കിളിര്‍ത്തു വരുന്ന ഭൂമി പോലെ ജീവിതം

എ. റഹ്മത്തുന്നിസ No image

വെള്ളം സൃഷ്ടിച്ച നാഥന്റെ മുന്നില്‍ ധ്യാനാത്മകമായി കഴിയേണ്ട സന്ദര്‍ഭമാണ് മഴ ധാരാളമായി ലഭിക്കുന്ന ഈ കാലം. രണ്ടു കണിക ഹൈഡ്രജനും ഒരു കണിക ഓക്‌സിജനും ചേര്‍ന്നുണ്ടാകുന്നത് എന്ന് ശാസ്ത്രം പറയുന്ന ജലം ഒരു മഹാത്ഭുതം തന്നെയാണ്. സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിവൈഭവം തെളിയിക്കാന്‍ മറ്റൊന്നും വേണ്ടതില്ല. ലോകത്ത് മനുഷ്യന് എന്തൊക്കെ വിഭവങ്ങള്‍ ലഭിക്കുന്നുണ്ടോ അതൊക്കെ അന്തിമവിശകലനത്തില്‍ ആകാശത്തുനിന്ന് വര്‍ഷിക്കപ്പെടുന്ന മഴയെ ആശ്രയിച്ചിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: 'അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്. ആകാശത്തുനിന്ന് അവന്‍ നിങ്ങള്‍ക്ക് അന്നം ഇറക്കിത്തരുന്നു' (40:13).

'കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി. അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍ ഇടതൂര്‍ന്ന തോട്ടങ്ങളും' (78:14-16).

ജപ്പാന്‍ ശാസ്ത്രജ്ഞനായ മസറു ഇമോട്ടോ (Masaru Emoto) 15 വര്‍ഷങ്ങളെടുത്ത് 5 വാള്യങ്ങളിലായി തയാറാക്കിയ 'മെസേജ് ഫ്രം വാട്ടര്‍' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം കണ്ടെത്തിയ വെള്ളത്തിന്റെ മഹാത്ഭുതങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. വെള്ളത്തിന് ചിന്തിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുണ്ടെന്നും ആകാശത്തുനിന്നും വീഴുന്ന ഓരോ മഞ്ഞുതുള്ളിയും വ്യത്യസ്തമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ജീവജാലങ്ങള്‍ക്ക് വാസയോഗ്യമാക്കി ഭൂമിയെ നിലനിര്‍ത്താനും ചൂട് ക്രമീകരിക്കാനും ഭൂമിയുടെ മുക്കാല്‍ ഭാഗവും വെള്ളമാക്കിയാണ് അല്ലാഹു സംവിധാനിച്ചത്. അതുകൊണ്ടാണ് ഭൂമിയെ നാം നീലഗോളം (Blue Planet) എന്ന് വിളിക്കുന്നത്. ജലചംക്രമണത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്കറിയാം ഭൂമിയിലെ വെള്ളം നീരാവിയായി ആകാശത്തേക്കുയര്‍ത്തപ്പെടുന്ന പ്രക്രിയ. ഏത് മലിന ജലത്തെയും ശുദ്ധീകരിച്ച അവസ്ഥയിലാണ് ആകാശത്തേക്കുയര്‍ത്തുന്നത്. അല്ലെങ്കില്‍ മേഘമായി പെയ്തിറങ്ങുന്ന മഴ എത്ര മലിനമായിരിക്കും?

ജനനം മുതല്‍ മരണം വരെ മാത്രമല്ല മരണാനന്തര ജീവിതത്തിലും ജലത്തിന് മനുഷ്യ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ളതായി വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. ജീവന്റെ ഉറവിടം വെള്ളമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു: 'ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പ്പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു' (21:30). 'അല്ലാഹുവിന്റെ സിംഹാസനം വെള്ളത്തിനു മീതെയാണെന്നും നാം പഠിപ്പിക്കപ്പെട്ടു' (11:7).

സ്വര്‍ഗമാകട്ടെ താഴ്ഭാഗങ്ങളിലൂടെ അരുവികള്‍ ഒഴുകുന്ന തോട്ടങ്ങളാല്‍ അലംകൃതമാണ്. ഭൂമിയുടെ ഒത്ത നടുക്ക് മക്കാ മണലാരണ്യത്തില്‍ ഒരു ഉത്തമ സംസ്‌കൃതിക്ക് അല്ലാഹു തുടക്കം കുറിച്ചത് സംസം എന്ന ലോകം കണ്ട മഹാത്ഭുതമായ, ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നീരുറവ നല്‍കിക്കൊണ്ടാണ്.

 

വിശ്വാസിയുടെ ജീവിതത്തില്‍ ജലത്തിന് അഭേദ്യമായ ബന്ധം

വൃത്തിയുടെ ആധാരമാണ് ജലം. വിശ്വാസത്തിന്റെ പാതിയാണ് വൃത്തി എന്നാണ് പ്രവാചകന്‍(സ) അനുചരന്മാരെ പഠിപ്പിച്ചത്. ദൈവവുമായുള്ള വിശ്വാസിയുടെ ബന്ധത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെള്ളം. നാഥന്റെ മുന്നില്‍ നമസ്‌കാരമാകുന്ന അഭിമുഖ സംഭാഷണത്തിലേര്‍പ്പെടുമ്പോഴെല്ലാം അംഗശുദ്ധി നിര്‍ബന്ധമാണ്. ശരീരഭാഗങ്ങളിലൂടെ വുദൂ ചെയ്ത വെള്ളം ഇറ്റിവീഴുമ്പോള്‍ ആ ഭാഗത്തെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു. അഞ്ചു നേരത്തെ നമസ്‌കാരത്തെ വീടിന് മുന്നിലൂടെ ഒഴുകുന്ന നദിയില്‍നിന്ന് അഞ്ചു തവണ കുളിക്കുന്നതിനോടാണ് ഉപമിച്ചത്. കുളി നിര്‍ബന്ധമാകുന്ന സന്ദര്‍ഭങ്ങളും വിശ്വാസിക്കുണ്ട്. ദാഹിക്കുന്ന മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും വെള്ളം നല്‍കുന്നത് പ്രതിഫലാര്‍ഹമായ ദാനമായിട്ടാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. നായക്ക് വെള്ളം നല്‍കിയതിന്റെ പേരില്‍ സ്വര്‍ഗാവകാശിയായ മനുഷ്യന്റെ കഥ പ്രവാചകന്‍ വിവരിച്ചത് അതിനു വേണ്ടിയാണ്.

 

ഖുര്‍ആനിക നിര്‍ദേശങ്ങള്‍

ജലത്തിന് അറബി ഭാഷയില്‍ ഉപയോഗിക്കുന്ന 'മാഅ്' എന്ന പദം 63 തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും പ്രതാപവും വിളിച്ചോതാന്‍ പലയിടത്തും വെള്ളത്തിന്റെ സൃഷ്ടിപ്പ് എടുത്തു പറയുന്നു. 'നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതു വറ്റിച്ചുകളയാനും നമുക്കു കഴിയും. അങ്ങനെ ആ വെള്ളം വഴി നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളിയുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു' (23: 18,19).

വിശുദ്ധ ഖുര്‍ആന്‍ അവതരണം തന്നെയും ആകാശത്തുനിന്ന് ജലം വര്‍ഷിക്കപ്പെടുന്നതുപോലെയായിരുന്നു. നന്മക്കു വേണ്ടി ദാഹിക്കുന്ന മനുഷ്യര്‍ക്ക് അത് തീര്‍ഥജലമായി. വേണ്ടപ്പോള്‍ വേണ്ട അളവില്‍ സമയമെടുത്ത് 23 വര്‍ഷക്കാലം കൊണ്ട് ആ ദിവ്യഗ്രന്ഥം പെയ്തിറങ്ങിയപ്പോള്‍ മരുഭൂമിയില്‍ ഒരു മലര്‍വാടി തന്നെ അബൂബക്‌റിന്റെയും ഉമറിന്റെയും ഖദീജയുടെയും ആഇശയുടെയുമൊക്കെ രൂപത്തില്‍ വളര്‍ന്നുവന്നു. ലോകമാകെ ആ സുഗന്ധം വ്യാപിക്കുകയും ചെയ്തു. ഇന്നും നിര്‍ജീവമായ ഭൂമിയെ വെള്ളം എങ്ങനെയാണോ ജീവന്‍ കൊണ്ട് നിറക്കുന്നത് അതുപോലെ നിര്‍ജീവമായ ഹൃദയങ്ങളെ സജീവമാക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതില്‍ ജലം അനിവാര്യമാണോ അതേ അനിവാര്യത ജീവിതസംസ്‌കാരം നിലനിര്‍ത്തുന്നതില്‍ ദിവ്യബോധനത്തിനുണ്ട്.

മഴയില്ലാത്ത അവസ്ഥ അല്ലാഹുവിന്റെ കോപത്തിന്റെയും ശിക്ഷയുടെയും ലക്ഷണമാണ്. അതിനാല്‍തന്നെ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥന പശ്ചാത്താപത്തില്‍നിന്ന് തുടങ്ങണം. കാരണം അതിന്റെ കാരണക്കാരന്‍ മനുഷ്യനാണ്. 'മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചു തന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?' (30:41).

എന്തൊരു ചൂട് എന്ന് വിലപിക്കുകയല്ല, അറിഞ്ഞും അറിയാതെയും ദൈവകോപത്തിനിരയാവുന്ന രീതിയിലുള്ള എല്ലാ ചെയ്തികള്‍ക്കും പൊറുക്കലിനെ തേടിക്കൊണ്ട് ദിവ്യകാരുണ്യത്തിന്റെ വാതിലില്‍ മുട്ടുന്നതാണ് കരണീയം. നൂഹ് നബി അല്ലാഹുവിന് നല്‍കുന്ന നിവേദനം കാണുക:

'ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും. സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും'(71;10,11).  ഈ അഭ്യര്‍ഥന നിരസിച്ചവരെ അനുഗ്രഹമാകേണ്ട അതേ ജലംകൊണ്ട് അല്ലാഹു നശിപ്പിച്ചത് നമുക്കറിയാം.

ഹൂദ് നബിയും ഇക്കാര്യം സ്വന്തം ജനതയെ ഉദ്‌ബോധിപ്പിച്ചതായി കാണാം: 'എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും' (11:52).

 

ദുര്‍വ്യയം അരുത്

ഔഷധം പോലെ സൂക്ഷിച്ച് ശ്രദ്ധിച്ച് ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 'ആദം സന്തതികളേ, നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്' (7:31). ഒരു യാത്രക്കിടയില്‍ നദിക്കരയില്‍ ഇരുന്ന് വുദൂവെടുത്തുകൊണ്ടിരുന്ന സഅ്ദി(റ)ന്റെ അടുത്തേക്ക് എന്തോ ദുരന്തം സംഭവിച്ച മട്ടില്‍ പ്രവാചകന്‍(സ) ഓടിവന്നതും 'ഇതെന്തൊരു ധൂര്‍ത്താണ് സഅ്‌ദേ?' എന്ന് ചോദിച്ചതും 'വുദൂവിലും ധൂര്‍ത്തോ' എന്ന് ചോദിച്ച സഅ്ദിനോട് 'ഒഴുകുന്ന നദിയില്‍നിന്നാണെങ്കിലും ആവശ്യത്തിനേ ഉപയോഗിക്കാവൂ' എന്ന് നബി(സ) പറഞ്ഞതും ചരിത്രപ്രസിദ്ധമാണല്ലോ. ഇതിനേക്കാള്‍ മികച്ച സാമ്പത്തിക-പാരിസ്ഥിതിക അധ്യാപനം മറ്റെന്താണുള്ളത്?

 

ജലം പഠിപ്പിക്കുന്ന പാഠങ്ങള്‍

ജീവിതത്തിന് തുടക്കമുള്ളതുപോലെ തന്നെ ഒടുക്കവും ഉണ്ട്. ആകാശത്തുനിന്നും വര്‍ഷിക്കപ്പെടുന്ന മഴയില്‍ മുളച്ചുപൊന്തുന്ന സസ്യലതാദികള്‍ കൊടുംചൂടില്‍ ഇല്ലാതാവുന്നതുപോലെ നമ്മുടെ ജീവിതവും ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും രൂപത്തില്‍ ഒടുങ്ങും.

'ഐഹിക ജീവിതത്തിന്റെ ഉപമയിതാ: മാനത്തുനിന്നും നാം മഴപെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു; മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്‍പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നിട്ടില്ലാത്ത വിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്' (10:24).

ജീവിതത്തിന് ഒടുക്കമുള്ളതുപോലെ ഉയിര്‍ത്തെഴുന്നേല്‍പും ഉണ്ട്: ഖുര്‍ആന്‍ സൂറത്തുന്നബഇല്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഉറപ്പായും സംഭവിക്കും എന്ന് സ്ഥാപിച്ചുകൊണ്ട് പറയുന്ന ചില കാര്യങ്ങളുണ്ട്. അവയില്‍പെട്ടതാണ്, 'കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി. അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍. ഇടതൂര്‍ന്ന തോട്ടങ്ങളും. നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്' (78:14-17).

വരണ്ടുണങ്ങിയ, ജീവന്റെ യാതൊരു അടയാളവും ഇല്ലാതിരുന്ന ഭൂമിയില്‍നിന്നും പുതുമഴക്ക് സസ്യലതാദികള്‍ മുളച്ചുപൊന്തുന്നതുപോലെ ആദിപിതാവ് മുതല്‍ മരിച്ച് മണ്ണോടു ചേര്‍ന്ന സകലമനുഷ്യരെയും പുനരുജ്ജീവിപ്പിക്കാനും രക്ഷാശിക്ഷകള്‍ നടപ്പിലാക്കാനും പ്രതിഫല ദിനത്തിനുടയവനായ അല്ലാഹുവിന് കഴിയുക തന്നെ ചെയ്യും. ജലചംക്രമണം പോലെ ജീവിതത്തില്‍നിന്ന് മരണവും മരണത്തില്‍നിന്ന് ജീവിതവും സംഭവിക്കുക തന്നെ ചെയ്യും. 'തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റു കിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം' (7:51).

ദിവ്യകാരുണ്യത്തെക്കുറിച്ച് നമ്മെ ഉണര്‍ത്തുകയും നാഥനോട് നന്ദിയുളളവരാവാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു:

'നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെ കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?' (56:68-70).

നിര്‍മാണത്തിനും സംഹാരത്തിനും: ജീവന്‍ അങ്കുരിപ്പിക്കാനും നിലനിര്‍ത്താനും പ്രാപ്തിയുളള അതേ ജലം തന്നെ പലപ്പോഴും ജീവജാലങ്ങളുടെ നാശത്തിനും ഹേതുവാകാറുണ്ട്. സൂനാമി മുതല്‍ മഞ്ഞുമഴവരെ വിതച്ച നാശങ്ങള്‍ ഉദാഹരണമാണ്. അതുപോലെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടികര്‍ത്താവിന് ഇതെല്ലാം ഏതു നിമിഷവും നശിപ്പിക്കാനും സാധിക്കും.

നുരയും പതയും: ജലത്തില്‍നിന്ന് പൊന്തുന്ന നുരയും പതയും പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുമെങ്കിലും അതിവേഗം നശിച്ചുപോകുന്നവയാണ്. അതുപോലെ മനുഷ്യര്‍ക്കിടയിലും നുരകളും പതകളും പൊന്തിവരാറുണ്ട്. എന്നാല്‍ അവയൊക്കെ എത്ര ആകര്‍ഷകങ്ങളാണെങ്കിലും ക്ഷണികങ്ങളാണ്. ശാശ്വത നന്മ ശുദ്ധജലം പോലെ തെളിഞ്ഞതും ശാന്തവുമായ മനുഷ്യന്റെ അടിസ്ഥാന നന്മകളായ ലാളിത്യം, വിനയം, സല്‍സ്വഭാവം, സത്യസന്ധത തുടങ്ങിയവയാണ്. കാട്ടിക്കൂട്ടലുകള്‍ക്കും ജാഡകള്‍ക്കും അല്‍പായുസ്സേ ഉള്ളൂ. ജലം നമ്മോടാവശ്യപ്പെടുന്നത് ശുദ്ധജലമാവാനാണ്, നുരയും പതയുമാവാതിരിക്കാനാണ്. കാരണം, തെളിഞ്ഞ വെള്ളമുള്ളിടത്തേക്ക് ആളുകള്‍ ഓടിയടുക്കും, അകന്നുപോവില്ല.

ഒഴുകുന്ന നദിയാവുക: സത്യവിശ്വാസിയുടെ ജീവിതം കെട്ടിക്കിടക്കുന്ന ജലംപോലെ ആകരുത്. കാരണം കെട്ടിക്കിടക്കുന്ന ജലം പെട്ടെന്ന് മലിനമായിത്തീരുന്നതുപോലെ നിഷ്‌ക്രിയരായി, പുതുതായി ഒന്നും പഠിക്കാതെ, പരീക്ഷിക്കാതെ ജീവിതം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ തള്ളിനീക്കുന്നവര്‍ പെട്ടെന്നു തന്നെ പലവിധ രോഗങ്ങള്‍ക്കും അടിമപ്പെട്ട് ഉള്ള കഴിവുകള്‍ പോലും നശിച്ച് കുടുംബത്തിനും സമൂഹത്തിനും ഒരു ഭാരവും ശല്യവുമായിത്തീരും. ശരീരം മാത്രമല്ല, മനസ്സും ദുഷിക്കും. അതിനാല്‍ ഉള്ള കഴിവുകള്‍ ഉപയോഗപ്പെടുത്തുകയും പുതിയ പുതിയ മേഖലകള്‍ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കാലത്തിന്റെ ഒപ്പമല്ല കാലത്തിന് മുമ്പേ നടക്കാനാണ് ജലം മനുഷ്യനെ പഠിപ്പിക്കുന്നത്.

വൈരുധ്യങ്ങളുടെ വിസ്മയകരമായ സങ്കലനം: രണ്ട് വൈരുധ്യങ്ങള്‍ ചേര്‍ന്നാണ് ജലം എന്ന അത്ഭുതം ഉണ്ടാവുന്നത്. ഹൈഡ്രജനും ഓക്‌സിജനും. ഒന്ന് കത്തുന്നതും മറ്റൊന്ന് കത്താന്‍ സഹായിക്കുന്നതുമാണ്. ഇതുപോലെ വൈരുധ്യങ്ങളുടെ സമന്വയമാണ് മനുഷ്യജീവിതം. വ്യത്യസ്ത പ്രകൃതക്കാരായ ആണും പെണ്ണും ചേരുംപടി ചേരുമ്പോഴാണ് സ്വഛസുന്ദരമായൊഴുകുന്ന ഒരു കുടുംബം ഉടലെടുക്കുന്നത്. ഓരോന്നും അവയുടെ പ്രകൃതം നിലനിര്‍ത്തല്‍ ശരിയായ ഉല്‍പന്നം തന്നെ ലഭിക്കാന്‍ അനിവാര്യമാണ്. ഒന്ന് മറ്റൊന്നിനെ പോലെയാവാന്‍ ശ്രമിക്കുമ്പോള്‍ അവിടെ സംഘര്‍ഷം ഉടലെടുക്കുന്നു. A place for every one and every one in their place. ഇത് ജലത്തില്‍നിന്നും മനുഷ്യന്‍ പഠിക്കേണ്ട സൂക്ഷ്മമായ പാഠമാണ്. രണ്ട് ഹൈഡ്രജന്‍ കണികകള്‍ക്ക് പകരം ഒന്നോ മൂന്നോ ആയാല്‍, ഓക്‌സിജന്‍ ഒരു കണികക്ക് പകരം രണ്ടോ മൂന്നോ ആയാല്‍ ഈ സമന്വയത്തിലൂടെയുള്ള അത്ഭുതം സംഭവിക്കില്ല.

ബഹുമുഖത: ജലത്തിന് സ്വന്തമായി രൂപമോ ഗന്ധമോ ഇല്ല. പാത്രത്തിനനുസരിച്ച് രൂപമാറ്റം വരുത്താനും കൂടിച്ചേരുന്ന വസ്തുവിനനുസരിച്ച് രുചിയും ഗന്ധവും മാറ്റാനും കഴിയുന്നു. നല്ല വസ്തുക്കളുമായി കൂടുമ്പോള്‍ നല്ല സുഗന്ധവും രുചിയും. ചീത്ത വസ്തുക്കളുമായാണ് കൂടിക്കലരുന്നതെങ്കില്‍ നേരെ മറിച്ചും. ഇത് രണ്ടും മനുഷ്യന് പാഠമാണ്. ഏതു സാഹചര്യത്തിലും അവസ്ഥയിലും ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാനും ഏതു തരം സഹജീവികള്‍ക്കും പ്രയോജനകരമാവാനും മനുഷ്യന് സാധിക്കണം. എന്നാല്‍ അലിഞ്ഞുചേരേണ്ടത് നല്ല ആളുകളുമായാണ്. ഇല്ലെങ്കില്‍ നമ്മുടെ സ്വഭാവത്തിലും ദോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവും. അരൂപിയാണ് ജലം. എന്നാല്‍ നിര്‍വഹണത്തിനും സംഹാരത്തിനും കഴിവുള്ളത്. അല്ലാഹുവും അങ്ങനെ തന്നെ. ശക്തിയുടെ പ്രഭാവം നിര്‍ണയിക്കപ്പെടേണ്ടത് രൂപം, ഭാവം, ഗന്ധം ആദിയായവയെ അടിസ്ഥാനപ്പെടുത്തിയല്ല. രൂപമില്ലാതെ തന്നെ റബ്ബിനെ അറിയാനും പ്രാപിക്കാനും അനുഭവിക്കാനും കഴിയും.

സ്വയം ശുദ്ധിയുള്ളവരാവുക: സ്വയം ശുദ്ധിയുള്ള വെള്ളത്തിനേ മറ്റുള്ളവരെ ശുദ്ധിയാക്കാന്‍ കഴിയൂ. അതുപോലെ നാം സ്വയം ശുദ്ധിയുള്ളവരായാലേ സമൂഹത്തെ സംസ്‌കരിച്ചെടുക്കുക എന്ന ഉത്തമ മുസ്‌ലിമിന്റെ ഉത്തരവാദിത്തം ശരിയാംവണ്ണം നിര്‍വഹിക്കാന്‍ കഴിയൂ.

ഫലങ്ങള്‍ വ്യത്യസ്തം: ആകാശത്തുനിന്നും ഒരേപോലെ വര്‍ഷിക്കപ്പെട്ട മഴ ഭൂമിയുടെ വിവിധ പ്രദേശങ്ങളില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ഫലം വ്യത്യസ്തം. ചിലയിടങ്ങളില്‍ നല്ല ഫലം തരുന്ന സസ്യലതാദികള്‍ മുളച്ചുപൊന്തുമ്പോള്‍ വേറെ ചിലയിടങ്ങളില്‍ അതേ വെള്ളം കെട്ടിനിന്ന് കൊതുകുകളും മറ്റും മുട്ടയിട്ട് പെരുകി ദുര്‍ഗന്ധം വമിക്കുന്ന ശല്യമായി മാറുന്നു. മറ്റു സ്ഥലങ്ങളിലാവട്ടെ വെറുതെ ഒഴുകിപ്പോകുന്നു. ഇതുപോലെയാണ് ദിവ്യബോധനം മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത്. ചിലര്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സ്വയം തന്നെ നല്ല ഫലം നല്‍കുന്ന ഒരു വന്‍ വൃക്ഷത്തെപ്പോലെയാകുന്നു. വേറെ ചിലരാവട്ടെ നിഷേധികളായി മാറുന്നു. നല്ല കൃഷിക്ക് പാകപ്പെടുത്തി നല്ല മണ്ണ് അനിവാര്യമായതുപോലെ പാകപ്പെട്ട മനസ്സില്‍ ദിവ്യവചനങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ സല്‍ഫലങ്ങള്‍ ഉണ്ടാവുന്നു.

 

ചില പ്രായോഗിക നിര്‍ദേശങ്ങള്‍

1. Reduce, Reuse, Recycle എന്ന പാരിസ്ഥിതിക തത്വം വെള്ളത്തിന്റെ കാര്യത്തില്‍ പാലിക്കുകയാണെങ്കില്‍ വേനലില്‍ നാമനുഭവിക്കുന്ന വരള്‍ച്ച നിയന്ത്രിക്കാന്‍ കഴിയും. പാത്രം കഴുകുന്ന വെള്ളം, തുണി അലക്കുന്ന വെള്ളം, തുടക്കുന്ന വെള്ളം, വാഹനം കഴുകുന്ന വെള്ളം തുടങ്ങിയവ സൂക്ഷിച്ച് ശേഖരിച്ചാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

2. മഴക്കുഴികള്‍ ഉണ്ടാക്കല്‍, കിണര്‍ റീചാര്‍ജിംഗ്, ഇറവെള്ളം ശേഖരിക്കല്‍, തെങ്ങ് പോലുള്ള വൃക്ഷങ്ങള്‍ക്ക് തടമെടുക്കല്‍ തുടങ്ങിയവയിലൂടെ പെയ്തിറങ്ങുന്ന മഴവെള്ളം പരമാവധി ഭൂമിയില്‍ ശേഖരിക്കുക.

3. കൃഷി ആരാധനയാണെന്ന് മനസ്സിലാക്കി സാധ്യമാകുന്ന കാര്‍ഷിക വൃത്തികളില്‍ ഏര്‍പ്പെടുക. ചെടികളും മരങ്ങളും പരമാവധി വെച്ചുപിടിപ്പിക്കുക. മൊത്തം അന്തരീക്ഷത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ കൂടുതല്‍ മഴ ലഭ്യമാകും. ലോകാവസാനം ഉറപ്പായിട്ടും കൈയിലുള്ള വൃക്ഷത്തൈ നടാന്‍ പ്രവാചകന്‍ പഠിപ്പിച്ചത് അതിനാണ്.

4. വീട്ടില്‍ ഒരു ജലനയം ഉണ്ടാക്കുകയും അത് എല്ലാ അംഗങ്ങളെയും ബോധ്യപ്പെടുത്തുകയും നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. വെള്ളം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വേനലിലും വര്‍ഷകാലത്തും അതൊരു ശീലമാക്കി മാറ്റണം. ജലദിനം, പരിസ്ഥിതി ദിനം തുടങ്ങിയ ആഘോഷങ്ങളില്‍ പരിമിതപ്പെടുന്നതല്ല, എന്നും നിലനില്‍ക്കുന്ന ജീവിത പരിശീലനങ്ങളാണ് നാമും നമ്മുടെ കുട്ടികളും സ്വായത്തമാക്കേണ്ടത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top