ചരിത്രാഖ്യായിക

നജീബ് കീലാനി, വിവ: അഷ്‌റഫ് കീഴുപറമ്പ് വര: നൗഷാദ് വെള്ളലശ്ശേരി No image

ഖൈബറിലെ വലിയ കച്ചവടക്കാരനാണ് ഹജ്ജാജ്ബ്നു ഇലാത്വ്. പരമ്പരാഗതമായി ജൂതമത വിശ്വാസിയായിരുന്നു. ഖൈബറിലെ മുസ്‌ലിംകള്‍ വിജയം നേടിയ ശേഷമാണ് ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാം സ്വീകരിച്ച വിവരം പുറത്താരും അറിഞ്ഞിട്ടില്ല. അദ്ദേഹമിപ്പോള്‍ അസ്വസ്ഥനും ഉത്കണ്ഠാകുലനുമാണ്. കാരണമുണ്ട്. അദ്ദേഹത്തിന്റെ കച്ചവടം അറേബ്യയൊട്ടുക്കുമാണ്. മക്കയിലും ഒരുപാട് പണം ഇറക്കിയിട്ടുണ്ട്. താന്‍ ഇസ്‌ലാം സ്വീകരിച്ച വിവരം മക്കക്കാര്‍ അറിഞ്ഞാല്‍ അവര്‍ക്ക് തന്നോട് പകയും വെറുപ്പുമുണ്ടാകും. പ്രതികാരമെന്നോണം തന്റെ പണവും സ്വത്തുക്കളും തടഞ്ഞ് വെക്കാനും മതി. ഈ ആശങ്ക തുടക്കം മുതലേ ഹജ്ജാജ്ബ്‌നു ഇലാത്വിന് ഉണ്ടായിരുന്നു. കുറെ സമയം അതിനെക്കുറിച്ച് ആലോചിച്ച് തല പുകഞ്ഞു. പിന്നെ റസൂലിന്റെ മുമ്പാകെ വന്ന് വിഷയം അവതരിപ്പിച്ചു. പണം തിരിച്ചുപിടിക്കാന്‍ താന്‍ ചില പൊടിക്കൈകളും കബളിപ്പിക്കലുമൊക്കെ നടത്തും. അതിന് തന്നെ അനുവദിക്കണം. റസൂല്‍ അനുവാദം കൊടുത്തു.
ബിന്‍ ഇലാത്വ് നേരെ മക്കയിലേക്ക് വെച്ചുപിടിച്ചു. ഖൈബറില്‍ നിന്നൊരാള്‍ വരുന്നത് കണ്ട് മക്കക്കാര്‍ ഓടിക്കൂടി. ഖൈബറില്‍ എന്താണ് സംഭവിച്ചത് എന്ന് അവര്‍ക്ക് നേരില്‍ കേള്‍ക്കണം. ചോദ്യങ്ങള്‍ തുരുതുരാ വന്നുകൊണ്ടിരുന്നു. ബിന്‍ ഇലാത്വ് ചിരിച്ചു.
"മക്കക്കാരേ, എനിക്ക് എന്റെ പണം ആദ്യം കിട്ടണം..... എങ്കില്‍ നിങ്ങളുടെ കാത് കുളിര്‍ക്കുന്ന ആ സന്തോഷ വര്‍ത്തമാനങ്ങള്‍ ഞാന്‍ നിങ്ങളോട് പറയാം."
കൂടിനിന്നവരില്‍ ഒരാള്‍ പറഞ്ഞു:
"പറയുന്നത് സന്തോഷവര്‍ത്തമാനമാണെങ്കില്‍ താങ്കള്‍ക്ക് തരാനുള്ളതൊക്കെ ഞങ്ങള്‍ തന്നിരിക്കും."
"എന്നാല്‍ കേട്ടോളൂ, ചെവി ശരിക്കും തുറന്നു പിടിച്ചോളൂ. ഈ വാര്‍ത്ത നിങ്ങളെ പിടിച്ചു കുലുക്കും."
അവര്‍ക്ക് ആകാംക്ഷ ഇരട്ടിച്ചു.
"പറയൂ, ഒന്നും മറച്ചുവെക്കാതെ പറയൂ.''
ബിന്‍ ഇലാത്വ് തലവെട്ടിച്ചു. "എന്തൊരു യുദ്ധമായിരുന്നു! എത്ര പേരാണ് മരിച്ചു വീണത്. രക്തം പുഴയായി ഒഴുകുകയായിരുന്നു... മുഹമ്മദിന് തന്റെ മുമ്പില്‍ നടക്കുന്നതൊന്നും വിശ്വസിക്കാനേ കഴിഞ്ഞില്ല. അര ദിവസം കൊണ്ട് അല്ലെങ്കില്‍ ഒരു ദിവസം കൊണ്ട് കുറെ യുദ്ധമുതലുകളും തടവുകാരുമായി യസ് രിബിലേക്ക് മടങ്ങാമെന്നാണ് മൂപ്പര്‍ കരുതിയത്. സത്യം പറയാമല്ലോ. നമുക്ക് കുറെ പേരെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തൊരു പോരാട്ടമായിരുന്നു! കാലമുള്ള കാലം അത് മറക്കാനൊക്കില്ല. ഒടുവില്‍...''
എല്ലാവരും ഒറ്റക്കെട്ടായി അലറി.
''ഒടുവില്‍...?''
''മുസ്‌ലിംകള്‍ തോറ്റു, പിന്തിരിഞ്ഞോടി. കാറ്റിനെ തോല്‍പ്പിക്കുന്ന വേഗത്തില്‍ ഓടി. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണല്ലോ. ഞങ്ങളുടെ ആളുകള്‍ എല്ലായിടത്തുമുണ്ടായിരുന്നു. ഞങ്ങള്‍ പിന്നാലെ ചെന്നു. വെട്ടിയും കുത്തിയും രക്തദാഹം തീര്‍ത്തു. മുഹമ്മദിന്റെ ആളുകള്‍ക്ക് അവരുടെ മതം പോലും വേണ്ടാതായിരിക്കുന്നു. ഈ തോല്‍വി ഇതുവരെ കൊണ്ടുനടന്ന മൂഢസ്വര്‍ഗങ്ങളില്‍നിന്ന് അവരെ പുറത്തെറിഞ്ഞിരിക്കുന്നു. അവരെ ഓടിച്ചു എന്നു മാത്രമല്ല, കുറെ പേരെ തടവുകാരായും പിടിച്ചു. ആ തടവുകാരില്‍.... മുഹമ്മദും ഉണ്ട്."
വിശ്വാസം വരാതെ അവര്‍ ഓരിയിട്ടു:
''മുഹമ്മദോ?''
''അതെ... അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് തന്നെ. ഇപ്പോള്‍ മൂപ്പര്‍ ഖൈബറില്‍ തടവുകാരനാണ്. യസ് രിബില്‍ ഇപ്പോള്‍ ഇല അനങ്ങുന്നില്ല. കൊല്ലപ്പെട്ടവരെയോര്‍ത്ത് അത് തേങ്ങുകയാണ്. ഇനി ആ നാടിന് എണീറ്റ് നില്‍ക്കാനാവില്ല. ഇനി രണ്ടാമതും അവര്‍ യുദ്ധത്തിന് വരികയാണെങ്കില്‍ ഞങ്ങള്‍ മുഹമ്മദിനെ കൊല്ലും; കൂടെയുള്ള തടവുകാരെയും. ഇതാണ് എനിക്ക് അറിയിക്കാനുള്ള വാര്‍ത്ത.''
അവിടെ കൂടിയിരുന്നവര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി. എന്നാൽ അവരുടെ മുഖത്ത് അസ്വസ്ഥതയും ദുഃഖഭാവങ്ങളും മിന്നിമറയുന്നുണ്ട്. അവർ നടുങ്ങുന്നതും കാണാം. അവര്‍ക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല. മനസ്സുലക്കുന്ന സംഭവം. വാര്‍ത്ത തെരുവുകളില്‍നിന്ന് തെരുവുകളിലേക്ക്, വീടുകളില്‍നിന്ന് വീടുകളിലേക്ക് പടര്‍ന്നുകത്തി. വിവരം ബിന്‍ ഇലാത്വില്‍നിന്ന് തന്നെ നേരില്‍ കേള്‍ക്കാന്‍ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ വന്നുതുടങ്ങി. ഒടുവില്‍ ബിന്‍ ഇലാത്വിന് ഇങ്ങനെ ഒച്ചവെക്കേണ്ടിവന്നു.
''പറഞ്ഞു പറഞ്ഞു മടുത്തു. എനിക്കെന്റെ പണം തിരിച്ചുതരൂ.''
വൈകാതെ ആളുകള്‍ ബിന്‍ ഇലാത്വിന് കൊടുക്കാനുള്ള പണവുമായി വന്നു. സന്തോഷവര്‍ത്തമാനം എത്തിച്ച ആളെന്ന നിലക്ക് ചിലര്‍ സമ്മാനങ്ങള്‍ വരെ കൂടെ കൊണ്ടുവന്നിരുന്നു.
തൊട്ടപ്പുറത്ത് ഹിന്ദ് ഒരു പതിനഞ്ചുകാരിയെപ്പോലെ നൃത്തം ചവിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അവള്‍ ആഹ്ലാദഭരിതയായി ഭര്‍ത്താവിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
''പന്തയം വെക്കാനുണ്ടോ, അബൂസുഫ് യാന്‍...''
അബൂസുഫ് യാന്‍ കൈകള്‍ കൂട്ടിത്തിരുമ്മി.
''അസാധാരണം. എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഖൈബറുകാര്‍ എന്തിനും പോന്ന പോരാളികള്‍ തന്നെ. അതിലെനിക്ക് സംശയമൊന്നുമില്ല. പക്ഷേ, മുഹമ്മദിനെ ഈ വിധത്തില്‍ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. തന്റെ ഓരോ ചുവടുവെപ്പും നന്നായി പ്ലാന്‍ ചെയ്യുന്നവനാണ് മുഹമ്മദ്. എപ്പോള്‍ ആക്രമിക്കണം, എപ്പോള്‍ പിന്‍വാങ്ങണം എന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. അത്ഭുതകരമാണ് അദ്ദേഹം ഉരുവിടുന്ന വാക്കുകളിലെ മാസ്മരികത. അസാമാന്യമാണ് യുദ്ധതന്ത്രജ്ഞത. ഇപ്പോഴത്തെ അറബികളിലോ മുമ്പത്തെ അറബികളിലോ ഇങ്ങനെയൊന്ന് ഞാന്‍ കണ്ടിട്ടില്ല.''
ഹിന്ദിന് ശുണ്ഠി മൂത്തു.
''ബിന്‍ ഇലാത്വ് പറയുന്നത് കേട്ട് വിശ്വാസം വരുന്നില്ല, അല്ലേ? അയാള്‍ യുദ്ധമുഖത്ത് നിന്ന് നേരിട്ട് വരികയാണ്, ഹേ. അയാളുടെ ചുമലിലെ മുറിവുകള്‍ കണ്ടില്ലേ. എനിക്കൊരു സന്തോഷം വരുമ്പോള്‍ അതെങ്ങനെ നശിപ്പിക്കാം എന്ന ഒറ്റ ചിന്തയേ നിങ്ങള്‍ക്കുള്ളൂ. ഈ ഖൈബര്‍ ദിനം എത്ര മഹത്തരം. മക്ക തോറ്റിടത്ത് ഇതാ ഖൈബര്‍ ജയിച്ചിരിക്കുന്നു. ഇനിയുള്ള കാലം കാര്യങ്ങളുടെ കടിഞ്ഞാണ്‍ ജൂതന്മാരുടെ കൈകളിലായിരിക്കും. ഈ മഹത്തായ യുദ്ധ വിജയത്തില്‍ പങ്കാളിയാകാന്‍ ഒട്ടും വൈകാതെ പുറപ്പെടണമെന്ന് ഞാന്‍ പറഞ്ഞതാണ്. നിങ്ങള്‍ കേട്ടില്ല. ഇവിടെ മടിപിടിച്ച് ഇരുന്നു. ശരിക്കും നിങ്ങള്‍ക്ക് മുഹമ്മദിനെ പേടിയായിരുന്നു. ഞങ്ങളും അയാളും തമ്മില്‍ കരാറില്ലേ എന്നൊക്കെ പുലമ്പിക്കൊണ്ടുമിരുന്നു. എപ്പോള്‍ ചാടണം, എപ്പോള്‍ നില്‍ക്കണം എന്ന് നിങ്ങള്‍ക്ക് അറിയില്ല, അബൂസുഫ് യാന്‍.''
അല്‍പ്പം നിര്‍ത്തിയ ശേഷം ഹിന്ദ് വെല്ലുവിളി ആവര്‍ത്തിച്ചു:
''ബെറ്റിനുണ്ടോ, ഹന്‍ളലയുടെ പിതാവേ?''
അപ്പോള്‍ അബൂജഹ്‌ലിന്റെ മകന്‍ ഇക് രിമ, ഖാലിദ് ബ് നുല്‍ വലീദിന്റെ വീട്ടിലേക്ക് ഓടിച്ചെല്ലുന്നുണ്ടായിരുന്നു.
''ഖാലിദ്, ഒരാളും കൊണ്ടുവരാത്ത വാര്‍ത്തയുമായാണ് ഞാന്‍ വന്നിരിക്കുന്നത്.''
ഖാലിദ്: ''പറയൂ.''
"ഖൈബറില്‍ മുഹമ്മദ് തോറ്റിരിക്കുന്നു. ഖൈബറുകാരുടെ കൈയാല്‍ തടവുകാരനാക്കപ്പെടുകയും ചെയ്തിരിക്കുന്നു.''
ഖാലിദിന്റെ മുഖം വിളറി. അദ്ദേഹം ചാടിയെണീറ്റു.
''എന്ത്?''
''ആ ഖൈബറുകാരന്‍ ജൂത കച്ചവടക്കാരനില്ലേ, ഹജ്ജാജുബ് നു ഇലാത്വ് പറഞ്ഞ വിവരമാണ്. അയാള്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നല്ലോ.''
''യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഖൈബറിലെ ജൂതനേതാക്കളായ സല്ലാമുബ്നു മശ്കമും ഹാരിസ് ബ് നു അബീസൈനബും മറ്റു പ്രമുഖരും കൊല്ലപ്പെട്ടു എന്നാണല്ലോ നമുക്ക് കിട്ടിയ വിവരം.''
''ശരിയാണ് ഖാലിദ്. ഒരുപാട് പേര്‍ മരിച്ചു. പക്ഷേ, ഒടുവില്‍ വിജയം ഖൈബറുകാര്‍ക്ക്.''
ഖാലിദ് ബ് നുല്‍ വലീദ് നിശ്ശബ്ദനായി. ബിന്‍ ഇലാത്വ് നല്‍കിയ വിവരണം ഇക് രിമ ഒന്നും വിടാതെ ഖാലിദിന് നല്‍കിക്കൊണ്ടിരുന്നു. എല്ലാം കേട്ടപ്പോള്‍ ഖാലിദ്: ''എന്തോ ഒരു ചതിയുണ്ട്.''
''എന്ത് ചതി?''
''ഇങ്ങനെയായിക്കൂടേ കാര്യങ്ങള്‍? മുഹമ്മദ് യുദ്ധത്തില്‍ വിജയിക്കുന്നു, ഹജ്ജാജുബ് നു ഇലാത്വ് അദ്ദേഹത്തിന്റെ അനുയായിയായി മാറുന്നു. നമ്മളെ കബളിപ്പിക്കുന്നതിനായി മുഹമ്മദ്, ബിന്‍ ഇലാത്വിനെ നമ്മുടെ അടുത്തേക്ക് അയക്കുന്നു. അയാള്‍ പറയുന്ന കഥകള്‍ കേട്ട് നമ്മള്‍ ആടിപ്പാടുമല്ലോ, കവിതകള്‍ ചൊല്ലി നടക്കുമല്ലോ. ആയിടക്ക് മുഹമ്മദ് എന്ത് ചെയ്യും? പെട്ടെന്ന് വന്ന് മക്കക്ക് ചുറ്റും ഉപരോധം തീര്‍ക്കും, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തതാ, മുഹമ്മദും സൈന്യവും നമുക്ക് മുമ്പില്‍! അങ്ങനെ ആയിക്കൂടെ?''
ഇക് രിമ ചിരിച്ച് ചിരിച്ച് ഇരുന്നുപോയി.
''എന്തൊരു വര്‍ത്തമാനമാണ്, ഖാലിദ്! നിങ്ങളുടെ ഊഹം ശരി എന്ന് തന്നെ വെക്കുക. മുഹമ്മദ് മക്കയെ ലക്ഷ്യം വെക്കുമെന്നാണോ പറയുന്നത്? അതിന് മാത്രം വിവരക്കേട് കാണിക്കുമോ?'' പിന്നെ കൈവിരലുകള്‍ ഉയര്‍ത്തി ഖാലിദിനോടായി:
''ബെറ്റിനുണ്ടോ?''
''എന്താണ് സംഭവിച്ചത് എന്ന് ഞാനൊന്ന് പഠിക്കട്ടെ.''
''നമ്മള്‍ ഇവിടെ മക്കയില്‍നിന്ന് ഒരു കൂട്ടമാളുകള്‍ ഖൈബറിലേക്ക് പോകും. തടവുകാരനായ മുഹമ്മദിനെ കാണും. ആയുസ്സിലെ അവസരമാണ്. ഓര്‍ത്തുനോക്കൂ, ഏകാന്ത തടവില്‍ കഴിയുന്ന മുഹമ്മദ്... ആള്‍ക്കാര്‍ ചുറ്റുംനിന്ന് കുത്തുവാക്കുകള്‍, പരിഹാസങ്ങള്‍ ചൊരിയുന്നു... എല്ലാറ്റിനുമുപരി, മുഹമ്മദിന്റെ കാലം ഒന്നു കഴിഞ്ഞുകിട്ടിയില്ലേ. അറബികള്‍ അവരുടെ നീണ്ട ചരിത്രത്തിലൊരിക്കലും ഇങ്ങനെ വഞ്ചിതരായി ജീവിച്ചിട്ടില്ല.''
ഖാലിദ് മന്ത്രിക്കും പോലെ പറഞ്ഞു:
''ബനൂ ഖൈനുഖാഉം ബനൂ ഖുറൈളയും ബനുന്നളീറും തിരിച്ചുവരും. അറേബ്യ വിജയികളായ ജൂതര്‍ക്ക് കീഴൊതുങ്ങും. നമ്മെ അവര്‍ എന്നെന്നേക്കുമായി നിന്ദ്യതയിലേക്ക് ഇടിച്ച് താഴ്ത്തും. ഇക് രിമാ, ഇതെക്കുറിച്ചൊന്നും നിങ്ങള്‍ ആലോചിച്ചിട്ടില്ലേ?''
ഇക് രിമയുടെ കണ്ണുകളില്‍ ആഹ്ലാദം തിരതല്ലുകയായിരുന്നു.
''ഖാലിദേ, ഞാനിപ്പോള്‍ ഒരൊറ്റ കാര്യമേ ആലോചിക്കുന്നുള്ളൂ.''
''അതെന്താണ്?''
''മുഹമ്മദിനെ വകവരുത്തുക, ഏത് വിധേനയും. അത് മാത്രം.''
''കഷ്ടം തന്നെ തന്റെ കാര്യം. എന്റെ നിലപാട് പറയാം. ഒന്നുകില്‍ മുഹമ്മദ് നമുക്കെതിരെ വിജയം നേടണം, അല്ലെങ്കില്‍ നാം മുഹമ്മദിനെതിരെ വിജയിക്കണം. ഈ രണ്ട് കൂട്ടരും ജയിക്കാതെ മൂന്നാം കക്ഷിയായ ജൂതന്മാര്‍ വിജയിച്ചാല്‍ അതൊരു ദുരന്തമാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളിലേ കാണാനാകൂ. കുഴപ്പങ്ങളുടെ പരമ്പരയാകും വരാന്‍ പോകുന്നത്. അറബികള്‍ക്ക് മേല്‍ ജൂതന്മാരുടെ അധിനിവേശം, രക്തച്ചൊരിച്ചില്‍. അവരെ നേരിടാന്‍ മുഹമ്മദിനെ പോലെ ഒരാള്‍ ഉണ്ടാവുകയുമില്ല.''
ഇക് രിമ പരിഹാസത്തോടെ വീണ്ടും ചിരിച്ചു.
''ജയില്‍ ഭിത്തികള്‍ ഭേദിച്ച്, കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ച്, കൊട്ടിയടച്ച വാതിലുകള്‍ തള്ളിത്തുറന്ന് പുതിയ വഹ് യുമായി ജിബ് രീലിന് മുഹമ്മദിന്റെ അടുത്തെത്താന്‍ കഴിയുമെന്ന് ഖാലിദേ, നിങ്ങള്‍ കരുതുന്നുണ്ടോ?''
ആ പരിഹാസത്തില്‍ ഖാലിദ് പങ്ക് ചേര്‍ന്നില്ല.
''അല്ലാഹുവിന്റെ ശക്തി വിശേഷത്തിന് പരിധികളില്ലെന്ന് മനസ്സിലാക്കണം.''
''അപ്പോള്‍ നിങ്ങള്‍ക്ക് സംശയം തീര്‍ന്നിട്ടില്ല.''
''സംശയമേ ഉള്ളൂ.''
''പക്ഷേ, മുഹമ്മദ് തടവുകാരനാണല്ലോ.''
''ആ വാര്‍ത്ത ശരിയാണെങ്കിലും, രണ്ടാം ദിനം നോക്കുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കാണില്ല.''
''അതെങ്ങനെ?''
''ഏത് കിങ്കരനായ കാവല്‍ക്കാരനെയും പറഞ്ഞ് വശീകരിക്കാനുള്ള കഴിവ് മുഹമ്മദിനുണ്ട്.''
''ഖൈബറിലെ നിഷ്ഠൂരന്മാരാണ് കാവല്‍ നില്‍ക്കുന്നത്.''
''എന്തെങ്കിലുമാവട്ടെ. എല്ലാം വളരെ വിചിത്രമായിട്ടാണ് എനിക്ക് തോന്നുന്നത്.''
വാര്‍ത്ത നബിയുടെ പിതൃസഹോദരന്‍ അബ്ബാസിന്റെ ചെവിയിലുമെത്തി. അദ്ദേഹം മക്കയില്‍ തന്നെയാണ് താമസം. ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ മക്ക വിട്ട് പോകേണ്ടി വന്നില്ല. തന്റെ സഹോദര പുത്രന്‍ തടവുകാരനാക്കപ്പെട്ടെന്ന വാര്‍ത്ത അദ്ദേഹത്തെ മാനസികമായി തകര്‍ത്തുകളഞ്ഞു. ശരീര പേശികള്‍ പിടയാന്‍ തുടങ്ങി. ഇത്ര ദുഃഖിതനായി അദ്ദേഹത്തെ കണ്ടിട്ടുണ്ടാവില്ല.
''എന്റെ ശരീരത്തിന് ആവതുണ്ടായിരുന്നെങ്കില്‍ മുഹമ്മദിനെ മോചിപ്പിക്കാന്‍ ഞാന്‍ തന്നെ ഖൈബറിലേക്ക് പോയേനെ; ജൂതന്മാരെ ഒരു പാഠം പഠിപ്പിച്ചേനേ... ആഹ്... ഇപ്പോള്‍ ഒന്നിനും വയ്യ. ഗൂഢാലോചകരുടെ കൈകളില്‍നിന്ന് സഹോദര പുത്രനെ രക്ഷിക്കാന്‍ സഹായിക്കണേ എന്ന് ഖുറൈശികളോട് മനുഷ്യത്വത്തിന്റെ പേരില്‍ അഭ്യര്‍ഥിച്ചു നോക്കിയാലോ? എന്താണൊരു ഉപായം? എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നു.''
രാത്രിയായി. അബ്ബാസ് രാത്രിയുടെ മറവില്‍ ഹജ്ജാജുബ് നു ഇലാത്വ് താമസിക്കുന്ന സ്ഥലത്തേക്ക് ചെന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി അയാളുടെ മുറിയിലേക്ക് കടന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കാനാവാതെ അബ്ബാസ് കിതച്ചു. "നല്ലവനായ ബിന്‍ ഇലാത്വ്! പറയൂ, എന്താണ് സംഭവിച്ചത്? വാര്‍ത്ത എത്ര ദുഃഖകരമാവട്ടെ, ഒന്നും എന്നില്‍നിന്ന് മറച്ചുവെക്കരുത്. അറിയാമല്ലോ, മുഹമ്മദ് എന്റെ സഹോദര പുത്രനാണ്.''
ഹജ്ജാജുബ് നു ഇലാത്വ് ചിരിച്ചു.
''അങ്ങ് ശ്രേഷ്ഠ ഗുണങ്ങളുള്ള വ്യക്തിയാണ്. സത്യം ഞാന്‍ പറയാം. പക്ഷേ, ഇക്കാര്യം ഇപ്പോള്‍ പുറത്ത് പറയില്ല എന്ന് താങ്കള്‍ എനിക്ക് വാക്ക് തരണം.''
''ജീവന്‍ പണയം വെച്ച് ഞാന്‍ സത്യം ചെയ്യാം, ഒരിക്കലും പറയില്ല. താങ്കള്‍ ഇന്ന് രാത്രി മക്ക വിട്ട് കഴിഞ്ഞേ ഞാന്‍ വിവരം പുറത്ത് പറയൂ.''
''താങ്കളുടെ സഹോദര പുത്രന്‍ വളരെ സുഖമായിരിക്കുന്നു. ഖൈബര്‍ അദ്ദേഹത്തിന് കീഴ് പെട്ടുകഴിഞ്ഞു. ജൂതാധിപത്യം എന്നെന്നേക്കുമായി അവസാനിച്ചു. ഞാനും ഇപ്പോള്‍ അദ്ദേഹം കൊണ്ടുവന്ന ദീനിലാണ്. എനിക്ക് മക്കയില്‍നിന്ന് ധാരാളം പണം പിരിഞ്ഞു കിട്ടാനുണ്ടായിരുന്നു. അത് കിട്ടിപ്പോരാന്‍ ഒരു സൂത്രം പയറ്റിയതാണ്.''
ബിന്‍ ഇലാത്വിന്റെ മേലേക്ക് ചാടുകയായിരുന്നു അബ്ബാസ്. കഴുത്തിലും കവിളിലും തലയിലും....
അദ്ദേഹത്തെ ചുംബനങ്ങളാല്‍ പൊതിഞ്ഞു. ബിന്‍ ഇലാത്വിന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല:
''അങ്ങ് അദ്ദേഹത്തെ ഇത്രയധികം ഇഷ്ടപ്പെടുന്നുണ്ടോ?''
അബ്ബാസ് മറുപടി പറയുന്നില്ലെന്ന് കണ്ടപ്പോള്‍ വീണ്ടും ചോദിച്ചു.
''എങ്കില്‍ താങ്കള്‍ അദ്ദേഹത്തിന്റെ ആദര്‍ശത്തില്‍ വിശ്വസിക്കാത്തതെന്ത്?''
''ബിന്‍ ഇലാത്വ്, അത് മറ്റൊരു കാര്യമാണ്.''
ഹജ്ജാജ് കൈകള്‍ കൂട്ടിത്തിരുമ്മി.
''അത്ഭുതം തന്നെ നിങ്ങള്‍ മക്കക്കാരുടെ കാര്യം. മക്ക മുഹമ്മദിനെ സ്നേഹിക്കുന്നുവോ അതോ വെറുക്കുന്നുവോ? ഞാനീ കഥ പറഞ്ഞുകൊണ്ടിരിക്കെ കേട്ടിരിക്കുന്ന ആളുകളുടെ മുഖത്തേക്ക് നോക്കും. അവര്‍ ചിരിക്കുന്നുണ്ട്, ഒപ്പം കരയുന്നുമുണ്ട്. ആഹ്ലാദം പ്രകടിപ്പിക്കുമ്പോഴും അവര്‍ ദുഃഖാകുലരാണ്. പറയൂ. നിങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുകയാണോ, വെറുക്കുകയാണോ? എനിക്ക് മനസ്സിലാവുന്നില്ല.''
ആഹ്ലാദഭരിതനായി അബ്ബാസ് പുറത്തിറങ്ങി. ആ ആഹ്ലാദത്തെ ഉള്‍ക്കൊള്ളാന്‍ ദുന്‍യാവ് മതിയാവില്ലെന്ന് തോന്നി.
രാവിലെ അബ്ബാസ് തന്റെ ഏറ്റവും വിലപിടിച്ച ഉടുപ്പുമിട്ട് കഅ്ബയിലേക്ക് ചെന്നു. എന്നിട്ട് വിശുദ്ധ ഗേഹത്തെ വലംവെക്കാന്‍ തുടങ്ങി. ഒരാള്‍ ചോദിച്ചു: ''താങ്കള്‍ക്ക് ക്ഷമയും ഒരു അലങ്കാരമാണല്ലോ. സഹോദര പുത്രന് നേരിട്ട ദുരന്തത്തെ എത്ര ശാന്തമായും പുഞ്ചിരിയോടെയുമാണ് താങ്കള്‍ അഭിമുഖീകരിക്കുന്നത്. മഹാന്മാരുടെ ലക്ഷണമാണത്.''
അബ്ബാസ് ചിരിച്ചു.
''ഞാനിപ്പോള്‍ ത്വവാഫ് ചെയ്യുന്നത് ഈ ഗേഹത്തിന്റെ നാഥന് നന്ദിയര്‍പ്പിക്കാനാണ്.''
''നന്ദിയോ? അതെങ്ങനെ, അബ്ബാസ്?''
''എന്റെ സഹോദര പുത്രന് കീഴ് പെട്ടില്ലേ ഖൈബര്‍... യുദ്ധമുതലുകളും വേണ്ടത്ര കിട്ടി. ഹുയയ്യുബ് നുഅഖ്ത്വബിന്റെ മകള്‍ സ്വഫിയ്യയെ മുഹമ്മദ് വിവാഹവും കഴിച്ചു. മുഹമ്മദാണ് ജയിച്ചത്. ബിന്‍ ഇലാത്വ് നിങ്ങളെ പറ്റിച്ചതാണ്. അയാള്‍ക്ക് അയാളുടെ പണം തിരിച്ചു കിട്ടണമായിരുന്നു. ഇപ്പോഴയാള്‍ യസ് രിബിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.''
വാര്‍ത്ത ഉടനടി മക്ക മുഴുവന്‍ പരന്നു. മക്കക്കാര്‍ക്ക് മറ്റൊരു ഞെട്ടല്‍ കൂടി. വാദപ്രതിവാദങ്ങളും കനത്തു. ഹിന്ദ് കിടക്കയിലേക്ക് തകര്‍ന്ന് വീണു. കണ്ണുകള്‍ മുറുക്കിയടച്ചു. എത്ര നിയന്ത്രിച്ചിട്ടും കലി അടങ്ങുന്നില്ല. അബൂസുഫ്്‌യാന്‍ കളിയായി ചോദിച്ചു:
''ഹിന്ദേ, ബെറ്റ് വെക്കണ്ടേ....'' ഹിന്ദ് ഊക്കില്‍ അബൂസുഫ് യാന് ഒരു തള്ള് വെച്ചുകൊടുത്തു. അയാള്‍ വീഴാതിരുന്നത് ഭാഗ്യം.
ഖാലിദ് ഇബ് നുല്‍ വലീദ്, ഇക് രിമയുടെ ചെവിട്ടിലും മന്ത്രിച്ചു:
''പന്തയം വെക്കണ്ടേ.''
ഇക് രിമ വലിയ കലിപ്പിലായിരുന്നു. ദേഷ്യം വന്ന് പല്ലിറുമ്പുകയാണ്.
''ആ കൗശലക്കാരനായ യഹൂദി നമ്മെ ചതിച്ചു. അയാളുടെ പണം തിരിച്ചു കിട്ടാനുള്ള സൂത്രം. അയാളെ പിടികൂടാന്‍ പറ്റിയിരുന്നെങ്കില്‍ തുണ്ടം തുണ്ടമായി അറുത്തേനെ. എന്നിട്ട് മരുഭൂമിയിലെ വന്യമൃഗങ്ങള്‍ക്ക് തീറ്റയായി ഇട്ടുകൊടുക്കും.''
ഖാലിദ് ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.
''ആ.... ഭാവിയുടെ ഏടുകള്‍ എന്റെ മുന്നില്‍ വന്നുനില്‍ക്കും പോലെ.... മുഹമ്മദിന്റെ അനുയായികള്‍ ദിനംപ്രതി വര്‍ധിക്കുന്നു, ആ പ്രബോധനം മുക്കുമൂലകളില്‍ ചെന്നെത്തുന്നു. ഒരുനാള്‍ അദ്ദേഹം മക്കയിലേക്ക് വരുന്നതായും ഞാന്‍ കാണുന്നു. എതിരാളികള്‍ ഓരോരുത്തരായി കടന്നുവന്ന് ഇസ്‌ലാം പുല്‍കുന്നു... ചിലര്‍ ജീവനുംകൊണ്ട് അജ്ഞാത ദേശങ്ങളിലേക്ക് പലായനം ചെയ്യുന്നു... അതെയതെ, അദ്ദേഹത്തെ തന്നെയാണ് ഞാന്‍ കാണുന്നത്.''
ഇക് രിമ ഇടക്ക് കയറി:
''എന്താണിത്? ഭ്രാന്ത് പിടിച്ചോ, ഖാലിദ്? മായാവിഭ്രാന്തികളില്‍ താങ്കളും പെട്ടോ? ഏതായാലും ഖൈബര്‍ നാം ഊഹിച്ചത് പോലെയൊന്നും ആയിരുന്നില്ല. രണ്ടായിരം പടയാളികളെ തന്നാല്‍ ഖൈബര്‍ എങ്ങനെ പിടിച്ചടക്കാമെന്ന് ഞാന്‍ കാണിച്ചുതരുമായിരുന്നു....''
''ബെറ്റ് വെച്ചാലോ?''
''ഗൗരവത്തില്‍ എടുക്കേണ്ട. തമാശ പറഞ്ഞതാണ്.''
''നമ്മള്‍ തമാശകളിലും മതിഭ്രമങ്ങളിലും ആയിരുന്നു. നമുക്കെല്ലാം നഷ്ടപ്പെടുകയാണ്.'' പിന്നെ കുറെക്കൂടി ഗൗരവത്തില്‍ ഇക് രിമയോട്: ''ഇനി മുതല്‍ സത്യം എന്താണെന്ന അന്വേഷണം നാം കാര്യഗൗരവത്തില്‍ നടത്തിയാലോ? സത്യം മുഹമ്മദിന്റെ പക്ഷത്താണെങ്കില്‍ മുഹമ്മദിനെ പിന്തുടരാം. ജൂതന്‍മാരുടെ പക്കലാണെങ്കില്‍ അവര്‍ക്കൊപ്പം ചേരാം. ഇനിയത് നമ്മുടെ അടുത്ത് തന്നെയാണെങ്കില്‍ ആ മാര്‍ഗത്തില്‍ തന്നെ നമുക്ക് മരിക്കാമല്ലോ.''
ഇക് രിമക്ക് ഈ വര്‍ത്തമാനം രസിക്കുന്നുണ്ടായിരുന്നില്ല.
''ഇങ്ങനെയൊരു പ്രശ്നം എന്റെ മുമ്പിലില്ല. എത്രയോ കാലമായി ഞാന്‍ സത്യം കണ്ടെത്തിയിരിക്കുന്നു.''
''എവിടെയാണത്?''
ഇക് രിമ വിരല്‍ ചൂണ്ടി. ''ഇതാ ഇവിടെ എന്റെ ഹൃദയത്തിലുണ്ട്.''
''എന്തൊരു നാശം. ഇക് രിമാ, സത്യം എന്നത് ഓരോരുത്തര്‍ക്കും തോന്നുന്നതല്ല. സത്യം എല്ലാവര്‍ക്കുമുള്ളതാണ്. ചിന്തയിലൂടെ ബോധ്യപ്പെടേണ്ടതാണ്. അത് കേവലം വൈകാരിക തൃഷ്ണകളല്ല.''
''ഖാലിദേ, നീ എന്തെല്ലാമോ വിചിത്രമായ രീതിയില്‍ പറയുന്നു. ആകെ ആശയക്കുഴപ്പമായി.'' 
അര്‍ഥം വെച്ച് ഖാലിദ്, ഇക് രിമയെ നോക്കി. പിന്നെ മൗനം പാലിച്ചു.
(തുടരും) 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top