ് എന്നും നമ്മെ വഴിനടത്തിയിട്ടുള്ളത്. ഖുര്‍ആനിലും കര്‍മശാസ്ത്ര വിഷയങ്ങളിലും ആധികാരിക അറിവുണ്ടായിരുന്ന ആഇശ(റ)യും ഇസ്ലാമിലെ ആദ്യ രക്തസാക്ഷി സുമയ്യ(റ)യും സ്ത്രീയുടെ അവകാശങ്ങള്‍ക്കു വേണ്ടി സംവദിച്ച ഖൗലയും വിശ്വാസദാര്‍ഢ്യം കൊണ്ട് സ്വര്‍ഗത്തിലൊരു ഗേഹം സ്വന്തമാക്കിയ ആസിയാ ബീവിയും നാഗരികതകളുടെ മാതാവായ ഹാജറയും പുതിയ കാലത്ത് ഇസ്ലാമിനെ സധൈര്യം പ്രതിനിധീകരിച്ച സൈനബുല്‍ ഗസ്സാലിയും ഈമാനിന്റെ ഉറപ്പ് കൊണ്ട് നമ്മളെ പ്രചോദിപ്പിക്കുന്നുണ്ട്. അതുപോലെ വലിയ വൈജ്ഞാനിക സംഭാവനകള്‍ ലോകത്തിനര്‍പ്പിച്ച ഒരു നിര സ്ത്രീകള്‍ തന്നെ മുസ്ലിം ലോകത്തുണ്ട്. ഇസ്ലാമിന്റെ സ്ത്രീപക്ഷ വായനകള്‍ സജീവമാക്കി, അല്ലാഹു സ്ത്രീയെ എത്രമാത്രം ബഹുമാനിച്ചിരിക്കുന്നു എന്ന് ലോകത്തോട് സംവദിച്ച ഇസ്ലാമിക പണ്ഡിതകളിലും നമുക്ക് മാതൃകയുണ്ട്.

കേരളത്തില്‍ സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി സംഘടിത സ്ത്രീമുന്നേറ്റങ്ങള്‍ ഇനിയും രൂപപ്പെടേണ്ടതുണ്ട്. അതിനു നേതൃത്വം നല്‍കാന്‍ ജി.ഐ.ഒക്ക് കഴിയുമോ? ആ അര്‍ഥത്തിലുള്ള ആലോചനകള്‍ നടക്കുന്നുണ്ടോ?

നമ്മുടെ സമൂഹ-കുടുംബ സംവിധാനങ്ങള്‍, സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ ഇടങ്ങളും ഇനിയും സ്ത്രീസൗഹൃദപരമാകേണ്ടതുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീകള്‍ നേരിടുന്ന അവകാശനിഷേധങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കപ്പെടേണ്ടതുണ്ട്. പൊതുവെ സ്ത്രീകള്‍ ചെയ്തുവരുന്ന ഗൃഹപരിപാലനം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയവയുടെ പ്രാധാന്യം കൂടുതല്‍ അംഗീകരിക്കപ്പെടേണ്ടതോടൊപ്പം അവ സ്ത്രീയുടെ മാത്രം ജോലിയല്ല എന്ന വസ്തുത പ്രായോഗികതലത്തില്‍ സമൂഹം  ഏറ്റെടുക്കേണ്ടതുണ്ട്.  നമ്മുടെ ഭാഗത്തു നിന്നും ഈ ചര്‍ച്ചകളെ സജീവമായും ക്രിയാത്മകമായും നിലനിര്‍ത്താനുള്ള ശ്രമങ്ങളുണ്ട്. കുടുംബങ്ങളില്‍നിന്നും തുടങ്ങേണ്ട മാറ്റമാണ് ഇത്. അതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ആ രീതിയിലാണ്  നമുക്കിടയിലുള്ള ചര്‍ച്ചകളും നടക്കുന്നത്.

മുസ്ലിം/സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടി ആഗോള തലത്തില്‍ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനുള്ള സാധ്യതകള്‍?

ആഗോളതലത്തില്‍ മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി ശബ്ദിക്കുകയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ്. ഇത് മുസ്‌ലിം സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിന് ആക്കം കൂട്ടുന്നതായി മനസ്സിലാക്കാം. ലണ്ടനിലെ മുസ്‌ലിം ബ്രിട്ടീഷ് അസോസിയേഷന്‍ പോലെ പാശ്ചാത്യരാജ്യങ്ങളിലേതടക്കം വിവിധ സംഘടനകളുടെ തലപ്പത്തേക്ക് മുസ്‌ലിം സ്ത്രീകള്‍ കടന്നുവരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഇവരൊക്കെയും തന്നെ തങ്ങളുടെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ കൃത്യമായി ഇസ്‌ലാമിലെ സ്ത്രീവ്യവഹാരങ്ങളെ പ്രതിനിധീകരിക്കുകയും അതനുസരിച്ചുകൊണ്ട് സമൂഹത്തെ മുന്നോട്ടു നയിക്കുകയും ചെയ്തുപോരുന്നു. ഇത്തരം വ്യക്തികളുമായും സംഘടനകളുമായും ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ബന്ധം സ്ഥാപിക്കുകയും അക്കാദമിക പരിപാടികള്‍ സംഘടിപ്പിച്ചുവരികയും ചെയ്യുന്നുണ്ട്. പരസ്പരം ആശയങ്ങള്‍ കൈമാറി നിരന്തരം ചര്‍ച്ചകള്‍ സാധ്യമാകുന്ന പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ചുകൊണ്ടും ആഗോളതലത്തില്‍ മുസ്ലിം സ്ത്രീമുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്താനും ഒരുമിച്ചുള്ള മുന്നേറ്റങ്ങള്‍ സാധ്യമാക്കാനും കഴിയുമെന്നാണ് ജി.ഐ.ഒ കരുതുന്നത്.

ആക്ടിവിസ്റ്റ് പ്രവര്‍ത്തന ശൈലിയോടൊപ്പം അക്കാദമിക് മേഖലയിലും ദീര്‍ഘകാല പ്രൊജക്ടുകള്‍ അനിവാര്യമാണെന്ന് തോന്നുന്നു. അത്തരത്തില്‍ ഹിംസയുടെ ആഖ്യാനങ്ങള്‍ക്ക് ബദല്‍ വ്യവഹാരങ്ങള്‍ (Counter discourse)  നിര്‍മിച്ചെടുക്കാന്‍ സമുദായത്തെ പര്യാപ്തമാക്കാനുള്ള പദ്ധതികള്‍  ജി.ഐ.ഒ ആലോചനയിലുണ്ടോ? 

അക്കാദമിക രംഗത്ത് മുസ്ലിം സ്ത്രീകള്‍ക്കുണ്ടായിരുന്ന പാരമ്പര്യം വീണ്ടെടുക്കുക ജി.ഐ.ഒവിന്റെ ലക്ഷ്യമാണ്. അത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് മുമ്പേ തുടക്കം കുറിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ച ഉണ്ടായിരിക്കും. ഇസ്ലാമിനെതിരായ പ്രചാരണങ്ങള്‍ക്ക് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കാനും, നിലവിലുള്ള വിവിധ അക്കാദമിക വ്യവഹാരങ്ങളില്‍ ആധികാരികമായി ഇടപെടാനും ശേഷിയുള്ള, ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ-ചരിത്ര തലങ്ങളിലെ കാലികമായ വായനക്കും അതിന്റെ പ്രയോഗവല്‍ക്കരണത്തിനുമൊക്കെ കഴിവുള്ള വിഭവശേഷി വളര്‍ത്തിയെടുക്കുക ജി.ഐ.ഒവിന്റെ സുപ്രധാന കാര്യപരിപാടിയാണ്.

ഏത് അര്‍ഥത്തില്‍ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്? 

ഒട്ടേറെ പ്രതിസന്ധികളാണ് ലോകമെങ്ങുമുള്ള മുസ്ലിംകള്‍  അതിജീവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ ചുറ്റുപാട് മുസ്ലിമിന് സവിശേഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളെ ഈമാനോടുകൂടി അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുക എന്നതാണ് ഒന്ന്. 
വൈജ്ഞാനിക മേഖലയില്‍ വലിയ നേട്ടങ്ങള്‍ സൃഷ്ടിച്ചവരാണ് മുസ്ലിം സമൂഹം. മുസ്ലിം സ്ത്രീയുടെ പങ്ക് അതില്‍ എടുത്തുപറയേണ്ടതാണ്. ഇനിയുമൊരുപാട് വൈജ്ഞാനിക മുന്നേറ്റങ്ങള്‍ നമുക്കിടയില്‍നിന്ന് ഉണ്ടാകേണ്ടതുണ്ട്. വിവിധ അക്കാദമിക-സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ആധികാരികതയോടെ ഇടപെടാന്‍ കഴിയുന്ന പെണ്‍കൂട്ടത്തെ വളര്‍ത്തിയെടുക്കുക എന്നതും ലക്ഷ്യമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top