നെഞ്ചിലെ ഒപ്പനപ്പാട്ട്

സീനത്ത് ചെറുകോട് No image

ആച്ചുട്ടിത്താളം-21

കല്യാണം ചെറുത് മതീന്ന് തീരുമാനിച്ചു. ജോലി കിട്ടിയിട്ട് ഒരു വര്‍ഷമായില്ല. ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് ആദ്യമേ ഉള്ള നിശ്ചയമാണ്. പെണ്ണു കാണല്‍ കഴിഞ്ഞ് ഇനി അധികം നീട്ടണ്ട മോളേ....വേഗങ്ങട്ട് നടത്താം എന്ന അബ്ബയുടെ ആഗ്രഹത്തിനു മുമ്പില്‍ സ്‌നേഹത്തോടെ പിടിച്ചുനിന്നു. 'അദ്ദേഹത്തോട് ചോയ്ച്ച് നോക്കൂ. പറ്റുമെങ്കില്‍ ഇത്തിരി സാവകാശം' എന്നേ പറഞ്ഞുള്ളൂ. ഒരു വര്‍ഷത്തിന്റെ നീളം കിട്ടി. എല്ലാം ഒന്ന് ശരിയാക്കാന്‍ എത്ര പിടിക്കുംന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. കരിമെഴുകിയ നിലമെങ്കിലും ഒന്നു മാറ്റാന്‍ ആവുമോ? മുമ്പിലെ വഴികള്‍ തെളിയുമോ? ഒരു നിശ്ചയവുമില്ല.

പ്രാര്‍ഥനയുടെ  ഉരുക്കം ശക്തി കൂടി. പാതിരാവുകളില്‍ റബ്ബിന്റെ വാതില്‍ക്കല്‍ മുട്ടിവിളിച്ചു. ഒരു വഴിയും കാണാതെ തന്നെ ഉമ്മയോട് പറഞ്ഞു: 

'ഇനി എങ്ങോട്ടും പോകണ്ട.' ഉമ്മ അന്തം വിട്ട് നോക്കി. ഞാന്‍ ചിരിച്ചു തന്നെ നിന്നു.

'പോകണ്ട.'

ഉമ്മ പോയില്ല. വഴികള്‍ റബ്ബ് തുറക്കുന്നതാണ്. ആ വഴികളിലേ വെളിച്ചമുള്ളൂ. അവിടെയേ കനിവിന്റെ നീരുറവകളുള്ളൂ. ഭൂമിയിലെ എല്ലാ നീരുറവകളും അവന്റേതു തന്നെ. കാരുണ്യത്തിന്റെ മഹാനദിയില്‍നിന്ന് അവന്‍ തിരിച്ചുവിട്ട നീര്‍ച്ചാലുകള്‍. ദാഹം പെരുക്കുമ്പോള്‍ നിരാശയോടെ തളര്‍ന്നുവീഴേണ്ടതില്ല. കാത്തിരിക്കുക തന്നെ. ഇടറാതെ നോക്കുക, തന്നെ കാണാതിരിക്കില്ല.

എനിക്കുള്ള നീരുറവ ഞാന്‍ കണ്ടു. ഞാന്‍ കണ്ടതല്ല, അവന്‍ കാണിച്ചുതന്നു. സ്‌കൂളിലേക്കുള്ള നിയമന ഉത്തരവ് കിട്ടുമ്പോള്‍ സന്ധ്യ ചാഞ്ഞ് നിഴലുകള്‍ മാഞ്ഞിരുന്നു.  ഇരുട്ടിലേക്ക് നോക്കി കോലായിലെ നീണ്ട തിണ്ടില്‍ ചാരിയിരിക്കുകയായിരുന്നു ഞാന്‍.  ഇരുട്ടില്‍ തെങ്ങിന്റെ തലപ്പുകള്‍ ആകാശം തൊടുന്നതുപോലെ തോന്നി.  മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ടു നോക്കുമ്പോള്‍ മുനീര്‍ മാഷ്.... നീണ്ട കവര്‍ കൈയില്‍ തരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തു ചിരി.  കൈകള്‍ വിറച്ചു. 

'നാളെ ഇതുമായി സ്‌കൂളില്‍ വരണം.'

കണ്ണുകള്‍ നിറഞ്ഞ് തലയാട്ടി.  അതേ സ്‌കൂളിലെ മാഷാണ് അദ്ദേഹം.  നാട്ടുകാരന്‍.  അദ്ദേഹം പോയിട്ടും ഇരുട്ടില്‍ നിശ്ചലമായി നിന്നു.

റിസള്‍ട്ടറിഞ്ഞിട്ട് കൃത്യം ഒരു മാസം.  കല്ലുമലക്കപ്പുറത്ത് ഉപ്പ കുലുങ്ങിച്ചിരിച്ചു. 

'ഇപ്പോ എന്തേ ഇമ്മ്വോ.. പ്പാന്റെ കുട്ടി എന്തേ വിചാരിച്ച്?'

ആച്ചുട്ടിയുടെ ആടുമണം മൂക്കിലേക്കു കുളിരായി പടര്‍ന്നു. 

'ന്റെ കുട്ടി ടീച്ചറായിലെ?' 

ഒരിക്കലും ഉടുക്കാത്ത കാച്ചിത്തുണീം ചോന്ന പുള്ളിത്തട്ടവും എന്റെ ഓര്‍മകളില്‍ വെറുതെ കരിമ്പന്‍ കുത്തി. യാ റബ്ബ്...യാ റബ്ബ്....എന്റെ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു. ഉമ്മയുടെ തഴമ്പു കനത്ത കൈത്തലം വിറയാര്‍ന്ന് മുകളിലേക്കുയരുന്നത് ഞാന്‍ കണ്ടു. അവശതയുടെ തളര്‍ച്ചയില്‍ വല്യമ്മായിക്ക് പെരുത്ത് സന്തോഷം. അവര്‍ വിശ്രമത്തിലാണ്. ഒരിക്കലും ചിരിക്കാത്ത ചെറിമ്മായി പോലും ചിരിച്ചു.

എത്രയാളുകളുടെ പ്രാര്‍ഥനയായിരുന്നു ആ ജോലി എന്ന് എല്ലാ കണ്ണുകളുമെന്നോടു പറഞ്ഞു. 

വിവരമറിഞ്ഞപ്പോള്‍ അബ്ബ പുഞ്ചിരിച്ചു. വാത്സല്യക്കണ്ണുകളില്‍ സ്‌നേഹത്തിന്റെ ആഴം. സബൂട്ടി ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണുകള്‍ നിറഞ്ഞു നിന്നു. 

'ഇത്താത്താ....'

പാതിവഴിയില്‍ അവന്റെ വാക്കുകള്‍ മുറിഞ്ഞു.  യതീംഖാനയില്‍ വിവരമറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. കൂടെയുള്ളവരൊന്നും ഒരു കരയ്‌ക്കെത്തിയില്ലല്ലോ എന്ന ചിന്ത വേദനയായി. യതീംഖാനാ സ്ഥാപനങ്ങളില്‍ ഒഴിവു വരുന്ന മുറക്ക് കയറാലോന്ന് മനസ്സില്‍ ആശ്വസിച്ചു.

സബൂട്ടി ഡിഗ്രിക്കു ചേര്‍ന്നു. അവന്റെ വായനയുടെ പരപ്പുകൂടി. യതീംഖാനയിലേക്ക് ആഴ്ചയിലൊരിക്കല്‍ പറ്റുന്നത്ര യാത്ര ചെയ്യാന്‍ തീരുമാനിച്ചു. സെന്തില്‍ സ്‌കൂളില്‍ പോകുന്നുണ്ട്. അവന്റെ പേരു മാറ്റണമെന്ന് അവന്‍ ശാഠ്യം പിടിച്ചിട്ടും അബ്ബ സമ്മതിച്ചില്ല. പേരിനപ്പുറത്തേക്ക് പുലരാന്‍ കഴിയാത്ത മനസ്സ് നാം ഉണ്ടാക്കിയതാണല്ലോ.  പേരും ജീവിതവും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത കാലത്ത് ആ പേരിന്റെ പേരില്‍ അവന്‍ ഉരുകി. സെന്തിലെന്ന പേര് വെച്ച് പള്ളിയില്‍ കയറുന്ന അവന്‍ തുറിച്ചുനോട്ടങ്ങളുടെ ഇരയായി. പള്ളിയില്‍ പോകാന്‍ അവനോട് പറഞ്ഞതല്ല. അവന്‍ തനിയെ പോകാന്‍ തുടങ്ങി. അല്ലെങ്കിലും അബ്ബയുടെ അടുത്തെത്തുന്നതു വരെ അവന്‍ ദൈവമേ എന്നു വിളിച്ചിരുന്നോ? 

'പേരവിടെ കിടക്കട്ടെ. പ്രായപൂര്‍ത്തിയാവുമ്പോള്‍ ഇഷ്ടം പോലെ ചെയ്യട്ടെ' എന്ന അബ്ബയുടെ തീരുമാനം ഉറച്ചതായിരുന്നു.

'മഹ്‌റ് എന്തു വേണംന്ന് അവന്‍ ചോദിച്ചിരുന്നു.' 

ആഴ്ചയിലെ  കാണലില്‍ എപ്പോഴോ അബ്ബ ഓര്‍മിപ്പിച്ചു. മഹ്ര്‍.....എന്തുവേണം? ഞാന്‍ പറയണല്ലോ അത്. മനസ്സിന്  ബോധിക്കുന്ന ഒന്നുമില്ല. തറവാട്ടിലെ ഇത്താത്തമാരുടെ സ്വര്‍ണമാല അവരുടെ കഴുത്തില്‍ കിടന്ന് ആലോലമാടുന്നത് ഇഷ്ടത്തോടെ നോക്കി നിന്നിട്ടുണ്ട്. അവരുടെ തൂങ്ങിക്കിടക്കുന്ന കമ്മലുകള്‍ കാതില്‍ സ്വകാര്യം പറയുന്നത് കാണ്‍കെ ഇത്തിരിക്കുഞ്ഞന്‍ കമ്മല്‍ മുറിഞ്ഞപ്പോള്‍ കാതിലെ ഓട്ട തൂര്‍ന്നുപോവാതിരിക്കാന്‍ ഉമ്മ ഇട്ടുതന്ന ഈര്‍ക്കിള്‍ കഷണത്തോട് വെറുപ്പ് തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ആ ഇഷ്ടങ്ങളില്ല, വെറുപ്പും. ഒരു മാലയും മനസ്സില്‍ കുളിര് കോരുന്നില്ല. ഒരു കമ്മലിന്റെയും സ്വകാര്യങ്ങള്‍ പാളിനോക്കുന്നില്ല. ഒരു തരി സ്വര്‍ണവും ശരീരത്തിലില്ല. അതുകൊണ്ട് കുഴപ്പമൊന്നും ഇതുവരെ തോന്നിയിട്ടുമില്ല. ഒഴിവുള്ള സമയങ്ങളില്‍ കോളേജിന്റെ നീണ്ട ഇടനാഴിയുടെ അറ്റത്ത് പുസ്തകങ്ങളുടെ മണം പിടിക്കാന്‍ ഒളിച്ചു നിന്ന പെണ്‍കുട്ടി മനസ്സില്‍ പുഞ്ചിരിച്ചു. 

'അബ്ബാ.... കൊറച്ച് പുസ്തകങ്ങള്‍ മതി.' 

'മതി.' 

അബ്ബക്ക് സന്തോഷം.

'അയ്‌ക്കോട്ടെടോ. തനിക്കെന്താ വേണ്ടത് ച്ചാ അതല്ലേ തരണ്ടത്?' എന്ന് ഏതോ ചായ കുടിക്കിടെ അബ്ബയോടും പകുതി തന്നോടുമുള്ള സമ്മതത്തില്‍ സന്തോഷം തോന്നി.

എട്ടു മാസത്തെ ശമ്പളം ഒന്നിച്ച് കൈയില്‍ കിട്ടുമ്പോള്‍ നെഞ്ച് വിറച്ചു. ബസ്‌കൂലിക്കും വീട്ടുചെലവിനും വായ്പ വാങ്ങിയത് തിരിച്ചുകൊടുത്ത് ബാക്കി ഉമ്മയെ ഏല്‍പിക്കുമ്പോള്‍ അഭിമാനം തോന്നി. ആകാശത്തിന്റെ നീലിമയില്‍ കണ്ണുകളുടക്കി.

'കല്യാണത്തിന് ഇഞ്ഞ് ആകെ രണ്ടു മാസേ ഉള്ളൂ. ഒരു മാലെങ്കിലും വാങ്ങണം.'

'വേണ്ടുമ്മാ....ഇവിട്യൊക്കൊന്ന് നന്നാക്കാന്‍ ആര്യാച്ചാ ഏല്‍പിച്ചളിം.'

'ആരാന്റെ പെരേക്ക് ചെല്ലാനുള്ളതാ. ഒന്നൂല്ലാതെ എങ്ങനെ പോകും ആ ഓര്‍മ്മണ്ടൊ അനക്ക്?' 

ഒന്നും മിണ്ടിയില്ല. ചെന്ന് കയറിയാല്‍ പിന്നെ ആരാന്റെ വീടല്ലല്ലോ, സ്വന്തം വീടല്ലേന്ന് മനസ്സില്‍ പറഞ്ഞു. ഓര്‍മവെച്ച നാള്‍ മുതല്‍ ഓരോ പെണ്‍കുട്ടിയും കേള്‍ക്കുന്നതാണിത്. ആരാന്റെ വീടെന്ന ഭീകരതയെപ്പറ്റി. സ്വന്തം വീടുതന്നെ ചെന്നു കയറുന്ന വീടും എന്നു പറഞ്ഞുകൊടുക്കാന്‍ ആരുമില്ലാതാവുമ്പോള്‍ അന്യമെന്ന ബോധം ഉറക്കുക തന്നെയാവും. ഭര്‍തൃവീടും സ്വന്തംവീടും തമ്മിലുള്ള അകലം കൂടാന്‍ അതൊരു കാരണം തന്നെയാണ്. അകലങ്ങള്‍ മനസ്സിലുണ്ടാവരുതേ എന്നു പ്രാര്‍ഥിച്ചു. ഒരു കൂരക്കുള്ളില്‍ മനസ്സില്‍ കാതങ്ങളുടെ അകലവുമായി ജീവിക്കാന്‍ വയ്യ.

കല്യാണത്തിന്  അബ്ബയും സെന്തിലും രാവിലെത്തന്നെ എത്തി. സബൂട്ടി തലേന്നു തന്നെ വന്നിരുന്നു. അനിയന്റെ ഒപ്പം അവന്‍ എല്ലാറ്റിനും കൂടി. ഇത്തിരി മുറ്റത്ത് പന്തലിടുന്നതിന്റെ ബഹളം. നേരം വെളുത്ത മുതല്‍ ഇരിക്കാന്‍ പറ്റിയിട്ടില്ല. ആളുകളുടെ വരവും പോക്കും. വല്ലാത്ത ക്ഷീണം തോന്നി.

'ഇത്തിരി ചോറ് തിന്നൂടെ ഇത്താത്താ ങ്ങക്ക്.' 

സബൂട്ടി ദേഷ്യപ്പെട്ടു.

'ജ് വല്ലതും കഴിച്ചോ സബൂട്ട്യേ?'

'ഞാന്‍ കഴിച്ചോള. ഇത്താത്ത ആദ്യം കഴിക്ക്. ഉച്ചക്ക് ഞാന്‍ കണ്ടതാ, ഒന്നും കഴിക്കാതെ ഓട്ണത്.'

ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴേക്കും ആരൊക്കെയോ വന്നു. അതവന്‍ കണ്ടിട്ടുണ്ടാവും. എല്ലാവരും പോയിക്കഴിഞ്ഞപ്പോഴേക്കും വിശപ്പ് കെട്ടു.

മൈലാഞ്ചി ഒന്നും ഇട്ണില്ലേ എന്ന് ചോദിച്ച് ഗൗരവപ്പെട്ടതും അവന്‍ തന്നെ. ഞാനവനെ വെറുതെ നോക്കി. അവന്റെ മുഖത്ത് കാരണവരുടെ ഭാവം, വാത്സല്യം.  എന്റെ മോനേ, നീ എന്നാണടാ ഇത്ര വലുതായതെന്ന് മൗനമായി അവന്റെ പുറത്ത് ഉഴിഞ്ഞു.  

'ഇപ്പൊ അങ്ങാടീന്ന് വാങ്ങാന്‍ കിട്ടും ട്യൂബ് മൈലാഞ്ചി. ഇടാന്‍ സുഖാണ്.' 

ആരോ അഭിപ്രായം പറഞ്ഞു. ട്യൂബ് മൈലാഞ്ചി എന്ന് കേട്ടപ്പഴേ ഓക്കാനിക്കാന്‍ തോന്നി. അരയ്ക്കുന്നതു മുതല്‍ മൂക്കിലേക്കു വലിച്ചുകയറ്റുന്ന ഒരു സുഖമുള്ള മണമുണ്ട്  മൈലാഞ്ചിക്ക്. അരച്ച കൈ മൂക്കത്തു വെച്ചാല്‍ പിന്നെ എടുക്കാന്‍ തോന്നില്ല. ഒരു നേര്‍ത്ത സുഗന്ധം. അതിന്റെ സ്ഥാനത്ത് കെട്ട വാടയുമായി ഒരു പകരം. അരച്ച മൈലാഞ്ചി ഇത്തിരി ഇടാമെന്നു വെച്ചു.

നികാഹിന് അനിയന്‍ രക്ഷിതാവായി. അവന്റെ മുഖത്ത് വെപ്രാളം. അബ്ബ കൂടെ നിന്നു. ഉപ്പയായിട്ടല്ല, വല്ലിപ്പയായി. വല്ലിപ്പമാര്‍ക്കാണല്ലോ വാത്സല്യം കൂടുതല്‍. ശിഷ്യന്‍ പുതിയാപ്ലയാവുന്നത് സന്തോഷത്തോടെ അദ്ദേഹം നോക്കിനിന്നു.

എല്ലാം കഴിഞ്ഞ് യാത്ര പറയാന്‍ നേരം ഉമ്മ വിതുമ്പി. അടക്കിപ്പിടിച്ച ധൈര്യമൊക്കെ ചോര്‍ന്നു പോണപോലെ തോന്നി. ഉമ്മ കെട്ടിപ്പിടിച്ച് കരഞ്ഞു. ഓര്‍മവെച്ചതു മുതല്‍ കൊതിച്ചതാണ്. ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല ഇങ്ങനെയൊരു കെട്ടിപ്പിടിത്തം.  കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരോ പിടിച്ചുമാറ്റി. കല്യാണം കഴിഞ്ഞു പോകുമ്പോള്‍ പെണ്‍കുട്ടികള്‍ കരയുന്നത് വെറുതെ ഒരു കാട്ടിക്കൂട്ടല്‍ എന്നാണ് അതുവരെ തോന്നിയിരുന്നത്. പക്ഷേ അതൊരു യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെട്ടു. ഒരു പറിച്ചുനടീല്‍. പറിക്കുമ്പോഴുണ്ടാകുന്ന വേദന. ഒന്നുകൂടി തെഴുത്ത് വളരാനാണെങ്കിലും പറിക്കുമ്പോള്‍ വേദനിക്കും. അബ്ബ ചേര്‍ത്തുപിടിച്ച് പുറത്തു തട്ടി. കൈകള്‍ മൂര്‍ധാവില്‍ വെച്ചു. കണ്ണടച്ചു നിന്നു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ നെഞ്ചിലൂടെ പരന്നൊഴുകി. നേര്‍ത്ത തേങ്ങല്‍ പിന്നെയും കണ്ണു നിറച്ചു. അടുത്തു നില്‍ക്കുന്ന ഇക്ക കൈകളില്‍ തോണ്ടി. 'നിനക്കിത് ഒട്ടും ചേര്ണില്ല.' മുഖത്ത് നിറഞ്ഞ ചിരി. കരഞ്ഞുകൊണ്ട് ചിരിച്ചു. സെന്തിലിന്റെയും സബൂട്ടിയുടെയും മുടിയിലൂടെ പതുക്കെ വിരലുകളോടിച്ചു.

'വേണെങ്കി അവരേം കൂട്ടിക്കോ.'

ഇക്കയുടെ മുഖത്ത് പിന്നെയും കുസൃതി. സബൂട്ടിയുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.

'തനിക്ക് എപ്പൊ വേണെങ്കിലും വരാലോ. അളിയന് സ്വാഗതം.'

ഇക്ക അവന്റെ തോളില്‍ തട്ടി.

അനിയന്‍ ഇക്കയെ ആലിംഗനം ചെയ്തു. യാത്ര പറഞ്ഞ് വണ്ടിയില്‍ കയറുമ്പോള്‍ ഇക്ക ചിരിച്ചു. 'ഇനി ഒന്നിച്ച്.' അതേ, ഒറ്റപ്പെടലുകള്‍ അവസാനിക്കുകയാണ്. മനസ്സില്‍ ഏതോ ഒപ്പനപ്പാട്ടിന്റെ ഇശലുകള്‍ നിറഞ്ഞു. കൈപിടിച്ച് തുഴയാന്‍ ഒരാള്‍ കൂടി. കൈകള്‍ക്ക് ബലമുണ്ടാവട്ടെ. ഒരാശ്വാസം പോലെ ആ കൈകളിലേക്ക് എന്റെ കൈവെള്ള ചേര്‍ത്തുവെച്ചപ്പോള്‍ കണ്ണുകള്‍ നിറയാതിരിക്കാന്‍ പാടുപെട്ടു. സീറ്റില്‍ ചാരിക്കിടന്ന് മനസ്സ് ശാന്തമാക്കാന്‍ ശ്രമിച്ചു. കലങ്ങിത്തെളിയട്ടെ എല്ലാം.

വീട്ടിലേക്കു കയറുമ്പോള്‍ ആയിരം കണ്ണുകള്‍ ചുറ്റുമുണ്ടെന്നു തോന്നി. ഒരു തരി സ്വര്‍ണമില്ലാതെ ഒരു പെണ്ണ് കയറിവരികയാണ്. അടക്കം പറയുന്ന ചുണ്ടുകള്‍. കൊത്തിവലിക്കുന്ന കണ്ണുകള്‍. കാര്യമാക്കേണ്ടെന്ന് ഇക്ക കണ്ണു ചിമ്മി. ദൈവനാമം ഉരുവിട്ട് വലതുകാല്‍ വെച്ച് കയറി. അവന്റെ കാവലിനു വേണ്ടി മനസ്സു തേടി. ആ കാവല്‍ തന്നെ ജീവിതം.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top