വിശ്വാസവും സംസ്‌കാരവും മാതൃകരങ്ങളില്‍

No image

സംസാരമധ്യേ പലരില്‍നിന്നും പലപ്പോഴും കേള്‍ക്കാന്‍ കഴിയുന്ന ഒന്നാണ് ഒന്നിനും സമയമില്ല എന്നത്. പലതും ചെയ്യണമെന്ന് മിക്കവരും ആഗ്രഹിക്കുന്നുവെങ്കിലും സമയക്കുറവുകൊണ്ട് അതൊക്കെയും മാറ്റിവെക്കുന്ന പ്രവണത. ഈ പ്രകൃതം താരതമ്യേന സ്ത്രീകളിലാണ് കൂടുതല്‍ എന്നു തോന്നുന്നു. അവരാദ്യം മാറ്റിവെക്കുക സ്വന്തം കാര്യം തന്നെ. മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകുന്നതിനിടയില്‍ സ്വന്തം കാര്യങ്ങള്‍ക്കായി മാറ്റിവെക്കാന്‍ സമയമില്ലാതായിപ്പോകുന്നവരാണ് സ്ത്രീകളില്‍ മിക്കവരും. എന്നാല്‍, സൗകര്യങ്ങളും സാധ്യതകളും കൂടിയ പുതിയ കാലത്തും എന്തുകൊണ്ടാണ് വീണ്ടും സമയമില്ലാതായിപ്പോകുന്നത് എന്ന ആത്മപരിശോധന നല്ലതാണ്. 
നിരക്ഷരതയുടെയും അസൗകര്യങ്ങളുടെയും മധ്യത്തില്‍ നിന്നുകൊണ്ടു തന്നെ, ചരിത്രം സൃഷ്ടിച്ചവരെയും ചരിത്രത്താല്‍ ഓര്‍മിക്കപ്പെടുന്നവരെയും വാത്സല്യത്തോടെ കൊണ്ടുനടന്നത് നമ്മുടെ മുന്‍തലമുറയുടെ മാതൃമടിത്തട്ടുകളായിരുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരും അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരെ പോരിനിറങ്ങിയവരും നവോത്ഥാന ചിന്തകള്‍ക്ക് ബലം നല്‍കിയവരും ചരിത്രത്തില്‍ എഴുന്നേറ്റുനില്‍ക്കുമ്പോള്‍ അതിനവര്‍ക്ക് ശക്തി നല്‍കിയത് മാതൃകരങ്ങളായിരുന്നു.  മാനവികതയുടെയും മതസൗഹാര്‍ദത്തിന്റെയും ദേശസ്‌നേഹത്തിന്റെയും  ചരിത്രം അടയാളപ്പെടുത്തുമ്പോള്‍ നാം കാണുന്ന ആണും പെണ്ണുമായവര്‍ക്കൊക്കെയും കരുത്തു നല്‍കിയവര്‍ മാതാക്കളായിരുന്നു. പോരാട്ടപ്പാട്ടുകളും സമരകഥകളുമായി ചരിത്രത്തെ തലമുറകളിലൂടെ അറിഞ്ഞും അറിയാതെയും കൈമാറ്റം ചെയ്തവരായിരുന്നു അവര്‍.  
ചരിത്രം എല്ലായ്‌പ്പോഴും വീണ്ടെടുക്കലിന്റേതു മാത്രമല്ല, പല യാഥാര്‍ഥ്യങ്ങളും തമസ്‌കരിച്ചതിന്റേതു കൂടിയാണെന്ന വസ്തുത  പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ചരിത്രത്തിന്റെ ഈ തമസ്‌കരണകാലത്ത് മാതാക്കളുടെ ധര്‍മം ഏറുകയാണ്. ഓര്‍മിക്കേണ്ടവരെ തമസ്‌കരിക്കാനും സൗഹാര്‍ദത്തിന്റെയും മാനവികതയുടെയും പ്രതീകങ്ങളെയും പ്രതിപുരുഷന്മാരെയും മായ്ച്ചുകളയാനുമുള്ള ശ്രമം കൊടുമ്പിരികൊള്ളുകയാണ് ഒരു ഭാഗത്ത്. മറ്റൊരു ഭാഗത്ത് ഇതര മതവിശ്വാസാചാരങ്ങളെ അപരവത്കരിക്കാനുള്ള ശ്രമവും. ഈയൊരു സാഹചര്യത്തില്‍ തല്‍പരകക്ഷികള്‍ മറവിയിലാഴ്ത്താന്‍ ശ്രമിക്കുന്ന ചരിത്രവും കൈമോശം വന്നുകൊണ്ടിരിക്കുന്ന വിശ്വാസവും കഥകളായും സാരോപദേശങ്ങളായും മടിയിലിരുത്തി കുഞ്ഞുങ്ങള്‍ക്ക്  പറഞ്ഞുകൊടുക്കാനുള്ള  സമയം മാതാക്കള്‍ക്കുണ്ടായേ തീരൂ. ഒരോ കുഞ്ഞിന്റെയും ആദ്യപാഠശാല എന്നും മാതാക്കളുടെ മടിത്തട്ട് തന്നെയാണ്. മുലപ്പാലിനൊപ്പം വിശ്വാസത്തിന്റെ മാധുര്യവും സംസ്‌കാരത്തിന്റെ സുഗന്ധവും ഓരോ കുഞ്ഞിനും പകര്‍ന്ന് അവരെ വളര്‍ത്താനുള്ള സമയം കണ്ടെത്തുക എന്നതുതന്നെയാണ് വരുംതലമുറകളോട് ചെയ്യുന്ന ഏറ്റവും വലിയ നീതി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top