വിയര്‍പ്പു മണക്കുന്ന ഉപ്പു പാടങ്ങള്‍

അബ്ബാസ്‌ പനക്കല്‍ No image

ഉപ്പ്‌ പാടങ്ങളുടെ കണ്ണെത്താത്ത ദൂരത്തേക്ക്‌ കുടങ്ങളുമായി നീങ്ങുന്ന സ്‌ത്രീകളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ ഉറവകളെക്കുറിച്ചുള്ള ശക്തമായ ചിന്തകളാണ.്‌ ഗുജറാത്തിന്റെ ഒരറ്റത്ത്‌ റാന്‍ ഓഫ്‌ കച്ചില്‍ വിഭജനത്തിന്റെ വിയര്‍പ്പുമണക്കുന്ന ഉപ്പുപാടങ്ങള്‍ക്കരികില്‍ നിന്നാണ്‌ ദാഹജലത്തിനായുള്ള ഈ സാഹസിക യാത്രകള്‍. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങള്‍ വിഭജനത്തോടെ അവസാനിച്ചെങ്കില്‍ ജീവജലത്തിനായുള്ള സ്‌ത്രീകളുടെ നീണ്ട സമര യാത്രകള്‍ നിരന്തരം തുടരുകയാണ്‌. ഇവിടെ ജനങ്ങളുടെ തൊഴിലും ജീവിതവും ഉപ്പുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ വെളുത്ത പാടങ്ങള്‍ക്കപ്പുറത്ത്‌ പാകിസ്‌താനാണ്‌. വിഭജനത്തിന്റെ ഭീകരതയുടെ മൂകസാക്ഷിയായിരുന്നു ഈ ഉപ്പുപാടങ്ങള്‍.
വിഭജനത്തിന്റെ കണ്ണീരു കുടിച്ച സ്‌ത്രീകള്‍. ഉറ്റവരെയും ഉടയവരെയും വഴിയില്‍ നഷ്ടപ്പെട്ടവര്‍. ജീവിതത്തിന്റെ അര്‍ത്ഥം തിരഞ്ഞു നടന്നവര്‍. റാന്‍ ഓഫ്‌ കച്ചിനോട്‌ ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ സ്‌ത്രീകളുടെ കണ്ണുകളില്‍ ഇന്നും പഴയ ദുരന്തസ്‌മരണകളുടെ തീക്ഷ്‌ണഭാവങ്ങളുണ്ട്‌. അപരിചിതരോട്‌ അവര്‍ ഇടപഴകുകയില്ല. മുഖത്ത്‌ നോക്കി സംസാരിക്കുകയില്ല. എന്നാല്‍ അവരുടെ കണ്ണുകളിലെ ഭാവങ്ങള്‍ ജീവിതത്തിന്റെ കാഠിന്യത്തെക്കുറിച്ച്‌ പറയുന്നു.
വിശാലമായ ഉപ്പുപാടങ്ങള്‍ക്ക്‌ മരീചികയുടെ ഭംഗിയാണ്‌. അകലെ നിന്ന്‌ നോക്കിയാല്‍ വെള്ളമാണോ എന്ന്‌ സംശയിച്ചു പോകും. അടുത്ത്‌ ചെല്ലുന്തോറും ഉപ്പിന്റെ കടുപ്പം ബോധ്യപ്പെടും. എങ്ങനെയാണീ പ്രദേശം ഉപ്പിന്റെ വിളനിലമായത്‌? അത്‌ ആര്‍ക്കുമറിയില്ല. എന്നാല്‍ ഒരു കാര്യത്തില്‍ അവിടുത്തെ ജനങ്ങള്‍ക്ക്‌ തര്‍ക്കമില്ല, ഈ ഉപ്പുകളങ്ങളില്‍ വിഭജനത്തിന്റെ വിയര്‍പ്പ്‌ വീണിട്ടുണ്ട്‌ എന്ന വിഷയത്തില്‍. ഈ ഉപ്പുഭൂമിയെ നോക്കി നെടുവീര്‍പ്പിടുകയാണ്‌ സ്‌ത്രീകള്‍. വിഭജനത്തോടെ തീര്‍ന്നതല്ല ഇവരുടെ ദുരിതം. വെള്ളം ഇവിടെ കിട്ടാക്കനിയാണ്‌. മരീചികപോലെ വെള്ളമെന്ന്‌ തോന്നിപ്പിക്കുന്ന ഉപ്പു പാടങ്ങളില്‍ വെള്ളത്തിനാണ്‌ വലിയ ഡിമാന്റ.്‌ ഉപ്പിന്റെ അംശം കലരാത്ത കുടിവെള്ളത്തിന്‌ ഇവര്‍ക്ക്‌ കിലോമീറ്ററുകള്‍ നടക്കണം. രാവിലെയും വൈകുന്നേരവും വെള്ളത്തെക്കുറിച്ചുള്ള വ്യാകുലതകളാണ്‌ ഇവരുടെ മനസ്സുനിറയെ. പിന്നെ മൂന്നും നാലും കുടങ്ങള്‍ ഒരുമിച്ചു മേല്‍ക്കുമേല്‍ തലയിലേറ്റി നടക്കും. ക്ഷീണിച്ച്‌ അവശരായി മണിക്കൂറുകള്‍ക്ക്‌ ശേഷം തിരിച്ചെത്തും. കേരളത്തില്‍ മഴപെയ്യുമ്പോള്‍ ഉത്തരേന്ത്യ ചുട്ടുപഴുക്കും. കച്ചിലെ സ്‌ത്രീകളുടെ മനസ്സും.
വെള്ളത്തിന്റെ വില ഓരോ വേനലും നമ്മെ ബോധ്യപ്പെടുത്തും. പലതരത്തിലുള്ള ജലസേചനമാര്‍ഗങ്ങളുള്ള നാടിന്റെ അവസ്ഥ ഇതാണെങ്കില്‍ കച്ചുകാരുടെ സ്ഥിതി ദയനീയമാണ്‌. എന്നാല്‍ വളരെ സാഹസികതയോടെ കുടുംബത്തിലേക്ക്‌ ദാഹജലമെത്തിക്കുന്ന ഇവര്‍ പ്രശംസയര്‍ഹിക്കുന്നു. ത്യാഗികളായ ഈ സ്‌ത്രീകളാണ്‌ ഇവിടുത്തെ കുടുംബങ്ങളുടെ ബലം.
ഉപ്പുപാടങ്ങളുടെ അറ്റത്തേക്ക്‌ യാത്രചെയ്യാനുള്ള ഒരു ശ്രമം ഞങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇവിടെ ശക്തമായ പോലീസ്‌ കാവലുണ്ട്‌. കുറച്ച്‌ അപ്പുറത്ത്‌ പട്ടാളത്തിന്റെ സാനിധ്യവും. പ്രകൃതിദത്തമെന്ന്‌ തോന്നുന്ന രീതിയിലുള്ള വഴിയില്‍ കുഴികളുണ്ടാക്കി ഇവര്‍ രാജ്യത്തിന്‌ കാവലിരിക്കുകയാണ്‌. പട്ടാളക്കാരുടെ അടുത്തേക്ക്‌ സന്ദര്‍ശകരെ അനുവദിക്കില്ല. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പുപാടങ്ങളെ നോക്കി മതിവരാതെ തിരിച്ചുപോരാം.
ഈ ഗ്രാമങ്ങളിലെ പ്രായം ചെന്നവര്‍ക്ക്‌ അകലെയുള്ള ഉപ്പുകളങ്ങളുടെ വലിപ്പവും വ്യാപ്‌തിയും നല്ല നിശ്ചയമുണ്ട്‌. ചെറുപ്പകാലത്ത്‌ ഇവര്‍ അവിടെയൊക്കെ ഓടിനടന്നവരാണ്‌. അകലെ നോക്കി ഇവര്‍ നെടുവീര്‍പ്പിടുന്നു. ഇന്നും അവര്‍ക്കറിയില്ല, എന്തിനായിരുന്നു ആ വിഭജനമെന്ന.്‌ ജീവനും കൊണ്ട്‌ പരക്കം പാഞ്ഞവരെ വഴിമധ്യേ ഉപ്പുപാടങ്ങളില്‍ വെട്ടിവീഴ്‌ത്തിയതിന്റെ പൊരുളും നിശ്ചയമില്ല.
ഒരു നിയോഗം പോലെയാണ്‌ ഉപ്പുപാടങ്ങള്‍ അതിര്‍ത്തിയായി നിലനില്‍ക്കുന്നത്‌. ഒന്നായി ചേര്‍ന്നുനിന്ന മനസ്സുകളെ വേര്‍പ്പെടുത്തി, ഒരുമിച്ചു നിന്നു ഉപ്പുപാടങ്ങളെ വിഭജിച്ചു. വിഭജനത്തിന്റെ പറയാത്ത ഒട്ടനവധി കഥകള്‍ ഈ ഉപ്പുനിലങ്ങള്‍ക്ക്‌ പറയാനുണ്ട്‌. ഈ വെളുത്ത പുറം തോടിനടിയില്‍ നിറയെ കല്ലും മണ്ണും ഉണ്ട്‌. അതുപോലെ വെളുത്ത പാടങ്ങള്‍ക്ക്‌ ഹിംസയുടെ കറുത്ത കഥകളാണ്‌ സന്ദര്‍ശകരില്‍ നിന്ന്‌ ഒളിപ്പിക്കാനുള്ളത്‌.
ഇവിടുത്തെ ഗോത്രവര്‍ഗക്കാരായ മുസ്‌ലിംകളെ പരിചയപ്പെട്ടു. രണ്ടു രാജ്യങ്ങളാക്കുന്നതിനെക്കുറിച്ചോ മുസ്‌ലിംകള്‍ക്ക്‌ മറ്റൊരു രാജ്യം ലഭിക്കുന്നതിനെക്കുറിച്ചോ അവര്‍ക്കറിയില്ലായിരുന്നു. കലാപകാലത്ത്‌ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ മലമ്പ്രദേശങ്ങളിലേക്ക്‌ നീങ്ങി, പൊതുജനങ്ങളില്‍ നിന്ന്‌ അകന്ന്‌ ജീവിച്ചു. ഇന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം ഇവരുടെ പുതിയ തലമുറ വിദ്യാസമ്പന്നരായി തീര്‍ന്നിരിക്കുന്നു. പൊതു സമൂഹത്തോടൊപ്പം ജീവിക്കാനും ഇന്നിവര്‍ സന്നദ്ധരാണ്‌. പാകിസ്‌താനികളുടെ വലുപ്പവും താടിയുമൊക്കെയായി നടക്കുന്നവരെ കാണുമ്പോള്‍ ഗുജറാത്തിന്റെ ഒരറ്റത്ത്‌ എന്തോ ഒരു വ്യത്യസ്ഥരായ ഗോത്രസമൂഹമെന്ന്‌ ചിന്തിച്ചുപോകും. ഗോത്രഗുണങ്ങളായ സത്യസന്ധതയും സ്‌നേഹവും കൈവിടാതെ പൊതുസമൂഹത്തോടൊപ്പം ജീവിക്കാനാണ്‌ ആഗ്രഹമെന്ന്‌ ലാക്കിയാസ്‌ പറഞ്ഞു.
റാന്‍ ഓഫ്‌ കച്ചിലെ കിണറുകള്‍ക്ക്‌ മതമില്ല. അവര്‍ക്ക്‌ വിഭജനത്തിന്റെ രാഷ്‌ട്രീയമറിയില്ല. ഒരേ മനസ്സോടെ ഒരേ നിശ്ചയത്തോടെയെത്തുന്ന സ്‌ത്രീകളുടെ മനസ്സിന്റെ ഭാരമകറ്റാനുള്ള വെള്ളം വര്‍ഗവര്‍ണ്ണ വ്യത്യാസമില്ലാതെ നല്‍കുകയാണ്‌ ഈ ഒറ്റപ്പെട്ട ജലനിധികള്‍. ഇവിടെ എല്ലാവര്‍ക്കും ഓരേ വികാരമേയുള്ളൂ, ഒരേ ആവശ്യമേയുള്ളൂ. കുടുംബത്തിന്റെ, കുട്ടികളുടെ ദാഹജലവുമായി തിരികെയെത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ മൂന്നും നാലും കുടങ്ങള്‍ ഒരുമിച്ച്‌ തലയിലേറ്റി താളലയത്തോടെ ഈ സ്‌ത്രീകള്‍ നടക്കുന്നത്‌. വെള്ളത്തിനു വേണ്ടിയുള്ള സ്‌ത്രീകളുടെ കൂട്ടായ്‌മകള്‍ക്ക്‌ മുമ്പില്‍ മറ്റെല്ലാം അലിഞ്ഞില്ലാതാവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top